Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

ബദ്‌റും സമകാലിക മുസ്‌ലിം സമൂഹവും

കെ. അബൂബക്കര്‍ പരവനടുക്കം

ബദ്‌റും സമകാലിക മുസ്‌ലിം സമൂഹവും

'ബദ്‌റും സമകാലിക മുസ്‌ലിം സമൂഹവും' എന്ന പി.പി അബ്ദുര്‍റസാഖിന്റെ ലേഖനത്തില്‍ (ലക്കം 290), മക്കക്കാര്‍ നേഗസ് രാജാവിന്റെ അടുക്കലേക്ക് അയച്ച ദൗത്യസംഘം അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ആണെന്ന് എഴുതിക്കണ്ടു. അത് ശരിയല്ല. അബ്ദുല്ലാഹിബ്‌നു അബീറബീഅ, അംറുബ്‌നുല്‍ ആസ്വ് എന്നിവരെയാണ് മക്കക്കാര്‍ അയച്ചത്. അവരുടെ കൂടെ അബൂസുഫ്‌യാന്റെ മകന്‍ മുആവിയയും മുഗീറത്തുബ്‌നുശുഅ്ബയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു (റഫറന്‍സ്: താരീഖുല്‍ ഇസ്‌ലാമിസ്സിയാസിയ്യി... ഡോ. ഹസന്‍ ഇബ്‌റാഹീം ഹസന്‍, വാള്യം 1, പേജ് 88,89, 1964).

ലേഖനം അവസാനിപ്പിക്കേണ്ടിയിരുന്നത് മുസ്‌ലിം ഉമ്മത്തിനെ ശിഥിലമാക്കിയവരെയും അതിന് കൂട്ടുനിന്നവരെയും പ്രതിചേര്‍ത്തുകൊണ്ടായിരുന്നില്ല. മറിച്ച് ഇസ്‌ലാമിക വ്യവസ്ഥിതിയുടെ പുനഃസ്ഥാപനത്തില്‍ താല്‍പര്യമില്ലാത്ത, മര്‍ദിത, പീഡിത മുസ്‌ലിം ജനതുടെ വിമോചനം ഒരു അജണ്ടയായി ഏറ്റെടുക്കാന്‍ തയാറില്ലാത്ത, വര്‍ഷാവര്‍ഷം ബദ്ര്‍ ദിനം ആഘോഷിക്കുന്നതില്‍ മാത്രം തല്‍പരരായ പണ്ഡിതകേസരികളെയും അവരുടെ അരാഷ്ട്രീയവത്കരണ യജ്ഞത്തെയും പ്രതിചേര്‍ത്തുകൊണ്ടാവാമായിരുന്നില്ലേ എന്ന് തോന്നിപ്പോയി.

കെ. അബൂബക്കര്‍ പരവനടുക്കം

ദഅ്‌വത്ത് മതസംഘടനകളില്‍

നിഷ്‌കപടമായി ചെയ്യുന്ന എല്ലാ ആരാധനകളും അല്ലാഹുവിങ്കല്‍ സ്വീകാര്യമാണ്, പ്രതിഫലാര്‍ഹമാണ്. കേരളത്തിലെ മത സംഘടനകളുടെ പ്രവര്‍ത്തന മുന്‍ഗണനകള്‍ പരിശോധിച്ചാലും പ്രവര്‍ത്തന ശൈലി വിലയിരുത്തിയാലും പലപ്പോഴും ശ്ലാഘനീയമല്ല കാര്യങ്ങള്‍. നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത ബിന്ദുവില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പല കാര്യങ്ങളും അന്യമായിപ്പോകുന്നു എന്നതും നാം തിരിച്ചറിയേണ്ടതാണ്.

ജീവിതമാണ് ഇസ്‌ലാം. ജീവിതത്തോട് ബന്ധപ്പെട്ടതാണ് ഇസ്‌ലാം. അത്തരം ഇസ്‌ലാമാണ് പ്രവാചകന്മാര്‍ പ ഠിപ്പിച്ചത്. സൗകര്യത്തിനും താല്‍പര്യങ്ങള്‍ക്കും വേണ്ടി ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെ, ദൈവിക നിര്‍ദേശങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഇത് അറിയാവുന്ന പണ്ഡിതന്മാരുണ്ട്. അറിയാത്ത സാധാരണക്കാരുമുണ്ട്. ഫലത്തില്‍ രണ്ട് കൂട്ടരും ഒരുപോലെ; അറിയുന്നവര്‍ ചെയ്യുന്നില്ല, അറിയാത്തവര്‍ അതിനെക്കുറിച്ച് ആലോചിക്കുന്നുമില്ല.

ദീന്‍ എന്നും ദുന്‍യാവ് എന്നും വേര്‍പ്പെടുത്തിയവര്‍ ദീനിന്റെ നിര്‍ദേശകനായ അല്ലാഹുവിന്റെ പകലും രാവും ഉപയോഗപ്പെടുത്തിയാണ്, ഭൗതിക കാര്യങ്ങള്‍ക്ക് വേണ്ടി പായുന്നത്. അല്ലാഹു നല്‍കിയ ശരീരവും ബുദ്ധിയും ഉപയോഗിച്ചുകൊണ്ട് അവന് വേണ്ടിയല്ലാതെ കര്‍മം ചെയ്യുക എന്നതാണ് ധിക്കാരം.

അബ്ദുര്‍റസാഖ് പുലാപ്പറ്റ

ആര്‍ദ്ര മാനസര്‍

'ഉത്തരേന്ത്യയിലെ നോമ്പുകാലങ്ങള്‍' വായിച്ചപ്പോള്‍ അതില്‍ പ്രവാചകകാലത്തെ ആര്‍ദ്ര മാനസരെ കണ്ടു. ഇപ്പോഴും ആ അതുല്യ മനുഷ്യ സ്‌നേഹികള്‍ക്ക് സമാനമാനസര്‍ ഉത്തരേന്ത്യന്‍ പട്ടിണിപ്പാവങ്ങളുടെ കൂട്ടത്തില്‍ ജീവിച്ചിരിപ്പുണ്ട്. സ്വയം പട്ടിണി വരിച്ചും സഹോദരന്റെ പശി മാറ്റിയവര്‍! പ്രകൃതിയുടെ പരാക്രമങ്ങള്‍ സ്വയം സഹിച്ച് തങ്ങള്‍ക്ക് ലഭിച്ച സൗകര്യം വിധവയായ സഹോദരിക്ക് നല്‍കിയവര്‍! മേനിയില്‍ ഈത്തപ്പനയോലപ്പാടുകളുമായി നിദ്ര വിട്ടുണര്‍ന്നിരുന്ന പ്രവാചകനും സഖാക്കളും ഓര്‍മയിലെത്തി.

അലവി വീരമംഗലം

അനുസ്മരണക്കുറിപ്പുകള്‍

ജീവചരിത്രത്തിലുള്ള താല്‍പര്യം കൊണ്ടാവും പ്രബോധനത്തിലെ അനുസ്മരണക്കുറിപ്പുകള്‍ ഒന്നും വിടാതെ വായിക്കാറുണ്ട്. അതില്‍ പലരും മഹത്തുക്കളാണ്. അത്തരം പ്രഗത്ഭരെ അവരുടെ ജീവിതകാലത്ത് പരിചയപ്പെടാന്‍ കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധവും ഉണ്ടാവാറുണ്ട്. ഇനിയെങ്കിലും നമ്മുടെ പരിസരത്തുള്ള അത്തരം പ്രഗത്ഭരെ അവര്‍ ജീവിച്ചിരിക്കെ തന്നെ പരിചയപ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ.

സി.കെ മുഹമ്മദ്, കരുവാരക്കുണ്ട്

വാട്‌സ് ആപ്പ് കാലത്തെ സോഷ്യല്‍ 
ആക്ടിവിസത്തില്‍ ജാഗ്രത വേണം

നുഷ്യന്റെ ആശയ വിനിമയോപാധികളില്‍ സങ്കല്‍പ്പിക്കാവുന്നതിലപ്പുറമുള്ള കുതിച്ചു ചാട്ടമാണ് സമീപകാലങ്ങളില്‍ ഉണ്ടായിരിക്കുന്നത്. അവന്റെ ശീലങ്ങളെ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്ന ഈ പുരോഗതി സമൂഹത്തിന് ഗുണം ചെയ്യുന്നതോടൊപ്പം, നിരവധി ആശങ്കകളും ഉയര്‍ത്തുന്നു. ഓര്‍ക്കുട്ടും ഫേസ്ബുക്കും പിന്നിട്ടു മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ വാട്‌സാപ്പില്‍ എത്തിയതോടെ നവ സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ ജനകീയമാവുകയും, ഇവ ഉപയോഗിക്കാത്ത കുടുംബങ്ങളേ ഇല്ലെന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ന്യൂ ജനറേഷന്‍ മാത്രമല്ല ഓള്‍ഡ് ജനറേഷനും നല്ലൊരു പങ്ക് സമയം ഇന്ന് ചെലവഴിക്കുന്നത് ഇവക്ക് മുന്നിലാണ്.

സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതോടെ സമൂഹത്തിലെ എല്ലാ ജീര്‍ണതകളും ഈ നവ സാമൂഹിക മാധ്യമങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ സമൂഹത്തില്‍ മറ്റുള്ളവരോട് മാന്യമായി ഇടപഴകുന്നവര്‍ പോലും ‘പിടുത്തം വിടുന്നത് നവ സാമൂഹിക മാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാതെയാണ് ബഹുഭൂരിപക്ഷവും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്.

തീര്‍ത്തും വര്‍ഗീയമായി മാത്രം ചിന്തിക്കുന്നവര്‍ ജാതി-മത ഭേദമന്യേ നമ്മടെ സൈബര്‍ ഇടങ്ങളില്‍ വളര്‍ന്നു വരുന്നുവെന്നത് സമാധാന കാംക്ഷികളെ അലോസരപ്പെടുത്തേണ്ടതാണ്. ഛിദ്രശക്തികള്‍ സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പാക്കുന്നതിനു നവസാമൂഹിക മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ നിരപരാധിയെ പിടികൂടി തല്ലിക്കൊല്ലാനും സാമുദായിക കലാപം അഴിച്ചുവിടാനും ഏതാനും മെസ്സേജുകള്‍ പടച്ചുവിട്ട് അത് പ്രചരിപ്പിച്ചാല്‍ കഴിയുമെന്ന് വന്നിരിക്കുന്നു. ഈയിടെ നടന്ന നിരവധി കലാപങ്ങളിലും, ആള്‍ക്കൂട്ടത്തിന്റെ 'നീതി' നടപ്പാക്കലിലുമെല്ലാം വാട്‌സ് ആപ്പ് പോലെയുള്ള നവ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് കാണാനാവും. ഈയിടെ ഒരു ഗള്‍ഫു രാജ്യത്ത് നടന്ന സംഭവം മറ്റൊരു ഉദാഹരണമാണ്. ഫേസ്ബുക്കില്‍ പ്രവാചകനെ പറ്റി അസഭ്യം പറഞ്ഞ ഭാഗങ്ങളുടെ സ്‌നാപ്പ് ഷോട്ട് എടുത്തു 'നമ്മുടെ പ്രവാചകനെ ഗള്‍ഫ് നാട്ടിലിരുന്ന് അവഹേളിക്കുന്ന ഇവനെ കൈകാര്യം ചെയ്യുക' എന്ന സന്ദേശം ആ വ്യക്തിയുടെ ചിത്രത്തോടൊപ്പം വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഒരു ഷോപ്പിംഗ് മാളില്‍ വെച്ച് 'പ്രവാചക സ്‌നേഹം’ തലയ്ക്കു പിടിച്ച' ഒരു കൂട്ടം മലയാളികള്‍ പ്രതിയെ പിടികൂടി കൈകാര്യം ചെയ്യുന്നേടത്തേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. 'അല്‍ഹംദുലില്ലാഹ് നമ്മുടെ പ്രിയപ്പെട്ട പ്രവാചകനെ അവഹേളിച്ചവന്റെ കൈയും കാലും തല്ലിയൊടിച്ചു'വെന്ന ശബ്ദ സന്ദേശത്തോടെ 'ശിക്ഷ നടപ്പാക്കലിന്റെ' ചിത്രങ്ങളും വീഡിയോകളും  വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സംഗതിയുടെ ഗൗരവം ബോധ്യപ്പെട്ട ഭരണകൂടം പ്രവാചകനെ അവഹേളിച്ച വ്യക്തിയോടൊപ്പം നിയമം കൈയിലെടുത്തവരെയും 'അകത്താക്കു'ന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ ചിലരുടെ 'പ്രവാചക സ്‌നേഹം' കാരണമായി. കാര്യങ്ങള്‍ അവിടെയും അവസാനിക്കുന്നില്ല. 'പാകിസ്താന്‍ തീവ്രവാദികളുടെ സഹായത്തോടെ ഗള്‍ഫില്‍ ഹിന്ദു സഹോദരനെ ആക്രമിച്ച മലയാളി തീവ്രവാദികളുടെ' ഫോട്ടോകള്‍ നാട്ടിലെ വിലാസമടക്കം സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പോസ്റ്റ് ചെയ്തതോടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.

അങ്ങനെയുള്ള ദൂഷ്യങ്ങള്‍ ഉണ്ടെങ്കിലും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ വാട്‌സ് ആപ്പ് പോലെയുള്ള സംവിധാനങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍  നിരവധിയാണ്. അറ്റുപോയ സൗഹൃദങ്ങളും ബന്ധങ്ങളും ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും വിളക്കിച്ചേര്‍ത്തു ദൃഢപ്പെടുത്താന്‍ ഇത് നമ്മെ സഹായിക്കുന്നു. പലതരം ഗ്രൂപ്പുകളുടെ വേലിയേറ്റം തന്നെ വാട്‌സ് ആപ്പില്‍ നമുക്ക് കാണാം. മറ്റുള്ളവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ പ്രശംസനീയമായ സേവനങ്ങള്‍ അര്‍പ്പിക്കുന്ന നിരവധി കൂട്ടായ്മകള്‍ ഇവയിലുണ്ട്. ആരും തിരിഞ്ഞു നോക്കാതിരിക്കുന്ന എത്രയോ പേര്‍ക്ക് ഇവയുടെ സഹായങ്ങള്‍ ലഭിക്കുന്നു. അത് പോലെ ഖുര്‍ആന്‍, ഹദീസ്, അറബി ഭാഷ, ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍  തുടങ്ങിയവ ലളിതമായി പഠിപ്പിക്കുന്ന വിവിധങ്ങളായ ഗ്രൂപ്പുകളുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി സാരോപദേശ കഥകളും അനുഭവങ്ങളും വാട്‌സ് ആപ് ലോകത്ത് കാണാം. വളരെ ശ്രദ്ധാപൂര്‍വം ഉപയോഗപ്പെടുത്തിയാല്‍ സന്മാര്‍ഗ പ്രചാരണത്തിനുള്ള അനന്ത സാധ്യതകളാണ് ഇവ തുറന്നിടുന്നത്. കിട്ടുന്നതെല്ലാം ആളെ നോക്കാതെയും  പൂര്‍ണ്ണമായി വായിക്കാതെയും വാരി വലിച്ചു ഷെയര്‍ ചെയ്യുന്ന രീതി തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതാണ്. ഗ്രൂപ് അഡ്മിന്‍മാരുടെ ഉത്തരവാദിത്തം ഇത്തരുണത്തില്‍ വളരെ വലുതാണ്. വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റുകളെ നിയന്ത്രിക്കാനും നിര്‍ത്തുന്നില്ലെങ്കില്‍ അത്തരക്കാരെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കാനും അഡ്മിനുകള്‍ക്ക് കഴിയണം.

നാസര്‍ ആലുവ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍