ഫിത്‌നയുടെ അടിവേരറുക്കാന്‍
ഇസ്‌ലാമില്‍ ഏറ്റവും വെറുക്കപ്പെട്ട ഒന്നാണ് കൊലപാതകം. എന്നാല്‍ ഫിത്‌ന കൊലപാതകത്തേക്കാള്‍ ഭയങ്കരമാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. മക്കയിലെ ഖുറൈശികള്‍ ഫിത്‌നയുമായി വന്നപ്പോള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ പ്രവാചകനും കൂട്ടര്‍ക്കും ഫിത്‌നയേക്കാള്‍ ലഘുവായ തിന്മയായ യുദ്ധമാണ് പ്രയോഗിക്കേണ്ടി വന്നത്. ''നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചു കൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ അവരുമായി ഏറ്റുമുട്ടുന്നത് എവിടെ വെച്ചായാലും പൊരുതിക്കൊള്ളുക. അവര്‍ നിങ്ങളെ പുറത്താക്കിയത് എവിടെ നിന്നാണോ അവിടെ നിന്ന് നിങ്ങള്‍ അവരെയും പുറത്താക്കുക. എന്തുകൊണ്ടെന്നാല്‍ വധം ദുഷ്ടമാണെങ്കില്‍ ഫിത്‌ന അതിലേറെ ദുഷ്ടമാകുന്നു'' (ഖുര്‍ആന്‍ 2:190-191).
പുതിയ കാലഘട്ടത്തിലെന്നല്ല, നന്മയുടെ സംസ്ഥാപനത്തിന് വേണ്ടി ശ്രമിക്കുന്ന ഏതൊരു കാലഘട്ടത്തിലും ഇസ്‌ലാമിക-ഇസ്‌ലമികേതര പ്രസ്ഥാനങ്ങള്‍ക്ക് തിന്മയുടെ ശക്തികളില്‍ നിന്ന് അതിക്രമങ്ങളെ (ഫിത്‌ന) നേരിടേണ്ടി വരും. അതിക്രമം (ഫിത്‌ന) എന്ന് പറഞ്ഞാല്‍ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള വ്യവസ്ഥാപിത നീക്കമാണ്. ഇംഗ്ലീഷില്‍ അതിനെ നമുക്ക് Persecution എന്ന് വിളിക്കാം. (Persecution is the systematic mistreatment of an individual or group by another individual or group- Wikipedia)
സയ്യിദ് അബുല്‍ അഅ്‌ല മൗദൂദി തഫ്ഹീമില്‍ വിവരിച്ചത് ഇപ്രകാരം ''ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്ന് കണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിന്റെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്‌കരണം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമ മര്‍ദനങ്ങള്‍ക്കിരയാക്കുക. മനുഷ്യന്റെ രക്തം ചിന്തുക വളരെ ചീത്ത പ്രവൃത്തി തന്നെ. പക്ഷെ, മനുഷ്യരില്‍ ഒരു വിഭാഗം തങ്ങളുടെ ചിന്താപരമായ ആധിപത്യം അന്യരുടെ മേല്‍ നിര്‍ബന്ധപൂര്‍വ്വം വെച്ചു കെട്ടുകയും ജനങ്ങള്‍ സത്യം സ്വീകരിക്കുന്നതിനെ ബലം പ്രയോഗിച്ച് തടയുകയും സംസ്‌കരണത്തിനുള്ള ന്യായവും ബുദ്ധിപൂര്‍വകവുമായ പരിശ്രമങ്ങളെ തെളിവുകള്‍ കൊണ്ട് നേരിടുന്നതിനു പകരം മൃഗീയ ശക്തികൊണ്ട് നേരിടാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ കൊലപാതകത്തേക്കാള്‍ കഠിനതരമായ തെറ്റാണ് വാസ്തവത്തിലവര്‍ പ്രവര്‍ത്തിക്കുന്നത്.''
ചെറുത്തു നില്‍പിന്റെ രീതി
നന്മയുടെ ലക്ഷ്യം മുന്‍നിര്‍ത്തി നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും സംഘങ്ങള്‍ക്കും വ്യവസ്ഥാപിതമായ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. വാളിലൂടെയോ തോക്കിന്‍ കുഴലിലൂടെയോ മാത്രമല്ല അത് നടക്കുന്നത്. വാളിലൂടെയും തോക്കിന്‍ കുഴലിലൂടെയും നടക്കുന്നതിലേറെ ഗൗരവതരവും ദുഷ്ടവുമാണ് ഭരണകൂടത്തേയും നീതിന്യായ വ്യവസ്ഥയേയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഫിത്‌ന (പെര്‍സിക്യൂഷന്‍).
ഒരു സമൂഹത്തെ തികച്ചും അനീതിപരമായി ഭീകരവാദികളും, രാജ്യദ്രോഹികളും, പേടിക്കേണ്ടവരും, കുറ്റവാളികളും ആയി ചിത്രീകരിക്കുകയും അതിന്റെ പേര് പറഞ്ഞ് നിരപരാധികളെക്കൊണ്ട് ജയില്‍ നിറക്കുകയും മര്‍ദന മുറകള്‍ അഴിച്ചു വിടുകയും ജീവിതം തകര്‍ക്കുകയും, വിചാരണ പോലും നിഷേധിച്ച് ഭീകര നിയമങ്ങള്‍ ചാര്‍ത്തുകയും, മീഡിയയെ കൂട്ടുപിടിച്ച് അവര്‍ക്കെതിരായി വാര്‍ത്തകള്‍ മാനുഫാക്ചര്‍ ചെയ്യുകയും, പൗരാവകാശങ്ങളും ജനാധിപത്യ സംവിധാനങ്ങളും ലംഘിക്കുകയും ടാര്‍ജറ്റ് ചെയ്യുകയും ഒളിഞ്ഞു നോട്ടത്തിന്നിരയാക്കുകയും ചെയ്യുമ്പോള്‍ അതിനെ ഫിത്‌നയെന്നല്ലാതെ മറ്റെന്തു വിളിക്കാന്‍ കഴിയും? ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ താഴെ പറയുന്ന നിലപാടുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടിവരും.
1. തനിക്കെതിരെ ഫിത്‌ന നടക്കുന്നുണ്ട് എന്നും തന്റെ ഉന്മൂലനം ലക്ഷ്യം വെച്ച് ആസൂത്രിതവും അനീതിപരവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നും അറിയാതെ അജ്ഞനായി കഴിഞ്ഞുകൂടുകയും സ്വയം തന്നെ അത്തരം ഉന്മൂലനങ്ങള്‍ക്ക് തലവെച്ച് കൊടുക്കുകയും ചെയ്യുക.
2. ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ അറിഞ്ഞിട്ടുണ്ട്. പക്ഷെ, അതിനെ ചെറുക്കാന്‍ യാതൊരു തരത്തിലുള്ള ശക്തിയും തനിക്കില്ല എന്ന് ധരിച്ച് ദുര്‍ബലനായി കഴിഞ്ഞുകൂടുക.
3. ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ അറിഞ്ഞിട്ടുണ്ട്. പക്ഷെ, അതിനെ ചെറുക്കുക എന്നത് തന്റെ ഉത്തരവാദിത്വമല്ല. അത് ദൈവത്തിന്റെ കൈകളിലാണ്. അവന്‍ നോക്കിക്കൊള്ളും. ഇതും ഒരു നിലപാടാണ്.
4. ഫിത്‌നയെ ഇല്ലായ്മ ചെയ്യുവാന്‍ അവിടെയും ഇവിടെയും അപക്വമായ അക്രമ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഫിത്‌നയുടെ ആഴം വര്‍ദ്ധിപ്പിക്കാം.
5. ചിന്താപരവും, സര്‍ഗാത്മകവും ആസൂത്രിതവുമായ രീതിയില്‍ ഫിത്‌നയുടെ വേരുകള്‍ കണ്ടെത്തി അവയെ ശക്തിപ്പെടാന്‍ അനുവദിക്കാത്ത വിധം അല്ലെങ്കില്‍ കുറച്ചുകൊണ്ടു വരാന്‍ കഴിയും വിധം ജനമനസ്സുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുക. ജനാധിപത്യ രാജ്യമെന്ന നിലക്ക് ജനാധിപത്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബോധവല്‍കരണങ്ങള്‍ ശക്തിപ്പെടുത്തുക.
ഫിത്‌ന വ്യാപകമാകുമ്പോള്‍ അഞ്ചാമത് പറഞ്ഞ പക്വമായ പോരാട്ടത്തിലൂടെ ഫിത്‌നക്കെതിരായ വിപ്ലവം സാധ്യമാക്കുക എന്നതായിരിക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നിലപാട്. ബാക്കി നാല് നിലപാടുകളും നന്മയുടെ ഉന്മൂലനത്തിലാവും ഒടുവില്‍ കലാശിക്കുക.
മൂസാ നബിയുടെ വടിയും മീഡിയാ പ്രവര്‍ത്തനവും
അതിക്രമങ്ങള്‍ക്കെതിരായി ഉപയോഗിക്കാന്‍ ശത്രുക്കളുടെ ആയുധങ്ങളെ വെല്ലുന്ന ആയുധങ്ങളുമായി മൂസാ (അ) തിരിച്ചു വരുന്നിടത്താണ് നമ്മുടെ നിലപാടും ഉണ്ടാകേണ്ടത്. കൊല്ലാനോ വെട്ടാനോ ഒന്നടങ്കം തൂത്തെറിയാനോ ഉള്ള ആയുധങ്ങളുമായി മൂസാ (അ) യെ അല്ലാഹുവിന് പറഞ്ഞയക്കാമായിരുന്നു. പക്ഷെ, മൂസാ (അ) അവരിലേക്ക് വന്നത് കാലഘട്ടത്തിന്റെ മീഡിയയായ മായാജാലത്തോട് മത്സരിക്കാവുന്ന നല്ല ഒന്നാന്തരം സര്‍ഗാത്മക വീര്യമുള്ള സംഗതികളുമായിട്ടാണ്. അവരൊക്കെ എറിഞ്ഞിടത്തു തന്നെ മൂസാ (അ) എറിയുന്നു. അതേ മൈതാനിയില്‍, അതേ കാണികളുടെ മുന്നില്‍, അതേ ആരവങ്ങള്‍ക്കു മുന്നില്‍, അതേ മായാജാലം കാണിച്ച്. പക്ഷെ, അവരുടേതെല്ലാം അസത്യത്തിന്റെ വ്യാജ നിര്‍മിതികളായിരുന്നു. മൂസാ (അ) യുടെ സത്യത്തിന്റെ നിര്‍മ്മിതി അവിടെ വിജയിച്ചു.
ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ, കാണുന്നവരോടൊക്കെ രഹസ്യമായും മറ്റും പ്രബോധന പ്രവര്‍ത്തനം നടത്തി മെല്ലെ നടന്ന് നീങ്ങുകയോ അല്ലെങ്കില്‍ ഫറോവയുടെ വെടിയേറ്റ് ശഹീദായിപ്പോവുകയോ ചെയ്താല്‍ തന്റെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് ആശ്വാസിക്കാമായിരുന്നില്ല മൂസാ (അ)ക്ക്? അതാണ് ഇസ്‌ലാമിക പ്രവര്‍ത്തനം എങ്കില്‍ എന്തിനാണ് വടിയും, അതുപോലുള്ള മറ്റ് സംവിധാനങ്ങളും അല്ലാഹു നല്‍കിയത്?
നമ്മുടെ കാലത്ത് ഫിത്‌ന വളരുന്നത് ഏത് കാലഘട്ടത്തേക്കാളും വേഗതയിലും അപകടകരമായ രീതിയിലുമാണ്. സ്വന്തം വീട്ടിലെ ഓഫീസ് മുറികളിലൂടെ, സ്വന്തം പോക്കറ്റില്‍ ഇട്ട മൊബൈല്‍ ഫോണിലൂടെ, സാംസ്‌കാരികമായ കടന്നു കയറ്റങ്ങളിലൂടെ അത് മനുഷ്യകുലത്തെ സ്വാധീനിക്കുന്നു.
അല്ലാഹു അവരുടെ മാരണക്കാരുടെ മായാജാലത്തെ മൂസാ നബി (അ)യിലൂടെ അതേ വഴി സ്വീകരിച്ച് തകര്‍ത്തെങ്കില്‍ ഇന്ന് ഇസ്‌ലാമിക ലോകം ഇത്തരം ശക്തികളെ അതേ വടിയുപയോഗിച്ച് തകര്‍ക്കേണ്ടതുണ്ട്. അവരെറിഞ്ഞ അതേ ഭൂമികയില്‍ എറിയേണ്ടതുണ്ട്. അവര്‍ എറിഞ്ഞ അതേ മൈതാനത്ത് അതേ ആരവത്തിനിടയില്‍ പ്രത്യക്ഷപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ മായാജാലം കാണിച്ച് ആളുകളെ സാംസ്‌കാരികമായി കീഴടക്കി അവര്‍ അവരുടെ വഴിക്ക് പോകും. അപ്പോള്‍ വിജയിക്കുന്നത് ഫറോവയും ഉന്മൂലനം ചെയ്യപ്പെടുന്നത് മടിപിടിച്ചും പൊടിപിടിച്ചും 'മാജിക്ക് പാടില്ല' എന്ന ഫിഖ്ഹ് മസ്അലകളില്‍ അന്തിയുറങ്ങുകയും ചെയ്ത നമ്മളായിരിക്കും.
മൂസാ നബി (അ) ആ വേദിയില്‍ വടിയെറിഞ്ഞപ്പോഴും, കക്ഷത്തില്‍ കൈ വെച്ചെടുത്തപ്പോഴും ഉണ്ടായ അല്‍ഭുതങ്ങള്‍ മാത്രമല്ല അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍. അത് മാത്രമല്ല ഇത്തരം വേദികളില്‍ അവതരിപ്പിക്കുവാനുള്ളതും. കാലഘട്ടത്തിന്റെ ദൃഷ്ടാന്തമായ വിശുദ്ധഖുര്‍ആനിന്റെ പാഠങ്ങളായ നീതിയും, പൗരാവകാശവും സ്വാതന്ത്ര്യവും, സംസ്‌കാരവും സദാചാരവും എല്ലാം ഇങ്ങനെയുള്ള വേദി പങ്കിട്ടു കൊണ്ടും ഇതുപോലുള്ള സദസ്സുകളില്‍ അവതരിപ്പിച്ചു കൊണ്ടും മുന്നേറ്റം സൃഷ്ടിക്കാനുള്ളതാണ്. അപ്പോള്‍ നമ്മള്‍ അവിടെ പ്രത്യക്ഷപ്പെടുന്നവരുടെ വേഷവിധാനങ്ങള്‍ മാറ്റിയുടുക്കാന്‍ പറയേണ്ടതില്ല. അവിടെ വേദി പങ്കിടുന്നവര്‍ ഇന്ന വേഷത്തില്‍ പങ്കെടുത്താലേ നമ്മള്‍ ഇതില്‍ ഉള്‍പ്പെടുത്തൂ എന്നോ അല്ലെങ്കില്‍ നമ്മളില്ല എന്നോ പറയാന്‍ പറ്റില്ല. അങ്ങനെ ഏതെങ്കിലും പ്രവാചകന്‍ അവരുടെ വേദി പങ്കിടുകയോ സദസ്സിലിരിക്കുകയോ ചെയ്ത ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്ന രീതിയില്‍ ഇടപെട്ടതായി നമുക്ക് കാണാന്‍ കഴിയുമോ?
'ദീനില്‍ ബലപ്രയോഗമില്ല' എന്നത് ഖുര്‍ആനികമായ ഒരു പറച്ചില്‍ മാത്രമല്ല. ഇസ്‌ലാമികമായ പ്രവൃത്തികൂടിയാണ്. ദീന്‍ ബലപ്രയോഗമല്ല എന്നല്ല 'ദീനില്‍' ബലപ്രയോഗമില്ല എന്നത് തന്നെയാണ് വായന. അതിന്റെ ഒരു കാരണം കൂടി നമ്മള്‍ മനസ്സിലാക്കണം. ദീന്‍ അല്ലാഹുവിന് വേണ്ടിയാണല്ലോ. അല്ലാഹുവിന് വേണ്ടിയുള്ള ദീന് കൊണ്ടേ കാര്യമുള്ളൂ. നിര്‍ബന്ധിക്കപ്പെടുന്ന വ്യക്തി നിര്‍ബന്ധിക്കപ്പെടുന്ന ദീന്‍ അര്‍പ്പിക്കുന്നത് അല്ലാഹുവിന് വേണ്ടിയല്ല. അപ്പോള്‍ അത്തരം ദീനിന് പ്രസക്തിയില്ല.
ഒരു ഇസ്‌ലാമിക സ്ഥാപനത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാന ഓഫീസിന്റെ പരിസരം വൃത്തിയാക്കുന്ന സ്ര്തീ ഇന്ന വേഷവിധാനത്തില്‍ വരണം എന്ന് വാശി പിടിക്കാമോ? എങ്കില്‍ അതേ വാശി ഒരു വാര്‍ത്താ അവതാരികയോടും പാടില്ല. പക്ഷെ, സാമാന്യമായ സഭ്യത നിലനിര്‍ത്താനുള്ള നിയമങ്ങള്‍ ആകാവുന്നതാണ്. വീട്ടിലേക്ക് വിരുന്ന് വരുന്ന ഒരാളോട് നിങ്ങള്‍ ഇന്ന രീതിയില്‍ വേഷം ധരിച്ച് വരണം എന്നു നമുക്ക് പറയാന്‍ കഴിയുമോ? എങ്കില്‍ ഒരു ഇസ്‌ലാമിക സംവിധാനത്തിലേക്ക് അതിഥിയായി വരുന്ന വ്യക്തിത്വത്തോടും അത് പറയാന്‍ കഴിയില്ല. പള്ളിയിലേക്ക് വരുന്ന ഒരു മുസ്‌ലിം അല്ലാത്ത വ്യക്തിയോട് പോലും അത്തരം സമീപനങ്ങള്‍ പാടില്ല എന്നാണ് പ്രവാചകന്‍ (സ) നമ്മെ പഠിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ പള്ളിയില്‍ മൂത്രമൊഴിച്ച ആളോട് പ്രവാചകന്‍ (സ) സൗമ്യതയോടെയും കാരുണ്യത്തോടെയും പെരുമാറുമായിരുന്നോ? പള്ളിയില്‍ മൂത്രിച്ച് അശുദ്ധമാക്കിയതിന്റെ ഫിഖ്ഹ് എടുത്ത് എറിയുന്നതിന് പകരം പ്രവാചകന്‍ അദ്ദേഹത്തിന്റെ ഹൃദയം കവരാനുള്ള ഫിഖ്ഹ് അല്ലേ എടുത്തത്?
ചാനലില്‍ മറ്റും അതിഥിയായി വരുന്നവരോടുള്ള സമീപനത്തിലും ഇത്തരം പ്രവാചക പാഠങ്ങള്‍ തന്നെയല്ലേ നമുക്ക് മാതൃകയാവേണ്ടത്? കൈ നനയ്ക്കുന്നതിന്റെ ഫിഖ്ഹുകളില്‍ സമയം ചെലവഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയം നനക്കുന്ന ഫിഖ്ഹുകളെ മറമാടുകയാണ് മുസ്‌ലിം സമൂഹം ചെയ്തുകൊണ്ടിരിക്കൂന്നത്.
Comments