അകക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്നു
സ്വപ്നഭാവങ്ങളുടെ വാങ്മയ ചി്രതങ്ങളാണ് സംഗീതം. അരൂപികളായ ഭാവങ്ങള്‍ക്ക് മനസ്സും ശരീരവും പകര്‍ന്ന് പറന്നുല്ലസിക്കാനയക്കുകയാണ് സംഗീതം ചെയ്യുന്നത്. സംഘര്‍ഷഭരിതമായി, അലങ്കോലമായി കിടക്കുന്ന മനസ്സിനെ നൈര്‍മല്യത്തിന്റെ താഴ്‌വരയിലേക്ക് നയിക്കാന്‍ സംഗീതത്തിനാവും. വ്യക്തിയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ അയാളെ തന്നെ അലോസരപ്പെടുത്തുന്നതിന് പുറമെ അശാന്തമായ സാമൂഹിക മനസ്സുകൂടി അയാളിലെത്തുമ്പോഴുള്ള സങ്കീര്‍ണമായ അന്തരീക്ഷത്തില്‍ നൈര്‍മല്യത്തിലേക്കുള്ള മാനസിക യാത്ര സാധ്യമാവുക എന്നത് ഏറെ നന്മ പകരുന്ന അനുഭവമാണ്. ഒപ്പം പുറം കാഴ്ചകളിലെ നിശ്ചലതയില്‍നിന്ന് അകക്കാഴ്ചയുടെ ആനന്ദങ്ങളിലേക്ക് അത് വാതില്‍ തുറക്കുക കൂടി ചെയ്യുന്നത് കൂടി ആലോചിച്ചു നോക്കൂ. അത്തരമൊരു സുന്ദരാനുഭവമാണ് തനിമ കലാസാഹിത്യവേദി പുറത്തിറക്കിയ 'മിഴി തുറക്കുന്നു'’എന്ന ഓഡിയോ ആല്‍ബം പകരുന്നത്.
ഭൂമിയിലേക്കും ആകാശത്തിലേക്കും മനുഷ്യരിലേക്കും കാഴ്ചയുടെ അകക്കണ്ണുമായി മിഴിതുറക്കേണ്ടതിനെ കുറിച്ച 'ഇനി മിഴി തുറക്കുന്നു നമ്മള്‍' എന്ന വരികളുമായുള്ള ആദ്യ ഗാനം തന്നെ ലളിതസുന്ദരമായ ലോകബോധത്തെ കാണിക്കുന്നുണ്ട്. ജമീല്‍ അഹ്മദാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. നന്മ പൂക്കുന്ന നാളിനെ കുറിച്ച പ്രതീക്ഷകളും ആഹ്ലാദങ്ങളും നിറച്ച വരികള്‍കൊണ്ട് സമ്പന്നമാണ് അമീന്‍ കാരക്കുന്ന് രചിച്ച 'നന്മ പൂക്കും' എന്ന ഗാനം.
ആത്മീയതയുടെ കടലില്‍ മുങ്ങി നിവരുന്ന സമ്മോഹനാനുഭവം നല്‍കുന്നതാണ് റഹ്മാന്‍ മുന്നൂര് രചിച്ച 'ഒരു മനുഷ്യായുസ്സ്' എന്നു തുടങ്ങുന്ന ഗാനം. വറ്റിപ്പോകുന്ന ആര്‍ദ്രതയുടെ കാലത്തെ കുറിച്ച സന്ദേഹങ്ങള്‍ക്ക് മേല്‍ സ്‌നേഹത്തണല്‍ വിരിക്കാനാവുമെന്ന പ്രതീക്ഷകളാണ് 'കടലുണങ്ങും' എന്ന വരികളില്‍. ഹിക്മത്തുല്ലയാണ് ഈ ഗാനത്തിന്റെ രചന. മാപ്പിളകവി ശ്രേഷ്ഠന്‍ ടി. ഉബൈദിന്റെ പ്രശസ്ത രചനകളിലൊന്നായ 'ജയിച്ചിടുന്നിതു'’എന്ന ഗാനവും ഇതിലുണ്ട്. മലയാള മണ്ണില്‍ ഇസ്‌ലാമിക ഗാനരചനാരീതിയുടെ പ്രയോക്താവായിരുന്ന യു.കെ. അബൂസഹ്‌ലയുടെ 'താമരപ്പൂവതിന്‍' എന്ന ഗാനം പ്രകൃതി വര്‍ണനയിലൂടെ ദൈവത്തിന്റെ സൃഷ്ടി വൈഭവത്തിലേക്ക് ശ്രദ്ധചെലുത്താന്‍ ആഹ്വാനം ചെയ്യുന്നു.
ഹൃദയത്തെ പ്രകൃതിയുടെ മഹാവിതാനത്തിലേക്ക് തുറന്നുവിടാന്‍, അതുവഴി സത്യത്തിന്റെ ആകാശങ്ങളിലേക്കുയരാന്‍ നമ്മോടോതുന്ന വരികളാണ് ഫൈസല്‍ കൊച്ചിയുടെ 'നിലാവ് മൊഴിഞ്ഞു' എന്ന ഗാനം. താരാട്ടിന്റെ ഈണങ്ങള്‍ എല്ലാ കുഞ്ഞുങ്ങളുടേതുമായിരിക്കത്തന്നെ അത് പാടിയുറക്കുന്ന അമ്മമാരുടേതുമാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് സൈനബ് ഉമ്മു സാബിത് രചിച്ച 'ആരോമലേ' എന്ന ഗാനം. യുവസംഗീത സംവിധായകനും ഗായകനുമായ അമീന്‍ യാസിറാണ് സംഗീതം. അമീന്‍ യാസിറിന് പുറമെ ശാന്തി, സുരേഷ് ചെറുകോട്, നൗഷാദ് ബാബു, ഷാനവാസ്, സിദ്‌റത്തുല്‍ മുന്‍തഹ, ശിഹാബ് എന്നിവരാണ് ആലാപനം. മലപ്പുറം ഹിമ ഓഡിയോ വിഷ്വല്‍ ലാബാണ് സ്റ്റുഡിയോ.
Comments