നിലവിളക്കിന്റെ മതവും മതേതരത്വവും
സവര്‍ണ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുക ആര്‍.എസ്.എസ് അജണ്ടയാണ്. അത് ഒരു നിലവിളക്ക് കൊളുത്തിയാല്‍ തീരുന്ന പ്രശ്‌നമല്ല. അത് മുസ്‌ലിം പണ്ഡിതന്മാര്‍ കരുതുന്നത് പോലെയുള്ള ഇസ്‌ലാമികം, അനിസ്‌ലാമികം എന്ന കര്‍മ ശാസ്ത്ര പ്രശ്‌നവുമല്ല.ന്യൂനപക്ഷ മുസ്‌ലിം, അധസ്ഥിത, ദലിത് വിഭാഗങ്ങളെ ഗോ പൂജയും സൂര്യ നമസ്‌ക്കാരവും ഭൂമി പൂജയും പുഷ്പാര്‍ച്ചനയും ചെയ്യിക്കുക, മൃതദേഹം ചിതയില്‍ ദഹിപ്പിക്കുക, അറബി പേരുകള്‍ക്ക് പകരം സംസ്‌കൃത പേരുകള്‍ സ്വീകരിപ്പിക്കുക, മദീനയിലും മക്കയിലും തീര്‍ഥാടനത്തിനു പോകുന്നതിനു പകരം ഭാരതത്തില്‍ തന്നെയുള്ള ഏതെങ്കിലും പുണ്യ സ്ഥലങ്ങള്‍ തെരഞ്ഞെടുപ്പിക്കുക, ഇങ്ങനെ ചെയ്യുന്നവരെ ദേശക്കൂറുള്ളവരായി കാണുക, അല്ലാത്തവരെ ദേശ ദ്രോഹികളായി കണ്ട് നിരന്തരം പ്രസ്താവന ഇറക്കുക. ഇതാണ് സംഘപരിവാര്‍ അജണ്ടകള്‍.
എല്ലാവര്‍ക്കും അവരവരുടെ വിശ്വാസം പുലര്‍ത്തിക്കൊണ്ട് മാത്രമല്ല മറ്റുള്ളവരുടെ വിശ്വാസം സ്വീകരിച്ചും ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ഒരു ഹിന്ദുവിന് സ്വന്തം വിശ്വാസം ശരിയല്ല ഇസ്‌ലാമാണ് ശരിയെന്നു തോന്നുന്നുവെങ്കില്‍ അത് സ്വീകരിക്കാം. ഒരു മുസ്‌ലിമിന് ഖുര്‍ആനിലല്ല സത്യം ഭഗവദ്ഗീതയിലാണ് എന്നാണു തോന്നുന്നതെങ്കില്‍ അത് അംഗീകരിക്കാം. ശ്രീ കൃഷ്ണനല്ല മുഹമ്മദ് നബിയാണ് ആധുനിക കാല ഘട്ടത്തിന് ആവശ്യം എന്ന് ഒരാള്‍ കരുതുന്നുവെങ്കില്‍ മുഹമ്മദ് നബിയെ മാതൃകയാക്കാം.
ഇനി അതൊന്നുമല്ല, സ്വന്തം വിശ്വാസം കൈവിടാതെ മറ്റു വിശ്വാസികള്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ എനിക്കുമാവാം എന്ന് ഒരാള്‍ക്ക് തോന്നുകയാണെങ്കില്‍ അതിനും അയാള്‍ക്ക് ഇന്ത്യയില്‍ വിലക്കില്ല. ഒരു ഹിന്ദു മുപ്പതു ദിവസം റമദാനില്‍ വ്രതമനുഷ്ഠിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം മാത്രമാണ്. ഒരു മുസ്‌ലിം സ്വന്തം വിശ്വാസപ്രകാരം നിലവിളക്ക് കൊളുത്തുന്നത് തെറ്റല്ലെന്ന് കരുതുന്നുവെങ്കില്‍ അതും ജനാധിപത്യ മതേതര ഇന്ത്യയില്‍ നിയമ വിരുദ്ധമല്ല. ഇതൊക്കെ വ്യക്തിസ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. എന്നാല്‍ ഒരു ഹിന്ദു മുപ്പതു ദിവസങ്ങള്‍ വ്രതമനുഷ്ഠിച്ചാലേ മതേതരത്വം പൂര്‍ണമാകൂ എന്ന് ഒരു മുസ്‌ലിം ശാഠ്യം പിടിച്ചു മറ്റുള്ളവരെ അതിനു നിര്‍ബന്ധിച്ചാല്‍ എന്തായിരിക്കും സ്ഥിതി? അതുപോലെ ഒരു മുസ്‌ലിം നിലവിളക്ക് കത്തിച്ചാല്‍ മാത്രമേ മത സൗഹാര്‍ദ്ദം പുലരുകയുള്ളൂ എന്ന് ഹൈന്ദവ സഹോദരര്‍ വാശിപിടിച്ചാലോ?
സ്വന്തം വിശ്വാസത്തില്‍ അടിയുറച്ചു നിന്ന് മറ്റു മതവിശ്വാസികള്‍ അവരുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന കര്‍മങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നത് തെറ്റാണോ ശരിയാണോ എന്ന് അതാതു വിശ്വാസിസമൂഹത്തിലെ പണ്ഡിതരും നേതാക്കളും അവരുടെ മത ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു സമൂഹത്തിലെ അജ്ഞരായ സാധാരണക്കാരെ ഉദ്ബുദ്ധരാക്കുന്നതും നിയമ വിരുദ്ധമോ മതാന്ധതയോ വര്‍ഗീയതയോ അല്ല. ഹിന്ദു മത ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു സന്യാസിക്കും, ബൈബിളിന്റെ വീക്ഷണത്തില്‍ പാതിരിക്കും, ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ ആലിമിനും അത് ചെയ്യാവുന്നതാണ്.
ഏതെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ ബഹളം വെക്കുന്നവര്‍ 'സംഘ'ത്തിന്റെ അജണ്ട മനസ്സിലാക്കേണ്ടതുണ്ട്. മത സൗഹാര്‍ദം നിലനില്‍ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും പ്രഥമവും പ്രധാനവുമായ ആവശ്യമായിരിക്കെ കാവിപ്പടക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ ആശയ പ്രചാരണം നടത്തുന്നവര്‍ കാര്യങ്ങള്‍ വ്യക്തമായി ഗ്രഹിച്ചിരിക്കണം.
പകല്‍-നട്ടുച്ചവെളിച്ചത്തില്‍-എന്തിനാണ് വിളക്ക് കത്തിക്കുന്നത് എന്നതിന് യുക്തിപരമായോ ശാസ്ത്രീയമായോ ഒരു ഉത്തരം കണ്ടെത്തുക സാധ്യമല്ല. ഏതു മതമായാലും അതിന്റെ എല്ലാ വിശ്വാസങ്ങളുടെയും യുക്തിയും ശാസ്ത്രവും വിശദീകരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ വിശ്വാസത്തിന്റെ പരിധിയില്‍ നിലവിളക്ക് കര്‍മം വരികയില്ലെങ്കില്‍ അതിന്റെ യുക്തി വിശദീകരിക്കപ്പെടേണ്ടതുണ്ട്. നിലവിളക്കില്‍ ഉപയോഗിക്കപ്പെടുന്ന നെയ്യ്, തിരി, ഓടു, തീ ഇവയോടൊന്നിനോടും ആര്‍ക്കും വിരോധമുണ്ടാകേണ്ട ആവശ്യമില്ല. എല്ലാവരും നെയ്യ് കഴിക്കുന്നു. തീ കൊണ്ട് പാകം ചെയ്യുന്നു. തുണി ഉപയോഗിക്കുന്നു. ഓടു കൊണ്ടുള്ള പാത്രങ്ങളും മറ്റുമുണ്ടാക്കുന്നു. എല്ലാ മേഖലയിലും പണ്ടത്തേതില്‍നിന്നു ഭിന്നമായി വെളിച്ചത്തിന് മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുമ്പോള്‍ എന്തിനു ചടങ്ങില്‍, വേദിയില്‍ മാത്രം അഗ്‌നി ഉപയോഗിക്കുന്നു? മുസ്‌ലിംകള്‍ വിശുദ്ധ ഭൂമിയായി കാണുന്ന മക്കയിലെ ആചാരമാണെങ്കിലും ഇസ്‌ലാമിക വിശ്വാസത്തിനും സംസ്‌കാരത്തിനും നിരക്കാത്തതാണെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം വര്‍ജ്യമാണ്. ഇസ്‌ലാമിക വിശ്വാസത്തിന് എതിരല്ലെങ്കില്‍ മുമ്പ് അഗ്‌നിയാരാധകരുടെ കേന്ദ്രമായ പേര്‍ഷ്യയുടെ ആചാരമാണെങ്കില്‍ പോലും സ്വീകാര്യവുമാണ്.
ഇനി അഗ്നിസാക്ഷിയാക്കിയുള്ള ചടങ്ങുകള്‍ക്ക് ഹൈന്ദവ ആചാര രീതികളില്‍ വല്ല പ്രാധാന്യവുമുണ്ടോ? ചതുര്‍ വേദങ്ങളില്‍ പ്രസിദ്ധമായ ഋഗ്വേദത്തില്‍ അഗ്നിക്ക് സ്തുതിയര്‍പ്പിക്കാന്‍ പഠിപ്പിക്കുന്നു. ''മധീധ്യദീം വിഷ്ടോ മാതരിശ്വാ ഹോതാരം വിശ്വപ്‌സും വിഷ്വദെവ്യമ്‌നി യമ ദധുര്‍മനുഷ്യാസു വിക്ശുസ്വര്‍ണ ചിത്രം!' - 'ഏതൊരു അഗ്നിയെയാണോ അന്തരീക്ഷവായു അരണികള്‍ക്കുള്ളില്‍ നിന്ന് കടഞ്ഞെടുത്തത് ആ അഗ്‌നിക്ക് ഞാന്‍ സ്തുതി അര്‍പ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന എനിക്കെതിരെ ശത്രു ഹസ്തങ്ങള്‍ ഉയരുകയില്ല'' (ഋഗ്വേദം: അധ്യായം 7, സൂക്തം 148, വര്‍ഗം 17).
തീ മാത്രം പോരാ. നെയ്യും അതില്‍ അലിയണം. ഋഗ്വേദം പഠിപ്പിക്കുന്നു. ''സമിദ്ധ്യാമാന പ്രഥമാനു ധര്‍മാ സമക്തുഭിരജ്യതേ വിശ്വവാര ശോചിഷ്ടകേശോ!' -'യജ്ഞത്താല്‍ അഗ്‌നികളില്‍ പടര്‍ന്നു ജ്വലിച്ചു യജമാനന്മാരാല്‍ വരണീയനായി ജ്വാലകള്‍ ഉയര്‍ത്തി നെയ്യില്‍ ലയിച്ചു ശുദ്ധീകരിച്ചു പാപങ്ങളെ കഴുകിക്കളഞ്ഞു ദേവന്മാരെ യജിക്കാനായി നെയ്യ് തുടങ്ങിയ സാമഗ്രികളോട് കൂടി അഗ്നി കാണപ്പെടുന്നു'' (ഋഗ്വേദം: അഷ്ടകം 3 അധ്യായം 1, സൂക്തം 17, വര്‍ഗം 17).
വേദിയില്‍ കിഴക്ക് ഭാഗത്ത് അഗ്‌നി സ്ഥാപിക്കണം. ഋഗ്വേദ മന്ത്രം ഇങ്ങനെ: ''ശ്വേത്രെണ യത്പി ത്രോരുമുച്യസേ പര്യാ ത്യാ പൂര്‍വ്വം അനയന്നാപുരം പുനത്യമാന്‍ഹെ വ്രിഷഭഹ!'- 'എപ്പോളാണോ അരണിയില്‍ നിന്നും അങ്ങ് പുറത്തു വന്നത് അപ്പോള്‍ വേദിക്ക് കിഴക്ക് ഭാഗത്തായി നിലയുറപ്പിച്ചു. പിന്നെ പടിഞ്ഞാറ് ഭാഗത്തും എത്തി. അങ്ങ് കാമ വര്‍ഷകനും യജമാനന് സര്‍വവിധ സമൃദ്ധിയും നല്‍കുന്നവനുമാണ്. അങ്ങേക്ക് ആഹുതി അര്‍പ്പിക്കുമ്പോള്‍ ആഹുതി ചെയ്യുന്നവനെ മാത്രമല്ല, അനുകൂലിക്കുന്നവനെയും അങ്ങ് പുഷ്ടിപ്പെടുത്തുന്നു'' (ഋഗ്വേദം: അഷ്ടകം 1, സൂ 31, വ 32).
അഗ്നി ആകാശ ഭൂമികളുടെ അധിപതി. ഋഗ്വേദം പരിചയപ്പെടുത്തുന്നു. ''വയാ ഇദഗ്‌നെ അഗ്‌നയസ്‌തെ അന്യേ വിശ്വേ അമൃതാ മാദയന്തെ വയശ്വാനര നാഭിരസി ക്ഷിതീനാം സ്ഥൂണേവ ജനാങ് ഉപമിദ്യ യന്ത!' - 'അല്ലയോ അഗ്‌നീ, മറ്റെല്ലാ അഗ്‌നികളും അങ്ങയുടെ ശാഖകളാകുന്നു. അങ്ങയിലാണ് അമരത്വമേറിയ എല്ലാ ദേവന്മാരും കുടികൊള്ളുന്നത്.എല്ലാവരിലും ജടരാഗ്‌നിയായി മാറിയിട്ടുള്ള അല്ലയോ അഗ്‌നീ അങ്ങ് മനുഷ്യര്‍ക്ക് അവ സ്ഥാപകനാകുന്നു. അങ്ങ് എല്ലാ ജനങ്ങളെയും താങ്ങി നിര്‍ത്തിയിരിക്കുകയാണ്. സ്വര്‍ഗത്തിന്റെ ശിരസ്സായ ഈ ഭൂമിയെ കാക്കുകയും ചെയ്യുന്നു. അങ്ങ് ആകാശ ഭൂമികള്‍ക്ക് അധിപതിയാണ്.'' (ഋഗ്വേദം: അഷ്ടകം 1, സൂ 59, വര്‍ഗം 25).
ലോകങ്ങളെ നിര്‍മിച്ചവനും മോക്ഷം നല്‍കുന്നവനും. ''പരിയോവിശ്വഭൂവനാനിപപ്രഥെദബ്‌ധോഗോപാഅമൃതസ്യരക്ഷിത!'- 'ലോകങ്ങളെ നിര്‍മിച്ചവനും നക്ഷത്രങ്ങളെ ഉണ്ടാക്കിയവനും ഭൂജാതങ്ങളെ പരത്തിയവനുമായ അഗ്‌നി എല്ലാറ്റിനും രക്ഷ നല്‍കിക്കൊണ്ട് നാശത്തെ ഇല്ലാതാക്കി മോക്ഷത്തെ പാലിക്കുന്നവനായി കഴിയുന്നു'' (ഋഗ്വേദം: മണ്ഡലം 6, സൂ 7, വ 9).
ഉപനിഷദ്ഗ്രന്ഥങ്ങളും അഗ്‌നിയെ പുകഴ്ത്തി പറയുന്നു. ഈശോവാസ്യോപനിഷത്തില്‍ അഗ്നി എല്ലാ കര്‍മങ്ങള്‍ക്കും സാക്ഷിയാണെന്നു പറയുന്നു. ''അഗ്നി ദേവന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് മഹനീയ മാര്‍ഗത്തിലൂടെ സഞ്ചരിച്ചു പരബ്രഹ്മത്തെ പരിചരിക്കാന്‍ അവസരം ലഭിക്കട്ടെ. അഗ്നി ഞങ്ങളുടെ എല്ലാ കര്‍മങ്ങള്‍ക്കും സാക്ഷിയാണ്. വല്ല തടസ്സവുമുണ്ടങ്കില്‍ അത് ഈ അഗ്‌നിയില്‍ ഒഴിഞ്ഞു പോകട്ടെ'' (ഈശോവാസ്യം മന്ത്രം 18).
ബ്രഹ്മത്തെ ദര്‍ശിച്ചതിനാല്‍ അഗ്‌നിക്ക് ശ്രേഷ്ഠതയുണ്ടായി. കേനോപനിഷത്തില്‍ പറയുന്നു. ''ബ്രഹ്മത്തെ സമീപിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് അഗ്‌നിക്കും വായുവിനും ഇന്ദ്രനും ശ്രേഷ്ഠതയുണ്ടായത്'' (കേനം ഘണ്ഡം 4 മന്ത്രം 2). അഗ്നി നചികേതസ് എന്ന പേരില്‍ പ്രസിദ്ധമാണ്. കഠോപനിഷത്തില്‍ ഇങ്ങനെ കാണാം. 'രണ്ടാമത്തെ വരതാല്‍ നചികെതസിനു ലഭിക്കുന്നത് സ്വര്‍ഗപ്രാപ്തി നല്‍കുന്ന അഗ്‌നിയാണെന്ന് യമരാജാവ് പറഞ്ഞു. അത് പിന്നെ നിന്റെ പേരിലാണ് അറിയപ്പെടുകയെന്നും'' (കഠോപനിഷത്ത്: വല്ലി 1 മന്ത്രം 20). ഇങ്ങനെ ധാരാളം സൂക്തങ്ങള്‍ അഗ്‌നിയെ കുറിച്ച് ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാം. എല്ലാ കര്‍മങ്ങള്‍ക്കും അഗ്‌നിയെ സാക്ഷിയാക്കുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. മുസ്‌ലിംകള്‍ അഗ്‌നിയെ ദൈവത്തിന്റെ സൃഷ്ടിയായി കാണുന്നു. ഋഗ്വേദത്തിലെ അഗ്‌നിയെ വിശേഷിപ്പിച്ച മുന്നൂറിലധികം മന്ത്രങ്ങള്‍ അവര്‍ ദൈവത്തിനു മാത്രം അവകാശപ്പെട്ടതായി വിശ്വസിക്കുന്നു.
Comments