Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

സൂര്യന് കുറുകെ പറക്കുന്ന കടല്‍ പക്ഷിയാകരുതോ

മെഹദ് മഖ്ബൂല്‍ /ലൈക് പേജ്

         പുഴുക്കളേ, നിങ്ങള്‍ക്ക് സ്വര്‍ഗമില്ലെന്ന് പറയുന്നുണ്ട് 'സെന്റ് ഫ്രാന്‍സിസ്' എന്ന നോവലില്‍ നിക്കോസ് കസാന്‍ദ്‌സാക്കിസ്. ശലഭമാവലാണ് ഓരോ പുഴുവിന്റെയും ദൗത്യം. ആ ദൗത്യം ചെയ്യാതെ പുഴുക്കള്‍ സ്വര്‍ഗ കവാടത്തില്‍ ചെന്ന് എത്ര മുട്ടിയിട്ടെന്താണ്..

നമ്മില്‍ ദൗത്യമില്ലാത്തവരായിട്ടാരെന്ന് നമ്മോട് ചോദിച്ചു കൊണ്ടിരുന്നു ഇന്ത്യന്‍ ശാസ്ത്ര ലോകത്തെ അതികായനും മുന്‍രാഷ്ട്രപതിയുമായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാം. സ്വന്തം ദൗത്യത്തെപ്പറ്റി നമ്മില്‍ മറവി കേറാതിരിക്കാന്‍, ചുണകെട്ടവരും ചുറുക്ക് കെട്ടവരുമായി നമ്മള്‍ ആകൃതിപ്പെടാതിരിക്കാന്‍ വളരെ യത്‌നിച്ച ആ മനുഷ്യന് എന്തോരം കിനാവുകളുണ്ടായിരുന്നു നമ്മെപ്പറ്റിയും.

'ഒരു കൂടുപോലുമില്ലാതെ തികച്ചും ഏകാകിയായി കടല്‍പ്പക്ഷി സൂര്യന് കുറുകെ പറക്കുന്നില്ലേ, മോനേ, നീ പറക്ക്..!' ഉപ്പ ജൈനുല്‍ ആബിദീന്‍ കുഞ്ഞു ആസാദിന് ഉല്‍സാഹം നല്‍കുകയാണ് (ഉറ്റ സുഹൃത്ത് ജലാലുദ്ദീന്‍ കലാമിനെ വിളിച്ചിരുന്ന പേരാണ് ആസാദ്). പഠിക്കാനായി അവനെ ദൂരേക്ക് പറഞ്ഞയക്കാന്‍ വിഷമം കാണിക്കുന്ന ഉമ്മ ആഷിയാമ്മയോട് ഉപ്പ പറഞ്ഞത് ഖലീല്‍ ജിബ്രാന്റെ വരികള്‍: ''നിന്റെ മക്കള്‍ നിന്റെ മക്കളല്ല. ജീവിതത്തിന്റെ, സ്വന്തം അഭിലാഷത്തിന്റെ മക്കളാണവര്‍. അവര്‍ നിന്നിലൂടെ വളരുന്നു, എന്നാല്‍ നിന്നില്‍ നിന്നല്ല. നിനക്ക് നിന്റെ സ്‌നേഹം അവര്‍ക്കായി നല്‍കാം; പക്ഷെ നിന്റെ ചിന്തകള്‍ നല്‍കല്ലേ, അവര്‍ക്ക് അവരുടേതായ ചിന്തകള്‍ കാണില്ലേ..''

കൊറ്റികളും കടല്‍ക്കാക്കകളും അകലെ ആകാശങ്ങളിലേക്ക് പറന്നുയരുന്നത് കണ്ട് അബ്ദുല്‍ കലാമും ആഗ്രഹിച്ചു: 'എനിക്കും വേണം ചിറകുകള്‍, അഗ്‌നിച്ചിറകുകള്‍..'

ഒരിക്കലും സ്വയം ചെറുതാണെന്നും നിസ്സഹായനാണെന്നും വിചാരം വെക്കരുതെന്ന് അബ്ദുല്‍കലാം. ആരും നിസ്സാരനല്ല എന്ന് തെളിയിക്കുന്നതിന് വേണ്ടി കലാം എന്ന ചെറിയ മനുഷ്യനിലൂടെ ദൈവം ചെയ്ത കാര്യങ്ങളായിരുന്നത്രെ ഈ റോക്കറ്റുകളും മിസൈലുകളുമെല്ലാം. 'ദിവ്യമായൊരു അഗ്നിജ്വാല ഹൃദയത്തില്‍ പേറിക്കൊണ്ട് നാമെല്ലാം ജനിക്കുന്നു.'

മിസൈല്‍ സാങ്കേതിക വിദ്യയും എയ്‌റോ ഡൈനാമിക്‌സും ജീവിത ശീലമാക്കിയ കലാമിന് ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴിയായിരുന്നു. മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റാനുള്ളതാണ് ശാസ്ത്രം എന്ന് കലാം വിശ്വസിച്ചില്ല.

അബ്ദുല്‍ കാലാം രാമേശ്വരം എലിമെന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം. അന്ന് ക്ലാസില്‍ വന്നത് പുതിയ അധ്യാപകന്‍. മുസ്‌ലിമാണെന്ന് തിരിച്ചറിയിക്കുന്ന തൊപ്പി ധരിച്ച കലാം മുന്‍നിരയില്‍ പൂണൂലിട്ട രാമനാഥ ശാസ്ത്രിയുടെ തൊട്ടടുത്താണ് പതിവായി ഇരിക്കാറ്. ഒരു ഹൈന്ദവ പുരോഹിതന്റെ മകന്‍ ഒരു മുസ്‌ലിം ബാലനോടൊപ്പം ഇരിക്കുന്നതുമായി പൊരുത്തപ്പെടാന്‍ പുതിയ അധ്യാപകന് കഴിഞ്ഞില്ല. കലാമിനോടദ്ദേഹം പിറകില്‍ പോയിരിക്കാന്‍ പറഞ്ഞു. രാമനാഥശാസ്ത്രിയുടെയും കലാമിന്റെയും മുഖം സങ്കടം കൊണ്ടു ചുവന്നു. കാലം പിന്നെയും വളരെ കറങ്ങി. കണ്ണില്‍ സങ്കടക്കടല്‍ പേറി പിറകില്‍ പോയിരിക്കേണ്ടിവന്ന കലാം രാജ്യത്തിന്റെ പ്രഥമ പൗരനായി സര്‍വരുടെയും മുന്നില്‍ തന്നെ വന്നു നിന്നു. അങ്ങനെ കാലത്തിനുമേല്‍ കാലെടുത്ത് വെച്ച അല്‍പം ചിലരില്‍ ഒരാളായി. 

തന്നെ പൊതിരെ തല്ലിയ ഗണിത ശാസ്ത്രാധ്യാപകനായ രാമകൃഷ്ണ അയ്യരോട് കലാം പക തീര്‍ത്തത് മാത്‌സില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയിട്ടായിരുന്നു. എത്ര സര്‍ഗാത്മകമായ പക വീട്ടല്‍! 

കലാമൊരിക്കല്‍ അദ്ദേഹത്തിന്റെ ഡയറിയില്‍ എഴുതിയ വരികള്‍ ഇങ്ങനെ: 
കാലമാകുന്ന മണല്‍പ്പരപ്പില്‍ 
നിങ്ങളുടെ കാല്‍പ്പാടുകള്‍ 
അവശേഷിപ്പിക്കണമെന്നുണ്ടോ 
എങ്കില്‍ വലിച്ചിഴക്കാതിരിക്കണം 
നിങ്ങളുടെ കാലുകള്‍..

ജീവിതത്തെ നേരിടേണ്ടതിന് പകരം നാമതിനെ അപഗ്രഥിച്ച് കാലം പോക്കുകയാണെന്ന് പറഞ്ഞു അബ്ദുല്‍ കലാം. 'പരാജയങ്ങളെ കീറിമുറിച്ച് പരിശോധിച്ചിട്ടെന്ത്. അവയെ കീഴ്‌പ്പെടുത്താനുള്ള അനുഭവം ആര്‍ജ്ജിക്കുന്നതിലാണ് കാര്യം.'

'പറവകളെയോര്‍ത്ത് നിങ്ങള്‍ മതിലുകള്‍ക്ക് മീതെ കുപ്പിച്ചില്ല് പാകല്ലേ..' ജന്തുജാലങ്ങളോടും അത്രമേല്‍ സ്‌നേഹം.

രാവേറെ വൈകിയും, നക്ഷത്രങ്ങള്‍ ഒളിമങ്ങിത്തുടങ്ങുന്ന പുലര്‍കാലങ്ങളിലുമായി അബ്ദുല്‍ കലാമുമായി സംസാരിച്ച് വളരെ സാഹസപ്പെട്ടാണ് 'അഗ്നിച്ചിറകുകള്‍' താന്‍ തയ്യാറാക്കിയതെന്ന് പറയുന്നുണ്ട് അരുണ്‍ തിവാരി. ദിവസവും പതിനെട്ട് മണിക്കൂര്‍ പണിയെടുക്കുന്ന കലാമില്‍ നിന്ന് അരിഷ്ടിച്ച് കിട്ടുന്ന നേരം കൊണ്ട് രൂപപ്പെടുത്തിയ ആ പുസ്തകം അവസാനിക്കുന്നത് ഹൃദയം തൊടുന്ന വരികള്‍ കൊണ്ടാണ്.

'ജീവിതമിനിയും മുന്നോട്ട് പോകും. എന്റെ കഥ-രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റില്‍ നൂറ് വര്‍ഷത്തിലേറെക്കാലം ജീവിച്ച് അവിടെ തന്നെ മൃതിയടഞ്ഞ ജൈനുല്‍ ആബിദീന്റെ മകന്റെ കഥ; തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാനപ്പത്രങ്ങള്‍ വിറ്റ് നടക്കുന്ന ഒരു ബാലന്റെ കഥ; ഐതിഹാസികനായ പ്രഫ. സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട ഒരു എഞ്ചിനീയറുടെ കഥ; ഈ കഥ എന്നോടൊപ്പം അവസാനിക്കും.

മഹത്തായ ഈ നാട്ടിലെ 
കിണറാണ് ഞാന്‍
വറ്റാത്ത ദിവ്യത്വം എന്നീന്നു കോരാന്‍
കോടാനുകോടി യുവതീയുവാക്കളെ തേടുന്ന കിണര്‍
കിണറ്റീന്നെടുത്ത ജലം പോലെ
പരത്തട്ടെ അവര്‍ എങ്ങും ദൈവകൃപ
ദൈവത്തിന്റെ കൃപക്ക് അവസാനമില്ല, അത് ശാശ്വതം.' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍