Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

ഒരു വഴിയും ഒരിടത്തേക്കു മാത്രമായിരുന്നില്ല

മുഹമ്മദ് പി പുഞ്ചപ്പാടത്ത്

വേലിപൊളിച്ചൊരു പടിവാതില്‍
പുറകിലെ വീട്ടിലേക്കുണ്ടടുക്കളപ്പിറകില്‍
കണ്ണി കണ്ണിയായ് പുറകിലേക്ക്,
വലത്തോട്ടുമിടത്തോട്ടുമങ്ങനെ
വീടിണക്കുന്നു നാടിണക്കുന്നു.
പാടവരമ്പുകള്‍, പറമ്പിന്‍ നടുവിലെ
ഉറച്ച മണ്ണുകള്‍ കടത്തുകാരനും മുട്ടിപ്പാലവും
തുടവരെ നനയ്ക്കുന്ന തോടാഴവും 
മുരിക്കിത്തളില്‍ നിന്നുള്ള കരുതലും
വീടിണക്കുന്നു നാടിണക്കുന്നു.
നടന്ന നടന്നു പോയിപ്പോയി
എവിടെയെത്തുമെന്ന ചോദ്യത്തിനുത്തരമന്ന്
നാടു കടന്ന് രാജ്യം കടന്ന് കടലു മറന്ന്
വീട്ടിലേക്ക് തിരികെയെന്നായിരുന്നു.
നടന്ന് നടന്ന് പോയിപ്പോയി
എവിടെയെത്തുമെന്ന ചോദ്യത്തിനുത്തരമിന്ന് 
സെന്റൊന്ന് കടന്ന് രണ്ട് കടന്ന് മൂന്ന് കടന്നങ്ങനെ
അഞ്ചിനൊടുവിലെ മതിലില്‍ തട്ടി
വീട്ടിലേക്ക് തിരികെയെന്നായിരിക്കുന്നു.

മനപ്പത്രം

'എപ്പോഴും...
നിവര്‍ത്തിപ്പിടിച്ചൊരു 
'പത്രം' കണക്കെയായിട്ടുണ്ട്
മനസ്സ്.
അവളോടൊപ്പം എന്നേയ്ക്കുമായ്
കണ്ണിറങ്ങിപ്പോയതാണല്ലോ
ഉറക്കം.
മുറിയിലെ ഇരുട്ടിലാകെ,
പഴുത്ത് ജ്വലിച്ച് 
നീയെറിഞ്ഞ വാക്കുകള്‍,
എത്ര മുട്ടിയാലും തുറക്കപ്പെടാത്ത, 
മകന്റെ മുറിയിലെ-
'ലാപ്‌ടോപ്പി'ല്‍ നിന്നും 
നീന്തിവരുന്ന നീലവെളിച്ചം,
എനിക്കറിയാത്ത ഭാഷയില്‍
അമര്‍ത്തിച്ചിരിക്കുന്നുണ്ടിപ്പോഴും.
എല്ലായിടത്തും നടന്നതിന്റെ 
എല്ലാരില്‍ നിന്നുമറിഞ്ഞതിന്റെ 
ബാക്കി തേടി 
പുലര്‍ച്ചേയിറങ്ങും
പത്രത്തിലേക്ക്-
'മതി'യെന്നെത്ര വിലക്കിയാലും
പേജിലൂടെ മേഞ്ഞ് നടന്ന്
അക്ഷരപ്പച്ചയെ കാര്‍ന്നു
തീര്‍ക്കും കാഴ്ച.
ഉള്ളില്‍...
ചിലതൊക്കെ മുളപൊട്ടി
വളര്‍ന്ന്...
അകത്താളുകള്‍ നിറയയെയിപ്പോള്‍
പൊള്ളുന്ന വാര്‍ത്തകള്‍ മാത്രം. 

എം.കെ മറിയു

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍