Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

ഭാര്യാ-ഭര്‍ത്താക്കന്മാരുടെ കഴിഞ്ഞകാലം

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

        അയാളും ഭാര്യയും ഓഫീസില്‍ വന്ന് എന്നോട്: ''എന്റെ പ്രശ്‌നം ചുരുക്കിപ്പറയാം. ഞാന്‍ ഈ സ്ത്രീയുമായി ദീര്‍ഘകാലമായി ബന്ധമാണ്. ഞാന്‍ അവളെ അങ്ങേയറ്റം സ്‌നേഹിച്ചു. ഗാഢമായി പ്രേമിച്ചു. ഞങ്ങള്‍ തമ്മില്‍ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയുണ്ടായിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ തൗബ ചെയ്തു വിവാഹിതരായി. ഞങ്ങളുടെ ബന്ധം നല്ല നിലയിലാണ്. അല്ലാഹുവിന് സ്തുതി!''

അയാള്‍ തുടര്‍ന്നു: ''ബന്ധം നല്ല നിലയിലാണെങ്കിലും എന്നെ വലിയ ഒരു പ്രശ്‌നം അലട്ടിക്കൊണ്ടിരിക്കുന്നു ഇപ്പോള്‍. അവള്‍ക്കും അതറിയാം. ഞങ്ങളുടെ കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ കാരണം ഞാന്‍ അവളെ എപ്പോഴും സംശയിച്ചുകൊണ്ടിരിക്കുന്നു. മറ്റേതെങ്കിലും ചെറുപ്പക്കാരനുമായി അവള്‍ക്ക് എന്തെങ്കിലും വഴിവിട്ട ബന്ധം ഉണ്ടായിരിക്കാമെന്ന ചിന്ത എന്നെ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവളുടെ മൊബൈല്‍ ഫോണ്‍ ബിസിയായി കണ്ടാല്‍ എന്റെ ഹൃദയം പിടക്കുകയായി. ഞാന്‍ എരിപൊരി കൊള്ളുകയായി. അസ്വസ്ഥമായ എന്റെ മനസ്സ് പല ചിന്തകളിലേക്കും വഴുതിപ്പോകും. അങ്ങനെ സംശയം വളര്‍ന്ന് അവളെ വിവാഹ മോചനം ചെയ്താലോ എന്ന തീരുമാനത്തിലെത്തും ഞാന്‍.'' 

''ഫോണ്‍ സംഭാഷണത്തില്‍ സംശയം തോന്നുന്ന ഞാന്‍ അതാരാണ് അങ്ങേത്തലയ്ക്കല്‍ എന്ന് ചോദിച്ചാല്‍ അത് തന്റെ സ്‌നേഹിതയാണെന്ന് അവള്‍ മറുപടി തരും. പിന്നീട് എനിക്ക് ബോധ്യമാവും അവള്‍ നേരാണ് പറഞ്ഞതെന്ന്. അവളെക്കുറിച്ച എന്റെ തോന്നലുകള്‍ എന്നെ ആകെ വലയ്ക്കുകയാണ്. സംശയിക്കുന്ന ചില നേരങ്ങളില്‍ ഞാന്‍ അവളെ വല്ലാതെ വെറുത്തു പോകും.''

ഞാന്‍ അവളുടെ നേരെ തിരിഞ്ഞ് അയാളുടെ വര്‍ത്തമാനത്തിന്റെ സത്യസ്ഥിതി ബോധ്യപ്പെടാന്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. അവള്‍ പറഞ്ഞു തുടങ്ങി: ''ഞാന്‍ വളരെ ആത്മാര്‍ഥമായി തൗബ ചെയ്തു. ഇപ്പോള്‍ നമസ്‌കാരത്തിലും മറ്റ് ഇബാദത്തുകളിലും എന്റെ രക്ഷിതാവിനോടുള്ള കടമകള്‍ നിറവേറ്റുന്നതിലും അങ്ങേയറ്റം നിഷ്ഠ പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞകാല പാപങ്ങള്‍ക്ക് പരിഹാരവും പ്രായശ്ചിത്തവുമെന്നോണം ഞാനും ഭര്‍ത്താവും ഖുര്‍ആന്‍ മനഃപാഠമാക്കുന്ന യത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. എനിക്കും അദ്ദേഹത്തിനും വയസ്സായി വരികയല്ലേ? കഴിഞ്ഞ കാല ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്ന് ഒരു നിമിഷം പോലും ഞാന്‍ ആലോചിച്ചിട്ടില്ല. സന്മാര്‍ഗ പ്രാപ്തിയുടെ മഹത്തായ അനുഗ്രഹം അല്ലാഹു കനിഞ്ഞേകുകയും ഈമാനിന്റെ മാധുര്യം ആസ്വദിക്കുകയും ചെയ്തതില്‍ പിന്നെ തെറ്റായ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോവാറേ ഇല്ല. എന്നെ എപ്പോഴും ഇങ്ങനെ സംശയിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹത്തോട് ഏത് വിധം പെരുമാറണമെന്നും എനിക്ക് മനസ്സിലാവുന്നില്ല. അദ്ദേഹത്തിന്റെ സംശയങ്ങള്‍ ഇല്ലാതാവാന്‍ ദിവസവും വിളിക്കുന്ന ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന് നല്‍കുക എന്ന ഒരു നിഷ്ഠ കൂടി ഞാന്‍ പുലര്‍ത്തുന്നുണ്ട്. ഇനി ഞാനെന്ത് ചെയ്യണം?''

ഭര്‍ത്താവിന്റെ നേരെ തിരിഞ്ഞ് ഞാന്‍ പറഞ്ഞു: ''ഒന്ന്, നിങ്ങള്‍ ചെയ്തുകൊണ്ടിരുന്ന വന്‍ പാപത്തില്‍ നിന്ന് തൗബ ചെയ്യാനുള്ള തൗഫീഖ് അല്ലാഹു നല്‍കിയല്ലോ. അത് തന്നെ അല്ലാഹുവിനെ ധാരാളമായി സ്തുതിക്കേണ്ട കാര്യമാണ്. ഇനി നിങ്ങള്‍ കൂടുതല്‍ സത്കര്‍മങ്ങള്‍ ചെയ്യാന്‍ ഉത്സാഹ പൂര്‍വം ശ്രമിക്കണം. പല തെറ്റുകളും അത് ചെയ്യുന്നവരെ സ്വര്‍ഗത്തിലേക്ക് നയിക്കാനും നിമിത്തമാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിനര്‍ഥം, ഞാന്‍ മനസ്സിലാക്കുന്നത് താന്‍ ചെയ്ത തെറ്റിന്റെ ഗൗരവത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ആള്‍ക്ക് പശ്ചാത്തപിച്ചാല്‍ പിന്നെ ജീവിതം മുഴുവന്‍ സത്കര്‍മങ്ങള്‍ അധികരിപ്പിച്ച് ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യണമെന്ന ഒരൊറ്റ വിചാരമേ ഉണ്ടാവൂ. അത് അയാളുടെ സ്വര്‍ഗപ്രവേശത്തിന് കാരണമാകും. 

രണ്ട്, നിങ്ങളുടെ സംശയമാണ് നിങ്ങളിലേക്ക് പിശാച് കടന്നു വരുന്ന വഴി. തക്കതായ തെളിവുകളില്ലെങ്കില്‍ ആരെക്കുറിച്ചും നല്ല വിചാരവും നല്ല ധാരണയും പുലര്‍ത്തുകയാണ് വേണ്ടത്. ഇതാണ് അടിസ്ഥാനം. ഇപ്പോള്‍ അവളില്‍ നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടാവരുതെന്നാണ് എന്റെ ഉപദേശം. അവളെക്കുറിച്ച പൂര്‍ണ വിശ്വാസമുണ്ടായി, സംശയരോഗമൊക്കെ വിട്ടകന്നിട്ട് മതി അത്. അതാണ് മനഃസമാധാനത്തിന് നല്ലത്.

മൂന്ന്, ഒരു കാര്യം സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെക്കുറിച്ച് പറഞ്ഞതൊക്കെ നിങ്ങള്‍ക്കും ബാധകമല്ലേ? നിങ്ങള്‍ക്കുമുണ്ടല്ലോ നിങ്ങളുടെ ഭാര്യയുടേത് പോലുള്ള ഒരു ഭൂതകാലം! നിങ്ങളുടെ തൗബ സത്യമാണെന്ന് വിശ്വസിച്ച അവള്‍ നിങ്ങളെ പൂര്‍ണ മനസ്സോടെ സ്വീകരിച്ചുവല്ലോ. അവള്‍ നിങ്ങളെക്കുറിച്ച് ഒരു സംശയവും പുലര്‍ത്തുന്നില്ല. ഇതേ സദ്‌വിചാരം നിങ്ങള്‍ക്ക് അവളുടെ നേരെയും വേണം. നിങ്ങള്‍ക്ക് നിങ്ങിളിലുള്ള വിശ്വാസം പോലെ അവളിലും വേണം വിശ്വാസം. നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്ന രീതി അവളുടെ കാര്യത്തിലും അനുവര്‍ത്തിക്കണം.

നാല്, ഇങ്ങനെ കഴിഞ്ഞകാല ചരിത്രമുള്ള വ്യക്തികളോട് നിങ്ങള്‍ പെരുമാറുന്ന വിധത്തിലാണ് എല്ലാവരും വര്‍ത്തിക്കുന്നതെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും അംഗീകാരത്തിന്റെയും സത്യസന്ധമായ നിലപാടുകള്‍ ഉണ്ടാവില്ല. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചു നോക്കൂ. മിക്ക സ്വഹാബി വര്യന്മാര്‍ക്കും ജാഹിലിയ്യാ കാലത്ത് ദുഷ്‌കാര്യങ്ങള്‍ നിറഞ്ഞ ഒരു ചീത്ത ഭൂതകാലമുണ്ടായിരുന്നു. അവര്‍ പശ്ചാത്തപിച്ച് ജീവിത വിശുദ്ധി കൈവരിച്ചതോടെ അവരുടെ കാര്യങ്ങളൊക്കെ നന്നായി. റസൂല്‍ (സ) പറഞ്ഞുവല്ലോ: ''കഴിഞ്ഞതെല്ലാം അല്ലാഹു മാപ്പാക്കി.'' മാത്രവുമല്ല, പിന്നെയുള്ള ജീവിതം മുഖേന അവര്‍ നിസ്തുലമായ ഇസ്‌ലാമിക ജീവിത ചരിത്രം രചിച്ച് ലോകത്തിന് മാതൃകയായിത്തീര്‍ന്നു.

അഞ്ച്, ഇസ്‌ലാം നമ്മില്‍ വളര്‍ത്തുന്ന ഉന്നത മൂല്യങ്ങളെ കുറിച്ച് എപ്പോഴും ഓര്‍ത്ത് കൊണ്ടിരിക്കുക. പിശാചിന്റെ ദുര്‍ബോധനങ്ങള്‍ അകറ്റാന്‍ അതാണ് വഴി. ബനൂ ഇസ്രാഈലിലെ വേശ്യക്ക്, തൗബ ചെയ്ത് പശ്ചാത്തപിക്കുകയും നായക്ക് ദാഹജലം കൊടുക്കുകയും ചെയ്ത കാരണത്താല്‍, അല്ലാഹു സ്വര്‍ഗപ്രവേശം നല്‍കിയ കഥ കേട്ടിരിക്കുമല്ലോ. പശ്ചാത്തപിക്കുകയും നിങ്ങളെ പരിചരിക്കുകയും നിങ്ങളുടെ കുടുംബത്തോട് നല്ല ബന്ധം കാത്ത് സൂക്ഷിക്കുകയും ചെയ്യുന്ന മുസ്‌ലിമായ നിങ്ങളുടെ ഭാര്യയെ കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ? മാത്രമല്ല, അവര്‍ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ നിങ്ങളെക്കാള്‍ ഉത്സാഹപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു.'' 

എല്ലാം കേട്ടുകഴിഞ്ഞ അയാള്‍ എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: ''അല്ലാഹുവാണ് സത്യം. ഞാന്‍ എന്റെ കാര്യത്തില്‍ അങ്ങേയറ്റം പരിഭ്രമത്തിലായിരുന്നു. വിവാഹമോചനം വരെ ഞാന്‍ തീരുമാനിച്ചതാണ്. പക്ഷെ നിങ്ങളുടെ വര്‍ത്തമാനം എന്റെ നിലപാടുകള്‍ തിരുത്താന്‍ സഹായകമായി. എന്റെ മനസ്സ് മാറ്റി. നല്ല നിലപാട് തുടരാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് ഞാന്‍ വാക്ക് തരുന്നു.''

യാത്രയയച്ചുകൊണ്ട് ഞാന്‍ ഇരുവരോടും പറഞ്ഞു: ''തെറ്റുകളെ അല്ലാഹു നന്മകളാക്കി മാറ്റും. നിങ്ങള്‍ രണ്ടു പേരെയും തന്നോടുള്ള അനുസരണക്കേടിന്റെ പാതയില്‍ അല്ലാഹു കണ്ടത്‌പോലെ, ഇനി എപ്പോഴും അനുസരണത്തിന്റെ പാതയില്‍ കാണുവാന്‍ അവന്‍ തൗഫീഖ് ചെയ്യട്ടെ. ആ കഴിഞ്ഞ കാലത്തെ കുഴിച്ചു മൂടി പുതിയ ജീവിതം ആരംഭിക്കുക.'' 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍