Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

രാഷ്ട്രീയ ഉത്സവകാലത്തെ ഹസാരെയും മഅ്ദനിയും

ശിഹാബ് പൂക്കോട്ടൂര്‍

കേരളത്തിലെ ജനാധിപത്യ ബോധത്തെയും സാമാന്യ നീതി സങ്കല്‍പത്തെയും അട്ടിമറിക്കുന്നതാണ് മഅ്ദനിയുടെ ജയില്‍വാസം. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ സേലം സെന്‍ട്രല്‍ ജയിലില്‍ അകപ്പെടുകയും അതിനു ശേഷം നിരപരാധിയാണെന്നറിഞ്ഞ് നിരുപാധികം വിട്ടയക്കുകയും ചെയ്തതിനുശേഷമാണ് കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  നഷ്ടപ്പെട്ട ഒമ്പതര വര്‍ഷം തിരിച്ചുനല്‍കാന്‍ ഒരു നീതിന്യായ വ്യവസ്ഥക്കും സാധ്യമല്ല. ജയിപ്പിച്ചുവിടുന്ന എം.പിയോ എം.എല്‍.എയോ എന്ത് നെറികേട് കാണിച്ചാലും അഞ്ചുവര്‍ഷം അയാളെ സഹിക്കാന്‍ വിധിക്കപ്പെടുന്ന നമ്മുടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ എല്ലാവിധ നിസ്സഹായതകളും നീതിന്യായ വ്യവസ്ഥക്കുമുണ്ടെന്ന് ഇവിടെ ബോധ്യമാകുന്നു. നിയമം നിയമത്തിന്റെ വഴിയെ പോകുന്നത് മഅ്ദനിയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതിലെ വൈരുധ്യം, ചരിത്രത്തെ മുഴുവന്‍ വൈരുധ്യയുക്തിയോടെ വായിക്കുന്ന കമ്യൂണിസ്റ്റുകാരനു പോലും മനസ്സിലായിട്ടുണ്ടാവില്ല.
ബാംഗ്ലൂരിലെ സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക പോലീസ് അയച്ച അറസ്റ്റ് വാറണ്ടിന് കേരള സര്‍ക്കാര്‍ ആര്‍ഭാടപൂര്‍വമായ സൗകര്യമാണ് ചെയ്തുകൊടുത്തത്. കാശ് കൊടുത്താല്‍ എത്ര വര്‍ഗീയ കലാപങ്ങളും നടത്തിക്കൊടുക്കുന്ന മംഗലാപുരത്തെ പ്രമോദ് മുത്തലികിന് കേരളത്തില്‍ നാല് കേസുകളില്‍ അറസ്റ്റ് വാറണ്ടുണ്ട്. ഒരു നോട്ടീസുപോലും കര്‍ണാടകയിലേക്കയക്കാന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല. പ്രവീണ്‍ തൊഗാഡിയക്കും കേരളത്തില്‍ ഒന്നിലധികം കേസുകളുണ്ട്. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രഭാഷണങ്ങളുടെ പേരില്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസ് സാഹസപ്പെട്ടിട്ടില്ല. അപ്പോള്‍ ന്യായമായും ഉയര്‍ന്നുവരുന്ന ഒരു സംശയമാണ്, നിയമം നിയമത്തിന്റെ വഴിയില്‍ തന്നെയാണോ എന്ന്.
പെരുന്നാളിന് ഒന്നിലധികം ദിവസം ലീവനുവദിച്ചാല്‍ കുട്ടികളുടെ പഠനം മുഴുവന്‍ മുടങ്ങിപ്പോകുമെന്ന് കണക്കുകള്‍ നിരത്തി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ സമയത്ത് ഇതൊരു വിലാപമായി മാറുകതന്നെ ചെയ്യും.
കുടകില്‍ മഅ്ദനി ഭീകരവാദ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിന് സാക്ഷികളായവരില്‍ ഒരാള്‍ പ്രാദേശിക ബി.ജെ.പി നേതാവാണ്. അദ്ദേഹം പറയുന്നത് മഅ്ദനിയെ ഞാന്‍ കണ്ടിട്ടില്ല എന്നു മാത്രമല്ല, ഈ കേസില്‍ ഞാന്‍ സാക്ഷിയാണെന്ന വിവരം പോലും അറിയില്ല എന്നു കൂടിയാണ്. പരാശ്രയമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കാത്ത, മുഴുസമയവും പോലീസ് നിരീക്ഷണത്തിലുള്ള, കൂടാതെ സ്‌പെഷല്‍ ബ്രാഞ്ചിന്റെ സേനയും ഐ.ബി പടയും വലയം ചെയ്ത ഒരു മനുഷ്യന്‍ അതീവ രഹസ്യമായി എങ്ങനെ കുടകില്‍ എത്തിച്ചേര്‍ന്നു തുടങ്ങിയ സാമാന്യബോധത്തിനു നേരെയുള്ള വലിയ അട്ടഹാസങ്ങള്‍ മാത്രമാണ് ഇതിന്റെ ഉത്തരങ്ങള്‍. പോലീസ് തിരക്കഥയും മാധ്യമങ്ങള്‍ സംവിധാനവും നിര്‍വഹിച്ച വെള്ളിത്തിരയിലെ വിലപിടിപ്പുള്ള ഒരു നായകനാണ് മഅ്ദനി. അദ്ദേഹം ഒരു പ്രതീകം മാത്രമാണ്. മതബോധവും രാഷ്ട്രീയ ചോദ്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നവരുടെ ക്ലൈമാക്‌സ് വ്യക്തമാക്കുന്ന ഒരു ഭരണകൂട ഐക്കണ്‍.
ഇന്ത്യാ രാജ്യത്ത് ഒന്നും സംഭവിക്കുന്നില്ലെന്ന മട്ടില്‍ രാംലീല മൈതാനിയില്‍ തമ്പടിച്ച് മാധ്യമ ധര്‍മം നിറവേറ്റിയവരാണ് നമ്മുടെ പത്രക്കാര്‍. റാലിഗന്‍ സിഗദ്ധിയിലെ ജാതിവ്യവസ്ഥയും ചമ്മട്ടിയടിയുമാണ് ഇന്ത്യക്കാവശ്യമെന്ന് പ്രഖ്യാപിച്ച ഹസാരെയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതില്‍ അവര്‍ മത്സരിക്കുകയായിരുന്നു. രാഷ്ട്രീയ ഉത്സവത്തിന്റെ (carnivalisation of politics) പ്രതീതിയാണ് ദല്‍ഹിയില്‍ അരങ്ങേറിയത്. കൊക്കക്കോള സ്‌പോണ്‍സര്‍ ചെയ്ത, ഹിന്ദുത്വര്‍ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ ടൂറിസമായിരുന്നു ഹസാരെയുടെ സത്യഗ്രഹ സമരം. ഹസാരെക്ക് ജയ് വിളിച്ച് നമ്മളും അഴിമതിക്കെതിരെ പ്രതിഷേധിച്ചേ എന്ന് നമുക്കും ആശ്വാസപ്പെടാം. സംഘ്പരിവാറിന്റെ കൂടെ രാംലീലയിലേക്ക് വെര്‍ച്വല്‍ സഞ്ചലനം നടത്താം. അപ്പോഴും ഇറോംശര്‍മിളയും അബ്ദുന്നാസിര്‍ മഅ്ദനിയും കശ്മീരിലെ അജ്ഞാത ശവക്കൂമ്പാരങ്ങളും കരളുപിളര്‍ക്കുംവിധം കീറിപ്പടരുന്ന ചോദ്യങ്ങളുമായി മുന്നില്‍ നില്‍ക്കും. മഅ്ദനിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കുന്നവരെ വിചാരണ കൂടാതെ തടവിലാക്കുമെന്ന് പ്രഖ്യാപിച്ചത് കര്‍ണാടകയിലെ ആഭ്യന്തരമന്ത്രി ആചാര്യയാണ്. യെദിയൂരപ്പ ഗവണ്‍മെന്റ് ആകെ കുലുങ്ങിയിട്ടും ആചാര്യക്ക് ഒരു കോട്ടവും തട്ടാത്തത് നാഗ്പൂരില്‍ നിന്ന് പ്രത്യേക ആശീര്‍വാദം വാങ്ങിയ ആര്‍.എസ്.എസ്സുകാരനായതുകൊണ്ടാണ്.
ബി.ജെ.പി അധികാരത്തിലുള്ള കര്‍ണാടകയില്‍ നിന്ന് മഅ്ദനിക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. ഗുജറാത്ത് സര്‍ക്കാറിനെതിരെയുള്ള കലാപാനന്തര കേസുകള്‍ മഹാരാഷ്ട്രയിലേക്കും ദല്‍ഹിയിലേക്കും മാറ്റിയതുപോലെ മഅ്ദനിയുടെ വിചാരണ നീതിപൂര്‍വകമാവണമെങ്കില്‍ കര്‍ണാടകയുടെ പുറത്ത് നടത്തണം.
മഅ്ദനിയെ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജയിലിനകത്താണ്. ജയിലിനകത്ത് കോടതിയാവുമ്പോള്‍ വാദിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരെ കിട്ടാന്‍ പ്രയാസമാണ്. മികവുറ്റ അഭിഭാഷകരെ തടയാന്‍ ബോധപൂര്‍വമാണ് കോടതിയെ ജയിലിലാക്കിയിട്ടുള്ളത്. പ്രമേഹം മൂലം കാഴ്ച ശക്തി കുറഞ്ഞുകൊണ്ടിരിക്കുന്ന, മറ്റു ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയെന്ന നിലയില്‍ മാനുഷിക പരിഗണന പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ജയിലിനകത്ത് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ കാമറകള്‍ ഫിറ്റ് ചെയ്തിരിക്കുന്നു. സ്വകാര്യത പോലും നിഷേധിക്കുകയാണ് ഇതിലൂടെ അധികാരികള്‍. സുപ്രീംകോടതിയുടെ ഇടപെടലിലൂടെയാണ് ആയുര്‍വേദ ചികിത്സക്കുള്ള അനുമതി ലഭിച്ചത്. യെദിയൂരപ്പ സര്‍ക്കാര്‍ കോടതിയോട് പറഞ്ഞത്, ഏറ്റവും നല്ല ചികിത്സ ബാംഗ്ലൂരില്‍ വെച്ചുതന്നെ നല്‍കാം, ഇദ്ദേഹത്തെ കര്‍ണാടകയുടെ പുറത്തേക്ക് കൊണ്ടുപോയാല്‍ ഭീകരാന്തരീക്ഷം രൂപപ്പെടും എന്നാണ്. ഇതേ യെദിയൂരപ്പ ദിവസങ്ങള്‍ക്കു ശേഷം മികച്ച ആയൂര്‍വേദ ചികിത്സക്ക് കോട്ടക്കലില്‍ വരികയുമുണ്ടായി. ഏറ്റവും മികച്ച ചികിത്സ ബാംഗ്ലൂരിലായിരുന്നെങ്കില്‍ അദ്ദേഹമെന്തിന് കോട്ടക്കലില്‍ ചികിത്സ തേടിയെത്തി? വിചാരണ വൈകിപ്പിക്കുകയും ജയില്‍വാസം അധികരിപ്പിക്കുകയും ചെയ്യുന്ന കോയമ്പത്തൂര്‍ സ്റ്റൈല്‍ തന്നെയാണ് ബാംഗ്ലൂരും പകര്‍ത്തുന്നത്.
കര്‍ണാടകയിലെ പോലീസിനും ബ്യൂറോക്രസിക്കും സ്റ്റഡി ക്ലാസ് കൊടുക്കുന്നത് നരേന്ദ്രമോഡിയാണ്. കര്‍ണാടകയെ ഗുജറാത്താക്കി മാറ്റാനാവശ്യമായ എല്ലാ സംഘ് അജണ്ടകളും മോഡിയിലൂടെ പരന്നുതുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം ശക്തിപ്പെട്ടുതുടങ്ങി. ക്ഷേത്ര സംരക്ഷണവും ഗോവധ നിരോധവും മസ്ജിദ് ധ്വംസനവും അജണ്ടകളാക്കി വിഷലിപ്തമായ ഫാഷിസ്റ്റ് അജണ്ടകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ചരിത്രത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ ടിപ്പുവിനെ ലക്ഷ്യമാക്കി നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ടിപ്പുസ്മാരകങ്ങളെ അവഗണിക്കുകയും രാജ്യത്തെ ഏറ്റവും വലിയ ഭീകരവാദി എന്ന നിലയില്‍ അദ്ദേഹത്തെ കരിവാരിത്തേക്കുകയുമാണിപ്പോള്‍. ഹിന്ദുവിധവകളെ സൃഷ്ടിച്ച, ഹിന്ദുവിന്റെ അഭിമാനത്തില്‍ കഠാരയിറക്കിയ ക്രൂരനായ രാജാവായിട്ടാണ് ടിപ്പുവിനെ പരിചയപ്പെടുത്തുന്നത്.ടിപ്പുവിന്റെ പിന്മുറക്കാരെ കരുതിയിരിക്കാനും ബഹിഷ്‌കരിക്കാനും ഓരോ ഹിന്ദുവും ബാധ്യസ്ഥനാണെന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പാഠപുസ്തകങ്ങള്‍ക്കപ്പുറം ഇത് നിത്യ ജീവിതത്തിലേക്ക് കട്ടുകടത്തുകയും ചെയ്യുന്നു. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകള്‍ ലഭ്യമല്ലാതായി തുടങ്ങി. മികച്ച ഐ.ടി വിദഗ്ധരായ മുസ്‌ലിം ചെറുപ്പക്കാരെ നിരന്തരം ഹരാസ് ചെയ്യുന്നു. മതേതര സ്വത്വം മാത്രമാണ് യാഥാര്‍ഥ്യം, മതസ്വത്വമില്ലെന്ന് ആവര്‍ത്തിച്ചെഴുതുന്നവരുടെ മക്കള്‍ക്ക് വരെ ഈ ഗതികേടു വന്നു. ഒടുവില്‍ പിതാവിന്റെ പേര് അമിത് എന്ന് മാറ്റി പറഞ്ഞ് തടിതപ്പേണ്ടിവന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഈ സ്ഥിതിയുണ്ടായിട്ടുണ്ട്.
ബാംഗ്ലൂര്‍ ദക്ഷിണേന്ത്യയിലെ മറ്റൊരു അഹ്മദാബാദായി മാറിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരികമായും രാഷ്ട്രീയമായും അതിനെ പരുവപ്പെടുത്താന്‍ സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്തില്‍ കലാപത്തിന് മുമ്പ് നടത്തിയ സര്‍വേ കര്‍ണാടകയിലും ആരംഭിച്ചു. ജാതിയും മതവും നോക്കി വീടുകള്‍ അടയാളപ്പെടുത്തുന്ന ഹോളോകോസ്റ്റിന്റെ മോഡിയന്‍ ശൈലി പകര്‍ത്തിയെഴുതുന്ന തിരക്കിലാണ് കര്‍ണാടക. മുസ്‌ലിം ഉടമസ്ഥതയിലുള്ള ചാനലുകള്‍ തടയപ്പെട്ടുതുടങ്ങി. മുസ്‌ലിം ഗല്ലികളില്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും ബോധപൂര്‍വം നിഷേധിച്ചുകൊണ്ടിരിക്കുന്നു. പള്ളികളില്‍ വന്നുപോകുന്നവരെ നിരീക്ഷിക്കാന്‍ പള്ളിക്കു മുന്നില്‍ പോലീസിന്റെ കാമറകള്‍ നിരന്നു. ഭാഷയറിയാതെ ടോയ്‌ലറ്റ് മാറികയറിയ വിദ്യാര്‍ഥികളെ (മുസ്‌ലിംകളായതുകൊണ്ട്) ഭീകരവാദ കേസുകളില്‍ ചേര്‍ക്കാനുള്ള ശ്രമമുണ്ടായി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഘ് അനുകൂലികളെ നിയമിക്കുകയും ചെയ്തു.
സമ്പൂര്‍ണമായ ഒരു കലാപാന്തരീക്ഷത്തിന് പാകപ്പെടുത്തിയ രൂപത്തില്‍ കര്‍ണാടകയുടെ ഭൂപടം മാറ്റിവരച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ഹൈക്കോടതിയിലെ വി.എച്ച്.പിക്കാരനായ ജസ്റ്റിസിന്റെ മുന്നില്‍ മഅ്ദനിക്ക് നീതി വേണമെന്ന മുറവിളി തന്നെ വെള്ളത്തിലെഴുതുന്നതിനു സമാനമാണ്. മഅ്ദനിക്കു വേണ്ടി  മുന്‍ എം.പി നടത്തിയ പത്രസമ്മേളനം പോലും പോലീസ് കൈയേറുകയുണ്ടായി. കര്‍ണാടകയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കാണിക്കുന്ന ആര്‍ജവം പോലും കേരളത്തിലെ സാംസ്‌കാരിക സമ്പന്നര്‍ പുലര്‍ത്തിയിട്ടില്ല. മഅ്ദനിക്ക് വേണ്ടി നിയമ സഹായം നടത്താന്‍ പിരിവു നടത്തിയതിന് കേസുകൊടുക്കാന്‍ കേരളത്തിലുള്ളവര്‍ തയാറായി. എല്ലാ പ്രതിസന്ധിയും മറികടന്ന് മഅ്ദനിയുടെ നീതിക്കുവേണ്ടി എഴുന്നേറ്റുനിന്നവരെ പിന്തിരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടന്നു. സാഹിത്യ അക്കാദമിയിലും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലും പദവി ലഭിക്കാനുള്ള ഏഴാംകൂലി ഗിമ്മിക്കുകളിയാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനം. സാഹിത്യവും സമരവും താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന ഒരുതരം കാര്‍ണിവലാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് നമ്മുടെ സിനിമക്കാരും നാടകക്കാരും സാഹിത്യകാരന്മാരും പ്രഖ്യാപിച്ചുകഴിഞ്ഞു. ബിനായക് സെന്നിനും ഇറോം ശര്‍മിളക്കും വേണ്ടി എഴുതുന്ന/ പറയുന്ന ധൈര്യം മഅ്ദനി വിഷയത്തില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല. അപൂര്‍വം ചില സാഹസികരുടെ കൂട്ടായ്മയാണ് കാല് നഷ്ടപ്പെട്ട, കാഴ്ച മങ്ങിത്തുടങ്ങിയ, ഇരുട്ടറകളില്‍ തള്ളപ്പെട്ട ഒരു പച്ച മനുഷ്യന് അല്‍പമെങ്കിലും ആശ്വാസം.
മഅ്ദനിയെ എന്തുകൊണ്ട് വേട്ടയാടുന്നുവെന്ന് അന്വേഷിച്ചാലും ചില യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടും. രാഷ്ട്രീയമായ ചില ഓര്‍മപ്പെടുത്തലുകള്‍ക്ക് തന്റേടം കാണിച്ചതിനാലാണ് ഒമ്പതര വര്‍ഷം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നത്. 1990-കളില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലുകളില്‍ അദ്ദേഹത്തിനും വലിയ ഇടം ലഭിച്ചിട്ടുണ്ടായിരുന്നു. സാമുദായിക രാഷ്ട്രീയം സൗകര്യപൂര്‍വം വിസ്മരിക്കുകയും അതിനു ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങുകയും ചെയ്ത സന്ദര്‍ഭത്തിലാണ് മഅ്ദനി രംഗത്ത് വരുന്നത്. ബാബരി മസ്ജിദ്, മണ്ഡല്‍ കമീഷന്‍, സിറാജുന്നിസ, അവര്‍ണന് അധികാരം തുടങ്ങിയ നിരവധി ഓര്‍മപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. ഭാഷക്കോ ശൈലിക്കോ കോട്ടങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, അദ്ദേഹം ഉയര്‍ത്തിയ ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയപരമായ ശരിയായിരുന്നു. ഈ ശരികളെയാണ് ഭരണകൂടം നിരന്തരം ഭയപ്പെടുന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഐക്യപ്പെട്ടതുപോലെ മഅ്ദനിയെന്ന 'ശല്യ'ത്തെ ഒഴിവാക്കുന്നതിലും അവര്‍ ഒരുമിച്ചു. മഅ്ദനി മുസ്‌ലിം മതപണ്ഡിതനായതുകൊണ്ട് ഈ ഓര്‍മപ്പെടുത്തലുകള്‍ക്ക് ഭീകരവാദമെന്ന് ലേബല്‍ ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിച്ചു. മനുഷ്യാവകാശം, നീതി തുടങ്ങിയവ ആലസ്യമകറ്റാന്‍ കുടിക്കുന്ന കട്ടന്‍ചായ പോലെയാണെങ്കില്‍ ഇതൊരു ദുരന്തമായി പര്യവസാനിക്കും. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് അല്‍പം ആത്മാര്‍ഥതയുണ്ടെങ്കില്‍ കേസ് കര്‍ണാടകക്ക് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെടാവുന്നതാണ്.
കോര്‍പറേറ്റുകളുടെ അഴിമതി, വ്യാജ ഏറ്റുമുട്ടലുകളില്‍ മരണപ്പെട്ടവരുടെ വിലാപം, വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ ആനക്കാര്യങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ ചേനക്കാര്യത്തിന് വേണ്ടി രാംലീലയില്‍ ഒരാള്‍ കിടന്നുറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ തപസ്സിരുന്ന സഹാസികതയാണ് യഥാര്‍ഥ പത്രപ്രവര്‍ത്തനം! സ്വന്തം നാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചപ്പോള്‍ ദര്‍ശനത്തിനെത്തുന്നവരില്‍ നിന്ന് 600 രൂപ ഈടാക്കിയ ഹസാരെയാണ് അഴിമതിവിരുദ്ധ ബില്ലിനു വേണ്ടി സമരത്തിനിറങ്ങിയത്! ഈ വിരോധാഭാസത്തെ തമസ്‌കരിക്കുന്ന മിടുക്കുതന്നെയാണ് ദരിദ്ര ജനങ്ങളുടെ വിലാപങ്ങള്‍ക്ക് മറയായി വര്‍ത്തിക്കുന്നതും. ഹസാരെ ശക്തിപ്പെടുത്തിയ ജനപ്രിയ സംസ്‌കാരത്തിന്റെ ഗുണഭോക്താക്കള്‍ അന്തിമവിശകലനത്തില്‍ സംഘ്പരിവാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ സ്വദേശി സാമൂഹിക പ്രസ്ഥാനവും സംഘ്പരിവാരിന്റെ സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ഒരേ ആദര്‍ശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
രാഷ്ട്രീയ ആഘോഷങ്ങളുടെ കാലത്ത് ജനപ്രിയ സംസ്‌കാരത്തിന്റെ ഈശ്വരന്മാരെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് ഹസാരെയും സംഘവും ചെയ്തത്. അവര്‍ക്ക് മുന്നില്‍ നീറിപ്പടരുന്ന ജീവിതഗന്ധിയായ നിഷേധങ്ങളോ അവഗണനകളോ പ്രസ്താവ്യമല്ല. അതുകൊണ്ടാണ് ഇറോംശര്‍മിള മൂക്കിലൂടെ ഭക്ഷിക്കുന്നതും മഅ്ദനിയുടെ കാഴ്ച മങ്ങുന്നതും. മുഴുവന്‍ പൗരന്മാരും കാഴ്ച മങ്ങി മൂക്കിലൂടെ ഭക്ഷണം കഴിക്കുന്ന വൈരുധ്യത്തെയാണ് നിരന്തരം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അതിനെ പകര്‍ത്താനും പിന്തുണക്കാനും വാരിപ്പുണരാനും മധ്യവര്‍ഗ സംവിധാനങ്ങളെല്ലാം വളരെ ജാഗ്രതയോടെ എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുന്നു.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം