ഒരു മോഡല്‍ വിവാദം
പടിഞ്ഞാറന്‍ ജനത മൊത്തത്തില്‍, സദാചാരപരിധികള്‍ മാനിക്കാത്തവരും ലൈംഗികാരാജകത്വത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെയും വക്താക്കളുമാണെന്നാണ് പൗരസ്ത്യ ലോകത്തിന്റെ പൊതു ധാരണ. ലോകത്തെ വരച്ചവരയില്‍ നിര്‍ത്തുന്ന ശാക്തിക രാഷ്ട്രങ്ങളുടെ അത്യുന്നത സാരഥികള്‍ മുതല്‍ മതപുരോഹിതന്മാര്‍ വരെ ജീവിതത്തിന്റെ നാനാ തുറകളിലുള്ള പ്രഗത്ഭന്മാരെക്കുറിച്ച് മാധ്യമങ്ങളില്‍ ദിനേന വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഈ ധാരണയെ അരക്കിട്ടുറപ്പിക്കുന്നതാണ്. എന്നാല്‍, പാശ്ചാത്യരെല്ലാം അശ്ലീലത്തിന്റെയും ആഭാസത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമാണ് എന്ന ധാരണ അബദ്ധമാകുന്നു. മാന്യതയും സദാചാര പ്രതിബദ്ധതയുമുള്ളവര്‍ അവിടെയും ഏറെയുണ്ട്. വാസ്തവത്തില്‍ പ്രമുഖരുടെ അപഥ സഞ്ചാര കഥകള്‍ വന്‍ വാര്‍ത്തകളും വിവാദങ്ങളുമാകുന്നതുതന്നെ, വലിയൊരു വിഭാഗം അതിനെ വിമര്‍ശിക്കുകയും വെറുക്കുകയും ചെയ്യുന്നതുകൊണ്ടാണ്. നേതാക്കളുടെ അപഥ സഞ്ചാര കഥകള്‍ പുറത്തുവരുമ്പോള്‍ അവരെ മാലയിട്ട് സ്വീകരിച്ച് സിന്ദാബാദ് വിളിക്കാന്‍ കാത്തുനില്‍ക്കുന്ന അനുയായി വൃന്ദങ്ങള്‍ ഏതായാലും അവിടെയില്ല. ചില സന്ദര്‍ഭങ്ങളില്‍ ലൈംഗികാഭാസങ്ങള്‍ക്കെതിരെ പൗരസ്ത്യരേക്കാള്‍ പ്രതിഷേധമുള്ളവരാണെന്നു തോന്നും. ഈ തോന്നലിന് ആക്കം കൂട്ടുന്ന ഒരു സംഭവം അടുത്ത കാലത്തുണ്ടായി.
ലീനാ റോസ് ഒരു പത്തു വയസ്സുകാരി ഫ്രഞ്ച് പെണ്‍കുട്ടിയാണ്. മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ നിര്‍മലയും മൃദുലയും. ഏതാനും മാസം മുമ്പ് ഒരു മോഡലിംഗ് ഏജന്‍സി അവളെ അത്യന്തം പ്രലോഭനീയമായ വസ്ത്രങ്ങളണിയിച്ച് മേത്തരം മേക്കപ്പുകള്‍ കൊണ്ടലങ്കരിച്ച് ആണുങ്ങളെ ഹരം കൊള്ളിക്കുന്ന ഒരു മാദക റാണിയായി അവതരിപ്പിച്ചു. ഫ്രാന്‍സില്‍ മാത്രമല്ല, ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം ആ പടം വന്‍ കോളിളക്കം സൃഷ്ടിച്ചു. വികാരോദ്ദീപകമായ ഈ ചിത്രം ഒരു ഫാഷന്‍ മാസിക പ്രസിദ്ധീകരിക്കുക കൂടി ചെയ്തതോടെ പടിഞ്ഞാറന്‍ ലോകത്തെങ്ങും ലീനാ റോസിന് ആരാധകര്‍ പെരുകി. ഫേസ്ബുക്കില്‍ ഈ മോഡലിന് ഒരു പേജ് ലോഞ്ച് ചെയ്തു. ഫേസ്ബുക്കില്‍ ആരാധക സന്ദേശങ്ങള്‍ കുമിഞ്ഞുകൂടി. പുറത്തെ കോലാഹലവും ഫേസ്ബുക്കിലൂടെയുള്ള ആരാധകരുടെ അന്ധമായ തള്ളിക്കയറ്റവും ലീനാ റോസിന്റെ 43കാരിയായ അമ്മയെ ബേജാറാക്കി. അവരും ഒരു സിനിമാ പ്രവര്‍ത്തകയാണ്. അവര്‍ ഫേസ്ബുക്കിലെ പേജ് അടച്ചു കളഞ്ഞു. അടക്കുമ്പോള്‍ ആ അമ്മ എഴുതി: ''ക്ഷമിക്കണം, ഞാന്‍ അവളുടെ അമ്മയായിപ്പോയി... കേവലം ഒരു ബാലികയാണവളിപ്പോഴും. തന്നെക്കുറിച്ച് പുറത്ത് എന്തു പുകിലാണ് നടക്കുന്നതെന്ന് അവളറിയുന്നില്ല.''
ഒരു വശത്ത് ആരാധകരുടെ ആഘോഷം പൊടി പൊടിക്കുമ്പോള്‍ തന്നെ മറുവശത്ത് അതിനെതിരെ രൂക്ഷമായ പ്രതിഷേധവും അരങ്ങേറിക്കൊണ്ടിരുന്നു എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. ലീനാ റോസിനെ അവതരിപ്പിച്ച മോഡലിംഗ് ഏജന്‍സിക്കും ചിത്രം പ്രസിദ്ധീകരിച്ച ഫാഷന്‍ മാസികക്കുമെതിരെ ഫ്രാന്‍സിലും ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം രോഷമുയര്‍ന്നു. മോഡലിംഗ് തൊഴിലില്‍ ഏര്‍പ്പെട്ട വനിതകള്‍ വരെ അതില്‍ പങ്കുചേര്‍ന്നു. മുതിര്‍ന്നവരും യുവജനങ്ങളും മാത്രമല്ല, കൊച്ചു പെണ്‍കുട്ടികള്‍ പോലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. മോഡലിംഗ് ഏജന്‍സിയും മാസികയും ശ്ലീലതയുടെ അതിരുകള്‍ ലംഘിച്ചുവെന്നും ഒരു പാവം പെണ്‍കുഞ്ഞിന്റെ ബാല്യം കവര്‍ന്നുവെന്നുമായിരുന്നു മുഖ്യ വിമര്‍ശനങ്ങള്‍. ഒരു പെണ്‍കുട്ടി എഴുതി: ''പതിനഞ്ചു തികഞ്ഞ എനിക്ക് പോലും ആ രീതിയില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുന്നില്ല. അപ്പോള്‍ പത്തു വയസ്സുകാരിയുടെ അവസ്ഥ എന്തായിരിക്കും?'' ''ഒരു ഫാഷന്‍ മാസിക ഇത്രത്തോളം ചെയ്തുകളഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല...... നിര്‍മല ഹൃദയരായ കുഞ്ഞുങ്ങളെ നഗ്നമായി ചൂഷണം ചെയ്യലാണിത്''- മറ്റൊരു വനിത എഴുതി.
നാട്ടിലെ ചില സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നത് സഹിക്കാനാവാതെ നിയമം മൂലം നിരോധമേര്‍പ്പെടുത്തിയ നാടാണ് ഫ്രാന്‍സ്. അവിടത്തെ പ്രസിഡന്റ് ഒരു മോഡല്‍ ഗേളുമായി കുറെ നാള്‍ കറങ്ങി നടന്ന് വിവാഹബാഹ്യ ലൈംഗിക ജീവിതം ഒരാധികാരിക ഫാഷനാക്കിയ ശേഷമാണ് അവരെ വിവാഹം ചെയ്തത്. അതേ ഫ്രാന്‍സില്‍ തന്നെ ഒരു പത്തു വയസ്സുകാരിയെ സെക്‌സിയായി അവതരിപ്പിച്ചതില്‍ ഇത്രയേറെ പ്രതിഷേധമുയര്‍ന്നത് കൗതുകകരമാണ്.
ലീനാ റോസ് സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരം ആഭാസങ്ങള്‍ക്ക് മുതിരുന്നത്? സ്ത്രീയുടെ സൗന്ദര്യ പ്രദര്‍ശനത്തിന് ചില അതിരുകള്‍ ആവശ്യമാണെന്നാണല്ലോ സംഭവത്തിലെ പ്രതിഷേധം അടയാളപ്പെടുത്തുന്നത്. സ്ത്രീശരീരം മറക്കലല്ല, തുറന്നിടലാണ് യഥാര്‍ഥ സ്ത്രീ ചൂഷണവും പീഡനവും എന്നു ചിലര്‍ സൂചിപ്പിക്കുകയും ചെയ്തു. സ്ത്രീശരീരത്തിന്റെ വെളിപ്പെടുത്താവുന്ന ഭാഗങ്ങളുടെ അതിരുകള്‍ ഏതാണ് എന്ന കാര്യത്തിലേ പാശ്ചാത്യരും മുസ്‌ലിംകളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളൂ. വെളിപ്പെടുത്താവുന്നതിന് പരിധി നിഷേധിക്കുകയും മറക്കാവുന്നതിന് നിയമംമൂലം പരിധി നിശ്ചയിക്കുകയുമാണ് പല പാശ്ചാത്യ നാടുകളും ചെയ്തിട്ടുള്ളത്. ചെയ്യേണ്ടിയിരുന്നത് നേരെ മറിച്ചായിരുന്നു. വനിതകളെ വസ്ത്രത്തില്‍നിന്നും സഹജമായ ലജ്ജയില്‍ നിന്നും മോചിപ്പിക്കലല്ല സ്ത്രീ സ്വാതന്ത്ര്യമെന്ന് പാശ്ചാത്യര്‍ അംഗീകരിക്കണം; അവരെ ചാണിന് ചാണ്‍ അനുകരിക്കാന്‍ വെമ്പുന്ന പൗരസ്ത്യരും. വസ്ത്രാക്ഷേപത്തെ സ്ത്രീ വിമോചനമായി അവതരിപ്പിക്കുന്നവര്‍ വാസ്തവത്തില്‍ സ്ത്രീകളെ കബളിപ്പിക്കുകയാണ്. വനിതകളുടെ വസ്ത്രധാരണം സംബന്ധിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്താനും ചര്‍ച്ചാ വിഷയമാക്കാനും ലീനാ റോസ് സംഭവം യൂറോപ്യന്‍ മുസ്‌ലിംകള്‍ക്ക് നല്ലൊരവസരമാണ്.
Comments