സമകാലിക മുസ്‌ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍
''ഈ ചോദ്യങ്ങള്‍ നൂറുകുറി വിനീതനായ ഈ ചരിത്രകാരന്‍ അവരോട് ചോദിച്ചിട്ടുള്ളതാണ്. ഒടുവിലവര്‍ രേഖകള്‍ ഹാജരാക്കി പറഞ്ഞുതന്നു. ചരിത്ര വിദ്യാര്‍ഥികളുടെ അറിവിലേക്കായി അതിവിടെ സാവധാനം രേഖപ്പെടുത്താം.'' (വൈക്കം മുഹമ്മദ് ബഷീര്‍, ആനവാരിയും പൊന്‍കുരിശും)
ചരിത്രമെന്നത് പ്രത്യയശാസ്ത്ര നിബദ്ധമായതിനാലാവും ആധുനിക കേരളത്തില്‍ മലബാര്‍ സമരത്തോളം എഴുതപ്പെട്ട മറ്റൊരു ചരിത്രമില്ല. വ്യവസ്ഥാപിത ചരിത്ര ഭാഷ്യങ്ങളില്‍ ഭിന്ന പാഠങ്ങളായാണ് ഈ സമരം പ്രതിഷ്ഠിക്കപ്പെട്ടത്. മതഭ്രാന്തിന്റെ പ്രകാശനമായും ജന്മി-കുടിയാന്‍ സംഘര്‍ഷങ്ങളുടെ ഇരമ്പലായും ദേശീയ സമരങ്ങളുടെ ആത്മബോധങ്ങളായും ഇത് പാരായാണം ചെയ്യപ്പെട്ടു. ചരിത്രം ഒരു വസ്തുനിഷ്ഠ പ്രതിഭാസമല്ലായെന്നതിനാല്‍ നേര്‍സാക്ഷ്യങ്ങളെ ന്യൂനീകരിച്ചുകൊണ്ടുള്ള ചില ശ്ലഥ ചിത്രങ്ങള്‍ മാത്രമേ കാഴ്ചപ്പെട്ടിട്ടുള്ളൂ. ചരിത്രകാരന്‍ സ്വാംശീകരിക്കുന്ന വൈജ്ഞാനിക കലവറകളും ചവിട്ടിനില്‍ക്കുന്ന പ്രത്യയശാസ്ത്ര പ്രതലവും ഈ പരിമിതികള്‍ക്ക് ഒരു കാരണമായിട്ടുണ്ടാകാം. സാമ്പ്രദായിക പാഠാവലികളെ പ്രശ്‌നവത്കരിച്ചുകൊണ്ട് ഉദയം ചെയ്ത പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ സാധ്യത നേടിയെടുക്കുന്നത് ഇത്തരമൊരു സവിശേഷ ഘട്ടത്തിലാണ്. നവ ചരിത്ര വാദത്തിന്റെ സാങ്കേതിക പദാവലികള്‍ ഉപയോഗിച്ചുകൊണ്ട് കീഴാളപഠനങ്ങളുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും ഭാഗമായി ചരിത്രത്തെ സമീപിക്കാനുള്ള ത്വര പഠിതാക്കളില്‍ നാമ്പെടുക്കുന്നത് ഇതിനെത്തുടര്‍ന്നാണ്.
സമരോത്സുകവും വൈകാരികവുമായ ഈദൃശ ചരിത്രവത്കരണങ്ങളുടെ ഭാവപ്പകര്‍ച്ച കണ്ട് ഭീതിപൂണ്ട പരിവേദനങ്ങള്‍ വ്യവസ്ഥാപിത ചരിത്രാഖ്യാതാക്കള്‍ പുറത്തുവിടുന്നു എന്നത് ഈ പഠന ഉദ്യമങ്ങള്‍ നേടിയെടുത്ത ഉണര്‍വിനെ സൂചിപ്പിക്കുന്നുണ്ട്.1 കീഴാള പഠനങ്ങളുടെ ഭാഗമായി വികസിച്ച ഈ ചടുലതകളിലും പക്ഷേ, ചില താളപ്പിഴകള്‍ ദൃശ്യമാണ്. മലബാര്‍ മാപ്പിള എന്ന കേവല സ്വത്വത്തില്‍ കടഞ്ഞെടുക്കപ്പെട്ട അപൂര്‍ണനായൊരു ചരിത്രബിംബം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. സമരത്തിന്റെ നാഭീനാളമായി വര്‍ത്തിച്ച മതവിശ്വാസങ്ങളെയും ആദര്‍ശ ഉള്‍ബലങ്ങളെയും തികവാര്‍ന്ന രൂപത്തില്‍ പ്രത്യക്ഷീകരിക്കാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നു. സാമ്പ്രദായിക ഫോക്‌ലോര്‍ പഠനങ്ങളുടെ താവഴിയില്‍ ഭൂതകാലത്തെ വിവേചനരഹിതമായി പ്രകീര്‍ത്തിക്കുന്നു. മലബാര്‍ സമരത്തെ കേന്ദ്രീകരിച്ച് നടന്ന ഇതഃപര്യന്തമുള്ള ചരിത്ര വിശകലനങ്ങളെയെല്ലാം വിമര്‍ശനാത്മകതയുടെ ഒറ്റ മാപിനി ഉപയോഗിച്ചുകൊണ്ട് നോക്കിക്കാണുന്നു.2 ഇതാകട്ടെ ഇസ്‌ലാമിന്റെ സമകാലിക രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വിഘ്‌നം സൃഷ്ടിക്കും വിധത്തില്‍ ചരിത്ര ഭാരങ്ങളായി മാറും എന്നതില്‍ സംശയമില്ല.
അതിനാല്‍ വ്യവസ്ഥാപിത ചരിത്ര സാഹിത്യ ആഖ്യാനങ്ങളില്‍ ദമനം ചെയ്യപ്പെട്ട മലബാര്‍ സമരങ്ങളിലെ പ്രതിരോധ മൂല്യങ്ങളെ കണ്ടെടുത്ത് പുതിയ ലോകാവസ്ഥയോട് ഇണക്കിച്ചേര്‍ത്ത് വിനിമയക്ഷമമാക്കാനുള്ള ശ്രമമാണ് ഈ പഠനം. ദേശീയാധുനികതയുടെ ചൂഷണപരമായ പൗരസങ്കല്‍പം അരിക് ചേര്‍ത്ത സമകാലിക സ്വത്വങ്ങളെ ഉള്‍ക്കൊണ്ടുള്ള ഒരു സമരമുഖത്തെ മലബാര്‍ സമരചരിത്രത്തില്‍ നിന്ന് എങ്ങനെ വികസിപ്പിച്ചെടുക്കാം എന്ന അന്വേഷണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ചരിത്രത്തിലെ ഈ വിമോചനപരതയെ ഏറ്റെടുത്ത് വര്‍ത്തമാനത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഉദ്യമങ്ങളായിരിക്കും ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയ പുതുവസന്തങ്ങള്‍ക്ക് നിറം പകരുക.
ഖിലാഫത്ത് സമരത്തെ പിന്തുണക്കാന്‍ ദേശീയ പ്രസ്ഥാനത്തെ നിര്‍ബന്ധിച്ച ആന്തരിക പ്രതിസന്ധികള്‍
ആധുനികവത്കരിക്കപ്പെടാത്ത ഇന്ത്യന്‍ മുസ്‌ലിംകളെ ദേശീയ പ്രസ്ഥാനവുമായി കൂട്ടിയിണക്കി സംസ്‌കരിച്ചെടുക്കാനും അവരുടെ സമരവീര്യങ്ങളെ ബ്രിട്ടീഷുകാര്‍ക്കെതിരായി തിരിച്ചുവിടാനും വേണ്ടിയായിരുന്നു ഗാന്ധിജി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനം മലബാര്‍ സമരത്തെ പിന്തുണച്ചതെന്ന വായനയാണ് മുഖ്യധാരാ ചരിത്രത്തിലുള്ളത്. അഹിംസയുടെ തത്ത്വങ്ങളിലൂന്നി നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ട ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന് സംഭവിച്ച അപാകതകളിലൊന്നായാണ് ഈ പിന്തുണയെ വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ ഉദ്ധരിക്കാറുള്ളത്.3 ദേശീയ പ്രസ്ഥാനം രൂപപ്പെട്ട ചരിത്രപശ്ചാത്തലവും ദേശീയ പ്രസ്ഥാനത്തിനകത്തെ സംഘര്‍ഷങ്ങളും ഇത്തരം വാദങ്ങളിലൂടെ തമസ്‌കരിക്കപ്പെട്ടുപോവുകയാണ്. ആധുനികതയുടെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പിറവിയെടുത്ത ആശയങ്ങളാണ് ദേശീയതയും ദേശീയ പ്രസ്ഥാനവും. പ്രസ്തുത ആശയങ്ങള്‍ കെട്ടിപൊക്കുന്നതില്‍ പ്രസക്തമായ മൂന്ന് ഘടക സാമഗ്രികള്‍ നിര്‍മാണാത്മകമായ പങ്കുവഹിച്ചു എന്നത് ഏറെക്കുറെ ഇന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വവിരുദ്ധതയായിരുന്നു അതില്‍ പ്രഥമ സ്ഥാനത്തെങ്കില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ രാഷ്ട്ര സംവിധാനങ്ങളും ഉപകരണ സാമഗ്രികളുമാണ് മറ്റൊന്ന്. വൈദിക പാരമ്പര്യത്തില്‍ വേരോടി നില്‍ക്കുന്ന ആര്‍ഷഭാരത സങ്കല്‍പമാണ് മൂന്നാമതായി ദേശീയ പ്രസ്ഥാനത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചത്. വൈദിക ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ മേല്‍ക്കോയ്മ വാദം കടംകൊണ്ടാണ് സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ജന്മമെടുത്ത ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം നിവര്‍ന്നു നില്‍ക്കാന്‍ ശീലിച്ചത് എന്ന് ഇത്തരത്തില്‍ വായിച്ചെടുക്കാന്‍ പറ്റും.
ഇന്ത്യയുടെ മുഴുവന്‍ പൗരത്വങ്ങളെയും കൂട്ടിയിണക്കുന്ന സാംസ്‌കാരിക യുക്തിയായി പ്രചരിപ്പിക്കപ്പെട്ട് അടിച്ചേല്‍പിക്കപ്പെട്ട ഈ ബ്രാഹ്മണ്യം അനിവാര്യമായും മറ്റു പലതിനെയും പാര്‍ശ്വവത്കരിക്കുകയും ചെയ്തു.4 വൈദിക പാരമ്പര്യത്തിന്റെ ആശയ സ്രോതസ്സുകളില്‍ നിന്ന് ദേശീയതയുടെ ഭാവനാ ഭൂപടം വരച്ചെടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തെ അഭിമുഖീകരിക്കാന്‍ തുനിഞ്ഞ ദേശീയപ്രസ്ഥാന നായകര്‍ക്ക് പാര്‍ശ്വവത്കൃത കീഴാള വിഭാഗങ്ങള്‍ വലിയ വിലങ്ങുതടിയായി.
ബ്രിട്ടീഷ് ആധിപത്യങ്ങള്‍ക്കെതിരായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ സവര്‍ണ/ അവര്‍ണ ഭേദമില്ലാതെ മുഴുവന്‍ ജനവിഭാഗങ്ങളെയും കൂട്ടിയിണക്കുന്ന പൊതു ദേശീയ കര്‍ത്തൃത്വത്തിന്റെ പദവി അവകാശപ്പെടാന്‍ ദേശീയ പ്രസ്ഥാനത്തിന് സാധ്യമായില്ല. കൊളോണിയല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിനിധാനാവകാശം സ്ഥാപിച്ചെടുക്കാന്‍ സാധിക്കണമെങ്കില്‍ ദേശീയ പ്രസ്ഥാനത്തിന്റെ നിയന്താക്കള്‍ക്ക് തങ്ങളിലുള്‍ച്ചേര്‍ന്ന ബ്രാഹ്മണിക്ക് ആധിപത്യ രൂപങ്ങളെയും അതുവഴി സൃഷ്ടിക്കപ്പെട്ട ജാതീയമായ ഉച്ചനീചത്വങ്ങളെയും അസന്നിഹിതമാക്കലും അപ്രസക്തമാക്കലും അനിവാര്യമായിരുന്നു. അഥവാ ബാഹ്യ കൊളോണിയലിസത്തോട് നേര്‍ക്കുനേരെ നിലയുറപ്പിക്കാന്‍ ദേശീയ പ്രസ്ഥാനത്തിന് ആന്തരിക കൊളോണിയലിസത്തിന്റെ രൂപമാതൃകകളാവുന്ന ഹിന്ദു കൊളോണിയലിസത്തെ മറച്ചുവെക്കേണ്ടതുണ്ടായിരുന്നു.5
ദേശത്തിന്റെ വിമോചന സ്വപ്നങ്ങള്‍ നെഞ്ചേറ്റാന്‍ ഇന്ത്യക്കാരെ അയോഗ്യരാക്കുന്ന പ്രധാന ഘടകം ജാതിയാണെന്നതായിരുന്നു കൊളോണിയല്‍ വിമര്‍ശനം. തന്മൂലം ദേശീയ കര്‍തൃത്വം തെളിയിക്കാനും കൈയേന്താനും ജാതിയോട് വിമര്‍ശനാത്മകമായ അകലം കൗശലപൂര്‍വം പാലിക്കാനും ദേശീയ പ്രസ്ഥാനം നിര്‍ബന്ധിതമായി. രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉദ്ഗ്രന്ഥനത്തിനും ഏകീകരണത്തിനും സവര്‍ണ-അധഃസ്ഥിത ഭിന്നതകളെ ദൃഢീകരിക്കുന്ന ജാതീയതയുടെ മടകളില്‍ ചുരുണ്ടുകൂടുന്നതില്‍ അര്‍ഥമില്ലെന്ന് ദേശീയ നവോത്ഥാന നായകര്‍ മനസ്സിലാക്കി. അതിനാല്‍ പരമ്പരാഗതമായ ജാതി സമൂഹങ്ങളെ, വിശിഷ്യാ അധഃസ്ഥിത വിഭാഗങ്ങളെ സവര്‍ണരുടെ പ്രത്യക്ഷമല്ലാത്ത അധീശവ്യവസ്ഥക്കു കീഴില്‍ ഒരു ദേശീയ സമൂഹമായി പുനഃസംഘടിപ്പിക്കാം എന്ന ആലോചന പ്രസക്തിയാര്‍ജിച്ചു. അത്തരം ഒരന്വേഷണം ജാതിയോട് പ്രത്യക്ഷമായ ഉദാര സമീപനമെടുക്കുന്നതിലേക്ക് അവരെ നിര്‍ബന്ധിച്ചു. അഖണ്ഡ ദേശീയതയുടെ കെട്ടുറപ്പിനെ തകര്‍ക്കുന്ന ജാതിഘടകങ്ങളെ വിമര്‍ശിക്കുന്നത് സവര്‍ണതയുടെ പുരോഗമന നിലപാടായി ന്യായീകരിക്കപ്പെട്ടു. പ്രകടമായ ഉച്ചനീചത്വങ്ങളെ വിമര്‍ശിക്കുകയും ജാതിവിഭജനത്തെ അസന്നിഹിതമാക്കുകയും ചെയ്യുന്ന ബ്രാഹ്മണികമായ ഈ പരിഷ്‌കരണ വ്യവഹാരങ്ങളിലൂടെ തങ്ങളുടെ ദേശീയ പ്രതിനിധാനാവകാശത്തിന് ദേശമൊട്ടാകെയുള്ള വ്യാപക പിന്തുണയുണ്ടെന്ന് ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്താന്‍ ദേശീയ പ്രസ്ഥാനം ശ്രമിച്ചു.
പാശ്ചാത്യ ശൈലികളുടെയും ആശയങ്ങളുടെയും പ്രഭവത്തില്‍ നിന്ന് ഊര്‍ജം സംഭരിച്ചുകൊണ്ട് അതിന്റെ വെട്ടത്തില്‍ ജാതി ധര്‍മ പാരമ്പര്യത്തെ കൗശലപൂര്‍വം പുനര്‍ വിന്യസിക്കുകയും ചെയ്യുന്ന ഈ വ്യാഖ്യാന കസര്‍ത്തുകള്‍ പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ ഏറ്റെടുത്തില്ല എന്നത് യാഥാര്‍ഥ്യമാണ്. ദേശീയ പ്രസ്ഥാനത്തിനകത്ത് പാരമ്പര്യത്തിനും നവോത്ഥാനത്തിനും ഇടയില്‍ പെട്ട് സന്ദിഗ്ധതകള്‍ അനുഭവിക്കേണ്ടിവന്ന യാഥാസ്ഥിതികരുടെ മുറുമുറുപ്പുകളായിരുന്നു അതിന്റെ പ്രധാന കാരണം.
പുറമേക്ക് ജാതിവിരുദ്ധരെന്ന് നടിച്ചിരുന്ന പലരും (ബാലഗംഗാധര തിലകന്‍ പോലുള്ളവര്‍) അകമേ യാഥാസ്ഥിതിക സവര്‍ണ ഹിന്ദുക്കളായിരുന്നു എന്നത് അധഃസ്ഥിത വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. 1917-ല്‍ ഒരു അസ്പൃശ്യത നിവാരണ സമ്മേളനത്തില്‍ പ്രസംഗിച്ച തിലകന്‍ തന്റെ വ്യക്തി ജീവിതത്തില്‍ അയിത്താചാരങ്ങള്‍ പാലിക്കാറില്ലെന്ന് അവകാശപ്പെട്ടപ്പോള്‍ പ്രസ്തുത വാദത്തിന് യാതൊരു തെളിവുമില്ലെന്ന് സമ്മേളനത്തിലെ പല പ്രതിനിധികളും വിമര്‍ശിക്കുകയുണ്ടായി.
മറുവശത്താകട്ടെ, ഇതേ നൂറ്റാണ്ടില്‍ മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലെ അടക്കമുള്ളവര്‍ തിരികൊളുത്തിയ കീഴാള പ്രതിരോധങ്ങള്‍ കീഴാളര്‍ക്കിടയില്‍ ശക്തമായ സ്വാധീനം നേടിയെടുത്തു. 1875-ല്‍ ഫൂലെ രൂപം കൊടുത്ത അധഃസ്ഥിത-പിന്നാക്ക പ്രസ്ഥാനമായ 'സത്യശോധക് സമാജം' 1885-ല്‍ രൂപം കൊണ്ട ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്്‌സമാന്തരമായി സജീവ സാന്നിധ്യമായി മാറിയിരുന്നു. അധഃസ്ഥിത വിഭാഗങ്ങളില്‍നിന്ന് നാമമാത്രമായ ദലിത് പ്രതിനിധാനം പോലും ഇക്കാലത്ത് കോണ്‍ഗ്രസ്സിലേക്ക് കടന്നുവന്നില്ല. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യകാല സമ്മേളനങ്ങളില്‍ പങ്കെടുത്ത മദ്രാസ് പ്രതിനിധികളില്‍ 80 ശതമാനവും പൂനാ പ്രതിനിധികളില്‍ നൂറ് ശതമാനവും ബ്രാഹ്മണരായിരുന്നു എന്ന വസ്തുത ഉപര്യുക്ത വാദത്തെ ബലപ്പെടുത്തുന്നുണ്ട്.
ഫൂലെ നേതൃത്വം നല്‍കിയ ഈ കീഴാള പ്രക്ഷോഭങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ദേശീയ പ്രസ്ഥാനത്തിന് ശക്തമായ വെല്ലുവിളിയായിത്തീര്‍ന്നിരുന്നു. ദേശീയ പ്രസ്ഥാനം ശക്തമായിക്കൊണ്ടിരുന്ന ഇതേ കാലയളവില്‍ കീഴാള സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തിപ്പെട്ടു. പഞ്ചാബിലെ 'ആദി-ധര്‍മപ്രസ്ഥാനം', ഉത്തര്‍പ്രദേശിലെയും ഹൈദരാബാദിലെയും 'ആദിഹിന്ദു പ്രസ്ഥാനം', തമിഴ്‌നാട്ടിലെ 'ആദി-ദ്രാവിഡ', ആന്ധ്രയിലെ 'ആദി-ആന്ധ്ര', കര്‍ണാടകയിലെ 'ആദികര്‍ണാടക', ബംഗാളിലെ 'നാമശൂദ്ര പ്രസ്ഥാനം' എന്നിവ രൂപംകൊള്ളുന്നത് സവിശേഷമായ ഈ ചരിത്രസ്ഥലിയിലാണ്.
കീഴാള പ്രക്ഷോഭങ്ങളുടെ ഇത്തരം അലയൊലികളുടെ ഭാഗമായികൊണ്ടാണ് കേരളത്തില്‍ ശ്രീനാരായണ-അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നത്. സുവര്‍ണവും സവര്‍ണവുമായ ബ്രാഹ്മണിക് ആശയാവലികളെ തിരസ്‌കരിച്ചുകൊണ്ട് ആദിമ നിവാസികളായ തങ്ങള്‍ക്ക് സ്വതന്ത്രവും വ്യതിരിക്തവുമായ മത പാരമ്പര്യങ്ങളുണ്ടെന്ന് സമര്‍ഥിച്ച് അഹൈന്ദവമായ പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തികാട്ടുകയാണ് ഈ പ്രസ്ഥാനങ്ങള്‍ ചെയ്തത്.
അതിനാല്‍ ദേശത്തിനകത്തെ പ്രബല വിഭാഗമാകുന്ന ഈ കീഴാള സമൂഹം പ്രത്യേക സാമൂഹിക സ്വത്വങ്ങളായി മാറുന്ന ഭീഷണമായ പ്രവണതയെ തടയുകയെന്നത് ദേശീയ പ്രസ്ഥാനത്തിലെ സവര്‍ണധാരക്ക് അതിജീവന പ്രശ്‌നമായി മാറി. 'ഹിന്ദുഐക്യം' എന്ന പ്രമേയത്തിലൂന്നിക്കൊണ്ട് സാമൂഹിക പരിഷ്‌കരണത്തിനിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. 1917-ല്‍ മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലും ജാതി ഉച്ചാടനത്തിന്റെ ഭാഗമായുള്ള അസ്പൃശ്യത നിവാരണ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിലെ പുതിയ ബ്രാഹ്മണിക് കൗശലങ്ങളെക്കുറിച്ച് സാമാന്യം നന്നായി അവബോധം നേടിയെടുത്തിരുന്ന ദലിതുകള്‍ ഇത്തരം നീക്കങ്ങളെ തീര്‍ത്തും നിരാകരിക്കുകയാണ് ചെയ്തത്. മഹാരാഷ്ട്രയിലെ ദലിത് വിഭാഗങ്ങളിലെ പ്രബല കക്ഷിയായിരുന്ന മഹറുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടി അവരിലെ ആദ്യത്തെ ബിരുദധാരിയായ അംബേദ്കറെ ആദരിക്കാന്‍ 1917-ല്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടപ്പെട്ടു. മഹാത്മാ ഫൂലെയുടെ മുഖ്യ പ്രതിയോഗിയായി വളര്‍ന്നിരുന്ന വിത്തല്‍ റാംജി ഷിന്‍ണ്ഡ എന്ന ബ്രാഹ്മണനായിരുന്നു സമ്മേളനത്തിന്റെ നേതൃപരമായ പങ്കാളിത്തം വഹിച്ചത്.6 എന്നാല്‍ ഇതിനു പിന്നിലെ അപകടം മനസ്സിലാക്കിയ അംബേദ്കര്‍ ഈ സമ്മേളനം ബഹിഷ്‌കരിക്കുകയാണുണ്ടായത്.
1918 മെയ് 5 മുതല്‍ 8 വരെ ബീജാപ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന കീഴാള സമ്മേളനത്തില്‍ ഉപര്യുക്ത സംഘര്‍ഷങ്ങള്‍ അതിന്റെ തീവ്രതയിലെത്തി. ഗാന്ധിജി പങ്കെടുത്ത ഈ സമ്മേളനത്തില്‍ ദലിതര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ ചുമതലപ്പെട്ടത് അദ്ദേഹമായിരുന്നു. പ്രമേയം അംഗീകരിക്കുന്നവര്‍ കൈ ഉയര്‍ത്തണമെന്ന ഗാന്ധിയുടെ അഭ്യര്‍ഥനയെ പരിഹാസ്യമാക്കി ഒരൊറ്റ കൈ പോലും അന്തരീക്ഷത്തില്‍ ഉയര്‍ന്നില്ല. മാനഹാനി നേരിട്ട ഗാന്ധിജി ഒടുവില്‍ സമ്മേളനത്തെ അധഃസ്ഥിത സമ്മേളനമെന്നു പറയുന്നതില്‍ കാര്യമില്ലെന്നു പറഞ്ഞ് പ്രമേയമവതരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിയുകയാണുണ്ടായത്.
ഇന്ത്യയിലെങ്ങും അലയടിച്ചുയര്‍ന്ന ഖിലാഫത്ത് സമര പ്രക്ഷോഭങ്ങളെ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് പിന്തുണച്ചതിനു പിന്നില്‍ ഉപര്യുക്ത സംഘര്‍ഷങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തി എന്നു വേണം മനസ്സിലാക്കാന്‍. കീഴാള സമൂഹങ്ങള്‍ പുറംതിരിഞ്ഞു നിന്നിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഖിലാഫത്ത് പിന്തുണയുമായി ദേശീയ പ്രസ്ഥാനം രംഗത്തുവന്നു എന്നത് അടിവരയിടേണ്ട യാദൃഛികതയാണ്.
''1919-ന്റെ പാതിയോടെ വടക്കേ ഇന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ ഒരു ഖിലാഫത്ത് സമ്മേളനം വിളിച്ചുകൂട്ടുകയും ഒക്‌ടോബര്‍ 27 ഖിലാഫത്ത് ദിനമായി ആചരിക്കുകയും ചെയ്തു. നവംബര്‍ 23,24 തീയതികളില്‍ ഖിലാഫത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും ഒരു സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി. ഗാന്ധിജി ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയും 24-ാം തീയതി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഖിലാഫത്തുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചു കിട്ടുന്നതിന് ഗവണ്‍മെന്റുമായി നിസ്സഹരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി അഹിംസാപൂര്‍വം നിസ്സഹകരിക്കുക എന്ന തന്റെ പദ്ധതി ഖിലാഫത്ത് സമ്മേളനത്തെക്കൊണ്ട് സമ്മതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഇത് 1920-കളില്‍ അലഹാബാദില്‍ ചേര്‍ന്ന ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും സര്‍വകക്ഷി സമ്മേളനവും 1920 സെപ്റ്റംബറില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗവും അംഗീകരിച്ചു.''7
ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ ഒരേസമയം കീഴാള-മുസ്‌ലിം സമൂഹങ്ങളെ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിലേക്ക് ആകര്‍ഷിക്കാനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് രാസത്വരകമായി ഉപയോഗപ്പെടുത്താനും ദേശീയ പ്രസ്ഥാനത്തിന് സാധിച്ചു. കേരളത്തിലാണെങ്കില്‍ ഇത് പതിന്മടങ്ങ് ഫലം ചെയ്തു. കേരളത്തിലെ കീഴാള-കുടിയാന്‍ വിഭാഗങ്ങളുടെ അതിജീവനത്തിനായുള്ള ജന്മി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചിരുന്നത് മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരുമായിരുന്നു.
ഖിലാഫത്ത് സമരത്തെ പിന്തുണക്കുകവഴി ഈ നേതാക്കന്മാരെയും അവര്‍ക്ക് പിന്നില്‍ അണിനിരന്ന കുടിയാന്‍ സമൂഹങ്ങളെയും ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുക എന്ന ഇരട്ട ധര്‍മം അത് നിര്‍വഹിച്ചു. 1920-ല്‍ മഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം മാപ്പിളമാരുടെയും മറ്റു കുടിയാന്‍ സംഘങ്ങളുടെയും സജീവമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇതേവര്‍ഷം ആഗസ്റ്റ് 18-ന് ഗാന്ധിജിയും ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് സമ്മേളനത്തില്‍ വിപുലമായ പോലീസ് വിന്യാസങ്ങള്‍ തടസ്സമുണ്ടാക്കിയിട്ടും 25000-ത്തിലേറെ ജനങ്ങള്‍ കടപ്പുറത്ത് തടിച്ചുകൂടി.
ദേശീയ പ്രസ്ഥാനം ജനകീയവത്കരിക്കപ്പെട്ടതിന്റെ നിദര്‍ശനം കൂടിയായിരുന്നു ഇത്. ഗാന്ധിജിയുടെ തിലക് സ്വരാജ് ഫണ്ടിലേക്ക് 20000ത്തിലധികം രൂപ സംഭാവന പിരിഞ്ഞുകിട്ടി (മേനോന്‍ 1994: 65). ബ്രിട്ടീഷ് കൊളോണിയലിസം തൊടുത്തുവിട്ട കുടിയാന്‍ വിരുദ്ധ ബാണങ്ങള്‍ മലബാറില്‍ ജന്മി-കുടിയാന്‍ സംഘര്‍ഷങ്ങള്‍ക്ക് നിമിത്തമായപ്പോള്‍ സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധമായ സായുധ സമരത്തിലേക്ക് അത് വഴിമാറ്റപ്പെട്ടു. ഇന്ത്യയിലെ ജാതിസമൂഹത്തെ സവര്‍ണരുടെ അസന്നിഹിതാധീശ്വത്തിനു കീഴില്‍ ഒരു ദേശീയ സമൂഹമായി വാര്‍ത്തെടുക്കണം എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കുയുക്തികള്‍ക്കെതിര് നിന്ന സംഭവമായിരുന്നു മലബാറിലെ ഈ സായുധ സമരം.
അഥവാ, അധഃസ്ഥിത സമൂഹങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകളുടെ ആദ്യ വിളംബരം കൂടിയായിരുന്നു ഇത്. ജാതീയതയുടെ നീര്‍ച്ചുഴിയില്‍ പെട്ട് ശ്വാസം മുട്ടുന്ന ഒരു തലമുറ തങ്ങളെ ഞെരിച്ചമര്‍ത്തിയ സകല ആചാരങ്ങളെയും അറുത്തു മുറിക്കുന്ന ആയുധങ്ങള്‍ കിനാവ് കാണുക സ്വാഭാവികമാണ്. അന്ധമായ സഹനശേഷി പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കും എന്ന മാവോയുടെ വാക്കുകളെ അന്വര്‍ഥമാക്കുന്നതുമായിരുന്നു കേരളത്തിലെ കുടിയാന്‍ ചരിത്രം. അതിനാല്‍ കീഴാള സമൂഹങ്ങളുടെ വിമോചന സ്വപ്നങ്ങളോട് താദാത്മ്യപ്പെട്ടുകൊണ്ട് മുസ്‌ലിം നേതാക്കളും അവരിലെ പണ്ഡിതന്മാരും പ്രക്ഷോഭങ്ങള്‍ക്ക് പന്തം തെളിച്ചപ്പോള്‍ ജന്മിവിരുദ്ധവും സവര്‍ണവിരുദ്ധവുമായ പാതയിലേക്ക് അത് ചുവടുകള്‍ വെച്ചു.
ആന്തരികമായ സവര്‍ണതയെ ഗര്‍ഭം ധരിച്ച ദേശീയ പ്രസ്ഥാനത്തിന് മലബാര്‍ സമരത്തിലെ ഈ ചേതോഹര ദൃശ്യങ്ങളെ മതഭ്രാന്തിന്റെ ബഹിര്‍സ്ഫുരണങ്ങളായി മുദ്രചാര്‍ത്തി കൈയൊഴിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ദേശീയ പ്രസ്ഥാനത്തിന്റെ സവര്‍ണധാരയില്‍ നിന്ന് ബോധപൂര്‍വം അകലം പാലിച്ചിരുന്ന ഗാന്ധിജി പോലും ഇത്തരമൊരു സന്ദര്‍ഭത്തില്‍ കൊളോണിയല്‍-ബ്രാഹ്മണിക് ലോബികള്‍ പ്രചരിപ്പിച്ച മതഭ്രാന്ത് ജല്‍പനങ്ങളെ സ്വാംശീകരിക്കുന്നത് ഇപ്പോള്‍ വിചിത്രമായി തോന്നാം. മാപ്പിള കലാപത്തെപ്പറ്റി വേണ്ടത്ര ചിന്തിക്കുന്നില്ല എന്ന സ്‌കോട്ട്‌ലാന്റുകാരനായ പത്രപ്രവര്‍ത്തകന്റെ ആക്ഷേപത്തെ പറ്റി ഗാന്ധിജി യംഗ് ഇന്ത്യ(20.10.1921)യില്‍ എഴുതി:
''ഈ വിമര്‍ശനം ഞാന്‍ അര്‍ഹിക്കുന്നതാണ്. മാപ്പിള ലഹള ഹിന്ദുക്കള്‍ക്കും മുസല്‍മാന്മാര്‍ക്കും ഒരു പരീക്ഷണ ഘട്ടമാണ്. മുസല്‍മാന്മാര്‍ ചെയ്യുന്ന ക്രൂരത ഹിന്ദുക്കള്‍ക്ക് പൊറുക്കാനാകുമോ? മാപ്പിളമാരുടെ പ്രവൃത്തിയെ ഇന്ത്യയിലെ മുസല്‍മാന്മാര്‍ ഒന്നടങ്കം പഴിക്കുമോ? ഇത്തരം മതഭ്രാന്തന്മാര്‍ക്കെതിരായി തങ്ങളുടെ മതത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിവുണ്ടാകണം. വാക്കു കൊണ്ട് വിമര്‍ശനം നടത്തിയതുകൊണ്ട് മുസല്‍മാന്മാര്‍ ഹിന്ദുക്കളുടെ സുഹൃത്തുക്കളാണെന്ന് കരുതാന്‍ പറ്റില്ല. ഹിന്ദുജനത മാപ്പിളമാരുടെ അക്രമത്തില്‍ പൊതുവെ ശാന്തമായാണ് പ്രതികരിച്ചിരിക്കുന്നത്. പ്രവാചകന്റെ പൊരുളുകള്‍ക്കെതിരായി നടക്കുന്ന മാപ്പിളമാരെപ്പറ്റി യഥാര്‍ഥ മുസല്‍മാന്‍മാര്‍ ഖേദിക്കുന്നുണ്ട് എന്നാണെന്റെ വിശ്വാസം. മാപ്പിള ലഹള മറ്റൊരു പാഠം കൂടി നമ്മെ പഠിപ്പിക്കുന്നുണ്ട്. സ്വയംരക്ഷക്കുള്ള ശിക്ഷണം ഓരോ വ്യക്തിയും നേടിയിരിക്കണം. മാപ്പിളമാരുടെ മതഭ്രാന്തോ അതോ ഹിന്ദുക്കളുടെ ഭീരുത്വമോ കൂടുതല്‍ വെറുപ്പുളവാക്കുന്നത്? ആപത്ത് ഭയന്ന് ഒളിച്ചോടുന്നതിനേക്കാള്‍ ഹിന്ദുക്കള്‍ക്ക് നല്ലത് കൊല്ലാനും കൊല്ലപ്പെടാനുമുള്ള ശിക്ഷണവും മനഃശക്തിയും നേടുക എന്നതാണ്. കൊല ചെയ്യാനുള്ള മനക്കരുത്തുള്ളവര്‍ നേടണം എന്നാണെന്റെ അഭിപ്രായം.''
ആധുനിക ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും ശക്തനായ വക്താവായി അവതരിപ്പിക്കപ്പെടുന്ന ഗാന്ധിജി ഈയൊരു സമീപനം നിര്‍ദേശിക്കുന്നതിലൂടെ ദേശീയപ്രസ്ഥാനത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനങ്ങള്‍ക്ക് സാധൂകരണവും ദൃഢീകരണവും ലഭ്യമാവുകയാണ്.8 ദേശീയ പ്രസ്ഥാനം രൂപംകൊണ്ടതിന്റെയും പില്‍ക്കാലത്ത് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിന്റെയും ചരിത്ര സ്ഥലികളെ അപഗ്രഥന വിധേയമാക്കുമ്പോള്‍ രണ്ട് നിഗമനങ്ങളില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയുന്നുണ്ട്.
അധഃസ്ഥിത ജനവിഭാഗങ്ങളെ ഹിന്ദു ലേബലില്‍ അണിനിരത്തി വിശാലവും അഖണ്ഡവുമായ ഹൈന്ദവ ദേശീയത സ്ഥാപിച്ചെടുക്കാനുള്ള ബ്രാഹ്മണിക് മൂവ്‌മെന്റുകളുടെ പ്രലോഭനങ്ങള്‍ മറികടന്ന് ഇന്ത്യയിലെ കീഴാള വിഭാഗങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നായകത്വം കാണുന്നു. ഇത്തരമൊരു കീഴാള ഐക്യപ്പെടല്‍ സാധ്യമാകുന്നതിലൂടെ ദേശത്തിന്റെ മൊത്തം കുത്തകയവകാശപ്പെടുന്ന ദേശീയ പ്രസ്ഥാനത്തിനു ഇത്തരം കീഴാള സ്വത്വങ്ങളെ അംഗീകരിക്കാനും പിന്തുണ പ്രഖ്യാപിക്കാനും ഉള്ള നിര്‍ബന്ധിത സാഹചര്യം വന്നുഭവിക്കുന്നു. തീര്‍ച്ചയായും സമകാലിക മുസ്‌ലിം-കീഴാള രാഷ്ട്രീയം ചരിത്രത്തില്‍ നിന്ന് വായിക്കേണ്ട പ്രഥമ അധ്യായവും ഇതുതന്നെയാണ്.
ദേശീയ-നവോത്ഥാന സാഹിത്യങ്ങളിലെ മുസ്‌ലിം അപര സ്ഥലികള്‍
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം മലബാറിലെ ഖിലാഫത്ത് സമരങ്ങളോടും പ്രതിനിധാനങ്ങളോടും നടത്തിയ ചരിത്രപരമായ വഞ്ചനയുടെ തുടര്‍ച്ചയാണ് ദേശീയ പ്രക്ഷോഭകാലത്തെ സാഹിത്യാഖ്യാനങ്ങളിലും കാഴ്ചപ്പെടുന്നത്. ഇതിഹാസ പുരാണങ്ങളുടെ വ്യാഖ്യാനങ്ങളിലും പുനര്‍വ്യാഖ്യാനങ്ങളിലും കെട്ടുപിണഞ്ഞു കിടന്നിരുന്ന സാഹിത്യകാരന്റെ സര്‍ഗ പ്രതിഭ സാധാരണക്കാരന്റെ ജീവിതങ്ങളിലേക്കും നവോത്ഥാന സംരംഭങ്ങളിലേക്കും എത്തിനോക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ദേശീയ പ്രസ്ഥാനവും രാഷ്ട്രീയ നവോത്ഥാനവും ഒത്തൊരുമിച്ച് സാഹിത്യത്തിന്റെ രൂപഭാവങ്ങളുടെ സാമ്പ്രദായിക ഘടനകള്‍ക്ക് മാറ്റം വരുത്തുന്നുണ്ട് ഇക്കാലത്ത്. ദേശീയ പ്രസ്ഥാനത്തിന് സാമ്രാജ്യത്വ വിരുദ്ധമായ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ സ്വന്തത്തെ സ്ഥാപിച്ചെടുക്കണമെങ്കില്‍ ജന്മി-ജാതി വിരുദ്ധമായ ഒരു പ്രഛന്ന വേഷം അണിയേണ്ടത് അനിവാര്യമായിരുന്നു.
ദേശീയ പ്രസ്ഥാനത്തില്‍ ഉടലെടുത്ത ആശയപരമായ ഇത്തരം പരിവര്‍ത്തനങ്ങള്‍ സാമാന്യ വായനക്കാരിലെത്തിക്കാനും അവരെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗഭാക്കാക്കാനും സഹായകമായത് സാഹിത്യമായിരുന്നു. കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഇതില്‍ ഗണ്യമായ പങ്കുവഹിച്ചു. അക്കാലത്തെ ഇവരുടെ രചനകളിലെ പ്രമേയങ്ങളെ നിരീക്ഷിച്ചാല്‍ ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച സാമ്രാജ്യത്വ വിരോധം, ജാതി വ്യവസ്ഥക്കെതിരായ പോരാട്ടം, ഭാരതീയ സംസ്‌കാരത്തോടുള്ള വിധേയത്വം എന്നീ മുദ്രാവാക്യങ്ങളുടെ ആവിഷ്‌കാര ശ്രമങ്ങളായിരുന്നു അവ എന്ന് ഗ്രഹിക്കാന്‍ കഴിയും.
ചുരുക്കത്തില്‍, ദേശീയ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും ഏറ്റുവാങ്ങിക്കൊണ്ടാണ് ഈ മൂന്ന് വന്‍ ശിഖരങ്ങളും പൂവിട്ടുതളിര്‍ത്തത്. എന്നാല്‍, ദേശോദ്ധാരണ പ്രചോദനമെന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട ഈ സര്‍ഗ രചനകള്‍ കൊളോണിയല്‍ -പൗരസ്ത്യ വാദ ചരിത്ര പാഠങ്ങളെ സ്വാംശീകരിച്ചതിനെയും അരക്കിട്ടുറപ്പിച്ചതിനെയും നാം അവഗണിച്ചുകൂടാ. അതിനാല്‍ ദേശീയ പ്രസ്ഥാനം എഴുന്നള്ളിച്ച ഈ സാഹിത്യ ബിംബങ്ങളെ സമരോത്സുകമായ ഉത്തരകൊളോണിയല്‍ പഠനങ്ങളുടെ സജീവതമുറ്റിയ പ്രതലത്തില്‍ നിലയുറപ്പിച്ചുകൊണ്ട് അപനിര്‍മിക്കുന്നതിന് പ്രസക്തിയുണ്ട്.
ത്രിമൂര്‍ത്തികളില്‍ മൂന്നാമനായ ഉള്ളൂര്‍ ആര്‍ഷഭക്തിയുടെ പ്രദക്ഷിണ വഴിയിലൂടെ മാത്രം സഞ്ചരിച്ച കവിയാണ്. വ്യവസായ യുഗത്തിന്റെ സമ്പര്‍ക്കത്തോടെ കടന്നുവന്ന പുതിയ മൂല്യബോധത്തിലല്ല, ആര്‍ഷഭാരതത്തിന്റെ സവര്‍ണ സംസ്‌കൃതിയില്‍ നിന്നാണ് ആ കവി ചേതന പുഷ്ടി നേടിയത്. ദേശീയ-നവോത്ഥാന നായകന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വള്ളത്തോള്‍-കുമാരനാശാന്‍ കവികള്‍ക്ക് സാധിച്ച അത്രയും ശക്തമായ അനുരണനങ്ങളോ പ്രതികരണങ്ങളോ സൃഷ്ടിക്കാന്‍ ആ ആര്‍ഷ പാരമ്പര്യ പൂജകന് സാധിച്ചിട്ടില്ല എന്നതിനാല്‍ ഈ പഠനത്തില്‍ നിന്ന് ബോധപൂര്‍വം അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയാണ്.
(തുടരും)
അടിക്കുറിപ്പ്
1. ദൂരവ്യാപകമായ ദോഷഫലങ്ങളുളവാക്കിയതും യാതൊരു ഗുണഫലങ്ങളും എടുത്തു പറയാനില്ലാത്തതുമെന്ന് മലബാര്‍ സമരത്തെ വിലയിരുത്തിയതിന് ശേഷം മലബാര്‍ മേഖലയില്‍ നവചരിത്രവാദത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് യുവാക്കള്‍ ചരിത്രത്തെ സമീപിക്കുന്നതിനെ ഡോ. എം. ഗംഗാധരന്‍ ഈയടുത്ത് വിമര്‍ശിക്കുകയുണ്ടായി (ഗംഗാധരന്‍ 2011: 38).
2. കൊളോണിയല്‍ പാഠങ്ങളെയും അതിനെ സ്വാംശീകരിച്ച ദേശീയ പ്രസ്ഥാനത്തിന്റെയും കൂടെ മാര്‍ക്‌സിസ്റ്റ് വിശകലനങ്ങളെയും ചേര്‍ത്തുവെക്കുക എന്നതാണ് അക്കാദമിക് തലത്തിലുള്ള പതിവ് രീതി. എന്നാല്‍ മലബാര്‍ സമരത്തെ സമീപിച്ച ഇടതുപക്ഷധാരയുടെ ആദിമ രൂപങ്ങളെ സാമ്പ്രദായിക രീതിയില്‍ നിന്ന് മാറ്റിവായിക്കേണ്ടതുണ്ട് എന്നതാണ് ചരിത്ര സത്യം.
3. ''ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയ ആധുനികവും മതേതരവുമായ പ്രക്ഷോഭ മാര്‍ഗങ്ങളുമായി പരിചയപ്പെടാനുള്ള അവസരം മാപ്പിളമാര്‍ക്ക് ഉണ്ടാക്കിക്കൊടുത്തു. അക്രമാസക്തമായ ലഹളകള്‍ പോലെയുള്ള എതിര്‍പ്പിന്റെ പഴയ രീതികള്‍ നിരാകരിക്കപ്പെടാനുള്ള സാധ്യതകള്‍ അത്രകണ്ട് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആധുനിക സമര മാര്‍ഗങ്ങള്‍ മാപ്പിളമാര്‍ക്ക് പങ്കാളിത്തമുള്ള ഖിലാഫത്ത്-കുടിയാന്‍ പ്രസ്ഥാനങ്ങളില്‍ അതിവേഗം പടരാനാണ് സഹായകമായത്.ഇത് ജില്ലാ ഭരണാധികാരികളില്‍ വളരെയധികം നടുക്കമുളവാക്കി. അവര്‍ വളരെ ജാഗ്രത പുലര്‍ത്തുകയും ചില അടിച്ചമര്‍ത്തല്‍ നടപടികള്‍ പ്രയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതുമൂലം ഖിലാഫത്തുകാരെയും മാപ്പിള കുടിയാന്മാരെയും നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രയാസമായിത്തീര്‍ന്നു'' (ഗംഗാധരന്‍ 2009: 70).
4. ''ദേശീയാധുനികതയുടെ പ്രത്യയശാസ്ത്രം അതിന്റേതായ മനുഷ്യ മാതൃകക്കും ജന്മം നല്‍കി. മുസ്‌ലിംകള്‍, ദലിതുകള്‍, സ്ത്രീകള്‍ തുടങ്ങിയ വിവിധ പ്രകാരങ്ങളിലുള്ള മനുഷ്യാവസ്ഥകളെ അപരവത്കരിച്ചുകൊണ്ടാണ് ഈ ദേശീയ പൗരത്വം സ്വയം നിര്‍വചിച്ചത്. ഇത്തരമൊരു പൗരത്വകല്‍പനക്കുള്ളില്‍ മുസ്‌ലിം സ്വയമേവ 'ദേശീയ മുസ്‌ലിം' അല്ലാതായി. ദലിതുകള്‍ 'ദേശീയ സംസ്‌കാരം' ആര്‍ജിക്കേണ്ടവരായി. സ്ത്രീകള്‍ പുരുഷപരമായി നിര്‍വചിക്കപ്പെട്ട മാതൃകാ കുടുംബിനികളായി. ബ്രാഹ്മണ്യവും പുരുഷാധിപത്യവും ആധുനികമായ പൗരകല്‍പനയുടെ ആന്തര മൂല്യമായി. അതിനെ സ്വാംശീകരിക്കുന്നത് ദേശ പാരമ്പര്യവുമായുള്ള സാത്മീകരണവുമായി'' (സുനില്‍ 2006:21).
5. ആന്തരിക കൊളോണിയലിസത്തിന്റെ പ്രയോഗരൂപങ്ങളാകുന്ന ഹിന്ദു കൊളോണിയലിസം എങ്ങനെ അധഃസ്ഥിത സമൂഹങ്ങളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ജെ. രഘു രചിച്ച 'ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും' എന്ന പുസ്തകം.
6. ''അധഃസ്ഥിതരെ 'ഉദ്ധരിക്കാ'നും ക്രമേണ ഹിന്ദുത്വവത്കരിക്കാനുമുള്ള പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് മഹാരാഷ്ട്രയില്‍ വിത്തല്‍ റാംജി ഷിന്‍ണ്ഡെ എന്ന ബ്രാഹ്മണന്‍ രൂപവത്കരിച്ച 'ഡിപ്രസ്ഡ് ക്ലാസസ് മിഷന്‍' എന്ന സംഘടനയാണ്. ഫൂലെയുടെ അഹിന്ദു പ്രത്യയശാസ്ത്രത്തിന് മഹാരാഷ്ട്രയിലെ മുഖ്യ ദലിത് സമൂഹമായ മഹറുകള്‍ക്കിടയിലുണ്ടായ 'അപകടകര'മായ സ്വാധീനമാണ് 1906-ല്‍ ഇങ്ങനെയൊരു മിഷന്‍ രൂപവത്കരിക്കാന്‍ പ്രാര്‍ഥനാ സമാജ് അംഗമായ ഷിന്‍ണ്ഡെയെ പ്രേരിപ്പിച്ചത്. മഹറുകളുടെ 'പരമ്പരാഗത യജമാനന്മാരായ' ഹിന്ദുക്കള്‍ തന്നെയാകണം അവരുടെ 'രക്ഷകര്‍ത്താക്കളും' എന്ന പുതിയ ഹിന്ദു കൊളോണിയല്‍ സിദ്ധാന്തമനുസരിച്ചാണ് ഷിന്‍ണ്ഡെ അധഃസ്ഥിതോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്'' (രഘു 2008 :35).
7. മലബാര്‍ കലാപം 1921-'22 (ഗംഗാധരന്‍ 2009:62).
8. ''മാപ്പിളമാര്‍ മുസ്‌ലിംകളാണ്. അവരുടെ സിരകളില്‍ അറബി രക്തമുണ്ട്. അവരുടെ പൂര്‍വികര്‍ വളരെ വര്‍ഷം മുമ്പ് അറേബ്യയില്‍ നിന്നു വന്ന് മലബാറില്‍ താമസമുറപ്പിച്ചവരാണെന്ന് പറയപ്പെടുന്നു. അവര്‍ ചൂടന്മാരാണ്. എളുപ്പം ആവേശം കൊള്ളുന്നവരും. അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷോഭിക്കുകയും അക്രമാസക്തരാവുകയും ചെയ്യും. ധാരാളം കൊലപാതകങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളാണ്. അവരെപ്പോഴും പൊരുതാന്‍ ഇറങ്ങുന്നതുതന്നെ തോറ്റു മടങ്ങില്ല എന്ന പ്രതിജ്ഞയോടെയാണ്. അവരുടെ ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല''
ഇവിടെ ഗാന്ധിയുടെ അഭിപ്രായ പ്രകടനം ഇസ്‌ലാമിന്റെ സ്വഭാവത്തെക്കുറിച്ചുള്ള സ്ഥിരം പൊതുവാദ മുഖങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. 'മാപ്പിളമാര്‍ മുസ്‌ലിംകളാണ്' ഇത് ഒരു വിവരം നല്‍കുകയാണോ അതോ കുറ്റപ്പെടുത്തലാണോ? പിന്നാലെ വരുന്ന നാമവിശേഷണങ്ങളും പ്രസ്താവനകളും -'ചൂടന്മാര്‍', 'ആവേശം കൊള്ളുന്നവര്‍', 'ക്ഷോഭിക്കുക', 'നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമാസക്തരാവും', 'ധാരാളം കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളാണ്', 'പൊരുതാന്‍ ഇറങ്ങുന്നത് തോറ്റു മടങ്ങില്ല എന്ന പ്രതിജ്ഞയോടെയാണ്'-അധിനിവേശ ഭരണകൂടം മുന്നോട്ടുവെച്ച വാദങ്ങളുടെ ആവര്‍ത്തനം മാത്രമാണിതെന്നാണ് എം.ടി അന്‍സാരി നിരീക്ഷിക്കുന്നത് (അന്‍സാരി 2008:80).
Comments