Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സുഖാഭിലാഷങ്ങള്‍


"രാജ്യത്തെ പിന്നാക്കക്കാരും, മര്‍ദിതരുമായ മുസ്ലിം ഭൂരിപക്ഷത്തെക്കുറിച്ച് കേവല ജ്ഞാനം മാത്രമേ ജമാഅത്തെ ഇസ്ലാമി എന്ന മതപ്രസ്ഥാനത്തിനുള്ളൂ എന്നതാണ് വാസ്തവം.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കപ്പെട്ട മുസ്ലിം പിന്നാക്കാവസ്ഥയുടെ കണക്കുകള്‍ക്കപ്പുറത്ത് ഇന്ത്യയിലെ അധഃസ്ഥിതരായ മുസ്ലിംകളുടെ ജീവിതവുമായി ജമാഅത്തെ ഇസ്ലാമിക്ക് യാതൊരു അനുഭവപ്പൊരുത്തവുമില്ല. ആ നിലക്ക് പരിശോധിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെയും സമാന മുസ്ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിന് പിന്നിലെ പ്രധാന കാരണം അസംതൃപ്ത മുസ്ലിംകളുടെ ഭാഗത്തുനിന്നും സ്വാഭാവികമായി ഉണ്ടായ രാഷ്ട്രീയ ചലനമല്ല, മറിച്ച് സംതൃപ്ത മുസ്ലിംകളുടെ രാഷ്ട്രീയ സുഖാഭിലാഷങ്ങളാണെന്ന് നിരീക്ഷിക്കാവുന്നതാണ്. മുസ്ലിം എന്ന സ്വത്വത്തെ ജമാഅത്തെ ഇസ്ലാമി എങ്ങനെ നിര്‍വചിക്കുന്നുവെന്നും മുസ്ലിംകള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ലാമിക്കുള്ള സ്ഥാനം എന്താണെന്നും അറിയുന്നതിലൂടെ നീതി, സമത്വം, മുസ്ലിം ഉന്നമനം തുടങ്ങിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളുടെ ആന്തരികാര്‍ഥവും അതിന്റെ രാഷ്ട്രീയാര്‍ഥവും വായിച്ചെടുക്കാന്‍ സാധിക്കും. ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക സംഘടനയുടെ കേരള ഘടകത്തെ മാത്രം പരിശോധിച്ചുകൊണ്ട് ഇക്കാര്യം അറിയാം...''
'ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സുഖാഭിലാഷങ്ങള്‍' എന്ന തലക്കെട്ടില്‍, 2011 ആഗസ്റ് അഞ്ചിലെ സമകാലിക മലയാളം വാരികയില്‍ വന്ന നിരീക്ഷണത്തോട് മുജീബിന്റെ പ്രതികരണം?
ഉമ്മു ശാദാന്‍ ചേന്ദമംഗല്ലൂര്‍

ജമാഅത്തെ ഇസ്ലാമിയെ പഠിക്കാനും അടുത്തറിയാനും ഗൌരപൂര്‍വമായ ഒരു ശ്രമവും നടത്താതെ, കേവലം ഉപരിപ്ളവ നിരീക്ഷണങ്ങളിലൂടെ തെറ്റായ നിഗമനങ്ങളിലെത്തുകയായിരുന്നു ലേഖകന്‍ എന്ന് വ്യക്തം. മുസ്ലിം പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ രൂപവത്കൃതമായ പ്രസ്ഥാനമല്ല ജമാഅത്ത് എന്നാണ് അദ്ദേഹം പ്രാഥമികമായി മനസ്സിലാക്കേണ്ടിയിരുന്നത്. മതഭേദം കൂടാതെ ഇന്ത്യയിലെ എല്ലാ മനുഷ്യരുടെയും നന്മക്കായി മാനവികവും ധാര്‍മികവും നൈതികവുമായ അടിത്തറകളില്‍ ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കാനാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്. സര്‍വജ്ഞനായ ദൈവം യുഗാന്തരങ്ങളിലൂടെ പ്രവാചകന്മാര്‍ മുഖേന നല്‍കിയ സന്മാര്‍ഗ സന്ദേശമാണതിന്റെ അടിത്തറ. ഇത് രാജ്യത്തിന് പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും സുദീര്‍ഘമായ കാലയളവ് വേണ്ടിവരുമെന്ന് വ്യക്തമാണ്. തെറ്റിദ്ധാരണകളും ദുരാരോപണങ്ങളും പരത്താന്‍ ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങള്‍ നിരന്തരം നടക്കെ വിശേഷിച്ചും. എന്നാല്‍, ആ ദൌത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കെ തന്നെ, ഇസ്ലാമിനെ ആദര്‍ശമായംഗീകരിച്ചു എന്നവകാശപ്പെടുന്ന ഒരു സാമ്പ്രദായിക മുസ്ലിം ന്യൂനപക്ഷം ഇന്ത്യയില്‍ ജീവിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തിന് നേരെ ജമാഅത്ത് കണ്ണടച്ചിട്ടില്ല. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും മാത്രമല്ല അവരുടെ പിന്നാക്കാവസ്ഥ, ആദര്‍ശപരവും ധാര്‍മികവും സാംസ്കാരികവുമായ മേഖലകളിലും അവര്‍ പിന്നാക്കം തന്നെയാണ്. ഇത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടെത്തുന്നതിന് എത്രയോ മുമ്പേ-സംഘടനയുടെ പ്രാരംഭം മുതല്‍ക്കേ- ജമാഅത്ത് തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് സംഘടനയുടെ പോളിസി-പ്രോഗ്രാമില്‍ എക്കാലത്തും 'സമൂഹ സംസ്കരണം' എന്ന തലക്കെട്ടില്‍ മുസ്ലിം സമൂഹത്തിന്റെ നാനാവിധ പ്രശ്നങ്ങളുടെ പരിഹാരത്തിനും സംസ്കരണത്തിനും മുന്തിയ പ്രാധാന്യം നല്‍കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്, സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും, പലിശരഹിത പരസ്പര സഹായ പദ്ധതികള്‍, നിര്‍ധനര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണം, കലാപ ബാധിതരുടെ പുനരധിവാസം, ആശുപത്രികള്‍, അനാഥാലയങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജമാഅത്ത് വ്യവസ്ഥാപിതമായി നടത്തിവന്നിട്ടുണ്ട്. ഏറ്റവും പുതുതായി വിഷന്‍ 2016-ന്റെ ബാനറില്‍ ഇന്ത്യയിലെ അധഃസ്ഥിത മുസ്ലിംകളുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികള്‍ ജമാഅത്ത് ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. അവയുടെയെല്ലാം ഉന്നം അധഃസ്ഥിതരായ മുസ്ലിംകളുടെ ഉന്നമനമാണ് താനും. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ മുസ്ലിംകളെ സാമുദായികമായി സംഘടിപ്പിക്കുക എന്നത് ജമാഅത്തിന്റെ അജണ്ട ആയിരുന്നിട്ടില്ല; ഇപ്പോഴും അല്ല.
വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരണത്തിന് നേതൃപരമായ പങ്കുവഹിക്കാന്‍ ജമാഅത്തിന് പ്രേരണയും പ്രചോദനവുമായതും സാമുദായിക രാഷ്ട്രീയമല്ല, സാമൂഹിക നീതിയും അഴിമതിമുക്ത ഭരണവും മനുഷ്യാവകാശ സംരക്ഷണവും ലക്ഷ്യമാക്കി രൂപവത്കരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യത്തെ ഏറ്റവും വലിയ പിന്നാക്ക ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കുന്നു എന്നേയുള്ളൂ. അത് അസംതൃപ്ത മുസ്ലിംകളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ളതല്ല. ഉപര്യുക്ത തരത്തില്‍ ഒരു പാര്‍ട്ടി ദേശീയതലത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. അഖിലേന്ത്യാ തലത്തില്‍ ഒരു പാര്‍ട്ടി നിലവില്‍ വരുമ്പോള്‍ കേരളത്തെ മാത്രം അതില്‍നിന്ന് ഒഴിച്ചുനിര്‍ത്താനും ന്യായങ്ങളില്ല. ഇന്ത്യയിലെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയെയും ഫലത്തില്‍ ചലിപ്പിക്കുന്നത് മധ്യ വര്‍ഗമാണ്. പിന്നാക്ക ദലിത് രാഷ്ട്രീയം പയറ്റുന്ന ബി.എസ്.പിയോ എസ്.പിയോ മുസ്ലിം ലീഗോ ഒന്നും ഇതിന്നപവാദമല്ല.

ശരീഅത്തും നേര്‍വഴിയും
 ".... ശരീഅത്തിനെക്കുറിച്ച് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് സിയാഉദ്ദീന്‍ സര്‍ദാറിനുള്ളത്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരീഅത്ത് ഒരു ഖുര്‍ആനിക സങ്കല്‍പം പോലുമല്ല. അതിന് യാതൊരു ദൈവികത്വവുമില്ല. എല്ലാ അര്‍ഥത്തിലും ഒരു സമൂഹ നിര്‍മിതിയാണത്. എട്ടാം നൂറ്റാണ്ടില്‍ അബ്ബാസിയാ ഭരണകാലത്താണ് ശരീഅത്ത് എന്ന സംജ്ഞ പ്രചാരത്തില്‍ വരുന്നത്. ആ കാലയളവില്‍ തന്നെയാണ് ഇസ്ലാമിക നിയമങ്ങളുടെ സ്ഥാപനവത്കരണം ആരംഭിക്കുന്നതും....... രണ്ടും തമ്മിലുള്ള  പൊരുത്തക്കേടുകള്‍ ഗ്രന്ഥകാരന്‍ എടുത്തു കാട്ടുന്നുണ്ട്. ചില ഉദാഹരണങ്ങള്‍:
1. ഖുര്‍ആന്‍ 'മതത്തില്‍ നിര്‍ബന്ധമില്ല' എന്ന് പ്രഖ്യാപിക്കുന്നു. ശരീഅത്താകട്ടെ മതപരിത്യാഗത്തിന് വധശിക്ഷ വിധിക്കുന്നു.
2. വ്യഭിചാരികളെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് ശരീഅത്ത് പറയുന്നു. ഖുര്‍ആനിലാണെങ്കില്‍ ഒരിടത്തും കല്ലേറുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നുമില്ല.
3. സ്വവര്‍ഗ ലൈംഗികതക്ക് സുനിര്‍ണിത ശിക്ഷ ഖുര്‍ആനില്‍ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ശരീഅത്ത് സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്നു.
4. വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ സംരക്ഷണാവകാശം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ശരീഅത്ത് പൊതുവില്‍ സ്ത്രീവിരുദ്ധവും സ്ത്രീവിദ്വേഷപരവുമായ സമീപനമാണ് സ്വീകരിക്കുന്നത്. ഖുര്‍ആനാവട്ടെ നിയമത്തിനു മുമ്പില്‍ പുരുഷനും സ്ത്രീയും തുല്യരാണെന്ന സമീപനം കൈക്കൊള്ളുന്നു....''
(ഇസ്ലാമിന്റെ നേര്‍വഴി, ഹമീദ് ചേന്ദമംഗല്ലൂര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2011 ജൂലൈ 31).
ഇത്തരം 'വെടിവെയ്പ്പി'ലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ച് മുജീബിന്റെ വിശകലനം?
സി.കെ.ജെ വാണിയമ്പലം

സിയാവുദ്ദീന്‍ സര്‍ദാറല്ല, അദ്ദേഹത്തേക്കാള്‍ വലിയ ചിന്തകനോ പണ്ഡിതനോ ആയാലും വിശുദ്ധ ഖുര്‍ആനിലെ സ്പഷ്ടമായ സൂക്തങ്ങളെ നിഷേധിച്ചാല്‍ അതംഗീകരിക്കാനാവില്ല. "പിന്നെ നാം ഭൌതികവ്യവഹാരങ്ങളില്‍ ഒരു ശരീഅത്ത് (നിയമസംഹിത) നിനക്ക് നിശ്ചയിച്ചുതന്നു. അതിനാല്‍ നീ അത് അനുധാവനം ചെയ്യുക. വിവരമില്ലാത്തവരുടെ ഹിതത്തെയാവരുത് നീ പിന്തുടരുന്നത്'' (45:18). "പ്രവാചകരേ, നാം ഇതാ ഈ ഗ്രന്ഥം സത്യത്തോടെ താങ്കള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അത് വേദത്തില്‍നിന്ന് അതിന്റെ മുമ്പില്‍ അവശേഷിച്ചിട്ടുള്ളതിനെ ശരിവെക്കുന്നതും അതിനെ സസൂക്ഷ്മം കാത്തുസൂക്ഷിക്കുന്നതുമാകുന്നു. അതിനാല്‍ താങ്കള്‍ ദൈവം അവതരിപ്പിച്ചുതന്ന നിയമത്തിന്‍പടി ജനങ്ങളുടെ വ്യവഹാരങ്ങളില്‍ വിധി നടത്തുക. താങ്കള്‍ക്ക് അവതരിച്ചുകിട്ടിയ സത്യത്തില്‍നിന്ന് പുറംതിരിയുന്നവരുടെ ഹിതത്തെ പിന്തുടരരുത്. നിങ്ങളില്‍ എല്ലാവര്‍ക്കും ഒരു ശരീഅത്തും കര്‍മമാര്‍ഗവും നാം നിശ്ചയിച്ചിട്ടുണ്ട്'' (5:48). ഇത്രയും വ്യക്തമായ പരാമര്‍ശങ്ങള്‍ നിലവിലിരിക്കെ ശരീഅത്ത് ഒരു ഖുര്‍ആനിക സങ്കല്‍പം പോലുമല്ല എന്ന് വാദിക്കുന്നതിനെന്തര്‍ഥം? അതിനാല്‍ തന്നെ അബ്ബാസിയാ ഭരണകാലത്താണ് ശരീഅത്ത് എന്ന സംജ്ഞ നിലവില്‍ വന്നതെന്ന കണ്ടുപിടുത്തവും അടിസ്ഥാന രഹിതമാണ്. പ്രവാചകനും സച്ചരിതരായ നാല് ഖലീഫമാരും നടപ്പാക്കിക്കാണിച്ച നിയമസംഹിതയുടെ പേരാണ് ശരീഅത്ത്. ആ നിയമങ്ങളുടെ മൂലസ്രോതസ്സ് ഒന്നാമത് ഖുര്‍ആനും രണ്ടാമത് പ്രവാചക ചര്യയുമാണ്.
മതപരിത്യാഗിയുടെ ശിക്ഷാവിധി ഖുര്‍ആനിലില്ലെങ്കിലും കൊലപാതകത്തേക്കാള്‍ ഭയങ്കര പാതകമായി അതിനെ എണ്ണിയിട്ടുണ്ട്. രാജ്യദ്രോഹമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. അതനുസരിച്ച ശിക്ഷയും ഒന്നാം ഖലീഫ അബൂബക്കര്‍ (റ) മുതല്‍ നടപ്പാക്കി. വ്യഭിചാരിക്ക് 100 അടി ശിക്ഷയാണ് ഖുര്‍ആന്‍ വിധിച്ചതെങ്കില്‍ തന്നെയും അത് ശരീഅത്ത് ആകാതിരിക്കുന്നതെങ്ങനെ? അതുപോലെ മോഷ്ടാവിന്റെ കൈ വെട്ടാനാണ് ഖുര്‍ആന്റെ ശാസന. അതും ശരീഅത്ത് വിധി തന്നെയല്ലേ? കൊലപാതകത്തിന് വധശിക്ഷ കല്‍പിച്ചതും ഖുര്‍ആന്‍ തന്നെ. അതും ശരീഅത്ത് നിയമങ്ങളുടെ ഭാഗമാണ്. സ്ത്രീകളുടെ ജീവനാംശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാമുള്ള ഖുര്‍ആനികാധ്യാപനങ്ങള്‍ ആര്‍ക്കും എക്കാലത്തും നോക്കിയാല്‍ കാണാം. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ചിലര്‍ക്കുണ്ടാവാമെന്നതുകൊണ്ട് ശരീഅത്തേ ഇല്ല എന്ന് വാദിക്കുന്നത് യുക്തിശൂന്യമാണ്. നിയമത്തിന്റെ മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് വന്നാലും അത് നടപ്പാക്കേണ്ടത് ശരീഅത്തിലൂടെ തന്നെ വേണമല്ലോ. ശരീഅത്തിനെ പാടെ നിഷേധിച്ചുകൊണ്ട് ഒരു നീതിയും സംസ്ഥാപിക്കാനാവില്ല. ചുരുക്കത്തില്‍ മുസ്ലിം മനസ്സില്ല എന്ന വാദം പോലെ ബാലിശമാണ് ശരീഅത്തേ ഇസ്ലാമിലില്ല എന്ന വാദവും, വാദം സര്‍ദാറുടേതായാലും ഹമീദിന്റേതായാലും

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം