Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

ബി.ജെ.പിയുടെ കേരളത്തനിമയും കാനം രാജേന്ദ്രന്റെ വിഹ്വലതകളും

കെ.ടി ഹുസൈന്‍ /കവര്‍‌സ്റ്റോറി

         കേരളത്തിന്റെ തനിമയെയും സംസ്‌കാരത്തെയും കുറിച്ച് ധാരാളം പഠനങ്ങളും സംവാദങ്ങളും നടന്നിട്ടുണ്ട്. അവയെല്ലാം സൂക്ഷ്മതലത്തില്‍ ചിലരുടെ മേധാവിത്തം സ്ഥാപിച്ചുറപ്പിക്കുന്നതും മറ്റു പലരെയും അപരവത്കരിക്കുന്നതുമാണെന്നതാണ് വസ്തുത. എന്നാല്‍ പോലും ഉപരിതലത്തിലെങ്കിലും കേരളത്തിലെ എല്ലാ ജാതി-മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഒരു സന്മനസ്സ് ഇത്തരം പഠനങ്ങള്‍ക്കുണ്ടെന്നതും നിഷേധിക്കാനാവില്ല. കേരളത്തിലെ ഏതെങ്കിലും ഒരു മതവിഭാഗം കേരളത്തനിമയെയും സംസ്‌കാരത്തെയും മലിനപ്പെടുത്തുകയോ കളങ്കപ്പെടുത്തുകയോ ചെയ്യുമെന്ന ഭ്രാന്തമായ വംശീയ ഭാവന പ്രത്യക്ഷത്തിലെങ്കിലും അവ പങ്കുവെക്കുകയും ചെയ്യുന്നില്ല; അത്തരമൊരു ചിന്തയും മനോഭാവവും തീര്‍ച്ചയായും കേരളത്തില്‍ വേരുറച്ചിരുന്നുവെന്നത് വാസ്തവമായിരിക്കെ തന്നെ. അതുകൊണ്ടാണല്ലോ ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്തവിധം, നിറമില്ലാത്തവരെന്ന് മുദ്രകുത്തപ്പെട്ട ഒരു ജനവിഭാഗത്തിന് വഴിനടക്കാനും ആരാധനാലയങ്ങളില്‍ പ്രവേശിക്കാനും മാറുമറക്കാനും വേണ്ടി ഇവിടെ വമ്പിച്ച സമരങ്ങള്‍ നടത്തേണ്ടിവന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മനുഷ്യരല്ല, തനി ഭ്രാന്തന്മാരാണ് പാര്‍പ്പുറപ്പിച്ചിരിക്കുന്നതെന്ന് സ്വാമി വിവേകാനന്ദനെക്കൊണ്ട് പറയിച്ചതും കേരളത്തനിമയെയും സംസ്‌കാരത്തെയും കുറിച്ച മനുഷ്യത്വവിരുദ്ധമായ വംശീയ ചിന്ത ഇവിടെ മേല്‍ക്കോയ്മ സ്ഥാപിച്ചിരുന്നതുകൊണ്ടുതന്നെയാണ്. 

പരശുരാമന്‍ മഴുവെറിഞ്ഞ് ബ്രാഹ്മണര്‍ക്കുവേണ്ടി സൃഷ്ടിച്ചെടുത്തതാണ് കേരളമെന്ന മിത്തിലൂടെ സ്ഥാപിതമായ ഈ തനിമാവാദത്തിന്റെ കടയ്ക്കല്‍ ആദ്യമായി കത്തിവെച്ചത് കേരളത്തില്‍ കച്ചവടക്കാരായും പ്രബോധകരായും കടന്നുവന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ്. പില്‍ക്കാലത്ത് നടന്ന വമ്പിച്ച കീഴാള സമരങ്ങളും സാമുദായിക പരിഷ്‌കരണ സംരംഭങ്ങളും ഈ തനിമാവാദികളെ തല്‍ക്കാലത്തേക്കെങ്കിലും മാളത്തിലൊളിക്കാന്‍ നിര്‍ബന്ധിതരാക്കി. എങ്കില്‍പോലും വംശീയതയിലധിഷ്ഠിതമായ ശുദ്ധിവാദം അതിന്റെ വക്താക്കള്‍ പൂര്‍ണമായും കൈയൊഴിച്ചു എന്ന് ഇതിന്നര്‍ഥമില്ല. ജനാധിപത്യത്തില്‍ അവര്‍ണന്റെയും സവര്‍ണന്റെയും വോട്ടിന് ഒരേ വിലയേയുള്ളൂ എന്ന യാഥാര്‍ഥ്യത്തിനുമുമ്പില്‍ നില്‍ക്കക്കള്ളിയില്ലാത്തതുകാരണം അത് പുറത്തെടുക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല എന്നു മാത്രം. എന്നിരുന്നാലും മതേതര പക്ഷത്ത് നിലയുറപ്പിച്ചവരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെയും ബുദ്ധിജീവികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഇടയില്‍ പോലും വാക്കിലും എഴുത്തിലും കലാവിഷ്‌കാരങ്ങളിലുമെല്ലാം ഈ തനിമാവാദം ഇടക്കിടെ പുറത്തുവരാറുണ്ട്. നമ്മുടെ സിനിമയും സാഹിത്യവുമാകട്ടെ, അപരജാതികളെ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ പുഛവും വിദ്വേഷവും ജനിപ്പിക്കുന്ന വംശീയ ഭാവനകളാല്‍ സമ്പന്നവുമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് തനിമാവാദത്തിനെതിരെ കേരളത്തില്‍ നടന്ന രാഷ്ട്രീയ സമരങ്ങളും അറുപത് വര്‍ഷത്തിലധികമുള്ള നമ്മുടെ ജനാധിപത്യ അനുഭവങ്ങളുമൊന്നും കേരളീയരുടെ മനോഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല എന്നു തന്നെയാണ്. 

ഈയൊരു പശ്ചാത്തലത്തിലാണ് തനിമയെ ഒരു രാഷ്ട്രീയ ആയുധമാക്കിക്കൊണ്ടുള്ള ബി.ജെ.പിയുടെ പുതിയ പടപ്പുറപ്പാട് പ്രത്യേക വിശകലനം അര്‍ഹിക്കുന്നത്. തനിമാ വാദത്തിനെതിരായ പോരാട്ടത്തിലൂടെ ആധുനിക ജനാധിപത്യ കേരളം രൂപപ്പെടുത്തി എന്നവകാശപ്പെടുന്ന ഒരു നാട്ടിലാണ് ഇപ്പോള്‍ അത്യന്തം പ്രതിലോമപരമായ രീതിയില്‍ ശുദ്ധ വംശീയവാദത്തെ ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കുന്നത്. ഈ വരുന്ന ചിങ്ങം ഒന്നിനാണ് കേരളത്തനിമ സംരക്ഷിക്കൂ, കേരള സംസ്‌കാരത്തെ രക്ഷിക്കൂ എന്ന തലക്കെട്ടില്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ കാമ്പയിന്‍ ആരംഭിക്കുന്നത്. കേരളത്തില്‍ വേരു പിടിക്കാന്‍ പല ആയുധങ്ങളും പയറ്റി പരാജയപ്പെട്ട ബി.ജെ.പിയുടെ ഏറ്റവും മൂര്‍ച്ചയുള്ളതും ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നതുമായ ഒരായുധമാണിതെന്ന കാര്യത്തില്‍ സംശയമില്ല. തൊണ്ണൂറുകളിലെ അയോധ്യാ കാമ്പയിന്‍ ഇന്ത്യയെ പ്രത്യേകിച്ച് പശു ബെല്‍റ്റിനെ വര്‍ഗീയമായി കീറിമുറിച്ചതുപോലെ ഈ കാമ്പയിനും കേരളത്തെ വര്‍ഗീയമായി കീറിമുറിച്ചാല്‍ യാതൊരദ്ഭുതവുമുണ്ടാകേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍, അത്രക്ക് അപകടകരവും പ്രതിലോമപരവുമാണ് ജനസംഖ്യയെ ആയുധമാക്കിക്കൊണ്ടുള്ള ഈ രാഷ്ട്രീയ കാമ്പയിന്‍. 

കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് ക്രിസ്ത്യാനികളും മുസ്‌ലിംകളും വര്‍ധിക്കുകയും ഹിന്ദു ജനസംഖ്യ കുറയുകയും ചെയ്തു എന്ന, ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത സെന്‍സസ് റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ബി.ജെ.പി കേരളത്തനിമയെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ തനിമ എന്നു പറയുന്നത് ഇവിടുത്തെ കാടും കടലും ആറുകളും നിറഞ്ഞ ഭൂപ്രകൃതിയും വ്യത്യസ്ത മതജാതി വിഭാഗങ്ങള്‍ ഒരുമിച്ചു പാര്‍ക്കുന്ന സാമൂഹികാന്തരീക്ഷവുമാണെന്നാണ്  ഇതുവരെ നമ്മെ പഠിപ്പിക്കുകയും നാം വിശ്വസിച്ചു പോരുകയും ചെയ്തിരുന്നത്. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഭാരതാംബയുടെ കണ്ണിലെ കരടാണെന്ന് ഉദ്‌ഘോഷിക്കുന്ന  വിചാരധാര ആശയാടിത്തറയാക്കിയ ബി.ജെ.പിയും സംഘപരിവാറും, മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും സാന്നിധ്യം കേരളത്തിന്റെ തനിമയെ കളങ്കപ്പെടുത്തുമെന്ന ശുദ്ധിവാദത്തിന്റെ വക്താക്കള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അതിതുവരെ പരസ്യമായി പറയാന്‍ അവര്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നു മാത്രം. അത്യന്തം അപകടകരമായ ഈ വിഭാഗീയ അജണ്ട പുറത്തെടുക്കാന്‍ പറ്റിയ അനുകൂലമായ സാഹചര്യം പതിയെപ്പതിയെ കേരളത്തില്‍ രൂപപ്പെട്ടുവരുന്നത് അവര്‍ ക്ഷമാപൂര്‍വം കാത്തിരിക്കുകയായിരുന്നു. 

അതിന്റെ ഒരു പീക് ടൈമിലാണ് ജനസംഖ്യയെക്കുറിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിഹ്വലതകള്‍ പുറത്തുവരുന്നത്. മതമില്ലാത്ത അല്ലെങ്കില്‍ എല്ലാ മതങ്ങളെയും തുല്യ അളവില്‍ നോക്കിക്കാണുന്ന ഒരു കമ്യൂണിസ്റ്റ് നേതാവ് എങ്ങനെയാണ് അത്യന്തം പ്രതിലോമപരമായ രീതിയില്‍ വംശീയവാദം ഉയര്‍ത്തുന്നത് എന്ന കാര്യം നമ്മെ അദ്ഭുതപ്പെടുത്തിയേക്കാം. പക്ഷേ, വംശീയതയില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാത്തത് കമ്യൂണിസ്റ്റുകളുടെ ഒരു ജനിതക ദൗര്‍ബല്യമാണെന്ന് മനസ്സിലാക്കിയാല്‍ ഈ അത്ഭുതം താനേ ഇല്ലാതാകും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഒന്നും രണ്ടും പാര്‍ലമെന്റുകളില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന കമ്യൂണിസ്റ്റുകളുടെ ഇപ്പോഴത്തെ അവസ്ഥ, മതത്തെ കുടഞ്ഞെറിഞ്ഞിട്ടും സവര്‍ണമായ വംശീയബോധം അവര്‍ക്ക് കൈയൊഴിയാന്‍ കഴിയാത്തത് കൊണ്ടാണെന്ന വസ്തുത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല. അതിനാല്‍, ഒരു കമ്യൂണിസ്റ്റ് നേതാവ് വംശീയവാദ ചിന്ത വെച്ചുപുലര്‍ത്തുന്നതിലല്ല, നമ്മുടെ അദ്ഭുതം. മറിച്ച്, അത് തുറന്ന് പ്രകടിപ്പിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത സമയത്തിന്റെ ഒചിത്യബോധമില്ലായ്മയാണ്. കാരണം, ഓരോ ദിവസവും ന്യൂനപക്ഷങ്ങളെ പാകിസ്താനിലേക്ക് വണ്ടി കയറ്റിവിടാന്‍ വെമ്പല്‍കൊള്ളുന്ന വംശീയ ഭ്രാന്തന്മാര്‍ കേന്ദ്രത്തില്‍ വാണരുളുമ്പോഴാണ് അവരുടെ വംശീയ ഭ്രാന്തിന് കേരളത്തിലും സ്വീകാര്യത ലഭിക്കാന്‍ പാകത്തില്‍ കാനം രാജേന്ദ്രനെപ്പോലുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ വായില്‍നിന്ന് വംശീയ വാദം പുറത്തുചാടുന്നത്. സ്വന്തം പാര്‍ട്ടിയുടെ അടിത്തറയെക്കുറിച്ച് രാജേന്ദ്രന് ഭയാശങ്കകള്‍ ഒന്നുമില്ലായിരിക്കാം. കാരണം, സി.പി.എമ്മിന്റെ പിന്തുണയില്ലെങ്കില്‍ കേരളത്തില്‍ ഒരിടത്തു പോലും ജയിക്കാനുള്ള ജനകീയ അടിത്തറ ഇന്ന് കാനത്തിന്റെ പാര്‍ട്ടിക്കില്ല എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ആ നിലക്ക് കേരളത്തിലുടനീളം വ്യാപകമായ അടിത്തറയുള്ള ബി.ജെ.പി ഭ്രാന്തമായ വംശീയവാദവുമായി ഗോദയിലുണ്ടായിരിക്കെ, അവരുടെ വംശീയ അജണ്ട ഏറ്റെടുത്തതുകൊണ്ട് ഏതെങ്കിലും ഒരു ഹിന്ദുവിനെ തന്റെ ആളില്ലാപ്പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കാനം രാജേന്ദ്രന്‍ കണക്കുകൂട്ടുന്നതിന്റെ മൗഢ്യമാണ് മനസ്സിലാകാത്തത്. 

കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷമാകുന്നതിലെ അസ്വസ്ഥതയോടൊപ്പം സംഘ്പരിവാറിന്റെ മറ്റു രണ്ട് പ്രചാര വേലകളെക്കൂടി കാനം സാധൂകരിക്കുകയുണ്ടായി. അതിലൊന്ന് മതേതര പ്രതിബദ്ധത ന്യൂനപക്ഷ പ്രീണനമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും, മറ്റൊന്ന് ഹിന്ദു മതം ഒരു മതമല്ലെന്നും മറിച്ച് ഒരു ജീവിതരീതിയും സംസ്‌കാരവുമാണെന്നുമുള്ള അദ്ദേഹത്തിന്റെ ജല്‍പനങ്ങളാണ്. രാജ്യത്ത് ഹിന്ദുത്വം അടിച്ചേല്‍പിക്കാനും ന്യൂനപക്ഷ വിരോധം വളര്‍ത്താനും എത്രയോ കാലമായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വാദങ്ങളാണ് ഇത് രണ്ടുമെന്ന് അറിയാത്ത ആളായിരിക്കുകയില്ലല്ലോ കാനം രാജേന്ദ്രന്‍. ആളില്ലാഞ്ഞിട്ടും തന്റെ പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ മുസ്‌ലിം ലീഗ് വഴി കേരള മുസ്‌ലിംകള്‍ വഴിയൊരുക്കിക്കൊടുത്തു എന്നല്ലാതെ കാനം രാജേന്ദ്രന്റെ പാര്‍ട്ടി എപ്പോഴെങ്കിലും മുസ്‌ലിംകളെ വഴിവിട്ട് സഹായിച്ചതായി അറിയില്ല. സി.പി.ഐ നേതാക്കളായ അച്യുതമേനോനും പി.കെ.വാസുദേവന്‍ നായരും കേരളത്തിന്റെ മുഖ്യമന്ത്രിമാരായത് മുസ്‌ലിം ലീഗിന്റെ കൂടി പിന്തുണയിലായിരുന്നുവല്ലോ. പിന്നെ മതേതരത്വത്തിന്റെ ചെലവില്‍ ആരാണ് മുസ്‌ലിംകളെ പ്രീണിപ്പിച്ചത്? കോണ്‍ഗ്രസ്സോ അതോ സി.പി.എമ്മോ? തങ്ങള്‍ പതിവായി കളിക്കാറുള്ള മൃദു ഹിന്ദുത്വ നിലപാട് കോണ്‍ഗ്രസ്സ് സമ്മതിച്ച് തരില്ലെങ്കിലും തങ്ങള്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചതായി കോണ്‍ഗ്രസ്സുകാര്‍ തന്നെ ഇതുവരെ അവകാശപ്പെട്ടിട്ടില്ല. ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ പലപ്പോഴായി വോട്ടു നല്‍കി ജയിപ്പിച്ചിട്ടുള്ള ഇടത് പക്ഷം അടക്കമുള്ള മതേതര പാര്‍ട്ടികള്‍ എന്തൊക്കെ ചെയ്തു എന്ന കാര്യം ഇവിടെ വിസ്തരിക്കുന്നില്ല. കാര്യമായി അവര്‍ വല്ലതും ചെയ്തിരുന്നുവെങ്കില്‍ അര നൂറ്റാണ്ടിനു ശേഷവും സച്ചാര്‍ കമ്മിറ്റിയും നരേന്ദ്ര കമ്മീഷനും പാലോളിക്കമ്മറ്റിയുമൊന്നും ആവശ്യമായി വരുമായിരുന്നില്ല എന്നു മാത്രം പറയാം. ബാബരിമസ്ജിദ് ഫാഷിസ്റ്റുകള്‍ പൊളിച്ചതിനെയും ഗുജറാത്ത് വംശഹത്യയെയും തങ്ങള്‍ നേരത്തെ എതിര്‍ത്തതും അപലപിച്ചതുമാണോ ഇപ്പോള്‍ കാനത്തിന് ന്യൂനപക്ഷ പ്രീണനമായി തോന്നുന്നത് ? എങ്കില്‍, കേരളത്തില്‍ ഒരു ഗുജറാത്ത് പരീക്ഷിക്കാന്‍ ബി.ജെ.പി. പല തന്ത്രങ്ങളും പയറ്റുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടുക തന്നെ വേണം കാനത്തിന്റെ പ്രസ്താവനയെ. 

ഹിന്ദുമതത്തെക്കുറിച്ച കാനത്തിന്റെ പുതിയ വെളിപാടിലും വലിയ അപകടം പതിയിരിപ്പുണ്ട്. ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും പോലെ ഹിന്ദുമതം ഒരു മതമല്ലെന്നും അത് ഇന്ത്യക്കാരുടെ ഒരു ജീവിതരീതിയും സംസ്‌കാരവുമാണെന്നുമാണല്ലോ കാനം പറഞ്ഞതിന്റെ അര്‍ഥം.  സംഘപരിവാര്‍ ആവര്‍ത്തിച്ചു പറയുന്നതുപോലെ ഹിന്ദുമതത്തെ ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയാക്കുകയാണ് കാനം ഇതിലൂടെ ചെയ്തത്. മുസ്‌ലിമും ക്രിസ്ത്യാനിയും തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ സംഘ്പരിവാര്‍ വാദമായ ഹിന്ദുത്വത്തിന്റെ ഏകാത്മക സംസ്‌കാരത്തില്‍ ലയിച്ചു ചേരണം എന്നുതന്നെയാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം. അതാകട്ടെ, ഭരണഘടനയുടെ അടിത്തറയായ മതനിരപേക്ഷതക്കും നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ ബഹുസ്വര സംസ്‌കൃതിക്കും എതിരാണ്. 

യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലെ ഏറ്റവും അപകടകരമായ ഈ സാംസ്‌കാരിക വാദം ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ നാവില്‍നിന്ന് പുറത്തുചാടിയതൊന്നുമല്ല. മറിച്ച്, കേരളത്തിന്റെ പൊതു സംസ്‌കാരമായി സവര്‍ണ ഹിന്ദുത്വ സംസ്‌കാരത്തെ അടിച്ചേല്‍പിക്കാന്‍ കുറെ കാലമായി ഇവിടെ നടന്നുവരുന്ന ശ്രമങ്ങളുടെ ഒരു സ്വാഭാവിക പ്രത്യാഘാതം മാത്രമാണ്. സംഘപരിവാര്‍ ശക്തികളും അവരുടെ സഹയാത്രികരും മാത്രമല്ല, ഈ ശ്രമങ്ങളുടെ മുന്‍പന്തിയിലുള്ളത്. മറിച്ച്, മതനിരപേക്ഷതയുടെ വക്താക്കളോ ഇടതുപക്ഷത്തിന്റെ സഹയാത്രികരോ ആയ ബുദ്ധിജീവികളും എഴുത്തുകാരും കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം അതിന്റെ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഓണം കേരളത്തിന്റെ പൊതു ആഘോഷമാക്കി മാറ്റിയതിന്റെയും, എഴുത്തിനിരുത്തല്‍ ചടങ്ങ് കെങ്കേമമായി കൊണ്ടാടുന്നതിന്റെയും, നിലവിളക്ക് കത്തിക്കല്‍ വിവാദമാക്കുന്നതിന്റെയും  പിന്നില്‍ അവരും സംഘപരിവാറിനേക്കാള്‍ ഒട്ടും പിറകിലല്ലല്ലോ.  ഏറ്റവും ഒടുവില്‍ മുസ്‌ലിം പക്ഷത്തുള്ള ചില എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും വരെ അതിന്റെ വക്താക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു. സിനിമാനടന്‍ മമ്മുട്ടി വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് നിലവിളക്കിനെക്കുറിച്ച് സ്റ്റഡീക്ലാസ്സെടുത്തു കൊടുത്തതും, മുസ്‌ലിം കേരളത്തിന്റെ പുതിയ മതേതര ചാവേറുകളായ മുനീര്‍-കെ.എം ഷാജി പ്രഭൃതികളും കെ.ടി ജലീല്‍ എം.എല്‍.എയും എ.പി ഉസ്താദിന്റെ അനുയായിയും ഇടതുപക്ഷ സഹയാത്രികനുമായ ഹുസൈന്‍ രണ്ടത്താണിയുമെല്ലാം  നിലവിളക്കിന് അനുകൂലമായി 'ഫത്‌വ' ഇറക്കിയതും ഓര്‍ക്കുക. 

മതസൗഹാര്‍ദത്തിനും സാമുദായിക സഹവര്‍ത്തിത്വത്തിനും വേണ്ടി ഓണം, ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലോ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിലോ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം മതപരമായി  യാതൊരു വിലക്കുമില്ല. എന്നല്ല, ഇന്നത്തെ സാഹചര്യത്തില്‍ അത് അനിവാര്യവുമാണ്. പക്ഷേ, ഒരു മതവിഭാഗത്തിന്റെ മാത്രം ആഘോഷങ്ങളെ കേരളത്തിന്റെ പൊതു ആഘോഷമാക്കി മാറ്റുകയും അതിലൂടെ മറ്റ് മത വിഭാഗക്കാര്‍ക്ക് അതില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തവിധമുള്ള ഒരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് സാംസ്‌കാരിക ഫാഷിസം തന്നെയാണ്. നിലവിളക്ക് കത്തിക്കാന്‍ വിസമ്മതിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ പിന്നിലും ഇതേ സാംസ്‌കാരിക ഫാഷിസമുണ്ട്. ഇപ്രകാരം നിരന്തരമായ പ്രചാര വേലകളഴിച്ചുവിട്ടും, മതേതരവാദികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയും തങ്ങള്‍ സാംസ്‌കാരികമായി ഉഴുതുമറിച്ച മണ്ണിലാണിപ്പോള്‍ തനിമാവാദത്തിന്റെ പുതിയ വിത്തിറക്കാന്‍ സംഘ്പരിവാര്‍  രംഗത്തിറങ്ങിയിരിക്കുന്നത്. അയോധ്യാ കാമ്പയിന്‍ ബി.ജെ.പിക്ക് ഇന്ദ്രപ്രസ്ഥത്തിലേക്ക് ചവിട്ടുപടിയായതുപോലെ തനിമാസംരക്ഷണ കാമ്പയിന്‍ അവര്‍ക്ക് അനന്തപുരിയിലേക്കും ചവിട്ടുപടിയായി മാറുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ. അതിനിടയില്‍ വല്ല വിധേനയും ഗുജറാത്ത് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിനെതിരെ ഇടതുപക്ഷം പതിവില്‍ നിന്ന് ഭിന്നമായി മൗനം പാലിച്ചേക്കുമോ എന്ന ആപല്‍ സൂചനയാണ് കാനം രാജേന്ദ്രന്റെ ന്യൂനപക്ഷ പ്രീണനവാദം ഉയര്‍ത്തുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍