Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

നന്മകള്‍ കൊണ്ട് ജീവിതം നിറച്ച നേതാക്കള്‍

എം. ഐ അബ്ദുല്‍ അസീസ്

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രഗത്ഭരായ രണ്ട് നേതാക്കളാണ് വര്‍ഷാരംഭത്തില്‍ തന്നെ അല്ലാഹു തിരിച്ചു വിളിച്ചത്. ജനുവരി നാലിന് മരണപ്പെട്ട പെരിങ്ങാടിയിലെ കെ.എം അബ്ദുര്‍റഹീം സാഹിബും 18-ന് മരണപ്പെട്ട പി.കെ അബ്ദുര്‍റഹീം സാഹിബും. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.

കെ.എം അബ്ദുര്‍റഹീം സാഹിബിനെ പുതിയ തലമുറയിലെ മിക്കപേര്‍ക്കും അറിഞ്ഞുകൊള്ളണമെന്നില്ല. നല്ലൊരു കാലയളവ് കുവൈത്തില്‍ പ്രവാസ ജീവിതം നയിച്ച അദ്ദേഹം അവിടെ ഇസ്‌ലാമിക പ്രസ്ഥാനം (കെ.ഐ.ജി) സംഘടിപ്പിക്കുന്നതിലും വിവിധ മലയാളി സംഘടനകളെ ഏകോപിപ്പിക്കുന്നതിലും (യു.എം.ഒ) നേതൃപരമായ പങ്കു വഹിച്ചു. മരുഭൂമിയില്‍ ഉപജീവനത്തിനായി പെടാപാട് പെടുമ്പോഴും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കോ പ്രസ്ഥാനത്തെക്കുറിച്ച സ്വപ്നങ്ങള്‍ക്കോ അദ്ദേഹം അവധി കൊടുത്തില്ല. കുവൈത്തിലെ ഏതൊരു  മലയാളിക്കും അത്താണിയെന്നോണം ആശ്രയിക്കാവുന്നതായിരുന്നു അദ്ദേഹത്തിന്റെ ബുക്ക്സ്റ്റാള്‍. അതിലൂടെ അദ്ദേഹം തന്റെ ദീനീ, പ്രാസ്ഥാനിക ഉത്തരവാദിത്തങ്ങള്‍ സര്‍ഗാത്മകമായി നിര്‍വഹിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തു. 1950-കളില്‍ തന്നെ ലോക ഇസ്‌ലാമിക പണ്ഡിതന്മാരുമായും ആക്ടിവിസ്റ്റുകളുമായും ആത്മബന്ധം സ്ഥാപിക്കാന്‍ സാധിച്ചുവെന്നത് കെ.എം റഹീം സാഹിബിന്റെ പ്രത്യേകതയായിരുന്നു. കേരളത്തിലെ നിരവധി ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് റഹീം സാഹിബിന്റെ  ഈ അന്താരാഷ്ട്ര ബന്ധങ്ങള്‍ സഹായകമായിട്ടുണ്ട്. കുവൈത്തിലെ ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹ് പ്രസിഡന്റ് അലി അബ്ദുല്ല അല്‍ മുതവ്വ, മലയാളികള്‍ക്ക് സുപരിചിതനായ ശൈഖ് നാദിര്‍ അബ്ദുല്‍ അസീസ് നൂരി, സകാത്ത് ഹൗസിന്റെ മേധാവിയായിരുന്ന അബ്ദുല്‍ ഖാദിര്‍ അല്‍ അജീല്‍, മതകാര്യ വകുപ്പിലെ ആദില്‍ ഫലാഹ്, ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്ത് എന്നിവരുമായി അടുത്ത ബന്ധമായിരുന്നു  റഹീം സാഹിബിനുണ്ടായിരുന്നത്.

ചെറുപ്പത്തിലേയുള്ള പരന്ന വായനയും ചൊക്ലിയിലെ ഒ.കെ മൊയ്തു സാഹിബിനെപ്പോലുള്ളവരുമായുള്ള സമ്പര്‍ക്കവുമാണ് റഹീം സാഹിബിനെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വഴിയിലെത്തിച്ചത്. ശാന്തപുരം ഇസ്‌ലാമിയാ കോളജിലെ ആദ്യ തലമുറയെ മതവിജ്ഞാനീയങ്ങള്‍ക്കൊപ്പം സര്‍ഗാത്മക സാഹിത്യത്തിന്റെയും നിരൂപണ സാഹിത്യത്തിന്റെയും ഇംഗ്ലീഷ് സാഹിത്യത്തിന്റെയും വിശാല ലോകത്തേക്ക് ആനയിച്ചത് റഹീം സാഹിബായിരുന്നു. കൈയിലെ മൗദൂദി സാഹിത്യത്തിനും പ്രബോധനത്തിനുമപ്പുറത്ത് ഇതര ആനുകാലികങ്ങളും അദ്ദേഹത്തിന്റെ സഹചാരികളായിരുന്നു. മോക് പാര്‍ലമെന്റും  സാഹിത്യ സമാജവും കൃത്യതയോടെ സംഘടിപ്പിച്ച്  വിദ്യാര്‍ഥികളെ അദ്ദേഹം കേരളത്തിനു വേണ്ടി രൂപകല്‍പന ചെയ്തു. ശാന്തപുരത്തിന്റെ ഒന്നാം തലമുറയാണല്ലോ പിന്നീട്, കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ ഫ്രൈം ചെയ്തത്. ആഴത്തില്‍ തന്നെ ഇസ്‌ലാമിക പഠനം നടത്തണമെന്ന മോഹമായിരുന്നു ശാന്തപുരം ഇസ്‌ലാമിയാ കോളജില്‍ വിദ്യാര്‍ഥിയാക്കണമെന്ന ആഗ്രഹവുമായി റഹീം സാഹിബിനെ, ഹാജി സാഹിബിന്റെ അടുത്തെത്തിച്ചത്. ഹാജി സാഹിബ് അദ്ദേഹത്തെ ശാന്തപുരത്തെടുത്തു; വിദ്യാര്‍ഥിയായല്ല, അധ്യാപകനായി! കുട്ടികള്‍ക്ക് മലയാളവും ഇംഗ്ലീഷും സാമൂഹിക പാഠങ്ങളും പഠിപ്പിക്കുന്ന അധ്യാപകനായി!

നേതാക്കളെ വളര്‍ത്തിയെടുത്തപ്പോഴും അദ്ദേഹത്തില്‍ ഒരു നേതാവുണ്ടായിരുന്നു, സംഘാടകനുണ്ടായിരുന്നു. കുവൈത്തില്‍ സാമൂഹികമേഖലയില്‍ നേതൃപരമായ പങ്കുവഹിച്ചു. ഏറെക്കാലം ജമാഅത്തെ ഇസ്‌ലാമിയുടെ കേരള മജ്‌ലിസ് ശൂറാംഗവുമായിരുന്നു, മികച്ച പ്രഭാഷകനും. പ്രബോധനം പത്രാധിപ സമിതി അംഗമായിരുന്നിട്ടുണ്ട്. 1987-ല്‍ മാധ്യമം തുടങ്ങുന്നതിനു വേണ്ടി രൂപീകരിച്ച ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് അംഗമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും വലിയൊരു വിഭാഗം പ്രഗത്ഭരായ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ നന്മകളുടെ ഭാരം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും.

തൃശൂരിലെ പി.കെ റഹീം സാഹിബിന്റെ മുഖം മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് നന്നായറിയാം. ഇളം തലമുറക്ക് പക്ഷേ, പരിചയമുണ്ടായിക്കൊള്ളണമെന്നില്ല. തെരുവിലെ പ്രഭാഷണ വേദികളില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. എന്നാല്‍ തെരുവിന്റെ മക്കളെ അദ്ദേഹം സ്‌നേഹിച്ചു; അത്യഗാധമായി തന്നെ. അതിന്റെ നേര്‍സാക്ഷ്യമാണ് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന തണല്‍ സംരംഭങ്ങള്‍. ഇതൊട്ടും അതിശയോക്തിപരമല്ലെന്നറിയണമെങ്കില്‍ 'തണല്‍' കാണുക തന്നെ വേണം. അനാഥര്‍, അഗതികള്‍, വയോധികര്‍, ഭിന്നശേഷിയുള്ളവര്‍... അനേകം പേരാണ് ആ തണലില്‍ കഴിയുന്നത്. മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകം തന്നെയായിരുന്നു റഹീം സാഹിബ്. ജാതി, മത ഭേദങ്ങളൊന്നും അനാഥ-അഗതി സംരക്ഷണത്തിന് അതിര് നിര്‍ണയിച്ചില്ലെന്ന കാര്യം ശ്രദ്ധേയമാണ്. റഹീം സാഹിബിനെ തുറന്നനുഭവിക്കണമെങ്കില്‍ തണലിലെത്തണം. അന്തേവാസികള്‍ക്കെല്ലാം മൂത്താപ്പയും റഹീംക്കയുമാണദ്ദേഹം. വിവിധ തരക്കാരും പ്രായക്കാരുമായവരെ ഒരു കുടുംബം പോലെ അദ്ദേഹം കൊണ്ടു നടത്തി. കുഞ്ഞുങ്ങളോടൊപ്പം പാട്ട് പാടി, മുതിര്‍ന്നവരോട് സല്ലപിച്ചു, അവര്‍ക്കൊപ്പം സഹവസിച്ചു. 

നല്ലൊരു ഇസ്‌ലാമിക പ്രബോധകന്‍ കൂടിയായിരുന്നു പി.കെ റഹീം സാഹിബ്. ധാരാളം ഇതര മത നേതാക്കന്മാരുമായി അദ്ദേഹത്തിന് അടുത്ത സുഹൃദ് ബന്ധമുണ്ടായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനമേല്‍പ്പിക്കുന്ന ഏതു ദൗത്യവും ആര്‍ജവത്തോടെ, അത്യാവേശത്തോടെ, തികവോടെ നിര്‍വഹിക്കുന്നതില്‍ മാതൃകയാണദ്ദേഹം. ഏറെക്കാലം മാധ്യമം പ്രസാധകരായ ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്ന റഹീം സാഹിബ് മാധ്യമത്തിന്റെ കണക്കുകള്‍ കൃത്യപ്പെടുത്തിയെടുക്കുന്നതില്‍ അഹോരാത്രം അധ്വാനിച്ചു. പഠിച്ചത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആയിരുന്നെങ്കിലും ജോലി ഉപേക്ഷിച്ച് പ്രസ്ഥാനത്തിനു വേണ്ടി അദ്ദേഹം ഒരു മികച്ച അക്കൗണ്ടന്റായി മാറി. സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന, കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരശ്ശതം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്ന ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോയുടെ ഉത്തരവാദിത്തം ഏറെക്കാലം വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു.

ജീവകാരുണ്യമായിരുന്നു റഹീം സാഹിബില്‍ ആദ്യം ഉത്തേജിതമാവുന്ന വികാരം. കരള്‍ രോഗത്തിന് സഹായം ആവശ്യമുള്ള സഹപാഠിയെ കുറിച്ച് സുഹൃത്തെഴുതിയ കത്തിലെ വരികള്‍ റഹീം സാഹിബില്‍ പ്രതിപ്രവര്‍ത്തിച്ചതാണ് മാധ്യമം ഹെല്‍ത്ത് കെയര്‍  എന്ന മഹദ് സംരംഭമായി രൂപാന്തരം പ്രാപിച്ചത്. ആദ്യകാല പ്രവര്‍ത്തകരിലൊരാളെന്ന നിലക്ക് കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് റഹീം സാഹിബ് വഴികള്‍ പിന്നിട്ടത്. കോഴിക്കോട് മൂഴിക്കലില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന് ഏറെക്കാലം മാറിത്താമസിക്കേണ്ടിവന്നിരുന്നു. പൊതുബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും ഉത്സാഹിയായിരുന്നു. കേരളത്തില്‍ വ്യാപകമായിരുന്ന ഫ്രൈഡേ ക്ലബ്ബുകളുടെ തുടക്കക്കാരിലൊരാള്‍ അദ്ദേഹമായിരുന്നു. കണിശമായ ജീവിത ചിട്ടകളുള്ള വ്യക്തിത്വവുമായിരുന്നു അദ്ദേഹം. ജീവിതത്തിലെ പരസഹസ്രം സുകൃതങ്ങള്‍ റഹീം സാഹിബിന്റെ ഖബ്‌റിടത്തെ സൗരഭ്യപൂരിതമാക്കും.

കെ.എം റഹീം സാഹിബിന്റെയും പി.കെ റഹീം സാഹിബിന്റെയും പ്രധാന ജീവിത മാതൃകകളെ ഒറ്റവാക്കില്‍ ഇങ്ങനെ സംക്ഷേപിക്കാമെന്നു തോന്നുന്നു: ഔപചാരിക ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ചുറ്റുപാടുകളെ മുഴുവന്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ സാധ്യതകളായി മനസ്സിലാക്കുകയും അവയെ സര്‍ഗാത്മകമായി ആവിഷ്‌കരിക്കുകയും ചെയ്ത മഹത്തുക്കള്‍. അല്ലാഹു ഇരുവരെയും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. വിയോഗം കാരണം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കട്ടെ. അവരുടെ നല്ല മാതൃകകളെ ഏറ്റെടുക്കാനും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും നാഥന്‍ നമ്മെ തുണക്കട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍