Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

എവിടെയാണിന്ന് വിരുന്നും വിവാഹവുമെല്ലാം <br>നിയന്ത്രിച്ചിരുന്ന നമ്മുടെ അയല്‍ക്കാര്‍?

ഷമീം ചൂനൂര്‍

നിന്റെ വീടിനു ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിക്കല്‍ പോലും അവിടത്തേക്ക് 
എത്തി നോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ 
വന്നെന്റെ കുട്ടികള്‍ ഒന്നും നശിപ്പിച്ചിട്ടില്ല
ചൊരിഞ്ഞിട്ടില്ല നിന്റെ മേല്‍ ഒരപരാധവും
അടുപ്പെരിയാത്ത ദിനങ്ങളില്‍ 
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും 
ചോദിച്ചിട്ടില്ല നിന്നോട് കടം 
നിന്റെ ഉയര്‍ച്ചയിലും പ്രശസ്തിയിലും 
എന്നും എനിക്ക് അഭിമാനമായിരുന്നു
എന്നിട്ടും എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍ 
പരസ്പരം കാണാനാവാത്ത വിധം 
എന്തിനാണ് ഇങ്ങനെയൊരെണ്ണം 
നീ കെട്ടി ഉയര്‍ത്തിയത്

അയല്‍പക്കത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വീടിനോളം ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടി ബാരിക്കേഡുകള്‍ തീര്‍ത്തവരെ പരിഹസിക്കുകയാണ് 'മതില്‍' എന്ന കവിതയില്‍ യുവ കവി പവിത്രന്‍ തീക്കുനി. പുതിയ കാലത്തെ അയല്‍പക്ക ബന്ധങ്ങളുടെ സ്വഭാവത്തിലേക്കുള്ള സൂചനയാണിത്. പണക്കൊഴുപ്പും നഗരജീവിതവും തുടച്ചുമായ്ച്ചുകളഞ്ഞ സൗഹൃദങ്ങളെ കുറിച്ച് പരിതപിക്കുകകൂടി ചെയ്യുന്നു കവി. 

മുമ്പൊക്കെ നമ്മുടെ വീട്ടിലെ ആഘോഷങ്ങളില്‍ വളണ്ടിയര്‍മാരായി അയല്‍ക്കാരുണ്ടായിരുന്നു. വിരുന്നും വിവാഹവും അവര്‍ നിയന്ത്രിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും വഴി കാട്ടി തന്നവരിലും അവരുണ്ടായിരുന്നു. അയല്‍പക്കത്തെ കുഞ്ഞുങ്ങള്‍ പള്ളിക്കൂടം വിട്ട് ഓടി വന്ന് നമ്മുടെ മുറ്റത്ത് കളിചിരി കൂടുന്നത് നമ്മുടെ കണ്ണുകള്‍ക്ക് നിറകാഴ്ചയായിരുന്നു. അവരുടെ ഉല്ലാസങ്ങളില്‍ ജാതി മത വ്യത്യാസങ്ങളുണ്ടായിരുന്നില്ല. പകരം സ്‌നേഹവും സൗഹൃദവും മാത്രം. നമ്മുടെ തീന്‍മേശയില്‍ നിരത്തിയ കൊതിയൂറുന്ന വിഭവങ്ങളുടെ സ്വാദ് അയല്‍ക്കാരന്‍കൂടി രുചിച്ചറിഞ്ഞിരുന്നു. ഇന്ന് നമ്മള്‍തന്നെ അതൊക്കെ വേണ്ടെന്ന് വെച്ചിരിക്കുന്നു. വിഭവങ്ങളുടെ കൊതിയൂറുന്ന ഗന്ധം മാത്രമാണ് അയല്‍ക്കാരന് നാം നല്‍കുന്നത്. നമ്മുടെ വിവാഹങ്ങള്‍ പൊതുസമ്മേളനങ്ങളെപ്പോലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതോടെ അയല്‍ക്കാരനെ സല്‍ക്കരിച്ച് ഭക്ഷിപ്പിക്കുന്നതിന് പകരം അതിഥികള്‍ യാചിച്ച് ഭക്ഷിക്കുന്ന രീതി വന്നു. മതിലുകള്‍ക്കുള്ളില്‍ ഗുഹാവാസികളെപ്പോലെ ഒതുങ്ങി ജീവിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. കൂട്ടിന് ഡിജിറ്റല്‍ സൗണ്ടോടുകൂടി  ഹോംതിയേറ്ററും. മക്കള്‍ക്ക് കൂട്ടിരിക്കുന്നത് സ്മാര്‍ട്ട് ഫോണും ടാബ്‌ലെറ്റും മാത്രമായി. അകലത്തെ ബന്ധുവേക്കാള്‍ അയലത്തെ ശത്രു ഭേദം എന്നത് നമുക്ക് പഴയ ഒരു ചൊല്ലു മാത്രമായിരിക്കുന്നു. വീടതിരുകളില്‍ നമ്മള്‍ തീര്‍ത്ത വന്‍മതിലുകള്‍ നമ്മുടെ കുട്ടികളുടെ മനസ്സുകളിലും അതിലേറെ പൊക്കത്തിലുയര്‍ന്നുകഴിഞ്ഞു. അവര്‍ക്കിന്ന്  അയല്‍വീട്ടില്‍ ആരാണെന്ന് പോലും അറിയില്ല. ഇങ്ങനെ വളര്‍ന്ന് വന്ന കുട്ടികള്‍ മതിലുകള്‍ക്കപ്പുറത്തേക്ക് ഒളിഞ്ഞുനോക്കി തുടങ്ങി. അയല്‍വീട്ടില്‍ കവര്‍ച്ചയും കൊള്ളയും പതിവ് കാഴ്ചയായി. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന യേശു വാക്യം പാഴ്‌വാക്കായി. ഇവിടെയാണ് ഇസ്‌ലാമിന്റെ മനുഷ്യബന്ധങ്ങളുടെ പവിത്രത പ്രസക്തമാവുന്നത്. 

മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന് ദൈവവുമായുള്ള ബന്ധത്തേക്കാള്‍ പ്രാധാന്യം കൈവരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പ്രവാചകന്റെ കാലത്തെ രണ്ട് സ്ത്രീകളുടെ കഥ ഉദാഹരണം. ഒന്നാമത്തെ സ്ത്രീ പുണ്യവതിയായിരുന്നു. സഹായം ചോദിച്ച് വരുന്നവരെ മടക്കി അയക്കാത്തവള്‍. പാതിരാക്കേണീറ്റ്  നമസ്‌കരിക്കും. നോമ്പ് ഒന്നുപോലും ഒഴിവാക്കാറില്ല. ദൈവത്തോടുള്ള കടമ മുഴുവനും നിര്‍വഹിക്കുന്ന നല്ല ഭക്ത. പക്ഷേ അയല്‍പക്കത്തെ വീട്ടുകാരോട് അവര്‍ വഴക്കിലാണ്.  അവിടത്തെ നിഷ്‌കളങ്കരായ കുട്ടികളോടു പോലും അകാരണമായി ദേഷ്യപ്പെടും. പ്രവാചകന്‍ ഈ ഭക്തയെക്കുറിച്ച് പറഞ്ഞു:  'അവളുടെ വീടാണ് നരകം.' 

രണ്ടാമത്തെ സ്ത്രീ, ആരാധനയില്‍ ആദ്യത്തെ സ്ത്രീയെപ്പോലെ അത്ര കണിശതയില്ലാത്തവളാണ്. തഹജ്ജുദ് നമസ്‌കാരം പലപ്പോഴും വിട്ടുപോവാറുണ്ട്. എങ്കിലും അയല്‍വാസികള്‍ക്ക് അവള്‍ സ്‌നേഹവും സൗഹൃദവും മാത്രമേ നല്‍കാറുള്ളൂ. അവളെകുറിച്ച് സ്‌നേഹമുള്ള ഓര്‍മകള്‍ മാത്രമേ മറ്റുള്ളവര്‍ക്കുള്ളൂ. ആരാധനയില്‍ ചെറിയ വീഴ്ചകള്‍ വരുത്തിയ ഈ സ്ത്രീയെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞു: 'അവള്‍ക്കുള്ളതാണ് സ്വര്‍ഗം!' ഇങ്ങനെ മനുഷ്യബന്ധങ്ങള്‍ക്ക് പവിത്രത കല്‍പിക്കുന്നവര്‍ക്കാണ് സ്വര്‍ഗം. അതുകൊണ്ടാണ് ഖുര്‍ആന്‍ അല്ലാഹുവോടുള്ള ബന്ധം ശരിപ്പെടുത്താന്‍ പറയുന്നിടത്തുതന്നെ മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കാനും കല്‍പ്പിക്കുന്നത്.

അല്ലാഹുവോട് ചെയ്യുന്ന ഏറ്റവും വലിയ ധിക്കാരമായിരിക്കും അവന് പങ്കുകാരെ ചേര്‍ക്കുന്നത്. എന്നാല്‍ ആ കൊടിയ പാപം നിഷിദ്ധമാണെന്ന് പറയുന്നിടത്ത് തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ നിങ്ങളുടെ അയല്‍ക്കൂട്ടത്തിന് നന്മ ചെയ്യണമെന്ന് കല്‍പ്പിച്ചിരിക്കുന്നത് (അന്നിസാഅ് 36). അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക എന്നു പറഞ്ഞ ശേഷം ഖുര്‍ആന്‍ ഉണര്‍ത്തുന്നത് നിന്റെ വേലിക്കപ്പുറത്ത് താമസിക്കുന്ന വീട്ടുകാരെ സന്തോഷിപ്പിക്കണമെന്നാണ്. അവരോടുളള അതിരു തര്‍ക്കങ്ങള്‍ ഇനിയും പരിഹരിച്ചിട്ടില്ലെങ്കില്‍ നിന്റെ ആരാധനക്ക് എന്തോ കുറവ് പറ്റിയിരിക്കുന്നു. അവരുടെ ന്യൂനതകള്‍ പറഞ്ഞ് പരത്തുന്നത് ഇനിയും ഉപേക്ഷിച്ചിട്ടില്ലെങ്കില്‍ ഓര്‍ക്കണം, നാഥനുമായുള്ള നമ്മുടെ ബന്ധം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അയല്‍വാസിക്ക് നമ്മളെപ്പറ്റി മതിപ്പില്ലെങ്കില്‍ അല്ലാഹുവിനും നമ്മെപ്പറ്റി മതിപ്പുണ്ടാവുകയില്ല. അതുകൊണ്ട് തന്നെ അയല്‍പക്ക ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇസ്‌ലാം നല്‍കുന്നത്. തൗഹീദിന്റെ വാക്യം ഉച്ചരിച്ചാലും വിശ്വാസിയാവുകയില്ല എന്ന് പ്രവാചകന്‍ പറഞ്ഞത് അയല്‍വാസികളെ ദ്രോഹിക്കുന്നവനെക്കുറിച്ചാണ്. നമ്മുടെ അയല്‍വാസി നമ്മെ പേടിച്ച് ജീവിക്കുകയാണെങ്കില്‍ നമുക്ക് വിശ്വാസികളാവാന്‍ കഴിയില്ല എന്നര്‍ഥം. ഇസ്‌ലാമില്‍ വളരെ വലിയ പ്രാധാന്യമുള്ളതുകൊണ്ടാണല്ലോ, ജിബ്‌രീല്‍ പ്രവാചകന്റെ അടുത്തുവന്ന് ദീര്‍ഘ സമയം അയല്‍പക്കബന്ധം ദൃഢമാക്കുന്ന കാര്യം ഉപദേശിച്ചത്. പ്രവാചകന്‍ ജിബ്‌രീലിന്റെ ഉപദേശത്തെപ്പറ്റി പിന്നീട് അനുയായികളോട് പറഞ്ഞത് ഇങ്ങനെ: ''ജിബ്‌രീല്‍ എന്നെ അയല്‍വാസികളുടെ കാര്യത്തില്‍ ഉപദേശിച്ചു കൊണ്ടിരുന്നു; ഒടുവില്‍ അവരെ അനന്തരാവകാശികളായി നിശ്ചയിച്ചു പോകുമോ എന്നു വരെ ഞാന്‍ ആശങ്കിച്ചുപോയി.''

മനുഷ്യര്‍ ഒറ്റ കുടുംബമാണ് എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വീക്ഷണമാണ്. ഈ കുടുംബത്തില്‍പ്പെട്ടവരോടുള്ള കടമകള്‍ മറക്കുന്നവര്‍ക്ക് ഇസ്‌ലാമിലേക്ക് പൂര്‍ണമായി പ്രവേശിക്കാനാവില്ല. തന്റെ അയല്‍വാസി വിശപ്പ് സഹിച്ച് കിടക്കുമ്പോള്‍ വയറ് നിറക്കുന്നവന് മുസ്‌ലിമാവാന്‍ കഴിയുകയില്ല. അതുകൊണ്ട് പുത്തന്‍ വിഭവങ്ങളുടെ കൊതിയൂറൂന്ന മണം മാത്രമല്ല അയല്‍ക്കാരന് കൊടുക്കേണ്ടത്. അബൂദര്‍റി(റ)നെ നബി(സ) ഉപദേശിക്കുന്നത് അതാണ്. ''അബൂദര്‍, താങ്കള്‍ കറി പാകം ചെയ്യുമ്പോള്‍ അതിലൊരല്‍പ്പം വെള്ളം കൂടുതല്‍ ഒഴിക്കുക. എന്നിട്ട് താങ്കളുടെ അയല്‍വാസിയെ സഹായിക്കുക.'' സമൃദ്ധമായി ഭക്ഷണം കഴിച്ച് ജീവിക്കുന്ന ഈ കാലത്ത് ഇങ്ങനെ വെള്ളം ഒഴിച്ച് കൂടുതലാക്കിയ കറി കൊടുക്കുന്നതും വാങ്ങുന്നതും 'ഔട്ടോഫ് ഫാഷനാ'യി മാറിയിരിക്കുന്നു. ഈ മനോഭാവം തന്നെ തെറ്റാണ്. എത്ര നിസ്സാരമായ വസ്തുവാണ് അയല്‍വാസി തരുന്നതെങ്കിലും വര്‍ധിച്ച സന്തോഷത്തോടെ മാത്രമേ അത് സ്വീകരിക്കാവൂ. ഇല്ലായ്മക്കുള്ള പരിഹാരമായല്ല അതിനെ കാണേണ്ടത്. നമ്മുടെ മനസ്സിനകത്ത് വറ്റി വരണ്ടുപോയ സൗഹൃദത്തിന്റെ നീരുറവ ഒഴിച്ചുണ്ടാക്കിയ കറിയാണ്, അബൂദര്‍റിനോട് തന്റെ അയല്‍ക്കാരന് കൊടുക്കാന്‍ നബി പറഞ്ഞത്. എല്ലാം ത്യജിച്ച് മദീനയിലേക്ക് പലായനം ചെയ്ത മുഹാജിറുകളുടെ മുമ്പിലേക്ക് അന്‍സ്വാറുകള്‍ നീട്ടിവെച്ചുകൊടുത്ത സ്‌നേഹവും പാതി സമ്പത്തും വിശ്വാസം പകര്‍ന്നുതന്ന മനുഷ്യബന്ധങ്ങളുടെ മാഞ്ഞുപോകാത്ത ഓര്‍മകളാണ്. 

ഇസ്‌ലാമില്‍ അയല്‍വാസികളോടുള്ള സൗഹൃദം ജാതി-മത അതിര്‍വരമ്പുകളില്ലാത്തവിധം വിശാലമാണ്. നമ്മുടെ വീടിനോട് ചേര്‍ന്ന നാല്‍പത് വീടുകളിലേക്ക് വ്യാപിക്കുന്നതാണ് അയല്‍പ്പക്ക ബന്ധമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഇതില്‍ മുസ്‌ലിം-അമുസ്‌ലിം വേര്‍തിരിവില്ല. അബൂബക്ര്‍(റ) മക്ക വിട്ട് പോവാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടിലെ അമുസ്‌ലിം അയല്‍ക്കാര്‍ വന്ന് പറയുന്നത് ഇങ്ങനെയാണ്: ''താങ്കളെപ്പോലുള്ളവര്‍ പുറത്ത് പോകുവാനോ പുറത്താക്കപ്പെടുവാനോ പാടില്ല. താങ്കളുടെ സഹവാസം ഞങ്ങള്‍ ഏറെ ആഗ്രഹിക്കുന്നു.'' നമ്മുടെ അയല്‍പ്പക്കവും നമ്മളോട് ഇങ്ങനെ പറയുമെങ്കില്‍ നമുക്കേറെ സന്തോഷിക്കാം. കാരണം ഈ നല്ല സൗഹൃദ ബന്ധം വഴി സ്വര്‍ഗം നമ്മുടെ പാര്‍പ്പിടമാകും. അവരെ ഉപദ്രവിക്കുന്നത് നമ്മുടെ നിത്യവാസം നരകമാക്കിത്തീര്‍ക്കും. അഥവാ നമ്മുടെ നരകവും സ്വര്‍ഗവും തീരുമാനിക്കുന്നതില്‍ ദൈവത്തോടുള്ള ഭക്തിസാന്ദ്രമായ ബന്ധത്തോടൊപ്പം മനുഷ്യബന്ധങ്ങളുടെ ഊഷ്മളതക്കും വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നര്‍ഥം. പരസ്പര വൈരത്തിന്റെയും വിദ്വേഷത്തിന്റെയും തീ ജ്വാലകള്‍ കെടുത്തിക്കളയേണ്ടതുണ്ട്. കാരണം റസൂല്‍(സ)പറഞ്ഞു: ''അന്ത്യനാളില്‍ എത്രയെത്ര ആളുകളാണ് തങ്ങളുടെ അയല്‍ക്കാരോടൊപ്പം ദൈവസന്നിധിയില്‍ ഹാജരാവുക! അപ്പോള്‍ അയല്‍ക്കാരന്‍ പറയും: എന്റെ നാഥാ, ഇവന്‍ എന്റെ നേരെ വാതില്‍ കൊട്ടിയടച്ചവനാണ്. ഇവന്‍ നന്മകള്‍ എനിക്ക് തടയുകയും ചെയ്തു.''  

അയല്‍ക്കാരനോടുള്ള കടമകള്‍ പ്രവാചകന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ''അവന്‍ നിന്നോട് സഹായമര്‍ഥിച്ചാല്‍ നീ അവനെ സഹായിക്കണം. കടം ചോദിച്ചാല്‍ കൊടുക്കണം. അവന്‍ ആവശ്യക്കാരനാണെങ്കില്‍ അത് അവനുതന്നെ തിരിച്ചുകൊടുത്തേക്കുക. രോഗിയായാല്‍ സന്ദര്‍ശിക്കുക. അവന് വല്ല നന്മയും കൈവന്നാല്‍ അഭിനന്ദിക്കുക. ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ആശ്വസിപ്പിക്കുക. മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക. അവന്റെ അനുവാദം കൂടാതെ കെട്ടിടം ഉയര്‍ത്തി നീ അവന്റെ വീട്ടിലേക്കുള്ള വായു സഞ്ചാരം തടസ്സപ്പെടുത്തരുത്. നിന്റെ കറിയില്‍നിന്ന് ഒന്നും നല്‍കാതെ അതിന്റെ മണം മാത്രം പരത്തിക്കൊണ്ട് നീ അവനെ ഉപദ്രവിക്കരുത്. നീ പഴം വാങ്ങിയാല്‍ അതിന്റെ ഒരു വിഹിതം അവനും നല്‍കുക; അതിന് സാധ്യമല്ലെങ്കില്‍ വീട്ടില്‍ അത് സ്വകാര്യമായി വെക്കുക. അതുമായി നിന്റെ മകന്‍ പുറത്തുപോയി, അതുകണ്ട അവന്റെ മകന്‍ പ്രയാസപ്പെടാനിട വരരുത്.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍