മുസ്‌ലിം ലോകത്തിന്റെ ഗവേഷണ തൃഷ്ണ എങ്ങനെ നഷ്ടപ്പെട്ടു?
പൂര്‍വകാല വിശ്വാസികളുടെ ലാളിത്യത്തെയും സത്യസന്ധതയെയും പറ്റി, ഒരു മരുഭൂപ്രദേശത്തെ പ്രാകൃത വര്‍ഗം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന്റെ രണ്ട് ദശാബ്ദത്തിനുള്ളില്‍ ലോകത്തെ കീഴടക്കിയതിനെപ്പറ്റി ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍, എന്നെ വിസ്മയിപ്പിക്കുന്നത് ആധുനിക ശാസ്ത്രത്തിനും സമസ്ത വിജ്ഞാനതലങ്ങളിലും അവരുടെ പുരോഗമനാത്മകമായ അടിസ്ഥാന സംഭാവനകളാണ്; ജ്യോതിശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, കെമിസ്ട്രി, ഫിസിക്‌സ്, നാവികസഞ്ചാരം, തത്ത്വശാസ്ത്രം, കവിത എന്നിത്യാദി മേഖലകളിലെല്ലാം അവര്‍ മുദ്രപതിപ്പിച്ചു. മാത്രമല്ല, നമ്മുടെ ഇന്നത്തെ ലോകത്തെ തന്നെ രൂപപ്പെടുത്തിയതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. നിങ്ങള്‍ക്കറിയാമായിരുന്നോ ലോകത്തെ ആദ്യ സര്‍വകലാശാല സ്ഥാപിച്ചത് മൊറോക്കോയിലെ ഫാത്വിമ അല്‍ഫിഹ്‌റിയെന്ന അറബ് വനിതയായിരുന്നുവെന്ന്, ആധുനിക കാമറയുടെ രൂപരേഖക്ക് തുടക്കം കുറിച്ചത് ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖി ശാസ്ത്രജ്ഞന്‍ ഇബ്‌നുല്‍ ഹൈതം ആയിരുന്നെന്ന്? ബുക്ക് ഓഫ് ഓപ്ടിക്കല്‍സ് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ഇന്നത്തെ കാമറയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. വ്യോമയാത്രയുടെ സുഖവും സൗകര്യവും വേഗതയും ആസ്വദിക്കുന്ന നമ്മളില്‍ എത്ര പേര്‍ക്കറിയാം ഈ ആശയം ആദ്യമായി പ്രയോഗവത്കരിക്കാന്‍ ശ്രമിച്ചത് അബ്ബാസുബ്‌നു ഫിര്‍നാസ് എന്ന ജിജ്ഞാസുവായ അഗ്രഗാമിയായിരുന്നെന്ന്? ഒമ്പതാം നൂറ്റാണ്ടില്‍ ശരീരം മുഴുവന്‍ തൂവലുകള്‍ കൊണ്ട് പൊതിഞ്ഞ് ചിറകുകള്‍ കൈത്തണ്ടകളില്‍ കെട്ടി കൊര്‍ദോവയില്‍ അദ്ദേഹം ആകാശത്തേക്കുയര്‍ന്നു. നിരവധി തവണ കുറെ മീറ്ററുകള്‍ പറന്ന ശേഷം ക്രാഷ് ലാന്റ് ചെയ്തു. പുരോഗമിച്ചുകൊണ്ടിരുന്ന ഒരു പരിശ്രമമായിരുന്നു അത്. ഇത് റൈറ്റ് സഹോദരന്മാര്‍ പറക്കാന്‍ ശ്രമിച്ചതിന്റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെന്ന് ഓര്‍ക്കുക.
ഈയിടെ ന്യൂയോര്‍ക്ക് ഒരു പ്രദര്‍ശനത്തിന് ആതിഥേയത്വം കൊടുക്കുകയുണ്ടായി. ഇബ്‌നു ഫിര്‍നാസ് തുടങ്ങി ഇബ്‌നു സീന മുതലായ നൂറുക്കണക്കിന് അഗ്രഗാമികളെ പരിചയപ്പെടുത്തുന്ന, വൈകിയാണെങ്കിലും ഇസ്‌ലാമിക നാഗരികത നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്ന ഒരു പ്രദര്‍ശനം. 1001 ഇന്‍വന്‍ഷന്‍സ്, ഡിസ്‌കവര്‍ മുസ്‌ലിം ഹെരിറ്റേജ് ഇന്‍ ഔര്‍ വേള്‍ഡ് എന്ന പേരിലുള്ള ഈ പ്രദര്‍ശനം ഈയിടെ ബിഗ് ആപ്പിളില്‍ തുടങ്ങുന്നത്, എട്ടു ലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ച് ലണ്ടനിലും ഇസ്തംബൂളിലും നേടിയ വന്‍ വിജയത്തിനു ശേഷമാണ്. ലോകത്തെ മാറ്റിയ 700-1700 എ.ഡി മാജിക്കല്‍ മില്ലേനിയത്തിന്റെ പ്രൗഢിയും പ്രശസ്തിയും പുനര്‍സൃഷ്ടിക്കുന്ന ഒരു യത്‌നം. റോമിന്റെ പതനത്തിന്റെയും യൂറോപ്യന്‍ റിനയ്‌സന്‍സിന്റെ ഉയര്‍ച്ചയുടെയുമിടയിലെ ഈ കാലഘട്ടത്തിലായിരുന്നു മുസ്‌ലിം നാഗരികത ലോകത്തെ നയിച്ചത്. ഫലത്തില്‍ സയന്‍സ്, ടെക്‌നോളജി തുടങ്ങി സമസ്ത മേഖലകളിലും മുസ്‌ലിം കണ്ടുപിടുത്തങ്ങളുടെ പട്ടിക അനന്തമായി നീളുകയായിരുന്നു.
ഭൂമി ഉരുണ്ടതാണെന്ന് പ്രഖ്യാപിച്ചതിന് ഗലീലിയോവിനെ ചര്‍ച്ച് ശിക്ഷിച്ചതിന്റെ അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂഗോളം വൃത്താകാരത്തിലാണെന്ന് മുസ്‌ലിം ശാസ്ത്രജ്ഞര്‍ സ്ഥാപിച്ചിരുന്നു. സ്‌പെയിന്‍ മുതല്‍ മധ്യ പൗരസ്ത്യ ദേശങ്ങള്‍, ചൈന വരെ വ്യാപിച്ചു കിടന്നിരുന്ന 'വിശ്വാസ സാമ്രാജ്യത്തില്‍' നൂതന ആശയങ്ങള്‍ ഉടലെടുക്കുകയും അവ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. അടങ്ങാത്ത വിജ്ഞാന ദാഹമാണ് അറബികളെയും മുസ്‌ലിംകളെയും, ശക്തിയുടെയും പുരോഗതിയുടെയും ബൗദ്ധിക നേട്ടങ്ങളുടെയും മികവിലെത്തിച്ചത്. സമകാലിക ആശയാദര്‍ശങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ശക്തമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് അവര്‍ ആശയ സംഘട്ടനങ്ങളിലേര്‍പ്പെട്ടത്. ലോകത്തെ വിവിധ കോണുകളില്‍ ആശയങ്ങള്‍ അന്വേഷിച്ച് അറിയുകയും നല്ലവയെ സ്വാംശീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഗണിത ശാസ്ത്രവും ഗ്രീക്ക് ഫിലോസഫിയും അങ്ങനെയാണ് യൂറോപ്പിലേക്കും മറ്റുള്ളവര്‍ക്കും എത്തിച്ചത്. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളിലെ പടിഞ്ഞാറിന്റെ പുരോഗതയില്‍ അറബ് സംഭാവന നിര്‍ണായകമായ പങ്ക് വഹിച്ചുവെന്നതാണ് സത്യം.
മേന്മയുള്ള സംസ്‌കാരവും പഠിക്കാനുള്ള ത്വരയുമാണ് പുതിയ സ്ഥലങ്ങള്‍ കീഴ്‌പ്പെടുത്താന്‍ അറബികളെ പ്രാപ്തരാക്കിയത്. യൂറോപ്പില്‍ ഓക്‌സ്‌ഫോഡും കാംബ്രിഡ്ജുമൊക്കെ സ്ഥാപിക്കപ്പെടുന്നതിന് ഏറെ മുമ്പ് തന്നെ അറബ് രാജ്യങ്ങളില്‍ നിരവധി സര്‍വകലാശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയും ബഗ്ദാദ്, ദമസ്‌കസ്, അലക്‌സാണ്ട്രിയ എന്നിവിടങ്ങളിലെ വിജ്ഞാന ശക്തികേന്ദ്രങ്ങളെ നശിപ്പിച്ചും മംഗോള്‍ സേന മധ്യപൂര്‍വ ദേശങ്ങളില്‍ പടയോട്ടം നടത്തിയപ്പോള്‍ നദികളില്‍ രക്തത്തേക്കാളേറെ മഷിയായിരുന്നുവെന്നത്രെ ചരിത്രകാരന്മാര്‍ നിരീക്ഷിച്ചത്. നൂറ്റാണ്ടുകളിലായി എഴുതപ്പെട്ടതും ശേഖരിക്കപ്പെട്ടതുമായ ലക്ഷക്കണക്കിന് അമൂല്യ ഗ്രന്ഥങ്ങളും കൈയെഴുത്ത് പ്രതികളുമായിരുന്നു അക്രമികള്‍ കത്തിച്ച് ചാമ്പലാക്കി നദികളിലൊഴുക്കിയത്. എത്രയോ ദീപ്തമായിരുന്നു അന്ന് ചിത്രം എന്നിരിക്കെ, ഇന്നത്തെ ബൗദ്ധിക നിര്‍ജീവത നിങ്ങള്‍ എങ്ങനെ വിശദീകരിക്കും? മുസ്‌ലിംകള്‍ ഇപ്പോള്‍ വിജ്ഞാന വിപ്ലവത്തിന്റെ മുന്‍പന്തിയിലില്ലെന്നതോ പോട്ടെ, എന്തുകൊണ്ട് അതിന്റെ ഭാഗം പോലുമല്ല? ഒരു ജനതയെന്ന നിലയിലും ഒരു നാഗരികതയെന്ന നിലയിലും അവരുടെ ഊര്‍ജം പാടെ ചോര്‍ന്നുപോയോ? മുസ്‌ലിംകളുടെ ബൗദ്ധിക ശക്തി എപ്പോഴാണ് ക്ഷയിക്കാന്‍ തുടങ്ങിയത്?
എപ്പോള്‍ അവര്‍ വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുന്നത് നിര്‍ത്തിയോ അപ്പോള്‍ തന്നെയാണ് അവരുടെ ശക്തി ക്ഷയിക്കാനും തുടങ്ങിയതെന്ന് യാദൃഛികമല്ല. ഇബ്‌നു റുശ്ദ് (അവറോസ്), ഇബ്‌നു സീന (അവിസെന്ന) തുടങ്ങിയവരെ പോലുള്ള ഒരു ധിഷണാശാലിയെയോ ശാസ്ത്രജ്ഞനെയോ മുസ്‌ലിം ലോകത്തിന് സൃഷ്ടിക്കാന്‍ സാധിക്കാത്തതെന്തു കൊണ്ട്? കാരണം, ഒരിക്കല്‍ അറബികളെയും മുസ്‌ലിംകളെയും പ്രചോദിപ്പിച്ച, അവരുടെ ഭാവനകളെ ഉത്തേജിപ്പിച്ച ആശയങ്ങളുടെയും വിജ്ഞാനത്തിന്റെയും ചാലകശക്തി എവിടെയോ അവര്‍ക്ക് നഷ്ടപ്പെട്ടുപോയി. ഒരു കൊച്ചു യൂറോപ്യന്‍ രാജ്യത്തോ ഇന്ത്യയിലെ ഏതെങ്കിലും പിന്നാക്ക സംസ്ഥാനത്തോ പോലും, ഇന്ന് അറബ് രാഷ്ട്രങ്ങളിലേതിനേക്കാള്‍ എത്രയോ കൂടുതല്‍ സര്‍വകലാശാലകളുണ്ട്. ഉത്തുംഗതയുടെ മായാവലയത്തിലകപ്പെട്ട്, നിരര്‍ഥകമായ ചര്‍ച്ചകളില്‍ സമയവും ഊര്‍ജവും പാഴാക്കുകയാണ് ഇപ്പോള്‍ നാം ചെയ്യുന്നത്. നാം വീണു പോയ ബൗദ്ധിക ചളിക്കുഴിയില്‍ നിന്ന് നിവര്‍ന്നെഴുന്നേല്‍ക്കാന്‍ രചനാത്മകമായ എന്തെങ്കിലും ചെയ്യുന്നതിനു പകരം, പരസ്പരം അപലപിക്കുന്ന ഫത്‌വകള്‍ നല്‍കുന്നതില്‍ വ്യാപ്തരായിരിക്കയാണ് നമ്മള്‍.
മിക്ക അറബ് രാജ്യങ്ങള്‍ക്കും സാമ്പത്തികവും മറ്റുമായ ഭൗതിക വിഭവങ്ങള്‍ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അങ്ങനെയല്ല ഇപ്പോഴത്തെ അവസ്ഥയെന്നത് നന്ദിയോടെ സ്മരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ എണ്ണ ഖനനത്തിലൂടെ നേടിയ സാമ്പത്തിക ശക്തി ദാര്‍ശനികമായ ദീര്‍ഘ ദൃഷ്ടിയോടെ അവര്‍ വിനിയോഗിക്കുന്നില്ല. അംബരചുംബികളായ ഹോട്ടലുകളും കൊട്ടാരങ്ങളും ഷോപ്പിംഗ് മാളുകളും അനുസ്യൂതം നിര്‍മിക്കുന്നതിനു പകരം, തങ്ങളുടെ സമ്പത്ത് വിജ്ഞാന പോഷണത്തിന്റെ സങ്കേതങ്ങളായ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വാര്‍ത്താ വിനിമയ മാധ്യമങ്ങള്‍, ബൗദ്ധിക വിചാര കേന്ദ്രങ്ങള്‍ (തിങ്ക് ടാങ്ക്) എന്നീ മേഖലകളിലല്ലേ അറബ് രാജ്യങ്ങള്‍ നിക്ഷേപിക്കേണ്ടത്? നമ്മുടേത് വിജ്ഞാനത്തിന്റെ യുഗമാണ്; ആശയ സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഹൃദയങ്ങള്‍ക്കും മനസ്സുകള്‍ക്കും വേണ്ടിയുള്ള ഈ പോരാട്ടത്തെ സര്‍വഥാ സജ്ജരായവര്‍ക്കു മാത്രമേ അതിജീവിക്കാന്‍ കഴിയൂ. മറ്റൊന്നിനുമല്ലെങ്കില്‍ പോലും അവരുടെ അസ്വസ്ഥ യുവതലമുറകള്‍ക്ക് വേണ്ടിയെങ്കിലും അറബ് രാഷ്ട്രങ്ങള്‍ വിജ്ഞാനമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എന്തൊക്കെ ആയാലും മധ്യ/പൂര്‍വ ദേശത്തെ ജനങ്ങളില്‍ സിംഹഭാഗവും അസ്വസ്ഥരായ യുവാക്കളാണ്. അവര്‍ വളരുന്നത് നിശ്ചയദാര്‍ഢ്യത്തോടെയും ദിശാബോധത്തോടെയുമാണ്. ലോകത്ത് അവരുടെ സ്ഥാനത്തെക്കുറിച്ച് പൂര്‍ണ ബോധവാന്മാരായിക്കൊണ്ട്. അവരെ അവഗണിക്കുന്നത് അറബ് രാഷ്ട്രങ്ങളെ സ്വയം അപകടത്തിലാക്കും.
മനുഷ്യ വിഭവശേഷിയിലോ സമ്പത്തിലോ ഇന്ന് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഒരു കുറവുമില്ല. അവര്‍ക്കാവശ്യം മൗലികമായ ആശയങ്ങളും അവ പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളവരെയുമാണ്. ഏറ്റവും പ്രധാനം മനസ്സുകളുടെ വാതായനങ്ങള്‍ തുറന്നിടുകയത്രെ.
വിവ: വി.പി സെയ്താലിക്കുട്ടി
Comments