ഫാഷിസത്തിനെതിരായ പോരാട്ടം ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടം കൂടിയാണ്
തീവ്രവാദത്തെക്കുറിച്ച് ഭരണകൂടം പറയുന്നതിന് അപ്പുറത്തും സത്യമുണ്ട് എന്ന് പറയാന്‍ സോളിഡാരിറ്റി സന്നദ്ധമാവുകയും അത് പറയുന്ന ധാരാളം സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഒരുമിച്ചുകൂട്ടുകയും ചെയ്തു. അവര്‍ക്ക് സംസാരിക്കാന്‍ വേദികള്‍ നല്‍കി. ഇങ്ങനെ ഭരണകൂടത്തിന്റേതല്ലാത്ത മറുഭാഷ്യങ്ങളും സമൂഹത്തില്‍ എത്തിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ സംസാരിക്കുന്നു.
സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ' എന്ന തലവാചകത്തില്‍ സോളിഡാരിറ്റി ഫാഷിസത്തിനെതിരായി കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നുവല്ലോ. ഫാഷിസമെന്നത് ഇന്ത്യയില്‍ രാഷ്ട്രീയമായി ശക്തിയാര്‍ജിക്കുകയും അധികാരം നേടിയെടുക്കുകയും ചെയ്ത പുതിയ കാലത്ത് അതിനെതിരായ പ്രതിരോധം എങ്ങനെയായിരിക്കണം എന്നാണ് സോളിഡാരിറ്റി ആഗ്രഹിക്കുന്നത്?
ഈ കാമ്പയിന്‍ കൊണ്ട് സോളിഡാരിറ്റി ഉദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം, ഫാഷിസത്തിനെതിരായ മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തകരെയും ഐക്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. പല വീക്ഷണകോണുകളില്‍ നിന്നുകൊണ്ട് ഫാഷിസത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന, പ്രതിരോധം കെട്ടിപ്പടുക്കുന്ന ധാരാളം കൂട്ടായ്മകളും ആക്ടിവിസ്റ്റുകളും നമ്മുടെ സമൂഹത്തിലുണ്ട്. വിശദാംശങ്ങളിലും വീക്ഷണകോണുകളിലും ഒരുപാട് വ്യത്യസ്തതകള്‍ അവര്‍ക്കിടയിലുണ്ടാകും. പക്ഷേ, അതിനെക്കാളെല്ലാം വലിയ അപകടമാണ് ഫാഷിസമെന്ന് സോളിഡാരിറ്റി മനസ്സിലാക്കുന്നു. ഫാഷിസത്തിന്റെ ചരിത്രപരമായ അനുഭവം അതിനെ സാക്ഷ്യപ്പെടുത്തുന്നതുമാണ്. മറ്റൊന്ന്, ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടത്തില്‍ ന്യായമായും ഉന്നയിക്കപ്പെടേണ്ട ചില വിഷയങ്ങളുണ്ട്. ഇന്ത്യന്‍ ഫാഷിസത്തെ മനസ്സിലാക്കുന്നതില്‍ പുതിയ ചില പഠനങ്ങളും ബോധ്യങ്ങളും ഉണ്ടാകണം. എങ്കില്‍ മാത്രമേ സംഘ്പരിവാര്‍ പ്രതിരോധവും ഫലവത്താവുകയുള്ളൂ. ഇന്ത്യയിലെയും കേരളത്തിലെയും ഫാഷിസ്റ്റ്‌വിരുദ്ധ പ്രതിരോധ പ്രവര്‍ത്തകരുടെ പ്രധാന ദൗര്‍ബല്യം ഫാഷിസത്തെ ഒരു മതവല്‍ക്കരണമായിട്ടാണ് അവര്‍ മനസ്സിലാക്കുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ മതവല്‍കരണത്തിനെതിരായ പോരാട്ടമാണ് ഫാഷിസത്തിനെതിരായി അവര്‍ നടത്താറുള്ളത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഫാഷിസത്തിന് മതവുമായി നേര്‍ക്കുനേരെ ബന്ധമില്ല. അത് പ്രധാനമായും ദേശീയതയുമായും വംശീയതയുമായിട്ടാണ് ബന്ധപ്പെട്ടുനില്‍ക്കുന്നത്. അപ്പോള്‍ പ്രശ്‌നത്തെ ശരിയാംവിധം നിര്‍ധാരണം ചെയ്താല്‍ മാത്രമേ പരിഹാരം കൃത്യപ്പെടുകയുള്ളൂ. അതുകൊണ്ട് ഫാഷിസത്തിനെതിരായ പോരാട്ടം നമ്മുടെ ദേശീയതയെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള ധാരാളം ചോദ്യങ്ങളും ആലോചനകളും നടത്തി മാത്രമേ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളൂ.
വംശീയതയെന്നത് എല്ലാ ഫാഷിസങ്ങളുടെയും അടിസ്ഥാന പ്രശ്‌നമാണ്. ഇന്ത്യന്‍ ഫാഷിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ തന്നെ വംശീയത കൂട്ടുകിടപ്പുണ്ട്. പുതിയ കാലത്ത് ഫാഷിസത്തിന് കൃത്യമായും ഒരു വംശീയ പ്രതിപക്ഷമുണ്ട്. മത ന്യൂനപക്ഷങ്ങളാണ് ഫാഷിസത്തിന്റെ മുഖ്യ പ്രതിപക്ഷം. വിശിഷ്യ, സെപ്റ്റംബര്‍ പതിനൊന്നിന് ശേഷമുള്ള പുതിയ കാലത്ത് ഭീകരവേട്ട നടമാടുന്ന ലോകക്രമത്തില്‍ ഇസ്‌ലാമും മുസ്‌ലിംകളും വംശീയവേട്ടയുടെ ഇരകളാക്കപ്പെടുന്ന കാലമാണ്. അതിന്റെ തന്നെ പിന്തുടര്‍ച്ചയില്‍ ഇസ്്‌ലാമോഫോബിയ എന്നൊരു സാമൂഹിക യാഥാര്‍ഥ്യവും നമ്മുടെ മുമ്പിലുണ്ട്. ഇന്ത്യന്‍ ഫാഷിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഈ മുസ്്‌ലിം വംശീയവേട്ട അവരുടെ വളര്‍ച്ചക്കുള്ള പ്രധാന ഇന്ധനമാണ്. ഇസ്്‌ലാമോഫോബിയ പരമാവധി ആളിക്കത്തിക്കുക എന്നത് സംഘ്പരിവാറിന്റെ പ്രധാന പ്രവര്‍ത്തനവുമാണ്. അതിനാല്‍ ഫാഷിസത്തിന്റെ മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള വംശീയ വിദ്വേഷം പുതിയ കാലത്ത് കൂടുതല്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവരിലും ഈ വംശീയ മുന്‍വിധികള്‍ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ ദൗര്‍ബല്യം പരിഹരിച്ചുകൊണ്ടുമാത്രമേ ഫാഷിസത്തിനെതിരായ പ്രതിരോധനിര കെട്ടിപ്പടുക്കാനാവുകയുള്ളൂ.
ഫാഷിസം രാഷ്ട്രീയമായി തോല്‍ക്കുമ്പോഴും സാംസ്‌കാരികമായി വിജയിക്കുന്ന സാഹചര്യമാണ് പലപ്പോഴുമുള്ളത്. മതേതരത്വത്തിന്റെയും പുരോഗമനത്തിന്റെയും എല്ലാം അടിയില്‍ ഒരു തരത്തിലുള്ള സവര്‍ണത ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ?
ഇന്ത്യന്‍ ഫാഷിസത്തിന്റെ വലിയൊരു ശക്തി ദേശീയതയുമായുള്ള അതിന്റെ ബന്ധമാണ്. ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന ദൗര്‍ബല്യമാണ്, അത് സവര്‍ണ സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നുവെന്നത്. സ്വാഭാവികമായും ഇന്ത്യന്‍ ഫാഷിസത്തിന്റെ വേരുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്നത് സവര്‍ണവും വൈദികവുമായ സംസ്‌കാരത്തിലാണ്. ഇന്ത്യന്‍ ദേശീയത കാലൂന്നിനില്‍ക്കുന്നത് സവര്‍ണ മൂല്യങ്ങളിലും ചിഹ്നങ്ങളിലുമാണ്. അതുകൊണ്ടുതന്നെ ദേശീയതയില്‍ ഊന്നിനിന്നുകൊണ്ട് സംസാരിക്കാനും ആശയം കെട്ടിപ്പടുക്കാനും അതിലൂടെ സാംസ്‌കാരിക അധീശത്വം നേടിയെടുക്കാനും ഫാഷിസത്തിന് എളുപ്പത്തില്‍ സാധിക്കുന്നു. രാഷ്ട്രീയമായി സംഘ്പരിവാര്‍ ദുര്‍ബലമായ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സാംസ്‌കാരിക വിശകലനത്തില്‍ ആരുടെ വാദഗതികളും കാഴ്ചപ്പാടുകളുമാണ് സാമൂഹിക അംഗീകാരമായി മാറുന്നത് എന്ന് നോക്കിയാല്‍ സവര്‍ണ കാഴ്ചപ്പാടുകളാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിന്റെ മികച്ച ഉദാഹരണങ്ങളാണ് നിലവിളക്ക്, യോഗ, യതീംഖാന വിവാദങ്ങള്‍.
ഇസ്‌ലാമോഫോബിയയുടെ വളക്കൂറുള്ള മണ്ണിനെ ഉപയോഗപ്പെടുത്തിയാണല്ലോ മുസ്്‌ലിംവേട്ട ഇന്ന് തകൃതിയായി നടക്കുന്നത്. ഇസ്്‌ലാമോഫോബിയയുടെ പുതിയ കാല ഭീഷണിയെ എങ്ങനെയാണ് മുസ്്‌ലിം സമുദായം മറികടക്കേണ്ടത്?
സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം തന്നെ ലോക സാമ്രാജ്യത്വ ശക്തികള്‍ക്കു മുമ്പിലുള്ള മുഖ്യ ശത്രുവായി അവര്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നത് ഇസ്്‌ലാമിനെയായിരുന്നു. ഇസ്്‌ലാമിക രാഷ്ട്രങ്ങളുടെ എണ്ണമല്ലായിരുന്നു അവരുടെ പ്രശ്‌നം. ലോകത്തെ മുന്നോട്ടുനയിക്കാന്‍ കെല്‍പ്പുള്ള, കഴിവുള്ള ഏത് ദര്‍ശനം, ഏത് പ്രത്യയശാസ്ത്രം എന്നതാണ.് ആ തെരഞ്ഞെടുപ്പില്‍ അവര്‍ മുഖ്യമായും ഇസ്്‌ലാമിനെ തന്നെയാണ് മുന്നില്‍ കണ്ടത്. നേരത്തെ തന്നെ ഇസ്്‌ലാമിക വിരുദ്ധമായ ഒരു പൊതു അന്തരീക്ഷം സാമ്രാജ്യത്വ ശക്തികള്‍ ബോധപൂര്‍വം രൂപപ്പെടുത്തിയിട്ടുണ്ടായിരുന്നു. സെപ്റ്റംബര്‍ 11-ന്റെ പെന്റഗണ്‍ ആക്രമണത്തോടുകൂടി ഭീകരവേട്ട എന്നപേരില്‍ അവരാക്രമിച്ചതെല്ലാം മുസ്്‌ലിം രാജ്യങ്ങളെയാണ്. സാമ്രാജ്യത്വത്തിന്റെ പ്രഖ്യാപിത ശത്രുക്കളും മുസ്്‌ലിംകളായിരുന്നു. ആ രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല ആക്രമണത്തിന്റെ പ്രചോദനം; മറിച്ച് ആശയ പ്രചാരണം കൂടിയാണ്. അതുകൊണ്ട് തന്നെ ഭീകരവേട്ടക്കെതിരായ യുദ്ധം ഫലത്തില്‍ ഇസ്‌ലാമിനും മുസ്‌ലികള്‍ക്കുമെതിരായ യുദ്ധമായിട്ടാണ് കലാശിച്ചത്. ഈ യുദ്ധങ്ങളും അതിന്റെ തുടര്‍ച്ചയായുണ്ടായ സാമൂഹിക അന്തരീക്ഷവുമെല്ലാം കൂടി ഇസ്‌ലാംവിരുദ്ധ മാനസികാവസ്ഥയിലേക്ക് ലോകത്തെ അതിവേഗം കൊണ്ടെത്തിച്ചു. ഇത് ഫാഷിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവരുടെ അജണ്ടകള്‍ ഒന്നുകൂടി എളുപ്പമാക്കി. നേരത്തെതന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകളോടും ക്രിസ്ത്യാനികളോടും മുസ്്‌ലിംകളോടും ശത്രുതയുണ്ടായിരുന്ന സംഘ്പരിവാറിന് മുസ്‌ലിംകളെ ദേശദ്രോഹികളും ഭീകരവാദികളും അക്രമകാരികളുമാക്കി ചിത്രീകരിക്കുന്നതിന് ഈ ലോകസാഹചര്യം ഏറെ ഉപകാരപ്പെട്ടു. തീവ്രവാദ-ഭീകരവാദ വേട്ട, മുസ്‌ലിംകളുടെ അക്രമണോല്‍സുകത തുടങ്ങി സാമ്രാജ്യത്വം പ്രക്ഷേപണം ചെയ്യുന്ന പദാവലികളും മുദ്രാവാക്യങ്ങളും നമ്മുടെ രാജ്യത്ത് ഏറ്റവുമാദ്യം ഏറ്റുചൊല്ലുന്നത് സംഘ്പരിവാര്‍ സംഘടനകളും അവരുടെ മാധ്യമങ്ങളുമാണ്.
പൗരാവകാശ പോരാട്ടങ്ങളില്‍ സോളിഡാരിറ്റി വളരെ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. സോളിഡാരിറ്റി ഇടപെടലുകളുടെ ഗുണപരമായ ഫലങ്ങള്‍ ഇതിന് ലഭിക്കുന്നുണ്ടോ?
കേരളം രാഷ്ട്രീയ പ്രബുദ്ധമാണ് എന്നുപറയുമ്പോഴും മലയാളിയുടെ മനസ്സ്, ഭരണകൂടം എന്ത് പറയുന്നുവോ അതിനോടൊപ്പം നില്‍ക്കുക എന്നതാണ്. ഇതിന്റെ ചരിത്രപരമായ ഉദാഹരണമാണ് അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരായ വികാരം രാജ്യത്തുടനീളം അലയടിച്ചുയരുകയും തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കാണുകയും ചെയ്ത സന്ദര്‍ഭത്തില്‍ കേരളം കോണ്‍ഗ്രസ് ഭരണത്തിന് തുടര്‍ച്ച നല്‍കി ഭരണകൂട ഭീകരതക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്. ഇത് മലയാളികളുടെ മനഃശാസ്ത്രമാണ്. ഭരണകൂടവും മാധ്യമങ്ങളും പറയുന്നത് വിശ്വസിക്കുക എന്നതാണ് പൊതു സ്വഭാവം. തീവ്രവാദവേട്ടയുടെ ആരംഭത്തില്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ വലിയ തോതില്‍ സംശയത്തിന്റെ പ്രതിപ്പട്ടികയില്‍ നിര്‍ത്തപ്പെട്ടിട്ടുണ്ട്. മുസ്‌ലിം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ തീവ്രവാദ ആരോപണമുണ്ടാകുന്നുണ്ട്. പതിറ്റാണ്ടുകളായി മതരഹിതമായി ജീവിക്കുന്നവര്‍ക്കുപോലും താലിബാനിസ്റ്റുകളായും തീവ്രവാദികളായും മുദ്രചാര്‍ത്തപ്പെടുന്നുണ്ട്. കേരളം ഒരു മാധ്യമ കേന്ദ്രീകൃതമായ സംസ്ഥാനം കൂടിയാണ്. അത് കേരളത്തിന്റെ സാമൂഹിക ജീവിതത്തെയും മലയാളിയുടെ വീക്ഷണങ്ങളെയും ബോധങ്ങളെയും സാരമായ വിധത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ധാരാളം അറസ്റ്റുകളും ഭീകരവാദ വേട്ടകളും പത്തുവര്‍ഷത്തിനിടക്ക് കേരളത്തില്‍ വ്യാപകമാവുന്നത്. മുഖ്യമായും മുസ്‌ലിം തീവ്രവാദ കേസുകളും മറുഭാഗത്ത് മാവോയിസ്റ്റ് വേട്ടകളുമായിരുന്നു അതിന്റെ ഭാഗമായി നടമാടിയത്. ഇതില്‍ ഭരണകൂടം പറയുന്നതാണ് ശരി, അല്ലെങ്കില്‍ അതാണ് സുരക്ഷിതം എന്നതായിരുന്നു കേരളത്തിന്റെയും കേരളീയ മുസ്‌ലിംകളുടെയും പൊതുവായ നിലപാട്. സോളിഡാരിറ്റി ഇതിനെയാണ് അഭിമുഖീകരിക്കാന്‍ തീരുമാനിച്ചത്. തീവ്രവാദത്തെക്കുറിച്ച് ഭരണകൂടം പറയുന്നതിന് അപ്പുറത്തും സത്യമുണ്ട് എന്ന് പറയാന്‍ സോളിഡാരിറ്റി സന്നദ്ധമാവുകയും അത് പറയുന്ന ധാരാളം സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഒരുമിച്ചുകൂട്ടുകയും ചെയ്തു. അവര്‍ക്ക് സംസാരിക്കാന്‍ വേദികള്‍ നല്‍കി. ഇങ്ങനെ ഭരണകൂടത്തിന്റേതല്ലാത്ത മറുഭാഷ്യങ്ങളും സമൂഹത്തില്‍ എത്തിച്ചു. സ്വാഭാവികമായും അത്തരമൊരു ഇടപെടല്‍ വല്ലാത്തൊരു ആത്മവിശ്വാസവും പ്രതിരോധ ശക്തിയും പൗരാവകാശപ്രവര്‍ത്തകരിലും മുസ്‌ലിം സമുദായത്തിലുമുണ്ടാക്കി. കേരളീയ സമൂഹത്തിന് കണ്ണൂരിലെ ഫവാസിന്റെ ഉമ്മയെ നല്ലവണ്ണമറിയാം. തീവ്രവാദിയാണെങ്കില്‍ മകന്റെ മയ്യിത്ത് എനിക്ക് കാണണ്ട എന്നു പറഞ്ഞ ആ ഉമ്മയെ കേരളം ആഘോഷിച്ചിരുന്നു. അപ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യമുയരുന്നു. എങ്കില്‍ ആ കൊല്ലപ്പെട്ട ഫവാസിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എവിടെ? ന്യായമായും ഉയരാവുന്ന ഒരു ചോദ്യമാണിത്. എന്നാല്‍, ആ ചോദ്യം കേരളമോ കേരളീയ മുസ്്‌ലിം സമുദായമോ ചോദിക്കാതിരുന്നത് ഭരണകൂട ഭാഷ്യത്തോടൊപ്പം നില്‍ക്കുക എന്ന ദൗര്‍ബല്യം അവര്‍ക്കുള്ളതുകൊണ്ടാണ്. ഈ ദൗര്‍ബല്യത്തിലും നിസ്സഹായാവസ്ഥയിലും കൈവെച്ചുകൊണ്ടാണ് സോളിഡാരിറ്റി ഭരണകൂടത്തോട് മറുശബ്ദങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. അതിലൂടെ തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പ്രദേശങ്ങളിലെ ആളുകളെ സംഘടിപ്പിക്കുകയും അവരുടെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഭരണകൂടത്തോട് ശബ്ദമുയര്‍ത്തുകയും ചെയ്തു. ഇന്നിപ്പോള്‍ ആ പ്രദേശങ്ങളില്‍ അന്തരീക്ഷം മാറാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഫ്രീ സകരിയ ആക്ഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ പരപ്പനങ്ങാടിയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് ലഭിച്ച വോട്ടുകളുടെ ഒരു ഘടകം ആ നാട്ടുകാരനായ സകരിയ എന്ന ചെറുപ്പക്കാരനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആള്‍ എന്ന പരിഗണന കൂടിയാണ്. ഇതെല്ലാം തന്നെയും സോൡഡാരിറ്റിയുടെ പൗരാവകാശ മേഖലയിലുള്ള ഇടപെടലുകളുടെ അനിവാര്യമായ ഉണര്‍വുകളും ഗുണപരമായ പ്രതിഫലനങ്ങളുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഒരു ഭാഗത്ത് മുസ്്‌ലിംകള്‍ ഇരകളെന്ന് വിശേഷിപ്പിക്കുമാറ് സാമൂഹിക വിവേചനവും ഭരണകൂട വേട്ടയും അനുഭവിച്ചുകൊണ്ടിരിക്കുന്നു. മറുഭാഗത്താകട്ടെ ഐ.എസ് അടക്കമുള്ളവര്‍ നടത്തുന്ന ഹിംസാത്മകമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇസ്്‌ലാമിന്റെ മാനവിക കാഴ്ചപ്പാടിനെ തകര്‍ക്കുകയും ചെയ്യുന്നു. ഇത് ഫാഷിസത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സഹായിക്കുകയല്ലേ ചെയ്യുക?
ഐ.എസിനെ ഇസ്‌ലാമിലേക്ക് ചേര്‍ത്ത് പറയുന്നതില്‍ അസാംഗത്യമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇസ്്‌ലാമിന്റെ പ്രമാണവും പ്രവണതയും അതാണെങ്കില്‍ ഏറ്റവുമധികം അക്രമങ്ങളുണ്ടാകേണ്ടത് ഈജിപ്തിലും തുനീഷ്യയിലും യമനിലുമുണ്ടായ വിപ്ലവങ്ങളിലായിരുന്നു. കാരണം, അവിടങ്ങളിലാണ് ഇസ്്‌ലാമിന്റെ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ശക്തമായി നിലനില്‍ക്കുന്നത്. ഇസ്്‌ലാമിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഒട്ടനേകം സംഘടനകളും അവിടെയുണ്ട്. ഇസ്്‌ലാമിന്റെ സഹജഭാവം ഹിംസാത്മകമാണെങ്കില്‍ അതവിടത്തെ വിപ്ലവങ്ങളിലും കാണണമായിരുന്നു. കൃത്യമായും അവര്‍ക്കൊരു ശത്രുവുമുണ്ടായിരുന്നു. നൂറ്റാണ്ടുകളായി അവരെ അടക്കിഭരിച്ചിരുന്നവര്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുകളും അവരുടെ കളിപ്പാവകളുമായിരുന്നു. എന്നാല്‍, ആ ഭരണാധികാരികളെയോ അവരുടെ കുടുംബങ്ങളെയോ അവര്‍ക്ക് സ്തുതി പാടിയ വ്യക്തികളെയോ മാധ്യമ പ്രവര്‍ത്തകരെയോ അവിടെ കൂട്ടക്കൊല ചെയ്തില്ല. എന്നാല്‍, അതേസമയത്ത് രൂപപ്പെട്ട് വന്ന ഐ.എസ് മാത്രം രക്തപങ്കിലമായ നരവേട്ട നടത്തിക്കൊണ്ടിരിക്കുന്നു. ചരിത്രത്തിലിന്നേവരെയുണ്ടായിട്ടില്ലാത്ത അക്രമരഹിതവും ജനാധിപത്യ രീതിയിലുമുള്ള വിപ്ലവം നടന്നുകൊണ്ടിരിക്കുമ്പോള്‍, ഇസ്‌ലാമിന്റെ പേരില്‍ സ്വയം 'ഖലീഫ'യായി പ്രഖ്യാപനം നടത്തി മറ്റൊരു കൂട്ടര്‍ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിലുള്ള വൈരുധ്യവും നാം തിരിച്ചറിയേണ്ടതുണ്ട്. ന്യൂനപക്ഷ ഹിംസ എന്നത് ആരുടെ സൃഷ്ടിയാണ്? ന്യൂനപക്ഷ ഹിംസ എന്നത് വംശീയ കാഴ്ചപ്പാടില്‍ നിന്ന് രൂപപ്പെട്ടുവരുന്നതാണ്. വംശഹത്യയാണ് ന്യൂനപക്ഷഹിംസയുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ വംശീയ വിദ്വേഷം ലോകത്ത് ആരൊക്കെ പ്രചരിപ്പിച്ചിട്ടുണ്ട് എന്നൊരു അന്വേഷണം നടക്കേണ്ടതുണ്ട്. വിപ്ലവാനന്തരം ഭരണകൂടമുണ്ടാക്കിയതിന് ശേഷം തങ്ങളുടെ പ്രതിയോഗികളെ കൊന്നുകളയുക എന്നത് ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ വേരുകള്‍ എവിടെയാണ്? ഇങ്ങനെയൊരു സാമൂഹിക വിശകലനം കൂടി ഐ.എസിനെ മുന്നില്‍ വച്ച് നടത്തേണ്ടി വരും. അറബ് വസന്താനന്തരം അറബ് ലോകത്ത് രൂപപ്പെട്ടുവന്ന ജനകീയ ഗവണ്‍മെന്റുകളെ സാമ്രാജ്യത്വവും അവര്‍ പോറ്റിവളര്‍ത്തുന്ന ഡീപ്പ്‌സ്റ്റേറ്റിന്റെ നിയന്താക്കളും ചേര്‍ന്ന് അട്ടിമറിച്ചപ്പോള്‍ അതിനെതിരായി ലോകത്ത് പ്രതിഷേധ സ്വരങ്ങളൊന്നും രൂപപ്പെട്ടില്ല. എന്നാല്‍, അന്ന് നിശ്ശബ്ദമായവര്‍ തന്നെ ഇപ്പോള്‍ സാമ്രാജ്യത്വത്തിന്റെ തന്നെ സൃഷ്ടി എന്ന് വിശേഷിപ്പിക്കാവുന്ന ഐ.എസിന്റെ ഹിംസാത്മക പ്രവര്‍ത്തനങ്ങളെ പര്‍വതീകരിക്കുകയും ഇസ്്‌ലാമിന്റെ മേല്‍ കെട്ടിവെക്കുകയും ചെയ്യുന്നു. ഈയൊരൂ വൈരുധ്യത്തെയും നമ്മള്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്.
ഇന്ത്യന്‍ ഫാഷിസം വിശാല ഹിന്ദു ഐക്യത്തിന്റെ പേരുപറഞ്ഞാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യം പറഞ്ഞുകൊണ്ട് ദലിത്-ആദിവാസി സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്ന രാഷ്ട്രീയ കൗശലങ്ങള്‍ സംഘ്പരിവാര്‍ ഇന്ന് വ്യാപകമായി പ്രയോഗിക്കുന്നുമുണ്ട്. ഇതിനെതിരായ ഒരു ഐക്യമുന്നണി എങ്ങനെയാണ് കെട്ടിപ്പടുക്കുക?
ഇന്ത്യന്‍ ഫാഷിസത്തെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയമായും ആശയപരമായും ന്യൂനപക്ഷമാണ് എന്നതാണ് സത്യം. നമ്മുടെ ജനാധിപത്യത്തിന്റെ പ്രകടമായ ദൗര്‍ബല്യങ്ങള്‍ കാരണമായാണ് ന്യൂനപക്ഷമായ അവര്‍ അധികാരത്തിലേറിയിട്ടുള്ളത്. തെരഞ്ഞെടുപ്പിലെ വോട്ടിംഗില്‍ മാത്രമല്ല സംഘ്പരിവാര്‍ ന്യൂനപക്ഷം. മറിച്ച്, ചരിത്രപരമായും ഒരു വരേണ്യ സവര്‍ണ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് അവര്‍. എന്നാല്‍, ഈ ന്യൂനപക്ഷ ശക്തിയാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനുമേല്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. ഇന്നിപ്പോള്‍ സംഘ്പരിവാര്‍ സംസാരിക്കുന്നത് വിശാല ഹിന്ദു ഐക്യത്തെക്കുറിച്ചാണ്. അതൊരു ഭാവന മാത്രമാണ്. കാരണം, ഹിന്ദു എന്ന പരികല്‍പനയില്‍ തന്നെ ആരെയെല്ലാം ചേര്‍ക്കാന്‍ കഴിയും എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കാരണം, സംഘ്പരിവാര്‍ അടിസ്ഥാനപരമായി ചാതുര്‍വര്‍ണ്യത്തിലും ജാതീയതയിലും വിശ്വസിക്കുന്നവരാണ്.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഒരു വേള ജാതി എന്നത് സംഘ്പരിവാര്‍ സൂക്ഷ്മമായി ആചരിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യയില്‍ ഈ ജാതീയതയുടെ നടത്തിപ്പുകാരാണ് അവര്‍. മറ്റൊന്ന്, ഹിന്ദു എന്ന സംജ്ഞയിലേക്ക് ഒതുങ്ങിനില്‍ക്കാന്‍ ഇന്ത്യയിലെ എത്ര ദലിത്-കീഴാള സമൂഹങ്ങള്‍ സന്നദ്ധമാണ് എന്നതും ചോദ്യമാണ്. മഹാത്മാ ഫൂലെയുടെയും അംബേദ്കറുടെയും കാലം മുതല്‍ ശക്തമായ ബ്രാഹ്മണ്യവിരോധം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഈ സംഘ്പരിവാര്‍ വിരുദ്ധ സമൂഹം തന്നെയാണ്. ഹിന്ദുക്കളല്ലാത്ത ഈ സമൂഹത്തെ വിശാല ഹിന്ദുത്വത്തിലേക്ക് ലയിപ്പിക്കുന്നതിന് വേണ്ടി വൈകാരിക പ്രശ്‌നം സൃഷ്ടിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് സംഘ്പരിവാര്‍ ന്യൂനപക്ഷ വിദ്വേഷം ആളിക്കത്തിക്കുന്നത.് ഇന്ത്യയിലെ ചരിത്രപരമായ അയോധ്യ മൂവ്‌മെന്റ് എന്ന ഒരനുഭവം നമ്മുടെ മുമ്പിലുണ്ട്. ഇന്ത്യയിലെ ദലിത്-മുസ്‌ലിം-പിന്നാക്ക സമൂഹങ്ങള്‍ക്ക് അധികാര ഉദ്യോഗ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രാതിനിധ്യം ഉറപ്പുനല്‍കുകയും അവര്‍ക്കിടയില്‍ രാഷ്ട്രീയ ഐക്യനിര രൂപപ്പെടുകയും ചെയ്ത ചുറ്റുപാടിലായിരുന്നു മണ്ഡല്‍ കമീഷന്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. ഈ ശിപാര്‍ശ നടപ്പിലാക്കാന്‍ 1990 കളിലാണ് വി.പി സിംഗ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയത്തുന്നെയാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ അയോധ്യ മൂവ്‌മെന്റ് ആരംഭിക്കുന്നത്. അറിവും അധികാരവും ചോദിച്ചുകൊണ്ട് ഇന്ത്യയിലെ വലിയൊരു ജനവിഭാഗം അവരുടെ നഷ്ടപ്പെട്ട അവകാശങ്ങളെക്കുറിച്ച് തിരിച്ചറിവ് നേടി സമൂഹത്തില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അതിനെ തകിടംമറിച്ചത് സംഘ്പരിവാറായിരുന്നു. കാരണം, ഈ സമൂഹങ്ങള്‍ സാമൂഹിക വിവേചനങ്ങളുടെ കണക്കുകള്‍ വെച്ച് സംസാരിക്കുമ്പോള്‍ അവരുടെ ഇല്ലായ്മകള്‍ക്കും അവരനുഭവിച്ച നീതിനിഷേധങ്ങള്‍ക്കും കാരണക്കാരായത് ഇന്ത്യയിലെ സവര്‍ണ സമൂഹങ്ങളായ തങ്ങളാണെന്ന ബോധ്യം സംഘ്പരിവാറിനുണ്ടായിരുന്നു. അതിനെ മറികടക്കാനും മൂടിവെക്കാനുമാണ് അവര്‍ അയോധ്യ പ്രശ്‌നം ചികഞ്ഞ് പുറത്തെടുത്തത്. അയോധ്യ മൂവ്‌മെന്റ് ഉയര്‍ന്നു വന്നതോടുകൂടി നമ്മുടെ ചരിത്രപരമായ പിന്നാക്കാവസ്ഥയോ സവര്‍ണ സമൂഹം നമുക്ക് തടഞ്ഞ അവകാശങ്ങളോ അല്ല പ്രധാനം, മറിച്ച് അമ്പലവും പള്ളിയുമാണെന്ന് വന്നു. ഹിന്ദുവിന്റെ ശത്രു മുസ്്‌ലിമാണെന്നും മുസ്‌ലിമിന്റെ ശത്രു ഹിന്ദുവാണെന്നുമുള്ള സ്ഥിതി അവര്‍ വരുത്തിത്തീര്‍ത്തു. സ്വാഭാവികമായും ഇന്ത്യയില്‍ നടക്കുമായിരുന്ന ദലിത്-മുസ്്‌ലിം പിന്നാക്ക ശാക്തീകരണത്തെ അത് തകര്‍ക്കുകയും ചെയ്തു. ഈയൊരു തിരിച്ചറിവിലേക്ക് ഇന്ത്യയിലെ മഹാഭൂരിപക്ഷം എന്ന് എത്തിച്ചേരുന്നുവോ അന്ന് തകരുന്നതാണ് ഇന്ത്യയിലെ ഈ അധീശ ന്യൂനപക്ഷത്തിന്റെ ആധിപത്യം. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഇപ്പോള്‍ ബിഹാറിലുണ്ടായ തെരഞ്ഞെടുപ്പ് ഫലം. ചെറിയൊരു രാഷ്ട്രീയ മുന്നേറ്റമുണ്ടായപ്പോഴേക്കും ഏറ്റവും വലിയ രാഷ്ട്രീയ പരാജയത്തിലേക്ക് സംഘ്പരിവാര്‍ കൂപ്പുകുത്തി.
ജനകീയ സമരങ്ങളിലുള്ള ഇടപെടലുകളിലൂടെയാണല്ലോ സോളിഡാരിറ്റി കേരളത്തില്‍ വ്യത്യസ്തമായൊരു ഇടം നേടിയെടുത്തത്. അതിന്റെ തുടര്‍ച്ചക്ക് പഴയ ഉണര്‍വും ചടുലതയും ഇപ്പോഴുമുണ്ടോ?
മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രദ്ധിക്കാതിരിക്കുകയും ഇടം കൊടുക്കാതിരിക്കുകയും ചെയ്ത പൗരരാഷ്ട്രീയത്തെ ശക്തിപ്പെടുത്തിക്കൊണ്ടാണ് സോളിഡാരിറ്റി രംഗപ്രവേശം ചെയ്തത്. അത്തരം സമരങ്ങള്‍ക്ക് ശക്തിയും ഉണര്‍വും പകരുകയെന്ന ദൗത്യമാണ് സോളിഡാരിറ്റി കുറേക്കാലം നിര്‍വഹിച്ചത്. എന്നാല്‍, ഇന്ന് സ്ഥിതിയില്‍ ഒട്ടേറെ മാറ്റമുണ്ട്. ഇന്ന് ജനങ്ങളില്‍ തന്നെ അത്തരമൊരു ബോധ്യം ശക്തമാണ്. എന്നുമാത്രമല്ല നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി ജനകീയ സമരങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വലിയ തോതിലുള്ള സമൂഹ പരിഗണനയും മാധ്യമ പിന്തുണയും ലഭിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരം പതിറ്റാണ്ടുകളോളം കാസര്‍കോട് ഒതുങ്ങിനിന്നിരുന്നു. എന്നാല്‍, ഇന്നത് സിനിമകളില്‍ വരെ പ്രമേയമായി വരുന്നു. അതിലൊരു മുഖ്യമായ ദൗത്യം നിര്‍വഹിക്കാന്‍ സോളിഡാരിറ്റിക്ക് കഴിഞ്ഞു. പുറമെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കാളിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി വെല്‍ഫെയര്‍ പാര്‍ട്ടി അത്തരം ജനകീയ സമര മേഖലകളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജനകീയ സമരങ്ങളിലുള്ള ഇടപെടലുകളെ സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായി പലവിധ സാധ്യതകളുള്ള ഒന്നാക്കി മാറ്റാനാണ് സോളിഡാരിറ്റി ആഗ്രഹിക്കുന്നത്. ജനകീയ സമരങ്ങള്‍ക്ക് വൈജ്ഞാനികമായ പിന്തുണ നല്‍കിക്കൊണ്ട്, സാങ്കേതിക സഹായം നല്‍കിക്കൊണ്ട്, മാധ്യമശ്രദ്ധ നേടിക്കൊടുത്തുകൊണ്ട് ഇങ്ങനെ ബഹുമുഖ രീതിയിലുള്ള പ്രവര്‍ത്തനങ്ങളെക്കൂടി വികസിപ്പിക്കുവാന്‍ സോളിഡാരിറ്റി ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി സമരങ്ങള്‍ സോളിഡാരിറ്റി ഡോക്യുമെന്റേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നു. കാതിക്കൂടത്ത് നില ജലാറ്റിന്‍ കമ്പനിയുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് സോളിഡാരിറ്റിയുടെ പഠന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഒരു യുവജന പ്രസ്ഥാനമെന്ന നിലയില്‍ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റി ചെയ്യാന്‍ ആഗ്രഹിക്കുന്നത്?
സോളിഡാരിറ്റി ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ ആശയപരമായും ഘടനാപരമായും കൂടുതല്‍ യുവജനവല്‍ക്കരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗമാണ് യുവാക്കള്‍. അവരുടെ ജീവിതത്തില്‍ ഒരുപാട് ആവശ്യങ്ങളും ആവലാതികളുമുണ്ട്. അവര്‍ക്ക് ഒരുപാട് ആശയങ്ങളുണ്ട്. അവരുടേതായ വലിയൊരു ലോകമുണ്ട്. ഇതിനെയെല്ലാം കഴിയുംവിധം അഭിമുഖീകരിക്കാന്‍ കഴിയണം എന്ന് സോൡഡാരിറ്റി ആഗ്രഹിക്കുന്നു. സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ചെറുപ്പക്കാരെയും അഭിമുഖീകരിക്കണമെന്നും സംസാരിക്കണമെന്നുമാണ് ഞങ്ങള്‍ വിചാരിക്കുന്നത്. യുവത്വത്തിന്റേതായ പല അഭിരുചികളുമുണ്ട്. യുവാക്കളെന്നു പറയുന്നത് സവിശേഷമായതോ ഒരു അഭിരുചി മാത്രമുള്ളവരോ അല്ല. അവര്‍ ആത്മീയാന്വേഷകരാണെന്നത് പോലെത്തന്നെ മികച്ച കച്ചവടക്കാരും യുവസംരംഭകരുമാണ്. സാമൂഹിക, സേവന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവരാണ്. കലയും കായികവും സംഗീതവും അവരുടെ ഹരമാണ്. യാത്രയും പ്രകൃതിയും അവരുടെ ഇഷ്ടവിനോദമാണ്. ഈ വ്യത്യസ്ത അഭിരുചികളെയെല്ലാം ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. അതിനുവേണ്ടി യുവസംരംഭകര്‍ക്കാവശ്യമായ ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. യുവാക്കളുടെ വിനോദയാത്രയുടെയും പരിസ്ഥിതി അവബോധത്തിന്റെയും ഭാഗമായുള്ള ക്ലാസുകള്‍, യാത്രകള്‍ എന്നിവക്കും തുടക്കമിട്ടിട്ടുണ്ട്.
Comments