ലിബിയ: ഖദ്ദാഫിക്ക് ശേഷം
'ജഹന്ന'മിലേക്ക് ഞാന്‍ ഒളിച്ചോടും. എന്റെ വിശേഷങ്ങള്‍ അവിടെ നിന്ന് ഞാന്‍ നിങ്ങളോട് പറയും. പൊതുജന സമൂഹത്തെ ഞാന്‍ നന്നായി സ്‌നേഹിക്കുകയും അതോടൊപ്പം അതിയായി ഭയപ്പെടുകയും ചെയ്യുന്നു. എന്റെ പിതാവിനെ സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്ത പോലെ. പൊതുജനത്തിന്റെ പ്രതികാരത്തെയും ഞാന്‍ ഭയക്കുന്നു. പിതാവിന്റെ പ്രതികാരം ഭയക്കുന്ന പോലെ...
അറബ് വസന്തത്തിന്റെ മൂന്നാമൂഴത്തില്‍ 42 വര്‍ഷത്തെ ഏകാധിപത്യം ത്യജിക്കേണ്ട വന്ന ലിബിയന്‍ പ്രസിഡന്റ് കേണല്‍ മുഅമ്മറുല്‍ ഖദ്ദാഫി ദിവസങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ് ഈ വരികള്‍. സര്‍ത് മേഖലയിലെ തന്റെ ജന്മ ഗ്രാമമായ 'ജഹന്ന'മാണോ അതോ യഥാര്‍ഥ നരകമാണോ ഖദ്ദാഫി ഉദ്ദേശിച്ചതെന്ന് ഒളിച്ചോട്ടം അവസാനിച്ച ശേഷമേ തീര്‍ത്ത് പറയാനാവൂ. ഇതെഴുതുമ്പോഴും ഖദ്ദാഫി 'ജഹന്ന'മിലെത്തിയിട്ടില്ല; അജ്ഞാത സങ്കേതത്തിലെവിടെയോ ആണുള്ളത്.
1969-ല്‍ പട്ടാള വിപ്ലവത്തിലൂടെ മുഹമ്മദ് ഇദ്‌രീസ് അസ്സനൂസിയെ താഴെയിറക്കി ലിബിയയുടെ ഭരണമേറ്റെടുത്ത ഖദ്ദാഫി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് 42-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ, ദിവസങ്ങള്‍ക്ക് മുമ്പാണ് ജനകീയ വിപ്ലവത്തിലൂടെ ഉമറുല്‍മുഖ്താറിന്റെ പിന്‍ഗാമികള്‍ ലിബിയയുടെ ഭരണം തിരിച്ചുപിടിച്ചത്. അഭിനവ വിപ്ലവകാരികള്‍ക്ക് 'നാറ്റോ'യുടെ പിന്തുണയുണ്ടായിരുന്നു എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കാം. വ്യോമാക്രമണത്തിലൂടെ നാറ്റോ തകര്‍ത്ത ട്രിപളിയിലേക്കാണ് കാലാള്‍പടയായ പോരാളികള്‍ ആഗസ്റ്റ് 21-ന് ഇരച്ചുകയറിയത്. ഖദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയ്യ കീഴടക്കുന്നതിന് നേതൃത്വം നല്‍കിയതാവട്ടെ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളും, ലിബിയ തന്നെയും തീവ്രവാദ ബന്ധത്തിന്റെ പേരില്‍ തടവിലാക്കുകയും എട്ടു തവണ വിചാരണ നടത്തുകയും ചെയ്ത അബ്ദുല്‍ ഹകീം ബല്‍ഹാജാണെന്നത് സാമ്രാജ്യത്വ താല്‍പര്യത്തിലെ മറ്റൊരു വിരോധാഭാസം.
അഭയം തേടി അലയുമ്പോഴും ഖദ്ദാഫി തന്റെ അനുയായികള്‍ക്ക് വിദേശ മാധ്യമത്തിലൂടെ വിപ്ലവവീര്യം പകര്‍ന്നു നല്‍കിക്കൊണ്ടിരുന്നു. ലബനാനില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ പ്രസരണ സൗകര്യമുള്ള വാഹനത്തില്‍ വെച്ചാണ് ഖദ്ദാഫി തന്റെ സന്ദേശങ്ങള്‍ സിറിയന്‍ സാറ്റലൈറ്റ് ചാനലായ 'അല്‍റഅ്‌യി'ന് കൈമാറുന്നത്. ഇത്തരത്തിലുള്ള അഞ്ച് ശബ്ദ റെക്കോര്‍ഡുകള്‍ ഇതിനകം പുറത്തുവന്നു. അതേസമയം തന്റെ ഭാര്യാസന്താനങ്ങളെ നാടുകടത്തി സംരക്ഷിക്കാനും ഖദ്ദാഫിക്ക് കഴിഞ്ഞു. രണ്ടാം ഭാര്യ സഫിയ ഫര്‍കാശ്, ഏക മകള്‍ ആഇശ, മക്കളായ സാഇദി, ഹനിബാല്‍, അവരുടെ ഭാര്യമാര്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ആഗസ്റ്റ് 30-ന് (ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍) പടിഞ്ഞാറന്‍ അതിര്‍ത്തി രാജ്യമായ അള്‍ജീരിയയിലേക്ക് കടന്നത്. മൂന്നാമതൊരു രാജ്യത്തേക്ക് എത്താനുള്ള ഇടത്താവളമായി, മാനുഷിക പരിഗണന വെച്ച് മാത്രമാണ് അള്‍ജീരിയ ഇവര്‍ക്ക് അഭയം നല്‍കിയത്. അതിര്‍ത്തി കടന്നയുടനെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ മകള്‍ ആഇശക്ക് യാത്ര പ്രയാസമായതിനാല്‍ അവര്‍ അയല്‍രാജ്യത്ത് തന്നെ തുടരുന്നു. ഇതിനിടെ പൊതുജന വികാരം മാനിച്ച് ഖദ്ദാഫിക്ക് അഭയം നല്‍കാനാവില്ലെന്ന നിലപാടിലാണ് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖ. ഖദ്ദാഫികുടുംബത്തിന് അഭയം നല്‍കിയതിലൂടെ തങ്ങളുടെ രാജ്യത്തിന്റെ നിലപാട് വ്യക്തമാണെന്ന് അള്‍ജീരിയന്‍ പ്രമുഖ പ്രതിപക്ഷമായ സാംസ്‌കാരിക, ജനാധിപത്യ പാര്‍ട്ടി രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഖദ്ദാഫി ഒരുനാള്‍ തങ്ങളുടെ കവാടത്തില്‍ മുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി മുറാദ് മദ്‌ലസി ഇതിനോട് പ്രതികരിച്ചത്. അന്താരാഷ്ട്ര യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട സൈഫുല്‍ ഇസ്‌ലാമും യുദ്ധത്തിന് ആവേശം നല്‍കി ലിബിയക്കകത്ത് തന്നെയാണുള്ളത്.
സൗത്ത് ആഫ്രിക്കയും സിംബാബ്‌വെയുമാണ് ഖദ്ദാഫിക്ക് അഭയം നല്‍കാന്‍ സാധ്യതയുള്ള രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍. അയല്‍ രാജ്യമായ നൈജര്‍ വഴി മാലിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാലും ഏറ്റവും കൂടുതല്‍ സൗഹൃദം നിലനിര്‍ത്തിയിരുന്ന സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് ജാക്കോബ് സോമയുടെ അടുത്ത് അഭയം തേടുക എന്നതായിരിക്കണം ഖദ്ദാഫിയുടെ ലക്ഷ്യം.
ലിബിയയുടെ 80 ശതമാനം പ്രദേശത്താണ് ഇപ്പോഴും എന്‍.ടി.സി(National Transitional Council)ക്ക് (നാറ്റോക്കും) സ്വാധീനമുള്ളത്. വിപ്ലവത്തിന് തിരികൊളുത്തിയ ബിന്‍ ഗാസിയില്‍ നിന്ന് തലസ്ഥാനമായ ട്രിപളിയിലേക്ക് ആസ്ഥാനം മാറ്റാന്‍ അതിനാല്‍ തന്നെ എന്‍.ടി.സിക്ക് സാധിച്ചിട്ടില്ല. ഖദ്ദാഫിയുടെ ജന്മദേശമായ സര്‍ത്, സബ്ഹാ, ബനീ വലീദ് തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോഴും ഖദ്ദാഫി അനുകൂലികളുടെ നിയന്ത്രണത്തിലാണ്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ഈ പ്രദേശത്തെ ഖദ്ദാഫി അനുകൂലികള്‍ക്ക് കീഴടങ്ങാനുള്ള സമയം നീട്ടി നല്‍കിയിരിക്കുകയാണ് വിപ്ലവകാരികള്‍. തുടക്കത്തിലേ കല്ലുകടിയുണ്ടാക്കുന്ന ഐക്യമില്ലായ്മയാണ് എന്‍.ടി.സി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സാമ്രാജ്യത്വ താല്‍പര്യത്തിനുപരിയായി ആഭ്യന്തരമായ പ്രശ്‌നങ്ങളും വിപ്ലവാനന്തര ലിബിയ നേരിടാനിരിക്കുന്നു. വിപ്ലവകാരികള്‍ക്കിടയിലെ ഐക്യമില്ലായ്മയും അധികാരമോഹവും തീവ്രവാദ ബന്ധമുള്ളവരുടെ സ്വാധീനവും ലിബിയയെ ഇറാഖിന്റെ ആഫ്രിക്കന്‍ പതിപ്പാക്കി മാറ്റുമോ എന്ന് ആശങ്കിക്കണം. നേതൃത്വം പ്രയാസകരമായത്തീര്‍ന്നാല്‍ സ്ഥാനം ഒഴിയുമെന്ന് എന്‍.ടി.സി മേധാവിയും പക്വമതിയുമായ മുസ്ത്വഫ അബ്ദുല്‍ ജലീല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം അയല്‍ രാജ്യങ്ങളും വിപ്ലവാനന്തര ലിബിയന്‍ നേതൃത്വത്തെ അംഗീകരിച്ചിട്ടില്ല. അറബ് ലീഗില്‍ ലിബിയയുടെ ഇരിപ്പിടം എന്‍.ടി.സിക്ക് ലഭിച്ചെങ്കിലും ഫ്രാന്‍സില്‍ ചേര്‍ന്ന 60ഓളം ലിബിയന്‍ സൗഹൃദരാജ്യങ്ങളുടെ സമ്മേളനത്തില്‍ അറബ് രാജ്യങ്ങളുടെ പങ്കാളിത്തം നാമമാത്രമായിരുന്നു എന്നതും മേധാവിത്വം സാമ്രാജ്യത്വ ശക്തികള്‍ക്കായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഖദ്ദാഫി വിരോധമാണ് വിപ്ലവകാരികളെ കൂട്ടിയിണക്കുന്ന ഏക ഘടകം. ഖദ്ദാഫി ചിഹ്നങ്ങള്‍ മായ്ച്ചുകളയുന്നതില്‍ വിപ്ലവകാരികള്‍ കാണിച്ച ഔല്‍സുക്യം ഇതിന് തെളിവാണ്. പച്ചപ്പതാക മാറ്റി ത്രിവര്‍ണ പതാക പുനഃസ്ഥാപിച്ചതും ഖദ്ദാഫിയുടെ ഭരണഘടനയായിരുന്ന 'ഗ്രീന്‍ ബുക്ക്' ദൂരെയെറിഞ്ഞതും ട്രിപളിയിലെ ഹരിത മൈതാനം ശുഹദാ മൈതാനമാക്കി നാമകരണം ചെയ്തതും ഇതിന്റെ ഭാഗമായാണ്.
അറബ് വസന്തം അടിച്ചുവീശിയ മൂന്ന് രാജ്യങ്ങള്‍ (തുനീഷ്യ, ഈജിപ്ത്, ലിബിയ) ഏകാധിപധികളില്‍ നിന്ന് മോചിതമായപ്പോള്‍ അവശേഷിക്കുന്ന രണ്ട് പ്രമുഖ രാജ്യങ്ങള്‍ (സിറിയ, യമന്‍) മാറ്റത്തിന് കാതോര്‍ക്കുകയാണ്. അതേസമയം ജനാധിപത്യത്തിലേക്കുള്ള മാറ്റം ഈ രാജ്യങ്ങളില്‍ പാതിവഴിയിലെത്തി നില്‍ക്കുന്നു എന്നതും സാമ്പത്തിക വിഭവങ്ങളിലും രാഷ്ട്രീയ താല്‍പര്യങ്ങളിലും കണ്ണുവെക്കുന്ന വിദേശശക്തികളുടെ അജണ്ട മറനീക്കി പുറത്തുവരുന്നു എന്നതും ആശങ്കയുണര്‍ത്തുന്നു.
[email protected]
Comments