Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ മതിയാകൂ

സമദ് കുന്നക്കാവ്

ഫാഷിസം ഇന്ന് ഇന്ത്യന്‍ ജനതയുടെ നാവില്‍ ഇരിപ്പുറപ്പിച്ചൊരു വാക്യമാണ്. ഇന്ത്യയില്‍ ഫാഷിസമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍, അതിന്റെ അളവും തോതുമെത്ര എന്നതില്‍ മാത്രമാണ് സംശയം. ഫാഷിസം ഇന്ത്യയുടെ പടിവാതിലില്‍ മുട്ടിവിളി തുടങ്ങിയതേയുള്ളൂ എന്ന് സമാധാനപ്പെടുന്നവരുണ്ട്. അതല്ല, അതെപ്പോഴോ ഇന്ത്യന്‍ പൗരന്മാരുടെ അടുക്കള വരെ കൈയടക്കിയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഹിറ്റ്‌ലറുടെ നാസി ജര്‍മനിയും മുസോളനിയുടെ ഇറ്റാലിയന്‍ ഫാഷിസവും വെച്ച് ഇന്ത്യന്‍ ഫാഷിസത്തിന് തൂക്കമൊപ്പിക്കുന്നവരും നമുക്കിടയിലുണ്ട്. ആഗോള മൂലധന ശക്തികള്‍ക്കാവശ്യമായ കാലാവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്കനുയോജ്യനായ ഒരു ഫാഷിസ്റ്റ് ബിംബത്തെ അരിയിട്ട് വാഴിച്ചതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ ഫാഷിസത്തിന് കാരണമെന്നും ലളിതവല്‍ക്കരിക്കുന്നവരുണ്ട്. സംശയമില്ല, ഇതെല്ലാം ചേരുന്നൊരു സാമൂഹിക സാഹചര്യമാണ് ഫാഷിസം. മതേതരത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള നമ്മുടെ മുഴുവന്‍ സ്വപ്‌നങ്ങള്‍ക്കും മേല്‍ കാളിമ പടര്‍ത്തിക്കൊണ്ട് ഒരു ചിലന്തിയുടെ നിഴല്‍ കണക്കെ അത് വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ഫാഷിസം ഒരു ദുഃസ്വപ്‌നമായി ഇന്ത്യന്‍ പൗരസമൂഹത്തിന്റെ ഉറക്കം കെടുത്തുന്നു. ഭാവിയെക്കുറിച്ച ഒരുത്തരവും പരിണമിച്ചുവരാത്ത അസ്വസ്ഥജനകവും ഭയാനകവുമായ സാമൂഹികാന്തരീക്ഷം ഇവിടെ രൂപപ്പെട്ടിരിക്കുന്നു. അതൊരാചാരമായി, സംസ്‌കാരമായി, ഭരണ ക്രമമായി, ഭക്ഷണ ശീലമായി ഇന്ത്യയെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു.

ഫാഷിസം: ജനാധിപത്യത്തിന്റെ നിതാന്ത ശത്രു

ജനാധിപത്യത്തിന്റെ മൗലികമായൊരു സവിശേഷത അത് വിയോജിപ്പുകളെ അംഗീകരിക്കുന്നു എന്നതാണ്. യോജിക്കാനുള്ള അവകാശം ഏത് ഏകാധിപതിയും നമുക്ക് അനുവദിച്ച് തരുന്നതാണ്. എന്നാല്‍, വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. ഫാഷിസം എക്കാലവും വിയോജിപ്പുകളെ ഭയപ്പെട്ടിട്ടേയുള്ളൂ. കല്ലേപ്പിളര്‍ക്കും കല്‍പ്പനകള്‍ കഴുത്തുവെട്ടിയും നടപ്പാക്കിയ നാസി ജര്‍മനി മറുശബ്ദങ്ങളുടെ നാവരിയുന്ന ബീഭല്‍സ ദൃശ്യങ്ങളാല്‍ മുഖരിതമായിരുന്നു. നാസിസം തലക്കുകയറിയ സമൂഹം ഹിറ്റ്‌ലറുടെ പ്രതിരൂപമാര്‍ജിച്ച് ജര്‍മനിയില്‍ കൊലവിളി ഉയര്‍ത്തി. കുട്ടിക്കാലത്ത് പ്രേത കഥകളില്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍ ജര്‍മനിയില്‍ സ്ഥിരം കാഴ്ചയായി താന്‍ കണ്ടുകൊണ്ടിരിക്കുന്നു എന്ന് പ്രമുഖ ചിന്തകന്‍ വാള്‍ട്ടര്‍ ബഞ്ചമിന് പറയേണ്ടിവന്നു. എണ്ണമറ്റ എഴുത്തുകാരുടെയും സര്‍ഗാത്മക പ്രവര്‍ത്തകരുടെയും രചനകള്‍കൊണ്ട് അനുഗൃഹീതമായ ജര്‍മനിയില്‍ ആക്രോശങ്ങളും വംശീയ വേട്ടയും സാധാരണമായി. ജര്‍മന്‍ മിലിട്ടറിസവും നാസി ജനതയുടെ സൈനിക രൂപങ്ങളും വിമത സ്വരങ്ങളുടെ തലയടിച്ചു തകര്‍ത്ത് ബര്‍ലിന്‍ തെരുവുകളെയും കലാലയങ്ങളെയും അടക്കി ഭരിച്ചു. സ്പാനിഷ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ വെച്ച് നാസികളുടെ കൈകളില്‍ പെടുമെന്നായപ്പോള്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ തന്നെയും തന്റെ ജീവനൊടുക്കി. ഗോഡ്‌ഫ്രൈഡ്‌ബെന്‍, ഏണസ്റ്റ് യുങ്ങ്ഗര്‍ എന്നിവര്‍ സ്വന്തം ജീവന്‍ മുന്നില്‍ കണ്ട് നാസികളോടൊപ്പം ചേര്‍ന്നു. ബര്‍തോള്‍ഡ് ബ്രഹ്ത്, സുക്‌മേയര്‍, തോമസ് മന്‍, വെര്‍ഫെല്‍, എഫ്‌വാഗ്‌നര്‍, ഹെന്‍ട്രിച്ച് മാന്‍, ഹെര്‍മന്‍ ബ്രാഹ്, വില്യം റീഹ് എന്നിവര്‍ നാസി ജര്‍മനിക്ക് അസ്വീകാര്യരായതിനാല്‍ നാടുവിട്ടു. ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് ഭരണത്തിന് ശേഷം തനിക്ക് പുതിയ ജര്‍മന്‍ കൃതികളൊന്നും വായിക്കാന്‍ പറ്റിയിട്ടില്ലെന്ന ക്ലോസ്മാന്റെ വിലാപവും ‘ഓഷ്‌വിറ്റ്‌സിന് ശേഷം കവിതയില്ല’ എന്ന അഡോണെയുടെ തീര്‍പ്പുകല്‍പ്പിക്കലും ആ ഇരുണ്ട ദിനങ്ങളുടെ ഓര്‍മപ്പെടുത്തലുകളാണ്.

ഇറ്റലിയില്‍ മുസോളിനിയുടെ ഏകാധിപത്യ വാഴ്ചയും ഇതിന് സമാനമായിരുന്നു. അധികാരത്തിന്റെ തണലില്‍ മുസോളിനി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അങ്ങേയറ്റം വിധ്വംസകമായിരുന്നു. സാംസ്‌കാരിക വൈവിധ്യങ്ങളെയും അഭിപ്രായ ഭേദങ്ങളെയും തട്ടിനിരപ്പാക്കി സ്റ്റേറ്റിന്റെതായ അടക്കവും ക്രമവും കലാലയങ്ങളില്‍ ഇറ്റാലിയന്‍ ജനതയെ അദ്ദേഹം പരിശീലിപ്പിച്ചു. ഇറ്റലിയിലെ മുഴുവവന്‍ ജനങ്ങളും ഏകാത്മക സമൂഹമായിരിക്കണം എന്നതായിരുന്നു മുസോളിനിയുടെ അഭിപ്രായം. അതിന് വേണ്ടി സര്‍വകലാശാലകളെയും കലാലയങ്ങളെയും ഫാഷിസത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിലേക്കും സാംസ്‌കാരിക യുക്തിയിലേക്കും വലിച്ചടുപ്പിക്കാനാണ് മുസോളിനി ശ്രമിച്ചത്. 

ഇന്ത്യന്‍ ഫാഷിസത്തിന്റെ അസഹിഷ്ണുത

ഹിറ്റ്‌ലറുടെ നാസി ജര്‍മനിയില്‍ അരങ്ങേറിയ ഭീതിയുളവാക്കുന്നൊരു കഥയുണ്ട്. അക്കാലത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന നാസി ജയിലറോട് അവിടുത്തെ തടവുകാരനായ ജൂത സഹോദരന്‍ തന്നെ പുറത്തുവിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. സഹിക്കവയ്യാതെ ജയിലര്‍ അവസാനം ജൂതന്റെ മുമ്പാകെ ഒരു വാഗ്ദാനം നടത്തി. ''ഞാന്‍ നിന്നെ പുറത്തുവിടാം, പക്ഷേ, ഒരു വ്യവസ്ഥ. എന്റെ രണ്ടു കണ്ണില്‍ ഒരു കണ്ണ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മിതമാണ്. അതേതെന്ന് നിനക്ക് പറയാന്‍ കഴിയണം.'' ജൂതന്‍ ജയിലറുടെ രണ്ടു കണ്ണിലേക്കും സൂക്ഷിച്ചു നോക്കി. ശേഷം പറഞ്ഞു, താങ്കളുടെ ഇടത്തേ കണ്ണാണ് പ്ലാസ്റ്റിക്. ഉത്തരംകേട്ട ജയിലര്‍ വിസ്മയഭരിതനായി ചോദിച്ചു: ''ഇതെങ്ങനെയാണ് ഇത്രയെളുപ്പത്തില്‍ നിനക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞത്?'' അയാള്‍ മറുപടി നല്‍കി: ''താങ്കളുടെ ആ കണ്ണിലാണ് എന്നോടുള്ള അല്‍പമെങ്കിലും ദയ എനിക്ക് കാണാന്‍ കഴിയുന്നത്.'' 

ഫാഷിസം ഭരണകൂടമായി രൂപാന്തരം പ്രാപിച്ചാല്‍ പിന്നവിടെ ജൈവികമായ ഒരു കണികയും പ്രതീക്ഷിക്കുക സാധ്യമല്ല. മനുഷ്യോന്മുഖമായ ഒരു നന്മയും ആരും കിനാവുകാണേണ്ടതില്ല. വിയോജിപ്പിന്റെ മുഴുവന്‍ ശബ്ദങ്ങളെയും വിമതസ്വരങ്ങളുടെ മുഴുവന്‍ ആള്‍രൂപങ്ങളെയും ഒരു ബുള്‍ഡോസര്‍ കണക്കെ ഇടിച്ചു നിരപ്പാക്കുന്ന സമകാലിക ഇന്ത്യന്‍ ഫാഷിസത്തെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ഈ കഥക്ക് വലിയ സാമൂഹിക പ്രസക്തിയുണ്ട്. നരേന്ദ്ര മോദി അധികാരത്തിലേറി അതിന്റെ മധുവിധു നാളുകള്‍ മുതലേ തുടങ്ങിയതാണ് ഇന്ത്യയിലെ അസഹിഷ്ണുത. യു.ആര്‍ അനന്തമൂര്‍ത്തി, പ്രഫ. എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, മുഹമ്മദ് അഖ്‌ലാഖ്, കെ.എസ് ഭഗവാന്‍, പെരുമാള്‍ മുരുകന്‍, ടീസ്റ്റ സെറ്റില്‍വാദ്, സഞ്ജീവ് ഭട്ട്, സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ തുടങ്ങി ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എത്രയോ ആളുകള്‍ ഇതിന്റെ ഇരകളാണ്.

ഇന്ത്യന്‍ ഫാഷിസത്തിന്റെ നീരാളി കരങ്ങള്‍ 

ഇന്ത്യന്‍ ഫാഷിസത്തെക്കുറിച്ചുള്ള ചിലരുടെ അഭിപ്രായം അതിപ്പോഴും അപകടകരമാംവിധം ഇവിടെ വളര്‍ന്നുവന്നിട്ടില്ല എന്നാണ്. ഹിറ്റ്‌ലറെയും മുസോളനിയെയും ഫ്രാങ്കോവിനെയും സുഹാര്‍ത്തോയെയും സ്റ്റാലിനെയും ഫാഷിസത്തിന്റെ മൂര്‍ത്ത രൂപങ്ങളായി അവതരിപ്പിച്ച് അതിന്റെ പതിനാല് ലക്ഷണങ്ങളെയും ഒത്തുനോക്കാനാണ് അവരുടെ ശ്രമം. ഫാഷിസം തിരിച്ചറിയപ്പെടേണ്ടത് അടയാളങ്ങള്‍ കൊണ്ടല്ല, മറിച്ച് അനുഭവങ്ങള്‍ കൊണ്ടാണ്. ആ അനുഭവം നല്‍കുന്ന പാഠം മറ്റൊന്നുമല്ല. അത് ഇന്ത്യയെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ഫാഷിസമെന്നത് എല്ലാ രാജ്യങ്ങളിലും ഒരേ രീതിയില്‍ രൂപപ്പെടുന്ന ഒന്നല്ല. ജര്‍മനിയിലെയും ഇറ്റലിയിലെയും ചരിത്ര സന്ദര്‍ഭങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും സാമൂഹികവുമായ കാലഭേദങ്ങളുണ്ട്. എന്നാല്‍, അവക്കിടയില്‍ ചില സമാനതകളുമുണ്ട്. ഏകാധിപത്യം, അന്യമത വിദ്വേഷം, ബലപ്രയോഗം ഇവ മൂന്നും ഫാഷിസത്തില്‍ അന്തര്‍ലീനമാണ്. ഇവയാകട്ടെ ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് പ്രകടമാണുതാനും. സ്വതന്ത്രാഭിപ്രായങ്ങളെ മുളയിലേ നുള്ളുക എന്നത് ഫാഷിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ലക്ഷണമാണ്. അഭിപ്രായസ്വാതന്ത്ര്യം ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അവസരം നല്‍കുമെന്ന് ഏകാധിപതികള്‍ക്കറിയാം. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയില്‍ ഗസ്റ്റപ്പോകളാണ് നാസി പാര്‍ട്ടിക്കും ഹിറ്റ്‌ലര്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിരുന്നത്. നാസി പാര്‍ട്ടിക്കോ ഹിറ്റ്‌ലര്‍ക്കൊ എതിരെ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യത്തിനെതിരായ പ്രവൃത്തിയായി വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തി ജനങ്ങളെയൊന്നാകെ ഏകാധിപത്യത്തിനും ഫാഷിസത്തിനും വിധേയരായി നിലനിര്‍ത്താനാണ് അന്ന് ശ്രമം നടന്നത്. ഇതിന് സമാനമായ രൂപത്തില്‍ തന്നെയാണ് ഇന്ത്യയില്‍ ഫാഷിസം പ്രവര്‍ത്തിക്കുന്നത്. 

ഫാഷിസത്തിന്റെ പൊതു സ്വഭാവങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്ന പ്രവണതകളെല്ലാം മോദി ഭരണകൂടവും അതിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന സംഘടനകളും വെളിവാക്കി തുടങ്ങിയിരിക്കുന്നു. ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ശിവസേനയും പോലുള്ള വന്‍ സംഘടനകളും ശ്രീരാമസേന, ഹനുമാന്‍ സേന, സനാതന്‍ സന്‍സ്ഥ എന്നിങ്ങനെയുള്ള പ്രാദേശിക സംഘങ്ങളും ഒരേ ഭാഷയിലും ശരീരഘടനയിലും സംസാരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങളെല്ലാം ഒന്നൊന്നായി ആക്രമിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. എന്ത് ഭക്ഷിക്കണം, എങ്ങനെ ചിന്തിക്കണം, എങ്ങനെ എഴുതണം, ഏത് ഭാഷ ഉപയോഗിക്കണം, ഏത് മതത്തില്‍ വിശ്വസിക്കണം എന്നെല്ലാം മുകളില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച് പൗരന്മാര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ്. സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നൊന്നായി ഫാഷിസം പിടിച്ചടക്കുന്നു. ഐ.സി.എച്ച്.ആറില്‍ സുദര്‍ശന്‍ റാവുവും എഫ്.ടി.ഐ.എയില്‍ ഗജേന്ദ്ര ചൗഹാനും പോലുള്ള സംഘനുകൂലികളായ അനര്‍ഹര്‍ നിയമിതരാകുന്നു. എന്‍.ബി.ടിയില്‍ നിന്ന് സേതുവും നാഷണല്‍ മ്യൂസിയത്തില്‍ നിന്ന് വേണുവും ഐ.സി.എച്ച്.ആറില്‍ നിന്ന് റോമിലാ ഥാപ്പറും പോലുള്ള കഴിവുറ്റ ആളുകള്‍ പുറത്താക്കപ്പെടുന്നു. വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും തങ്ങള്‍ക്ക് ഗുണകരമാവുന്ന വിധത്തില്‍ വരുതിയില്‍ കൊണ്ടുവരാനാണ് സംഘ്പരിവാര്‍ ശ്രമം. അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിന്റെ അധിപനായി അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ തലവനായ സുദര്‍ശന റാവുവിനെയും പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മേധാവിയായി ഗജേന്ദ്ര ചൗഹാനെയും നിയമിക്കുന്നത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിളിനെ നിരോധിക്കാനുള്ള മദ്രാസ് ഐ.ഐ.ടി തീരുമാനവും മോദി സര്‍ക്കാറിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെയും സ്റ്റുഡന്റ് സര്‍ക്കിള്‍ വിമര്‍ശിച്ചുവെന്നും ഇത് വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണെന്നുമാരോപിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടി ഭരണസമിതി നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മദ്രാസ് ഐ.ഐ.ടിയില്‍ ഇടപെടാനുള്ള സംഘടനാപരമായ ശേഷി സംഘ്പരിവാറിനില്ലെങ്കിലും അധികാരമുപയോഗിച്ച് അവിടം ഇടപെടാന്‍ മോദി ഭരണകൂടത്തിന് സാധിച്ചിരിക്കുന്നു. അതിന് സഹായകമാകും വിധമുള്ള സാമൂഹികാന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് അധികൃതര്‍ ചെയ്തത്.

ചരിത്രത്തെ വര്‍ഗീയവത്കരിക്കുന്നു

ഇന്ത്യന്‍ ഫാഷിസം ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന മേഖലയാണ് ചരിത്രം. അതുകൊണ്ട് ഏറെ ഇടപെടല്‍ നടക്കുന്നതും അവിടെ തന്നെ. ഗാന്ധിജിയെ വധിച്ച ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള ശ്രമം ഒരുവശത്ത് നടക്കുന്നു. ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞും അവര്‍ക്ക് സഹകരണം വാഗ്ദാനം ചെയ്തും ജയിലില്‍ നിന്ന്  പുറത്തിറങ്ങിയ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കാനുള്ള ശ്രമം മറുവശത്ത് തകൃതിയായി നടക്കുന്നു. ആര്യന്മാരുടെ വരവ് മുതല്‍ സ്വാതന്ത്ര്യ സമരം വരെയുള്ള ചരിത്രവഴികളെ ഹിന്ദുവല്‍ക്കരിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുന്നു. ചരിത്രത്തെ അതിന്റെ ശാസ്ത്രീയ വഴിയില്‍ നിന്ന് അടര്‍ത്തിമാറ്റി ഇതിഹാസങ്ങളാലും ഐതിഹ്യങ്ങളാലും കുത്തിനിറക്കുകയാണ് സംഘ്പരിവാര്‍. ഭരണകൂട സഹായത്തോടു കൂടി ചരിത്ര സ്ഥാപനങ്ങളെ കൈയടക്കുകയും വര്‍ഗീയ വിഷം വമിക്കുന്ന ഗ്രന്ഥങ്ങള്‍ക്ക് പ്രചാരണം നല്‍കുകയും ചെയ്യുന്നു. പുറമെ, സവര്‍ണാനുകൂലമല്ലാത്ത ചരിത്ര ഗ്രന്ഥങ്ങള്‍ നിരോധിക്കാനുള്ള ശ്രമവും നടക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ചെയര്‍മാനായി നിയമിതനായിരിക്കുന്ന പ്രൊഫ.സുദര്‍ശന റാവു ആന്ധ്രയിലെ ആര്‍.എസ്.എസ് പാഠശാലയില്‍ വളര്‍ന്നയാളാണ്. രാമായണവും മഹാഭാരതവും അന്തിമ ചരിത്രമായി കാണുന്ന, വര്‍ണവ്യവസ്ഥയെ സാധൂകരിക്കുന്ന, സംഘ്പരിവാര്‍ കുടുംബത്തില്‍ പെട്ട അഖില ഭാരതീയ ഇതിഹാസ് യോജനയുടെ പ്രവര്‍ത്തകനാണ് അദ്ദേഹം. മഹാഭാരതത്തിലെ കൗരവരുടെ ജനനം അന്നേ സ്റ്റെംസെല്‍ റിസര്‍ച്ച് ഉണ്ടായിരുന്നുവെന്നതിന് തെളിവായി കണക്കാക്കുന്ന, ഗണപതിയുടെ തുമ്പിക്കൈ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റിന് ഉദാഹരണമാണെന്നു പറയുന്ന, ദിവ്യദൃഷ്ടി എന്ന സങ്കല്‍പം ടെലിവിഷന്റെ മുന്നാടിയാണെന്ന് പ്രസ്താവിക്കുന്ന അത്യന്തം പ്രതിലോമകാരിയാണിദ്ദേഹം. ഇത്തരം സാമന്തന്‍മാരെ കൂട്ടുപിടിച്ച് കെട്ടുകഥകളും ഐതിഹ്യങ്ങളും ശാസ്ത്രവും ചരിത്രവുമായി അവതരിപ്പിച്ച് ഇന്ത്യന്‍ പാഠ്യപദ്ധതിയാകെ വിഷമയമാക്കുകയാണ് സംഘ്പരിവാര്‍. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിചക്ഷണനായി കുപ്രസിദ്ധി നേടിയ ദീനനാഥ് ബാതയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ രംഗത്തെ ഈ കാവിവല്‍ക്കരണം. ജനിതക ശാസ്ത്രവും ക്ലോണിംഗും വൈമാനികശാസ്ത്രവും ടെലിവിഷന്‍ സാങ്കേതിക വിദ്യയും മോട്ടോര്‍ കാറും യൂറോപ്യന്മാരും അമേരിക്കക്കാരും കണ്ടുപിടിക്കുന്നതിന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഭാരതത്തിലുണ്ടായിരുന്നു എന്നാണ് ബാതയുടെ ‘'തേജോന്‍മയ ഭാരത്' എന്ന പുസ്തകത്തില്‍ പറയുന്നത്. ഗുജറാത്തിലെ 42000-ത്തോളം സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഒമ്പത് പാഠപുസ്തകങ്ങള്‍ ബാതയുടേതാണ്. ഈ പാഠ പുസ്തകങ്ങളെല്ലാം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 

ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ വിദ്യാഭാരതി സംഘ്പരിവാര്‍ നേരിട്ടു നടത്തുന്ന സ്ഥാപനമാണ്. 1946-ല്‍ കുരുക്ഷേത്രയില്‍ ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗീത സ്‌കൂള്‍ ഇന്ന് വളര്‍ന്ന് പന്തലിച്ച് അന്‍പതിനായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സംവിധാനമായി മാറിയിരിക്കുന്നു. വിദ്യാഭാരതിക്ക് കീഴില്‍ മാത്രം ഇന്ന് രാജ്യത്ത് 18000 സ്‌കൂളുകളുണ്ട്. 18 ലക്ഷം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുകയും 80,000 അധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഭാരതീയ അധ്യാപക പരിഷത്ത് എന്ന ഏജന്‍സിയില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയവരെയാണ് വിദ്യാഭാരതി സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കുന്നത്. ഇതിലൂടെ വിദ്യാഭ്യാസ മേഖലയാകെ ചരിത്രത്തിന്റെ പിന്തിരിപ്പന്‍ പാഠങ്ങള്‍ കൊണ്ട് നിറയ്ക്കാനാണ് സംഘ്പരിവാര്‍ ബുദ്ധിജീവികളുടെ ശ്രമം. നിഷ്പക്ഷ ചരിത്രത്തിന്റെ നിരാസവും വര്‍ഗീയ വിദ്വേഷത്തിന്റെ വിഷബീജങ്ങളും പാഠ്യപദ്ധതിയിലൂടെ ഇളം മനസ്സുകളില്‍ കുത്തിവെക്കുകയാണ് ഫാഷിസ്റ്റുകള്‍. 

രാമായണവും മഹാഭാരതവും ഭഗവത് ഗീതയുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നുകഴിഞ്ഞു. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ സാംസ്‌കാരിക മൂല്യങ്ങളുടെ പുനരുജ്ജീവനത്തിനാണ് ഈ ഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയില്‍ വരണമെന്ന് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ബി.ജെ.പി ഭരണമുള്ള സംസ്ഥാനങ്ങളില്‍ അവ പഠിപ്പിക്കപ്പെടുന്നുമുണ്ട്. രാമായണത്തിന്റെ 400 ല്‍പരം വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞ് ആര്‍.എസ്.എസ് സ്വപ്‌നം കാണുന്ന, വില്ലുകുലച്ച് സംഹാര രൂദ്രനായി നില്‍ക്കുന്ന ഒരൊറ്റ രാമനെ മാത്രമാണ് അവിടങ്ങളില്‍ പഠിപ്പിക്കപ്പെടുന്നത്. ഹിന്ദുരാഷ്ട്ര നിര്‍മിതിക്കാവശ്യമായ പ്രത്യയ ശാസ്ത്ര രൂപീകരണം നടത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുകയാണ് സംഘ്പരിവാര്‍. അത്തരം ശ്രമങ്ങള്‍ പൂര്‍വാധികം വികസിപ്പിക്കാന്‍ തന്നെയാണ് മോദി ഭരണകൂടത്തിന്റെ ശ്രമം. സംസ്‌കൃതം ഒന്നാം ഭാഷയാക്കാന്‍ നടത്തിയ നീക്കം, ഭഗവത്ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന കേന്ദ്രമന്ത്രി സുഷമസ്വരാജിന്റെ പ്രസ്താവന, രാജസ്ഥാന്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയ സൂര്യനമസ്‌കാരം. ഹരിയാന പാഠപുസ്തകങ്ങളില്‍ ഗീതാ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ദീനനാഥ് ബാതയുടെ നിര്‍ദേശം എന്നിവയെല്ലാം ഇതിന്റെ അപായ സുചനകളാണ്. 

വിശാല ഹിന്ദു ഐക്യമെന്ന പൊള്ളവാദം

ഇന്ത്യയിലെ സംഘ്പരിവാര്‍ ഫാഷിസത്തെ പലപ്പോഴും ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ മുതലായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറിയ ഫാഷിസത്തിന്റെ കരാള നാളുകളുമായി സമീകരിക്കാനാണ് നാം ശ്രമിക്കാറുള്ളത്. ജര്‍മനിയിലും ഇറ്റലിയിലും സംഭവിച്ചതൊക്കെയും ഇന്ത്യയിലും സംഭവിച്ചാലേ ഫാഷിസമാവൂ എന്നാണ് പലരുടെയും വെപ്പ്. ഹിറ്റ്‌ലറുടെ മെയിന്‍ കാംഫിനെക്കാള്‍ ഭീകരമായ നിരവധി ആശയങ്ങള്‍ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാരയിലുണ്ടെന്ന് ആരും മനസ്സിലാക്കുന്നില്ല. നാലായിരത്തിലേറെ സാമൂഹിക വിഭാഗങ്ങളും മുന്നൂറ്റി ഇരുപത്തിയഞ്ച് ഭാഷയും വ്യത്യസ്ത മതങ്ങളും തത്ത്വചിന്തകളും നിലനില്‍ക്കുന്ന ഒരു രാജ്യത്തെ വൈദികമായ സവര്‍ണ സംസ്‌കാരത്തിലേക്കും മനുസ്മൃതിയുടെ സംസ്‌കൃതമായ ഉള്ളടക്കത്തിലേക്കും വെട്ടിച്ചുരുക്കുന്നതില്‍ സംഘ്പരിവാര്‍ നേടിയ വിജയം ഏവരും കാണാതെ പോകുകയാണ്. 'ഗാന്ധീ, എനിക്കൊരു മാതൃരാജ്യമില്ലെ'ന്ന് അംബേദ്കര്‍ പറഞ്ഞതും നമ്മുടെ മനുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ പാവമാണെന്ന് സഹോദരന്‍ അയ്യപ്പന് പറയാന്‍ കഴിഞ്ഞതും ഈ അപകടം തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. ഇന്ത്യയെ വിഴുങ്ങിയ വര്‍ണാശ്രമ ധര്‍മത്തെ പുകച്ചു പുറത്തുചാടിക്കാന്‍ അംബേദ്കര്‍ മനുസ്മൃതിയെന്ന ബ്രാഹ്മണാധീശ ഗ്രന്ഥം കത്തിക്കുകയാണ് ചെയ്തത്. 

ഉപ്പില്ലാത്ത ഒരു കടല്‍ പുത്തനായുണ്ടാക്കാം എന്ന് വ്യാമോഹിക്കുന്നതുപോലെയാണ് ജാതിയില്ലാത്ത ഹിന്ദുമതം നിര്‍മിച്ചുകളയാമെന്ന് പലരും വ്യാമോഹിക്കുന്നതെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ എഴുതാന്‍ കഴിഞ്ഞ ക്രാന്തദര്‍ശിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍. മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്ന ജാതിയും ബ്രാഹ്മണ പൗരോഹിത്യവും ഒഴിവാക്കിയാല്‍ ബ്രാഹ്മണ മതത്തില്‍ പിന്നൊന്നും അവശേഷിക്കുകയില്ല എന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പഴക്കം കൊണ്ട് തന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങല സ്വന്തമാണെന്ന് ഒരടിമക്ക് തോന്നുന്നതുപോലെയാണ് അവര്‍ണര്‍ക്ക് ഹിന്ദുമതം തങ്ങളുടേതാണെന്ന് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം വിസ്മരിച്ച് നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെല്ലാം ഐക്യപ്പെടുന്നതിനെക്കുറിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ കിനാവുകാണുന്നത്. ഫാഷിസപ്പുറത്തേറി നാരായണ മന്ത്രം ചൊല്ലാമെന്ന് വ്യാമോഹിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ യഥാര്‍ഥത്തില്‍ ചരിത്രത്തിന്റെ അജ്ഞതയിലേക്കാണ് കൂപ്പുകുത്തുന്നത്. ആര്‍.എസ്.എസ് എന്ന ഫാഷിസ്റ്റ് സംഘടനയെക്കുറിച്ചോ അവരുടെ കൈവശമുള്ള മനുസ്മൃതി എന്ന ഗ്രന്ഥത്തെക്കുറിച്ചോ അദ്ദേഹം ഇപ്പോഴും ഒന്നും മനസ്സിലാക്കിയിട്ടില്ല. നാഴികക്ക് നാല്‍പത് വട്ടം അദ്ദേഹം ഉരുവിടുന്ന ഈഴവന്‍ എന്ന ജാതിയെക്കുറിച്ച് മനുസ്മൃതിയില്‍ പരാമര്‍ശിക്കുന്നുപോലുമില്ല. മനുസ്മൃതിയുടെ വക്താക്കള്‍ അവരെ മനുഷ്യരായി പരിഗണിക്കുന്നുപോലുമില്ല. ഇന്ത്യന്‍ ഭരണഘടനക്ക് പകരം മനുസ്മൃതി നടപ്പിലാക്കണമെന്ന് കരുതുന്ന സംഘ്പരിവാറിനെ കൂട്ടുപിടിച്ചുകൊണ്ട് സ്വന്തം ചരിത്രത്തെയും പാരമ്പര്യത്തെയും ഒറ്റുകൊടുക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍.

ദലിത് സമൂഹങ്ങളുടെ എക്കാലത്തെയും ശത്രു

ആര്‍.എസ്.എസ് എന്ന വിധ്വംസക സംഘടന മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായി രൂപപ്പെട്ടുവന്നതാണെന്നാണ് പലരും വിചാരിക്കുന്നത്. തങ്ങളുടെ ശാസനാധികാരങ്ങളില്‍ നിന്നും അധീശത്വങ്ങളില്‍ നിന്നും വിടുതല്‍ നേടി ഇതരമതങ്ങളിലേക്ക് ചേക്കേറിയിരുന്ന കീഴാള സമൂഹങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുന്നതിന് വേണ്ടി സവര്‍ണ സമൂഹങ്ങള്‍ രൂപപ്പെടുത്തിയെടുത്ത ഹിംസാത്മക സംഘടനയാണ് ആര്‍.എസ്.എസ്. ഇന്ത്യയുടെ ദേശീയ ചരിത്രമെന്നത് യഥാര്‍ഥത്തില്‍ സവര്‍ണ സമൂഹങ്ങളും ഇവിടുത്തെ കീഴാള സമൂഹങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രം കൂടിയാണ്. ഇന്ത്യയിലെ സവര്‍ണ സമൂഹങ്ങളോട് ഇടഞ്ഞുകൊണ്ട് സ്വന്തമായൊരു സാംസ്‌കാരിക പരിസരത്ത് ജീവിതം കരുപ്പിടിപ്പിക്കാനാണ് കീഴാള സമൂഹം എക്കാലവും ശ്രമിച്ചുപോന്നിട്ടുള്ളത്. എന്നാല്‍, സ്വാതന്ത്ര്യ സമര കാലത്ത് ഈ കീഴാള സമൂഹങ്ങളെ തങ്ങളിലേക്ക് കൂട്ടിപ്പിടിക്കാനും അവരോട് അയിത്തം പാലിക്കാതിരിക്കാനും സവര്‍ണ സമൂഹങ്ങള്‍ നിര്‍ബന്ധിതരായി. കാരണം, ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിയാണ് ഇന്ത്യക്കാരുടെ സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ തടസ്സമെന്നാണ് ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ജാതിയോടും അയിത്തത്തോടും കൃത്രിമമായ അകലം പാലിക്കാനും കൗശലപൂര്‍വം അതിനെ മറച്ചുപിടിക്കാനും സവര്‍ണ സമൂഹം ശ്രമിച്ചു. എന്നാല്‍, അവരുടെ ഈ ഗൂഢതന്ത്രം ഇന്ത്യയില്‍ വിലപ്പോയില്ല. കാരണം, പുറമേക്ക് ജാതി വിരുദ്ധരെന്ന് നടിച്ചിരുന്ന പലരും അകമേ അങ്ങേയറ്റം സവര്‍ണരായിരുന്നു എന്നത് കീഴാള സമൂഹങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ സവര്‍ണ സമൂഹങ്ങള്‍ക്ക് ബദലായി ദലിത് സംഘടനകള്‍ രൂപീകരിച്ച് തങ്ങളുടെ സാംസ്‌കാരികമായ അസ്തിത്വം കാത്തുസൂക്ഷിക്കുകയാണ് അവര്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലെ രൂപംകൊടുത്ത സത്യശോധക് സമാജം, പഞ്ചാബിലെ ആദി-ധര്‍മ പ്രസ്ഥാനം, ഉത്തര്‍പ്രദേശിലെ ആദി-ഹിന്ദു പ്രസ്ഥാനം, തമിഴ്‌നാട്ടിലെ ആദി-ദ്രാവിഡ പ്രസ്ഥാനം, ആന്ധ്രയിലെ ആദി-ആന്ധ്രാ പ്രസ്ഥാനം, കര്‍ണാടകയിലെ ആദി-കര്‍ണാടക പ്രസ്ഥാനം, ബംഗാളിലെ നാമശൂദ്ര പ്രസ്ഥാനം എന്നിവയെല്ലാം രൂപപ്പെടുന്നത് ഈ ചരിത്ര സന്ദര്‍ഭത്തിലാണ്. അതിന്റെ തന്നെ ഭാഗമായിക്കൊണ്ടാണ് കേരളത്തില്‍ ശ്രീനാരായണ-അയ്യങ്കാളി പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുന്നത്. ഇന്ത്യയിലെ ആദിമ നിവാസികളായ തങ്ങള്‍ക്ക് സ്വതന്ത്രവും വ്യതിരിക്തവുമായ മതപാരമ്പര്യങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഹൈന്ദവമായ മതത്തെ ഉയര്‍ത്തിക്കാട്ടുകയാണ് അവര്‍ ചെയ്തത്. ഈ കീഴാള സമൂഹങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ബ്രഹ്മ സമാജം, പ്രാര്‍ഥനാ സമാജം, ആര്യസമാജം, ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകള്‍ക്കെല്ലാം സവര്‍ണ സമൂഹം രൂപംകൊടുക്കുന്നത്. അവയൊന്നും ഇന്ത്യയിലെ അധഃസ്ഥിത മുന്നേറ്റങ്ങളെ ഫലപ്രദമായി നേരിടാന്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് കൂടുതല്‍ സുസംഘടിതമായ, പട്ടാള ചിട്ടയോടുകൂടിയ ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ഹെഡ്‌ഗേവറിനെ പ്രേരിപ്പിച്ചത്. ചരിത്രത്തിന്റെ ഈ യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ ആര്‍.എസ്.എസുമായി പുതിയ ബന്ധത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. നവോത്ഥാന ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രപാരമ്പര്യത്തെ കുടഞ്ഞെറിഞ്ഞുള്ള ഈ യാത്ര ജാതി ഹിന്ദുത്വത്തിന്റെ നരകത്തിലേക്കാണെന്ന കാര്യത്തില്‍ സംശയമില്ല.

സംഘ്പരിവാര്‍ കാലത്തും ജീവിതം സാധ്യമാണ്

ഇന്ത്യന്‍ ഫാഷിസമെന്നത് രാഷ്ട്രീയമായും വൈജ്ഞാനികമായും ന്യൂനപക്ഷമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തിലേറിയിട്ടുള്ള മോദി സര്‍ക്കാര്‍ ജനസംഖ്യയില്‍ 30 ശതമാനത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. എന്നാല്‍, അതൊരു അധീശ ന്യൂനപക്ഷമായി ഇന്ത്യയെ ഭീതിപ്പെടുത്തുകയാണ്. സവര്‍ണവും വൈദികവുമായൊരു സംസ്‌കാരത്തെ ഇന്ത്യയുടെ ദേശ സംസ്‌കാരമായി അടിച്ചേല്‍പ്പിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്‌തെടുക്കാനുമാണ് സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ശ്രമം. ഈ സവര്‍ണ ഫാഷിസത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും തകര്‍ക്കണമെങ്കില്‍ ബോധപൂര്‍വമായ ശ്രമം അനിവാര്യമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനാണ് ശ്രമം നടന്നതെങ്കില്‍ മോദി ഭരണകൂടം ജനാധിപത്യമുപയോഗിച്ച് ഭരണഘടനയെ തകര്‍ക്കുകയാണ്. ജനാധിപത്യത്തിന്റെ ആന്തരികമായൊരു വൈരുധ്യം ആ പദത്തില്‍ തന്നെ ഒരു ആധിപത്യം ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ്. അതിനാല്‍ ജനാധിപത്യത്തില്‍ ഫാഷിസത്തിന് ഒരു മുറി എപ്പോഴും ഒഴിഞ്ഞ് കിടപ്പുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വോട്ടെടുപ്പും അതിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടവും അവരുടെ ഭരണസംവിധാനങ്ങളും മാത്രമല്ല ജനാധിപത്യം. അഥവാ, ഭൂരിപക്ഷഹിതം മാത്രമല്ല ജനാധിപത്യം. അതാണ് ജനാധിപത്യമെന്ന് വിശ്വസിച്ചാല്‍ ജനാധിപത്യം ഫാഷിസമാകും. നൂറു കുടുംബങ്ങളുള്ള ഒരു ഗ്രാമത്തില്‍ പശു ഇറച്ചി കഴിച്ചു എന്ന പേരില്‍ ഒരാളെ തല്ലിക്കൊല്ലുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. വിശാലമായ അര്‍ഥത്തില്‍ ജനാധിപത്യമെന്നത് ഇതരമനുഷ്യരെക്കുറിച്ചുള്ള കരുതലും ഉള്‍ക്കൊള്ളലുമാണ്. 99 കുടുംബങ്ങളും ചേര്‍ന്ന് ഒരു കുടുംബത്തെ പരിഗണിക്കുമ്പോഴാണ് ജനാധിപത്യം ഉള്‍പ്പുളകമായി നമുക്കാസ്വദിക്കാനാവുക. ജനാധിപത്യത്തിന്റെ ഈ മനുഷ്യപ്പറ്റിനു മുകളിലാണ് സംഘ്പരിവാര്‍ കഴുകന്‍കൂട് കൂട്ടിയിരിക്കുന്നത്.  ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമുള്ള മൗലികമായ പാഠം നമ്മള്‍ അലസരാകുന്ന നിമിഷം അത് തട്ടിത്തെറിപ്പിക്കപ്പെടുമെന്നതാണ്. ജനാധിപത്യവും മതേതരത്വവും രൂപമെടുത്തത് ശൂന്യതയില്‍ നിന്നായിരുന്നില്ല. മറിച്ച്, നമ്മുടെ മുന്‍ഗാമികള്‍ നടത്തിയ പ്രോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയായിരുന്നു. മനുഷ്യന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച ശുഭാപ്തി വിശ്വാസം തന്നെയാണ് ഏതൊരു സമൂഹത്തിന്റെയും നിലനില്‍പ്പിനുള്ള കരുത്ത്. ശുഭാപ്തി വിശ്വാസമാണ് മനുഷ്യനെ മയക്കുന്ന ഏറ്റവും വലിയ കറുപ്പെന്ന ദാര്‍ശനികനായ മിലേന്‍ കുന്ദേരയുടെ പ്രശസ്തമായ ഫലിതം ആ അര്‍ഥത്തില്‍ വളരെ ശരിയാണ്. അതിനാല്‍ ശുഭാപ്തിവിശ്വാസക്കാരാവുക. സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിതം സാധ്യമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍