Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

രോഹിത് വെമുല ഒറ്റപ്പെട്ട സംഭവമല്ല

രോഹിത് വെമുലയുടെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ആയിരക്കണക്കിന് പേര്‍ ദിനംപ്രതി വിവേചനം നേരിടുന്നുണ്ടെന്നും പത്രപ്രവര്‍ത്തകനും ജേര്‍ണലിസ്റ്റുമായ അനില്‍ ചമഡിയ. ദല്‍ഹിയിലെ ജമാഅത്തെ ഇസ്‌ലാമി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളും ദലിതുകളും സിഖുകാരും ആദിവാസികളുമെല്ലാം നേരിടുന്ന ആക്രമണങ്ങള്‍ക്ക് ഒരു പൊതുശൈലിയുണ്ട്. നേരത്തെ ദലിതുകളെ അവരുടെ വീടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും അടിച്ചിറക്കി. മുസഫര്‍ നഗറില്‍ മുസ്‌ലിംകളും ദല്‍ഹിയില്‍ സിഖുകാരും ആക്രമിക്കപ്പെട്ടു. ഈ അക്രമങ്ങള്‍ തമ്മിലെല്ലാം എന്തു വ്യത്യാസമാണുള്ളത്? നടന്ന തീയതികളും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമിക്കപ്പെട്ടത് എന്നതുമൊഴിച്ചാല്‍ വ്യത്യാസങ്ങള്‍ കാണില്ല. ഒരേ ചിന്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അക്രമങ്ങള്‍ രൂപപ്പെടുന്നത്. ഇരകളെല്ലാം സാമൂഹികമായും സാമ്പത്തികമായും പതിയെ മെച്ചപ്പെട്ട് വരുന്നവരാണ്. ഭീകരവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്‌ലിം യുവാക്കളെല്ലാം എഞ്ചിനീയര്‍മാരോ, സി.എ, മെഡിക്കല്‍ കോഴ്‌സുകള്‍ ചെയ്യുന്നവരോ ആണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദലിതുകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളും എടുത്ത് നോക്കൂ. അവരും സാമൂഹികമായി ഉയര്‍ന്നു വരികയായിരുന്നു. അവരുടെ വീടുകളില്‍ ഗ്യാസ് സ്റ്റൗവുകളും ടി.വിയും ഫ്രിഡ്ജുമെല്ലാം ഇടംപിടിച്ചു. അവരുടെ മക്കള്‍ സ്‌കൂളിലും കോളേജിലും യൂനിവേഴ്‌സിറ്റിയിലും പോകാന്‍ തുടങ്ങി. കൃത്യമായ ഒരു ഐഡിയോളജി ഈ ആക്രമണങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വേണം കരുതാന്‍ -അദ്ദേഹം പറഞ്ഞു. മീഡിയ സ്റ്റഡി ഗ്രൂപ്പിന്റെ ചെയര്‍മാനും മാസ് മീഡിയ എഡിറ്ററുമാണ് അനില്‍ ചമഡിയ. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് നുസ്‌റത്ത് അലി, സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം പങ്കെടുത്തു. 

അസഹിഷ്ണുതയുടെ വളര്‍ച്ച ആശങ്കയുളവാക്കുന്നു

ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ എഞ്ചിനിയര്‍ മുഹമ്മദ് സലീം അനുശോചിച്ചു. മന്ത്രിമാര്‍ക്കടക്കം ഇതില്‍ പങ്കുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നു. ഗുരുതരമായ പ്രവണതകളാണ് ഇപ്പോള്‍ രാജ്യത്ത് കണ്ടുവരുന്നത്. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അരക്ഷിതത്വവും അസമത്വവും അനുഭവപ്പെടുന്നു. ഈ പ്രശ്‌നത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഈ മരണത്തിന്റെ കാരണക്കാര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുസ്‌ലിം യൗവനത്തെ വേട്ടയാടുന്നത് നിര്‍ത്തണം

സിസിന്റെയും ഭീകരതയുടെയും പേരില്‍ നിരപരാധികളായ മുസ്‌ലിം യൗവനത്തെ വേട്ടയാടുന്ന നടപടിയില്‍ കടുത്ത അസന്തുഷ്ടിയുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. മുമ്പും ഭീകരവാദത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അവരില്‍ അധികപേരും നിരപരാധികളെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. തുടര്‍ച്ചയായി നടക്കുന്ന ഈ അറസ്റ്റുകള്‍ക്ക് പിറകില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മുസ്‌ലിം ചെറുപ്പക്കാരുടെ കരിയര്‍ തകര്‍ക്കാനും ഒരു സമുദായത്തെ താറടിക്കാനുമുള്ള നിഗൂഢ ശ്രമങ്ങള്‍ ഉണ്ടെന്ന് സംശയിക്കണം. രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കാനേ നീതിവിരുദ്ധമായ ഈ നടപടികള്‍ ഉപകരിക്കൂ. നിരപരാധികളായ യുവാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കി, അവര്‍ക്ക് നീതി ഉറപ്പ് വരുത്തണമെന്നും അമീര്‍ പറഞ്ഞു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍