സലാം; ഹൃദയങ്ങള്‍ തമ്മിലുള്ള സംവേദനം
പ്രവാചകന്‍(സ) പറഞ്ഞു: ''നിങ്ങള്‍ സത്യവിശ്വാസികളാകുന്നത് വരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല; പരസ്പരം സ്‌നേഹിക്കുന്നത് വരെ സത്യവിശ്വാസികളാവുകയുമില്ല. ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യം പറഞ്ഞു തരട്ടെയോ? ആ കാര്യം ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്‌നേഹമുള്ളവരാകും, നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക.''
സലാം ഹൃദയങ്ങള്‍ തമ്മിലുള്ള സംവേദനമാണ്. പരസ്പരം സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ സലാമിലൂടെ സാധിക്കുന്നു. സലാം മനസ്സിനെ വല്ലാതെ സ്വാധീനിക്കും. കൊന്നു തിന്നുവാനുള്ള ദേഷ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന കഠിനഹൃദയനെപ്പോലും അലിവുള്ളവനാക്കാന്‍ സലാമിന് സാധിക്കുന്നു. തന്റെ സഹോദരനെ കഠിനമായി ആക്ഷേപിക്കാനും ചീത്ത വിളിക്കാനും ഉദ്ദേശിച്ച് ഫോണ്‍ വിളിച്ച ഒരുത്തനോട്, മറുഭാഗത്തുള്ളവന്‍ സലാം കൊണ്ട് ആരംഭിച്ചാല്‍ അവന്റെ മനസ്സ് തണുക്കുന്നു, ദേഷ്യവും ആക്ഷേപവുമൊക്കെ തനിയെ കെട്ടടങ്ങുന്നു. സലാമിന്റെ മാസ്മരിക ശക്തിയാണത്.
'താങ്കളുടെ മേല്‍ രക്ഷയുണ്ടാവട്ടെ'’എന്നര്‍ത്ഥം വരുന്ന 'അസ്സലാമു അലൈകും' എന്ന അഭിവാദന വാക്യത്തിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ പോലും വിശ്വാസിയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്നു. കാരണം അത്തരത്തിലാണ് ഈ വാക്യം സംവിധാനിക്കപ്പെട്ടിരിക്കുന്നത്. സത്യവിശ്വാസി സ്വഭാവ വൈശിഷ്ട്യത്തിനുടമയായിരിക്കണം. മുഴുവന്‍ സല്‍ഗുണ വിശേഷണങ്ങളും സമ്മേളിച്ച നബിയുടെ അനുയായികളും സര്‍വ്വര്‍ക്കും മാതൃകയാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സലാം പറഞ്ഞ് ഹസ്തദാനം നടത്താതെ, നബി (സ) വിശ്വാസികളുമായി സംസാരം തുടങ്ങാറില്ലെന്ന് ഹദീസുകളില്‍ കാണാം.
പഴയ കാലത്ത് ഓരോ സമുദായത്തിനും പ്രത്യേകം അഭിവാദന രീതികളുണ്ടായിരുന്നു. അറബികള്‍ 'അന്‍ഇം സബാഹന്‍' എന്ന് പറഞ്ഞായിരുന്നു തന്റെ സഹോദരനെ അഭിവാദ്യം ചെയ്തിരുന്നത്. ഇസ്‌ലാം കടന്നു വന്നതോടു കൂടി, അതിനേക്കാള്‍ അര്‍ത്ഥ തലങ്ങളുള്ളതും, ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്നതുമായ 'അസ്സലാമു അലൈകും' എന്ന വാക്യം ഉപയോഗിക്കപ്പെട്ടു തുടങ്ങി. ശിലാ ഹൃദയരായിരുന്ന അറബികളുടെ മനസ്സ് അലിയിക്കാന്‍ ഈ അഭിവാദന രീതി കൊണ്ട് സാധിച്ചു. നബി(സ), താന്‍ കണ്ടുമുട്ടുന്നവരോടെല്ലാം സലാം പറയുകയും, അത് ഏറെ പുണ്യമുള്ള കാര്യമാണെന്ന് അനുചരരെ പഠിപ്പിക്കുകയും ചെയ്തു.
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരാള്‍ നബി(സ)യുടെ സന്നിധിയില്‍ വന്ന് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഇസ്‌ലാമില്‍ ഏറ്റവും പുണ്യമുള്ള കാര്യമേതാണ്? നബി(സ) പറഞ്ഞു: ''മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും, അറിയുന്നവരെയും അറിയാത്തവരെയും സലാം കൊണ്ട് അഭിവാദ്യം ചെയ്യുകയും ചെയ്യുക.'' ഈ രണ്ട് കര്‍മ്മങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ട്. പാവപ്പെട്ടവരെ ഭക്ഷിപ്പിക്കുകയും സലാം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് നല്ല സ്വഭാവവും അവരുടെ മനസ്സുമായുള്ള സംവേദനവുമാണ്. അതായത്, അവരുടെ ആത്മാര്‍ത്ഥമായ സ്‌നേഹം സമ്പാദിക്കുവാനുള്ള കര്‍മ്മങ്ങളാണെന്നര്‍ത്ഥം. അങ്ങനെ ചെയ്യുന്നവര്‍ക്ക് ഒരിക്കലും പരസ്പരം തെറ്റിപ്പിരിയാനോ അസൂയ വെച്ചുപുലര്‍ത്താനോ കഴിയുകയില്ല. അതേസമയം തന്റെ സഹോദരന്‍ സലാം പറഞ്ഞാല്‍ 'വഅലൈകുമുസ്സലാം' (നിങ്ങളുടെ മേലും രക്ഷയുണ്ടാകട്ടെ) എന്ന് സലാം മടക്കല്‍ നിര്‍ബന്ധമാണെന്ന് കൂടി നബി പഠിപ്പിച്ചു. അപ്പോഴും സലാം കൊണ്ട് ആരംഭിക്കുന്നവര്‍ക്ക് തന്നെയാണ് കൂടുതല്‍ പുണ്യം ലഭിക്കുന്നത്.
അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) പറഞ്ഞു: ''ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ മേല്‍ അഞ്ച് ബാധ്യതകളുണ്ട്. സലാം പറഞ്ഞാല്‍ മടക്കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, ജനാസയെ അനുഗമിക്കുക, ക്ഷണം സ്വീകരിക്കുക, തുമ്മിയാല്‍ 'യര്‍ഹമുകല്ലാഹ്' എന്ന് പറയുക.''
സലാം പറയുന്നതിന്റെ മര്യാദകള്‍ പരിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നവന്‍ നടക്കുന്നവനോടും, നടക്കുന്നവന്‍ ഇരിക്കുന്നവനോടും, ചെറിയ സംഘം വലിയ സംഘത്തോടുമാണ് സലാം പറയേണ്ടത്. അനസ്ബ്‌നു മാലിക്(റ) ചെറിയ കുട്ടികള്‍ക്കരികിലൂടെ നടക്കുമ്പോള്‍ സലാം പറയാറുണ്ടായിരുന്നു. അതിനെ കുറിച്ച് ആരോ ചോദിച്ചപ്പോള്‍ നബി(സ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു എന്നായിരുന്നു മറുപടി. ചെറിയ കുട്ടികളോട് സലാം പറഞ്ഞാല്‍ തന്റെ സ്ഥാനം കുറഞ്ഞു പോകുമെന്ന് ആരെങ്കിലും ധരിച്ച് വെച്ചിട്ടുണ്ടെങ്കില്‍ അത് അബദ്ധമാണ്. കുട്ടികളോട് സലാം പറഞ്ഞാല്‍, അത് അവരെ വല്ലാതെ സന്തോഷിപ്പിക്കും. അതോടൊപ്പം, അവരത് ശീലിക്കുകയും അത് തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും.
Comments