Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

വിശപ്പിന്റെ മനസ്സ്

പത്തിയൂര്‍ ശ്രീകുമാര്‍

'ഉപവാസം' എന്നാല്‍ വെറും ആഹാരം ഉപേക്ഷിക്കലല്ല. സാധാരണ മനുഷ്യനെ സംബന്ധിച്ച് ആഹാരപാനീയങ്ങളില്ലാതെ എത്രദിവസം കഴിയാമെന്നൊക്കെ ശാസ്ത്രം വളരെ വിശദമായി പറയുന്നുണ്ട്. അത് ഭക്ഷണരഹിതമായ ഒരവസ്ഥക്കുള്ള നിര്‍വചനം മാത്രമാണ്. എന്നാല്‍ 'ഉപവാസം' അതിനും മീതെയാണ്. ഞാന്‍ എനിക്കുവേണ്ടിയും മറ്റാരെയും ബോധ്യപ്പെടുത്താതെയും സ്വയം സ്വീകരിക്കുന്ന വ്രതം. അവിടെയാണ് 'വിശപ്പിന്റെ മനസ്സി'ന്റെ പ്രസക്തി. എന്റെ അതിസമ്പന്നതയില്‍നിന്ന് എന്റെ അയല്‍വാസിയുടെ അതിദാരിദ്യ്രത്തിലേക്ക് ഉപവാസത്തിലൂടെയുള്ള എന്റെയാത്ര. ആ യാത്ര ഒരു സമൂഹത്തിന്റെ മൊത്തമായുള്ള യാത്രയാകുമ്പോള്‍ ഈ പ്രപഞ്ചത്തെക്കുറിച്ചും 'പരമകാരുണികനും ദയാപരനു'മായ പ്രപഞ്ചനാഥനെക്കുറിച്ചും ഭയഭക്തിയോടെ നാം പറഞ്ഞുപോകുന്നു: 'ദൈവമേ ഞാനെത്രെ നിസ്സാരനാണ്. എന്റെ നാഥാ നീയെനിക്കിറക്കിത്തന്ന ഏതൊരു നന്മയ്ക്കും ഏറെ ആവശ്യമുള്ളവനാണു ഞാന്‍. സഹജീവികളെ സമസൃഷ്ടിജന്യമായ സാഹോദര്യത്തോടെ കാണാന്‍ എത്രയെങ്കിലും ദിവസം എന്റെ മനസ്സിനെ സജ്ജമാക്കിത്തന്നല്ലോ.'
ഭൌതിക യാഥാര്‍ഥ്യത്തിനപ്പുറത്ത് ആത്മീയമായ ഒരു ചിന്താലോകമുണ്ടല്ലോ. ത്വക്ക്, മാംസം, രക്തം, അസ്ഥി ആദിയായവ കൊണ്ടു നിര്‍മിച്ച ഈ ശരീരം എത്ര നിന്ദ്യമാണ്. ഇതായിരിക്കും ആ ചിന്തയില്‍നിന്ന് ലഭിക്കുന്ന ആദ്യ അറിവ്. ഒരാളിന്റെ ശരീര സൌന്ദര്യബോധത്തില്‍ വീഴുന്ന ആദ്യക്ഷതം. ഞാന്‍ മറ്റൊരു മനുഷ്യനാകുന്നു. അജ്ഞതയുടെ ഇരുളിനെ കീറിമുറിക്കുന്ന വെളിച്ചത്തിന്റെ സംഘാതമാകുന്നു മനസ്സ്. ആ സമയം ഭക്ഷണ രാഹിത്യം ഒരു പ്രശ്നമായി മാറുന്നില്ല. സ്വച്ഛം ശാന്തം. അതൊരു പുതിയ 'വേദ'മായി മാറുന്നു.
'വേദം' - അറിവിനെ തരുന്നത് എന്നര്‍ഥം. അറിവിന്റെ സമാഹാരങ്ങള്‍ വേദഗ്രന്ഥങ്ങള്‍. വിവിധ മതസ്ഥര്‍ക്കു അവരുടേതായ വേദഗ്രന്ഥങ്ങളുണ്ട്. എല്ലാവരും, പൂര്‍ണമായിട്ടല്ലെങ്കിലും, അതിനെ പിന്‍പറ്റി ജീവിതക്രമം രൂപപ്പെടുത്തുന്നവരുമാണ്. ഇവിടത്തെ പരാമര്‍ശത്തിന്റെ അടിസ്ഥാനം പരിശുദ്ധ 'ഖുര്‍ആന്‍' ആണ് എന്ന് പറയുമ്പോള്‍ അതു സമഗ്രമായി മനസ്സിലാക്കിയെന്നോ അഥവാ ആധികാരികമായി പറയുന്നുവെന്നോ എന്നൊന്നും അവകാശവാദമില്ല. എങ്കിലും ഏതാനും ഖുര്‍ആന്‍ വാക്യങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ അനുഭവപ്പെട്ട ചില കാര്യങ്ങളാണു ഇവിടെ പകര്‍ത്തുന്നത്.
നമസ്കരിക്കുകയും ദാനധര്‍മം ചെയ്യുകയും ചെയ്യുന്നത് എളിമയുടെ പ്രകാശനമാണ്. റമദാന്‍ നമ്മോടാവശ്യപ്പെടുന്നതും അതു തന്നെയാണ്. ഇതു സ്വീകരിക്കുന്നതിന് വര്‍ണ, വര്‍ഗ, രാഷ്ട്ര നിയന്ത്രണങ്ങളില്ല. 'മനുഷ്യരില്‍ ചുമത്തപ്പെട്ടിരിക്കുന്ന ഭാരങ്ങളെയും അവരില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന(അടിമത്ത) ചങ്ങലകളെയും അദ്ദേഹം അവരില്‍ നിന്ന് ഇറക്കിവെയ്ക്കും.' ഇതിനോടൊപ്പമാണ് മനസിനൊരു പുതിയ സംസ്കാരം സംജാതമാകുന്നത്: 'സുഖം - ഇടിമിന്നല്‍ പോലെ ക്ഷണികമാണ്.' അവരവരുടെ ഇച്ഛകള്‍ക്കു യാതൊരു പ്രസക്തിയുമില്ലാതെ പെട്ടെന്നുദിച്ചവസാനിക്കുന്ന ഒന്നാണ് മനുഷ്യ ജീവിതം.
"ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരങ്ങളെയും മാത്രമാണ് ആരെങ്കിലും ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്കു തങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍ മുഴുവനും ഐഹിക ജീവിതത്തില്‍ തന്നെ നാം തീര്‍ത്തു കൊടുക്കും. അവര്‍ക്കതിനു യാതൊരു കുറവും വരുത്തുകയില്ല. എന്നാല്‍ അഗ്നിയല്ലാതെ പരലോകത്ത് യാതൊന്നും ലഭിക്കുകയില്ല. ഇഹലോകത്തുവെച്ചു അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം (പരലോകത്തെ സംബന്ധിച്ചേടത്തോളം) നിഷ്ഫലങ്ങളായിത്തീരും. (ഇവിടെവെച്ച്) അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം (യഥാര്‍ഥത്തില്‍) ഫലശൂന്യങ്ങളാകുന്നു'' (ഹൂദ്: 15,16).
അനാവശ്യമായ ആര്‍ഭാടങ്ങളും അമിത ധന പ്രദര്‍ശനവും -അക്കാര്യത്തില്‍ നിറഞ്ഞ 'മതസൌഹാര്‍ദ'(?)മാണ് - തുടങ്ങി എല്ലാത്തരം സമ്പന്നതയും അതിന്റെ അശ്ളീല മുഖം കൈവരിച്ചിരിക്കുന്ന ഇക്കൊച്ചു കേരളത്തില്‍, ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിക്കുമ്പോഴാണു സാമൂഹിക വ്യാഖ്യാനത്തില്‍ വേദഗ്രന്ഥങ്ങള്‍ വഹിക്കുന്ന പങ്ക് ബോധ്യപ്പെടുന്നത്. ഒരു സാധാരണ കുടുംബത്തിനു ആവശ്യമുള്ളതിലെത്രയോ മടങ്ങ് ചെലവഴിച്ചു വലിയ മാളിക പണിഞ്ഞ് (ഒരു കോടി വീടുകള്‍ - അതാണു നടപ്പുഫാഷന്‍) അതിനകത്ത് ഭയങ്കര നിശബ്ദതയുടെ കൂടാരം തീര്‍ത്ത് അച്ഛനുമമ്മയും മക്കളും സ്വന്തം തുരുത്തുകളില്‍ ഒറ്റപ്പെടുന്നു. ഭക്ഷണം വിളമ്പാറായോ എന്നറിയാന്‍ അമ്മയുടെ മൊബൈലിലേക്കു ഒരു എസ്.എം.എസ് അയച്ചു കാത്തിരിക്കുന്ന മക്കള്‍. അടുത്തുനില്‍ക്കുന്ന അനുജനെ കാറിന്റെ വലുപ്പത്തിന്റെയും വീട്ടുപകരണങ്ങളുടെ പെരുമയുടെയും അളവുകോലില്‍ മാത്രം കാണുന്ന, പരസ്പരം ഹൃദയം തുറന്നു ചിരിക്കാന്‍ മറന്നുപോയ വര്‍ത്തമാനകാലം. ഇപ്രകാരം അല്‍പജ്ഞനായ മനുഷ്യനോടാണു ഖുര്‍ആന്‍ പറയുന്നത്: നിങ്ങളിവിടെ ചെയ്തു കൂട്ടിയതൊക്കെയും നിഷ്ഫലമായിരിക്കുന്നു. ഐഹിക ജീവിതവും അതിന്റെ ആര്‍ഭാടങ്ങളും പാഴ്വേലകളായി പരിണമിക്കും.'
ഉത്തമനായ മകന്‍/സഹോദരന്‍, ഉത്തമയായ മാതാവ്/ഭാര്യ, മരുമകള്‍ എന്നിവര്‍ ആരായിരിക്കണം എന്നു മലയാളികളെ പഠിപ്പിച്ചതു മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കുന്ന 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാ'ണ് - തന്റെ 'അധ്യാത്മരാമായണം' കിളിപ്പാട്ടിലൂടെ. നടേപറഞ്ഞ സൂക്തങ്ങള്‍ ചില 'രാമായണ' ഭാഗങ്ങളെ ഓര്‍മിപ്പിക്കുന്നു ഈ സന്ദര്‍ഭത്തില്‍. മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും സുഖഭോഗങ്ങളുടെ നൈമിഷികമായ ആയുസ്സിനെക്കുറിച്ചും ഉത്തമജീവിതം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ആചാര്യന്‍ ഇപ്രകാരം പറയുന്നു:
"ഭോഗങ്ങളെല്ലാം
ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാ-
മായൂസ്സു മോര്‍ക്കനീ
വഹ്നി സന്തപ്ത ലോഹ-
സ്ഥാംബു ബിന്ദുനാ
സന്നിഭം വര്‍ത്തജന്‍മം
ക്ഷണഭംഗുരം.
ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാ ലോകവു-
മാലോല ചേതസ്സാ-
ഭോഗങ്ങള്‍ തേടുന്നു.''
(അധ്യാത്മരാമായണം, അയോധ്യാകാണ്ഡം, ലക്ഷ്മണോപദേശം)
സുഖം മിന്നല്‍പോലെ പെട്ടെന്നു കെട്ടടങ്ങുന്നു. ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തില്‍ പതിക്കുന്ന വെള്ളത്തുള്ളിപോലെ (വഹ്നിസന്തപ്തം- ചുട്ടുപഴുത്തിരിക്കുന്ന; ലോഹസ്ഥം- ലോഹത്തില്‍, അംബുബിന്ദു- വെള്ളത്തുള്ളി). ഒരുനിമിഷം കൊണ്ടവസാനിക്കുന്നതാണു മനുഷ്യജന്‍മം. പാമ്പിന്റെ വായില്‍ അകപ്പെട്ടിരിക്കുന്ന തവള (ദര്‍ദുരം-തവള) ഇരപിടിക്കുന്നതുപോലെ.
കാലമാകുന്ന പാമ്പിന്റെ വായിലകപ്പെട്ടിരിക്കുന്ന മനുഷ്യര്‍ സുഖത്തിനു പിന്നാലെ പായുന്നത് എത്ര പരിഹാസ്യമാണ്. അക്കൂട്ടര്‍ക്കാണ് 'അഗ്നിയല്ലാതെ പരലോകത്ത് യാതൊന്നും ലഭിക്കുകയില്ല' എന്ന് ഖുര്‍ആന്‍ ഉപദേശം നല്‍കുന്നത്.
ഇഹലോകത്ത് വിലയുണ്ട് എന്നു മനുഷ്യര്‍ വിചാരിക്കുന്നതെന്തും ക്ഷണികമാണ്. അല്‍പജ്ഞനായ മനുഷ്യന്‍ സുഖങ്ങളുടെ തേടലും നേടലുമാണ് എല്ലാറ്റിനും മീതേ എന്നു സ്വയം തീരുമാനിക്കുന്നു. സ്വയം കെട്ടിപ്പൊക്കിയ, എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന ആകാശ സൌധങ്ങളാണിവയെല്ലാം. മനുഷ്യന്‍ അകത്തേക്കു മാത്രം നോക്കി സ്വയം വീര്‍പ്പിച്ചു കെട്ടി വലിപ്പം ചമഞ്ഞിരിക്കുന്നതിനേക്കാള്‍, പുറത്തേക്കു നോക്കുന്നതാണു സംതൃപ്തി ഉണ്ടാക്കുന്നതെന്ന് എളുപ്പം ബോധ്യപ്പെടും. ആര്‍ഭാട ലോകത്തിനപ്പുറത്ത് എല്ലാത്തരം സുഖങ്ങളും നിഷേധിക്കപ്പെട്ട മനുഷ്യരുണ്ടെന്നു കാണുക. അവര്‍ക്കും ഒരു മനസ്സുണ്ടെന്നു ബോധ്യപ്പെടുക. അവരുടെ വിശപ്പ് സ്വന്തം വിശപ്പാണെന്നറിയുക. അങ്ങനെ വിശപ്പിന്റെ മനസ്സിനെ അറിയുക. 'നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ നമ്മോട് ഒട്ടും അടുപ്പിക്കുകയില്ല. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ.' അപ്പോള്‍ ഇത്തരം സൂക്തങ്ങള്‍ക്ക് കൂടുതല്‍ മിഴിവുണ്ടെന്നു വ്യക്തമാവും.
ുമവേശ്യീീൃസെ@്യമവീീ.രീ.ശി

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം