Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

പൊന്‍മുട്ടയിട്ടിരുന്ന താറാവ്

ജാബിര്‍ പുല്ലൂര്‍

പൊന്‍മുട്ടയിട്ടിരുന്ന 
താറാവ്

പണ്ടെന്റെയൊരു മുത്തശ്ശി പൊന്‍മുട്ടയിട്ടിരുന്നു
ഞങ്ങളങ്ങനെയാണ്; പൊയ്മുട്ടയിടുന്ന പാരമ്പര്യമില്ല.
എന്നിട്ടും, കൊന്നുതള്ളിയാ മഹതിയെ.
ആ മാംസം ഭക്ഷിച്ചാവും നീയന്ന് ജാള്യതക്കു മറയിട്ടത്.
പൂട പറിച്ചു തൊലിയുരിച്ചാല്‍ പിന്നെ തീന്‍മേശയിലാ
കാഴ്ചക്കു പോലും സ്വാദല്ലയോ!
നിന്റെ വിസര്‍ജ്യങ്ങളിലെ അവസാനത്തെ അണുവിനെയും
അരിച്ചെടുത്തേ ഞങ്ങള്‍ വിശ്രമിച്ചിട്ടുള്ളൂ.
അല്ലായിരുന്നെങ്കില്‍ കുലം ചത്തൊടുങ്ങിയതേതു ദീനം കൊണ്ടെന്നു ഗണിച്ചു ഭീതിയില്‍ വിറകൊള്ളാന്‍
അവശേഷിക്കില്ലായിരുന്നൊരുത്തനും,
നിന്റെ രക്ഷക്കായിരുന്നു ഞങ്ങളുടെ എല്ലാ ആരവങ്ങളും.
നീ പേറിപ്പരത്തുന്ന മഹോരോഗങ്ങളെപ്പേടിച്ചു
നിന്നിലെത്രപേരെ കൊന്നു നീ?
എന്നിട്ടും ഞങ്ങളിലെ ആരോഗ്യരെയും ചുട്ടുകരിച്ചു!!
പോകട്ടെ, സാരമില്ല,
നിന്റെ ദഹനരസങ്ങളില്‍ അരഞ്ഞൊടുങ്ങുക എന്നതല്ലയോ
ഞങ്ങളുടെ ആദിമ വിധി.
ഒരപേക്ഷയുണ്ട്,
അവര്‍ക്കുള്ളത് കൊടുത്തേക്കണം; ഞങ്ങളെപ്പോറ്റിയവര്‍ക്ക്.
കൈയിട്ടുവാരരുത്.
കാരണം, അവര്‍ ഞങ്ങള്‍ക്കു തീറ്റയും കൂടും തന്നിരുന്നു. കൂടെ മക്കള്‍ക്കു കരുതിയതില്‍ നിന്നല്‍പം സ്‌നേഹവും.
കഴുത്തു ഞെരിയുമ്പോഴും ഞങ്ങള്‍ക്കതേ കൊടുക്കാനാവൂ;
പൊന്‍മുട്ടകള്‍ മാത്രം! 

ജാബിര്‍ പുല്ലൂര്‍

 

വാക്കുകള്‍

ചില നേരങ്ങളില്‍ വാക്കുകള്‍
സിംഹത്തെപ്പോല്‍ 
അട്ടഹസിച്ചെത്തും കടിച്ചു കീറാന്‍.
എന്നാല്‍ ചിലപ്പോളത്
പൂച്ചയെപ്പോലെ
കാലില്‍ ചുറ്റി ഇടയിലൂടവിടവിടെ
സ്‌നേഹം മണത്ത് തിരിയും.
ചിലപ്പോളവ 
കൊടുങ്കാറ്റായാഞ്ഞടിക്കും
തല്ലിപ്പൊളിച്ച് തകര്‍ത്തെറിയും
പിന്നെ ആടിയാടി തിരിച്ചിറങ്ങും.
ചില നേരങ്ങളില്‍ വാക്കുകള്‍
കെട്ടിപ്പിടിച്ച് സ്‌നേഹം കുടയും
ആഹ്ലാദത്തിന്റെ അവിട്ടായി പൊങ്ങും.
പക്ഷേ, ചിലപ്പോളവ,
മൗനം കുടിച്ച് 
ഏകാന്തവാസമിരിക്കും.
കൈനീട്ടി യാചിക്കും; 
കിട്ടിയാലുമില്ലെങ്കിലും. 
പിന്നെ വിറങ്ങലിച്ച
മനസ്സാല്‍ ഒടുക്കം പഴയപടി
തിരിച്ചെത്തി റാന്‍ മൂളിനില്‍ക്കും. 

കെ.പി ബാലകൃഷ്ണന്‍, ഇരിങ്ങല്‍

 

വാറ് പൊട്ടിയവര്‍

ആക്രിക്കാരനെ
പേടിച്ചാണ്
ഇത്ര കാലം
നടന്നതും കിടന്നതും.
തേഞ്ഞുതീര്‍ന്നിട്ടും
അംഗഭംഗം സംഭവിച്ചിട്ടും
ഇനിയും ഇനിയുമെന്ന്
ദുരമൂത്ത് തെരുവോരത്ത്
കാത്തുകിടപ്പാണ്
ഇപ്പോള്‍
ഇടതും വലതും,
സൂചിയില്‍ നൂല്‍കോര്‍ക്കുന്ന
ചെരുപ്പുകുത്തിയെ നോക്കി. 

പി.സി സുദര്‍ശന്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍