ചോദ്യോത്തരം
ജമാഅത്തെ ഇസ്‌ലാമി ഛിദ്രശക്തിയോ?
''ജമാഅത്തെ ഇസ്‌ലാമി ഏതു കാലത്തും ഒരു ഛിദ്രശക്തിയാണ്. ഒരു കുഴപ്പമുണ്ടായാല്‍ ഒമ്പത് കുഴപ്പമുണ്ടാക്കാന്‍ ഉത്സാഹിക്കുന്നവരാണ് അവര്‍. സമുദായത്തിന് പുരോഗതിയുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ എന്തുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നില്ല? അതല്ലേ പ്രധാനപ്പെട്ട കാര്യം? അവര്‍ വിവേകശാലികളും ബുദ്ധിമാന്മാരുമാണ്. വിവേകശാലികളായതിനാല്‍ അവര്‍ അക്രമത്തിന് പുറപ്പെടില്ല. അക്രമം നടത്തിയാല്‍ ജയിലില്‍ പോകും എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.
ബുദ്ധിയുള്ളതിനാല്‍ മറ്റുള്ള ആള്‍ക്കാരെ അവര്‍ അക്രമത്തിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അക്കാര്യത്തില്‍ അവരെക്കഴിഞ്ഞേ മറ്റാരുമുള്ളൂ. അതാണ് അവരുടെ വിജയം. അവര്‍ 'വിജയിച്ച' ആളുകളാണ്. സമുദായത്തിലെ മറ്റുള്ള ആളുകള്‍ക്ക് അവരുടെ അത്ര 'ബുദ്ധി'യോ 'വിവേക'മോ ഇല്ലാത്തതിനാല്‍ ആ പാവങ്ങള്‍ കുടുങ്ങിപ്പോകും'' (സിറാജ് ദിനപത്രം 2014 നവംബര്‍ 17). പ്രമുഖ ചാനല്‍ ചര്‍ച്ചാ തൊഴിലാളിയും ഇടത് ചിന്തകനുമായ അഡ്വ. ജയശങ്കറിന്റെ ലേഖനത്തിലെ വരികളാണിത്. പ്രതികരണം?
റുബീന സലാം മങ്ങാട്ടുപുലം, മലപ്പുറം
ചോദ്യത്തില്‍ ഉദ്ധരിച്ച ലേഖനത്തിലെ ഖണ്ഡികകള്‍ ജയശങ്കറുടെ ദുഷ്ട മനസ്സ് ശരിക്കും മറ നീക്കുന്നുണ്ട്. ഭഗല്‍പൂരിലും മീററ്റിലും ഉണ്ടായ പോലുള്ള ലഹളകള്‍ക്കുത്തരവാദികള്‍ ആരെന്ന് അന്വേഷണ ഏജന്‍സികളും പോലീസും കണ്ടെത്തിയിട്ടും യഥാര്‍ഥ പ്രതികളായ ഹിന്ദുത്വ വര്‍ഗീയശക്തികളെ അപ്പാടെ മറച്ചുവെക്കുക മാത്രമല്ല ലേഖകന്‍ ചെയ്തിരിക്കുന്നത്. ആ കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാനും ജാതി-മതഭേദം കൂടാതെ ഇരകളുടെ കണ്ണീരൊപ്പാനും അവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ സഹകണത്തോടെയും അല്ലാതെയും പ്രവര്‍ത്തിച്ച പാരമ്പര്യം മാത്രമുള്ള ജമാഅത്തെ ഇസ്‌ലാമിയെയാണ് ഏത് കാലത്തെയും ഛിദ്രശക്തി എന്ന് തെളിവിന്റെ പൊടിപോലും ഇല്ലാതെ ജയശങ്കര്‍ വക്കീല്‍ കുറ്റപ്പെടുത്തുന്നത്. അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ച മുഴുവന്‍ കലാപങ്ങളിലും ജമാഅത്തിന്റെ റോള്‍ നടേ പറഞ്ഞത് മാത്രമായിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തില്‍ നിഷ്‌കരുണം കൊല ചെയ്യപ്പെടുകയോ ചുട്ടുകരിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്ത ആയിരക്കണക്കില്‍ നിരപരാധികളുടെ കുടുംബങ്ങളെ, 20 കോടിയിലധികം രൂപ ഉദാരമതികളില്‍ നിന്ന് സമാഹരിച്ച് പുനരധിവസിപ്പിക്കുകയും കേസ്സുകള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്ത ഒരേയൊരു സംഘടന ജമാഅത്തെ ഇസ്‌ലാമിയാണ്. ജയശങ്കര്‍ വക്കീലിനെയോ അദ്ദേഹത്തിന്റെ മാതൃകാ പുരുഷന്‍ കാന്തപുരം മുസ്‌ലിയാരെയോ ചിത്രത്തിലൊന്നും കണ്ടില്ല. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി പരമോന്നത കോടതി, വര്‍ഗീയകലാപങ്ങളില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പുനര്‍ നിര്‍മിച്ചുകൊടുക്കണമെന്ന വിധി പുറപ്പെടുവിച്ചത് ജമാഅത്തിന്റെ നിയമസഹായ വേദി കൊടുത്ത റിട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് മഹാ നിയമജ്ഞന്‍ ചമയുന്ന ജയശങ്കര്‍ക്കറിയില്ല (ഇപ്പോള്‍ കോടതിവിധി മാനിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍, തകര്‍ക്കപ്പെട്ട ആരാധനാലയത്തിനൊന്നിന് 50000 രൂപ വീതം കൊടുക്കാനുള്ള ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ വാഗ്ദാനം മുസ്‌ലിം സംഘടനകള്‍ നിരസിച്ചിരിക്കുകയാണ്). അക്രമം നടത്തിയാല്‍ ജയിലില്‍ പോവും എന്ന തിരിച്ചറിവുള്ളതുകൊണ്ടാണത്രെ ജമാഅത്തെ ഇസ്‌ലാമി കലാപങ്ങളില്‍ നേരിട്ട് പങ്കെടുക്കാതിരിക്കാനുള്ള 'ബുദ്ധി' കാണിക്കുന്നത്! അടിയന്തരാവസ്ഥയിലും '92-ലെ ബാബരി ധ്വംസനവേളയിലും അന്യായമായി നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളും പ്രവര്‍ത്തകരും ജയിലിലായിരുന്നു എന്ന വിവരം വക്കീലിന് കേട്ടറിവ് പോലുമുള്ള ലക്ഷണമില്ല. നിരോധത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍, 'സംഘടന ഒരു കലാപത്തിലോ വിദ്രോഹ പ്രവര്‍ത്തനത്തിലോ ഏര്‍പ്പെട്ടതിന് തെളിവില്ല' എന്ന് ചൂണ്ടിക്കാട്ടി നിരോധം കോടതി റദ്ദാക്കുകയാണ് ചെയ്തത് എന്ന വസ്തുതയും അങ്ങോര് കണ്ടില്ലെന്ന് നടിക്കുന്നു. മറ്റുള്ളവരെ അക്രമത്തിന് പ്രേരിപ്പിച്ചാല്‍ ഗൂഢാലോചന, ആസൂത്രണം പോലുള്ള കൂടുതല്‍ കടുത്ത കുറ്റമാണതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതെ പോയത് അഡ്വ. ജയശങ്കറിനോ ജമാഅത്തെ ഇസ്‌ലാമിക്കോ?
ലേഖകന്റെ അജ്ഞതയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ് 'സമുദായത്തിന് പുരോഗതിയുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ എന്തുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നില്ല' എന്ന ഇമ്മിണി വലിയ ചോദ്യം. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഉത്തരേന്ത്യയിലെ ഉര്‍ദു മീഡിയം സ്‌കൂളുകള്‍ക്ക് ഏകീകൃത പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയാറാക്കിക്കൊടുത്ത ജമാഅത്തെ ഇസ്‌ലാമി, നേരത്തെ നടത്തിക്കൊണ്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ 2008 മുതല്‍ ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ രൂപവത്കരിച്ച് വിഷന്‍ 2016 പദ്ധതിയുടെ ഭാഗമായി, ബംഗാള്‍, ബിഹാര്‍, അസം തുടങ്ങി മുസ്‌ലിംകള്‍ ഏറ്റവും പിന്നാക്കമായ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആശുപത്രികളുമൊക്കെ സ്ഥാപിച്ചു നടത്തിക്കൊണ്ടിരിക്കുന്ന കാര്യവും ലേഖകന്‍ മനസ്സിലാക്കിയിട്ടില്ല. ആയിരം സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 34 സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
Comments