മതവും ഭരണവും ജനാധിപത്യവും
''പ്രവാചകന്‍ മതവും ഭരണവുമായി കൂട്ടിക്കുഴച്ചിട്ടില്ല. ഭരണവും മതവും ഒന്നാണെങ്കില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കാനും ഒഴിവാക്കാനുമുള്ള മതപരമായ മാര്‍ഗങ്ങള്‍ അദ്ദേഹം നിര്‍ദേശിക്കുമായിരുന്നു. ഇവിടെയിതാ-ഒന്നാം ഖലീഫ തെരഞ്ഞെടുപ്പു വഴി; രണ്ടാം ഖലീഫ നാമനിര്‍ദേശം വഴി; മൂന്നാം ഖലീഫ ഒരു വിദഗ്ധ സമിതിയുടെ ഏകാഭിപ്രായം വഴി; നാലാം ഖലീഫ ജനകീയ പ്രക്ഷോഭം വഴി- ഇതിലേതാണ് ഇസ്‌ലാമികം? ഏതാണ് അനിസ്‌ലാമികം?
മൂത്രമൊഴിക്കുന്നതിന്റെ ചിട്ടകള്‍ പോലും വിസ്തരിച്ച് പ്രതിപാദിക്കുന്ന ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളൊന്നും ഭരണാധികാരിയെ തീരുമാനിക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതിക്ക് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശവും മുന്നോട്ടു വെക്കുന്നില്ല. അത് ഇല്ലാതിരുന്നത് കൊണ്ട് തന്നെയാണ് നാലു ഖലീഫമാര്‍ നാല് മാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയത്. അഞ്ചാം ഖലീഫക്ക് മകനെ അനന്തരാവകാശിയായി പ്രഖ്യാപിച്ച് സ്വന്തം രാജവംശം സ്ഥാപിക്കാന്‍ സാധിച്ചതും.
എങ്കിലും ഇസ്‌ലാം ഒരു പ്രത്യയശാസ്ത്രമാണെന്ന് ഇസ്‌ലാമിസ്റ്റുകള്‍ പറയുന്നു; അതായത്, ആചാരാനുഷ്ഠാനങ്ങള്‍ നിര്‍ദേശിക്കുക മാത്രം ചെയ്യുന്ന ഒരു മതമല്ല, പിന്നെയോ? ഭരണസ്ഥാപനം മതത്തിന്റെ അവിഭാജ്യഘടകമാണ് എന്ന് കരുതുന്ന രാഷ്ട്രീയ പ്രസ്ഥാനമാണത്. മതം തന്നെയാണ് രാഷ്ട്രീയം; രാഷ്ട്രീയം തന്നെയാണ് മതം. മത നിയമങ്ങള്‍ രാഷ്ട്ര നിയമങ്ങളാക്കുന്ന 'ഇസ്‌ലാമിക രാഷ്ട്രം' സ്ഥാപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഓരോ വിശ്വാസിയുടെയും മതപരമായ ബാധ്യതയാണ്. ആ രാഷ്ട്രത്തിന്റെ ഭരണഘടന ഖുര്‍ആനാണ് എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ നിന്ന് പുറപ്പെട്ട് ഇഖ്‌വാനുല്‍ മുസ്‌ലിമൂനും (1928) അവിഭക്ത ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയും (1941) ഭിന്ന ദേശങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന അവയുടെ രൂപാന്തരങ്ങളും സിദ്ധാന്തിക്കുന്നത് ഈ ഒരൊറ്റ കാര്യമാണ്; ആധിപത്യം അല്ലാഹുവിനുള്ളതാണ്. ദൈവിക ഭരണം മാത്രമേ യഥാര്‍ഥ ഭരണം ആവുകയുള്ളൂ. ദൈവിക നിയമങ്ങളെ ആധാരമാക്കി മനുഷ്യന്‍ നടത്തുന്ന വ്യവസ്ഥയാണ് വരേണ്ടത്. ഇതാണ് 'ദൈവിക ജനാധിപത്യം' (തിയോ ഡെമോക്രസി).
അധികാരം ജനങ്ങള്‍ക്ക് എന്ന് നിഷ്‌കര്‍ഷിക്കുന്ന ജനാധിപത്യവും 'അധികാരം അല്ലാഹുവിന്' എന്ന് പറയുന്ന ദൈവികാധിപത്യവും നേര്‍ക്കുനേരെ എതിര്‍ നില്‍ക്കുന്നവയാണ്. ഏഴാം നൂറ്റാണ്ടിലെ ഖവാരിജുകളുടെ നിലപാടില്‍ നിന്നാണ് ഈ സിദ്ധാന്തം ഊര്‍ജം സംഭരിക്കുന്നത്. നാലാം ഖലീഫ അലിയെ വെട്ടിക്കൊല്ലുമ്പോള്‍ ഇബ്‌നു മുല്‍ജം ആക്രോശിക്കുകയുണ്ടായി; 'അല്‍ ഹുകുമു ലില്ലാഹ്' (ഭരണാധികാരം അല്ലാഹുവിനാണ്).''
മധ്യേഷ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളെ അനാവരണം ചെയ്ത ശേഷം എം.എന്‍ കാരശ്ശേരി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2015 ജൂണ്‍ 14) എഴുതിയ 'മതരാഷ്ട്ര വാദികളേ, ജനാധിപത്യമാണ് രക്ഷ' എന്ന ലേഖനത്തില്‍ എഴുതുന്നു. മറുപടി?
മതം, രാഷ്ട്രം, ഭരണം, ഖിലാഫത്ത് എന്നീ കാര്യങ്ങളെക്കുറിച്ച ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളും കാഴ്ചപ്പാടുകളും വസ്തുനിഷ്ഠമായി പഠിക്കാന്‍ ശ്രമിക്കാതെയോ, പഠിച്ചിട്ടും മനസ്സില്‍ വേരുറച്ച് പോയ മുന്‍വിധികളുടെ അടിസ്ഥാനത്തിലോ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ താറടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക ജീവിത ദൗത്യമായി തെരഞ്ഞെടുത്തിരിക്കുകയാണ് ലേഖകന്‍. ഇന്ത്യയില്‍ യഥാര്‍ഥ ഫാഷിസം അധികാരം പിടിക്കുകയും ഹിന്ദുത്വവത്കരണം അടിച്ചേല്‍പിക്കുകയും ചെയ്യുമ്പോഴും ഇവരുടെ മുഴുവന്‍ ശ്രദ്ധയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നതില്‍ കേന്ദ്രീകൃതമാണ്. അതിലൂടെ മാത്രമേ തങ്ങളുടെ സെക്യുലര്‍ ഇമേജ് കാത്തുസൂക്ഷിക്കാനാവൂ എന്നാവാം വിശ്വാസം.
പ്രവാചകന്മാരുടെ കണ്ണില്‍ മതവും രാഷ്ട്രവും ഉണ്ടായിരുന്നില്ല, മനുഷ്യജീവിതമേ ഉണ്ടായിരുന്നുള്ളൂ, ജീവിതത്തെ നേര്‍വഴിക്ക് നയിക്കാനാവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും അതിലുപരി അത് അനിഷേധ്യ ശാശ്വത സത്യമായ പരലോക ജീവിത വിജയത്തിനാവശ്യമായ മാര്‍ഗദര്‍ശനവും അവര്‍ നല്‍കി. ആത്മീയം വേറെ, ഭൗതികം വേറെ, രാഷ്ട്രം വേറെ, മതം വേറെ, സ്വകാര്യ ജീവിതം വേറെ, പൊതുജീവിതം വേറെ എന്ന് സിദ്ധാന്തിച്ച ഒരു പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. 'ഞങ്ങളുടെ സമ്പത്തില്‍ ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്തുകൂടെന്ന് നിന്നോട് കല്‍പിക്കുന്നത് നിന്റെ നമസ്‌കാരമാണോ' എന്ന് പ്രവാചകനായ ശുഐബിനോട് മദ്‌യന്‍ നിവാസികള്‍ ചോദിച്ചത് വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് വെറുതെയല്ല. ഈജിപ്തില്‍ ഫറോവമാരുടെ ആധിപത്യം മൂസാ(അ) തട്ടിയെടുക്കുമോ എന്നതായിരുന്നു അവരുടെ ഭീതി. ദാവൂദി(അ)നോട് ദൈവഹിതമനുസരിച്ച് നീതിപൂര്‍വമായ ഭരണം നടത്താനായിരുന്നു അല്ലാഹുവിന്റെ ഉത്തരവ്. ഈ സംഭവങ്ങളിലൊക്കെ മതവും രാഷ്ട്രീയവും എവിടെയാണ് വേര്‍പിരിയുന്നത്? മുഹമ്മദ് നബി(സ) ഇരുപത്തിമൂന്ന് സംവത്സരക്കാലത്തിനിടയില്‍ പള്ളിയുണ്ടാക്കാനും അതില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാനും റമദാനില്‍ ഉപവാസം അനുഷ്ഠിക്കാനും മാത്രമാണോ പഠിപ്പിച്ചത്? അതോ ധനസമ്പാദനങ്ങള്‍ക്ക് ധാര്‍മിക നിയന്ത്രണമേര്‍പ്പെടുത്താനും വിഹിത സമ്പാദ്യത്തില്‍ നിശ്ചിത ശതമാനം അഹോവൃത്തിക്ക് വകയില്ലാത്തവര്‍ക്ക് നല്‍കുവാനും നീതിമാനായ ഭരണാധികാരിയെ കൂടിയാലോചനകളിലൂടെ തെരഞ്ഞെടുക്കാനും ഭരണാധികാരി ദൈവഹിതവും ജനഹിതവും അനുസരിച്ച് ഭരിക്കാനും കുറ്റകൃത്യങ്ങള്‍ക്ക് മതിയായ ശിക്ഷ നല്‍കാനും ഇടപാടുകള്‍ സത്യസന്ധമായിരിക്കാനും വിവാഹ ബന്ധങ്ങള്‍ പരസ്പര സ്‌നേഹത്തിലധിഷ്ഠിതമാക്കാനും ഇണയോട് സൗമ്യമായി പെരുമാറാനും ബന്ധം വേര്‍പ്പെടുത്തേണ്ടി വന്നാല്‍ ജീവിത പങ്കാളിയെ തൃപ്തികരമായ പ്രായശ്ചിത്തത്തോടെ പിരിച്ചയക്കാനും മക്കളുടെ സംരക്ഷണ ബാധ്യത ഏറ്റെടുക്കാനും അവരെ വഴിയാധാരമാക്കാതിരിക്കാനും ഇതര ജനവിഭാഗങ്ങളോട് സമാധാനപരമായി വര്‍ത്തിക്കാനും ആരുടെയും അവകാശങ്ങള്‍ കടുകിട ലംഘിക്കാതിരിക്കാനും മറ്റും പ്രവാചകന്‍ പഠിപ്പിച്ചു തന്നതും ചെയ്തു കാണിച്ചതും മതം മാത്രം നേരെയാവാനും രാഷ്ട്രം വേറെ വഴിക്ക് പോവാനും ആയിരുന്നോ? പിന്നെയെങ്ങനെ കുത്തഴിഞ്ഞ ഗോത്ര വ്യവസ്ഥ മാത്രം പരിചിതമായ ഒരു സമൂഹത്തിന് ഒരേ ഭരണാധികാരിയുടെ കീഴില്‍ കൃത്യവും കണിശവുമായ വ്യവസ്ഥാപിത ജീവിതം നയിക്കാന്‍ കഴിഞ്ഞു? അക്കാലത്തെ സാമ്രാജ്യങ്ങളായ പേര്‍ഷ്യയെയും റോമിനെയും മുട്ടുകുത്തിക്കാനും അവരുടെ കോളനികളെ മോചിപ്പിക്കാനും സാധിച്ചു? സമകാലിക സംഘടിത മതങ്ങളായ ജൂതായിസവും ക്രിസ്ത്യാനിറ്റിയും അസംഘടിതമായ വിഗ്രഹാരാധന മതവും ഇസ്‌ലാമിന്റെ മുമ്പില്‍ അടിയറ പറഞ്ഞതെന്ത് കൊണ്ട്?
ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ ഒരു പ്രത്യേക രീതി പ്രവാചകന്‍ പഠിപ്പിച്ചില്ല എന്നതാണ് വിമര്‍ശകര്‍ കാണുന്ന മഹാവീഴ്ച. വാസ്തവത്തില്‍ ഇസ്‌ലാമിന്റെ അങ്ങേയറ്റത്തെ വിശാല വീക്ഷണവും ദീര്‍ഘദൃഷ്ടിയും പ്രായോഗികതയും പ്രതിഫിലിപ്പിക്കുന്നതാണ് അക്കാര്യത്തില്‍ പ്രവാചക മാതൃക. സത്യവിശ്വാസികള്‍ ഏത് സാമൂഹിക കാര്യത്തിലും കൂടിയാലോചനാ രീതി സ്വീകരിക്കണമെന്നത് ഖുര്‍ആന്റെ അലംഘനീയ വ്യവസ്ഥയാണ്. ഭരണാധികാരിയുടെ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ഭരണനിര്‍വഹണത്തിലും നിര്‍ബന്ധമായും പാലിക്കേണ്ട വ്യവസ്ഥയാണ് ശൂറ. തെരഞ്ഞെടുക്കപ്പെടുന്നയാളാകട്ടെ ദൈവ ശാസനകള്‍ പ്രത്യക്ഷരം പാലിക്കുന്നവനും സ്ഥാനം മോഹിക്കാത്തവനും ആയിരിക്കണം. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവന്റെ വംശമോ വര്‍ണമോ കുലമഹിമയോ ഒന്നും പരിഗണനീയമല്ല; കാപ്പിരിയായാലും കൊള്ളാം; ജനങ്ങള്‍ അദ്ദേഹത്തെ അനുസരിച്ചേ മതിയാവൂ. ദൈവ ഹിതത്തിനെതിരായി അയാള്‍ നീങ്ങുന്നുവെങ്കില്‍ അയാളെ അനുസരിക്കേണ്ടതുമില്ല. പൊതു ഖജനാവില്‍ നിന്ന് ചില്ലിക്കാശ് ദുര്‍വിനിയോഗം ചെയ്യാന്‍ ഭരണാധികാരിക്ക് പാടില്ല. ചെയ്താല്‍ പൗരന്മാരില്‍ ഏതൊരാള്‍ക്കും അത് ചോദ്യം ചെയ്യാം; തിരുത്തിക്കാം. ഇതെല്ലാം പഠിപ്പിച്ച പ്രവാചകന്‍ തന്റെ കുടുംബത്തില്‍ നിന്നോ പുറത്ത് നിന്നോ ഒരാളുടെയും തന്റെ പിന്‍ഗാമിയായി നാമനിര്‍ദേശം ചെയ്തില്ല. ചെയ്തിരുന്നെങ്കില്‍ അനുചരന്മാര്‍ ചോദ്യം ചെയ്യാന്‍ പോലും മുതിരാതെ അംഗീകരിക്കുമായിരുന്നുവെന്ന് തീര്‍ച്ച. അന്നത്തെ പരിതസ്ഥിതിയില്‍-ഇന്നത്തെയും-അത് മോശമായ കാര്യമായി വിലയിരുത്തപ്പെടുമായിരുന്നില്ല. എന്നിട്ടും നബി തിരുമേനി അത് ബോധപൂര്‍വം വേണ്ടെന്ന് വെച്ചത് ജനഹിതത്തിനും ജനതീരുമാനത്തിനും മുന്തിയ പ്രാധാന്യം കല്‍പിച്ചത് കൊണ്ടാവാനേ വഴിയുള്ളൂ. ഒരു പ്രത്യേക തെരഞ്ഞെടുപ്പ് രീതി അദ്ദേഹം നിര്‍ദേശിച്ചിരുന്നെങ്കില്‍ നാഗരികതയുടെ ഭാവി വികാസത്തിനൊത്ത് മാറ്റങ്ങള്‍ സാധ്യമാവുമായിരുന്നില്ല. ജനഹിതം ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന രീതി കാലോചിതമായി തീരുമാനിക്കപ്പെടേണ്ടതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജനാധിപത്യ വ്യവസ്ഥകളില്‍ തന്നെ പല നാടുകളില്‍ പല രീതികള്‍ നാം കാണുന്നു. ജനഹിതം ഏറ്റവും ഫലപ്രദമായി പ്രതിഫലിക്കുക എന്നതാണ് പ്രധാനം.
ഒന്നാം ഖലീഫ അബൂബക്‌റിനെ പൗരപ്രമുഖര്‍ കൂടി നാമനിര്‍ദേശം ചെയ്തപ്പോഴും ജനങ്ങളില്‍ നിന്ന് ബൈഅത്ത് സ്വീകരിക്കുക എന്ന ഉപാധി പ്രധാനമായിരുന്നു. ഇന്നത്തെ വോട്ടിംഗിന് പകരമാണ് അന്നത്തെ ബൈഅത്ത്. തന്റെ പിന്‍ഗാമിയെ അബൂബക്കര്‍ നാമനിര്‍ദേശം ചെയ്തപ്പോള്‍ സദസ്സില്‍ ഹാജരുള്ളവരാരും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയില്ല. ഉമറാകട്ടെ ആദ്യം ചെയ്തത് ജനങ്ങളുടെ ബൈഅത്ത് സ്വീകരിക്കുകയായിരുന്നു. ഉമര്‍ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ആറംഗസമിതിയെ നിയോഗിച്ചപ്പോള്‍ തനിക്ക് ഖിലാഫത്ത് പദവിയില്‍ താല്പര്യമില്ലെന്ന് പറഞ്ഞ അബ്ദുറഹ്മാനുബ്‌നു ഔഫിനെയാണ് അതിന്റെ കണ്‍വീനറാക്കിയത്. ഏകകണ്ഠമായോ ഭൂരിപക്ഷാഭിപ്രായ പ്രകാരമോ വോട്ട് തുല്യമായി വന്നാല്‍ സമിതിയധ്യക്ഷന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ചോ ഖലീഫയെ കണ്ടെത്താന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. എത്ര ജനാധിപത്യപരമായ രീതി! ഇബ്‌നു ഔഫാകട്ടെ മദീനയില്‍ മൂന്നു ദിവസം തുടര്‍ച്ചയായി ചുറ്റിക്കറങ്ങി ജനഹിതം ആരാഞ്ഞ ശേഷമാണ് അന്തിമ തീരുമാനമെടുത്തതും ഉസ്മാന്‍ (റ) ഖലീഫയായി അവരോധിതനാവുന്നതും. നാലാം ഖലീഫ അലിയുടെ സ്ഥാനാരോഹണം ജനകീയപ്രക്ഷോഭം വഴി എന്ന പരാമര്‍ശം അടിസ്ഥാന രഹിതമാണ്. അലിയുടെ പേര്‍ മാത്രമേ ഖലീഫയായി നിര്‍ദേശിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ ഉസ്മാന്റെ ഘാതകരെ പിടികൂടി ശിക്ഷിച്ചിട്ടുവേണം ഖലീഫയെ തെരഞ്ഞെടുക്കാനെന്ന അഭിപ്രായമായിരുന്നു നബിയുടെ പത്‌നി ആഇശക്കും മറ്റും. ഒരു ഭരണാധികാരി വാഴിക്കപ്പെടാതെ ആര്‍ അത്തരം നടപടികളെടുക്കും എന്നാണ് അലിയും അദ്ദേഹത്തിന്റെ പക്ഷവും ചോദിച്ചത്. അതേ തുടര്‍ന്നുണ്ടായ യുദ്ധത്തിനു ശേഷം സ്ഥിതിഗതികള്‍ ശാന്തമായി. അലി ഖലീഫയായി അംഗീകരിക്കപ്പെടുകയും ചെയ്തു. വീണ്ടും കുഴപ്പങ്ങളും ഛിദ്രതയും പൊട്ടിപ്പുറപ്പെട്ടുവെന്നത് ശരിയാണ്. മനുഷ്യര്‍ക്ക് വിശേഷബുദ്ധിയുള്ളിടത്തോളം കാലം ഭിന്നതകളുണ്ടാവും, ചിലപ്പോള്‍ സംഘട്ടനങ്ങളിലും യുദ്ധങ്ങളിലും കലാശിച്ചെന്നും വരും. വിശുദ്ധ ഖുര്‍ആന്‍ തന്നെ ചൂണ്ടിക്കാണിച്ച കാര്യമാണത് (49: 9). വിവേകം വീണ്ടെടുത്ത് അനുരഞ്ജനം സ്ഥാപിക്കുകയാണ് പരിഹാരം. എല്ലാറ്റിനും പ്രതിവിധിയായി എം.എന്‍. കാരശ്ശേരി നിര്‍ദേശിക്കുന്ന ജനാധിപത്യമുണ്ടല്ലോ, എവിടെയാണ് പ്രശ്‌നരഹിതമായ ജനാധിപത്യം നില നിന്നത്, നിലനില്‍ക്കുന്നത്? മനുഷ്യാവകാശ ലംഘനങ്ങള്‍ പോലും നടക്കുന്നില്ലേ ആധുനിക ജനാധിപത്യങ്ങളില്‍? അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലുമൊക്കെ വര്‍ണ വിവേചനം, വംശീയത, വര്‍ഗീയത പോലുള്ള പ്രശ്‌നങ്ങളും തജ്ജന്യ ആക്രമണങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണോ? മതത്തിന് പൂര്‍ണ വിലക്കുള്ള നാടുകളില്‍ എല്ലാം ശാന്തമാണോ?
'പരമാധികാരം ദൈവത്തിന്' എന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പറയുമ്പോള്‍ അര്‍ഥമാക്കുന്നതെന്താണെന്ന് ഒരു സംശയത്തിനും പഴുതില്ലാത്തവിധം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ദൈവം നേരിട്ടോ പുരോഹിതന്മാര്‍ മുഖേനയോ ഭരിക്കുക എന്നതല്ല അതിനര്‍ഥം. പ്രത്യുത ദൈവിക നിര്‍ദേശങ്ങള്‍ക്കൊത്ത് മനുഷ്യരുടെ യോഗ്യരായ പ്രതിനിധികള്‍ ഭരിക്കുക എന്നാണര്‍ഥമാക്കുന്നത്. വിശ്വ മാനവികത, സാഹോദര്യം, സത്യം, നീതി, അരികുവത്കരിക്കപ്പെട്ടവരുടെ തുല്യാവകാശ സംരക്ഷണം, എല്ലാ തരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്ന് മുക്തി എന്നീ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ദൈവിക സന്മാര്‍ഗ നിര്‍ദേശങ്ങള്‍. അത് മനുഷ്യരുടെ ആധിപത്യത്തെ പൂര്‍ണമായും നിരാകരിക്കുന്നു. ആരും ആരെക്കാളും വലിയവരോ ഉയര്‍ന്നവരോ അല്ല. അതായിരുന്നു ഗാന്ധിജി പോലും പുകഴ്ത്തിയ ഖലീഫ ഉമറിന്റെ ഭരണമാതൃക. ഇത് അപകടകരവും വിനാശകരവുമാണെന്ന് വാദിക്കുന്നവര്‍ മെച്ചപ്പെട്ട ബദല്‍ ഏതെന്ന് കൂടി ചൂണ്ടിക്കാട്ടണം. അത് തീര്‍ച്ചയായും മുതലാളിത്ത ജനാധിപത്യമോ കമ്യൂണിസ്റ്റുകാരുടെ ജനകീയ ജനാധിപത്യമോ അല്ല. മണി പവറോ മസില്‍ പവറോ നിര്‍ണായക സ്വാധീനം ചെലുത്താത്ത ഒരു ശുദ്ധ ജനാധിപത്യ ക്രമം ലോകത്തെവിടെയും നിലവിലില്ല.
Comments