കേരളം പുതിയ നൂറ്റാണ്ടില്‍:യോജിപ്പുകളും വിയോജിപ്പുകളും
കെ.കെ ബാബുരാജിന്റെ അഭിമുഖത്തില്‍ പറയുന്ന നിലപാടുകളോട് പൊതുവില്‍ എനിക്ക് യോജിപ്പാണുള്ളത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കേരളീയ ജീവിതം ഇന്നുവരെ പൊതുവില്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത് ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കാഴ്ചപ്പാടിലൂടെയാണ്. ഇ.എം.എസ് മുതല്‍ പി. ഗോവിന്ദപിള്ള വരെയുള്ള ഈ വിഭാഗത്തിന്റെ പ്രധാന ഊന്നല്‍ കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും സാമൂഹിക വിമോചന പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും നേരവകാശികള്‍ തങ്ങളാണെന്നതാണ്. നാരായണഗുരുവും ചട്ടമ്പി സ്വാമികളും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയുമൊക്കെ അവരുടെ പൂമുഖത്തെ ഷോക്കേസിലെ മുഖ്യ കാഴ്ചവസ്തുക്കളായിരുന്നു.
ഇതില്‍ വലിയ അസത്യങ്ങളുണ്ട് എന്നൊന്നും വാദിക്കുന്നതില്‍ അര്‍ഥമില്ല. കാരണം, അധികാര രാഷ്ട്രീയത്തിനപ്പുറം ഏതൊരു സംസ്‌കാരത്തെക്കുറിച്ചും ആലോചിക്കാന്‍ മെനക്കെടാത്ത കോണ്‍ഗ്രസ്സും അവരെ ചുറ്റിപ്പറ്റി കഴിഞ്ഞുകൂടുന്ന കുറെ ജാതി മത കക്ഷികളും മാത്രമാണ് അപ്പുറത്തുണ്ടായിരുന്നത്. സ്വാഭാവികമായും സാംസ്‌കാരികമായ പൈതൃകങ്ങളെ സംബന്ധിച്ച ചര്‍ച്ചയും ഭാവിയെ സംബന്ധിച്ച പരിപ്രേക്ഷ്യവും ഇടതുപക്ഷ കക്ഷികളുടെ കുത്തകയായി നിലനിന്നു. 1994-ല്‍ പ്രശസ്തമായ കേരള പഠന കോണ്‍ഗ്രസ്സും ഒരു പതിറ്റാണ്ടിനു ശേഷം അതിന്റെ പുതിയ എഡിഷനും നടത്താന്‍ സി.പി.എം തയാറായി. മറ്റു കക്ഷികള്‍ അതൊക്കെ എന്താണെന്നു പോലും അന്വേഷിക്കാന്‍ മെനക്കെടുകയുണ്ടായില്ല.
ബുദ്ധിപരവും ചിന്താപരവുമായ ഈ ജഡതയെ മുറിച്ചുകടക്കാന്‍ കേരള സമൂഹത്തെ സഹായിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ '90കളില്‍ രൂപപ്പെട്ട് വരാന്‍ തുടങ്ങിയ വിവിധ നവസാമൂഹിക പ്രസ്ഥാനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളുമാണ്. മുസ്‌ലിം, ദലിത് സമുദായങ്ങളുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ഉയിര്‍ത്തെഴുന്നേല്‍പ് സാധ്യമായത്. ഈ വിഭാഗങ്ങളില്‍ നിന്ന് ശക്തരായ ചിന്തകരും ബുദ്ധിജീവികളും ഉയര്‍ന്നുവന്നു. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ചിന്താപരമായ ബഹുസ്വരതക്ക് അടിത്തറ പാകിയത് ഈ പ്രസ്ഥാനങ്ങളാണ്. ഇടതുപക്ഷ നൈതികത രാഷ്ട്രീയവും ആശയപരവുമായ ജഡാവസ്ഥയിലേക്ക് പ്രവേശിക്കുന്ന വേളയില്‍ തന്നെയാണ് ഈ പുതുമുളകള്‍ പൊട്ടിവിടര്‍ന്നു വന്നത്. സ്വാഭാവികമായും ഭാവി കേരളത്തെ സംബന്ധിക്കുന്ന ദിശാബോധം നിര്‍ണയിക്കുന്നതില്‍ ഈ വിഭാഗങ്ങളായിരിക്കും വരും നാളുകളില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനം ചെലുത്തുക.
ഈ പുതിയ പ്രസ്ഥാനങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി ചരിത്രത്തെയും പാരമ്പര്യങ്ങളെയും പുതിയൊരു മട്ടില്‍ വീക്ഷിക്കുന്ന പ്രവണത വളര്‍ന്നു വന്നിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സവര്‍ണ നിയന്ത്രിതമായ സാംസ്‌കാരിക സ്വത്വത്തെ വെല്ലുവിളിക്കാന്‍ ഇന്ന് ഈ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അയ്യങ്കാളിയും പൊയ്കയില്‍ യോഹന്നാനും വാഗ്ഭടാനന്ദനും സാധുജന പ്രസ്ഥാനവും ഒക്കെ കേരളത്തിന്റെ ചരിത്രത്തില്‍ പുതുതായി ഇടം പിടിക്കാനിടയായത് അത്തരമൊരു പശ്ചാത്തലത്തിലാണ്. ഇന്ന് ഈ കീഴാള പാരമ്പര്യങ്ങളെ കൂടി സ്വാംശീകരിക്കാനും തങ്ങളുടേതാക്കി മാറ്റാനുമുള്ള ബോധപൂര്‍വമായ ഒരു ശ്രമം ഇടതുപക്ഷം നടത്തുന്നത് നല്ലതു തന്നെ. പക്ഷേ, തങ്ങളുടെ സവര്‍ണപക്ഷപാതങ്ങളെ ഉച്ചാടനം ചെയ്യാതെ അവര്‍ക്ക് ഭാവി കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ വലിയൊരു പ്രസക്തിയൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. എന്നാല്‍, ഈ സവര്‍ണ വേരുകള്‍ പറിച്ചുകളയാനുള്ള യാതൊരു മനോധൈര്യവും ഇന്ന് ഇടതുപക്ഷ നേതൃത്വത്തിനില്ല. അതിന്റെ ആഭ്യന്തരമായ തകര്‍ച്ചയുടെ നാളുകളാണ് നാമിന്ന് കാണുന്നത്.
അതേസമയം, സാമൂഹിക പഠനങ്ങളിലും രാഷ്ട്രീയ സമീപനങ്ങള്‍ രൂപപ്പെടുന്നതിലും മാര്‍ക്‌സിസത്തിന്റെ വെളിച്ചം പുത്തന്‍ പ്രസ്ഥാനങ്ങള്‍ക്ക് സഹായകമാവും. കമ്യൂണിസ്റ്റ് കക്ഷികള്‍ തങ്ങളുടെ മാര്‍ക്‌സിസ്റ്റ് വൈരുധ്യാത്മക പരിപ്രേക്ഷ്യത്തെ വിട്ടുകളയുന്ന അവസ്ഥയാണ് ഇന്ന്. പകരം അതിലളിതവത്കൃതമായ രാഷ്ട്രീയ നിരീക്ഷണങ്ങളുടെ പരിപാടികളാണ് അവര്‍ അവതരിപ്പിക്കുന്നത്. നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ മാര്‍ക്‌സിസത്തില്‍ നിന്ന് പുറംതിരിഞ്ഞ് നില്‍ക്കുകയല്ല വേണ്ടത്. തങ്ങളുടെ ലോകവീക്ഷണത്തെ കൂടുതല്‍ ശക്തവും യുക്തിഭദ്രവും ശാസ്ത്രീയവുമാക്കാനായി മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും വെളിച്ചം ഉപയോഗിക്കാനാണ് അവര്‍ ശ്രദ്ധിക്കേണ്ടത്. മാര്‍ക്‌സിസ്റ്റുകള്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന് തങ്ങളുടെ പഴയ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പോരാടുന്നവരും അധ്വാനിക്കുന്നവരുമായ ജനതയുടെ വിമോചനമാണ് അത് ഉന്നം വെച്ചിരുന്നത്. പകരം ഉദാരവത്കൃത സമ്പദ്ഘടനയില്‍ ഏതാണ്ടൊരു കങ്കാണിപ്പണിയുടെ നേട്ടങ്ങളാണ് ഇന്ന് അവരെ ആകര്‍ഷിക്കുന്നത്. അവര്‍ വിട്ടുകളഞ്ഞ മുദ്രാവാക്യങ്ങള്‍ ഇന്നും പ്രസക്തമാണ്. ചൂഷണത്തിന്റെയും വര്‍ഗ വൈരുധ്യങ്ങളുടെയും പ്രശ്‌നം സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അത് പ്രസക്തമായിരിക്കുകയും ചെയ്യും. അതിനാല്‍ പുതിയ ചിന്തകര്‍, ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാര്‍ക്‌സിസത്തെ അപ്പാടെ തള്ളിക്കളയുകയല്ല, അത് തങ്ങള്‍ക്ക് ഉപകാരപ്രദമായ മട്ടില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ബാബുരാജിന്റെ നിലപാടുകളില്‍ എനിക്ക് കണ്ടെത്താന്‍ കഴിയാതെ വന്നത് ഈയൊരു സമീപനമാണ്.
Comments