Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

ജാതി വംശീയ വിവേചനങ്ങള്‍ക്ക് അറുതിവരുത്തിയ ദര്‍ശനം

എസ്.എം സൈനുദ്ദീന്‍

നുഷ്യനു ലഭ്യമാകേണ്ട ഏറ്റവും മൂല്യവത്തായ അവകാശമാണ് സമത്വവും നീതിയും. അത് നിഷേധിക്കപ്പെടുന്ന സാഹചര്യം ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. ''എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. പുറമെ കാണുന്ന സ്വത്വത്തിലും ഏറ്റവും അടുത്ത സാധ്യതകളില്‍ ഒരു മനുഷ്യന്റെ മൂല്യം കുറയ്ക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, അതുമല്ലെങ്കില്‍ ഒരു വസ്തുവിലേക്ക്, ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല.'' ആത്മാഭിമാനം നഷ്ടപ്പെട്ട് ജാതീയവും വംശീയവുമായ വിവേചനം താങ്ങാനാകാതെ ഒരു തുണ്ട് കയറില്‍ ജീവന്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് രോഹിത് വെമുല തന്റെ മരണ കുറിപ്പില്‍ എഴുതിവെച്ച വാക്കുകളാണിവ. ഇന്ത്യന്‍ സാമൂഹിക ക്രമത്തിലെ കീഴാള വിരുദ്ധതയോടുള്ള ഒരു പൗരന്റെ അമര്‍ഷമാണിത്. താന്‍ അകപ്പെട്ട ദുരന്തത്തിന്റെ കാരണക്കാര്‍ക്കെതിരില്‍ ഒരു മനുഷ്യന്റെ മരണ മൊഴിയാണിത്. ഇന്ത്യയില്‍ സവര്‍ണ മേല്‍ക്കോയ്മാ വാദം ദലിത് ജന വിഭാഗങ്ങളില്‍ സൃഷ്ടിച്ച ഭീതിയെ സംബന്ധിച്ച സൂക്ഷ്മവും നിശിതവുമായ അപഗ്രഥനമാണ് രോഹിതിന്റെ ആത്മഹത്യാ കുറിപ്പ്.

രോഹിതിന്റെ കഴുത്തില്‍ ജാതീയതയുടെ കുരുക്ക് മുറുകിയപ്പോള്‍ ജീവവായു കിട്ടാതെ കൂടെ പിടഞ്ഞു മരിച്ചത് ഇന്ത്യ തന്നെയായിരുന്നു; അല്ല, മുഴുവന്‍ മാനവരാശിയായിരുന്നു. നമുക്കെത്ര പേര്‍ക്ക് അവന്റെ മരണത്തെ അങ്ങനെ വായിക്കാനായി? രോഹിതിന്റെ മരണത്തില്‍ നടുക്കവും സങ്കടവും പ്രകടിപ്പിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള 130-ല്‍ പരം അക്കാദമിസ്റ്റുകളും പണ്ഡിതന്മാരും ഹൈദരാബാദ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് തുറന്ന കത്തെഴുതുകയുണ്ടായി. ഇന്ത്യയിലെ ജനാധിപത്യവാദികള്‍ ഇതിന്റെ പിന്നിലെ മനുഷ്യ വിരുദ്ധവും ആഭാസകരവുമായ രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ രാജ്യമെമ്പാടും അലയടിക്കുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രതിഷേധങ്ങളുടെയും പ്രതിരോധങ്ങളുടെയും നേരിയ ഒരംശം എന്തുകൊണ്ട് രോഹിതിന്റെ ആത്മഹത്യക്ക് മുമ്പുണ്ടായില്ല?

എന്തുകൊണ്ട് അതുണ്ടായില്ല എന്നത് പൊതുവെ ചര്‍ച്ചയാകുന്നില്ല. അതുകൊണ്ട്, ഇന്ത്യന്‍ സാമൂഹികക്രമത്തില്‍ ആഴത്തില്‍ വേരൂന്നിയ ജാതി വിവേചനത്തെയും വംശവെറിയെയും ചോദ്യം ചെയ്യാതെ, ഭാവി ഇന്ത്യയെക്കുറിച്ച മതപരമോ രാഷ്ട്രീയമോ ആയ ഒരു ചര്‍ച്ചക്കും പ്രസക്തിയില്ല. അനേക നൂറ്റാണ്ടുകളായി ജാതിവിവേചനത്താല്‍ ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റി മാറ്റപ്പെട്ടവര്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും അതേ സ്ഥിതിയില്‍ തുടരുന്നത് എന്തുകൊണ്ടാണ്? ഉന്നത കുലജാതര്‍, താഴ്ന്ന ജാതിക്കാര്‍, സവര്‍ണര്‍, അവര്‍ണര്‍ എന്ന കൃത്രിമവും പ്രകൃതിവിരുദ്ധവുമായ സങ്കല്‍പങ്ങളിലും അസത്യങ്ങളിലുമാണ് ഇന്ത്യന്‍ സാമൂഹിക ക്രമം ഇന്നും നിലനില്‍ക്കുന്നത്. ജാതീയതയെ നിലനിര്‍ത്തിയും ന്യൂനപക്ഷ വിരുദ്ധതയെ താലോലിച്ചും വരേണ്യ വംശീയ ഉന്മാദം ദേശീയതയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണിവിടെ. അതിന്റെ സ്വാഭാവികവും നിര്‍ബന്ധിതവും ആയ ആഘാതങ്ങളാണ്, ദലിതുകളും ആദിവാസികളും മതന്യൂനപക്ഷങ്ങളും അടക്കമുള്ള ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ദേശീയ മുഖ്യധാരക്ക് പുറത്തു നിര്‍ത്തപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നത്. 

ജാതി വിവേചനത്തെയും വംശീയതയെയും നൈതികവും പ്രകൃതിപരവുമായ അടിത്തറയില്‍, ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് പുനര്‍വായിക്കാനാണിവിടെ ശ്രമിക്കുന്നത്. ചരിത്രത്തില്‍ ജാതീയതയെയും വംശീയ മേല്‍ക്കോയ്മാവാദത്തെയും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും തിരുത്തിയ ദര്‍ശനമെന്ന നിലക്ക് ഇന്നും ഇസ്‌ലാമിന് ഈ ദൗത്യം നിര്‍വഹിക്കാനാകും. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയെ പൂര്‍വസൂരികളായ ഇസ്‌ലാമിക പരിഷ്‌കര്‍ത്താക്കളും മുസ്‌ലിം ഭരണകര്‍ത്താക്കളും ചരിത്രത്തില്‍ ധീരമായി അഭിമുഖീകരിച്ചിരുന്നു. തങ്ങള്‍ വിമോചകരാണെന്ന ഈ ഉത്തരവാദിത്ത ബോധം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. തന്മൂലം 'മതപ്രബോധനം' കേവല ആശയ പ്രചാരണമായി മാറി. തല്‍ഫലമായി ചരിത്ര നിരപേക്ഷവും പ്രതിലോമപരവുമായ സമുദായ സ്വത്വത്തിലേക്ക് മുസ്‌ലിംകള്‍ക്ക് ഉള്‍വലിയേണ്ടിയും വന്നു. ഇത് മുസ്‌ലിം സമുദായത്തിനും രാജ്യത്തെ കീഴാള ജന വിഭാഗങ്ങള്‍ക്കും ഉണ്ടാക്കിയ സാംസ്‌കാരികവും രാഷ്ട്രീയവുമായ നഷ്ടങ്ങളുടെ ബാക്കി പത്രമാണ് ഇന്ത്യയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങള്‍.

തങ്ങള്‍ അരക്ഷിതരാണെന്ന തോന്നല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ഈ അരക്ഷിതബോധത്തെ അവരുടെ മനസ്സില്‍നിന്ന് തീര്‍ത്തും ഇല്ലാതാക്കാന്‍ സാധിക്കണം. ഇത് സാധ്യമാണോ? ഇതിനുള്ള വഴിയേത്? സമ്പൂര്‍ണ മോചനത്തെക്കുറിച്ച സംവാദങ്ങള്‍ക്ക് നിമിത്തമായിരിക്കുന്നു പുതിയ സംഭവ വികാസങ്ങള്‍.

ആരാണ് മനുഷ്യന്‍ എന്ന് നാം നിര്‍വചിക്കണം. വിമോചനത്തിന്റെ വഴിയിലെ പ്രഥമ സന്ധിയാണത്. ഈ ചോദ്യത്തെ ഇസ്‌ലാമിന് ധൈര്യപൂര്‍വം അഭിമുഖീകരിക്കാനാകും. ശാസ്ത്രത്തിന്റെ സന്ദിഗ്ധതയൊന്നും ഇക്കാര്യത്തില്‍ ഇസ്‌ലാമിനില്ല. താന്‍ ആരാണ് എന്ന് തീരുമാനിക്കേണ്ടത് മറ്റാരുമല്ല, അവനവന്‍ തന്നെയാണ്. പരമമായ സ്വാതന്ത്ര്യം ഇതാകുന്നു. ഇത് ദൈവദത്തമായതും പവിത്രവുമാണ്. മനുഷ്യന്‍ എന്ന പദവിയില്‍ സകലരും തുല്യരാണെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. പച്ച മനുഷ്യരാണ് എല്ലാവരും. ആര്‍ക്കും സവിശേഷമായ അസാധാരണത്വം അവകാശപ്പെടാന്‍ ഒരു പഴുതും ഇസ്‌ലാം അവശേഷിപ്പിക്കുന്നില്ല. 'ഇന്‍സാനിയ്യത്ത്' അഥവാ മനഷ്യനാവുക എന്ന സമതലത്തില്‍ എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ഇസ്‌ലാം. തങ്ങള്‍ ഉയര്‍ന്നവരാണെന്ന് വാദിക്കുന്നവരെ ഇന്‍സാനിയ്യത്തിന്റെ സമതലത്തിലേക്ക് ഇറക്കിയിരുത്തി ഇസ്‌ലാം. തങ്ങള്‍ അധമരാണെന്ന ബോധത്തില്‍ പതിഞ്ഞുപോയവരെ ആ സമതലത്തിലേക്ക് കയറ്റിയിരുത്തി. അവിടെ നിന്ന് ആരും മേലോട്ട് കയറരുതെന്നും താഴോട്ട് ചവിട്ടിയിറക്കപ്പെടരുതെന്നും നിഷ്‌കര്‍ഷിച്ചു. എല്ലാവരും തുല്യരാണെന്ന് ദര്‍ശിച്ചു. ചരിത്രത്തിലുടനീളം പ്രവാചകന്മാര്‍ മുന്നോട്ടുവെച്ച ആശയ സംഹിതയുടെ രണ്ടില്‍ ഒന്ന് മനുഷ്യനായിരുന്നു; മറ്റൊന്ന് ദൈവവും. മനുഷ്യന്റെ വ്യഥയെ മുഖ്യ പ്രമേയമാക്കാത്ത ഒരു വ്യവസ്ഥക്ക് ഈ പ്രശ്‌നത്തിന്റെ കുരുക്കഴിക്കാനാവില്ല. കാരണം ആ കുരുക്കിലാണ് ജാതിയില്‍ താഴ്ന്നവന്റെ കഴുത്ത് മുറുകിക്കൊണ്ടിരിക്കുന്നത്; അടിമകളുടെ കരചരണങ്ങള്‍ ബന്ധിക്കപ്പെട്ട് കിടക്കുന്നത്.

മനുഷ്യോല്‍പത്തിയെക്കുറിച്ച ഖുര്‍ആനിക ദര്‍ശനം ഇങ്ങനെയാണ്: ''നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം. മുട്ടിയാല്‍ മുഴങ്ങുന്ന ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്. അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം'' (ഖുര്‍ആന്‍ 15:28,29). മണ്ണ് എന്ന ഭൗതിക പദാര്‍ഥത്തില്‍ ദൈവം തന്റെ പക്കലുള്ള സവിശേഷ ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോഴാണ് മനുഷ്യകുലം രൂപപ്പെട്ടത്. ദൈവത്തിന് വഴിപ്പെടുന്നതിന്റെ മൗലിക താല്‍പര്യമായി മനുഷ്യരോടുള്ള ആദരവ് ഇസ്‌ലാം എടുത്തുപറയാന്‍ ഇതാണ് കാരണം. മനുഷ്യനെ ആദരിക്കാത്തവന്റെ ദൈവാരാധന കപടമാണ്. പുരോഹിത മതവും പ്രവാചക മതവും വേര്‍തിരിയുന്നത് ഇവിടെ വെച്ചാണ്. ''ഉറപ്പായും മനുഷ്യമക്കളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കരയിലും കടലിലും സഞ്ചരിക്കാനായി വാഹനങ്ങള്‍ ഒരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാം അവര്‍ക്ക് മഹത്വമേകുകയും ചെയ്തു'' (17:70). മനുഷ്യനോടുള്ള ആദരവിനെ നിരാകരിക്കുന്ന ഒരു തത്ത്വസംഹിതയും ഇസ്‌ലാമിന് സ്വീകാര്യമല്ല.

ജനനം തന്നെയാണ് ബഹുഭൂരിപക്ഷത്തിന്റെയും മതവും ജാതിയും വംശവും രൂപീകരിക്കുന്നതില്‍ എന്നും നിര്‍ണായകമാകാറുള്ളത്. 'എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം' എന്ന് ഒരു മനുഷ്യനു പറയേണ്ടിവരുന്ന സാഹചര്യം അതില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിനാല്‍ ഈ സാമ്പ്രദായിക കീഴ്‌വഴക്കത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടല്ലാതെ വംശീയമേല്‍ക്കോയ്മാ വാദത്തെയും ജാതി ഉച്ചനീചത്വത്തെയും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ നിന്ന് പിഴുതെറിയാനാകില്ല. മുഹമ്മദ് നബിയുടെ പ്രബോധന ജീവിതത്തിന്റെ ആവിര്‍ഭാവ ഘട്ടത്തില്‍ അറേബ്യന്‍ ജാഹിലിയ്യത്തിനെ (അജ്ഞതാന്ധകാരങ്ങളെ) ഖുര്‍ആന്‍ നിശിതമായി വിമര്‍ശിച്ചതിന്റെ പ്രധാന കാരണം അവിടെ നിലനിന്നിരുന്ന വര്‍ണവെറിയും ഗോത്രമേല്‍ക്കോയ്മയും അടിമത്തവുമായിരുന്നു. മനുഷ്യന്‍ എന്ന സത്തയുടെ ഏകതയും തുല്യതയും എല്ലാ മൂല്യത്തേക്കാളും ഉപരിയാണെന്ന ദര്‍ശനത്തിന്റെ സ്ഥാപനമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലുടനീളം നിറഞ്ഞുനിന്നത്.

വംശം, വര്‍ണം, ഭാഷ, ദേശം എന്നീ വൈവിധ്യങ്ങള്‍ യാഥാര്‍ഥ്യമാണെങ്കിലും അവ വിവേചനത്തിനു കാരണമാകരുതെന്നും ഇസ്‌ലാം ശക്തമായി ഓര്‍മപ്പെടുത്തി: ''അല്ലയോ മനുഷ്യരേ, ഒരാണില്‍ നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്. നിങ്ങളില്‍ ഏറ്റവും ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയര്‍. നിശ്ചയം അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു'' (49:13).

''ഈ സൂക്തത്തിലൂടെ മുഴുവന്‍ മനുഷ്യസമൂഹത്തെയും അഭിസംബോധന ചെയ്തുകൊണ്ട് ലോകത്ത് എക്കാലവും വ്യാപകമായ കുഴപ്പത്തിന് കാരണമായിത്തീര്‍ന്ന ഒരു വമ്പിച്ച തിന്മയുടെ അടിവേരറുത്തിരിക്കുന്നു. അതായത് വര്‍ഗം, വര്‍ണം, ഭാഷ, ദേശം, ജനത തുടങ്ങിയ പക്ഷപാതിത്വങ്ങളിലൂടെ പൗരാണിക കാലം തൊട്ട് ഇന്നുവരെ എല്ലാ കാലഘട്ടങ്ങളിലും മനുഷ്യന്‍ പൊതു മാനവികതയെ അവഗണിച്ചുകൊണ്ട് തനിക്കു ചുറ്റും ഏതാനും ചെറിയ വൃത്തങ്ങള്‍ വരയ്ക്കുകയുണ്ടായി. ആ വൃത്തത്തിനുള്ളില്‍ ജന്മംകൊള്ളുന്നവരെ സ്വന്തക്കാരായും അതിനു വെളിയില്‍ ജീവിക്കുന്നവരെ അന്യരായും കണക്കാക്കിപ്പോന്നു. ഈ വൃത്തമാകട്ടെ ബുദ്ധിപരമോ ധാര്‍മികമോ ആയ ഏതെങ്കിലും അടിത്തറയിലല്ല. പ്രത്യുത, യാദൃച്ഛികമായ ജന്മത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ചിലേടത്ത് അതിന്റെ അടിസ്ഥാനം ഒരു കുടുംബത്തില്‍, ഗോത്രത്തില്‍, അല്ലെങ്കില്‍ വര്‍ഗത്തില്‍ പിറക്കുക എന്നതായിരിക്കും. ചിലപ്പോള്‍ ഒരു ഭൂവിഭാഗത്തില്‍, അല്ലെങ്കില്‍ സവിശേഷ വര്‍ണമുള്ളതോ ഭാഷ സംസാരിക്കുന്നതോ ആയ സമുദായത്തില്‍ പിറന്നുവെന്നതായിരിക്കും. തുടര്‍ന്ന് ഈ അടിസ്ഥാനത്തില്‍ സ്വന്തക്കാര്‍, അന്യര്‍ എന്നിങ്ങനെയുള്ള തരംതിരിവുകളുണ്ടാകുന്നു. സ്വന്തക്കാരായി കരുതുന്നവരോട് ആപേക്ഷികമായി കൂടുതല്‍ സ്‌നേഹവും സഹകരണവും പുലര്‍ത്തുന്നതില്‍ പരിമിതമായിരിക്കുകയില്ല ഈ തരംതിരിവ്. അത് അതിനപ്പുറം വൈരാഗ്യം, ശത്രുത, നിന്ദ, അക്രമമര്‍ദനങ്ങള്‍ തുടങ്ങിയ ദുഷ്ടതകളിലേക്ക് കടക്കുന്നു. അതിനുവേണ്ടി തത്ത്വശാസ്ത്രങ്ങള്‍ മെനഞ്ഞെടുക്കുകയുണ്ടായി. മതങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു. സദാചാരതത്ത്വങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. നൂറ്റാണ്ടുകളായി ജനസമുദായങ്ങളും ഭരണകൂടങ്ങളും അവ ഓരോ ചിന്താസരണിയാക്കി വളര്‍ത്തിവരുന്നു. യഹൂദികള്‍ ഈ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ സന്തതികളെ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളായി കണക്കാക്കുകയും തങ്ങളുടെ മത നിയമങ്ങളില്‍ വരെ ഇസ്രയേലികളല്ലാത്തവരുടെ അവകാശങ്ങളും പദവിയും ഇസ്രയേലികളുടേതിനേക്കാള്‍ താണതായി നിശ്ചയിക്കുകയും ചെയ്തു. ഇതേ വിവേചനം ഹിന്ദുക്കള്‍ക്കിടയില്‍ വര്‍ണവ്യവസ്ഥയ്ക്ക് ജന്മംനല്‍കുകയും തദടിസ്ഥാനത്തില്‍ ബ്രാഹ്മണരുടെ ഔന്നത്യം സ്ഥാപിക്കപ്പെടുകയും ചെയ്തു.

'ഉന്നത കുലജാതരെ' അപേക്ഷിച്ച് മറ്റെല്ലാ മനുഷ്യരും നീചരും മ്ലേഛരുമായി പരിഗണിക്കപ്പെട്ടു. ശൂദ്രര്‍, നിന്ദ്യതയുടെ അടിത്തട്ടിലേക്കെറിയപ്പെട്ടു. കറുത്തവര്‍, വെളുത്തവര്‍ എന്ന വിവേചനം മൂലം ആഫ്രിക്കയിലും അമേരിക്കയിലുമുള്ള കറുത്തവര്‍ഗക്കാര്‍ക്കെതിരില്‍ അഴിച്ചുവിടപ്പെട്ട അക്രമമര്‍ദനങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ അന്വേഷിക്കേണ്ട ആവശ്യമില്ല. 20ാം നൂറ്റാണ്ടിലും കണ്ണുള്ളവര്‍ക്കൊക്കെ അത് കാണാവുന്നതാണ്. അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ നുഴഞ്ഞുകയറിയ യൂറോപ്യര്‍ അവിടെയുള്ള റെഡ് ഇന്ത്യക്കാരോട് കാണിച്ച ക്രൂരതയിലും ഏഷ്യന്‍ആഫ്രിക്കന്‍ നാടുകളിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ട് അവരോടനുവര്‍ത്തിച്ച ദുഷ്‌ചെയ്തികളിലുമെല്ലാം ഇതേ വികാരംതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അതായത്, തങ്ങളുടെ ദേശത്തിനും ജനതയ്ക്കുമപ്പുറം ജനിക്കുന്നവരുടെ ജീവനും സ്വത്തും അഭിമാനവുമെല്ലാം തങ്ങള്‍ക്ക് യഥേഷ്ടം പിച്ചിച്ചീന്താവുന്നതാണ്. അവരെ കൊള്ളയടിക്കുവാനും അടിമകളാക്കുവാനും വേണ്ടിവന്നാല്‍ ഉന്മൂലനാശം ചെയ്യാന്‍ പോലും തങ്ങള്‍ക്ക് അവകാശമുണ്ട്. പാശ്ചാത്യന്‍ ജനതയുടെ ദേശീയത ഒരു ജനതയെ മറ്റൊരു ജനതയ്ക്കു നേരെ ഹിംസ്രജന്തുവാക്കിത്തീര്‍ത്തതിന്റെ ഉദാഹരണങ്ങള്‍ അടുത്ത കാലത്ത് നടന്ന യുദ്ധങ്ങളില്‍ കണ്ടിട്ടുള്ളതും ഇന്നും കണ്ടുകൊണ്ടിരിക്കുന്നതുമാണ്. പ്രത്യേകിച്ച്, നാസി ജര്‍മനിയുടെ വര്‍ഗീയതയും നോര്‍ടിക് വംശത്തിന്റെ വംശീയാഹന്തയും കഴിഞ്ഞ ലോകയുദ്ധത്തില്‍ പ്രകടിപ്പിച്ച നിഷ്ഠുരതയും വീക്ഷിച്ചാല്‍ എന്തുമാത്രം വിനാശകരമായ ദുര്‍മാര്‍ഗത്തില്‍നിന്നു മനുഷ്യരെ സംസ്‌കരിക്കുന്നതിനാണ് ഈ ഖുര്‍ആനിക സൂക്തം അവതീര്‍ണമായിരിക്കുന്നതെന്ന് അനായാസം ഗ്രഹിക്കാവുന്നതാണ്. 

ഈ സംക്ഷിപ്ത സൂക്തത്തില്‍ അല്ലാഹു മുഴുവന്‍ മനുഷ്യരെയും അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമായ മൂന്ന് യാഥാര്‍ഥ്യങ്ങള്‍ ഉണര്‍ത്തിയിരിക്കുന്നു: ഒന്നാമത്തെ യാഥാര്‍ഥ്യം ഇതാണ്: നിങ്ങളുടെയെല്ലാം മൂലം ഒന്നാണ്. ഒരേ ആണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നിങ്ങളുടെ വര്‍ഗം മുഴുവന്‍ നിലവില്‍ വന്നിട്ടുള്ളത്. ഇന്ന് ലോകത്ത് കാണപ്പെടുന്ന എല്ലാ മനുഷ്യവര്‍ഗവും യഥാര്‍ഥത്തില്‍ ഒരു ആദിവംശത്തിന്റെ ശാഖകളാകുന്നു. ആ ശാഖ ഒരേ മാതാപിതാക്കളില്‍ നിന്നാണ് ഉദ്ഭവിച്ചിട്ടുള്ളത്. ഈ സൃഷ്ടിപരമ്പരയില്‍ നിങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവേചനത്തിനും ഉച്ചനീചത്വത്തിനും യാതൊരു അടിസ്ഥാനവുമില്ല. ഒരേ ഒരു ദൈവമാണ് നിങ്ങളുടെയെല്ലാം സ്രഷ്ടാവ്. വ്യത്യസ്ത ദൈവങ്ങളല്ല വിവിധ മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങള്‍ ഏകപദാര്‍ഥത്തില്‍നിന്നും ഉണ്ടായിട്ടുള്ളവരാണ്. ചിലര്‍ പരിശുദ്ധമായ മേത്തരം പദാര്‍ഥങ്ങളില്‍നിന്നും, മറ്റു ചിലര്‍ മ്ലേച്ഛവും താഴ്ന്നതുമായ പദാര്‍ഥങ്ങളില്‍നിന്നും ഉണ്ടായിട്ടുള്ളവരല്ല. ഒരേരീതിയിലാണ് നിങ്ങളുടെയെല്ലാം ജനനം. വിവിധ മനുഷ്യരുടെ ജനനരീതി വ്യത്യസ്തമല്ല. ഒരേ മാതാപിതാക്കളുടെ സന്തതികളാണ് നിങ്ങളെല്ലാം. ആരംഭത്തില്‍ കുറേയധികം മനുഷ്യജോടികളുണ്ടാവുകയും അവരില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ജനപദങ്ങള്‍ നിലവില്‍ വരികയുമല്ല ഉണ്ടായിട്ടുള്ളത്. രണ്ടാമത്തെ യാഥാര്‍ഥ്യം ഇതാണ്: അടിസ്ഥാനപരമായി ഒന്നാണെന്നതോടൊപ്പംതന്നെ നിങ്ങള്‍ സമുദായങ്ങളും ഗോത്രങ്ങളുമായി വിഭജിക്കപ്പെട്ടുവെന്നത് സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു. ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യരും ഒരേ കുടുംബമാവുകയെന്നത് സാധ്യമല്ലെന്ന കാര്യം വ്യക്തമാണല്ലോ. വംശവര്‍ധനവിനോടൊപ്പം അസംഖ്യം കുടുംബങ്ങള്‍ ഉയര്‍ന്നുവരിക അനിവാര്യമായിരുന്നു. പിന്നീട് കുടുംബങ്ങളില്‍നിന്ന് ഗോത്രങ്ങളും സമുദായങ്ങളും വളര്‍ന്നുവരികയെന്നതും അങ്ങനെത്തന്നെ. വിവിധ ഭൂപ്രദേശങ്ങളില്‍ താമസമാക്കിയതിനുശേഷം വര്‍ണം, ആകൃതി, ഭാഷ, ജീവിതരീതി എന്നിവയിലും അനിവാര്യമായും വൈവിധ്യം പുലരേണ്ടതുണ്ടായിരുന്നു. ഒരു ഭൂപ്രദേശത്ത് താമസിക്കുന്നവര്‍ അടുത്തവരും ദൂരദിക്കുകളില്‍ താമസിക്കുന്നവര്‍ താരതമ്യേന അകന്നവരും ആവുകയെന്നതും സ്വാഭാവികമായിരുന്നു. എന്നാല്‍, പ്രകൃത്യായുള്ള ഇത്തരം വ്യത്യാസങ്ങളുടെയും ഭിന്നതകളുടെയും താല്‍പര്യം ഉന്നതന്‍, താഴ്ന്നവന്‍, മാന്യന്‍, നീചന്‍, ശ്രേഷ്ഠന്‍, നികൃഷ്ടന്‍ എന്നിങ്ങനെയുള്ള ഉച്ചനീചത്വങ്ങള്‍ കല്‍പിക്കപ്പെടുകയോ ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തിനു മേല്‍ ശ്രേഷ്ഠത അവകാശപ്പെടുകയോ ഒരു വര്‍ണത്തിന്റെ ആളുകള്‍ ഇതര വര്‍ണമുള്ളവരെ നിന്ദ്യരും നീചരുമായി കണക്കാക്കുകയോ ഒരു ജനത മറ്റൊരു ജനതയുടെമേല്‍ മികവ് സ്ഥാപിക്കുകയോ മനുഷ്യാവകാശങ്ങളില്‍ ഒരു വിഭാഗത്തിന് മറ്റു വിഭാഗങ്ങളെക്കാള്‍ മുന്‍ഗണന കല്‍പിക്കപ്പെടുകയോ ആയിരുന്നില്ല. മറിച്ച്, സ്രഷ്ടാവ് മനുഷ്യവിഭാഗങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമായി ക്രമീകരിച്ചതിന്റെ കാരണം അവര്‍ക്കിടയില്‍ പരസ്പരം പരിചയപ്പെടാനും സഹകരിക്കാനുമുള്ള സ്വാഭാവികമായ രീതി ഇത് മാത്രമായതുകൊണ്ടാണ്. ഈ രീതിയിലൂടെ കുടുംബം, ഗോത്രം, വംശം, ജനത എന്നിങ്ങനെ ആളുകള്‍ ഒന്നിച്ചുചേര്‍ന്ന് കൂട്ടായ സമൂഹം നിര്‍മിക്കുക, ജീവിതപ്രശ്‌നങ്ങളില്‍ പരസ്പരസഹായികളാവുക എന്നിവ സാധ്യമാകുന്നു. എന്നാല്‍, ദൈവദത്തമായ പ്രകൃതി പരസ്പരം തിരിച്ചറിയുവാനുള്ള ഉപാധിയാക്കിയ അതേ പ്രതിഭാസത്തെ പരസ്പരം പെരുമ നടിക്കാനും പോരടിക്കാനുമുള്ള മാര്‍ഗമാക്കപ്പെട്ടതും അങ്ങനെ മനുഷ്യന്‍ അക്രമത്തിലേക്കും കൈയേറ്റത്തിലേക്കും വരെ നയിക്കപ്പെട്ടതും തികച്ചും പൈശാചികമായ അന്ധതയാലത്രേ. മൂന്നാമത്തെ യാഥാര്‍ഥ്യം ഇതത്രേ: മനുഷ്യര്‍ പരസ്പരം പെരുമയും ശ്രേഷ്ഠതയും കല്‍പിക്കുവാന്‍ വല്ല അടിസ്ഥാനവുമുണ്ടെങ്കില്‍ അത് സ്വഭാവശ്രേഷ്ഠതയാകുന്നു. ജന്മനാ മനുഷ്യരെല്ലാവരും സമന്മാരാണ്. കാരണം, അവരെ സൃഷ്ടിച്ചത് ഒരേ ദൈവമാണ്. അവരുടെ സൃഷ്ടിയിലടങ്ങിയ പദാര്‍ഥവും ജനന രീതിയും ഒന്നുതന്നെയാണ്. അവരുടെയെല്ലാം വംശപരമ്പര ഒരേ മാതാപിതാക്കളില്‍ ചെന്നെത്തുന്നു. ഇതിനെല്ലാംപുറമേ ഒരു വ്യക്തി, ഒരു പ്രത്യേക രാഷ്ട്രത്തിലോ സമുദായത്തിലോ വംശത്തിലോ പിറക്കുകയെന്നത് ഒരു യാദൃച്ഛിക സംഭവമാണ്. അതിലവന്റെ ഉദ്ദേശ്യത്തിനോ തെരഞ്ഞെടുപ്പിനോ അധ്വാനപരിശ്രമങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. ഈ പരിഗണനയില്‍ ഒരാള്‍ക്ക് അപരനെക്കാള്‍ ശ്രേഷ്ഠത ലഭിക്കുന്നതിന് ന്യായമായ ഒരു കാരണവുമില്ല. ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ ശ്രേഷ്ഠത കൈവരിക്കുന്നതിനുള്ള അടിസ്ഥാന വസ്തുത അയാള്‍ മറ്റുള്ളവരെക്കാള്‍ ദൈവത്തെ ഭയപ്പെടുന്നവനും തിന്മകളില്‍നിന്ന് അകന്നുനില്‍ക്കുന്നവനും നന്മയുടെയും വിശുദ്ധിയുടെയും മാര്‍ഗം അവലംബിക്കുന്നവനും ആവുകയെന്നതാണ്. അത്തരത്തിലുള്ള ഒരാള്‍ ഏതു വംശവുമായി, സമുദായവുമായി, രാജ്യവുമായി ബന്ധപ്പെട്ടവനായാലും ശരി, വ്യക്തിവൈശിഷ്ട്യത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആദരവ് അര്‍ഹിക്കുന്നവനാണ്. ഇതിന് നേര്‍വിപരീത അവസ്ഥയിലുള്ളവര്‍ കറുത്തവനായാലും വെളുത്തവനായാലും പാശ്ചാത്യനായാലും പൗരസ്ത്യനായാലും താണവനായേ ഗണിക്കപ്പെടൂ. ഖുര്‍ആനില്‍ സംക്ഷിപ്തമായി വിവരിക്കപ്പെട്ടിട്ടുള്ള ഇതേ യാഥാര്‍ഥ്യം നബി(സ) പല പ്രസംഗങ്ങളിലൂടെയും നിര്‍ദേശങ്ങളിലൂടെയും കൂടുതല്‍ സ്പഷ്ടമായി വിശദീകരിച്ചിരിക്കുന്നു. മക്കാ  വിജയഘട്ടത്തില്‍ കഅ്ബാ പ്രദക്ഷിണത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ തിരുമേനി അരുളി: ''നിങ്ങളില്‍നിന്ന് ജാഹിലിയ്യത്തിന്റെ ന്യൂനതയും അഹങ്കാരവും ദൂരീകരിച്ച അല്ലാഹുവിന് സ്തുതി. ജനങ്ങളേ, മനുഷ്യര്‍ രണ്ടു തരക്കാരാണ്. ഒന്ന്: നല്ലവനും സൂക്ഷ്മാലുവും അല്ലാഹുവിങ്കല്‍ ആദരണീയനുമായവന്‍. മറ്റൊന്ന്, അധര്‍മിയും ഹതഭാഗ്യനും അല്ലാഹുവിങ്കല്‍ നിന്ദ്യനുമായവന്‍. മനുഷ്യരഖിലം ആദമിന്റെ സന്തതികളാണ്. അല്ലാഹു ആദമിനെ സൃഷ്ടിച്ചിട്ടുള്ളത് മണ്ണില്‍ നിന്നാണ്.''   ഹജ്ജത്തുല്‍ വിദാഇലെ അയ്യാമുത്തശ്‌രീഖിനിടയില്‍ അവിടുന്ന് ചെയ്ത പ്രസംഗത്തില്‍ അരുള്‍ചെയ്തു: ''ജനങ്ങളേ, അറിഞ്ഞുകൊള്ളുക: നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. ദൈവത്തിങ്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രേ. പറയുക, ഞാന്‍ നിങ്ങള്‍ക്ക് (ദൗത്യം) എത്തിച്ചു തന്നില്ലെയോ? 'അതെ, തിരുദൂതരേ' അവര്‍ പ്രത്യുത്തരം നല്‍കി. അവിടുന്ന് പ്രതിവചിച്ചു: എന്നാല്‍, ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.'' പ്രവാചകന്‍ ഇപ്രകാരം അരുളുകയുണ്ടായി: ''നിങ്ങളെല്ലാം ആദം സന്തതികളാണ്. ആദം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മണ്ണില്‍ നിന്നാകുന്നു. ജനങ്ങള്‍ അവരവരുടെ പിതാക്കളുടെയും പിതാമഹന്മാരുടെയും പേരില്‍ പൊങ്ങച്ചം കാണിക്കുന്നത് നിര്‍ത്തട്ടെ. ഇല്ലെങ്കില്‍ അവര്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ കീടത്തേക്കാള്‍ നിസ്സാരന്മാരായിത്തീരും.'' ''അന്ത്യനാളില്‍ അല്ലാഹു നിങ്ങളുടെ വംശത്തെക്കുറിച്ചോ തറവാടിനെക്കുറിച്ചോ ചോദിക്കുകയില്ല. നിങ്ങളില്‍ വെച്ച് ഏറ്റവും ആദരണീയന്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനത്രേ.''  ''നിശ്ചയം, അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കോ സമ്പത്തിലേക്കോ നോക്കുന്നില്ല. മറിച്ച്, ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ് അവന്‍ നോക്കുന്നത്.'' ഈ അധ്യാപനങ്ങള്‍ കേവലം വാക്കുകളില്‍ പരിമിതമായിരുന്നില്ല. ഇസ്‌ലാം അതിനനുസൃതമായി വിശ്വാസികളുടേതായ ഒരു സാര്‍വലൗകിക സാഹോദര്യം പ്രയോഗത്തില്‍ സ്ഥാപിച്ചു കാണിക്കുകയുണ്ടായി. അവിടെ വര്‍ണവംശ, ഭാഷാ, ദേശ, വര്‍ഗ വിവേചനമുണ്ടായിരുന്നില്ല. ഉച്ചനീചത്വങ്ങളുടെയോ തൊട്ടുതീണ്ടായ്മയുടെയോ വിവേചനത്തിന്റെയോ യാതൊരു സങ്കല്‍പവുമില്ല. അതില്‍ പങ്കാളികളായവരെല്ലാം, അവര്‍ ഏത് വംശത്തോട്, ജനതയോട്, ദേശത്തോട്, രാഷ്ട്രത്തോട് ബന്ധപ്പെട്ടവരാവട്ടെ, തുല്യമായ അവകാശങ്ങളുള്ളവരാണ്. അങ്ങനെ ആയിട്ടുമുണ്ട്. മാനുഷിക സമത്വത്തിന്റെയും ഐക്യത്തിന്റെയും അടിസ്ഥാനങ്ങളെ, മറ്റൊരു മതത്തിലും വ്യവസ്ഥയിലും ഒരിക്കലും കാണപ്പെടാത്തവിധം വിജയകരമായി ഇസ്‌ലാം മുസ്‌ലിംസമൂഹത്തില്‍ പ്രയോഗവല്‍ക്കരിച്ചിട്ടുണ്ട് എന്ന വസ്തുത ഇസ്‌ലാമിന്റെ ശത്രുക്കള്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്'' (മൗലാനാ മൗദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍, ഹുജുറാത്ത്- 28-ാം കുറിപ്പ്).

''പവിത്രതയുടെയും ആദരവിന്റെയും മാനദണ്ഡം ജന്മമല്ല, കര്‍മമാണ്. ഭക്തിയുള്ളവരാണുന്നതര്‍. അതറിയുന്നവന്‍ അല്ലാഹു മാത്രവും. മനുഷ്യര്‍ തീര്‍ത്ത കൃത്രിമമായ രേഖകള്‍ കൊണ്ടല്ല മനുഷ്യ മഹത്വം അളക്കേണ്ടത്. ആ അളവുകോല്‍ കൊണ്ട് ഉന്നതനായി ഗണിക്കപ്പെടുന്നവന്‍ ദൈവ ദൃഷ്ടിയില്‍ -ധാര്‍മിക മാനദണ്ഡത്തില്‍- നിന്ദ്യനും നിസ്സാരനുമായിത്തീരും. ആ അളവുകോല്‍ കൊണ്ട് ഭൂമിയില്‍ പതിതനായി ഗണിക്കപ്പെടുന്നവന്‍ ദൈവത്തിങ്കല്‍ ആദരണീയനുമാകും'' (തഫ്ഹീമുല്‍ ഖുര്‍ആന്‍).

മക്കയിലെ ഗോത്ര പ്രമുഖര്‍ ഇസ്‌ലാം നിരാകരിക്കാനുള്ള സുപ്രധാനമായ കാരണമായി പറഞ്ഞത്, 'ഞങ്ങളെയും അടിമകളെയും ഒരേപോലെ കാണുന്ന ആശയമല്ലേ മുഹമ്മദിന്റേത്' എന്നായിരുന്നു. പൂര്‍വികരായ പ്രവാചകന്മാരും അഭിമുഖീകരിച്ച ചോദ്യം ഇത് തന്നെയായിരുന്നു. നൂഹിന്റെ ചരിത്രം വിവരിക്കവെ ഖുര്‍ആന്‍ ഇത് ഉദ്ധരിക്കുന്നുണ്ട്: ''അപ്പോള്‍ അദ്ദേഹത്തിന്റെ ജനത്തിലെ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളുടെ നോട്ടത്തില്‍ നീ ഞങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞങ്ങളിലെ നിസ്സാരന്മാര്‍ മാത്രമാണ് കാര്യ വിചാരമില്ലാതെ നിന്നെ പിന്തുടരുന്നതായി ഞങ്ങള്‍ കാണുന്നത്. ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും നിങ്ങളില്‍ ഞങ്ങള്‍ കാണുന്നുമില്ല. നിങ്ങള്‍ കള്ളവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു'' (ഹൂദ് 27). അതിനാല്‍ മനുഷ്യനെ മനുഷ്യനെന്ന നിലപാടില്‍ സമീപിക്കാനുള്ള വിസമ്മതം ആയിരുന്നു എക്കാലത്തും അധീശ വ്യവസ്ഥകളുടെ പ്രശ്‌നം. ഈ സമീപനത്തെ തിരുത്തുകയായിരുന്നു പ്രവാചകന്മാര്‍.

മനുഷ്യര്‍ക്കിടയിലെ കൃത്രിമവും കല്‍പിതവുമായ ഇത്തരം അതിര്‍ വരമ്പുകളെ തച്ചുടക്കാന്‍ പ്രാപ്തമായ ആശയവും ദര്‍ശനവും സമര്‍പ്പിക്കാന്‍ സാധിക്കുകവഴി, സാമൂഹിക രൂപീകരണത്തിനാവശ്യമായ അതുല്യ സാധ്യതകളെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ധര്‍മത്തെക്കുറിച്ച ഖുര്‍ആന്റെ വീക്ഷണം, സാമ്പ്രദായിക മതങ്ങളില്‍ നിന്നും സാമൂഹിക പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഇസ്‌ലാമിനെ വേറിട്ട് നിര്‍ത്തുന്നു. ഇസ്‌ലാമില്‍ ധര്‍മം വ്യക്തിനിഷ്ഠമായ ഒന്നല്ല; ഒരു സാമൂഹിക പ്രക്രിയയാണ്. നീതിയാണ് ധര്‍മം. തുല്യതയാണ് നീതിയുടെ ഉറവിടം. തുല്യതയും നീതിയും സ്ഥാപിക്കാനുള്ള വഴിയാണ് ഇസ്‌ലാമിക ധര്‍മ-നിയമ സംഹിത. അഥവാ ശരീഅത്ത്. മനുഷ്യരെല്ലാം തുല്യരാണെന്ന അംഗീകാരത്തില്‍ നിന്നാണ് നീതി രൂപപ്പെടുന്നത്. തുല്യതയെ അംഗീകരിക്കാത്തിടത്തോളം നീതി സ്ഥാപിക്കാനാവില്ല. ഇതാണ് ഇസ്‌ലാമിന്റെ പക്ഷം. അതുകൊണ്ടാണ് വിവേചനത്തിന്റെ തരിമ്പെങ്കിലും അവശേഷിക്കാനുള്ള സകല സാധ്യതകളെയും പ്രവാചകന്‍ തന്റെ കാല്‍ചുവട്ടില്‍ ചവിട്ടിത്താഴ്ത്തിയത്. ബിലാലിനെ സ്വന്തം മാറോടണച്ച് ആശ്ലേഷിക്കുക വഴി ഖുറൈശി ഗോത്ര മാഹാത്മ്യത്തിന്റെയും അറബി ദേശ മേധാവിത്വത്തിന്റെയും മസ്തകത്തില്‍ നബി ആഞ്ഞ് പ്രഹരിക്കുകയായിരുന്നു. അത് മര്‍ദകരെ പ്രകോപിതരാക്കി; മര്‍ദിതരെ ആവേശഭരിതരാക്കി.

വിവേചിത സമൂഹങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും മോചിപ്പിക്കാനുള്ള പോരാട്ടമാണ് ഇസ്‌ലാമിലെ ധര്‍മ സമരം അഥവാ ജിഹാദ്. നീതിയും സ്വാതന്ത്ര്യവും ആത്മാഭിമാനവും സ്ഥാപിക്കലും വീണ്ടെടുക്കലുമാണതിന്റെ ലക്ഷ്യം. ''നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ പോരാടുന്നില്ല? മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ഞങ്ങളുടെ നാഥാ, മര്‍ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ'' (അന്നിസാഅ് 75).

മൂസാ നബിയുടെ ചരിത്രം അധഃസ്ഥിതരുടെയും കീഴാളരുടെയും വിമോചനത്തിനായുള്ള ഇസ്‌ലാമിക രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ മാനിഫെസ്റ്റോ ആണ്. മര്‍ദിത വിഭാഗത്തിന്റെ മോചനത്തിന് മൂസാ നബിയോട് സ്വീകരിക്കാന്‍ ദൈവം നിര്‍ദേശിച്ച കര്‍മരീതി, മര്‍ദിതരുടെ മാത്രമല്ല മര്‍ദകരുടെയും മോചനത്തിനുള്ള ദര്‍ശനത്തിന്റെ പ്രബോധനവും പ്രഖ്യാപനവും ആയിരുന്നു. ഫറോവന്‍ സാമ്രാജ്യത്വ വ്യവസ്ഥയിലെ കോപ്റ്റിക് ദേശീയ മേധാവിത്വത്തെ അദ്ദേഹം തിരുത്തി. താന്‍ ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കപ്പെടേണ്ടവനും ഇസ്രാഈല്യര്‍ തന്റെ അടിമകളുമാണെന്ന ഫറോവയുടെ ധിക്കാരത്തെ ചോദ്യം ചെയ്തു.  ദൈവാനുസരണത്തിന്റെ സല്‍വഴി പ്രബോധിപ്പിച്ചു.

''ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. നാട്ടുകാരെ വിവിധ കക്ഷികളാക്കി. ഒരു വിഭാഗത്തെ പറ്റെ ദുര്‍ബലരാക്കി. ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി.അവന്‍ നാശകാരിയായിരുന്നു. എന്നാല്‍ ഭൂമിയിലെ മര്‍ദിതരോട് ഔദാര്യം കാണിക്കാന്‍ നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും; അവര്‍ക്ക് ഭൂമിയില്‍ അഭയം നല്‍കണമെന്നും....''(അല്‍ഖസ്വസ്വ് 4,5).

മര്‍ദക വ്യവസ്ഥയെ തിരുത്താനുള്ള ശ്രമത്തോടൊപ്പമായിരുന്നു മര്‍ദിത വിമോചനത്തിന്റെ ദൗത്യം മൂസ നിര്‍വഹിച്ചത്. കോപ്റ്റിക് വംശത്തിലെ ഫറവോന്റെ ഭാര്യയടക്കം മൂസയുടെ വിമോചന പോരാട്ടത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. മര്‍ദിതരുടെ വിമോചനം എന്ന ദൗത്യം ഏറ്റെടുക്കാതെയുള്ള ആദര്‍ശ പ്രബോധനം അക്ഷരങ്ങളുടെയും ശബ്ദങ്ങളുടെയും പ്രക്ഷേപണം മാത്രമാണ്. അതില്‍ പ്രക്ഷോഭത്തിന്റെ അഗ്നി അനിവാര്യമാണ്.

ഇന്ത്യയിലെ ദലിത് ജനവിഭാഗത്തെ മനുഷ്യരായി കാണാനും അവരെ പരിഗണിക്കാനും സഹോദരന്മാരായി ഉള്‍ക്കൊള്ളാനും മുസ്‌ലിംകള്‍ക്ക്, മുസ്‌ലിം കൂട്ടായ്മകള്‍ക്ക് സാധിക്കണം. മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം ഉയരാനുള്ളതല്ല ഖുര്‍ആനിലെ വിമോചന സൂക്തങ്ങളെന്നും, അത് മനുഷ്യര്‍ ആക്രമിക്കപ്പെടുന്നിടത്തെല്ലാം ഉയര്‍ന്ന് കേള്‍ക്കേണ്ടതാണെന്നും ഇനിയും അവര്‍ തിരിച്ചറിയാതിരിക്കരുത്. ഇന്ത്യയിലെ ഇസ്‌ലാം പ്രചാരണത്തിന്റെ ചരിത്രം വിവരിക്കുന്ന ദ ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്‌ലാം എന്ന എം.എന്‍ റോയിയുടെ കൃതിയില്‍, ഇവിടെയെത്തിയ മുസ്‌ലിം ഭരണാധികാരികള്‍, സൈനികര്‍, പണ്ഡിതന്മാര്‍, കീഴാളര്‍ക്കും അധഃസ്ഥിതര്‍ക്കും അഭയവും മോചനവും ഒരുക്കിക്കൊടുത്തതിന്റെ കഥ പറയുന്നുണ്ട്. ആ ചരിത്രത്തിന്റെ വീണ്ടെടുപ്പ് ഘട്ടമാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍