Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് മതംമാറുന്ന ഇന്ത്യ

എ. റശീദുദ്ദീന്‍ /കവര്‍‌സ്റ്റോറി

         ആഗ്രയില്‍ 57 മുസ്‌ലിം കുടുംബങ്ങളെ പ്രലോഭിപ്പിച്ച് മതംമാറ്റിയ നടപടിക്രമത്തിന്റെ ശരിയും തെറ്റും വിലയിരുത്തുന്നതില്‍ പതിവുപോലെ ആര്‍.എസ്.എസ്സിന്റെ ഭൂതം തീണ്ടിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടു. അങ്ങനെയൊരു മതംമാറ്റം ഇന്ത്യയിലുണ്ടായാല്‍ അത് ഇന്ത്യയെ ആഗോളതലത്തില്‍ എങ്ങനെ ബാധിക്കുമെന്ന് അറിയാത്തവരൊന്നുമല്ല നാടു ഭരിക്കുന്നവര്‍. വാണിജ്യ കരാറുകള്‍ മുതല്‍ ഉഭയകക്ഷി ബന്ധങ്ങള്‍ വരെ മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ബാലവേലയുടെയും ഉപാധികള്‍ കൊണ്ടു നിറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. മുസ്‌ലിംകളെയോ ക്രിസ്ത്യാനികളെയോ മതംമാറ്റുക എന്നതായിരുന്നില്ല ആര്‍.എസ്.എസിന്റെ ഉദ്ദേശ്യവും. മതപരിവര്‍ത്തനം നിരോധിക്കുന്നതിന് ദേശീയ തലത്തില്‍ നിയമം കൊണ്ടുവരികയും, അക്കാര്യത്തില്‍ അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മുഴുവന്‍ പാര്‍ട്ടികളെയും നിര്‍ബന്ധിതരാക്കുന്നതിന് സാഹചര്യമൊരുക്കുകയുമാണ് സംഘ് പരിവാര്‍ യഥാര്‍ഥത്തില്‍ ചെയ്തത്. രേഖകളില്‍ മാത്രം ഇന്ത്യയെ മതേതര രാഷ്ട്രമാക്കി നിലനിര്‍ത്തുകയും എന്നാല്‍ പ്രായോഗിക തലത്തില്‍ മതാധിഷ്ഠിത രാജ്യമാക്കി മാറ്റുകയും ചെയ്യാനുള്ള ചുവടുവെപ്പുകളുടെ ആദ്യഘട്ടം മാത്രമായിരുന്നു ഇത്. മനുഷ്യാവകാശ മേഖലയില്‍ അടിസ്ഥാനപരമായി എതിര്‍പ്പുണ്ടാവാനിടയുള്ള വിഷയങ്ങളില്‍ ചില സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തു കൊണ്ടായിരുന്നു എന്‍.ഡി.എ സര്‍ക്കാറും യു.പി.എയും എക്കാലത്തും മുന്നോട്ടു പോയത്. ആരുടെ ഗൂഢാലോചനയെന്ന് ഇനിയും തെളിഞ്ഞിട്ടില്ലാത്ത 2002-ലെ പാര്‍ലമെന്റ് ആക്രമണമാണ് ടാഡ എന്ന കരിനിയമത്തിന് വഴിമരുന്നിട്ടത്. ഇനിയും ദുരൂഹതകളുടെ കെട്ടഴിഞ്ഞിട്ടില്ലാത്ത മുംബൈ ആക്രമണമായിരുന്നു യു.എ.പി.എ നിയമത്തിന് കരാളമുഖം നല്‍കാന്‍ കാരണമാക്കിയത്. സമാനമായ മാതൃകയില്‍ മതംമാറ്റത്തിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ചെടുക്കേണ്ട ഒരു രാഷ്ട്രീയ സമ്മതിയിലേക്ക് ഇന്ത്യയെ വലിച്ചിഴക്കുക മാത്രമാണ് ആഗ്രയില്‍ സംഘ്പരിവാര്‍ ചെയ്തത്. അതിനോട് വൈകാരികമായി പ്രതികരിക്കാനായിരുന്നു പക്ഷേ മാധ്യമങ്ങള്‍ ഇന്ത്യക്കാരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസമായിട്ടും വാക്കു പാലിക്കാനാവാതെ നൂറുകണക്കിന് വിഷയങ്ങളില്‍ ഉരുണ്ടുകളിക്കുമ്പോള്‍ ജനശ്രദ്ധ തിരിച്ചു വിടാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് വര്‍ഗീയത. 2002-ലും 2007-ലും ഗുജറാത്തില്‍ മോദി പയറ്റിയ അതേ ആയുധം. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു റാലികളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ടിരുന്ന 'മിയാന്‍' മുശര്‍റഫും, 'നാണയത്തിന്റെ അങ്ങേപ്പുറത്തെ ഇറ്റാലിയന്‍ കുരിശും' 'ഹം പാഞ്ച് ഹമാരെ പച്ചീസു'മൊക്കെ ഓര്‍ക്കുക. ഇരുതലമൂര്‍ച്ചയുള്ള ഈ ആയുധം ഇന്ന് അനുയായികള്‍ തനിക്കു വേണ്ടി ഉപയോഗിക്കുന്നത് കണ്ട് നില്‍ക്കുകയാണ് ഈ പ്രധാനമന്ത്രി. ആര്‍.എസ്.എസ്സിന്റെ ഭാഷയില്‍ ഇത് 'ജനാധാര്‍ കീ വിസ്താര്‍ കാ സമയ്' അതായത് പാര്‍ട്ടിയുടെ 'ജനകീയ അടിത്തറ വ്യാപകമാക്കാനുള്ള സമയ'മാണ്. ഈ ദിവസങ്ങളിലൊന്നില്‍ ഇന്ത്യയിലെ വലതുപക്ഷ ജേര്‍ണലിസ്റ്റുകളുടെ ആള്‍ദൈവമായ അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ ബി.ജെ.പിയെ 'പൊളിച്ചടുക്കു'ന്നത് കാണാനുണ്ടായിരുന്നു. അര്‍ണബ് ഇത്രക്കു ഉയര്‍ന്ന നിലവാരത്തിലേക്ക് വളര്‍ന്നോ എന്ന സംശയം ഏതു കാഴ്ചക്കാരനും ഉണ്ടായ നിമിഷം. പക്ഷേ നൂറു ദിവസം കൊണ്ട് ചെയ്യുമെന്നു പറഞ്ഞ കാര്യങ്ങളില്‍ ആറു മാസമായിട്ടും ഒരു കച്ചിത്തുരുമ്പിന്റെ പോലും ആശ്വാസം പൊതുജനത്തിന് കൊടുക്കാത്ത മോദി സര്‍ക്കാറിനു വേണ്ടി മതംമാറ്റ വിഷയത്തെ കത്തിച്ചെടുക്കുകയാണ് സൂക്ഷ്മവായനയില്‍ ഗോസ്വാമി ചെയ്തുകൊണ്ടിരുന്നത്. അതായത് ജനത്തെ തമ്മിലടിപ്പിച്ച് ഭരണത്തെ നിലനിര്‍ത്തുന്ന ഒറ്റുകാരുടെ റോളിലായിരുന്നു ദേശീയ മാധ്യമങ്ങള്‍!

ആഗ്ര സംഭവം അരങ്ങേറിയ അതേ കാലയളവില്‍ തന്നെ പൊതു സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു ഡസനോളം സംഭവങ്ങള്‍ വേറെയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ദല്‍ഹിയിലെ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെ, എട്ട് നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യയില്‍ ഹിന്ദുഭരണം തിരികെ വന്നുവെന്ന് ഭരണത്തിന്റെ ചക്രം പുറകിലിരുന്ന് തിരിക്കുന്ന സംഘടനകളിലൊന്നിന്റെ ആചാര്യന്‍ ദല്‍ഹിയില്‍ പ്രഖ്യാപിച്ചു. ആവേശം മൂത്ത് ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഭഗവദ് ഗീത ദേശീയ ഗ്രന്ഥമാകുന്നതോടെ ഇന്ത്യയുടെ ദേശീയമതം എന്താകുമെന്ന ചോദ്യത്തിന് വലിയ ബുദ്ധിമുട്ടില്ലാതെ ഉത്തരം പറയാനാവുമല്ലോ. ഭരണഘടനയില്‍ നിന്ന് സെക്യുലര്‍ എന്ന പദം വിട്ടുകളയാനും പിന്നീട് വളരെ എളുപ്പമുണ്ടാകും. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിറകെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പിയുടെ ഒരു പാര്‍ലമെന്റംഗം ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന്റെ അലയൊലികള്‍ ദല്‍ഹിയിലുമെത്തി. ഗോഡ്‌സെ ദേശീയ പുരുഷനാണെന്ന് ബി.ജെ.പിയുടെ നേതാവ് സാക്ഷി മഹാരാജ് പരസ്യമായി അഭിപ്രായപ്പെട്ടു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ സംസ്‌കൃതത്തെയും ഇന്ത്യയുടെ ഭരണഭാഷയായി പ്രഖ്യാപിക്കണമെന്ന് ആര്‍.എസ്.എസ്സിന്റെ ആവശ്യമുയര്‍ന്നു. മസ്ജിദുകളില്‍ മൈക്ക് നിരോധിക്കണമെന്ന ആവശ്യവുമായി വി.എച്ച്.പി നേതാക്കള്‍ രംഗത്തെത്തി. ക്രിസ്മസിന്റെ അവധി തത്ത്വത്തില്‍ സര്‍ക്കാര്‍ റദ്ദാക്കി. ബി.ജെ.പിയുടെ യു.പി ഗവര്‍ണര്‍ റാംനായിക് അയോധ്യയില്‍ അഞ്ചു വര്‍ഷത്തിനകം രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടു. മറ്റേതെങ്കിലും സര്‍ക്കാറിന്റെ കാലത്താണെങ്കില്‍ രാജ്ഭവനിലിരിക്കവെ ഇത്തരമൊരു രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ഇദ്ദേഹത്തെ അപ്പോള്‍ തന്നെ പടിയിറക്കിയേനെ. ആഗ്രയിലെയും അലീഗഢിലെയും മതംമാറ്റ ചടങ്ങുകള്‍ തെറ്റല്ലെന്നും ഇത്തരം ചടങ്ങുകളുമായി ഇനിയും മുന്നോട്ടു പോകുമെന്നും പാര്‍ട്ടിയുടെ ഗൊരഖ്പൂര്‍ എം.പിയായ യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുന്ന കാര്യവും സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചക്കെടുക്കുമെന്ന് കേന്ദ്ര നിയമമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഈ പരമ്പരയെ ഒന്നിച്ചെടുത്തു വിലയിരുത്തുമ്പോള്‍, മോദി സര്‍ക്കാറിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആലോചിച്ചുറച്ച തയാറെടുപ്പുകളില്‍ ഒന്നു മാത്രമായിരുന്നു ആഗ്രാ സംഭവം.

സ്വാധ്വി നിരഞ്ജനയും സാക്ഷി മഹാരാജും വിനയ് കത്യാറുമൊക്കെ പാര്‍ലമെന്റിലും പുറത്തും പറഞ്ഞ 'മൊഴിമുത്തു'കളിലും പിന്നീട് നടത്തിയ 'ഖേദ'പ്രകടനങ്ങളിലും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചവരുടെ അഹങ്കാരവും പരിഹാസവും കത്തിനിന്നു. സവര്‍ക്കറെ പാര്‍ലമെന്റില്‍ ഗാന്ധിജിയുടെ നേരെ എതിര്‍വശത്തു തൂക്കാന്‍ ഒപ്പം നിന്നു കൊടുത്ത കോണ്‍ഗ്രസിന് ഇങ്ങനെയൊക്കെ തന്നെയാണ് തിരിച്ചടി കിട്ടേണ്ടതും. അന്നു വാജ്‌പേയി ബാക്കിവെച്ച പട്ടികയില്‍ നിന്നാണ് നാഥുറാം ഗോഡ്‌സെയെ ഇപ്പോള്‍ കണ്ടെടുക്കുന്നത്. ആര്‍.എസ്.എസിനെ സംബന്ധിച്ചേടത്തോളം ഗോഡ്‌സെ മറ്റെന്തൊക്കെ ആയാലും ചരിത്രവും ഇന്ത്യന്‍ നീതിപീഠവും ഒരുപോലെ കൊലപാതകിയെന്ന് എഴുതിവെച്ച ഒരാളെയാണ് സന്യാസിയായി സ്വയം പ്രഖ്യാപിച്ച സാക്ഷി മഹാരാജ് നെഞ്ചിലേറ്റിയത്. ഇക്കൂട്ടത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ പരാമര്‍ശമായിരുന്നു കത്യാറുടേത്. രണ്ട് തലമുറ മുമ്പ് ഉമര്‍ അബ്ദുല്ലയുടെ കുടുംബം ഹിന്ദുക്കളായിരുന്നു എന്നും സംശയമുണ്ടെങ്കില്‍ ഫാറൂഖ് അബ്ദുല്ലയോടു ചോദിച്ചു നോക്കൂ എന്നും കത്യാര്‍ നടത്തിയ പരാമര്‍ശം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്‌റുവുമായി ബന്ധപ്പെട്ട് നിലനിന്ന ഒരു വൃത്തികെട്ട ഗോസിപ്പിനെ കുറിച്ച ദുസ്സൂചനയായിരുന്നു. എം.പിയുടെ നിലവാരത്തിന് നിരക്കാത്ത ഈ പ്രസ്താവനയുമായി വിനയ് കത്യാര്‍ രക്ഷപ്പെടുകയാണുണ്ടായത്. ഈ അസംബന്ധങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അത്രയൊന്നും വിദ്യാഭ്യാസമില്ലാത്ത ഒരു സ്വാധ്വി പറഞ്ഞതിനെ അങ്ങു ക്ഷമിച്ചേക്കാനായിരുന്നു മോദി പാര്‍ലമെന്റില്‍ നടത്തിയ അഭ്യര്‍ഥന.

ഹിന്ദുമതത്തിലേക്ക് മാത്രമേ മതംമാറ്റം ആകാവൂ എന്നും മറ്റുള്ള മതങ്ങളില്‍ ആളുകള്‍ക്ക് രഹസ്യമായി വിശ്വസിക്കാമെങ്കിലും രേഖകളനുസരിച്ച് അനുവാദം ഉണ്ടാവരുതെന്നുമാണ് ബി.ജെ.പി കൊണ്ടുവരാനൊരുങ്ങുന്ന നിയമത്തിന്റെ നടപ്പുവശം. രാജ്യത്ത് ഏതാനും സംസ്ഥാനങ്ങളില്‍ മതംമാറ്റത്തിനെതിരെ ഇപ്പോള്‍ തന്നെ കരിനിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഒറീസ മുതലായ സംസ്ഥാനങ്ങളില്‍ ആര്‍ക്കെങ്കിലും മതംമാറണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്നാണ് ചട്ടം. പ്രലോഭനമോ നിര്‍ബന്ധിത സാഹചര്യമോ ഇല്ലെന്ന് മതംമാറാന്‍ ഉദ്ദേശിക്കുന്ന വ്യക്തി തെളിയിച്ചെങ്കിലേ ഈ അനുമതി ലഭിക്കുകയുള്ളൂ. പരിഷ്‌കൃത സമൂഹങ്ങളില്‍ ഒരിടത്തും ഇങ്ങനെയൊരു നിയമം നിലനില്‍ക്കുന്നുണ്ടാകില്ല. അതായത് ഒരാള്‍ തന്നിഷ്ട പ്രകാരമാണോ ഒരു കാര്യം വിശ്വസിക്കുന്നതെന്ന് അന്തിമമായി വേറൊരാള്‍ വിധി പറയുന്ന സാഹചര്യമാണിത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ നിലവിലുള്ള ഘടനയില്‍ പ്രലോഭനം എന്ന വാക്കിന്റെ വ്യാഖ്യാനത്തില്‍ എഴുതിച്ചേര്‍ത്ത കാര്യങ്ങള്‍ മറിച്ചാണെന്ന് ജഡ്ജിയെ ബോധ്യപ്പെടുത്തുക ആര്‍ക്കും എളുപ്പമാവില്ല. ഉദാഹരണത്തിന് പുതിയ മതത്തില്‍ ചേര്‍ന്നതിനു ശേഷം മരിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്നോ മോക്ഷം ലഭിക്കുമെന്നോ ഒരാള്‍ കാരണമായി ചൂണ്ടിക്കാട്ടിയാല്‍ നിയമത്തിന്റെ ഭാഷയില്‍ ഇത് പ്രലോഭനത്തിന്റെ ഭാഗമായി മാറും. സ്വന്തം മതത്തിന്റെ നല്ല വശങ്ങളെ കുറിച്ച് ഒരാള്‍ മറ്റൊരാളോടു പറഞ്ഞാല്‍ അത് പ്രേരണയായും മാറും. സദുദ്ദേശപരമായാണ് ഈ വകുപ്പുകളെന്നും പ്രലോഭനം നല്‍കി ആദിവാസികളെയും മറ്റും മതം മാറ്റുന്നത് ചെറുക്കാന്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണ് എന്നുമാണ് ബി.ജെ.പി വാദിച്ചു കൊണ്ടിരുന്നത്.

തന്റെ ആത്മീയ ജീവിതം എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശമാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്നാല്‍ മരണാനന്തരം സ്വര്‍ഗം ലഭിക്കുമെന്ന വിശ്വാസം പോലും പ്രേരണയും പ്രലോഭനവുമാകുന്ന രാജ്യത്താണ് മതം മാറുന്ന മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആളൊന്നുക്ക് അഞ്ചു ലക്ഷവും രണ്ടു ലക്ഷവും വീതം കൊടുക്കാന്‍ 'സംഘ് ബന്ധുക്കള്‍' സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് സംഘടനകള്‍ നോട്ടീസ് അടിച്ചു വിതരണം ചെയ്യുന്നത്. ആഗ്രയില്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മോഹിപ്പിച്ചാണ് ഇവര്‍ ബംഗാളി മുസ്‌ലിംകള്‍ക്കിടയില്‍ മതംമാറ്റം സംഘടിപ്പിച്ചത് (മറ്റു വല്ല സാഹചര്യവുമാണെങ്കില്‍ ഈ ബംഗാളികളെ ബി.ജെ.പി വിളിച്ചിട്ടുണ്ടാവുക ബംഗ്ലാദേശി എന്നായിരിക്കും!). നിലവിലുള്ള നിയമങ്ങളനുസരിച്ചു തന്നെ നിര്‍ബന്ധിത മതംമാറ്റം കുറ്റകരമാണെന്നിരിക്കെയാണ് ആര്‍.എസ്.എസ് സംഘടനയായ 'ധറം ജാഗ്രണ്‍ സംസ്ഥാന്‍' പരസ്യമായി ഈ കുറ്റം ചെയ്തത്. ഈ പ്രവൃത്തിയില്‍ ഒരു നിയമപ്രശ്‌നവും ഇല്ലെന്നാണ് പാര്‍ലമെന്റില്‍ പ്രസംഗിക്കവെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു മുതല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തലതൊട്ടപ്പനായ മുലായം സിംഗ് യാദവ് വരെ വ്യക്തമാക്കിയത്. ഉണ്ടെന്നു പറയാനുള്ള ആംപിയര്‍ മുലായത്തിന് ഇല്ലാത്തതായിരുന്നു പ്രശ്‌നം. പറഞ്ഞാല്‍ യു.പിയില്‍ എന്താണുണ്ടാവുകയെന്ന് ഇതിനകം സംഘ് നേതാക്കള്‍ ആവശ്യത്തിലധികം സൂചന നല്‍കിയിരുന്നുവല്ലോ. പണവും സൗകര്യങ്ങളും നല്‍കി മതംമാറ്റുന്നത് സംഘ് പരിവാര്‍ അംഗങ്ങളായ സംഘടനകളാണെങ്കില്‍ ഒരു നിയമപ്രശ്‌നവും രാജ്യത്തില്ല! രാജ്യത്തുള്ള നിയമവും ഇല്ലാത്ത നിയമവും ഒരു മത സമൂഹത്തിന്റെ തന്നിഷ്ടം നടപ്പാക്കാനുള്ളത് മാത്രമാണെന്ന് വന്നാല്‍ പിന്നെയെന്തിനാണ് ഈ സര്‍ക്കാറിലെ മന്ത്രിമാരും പ്രധാനമന്ത്രിയും ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ നടത്തിയത്? തോന്നിയതെല്ലാം ചെയ്യുന്നതിന് പൊതുജനം തന്ന ലൈസന്‍സാണ് ഈ ഭൂരിപക്ഷമെന്നല്ലേ വെങ്കയ്യ നായിഡു തന്റെ പാര്‍ലമെന്റ് പ്രസംഗത്തില്‍ വരികള്‍ക്കിടയില്‍ പറഞ്ഞുകൊണ്ടിരുന്നത്. എങ്കില്‍ പിന്നെ സുഷമാ സ്വരാജ് പറഞ്ഞ ആ ദേശീയ ഗ്രന്ഥം തൊട്ട് സത്യപ്രതിജ്ഞ ചെയ്താല്‍ മതിയായിരുന്നല്ലോ.

ഇത്തരം നീക്കങ്ങള്‍ എക്കാലത്തും ബി.ജെ.പിയില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു എന്നതാണ് വസ്തുത. 2004-ലെ തെരഞ്ഞെടുപ്പു കാലത്ത് ചത്തീസ്ഗഢിന്റെ ആദിവാസി മേഖലയായ ജഷന്‍പൂരില്‍ ദിലീപ് സിംഗ് ജുദേവ് എന്ന ബി.ജെ.പി നേതാവിന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനിന്ന കാലം. അഴിമതിയുടെ ഇന്ത്യകണ്ട ഏറ്റവും മോശപ്പെട്ട ആള്‍രൂപങ്ങളില്‍ ഒന്നായിട്ടും ഈ നേതാവിനെ തള്ളിപ്പറയാന്‍ ബി.ജെ.പിക്കു കഴിയാതിരുന്നതിന് കാരണമുണ്ടായിരുന്നു. 'ഗര്‍വാപസി അഭിയാന്‍' എന്ന പേരില്‍ ആഗ്രയില്‍ സംഘ്പരിവാര്‍ നടത്തിയ അഭ്യാസം 1970-കള്‍ മുതല്‍ നടന്നു വരുന്ന പ്രദേശമായിരുന്നു ജഷന്‍പൂര്‍. ബി.ജെ.പിയുടെ വളര്‍ച്ചയുടെ ചരിത്രത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള സ്ഥലമാണിത്. സ്വാമി അസീമാനന്ദയുടെ ആദ്യകാല പ്രവര്‍ത്തന മേഖലയും ജഷന്‍പൂരായിരുന്നു. ഈ പ്രദേശത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ഒരാളുടെ പേരില്‍ അസീമാനന്ദയുടെ സംഘടനയായ വനവാസി കല്യാണ്‍ പരിഷത്ത് കൂട്ടത്തോടെ വാങ്ങിയ സിംകാര്‍ഡുകളായിരുന്നു പില്‍ക്കാലത്ത് ഹൈദരാബാദ്, അജ്മീര്‍, മാലേഗാവ് മുതലായ സ്‌ഫോടനങ്ങള്‍ക്കുപയോഗിച്ച ഐ.ഇ.ഡികളില്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ വര്‍ഗീയ വിരോധം സൃഷ്ടിക്കാന്‍ ഈ സ്‌ഫോടനങ്ങളായിരുന്നല്ലോ വഴിയൊരുക്കിയത്. വന്‍വാസി കല്യാണ്‍ ആശ്രം, സേവാ ഭാരതി, ഏകല്‍ വിദ്യാലയ, ഭാരത് കല്യാണ്‍ പരിഷത്ത്, വിവേകാനന്ദ കേന്ദ്ര മുതലായ സംഘടനയുടെയെല്ലാം മുഖ്യ പ്രവര്‍ത്തന മേഖലയായിരുന്നു ജഷന്‍പൂര്‍. പരിസര പ്രദേശങ്ങളില്‍ ആദിവാസികള്‍ക്കിടയില്‍ െ്രെകസ്തവ മിഷണറികള്‍ നടത്തിയ കൂട്ട മതംമാറ്റത്തിന്റെ പ്രതികരണ രാഷ്ട്രീയമായിരുന്നു ജുദേവിനെ മേഖലയിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവാക്കി മാറ്റിയത്. ക്രിസ്തുമതം ഉപേക്ഷിച്ചെത്തുന്നവരുടെ കാലുകള്‍ കഴുകിയ വെള്ളം ജുദേവ് പൊതുവേദിയില്‍ കുടിക്കാറുണ്ടായിരുന്നു. പരസ്യമായി മതംമാറ്റാനുള്ള ഈ ചങ്കൂറ്റം തന്നെയാണ് എക്കാലത്തും ജുദേവിനെ ബി.ജെ.പിക്കകത്ത് ശക്തനാക്കിയ ഘടകം. ഇന്ന് നിരഞ്ജനയെയും ആദിത്യനാഥിനെയും സാക്ഷി മഹാരാജിനെയും ഡോ. സഞ്ജീവ് ബാലിയനെയും രാഘവ് ലഖന്‍പാലിനെയും സംഗീത് സോമിനെയും ഹുക്കും സിംഗിനെയുമൊക്കെ ശക്തരാക്കുന്ന, മോദിയെയും അമിത് ഷായെയും അതിമാനുഷരാക്കുന്ന ഘടകവും ഇതുതന്നെ.

ജഷന്‍പൂരിലെ മിഷണറിമാരെയും 'ഗര്‍വാപസി അഭിയാന്‍'കാരെയും ഒറ്റവണ്ടിക്കു കെട്ടാവുന്ന സമാനതകള്‍ ഇരു പ്രസ്ഥാനങ്ങളിലുമുണ്ടായിരുന്നു. മാമ്മോദീസ മുക്കി ക്രിസ്ത്യാനിയാക്കുക എന്നതിലപ്പുറം ഒഡീസയിലെയോ ഛത്തീസ്ഗഢിലെയോ ആദിവാസികള്‍ക്കിടയില്‍ ക്രിസ്തുമതത്തെ കുറിച്ച ഒരു അവബോധവും ഈ പാതിരിമാര്‍ ഉണ്ടാക്കിയിരുന്നില്ല. ഒരു സംസ്ഥാനത്തെ മുഴുവന്‍ മാമ്മോദീസ മുക്കിയ നാഗാലാന്റില്‍ എത്ര വിശ്വാസികളുണ്ടെന്ന് അന്വേഷിച്ചു നോക്കൂ! നാലോ അഞ്ചോ പതിറ്റാണ്ടിനിടെ ഒട്ടുമിക്ക ആദിവാസികളും ക്രിസ്ത്യാനികളായി മാറിയ നാഗാലാന്റില്‍ 10 ശതമാനം പോലും ചര്‍ച്ചുകളില്‍ വിശ്വാസികളെത്തുന്നില്ല. ആഗ്രയില്‍ ആര്‍.എസ്.എസ് മാതൃകയില്‍ സാമ്പത്തിക സഹായങ്ങളും വിദ്യാഭ്യാസ സൗകര്യവും വാഗ്ദാനം ചെയ്തും ചില സാമൂഹിക സാഹചര്യങ്ങള്‍ ചൂഷണം ചെയ്തുമാണ് മിഷണറിമാര്‍ ആളെക്കൂട്ടിയത്. വിദേശത്തു നിന്ന് കോടിക്കണക്കിന് രൂപയുടെ തലവരിപ്പണം ഇതിനായി മിഷണറിമാര്‍ക്ക് ലഭിക്കുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച വന്‍വാസി കല്യാണ്‍ ആശ്രമം ക്രിസ്തീയ സംഘടനകളുടെ ഹിന്ദു പതിപ്പ് മാത്രമായിരുന്നു. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത 'ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് ആന്റ് റിലീഫ് ഫണ്ട്' (IDRF) ആണ് ഇവര്‍ക്ക് പണം നല്‍കി കൊണ്ടിരുന്നത്. നിയമം അനുശാസിച്ച കുറ്റം ഇരു സംഘടനകളും ചെയ്യുന്നുണ്ടായിരുന്നു. IDRF -ന്റെ ഫണ്ടില്‍ 82 ശതമാനവും ആര്‍.എസ്.എസിന് ലഭിക്കുന്നതായും ഈ പണം ഉപയോഗിച്ച് ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതായും അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വംശീയവാദ വിരുദ്ധ സംഘങ്ങള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം മതംമാറ്റങ്ങളെ നിരോധിക്കണമെന്ന നീതിപൂര്‍വകമായ ആവശ്യത്തിന്റെ മറവില്‍ മനുഷ്യന്റെ എല്ലാ ആത്മീയ അന്വേഷണങ്ങള്‍ക്കും തടയിടുന്ന നിയമമാണ് ഒടുവില്‍ പാര്‍ലമെന്റിലെത്താന്‍ പോകുന്നത്.

ഇഷ്ടമുള്ള മതത്തില്‍ രഹസ്യമായി വിശ്വസിക്കാം എന്നല്ലാതെ പൊതു സാമൂഹിക മണ്ഡലത്തില്‍ മതംമാറ്റം അസാധ്യമാവുന്ന സാഹചര്യമാണ് രൂപംകൊള്ളുന്നത്. എന്നാല്‍, ആഗോള കച്ചവടക്കരാറുകളെ ഭയന്ന് രേഖകളില്‍ സുന്ദരവും പ്രയോഗത്തില്‍ കിരാതവുമായ ഒരു നിയമമായിരിക്കും ഇത്. ഒരിക്കല്‍ തിരുത്തിയെഴുതപ്പെടുന്ന ഭരണഘടന ദുര്‍വ്യാഖ്യാനങ്ങളുടെ അനന്ത സാധ്യതകളാണ് ഭാവിയില്‍ തുറന്നു വെക്കുക. ഗോല്‍വര്‍ക്കറുടെ വാക്കുകളെ സ്വാധ്വി നിരഞ്ജന ആശയസംഗ്രഹം ചെയ്ത മാതൃകയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ക്ക് ഭാവിയില്‍ വരാനിടയുള്ള വ്യാഖ്യാനം എന്തായിരിക്കും? പൗരത്വ രേഖകളില്‍ ഇനിയുള്ള തലമുറകള്‍ക്ക് ഇഷ്ടമുള്ള മതം എഴുതിച്ചേര്‍ക്കാന്‍ അവസരമുണ്ടാകുമോ? വിവാഹം, അനന്തരാവകാശം മുതലായ മേഖലകളില്‍ നിയമപരമായ പരിരക്ഷയും വ്യക്തി നിയമങ്ങളുടെ ആനുകൂല്യവും ഇനി എത്ര കാലം ലഭ്യമാവും? ആഗ്രയിലെയും അലിഗഢിലെയും മതംമാറ്റ സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ച ദേശീയ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ഈ യാഥാര്‍ഥ്യങ്ങളെയാണ്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍