Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

ഇസ്‌ലാമിക കാഴ്ചപ്പാട്

ഡോ. ഫസലുര്‍റഹ്മാന്‍ ഫരീദി /പഠനം

         ബഹുസ്വരത ഉയര്‍ത്തുന്ന വെല്ലുവിളികളോടുള്ള ഇസ്‌ലാമിന്റെ പ്രതികരണം യഥാവിധി മനസ്സിലാക്കണമെങ്കില്‍ മാനവസമൂഹത്തോടുള്ള അതിന്റെ പൊതുനിലപാടും, വ്യത്യസ്ത വീക്ഷണഗതികളോട് അത് പുലര്‍ത്തുന്ന ആദരവും ആദ്യം മനസ്സിലാക്കണം. ചിന്താ-പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ പവിത്രതയെ അംഗീകരിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ സന്ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം ലോക കാഴ്ചപ്പാട് അനുസരിച്ച് തന്റെ ജീവിതത്തെ ചിട്ടപ്പെടുത്താന്‍ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ മതങ്ങളും ദര്‍ശനങ്ങളും വിശ്വാസങ്ങളും ഭിന്നമായിരിക്കുക എന്നത് മനുഷ്യകുലത്തെ രൂപകല്‍പ്പന ചെയ്യുമ്പോള്‍ തന്നെ സ്രഷ്ടാവായ ദൈവം മനുഷ്യ സൃഷ്ടിഘടനയില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ഒന്നാണ്.

അതിനാല്‍ ആരെയെങ്കിലും അയാളുടെ അഭിപ്രായങ്ങള്‍ മാറ്റാനും തിരുത്താനും നിര്‍ബന്ധിക്കുന്നത് ഈ സൃഷ്ടിഘടനക്ക് വിരുദ്ധമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തെറ്റാണെന്ന ദൃഢബോധ്യം നമുക്ക് ഉണ്ടായാല്‍ പോലും നാം ശരിയെന്ന് കരുതുന്ന അഭിപ്രായങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നമുക്ക് അനുവാദമില്ല. ഓരോ മനുഷ്യനും അല്ലാഹു ബുദ്ധിയും ധിഷണയും നല്‍കിയിട്ടുണ്ട്. അവ ഉപയോഗിച്ച് അവന്‍ സ്വന്തത്തെക്കുറിച്ചും ചുറ്റുമുള്ള ലോകത്തെക്കുറിച്ചും പഠിക്കാന്‍ ശ്രമിച്ചാല്‍ തിന്മയില്‍നിന്ന് നന്മയെയും അസത്യത്തില്‍ നിന്ന് സത്യത്തെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ വേണ്ടത്ര തെളിവുകള്‍ അവന് ലഭ്യമാവുന്നതാണ്.

ഇതിനെല്ലാം പുറമെ ഓരോ കാലത്തും ഓരോ ദേശത്തും ദൈവം പ്രവാചകന്മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരും നന്മയെന്തെന്നും തിന്മയെന്തെന്നും പഠിപ്പിക്കാനാണ് ആഗതരായിട്ടുള്ളത്. ഈ തെളിവുകളും സാക്ഷ്യങ്ങളുമെല്ലാം ഉണ്ടായിട്ടും അവക്ക് ചെവി കൊടുക്കാന്‍ മനുഷ്യന്‍ തയാറല്ലെങ്കില്‍ അനന്തരഫലങ്ങള്‍ അവന്‍ അനുഭവിക്കേണ്ടതായിവരും. അല്ലാഹു ഏര്‍പ്പെടുത്തിയ ഒരു പരീക്ഷയാണിത്. ഏതൊരു പരീക്ഷയും പരീക്ഷ ആകണമെങ്കില്‍ അതില്‍ ഒരു നിലക്കുള്ള സമ്മര്‍ദവും ബലപ്രയോഗവും ഉണ്ടാവരുതല്ലോ.

മനുഷ്യകുലത്തിന്റെ ഏകത ഖുര്‍ആന്‍ ഊന്നിപ്പറയുമ്പോഴും, പില്‍ക്കാലത്തുണ്ടായ ഭിന്നാഭിപ്രായങ്ങളെയും പരിഗണിക്കുന്നുണ്ടെന്ന് കാണാം. ''മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്റെ നാഥനില്‍ നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍, അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്‍പ്പിക്കപ്പെടുമായിരുന്നു'' (ഖുര്‍ആന്‍ 10:19).

ഈ ഭിന്നതകള്‍ ഉണ്ടാകുന്നത് ദൈവേഛ പ്രകാരമാണെന്നും മനുഷ്യനില്‍ ജീവാഗ്‌നി കത്തിനില്‍ക്കുവോളം ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമെന്നും മറ്റൊരിടത്ത് വ്യക്തമാക്കുന്നുണ്ട്.

''നിന്റെ നാഥന്‍ ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും; നിന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിന് വേണ്ടിയാണ് (തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന് വേണ്ടി) അവനവരെ സൃഷ്ടിച്ചതും'' (11:118;119).

അഭിപ്രായ വൈരുധ്യങ്ങളെയും വൈജാത്യങ്ങളെയും ഇല്ലാതാക്കാനുള്ള ദൗത്യം ദൈവപ്രവാചകന്മാര്‍ക്ക് വരെ നല്‍കിയിട്ടില്ല എന്നതാണ് സത്യം. അര്‍ഥശങ്കക്കിട നല്‍കാത്തവിധം ഖുര്‍ആന്‍ അത് വ്യക്തമാക്കിയിട്ടുമുണ്ട്.

''അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അവന് പങ്കാളികളെ സങ്കല്‍പിക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ രക്ഷാകര്‍തൃത്വം ഏല്‍പിച്ചിട്ടില്ല; നീ അവരുടെ ചുമതലകള്‍ ഏല്‍പിക്കപ്പെട്ടവനുമല്ല'' (6:107).

മനുഷ്യനെ പരീക്ഷിക്കാനാണ് ഈ ലോകജീവിതം സംവിധാനിച്ചതെന്ന് നാം പറഞ്ഞു. ആ പരീക്ഷ ഫലവത്താവണമെങ്കില്‍ ഏതഭിപ്രായവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് ഉണ്ടായേ മതിയാവൂ. ദൈവം മനുഷ്യന് ജീവിക്കാനായി ഒരു മനോഹര ലോകം സമ്മാനിച്ചിരിക്കുകയാണ്. ജീവിതം സമ്പന്നവും സമ്പുഷ്ടവുമാക്കാനുള്ള എല്ലാ കഴിവുകളും അവനില്‍ നിക്ഷേപിക്കുകയും ചെയ്തു. പ്രകൃതിയെ അവന് വിധേയമാക്കിക്കൊടുത്തു. അതോടൊപ്പം ബുദ്ധിയും ധിഷണയും നല്‍കി, കാര്യങ്ങള്‍ വിവേചിച്ചറിയാനും അങ്ങനെ ശരിയായ തീരുമാനങ്ങള്‍ എടുക്കാനും.

മനുഷ്യപ്രകൃതിക്കുമുണ്ട് ചില പ്രത്യേകതകള്‍. സ്വതവേ ശുദ്ധ മനുഷ്യ പ്രകൃതി തിന്മയെയും അന്യായത്തെയും അനീതിയെയും വെറുക്കുന്നു; ജീവിതത്തിന്റെ നന്മകളിലേക്ക് ആ ശുദ്ധപ്രകൃതി ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം പ്രലോഭനങ്ങളുടെ ഒട്ടനവധി മായിക വലയങ്ങളുമുണ്ട് ജീവിതത്തില്‍; ആശയങ്ങളുടെ ഒടുങ്ങാത്ത രാവണന്‍കോട്ടകളും. നന്മയുടെ വഴി സ്വയം കണ്ടെത്തുക വളരെ പ്രയാസം. നന്മയുടെ വഴി തേടി മനുഷ്യന്‍ അലഞ്ഞ് തിരിയട്ടെ എന്ന നിസ്സംഗ നിലപാടല്ല അല്ലാഹുവിനുള്ളത്. അവന്‍ തന്റെ അപാരമായ കാരുണ്യത്താല്‍ മനുഷ്യനെ നേര്‍വഴി കണ്ടെത്താന്‍ സഹായിക്കുന്നതിനായി തന്റെ ദൂതന്മാരെ, പ്രവാചകന്മാരെ നിയോഗിച്ചയച്ചു. ഇതൊക്കെയും ഉണ്ടെങ്കില്‍ മാത്രമേ സ്വതന്ത്രവും നീതിപൂര്‍വകവുമായ ഒരു പരീക്ഷ നടത്താന്‍ സാധ്യമാവുകയുള്ളൂ.

''ഭൂമുഖത്തുള്ളതൊക്കെയും നാം അലങ്കാരമാക്കി വെച്ചിരിക്കുന്നത്, മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്'' (18:7).

അല്ലാഹുവിന്റെ പ്രവിശാലമായ ഈ ആസൂത്രണത്തെക്കുറിച്ച് വന്ന ഖുര്‍ആനിക സൂക്തങ്ങള്‍ പരിശോധിക്കുമ്പോള്‍ തെളിഞ്ഞ് വരുന്ന ചില വസ്തുതകളുണ്ട്. അതിലൊന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും ഇതാണ്: വിവിധ വിശ്വാസങ്ങള്‍, മതങ്ങള്‍ എന്നത് അല്ലാഹുവിന്റെ തന്നെ രൂപകല്‍പ്പനയില്‍ ഉള്ളടങ്ങിയ ഒരു തത്ത്വമാണ്. വിവിധ ഓപ്ഷനുകളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അത് ഉറപ്പ് നല്‍കുന്നു. ഈ സ്വാതന്ത്ര്യത്തെ ബലം പ്രയോഗിച്ചും സമ്മര്‍ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കാനല്ല തീര്‍ച്ചയായും പ്രവാചകന്മാരെ അയച്ചിട്ടുള്ളത്. അതാണ് പ്രവാചക ദൗത്യമെങ്കില്‍ മനുഷ്യ ജീവിതം ഒരു പരീക്ഷയാണ് എന്ന് പറയുന്നതില്‍ എന്തര്‍ഥം? അതിനാല്‍ പ്രവാചകന്മാരുടെ പിന്മുറക്കാര്‍ എന്ന നിലക്ക്, വൈജാത്യങ്ങളെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കുക എന്ന ചിന്ത ഒരിക്കലും മുസ്‌ലിം സമൂഹത്തില്‍ ഉടലെടുത്തു കൂടാത്തതാണ്.

''അതിനാല്‍ പ്രഖ്യാപിക്കുക: ഇത് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണ്. വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ, അവിശ്വസിക്കുന്നവര്‍ അവിശ്വസിക്കട്ടെ'' (18:29).

മതസ്വാതന്ത്ര്യത്തോട് ആദരവ്

വേണ്ടത്ര പരിഗണനയും ആദരവും കൊടുത്തില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം അര്‍ഥരഹിതമായിത്തീരും-ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ നാം മനസ്സിലാക്കേണ്ട രണ്ടാമത്തെ കാര്യമിതാണ്. അതിനാല്‍ വിശ്വാസ സ്വാതന്ത്ര്യത്തെ എന്ത് വിലകൊടുത്തും മുസ്‌ലിംകള്‍ സംരക്ഷിക്കേണ്ടതുണ്ട്; വൈജാത്യങ്ങളെ ഇല്ലാതാക്കാനുള്ള മുഴുവന്‍ കരുത്തും അവര്‍ക്ക് കൈവന്നാലും ശരി. അവിശ്വാസികളും വിഗ്രഹാരാധകരും പ്രാര്‍ഥിക്കുന്ന ദൈവങ്ങളെ ആക്ഷേപിക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യരുതെന്ന് ഖുര്‍ആന്‍ മുസ്‌ലിംകളെ താക്കീത് ചെയ്യുന്നുണ്ട്. ആരാധനാ സ്ഥലങ്ങളില്‍ അമാന്യമായി പെരുമാറി എന്ന് ഇന്ത്യയിലെ അപൂര്‍വം ചില മുസ്‌ലിം ഭരണാധികാരികളെ കുറിച്ച് പരാതി ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. ഇത് ഖുര്‍ആന്റെയും നബിചര്യയുടെയും അധ്യാപനങ്ങള്‍ക്കും സദ്‌വൃത്തരായ ആദ്യകാല ഖലീഫമാരുടെ പാരമ്പര്യങ്ങള്‍ക്കും കടക വിരുദ്ധമാണെന്ന് മനസ്സിലാക്കണം.

ബഹുസ്വര സമൂഹത്തിലെ വിവിധ ദര്‍ശനങ്ങളെയും വിശ്വാസ ക്രമങ്ങളെയും ഇസ്‌ലാം സത്യമായി കരുതുന്നുണ്ട് എന്ന് ഇതിന് അര്‍ഥമില്ല. ഒരു സംഭവ യാഥാര്‍ഥ്യമായി അവയെ അംഗീകരിക്കുകയും മാനിക്കുകയുമാണ് ചെയ്യുന്നത്. ഇസ്‌ലാം എപ്പോഴും നിലകൊള്ളുന്നത് സത്യമായതെന്തോ അതിനുവേണ്ടി മാത്രമായിരിക്കും. മറ്റു വിശ്വാസക്രമങ്ങള്‍ സുബദ്ധമോ സാധുവോ ആണെന്ന് അത് കരുതുന്നില്ല. മനുഷ്യ മനസ്സിനുണ്ടാകുന്ന മാറ്റത്തില്‍ അത് പ്രതീക്ഷയര്‍പ്പിക്കുകയും, വ്യാജദൈവങ്ങളെ വെടിഞ്ഞ് മനുഷ്യന്‍ യഥാര്‍ഥ ദൈവത്തില്‍ തിരിച്ചെത്തണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍