Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

പലിശ സഹിത കടം എന്ന മാരകായുധം

         വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയ വാര്‍ത്തയാണ് കഴിഞ്ഞ മാസം ചൈനീസ് സ്റ്റോക്ക് മാര്‍ക്കറ്റുകളിലുണ്ടായ വന്‍ തകര്‍ച്ച. ഇറാനിയന്‍ ആണവ ചര്‍ച്ചകളും ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധിയും പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നതിനാല്‍ അത് സ്വാഭാവികം മാത്രം. വളരെ ഗുരുതരമായ ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകളാണ് ചൈനീസ് സ്റ്റോക് കമ്പോളങ്ങളില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കകം 3.4 ട്രില്യന്‍ ഡോളര്‍ എന്ന ഭീമന്‍ തുകയാണ് ചൈനയിലെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്ക് നഷ്ടമായത്. ഷാങ്ഹായ് സ്റ്റോക് സൂചികയില്‍ മാത്രം ജൂണ്‍ മധ്യം മുതല്‍ 32 ശതമാനം വിലയിടിവുണ്ടായി. 

2007 ലെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുമായി ഇതിന് ഏറെ സാമ്യമുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രധാന വ്യത്യാസം ഒന്ന് മാത്രം. വന്‍ സാമ്പത്തിക ഭാരം താങ്ങാനാവാതെ അമേരിക്കയില്‍ തകര്‍ന്നത് ബാങ്കുകളായിരുന്നെങ്കില്‍, ചൈനീസ് പ്രതിസന്ധിയുടെ മുഴുവന്‍ ആഘാതവും ഏറ്റുവാങ്ങുന്നത് ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച മധ്യവര്‍ഗ ജനവിഭാഗങ്ങളാണ്. ഒന്നു രണ്ട് ആഴ്ചകള്‍ കൊണ്ട് അവരുടെ മൊത്തം സമ്പാദ്യത്തിന്റെ പകുതിയും ഒലിച്ച് പോയിരിക്കുന്നു. ചൈനീസ് ഭരണകൂടം യുദ്ധകാല ജാഗ്രതയില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ തകര്‍ച്ച പൂര്‍ണമാകുമായിരുന്നു. പ്രതിസന്ധി പരിഹരിക്കുകയല്ല, ചില താല്‍ക്കാലിക ആശ്വാസ നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പ്രതിസന്ധിയുടെ ആഴം അറിയണമെങ്കില്‍ ചൈനയുടെ കടബാധ്യത എത്രയാണെന്ന് നോക്കിയാല്‍ മതി. മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജി.ഡി.പി)ത്തിന്റെ 207 ശതമാനം ആണ് കടബാധ്യത. ജി.ഡി.പിയുടെ രണ്ടിരട്ടിയിലധികം കടമുണ്ട് എന്നര്‍ഥം. ചൈനയുടെ കുതിപ്പിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍, സാമ്പത്തിക മേഖലകളില്‍ അവര്‍ നടത്തിക്കൊണ്ടിരുന്ന ആപല്‍ക്കരമായ ചൂതുകളിയെക്കുറിച്ച് നാം മിണ്ടിയില്ല. ന്യൂയോര്‍ക്ക് പോലുള്ള ലോക മുതലാളിത്ത ആസ്ഥാനങ്ങളെ വെല്ലുന്ന ചൂതുകളിയായിരുന്നു ഷാങ്ഹായ് സ്റ്റോക് മാര്‍ക്കറ്റിലും മറ്റും അരങ്ങേറിക്കൊണ്ടിരുന്നത്. 

ഒരു കാലത്ത് വന്‍ സാമ്പത്തിക പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്ന ജപ്പാനും തളര്‍ന്ന് പോയത് മുഖ്യമായും കടഭാരം കൊണ്ട് തന്നെ. അവരുടെ കടം ജി.ഡി.പി.യുടെ 230 ശതമാനം ആണ്. ഇതിനെ അപേക്ഷിച്ച്, ഇപ്പോള്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ഗ്രീസ് കുറേക്കൂടി മെച്ചപ്പെട്ട നിലയിലാണ്. ജി.ഡി.പി.യുടെ 175 ശതമാനം ആണ് അവരുടെ കടം. എന്നിട്ടും ചൈനയും ജപ്പാനും പിടിച്ച് നില്‍ക്കുന്നത് കയറ്റുമതിയുടെ പിന്‍ബലത്തിലാണ്. കയറ്റുമതിയില്‍ പിന്നാക്കമായ ഗ്രീസ് തകരുകയും ചെയ്തു. ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ പോലുള്ള പ്രധാന യൂറോപ്യന്‍ രാജ്യങ്ങളും കടക്കെണിയുടെ പിടിയിലകപ്പെട്ടിട്ട് വര്‍ഷങ്ങളായി. സിംബാബ്‌വെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ ഡോളറിനെക്കാള്‍ മൂല്യമുണ്ടായിരുന്നു സിംബാബ്‌വെന്‍ കറന്‍സിക്ക്. ഇന്ന് കടലാസ് വില പോലുമില്ലാത്തതിനാല്‍ ആ കറന്‍സി തന്നെ റദ്ദാക്കേണ്ടി വന്നിരിക്കുന്നു. ലോകബാങ്കും ലോക നാണ്യ നിധിയും ഒരുക്കിയ കടക്കെണിയില്‍ തലവെച്ചുകൊടുത്തതിന്റെ പ്രത്യാഘാതം. 

മുതലാളിത്ത വികസനത്തിന്റെ തിളങ്ങുന്ന പുറം മോടികള്‍ മാത്രമേ നാം കാണുന്നുള്ളൂ. രാഷ്ട്രങ്ങളെത്തന്നെ കടപുഴക്കിയെറിയുന്ന അതിന്റെ ആന്തരികമായ സംഹാര ശേഷിയെക്കുറിച്ച് നാം ബോധവാന്‍മാരല്ല. ആരും അതേക്കുറിച്ച് നമ്മെ ഓര്‍മപ്പെടുത്താറുമില്ല. ഗ്രീസ് തകര്‍ന്നത് ഗ്രീസുകാരുടെ കുഴപ്പം കൊണ്ട് എന്ന മട്ടിലാണ് ഇപ്പോഴും മുഖ്യധാരാ ചര്‍ച്ചകള്‍. പലിശ സഹിതമുള്ള കടഭാരം കൊണ്ടാണ് രാഷ്ട്രങ്ങള്‍ സാമ്പത്തികമായി തകര്‍ന്നതെന്ന സത്യം തുറന്നു പറയാന്‍ വിദഗ്ധര്‍ വരെ മടിക്കുന്നു. ഇന്ന് അവതരിപ്പിക്കപ്പെടുന്നതെല്ലാം കമ്മി ബജറ്റുകളാണ്. പോരാതെ വരുന്ന തുകയത്രയും കടം വാങ്ങും. വന്‍ പ്രോജക്ടുകള്‍ യാഥാര്‍ഥ്യമാവുമ്പോള്‍ ഇതിനൊക്കെ എത്ര കടം വാങ്ങി എന്ന് ആരും നോക്കാറില്ല. ഇന്ന് ഇന്ത്യയില്‍ വികസനത്തിന്റെ മാതൃകയായി അവതരിപ്പിക്കുന്ന സംസ്ഥാനമാണല്ലോ ഗുജറാത്ത്. പക്ഷേ ഏറ്റവുമധികം കടബാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത് എന്ന് എത്ര പേര്‍ക്കറിയാം! ഈ കടമത്രയും ഒടുവില്‍ വന്നുചേരുന്നത് ഓരോ പൗരന്റെയും തലയിലാണ്. ഇന്ത്യയില്‍ ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് 30,000 രൂപയുടെ കടബാധ്യതയുമായാണ് എന്നത് പഴയ കണക്ക്. 

അറബ് രാഷ്ട്രങ്ങള്‍ അവയുടെ ബാങ്ക് നിക്ഷേപങ്ങള്‍ അമേരിക്കന്‍-യൂറോപ്യന്‍ നാടുകളില്‍ നിന്ന് പിന്‍വലിക്കുകയാണെങ്കില്‍ ആ നാടുകള്‍ സാമ്പത്തികമായി തകരുമെന്ന് മുമ്പ് നാം പറയാറുണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. പ്രതിരോധത്തിന്റെ മറവില്‍ വന്‍ തുകയുടെ ആയുധങ്ങളാണ് പാശ്ചാത്യര്‍ ഓരോ വര്‍ഷവും അറബ് ഭരണാധികാരികള്‍ക്ക് വിറ്റുകൊണ്ടിരിക്കുന്നത്. ചില സമ്പന്ന അറബ് രാഷ്ട്രങ്ങള്‍ വരെ ഇപ്പോള്‍ പാശ്ചാത്യ ശക്തികള്‍ക്ക് കടക്കാരായിരിക്കുന്നു. രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും കാല്‍ക്കീഴിലൊതുക്കി ചവിട്ടിയരക്കാന്‍ മുതലാളിത്തം പ്രയോഗിക്കുന്ന ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നാണ് പലിശ സഹിത കടം എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ മാത്രമേ, ഈ വിപത്തിനെതിരെ ഫലപ്രദമായ പ്രതിരോധം സാധ്യമാവൂ. പലിശ അത് കൊടുക്കുന്നവനെ മാത്രമല്ല, വാങ്ങുന്നവനെയും ആത്യന്തികമായി നശിപ്പിക്കുകയാണ് ചെയ്യുക. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അത് പകല്‍ പോലെ വ്യക്തമായതുമാണ്. എന്നിട്ടും മുഖ്യ പ്രതി പലിശയെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യാനുള്ള ശ്രമം ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍