Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

മതപരിവര്‍ത്തന മേളകള്‍

         നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റപ്പോള്‍ രാജ്യത്തെ മതേതര സമൂഹത്തിന് പൊതുവിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിശേഷിച്ചും ആശങ്കകളേറെയായിരുന്നു. എന്നാല്‍ 'എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വികസനം' (സബ്കാ സാത്ത് സബ്ക്കാ വികാസ്) എന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. അധികാരമേറ്റ ഉടനെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ജാതി മതാതീതമായി എല്ലാ പൗരന്മാരുടെയും രാജ്യമാണ് ഇന്ത്യയെന്നും വര്‍ണവും വര്‍ഗവും പരിഗണിക്കാതെ എല്ലാ പൗരസഞ്ചയങ്ങളുടെയും അഭ്യുന്നതിയും ക്ഷേമവുമാണ് തന്റെ ഭരണ ലക്ഷ്യമെന്നും പ്രസ്താവിക്കുകയും ചെയ്തു. ഇതൊക്കെ ആശങ്കയോടൊപ്പം ആശ്വാസവും പകര്‍ന്നിരുന്നു. പുതിയ ഗവണ്‍മെന്റ് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്ത് ഉത്തരവാദിത്ത ബോധത്തോടെ പെരുമാറുമെന്നും വൈകാരിക പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി രാജ്യത്തെ സംഘര്‍ഷഭരിതമാക്കുന്ന നടപടികളിലേക്ക് നീങ്ങുകയില്ലെന്നും ജനം പ്രത്യാശിച്ചു. പക്ഷേ, ഈ പ്രത്യാശയെ ഉത്കണ്ഠക്ക് വഴിമാറാന്‍ നിര്‍ബന്ധിക്കുന്നതാണ് നാളുതോറും ഒന്നിനു പിറകെ ഒന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍.

കോര്‍പ്പറേറ്റ് മുതലാളിമാരെ മാറ്റിനിര്‍ത്തിയാല്‍ ബി.ജെ.പി ഭരണം വല്ലവരെയും സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഹിന്ദുത്വ തീവ്രവാദികളെ മാത്രമാണ്. ദേശീയവിദ്യാഭ്യാസം അടിമുടി കാവിവത്കരിക്കുന്ന പരിപാടി ദ്രുതഗതിയില്‍ മുന്നേറുന്നു. മൃത ഭാഷയായ സംസ്‌കൃതം വേദഭാഷ അഥവാ ബ്രാഹ്മണ ഭാഷ എന്ന പരിഗണനയില്‍ പത്താം ക്ലാസ് വരെ നിര്‍ബന്ധ പാഠ്യവിഷയമാക്കാനാണ് നീക്കം. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയ 'മഹാ ശാസ്ത്രങ്ങള്‍' കലാലയ സിലബസ്സുകളിലുള്‍പ്പെടുത്താനും ആലോചനയുണ്ട്. പുരാണേതിഹാസങ്ങള്‍ ആധുനിക ശാസ്ത്രത്തിന്റെ അടിത്തറകളെന്ന നിലയില്‍ പഠിപ്പിക്കപ്പെടും. ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കാനുള്ള തിരക്കിലാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും കൂട്ടരും. ചരിത്രത്തിന്റെ പുനര്‍നിര്‍മാണമാണ് മറ്റൊരു മേഖല. ചരിത്ര ഗവേഷണം ഹിന്ദുത്വ ഭാവനക്കനുരൂപമായ ചരിത്ര രചനക്ക് പാകമാകുംവണ്ണം ഉടച്ചുവാര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആര്യന്മാര്‍ ഇന്ത്യയിലെ ആദിവാസികളും, മറ്റുള്ളവരൊക്കെ കുടിയേറ്റക്കാരും കൈയേറ്റക്കാരുമാകണം. രാജ്യത്തെ എല്ലാ സംസ്‌കാര ചിഹ്നങ്ങളിലും ചരിത്ര സ്മാരകങ്ങളിലും ഹിന്ദുത്വത്തിന് അവകാശം സ്ഥാപിക്കണം. ആദരണീയരായ ദേശീയ നേതാക്കള്‍ ഒന്നൊന്നായി തിരസ്‌കൃതരും തമസ്‌കൃതരുമാവുകയാണ്. തല്‍സ്ഥാനത്ത് ഹിന്ദുത്വ നേതാക്കള്‍ തേജോഗോളങ്ങളായി മാറുന്നു. ഗാന്ധിജിയോളം ദേശസ്‌നേഹിയാണ് അദ്ദേഹത്തെ വധിച്ച ഗോദ്‌സെ എന്ന് സാക്ഷ്യപ്പെടുത്തിയ സാക്ഷി മഹാരാജ് ബി.ജെ.പി എം.പിയാണ്. ഹിന്ദുത്വേതര വിഭാഗങ്ങളെ അടച്ചധിക്ഷേപിക്കുന്നതാണ് ചില മന്ത്രിമാരുടെ പ്രസ്താവനകള്‍. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവര്‍ ജാര സന്തതികളാണെന്ന് പ്രസ്താവിച്ചത് മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ക്കും പഞ്ഞമില്ല. ദല്‍ഹിയില്‍ പല ക്രിസ്ത്യന്‍ ചര്‍ച്ചുകളും ആക്രമിക്കപ്പെടുകയുണ്ടായി. അതിലെ പ്രതികളെ പിടികൂടാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. താജ്മഹല്‍ വഖ്ഫ് സ്വത്തല്ലെന്നും പഴയ ശിവക്ഷേത്രത്തിന്മേലാണത് പടുത്തുയര്‍ത്തിയിരിക്കുന്നതെന്നും ബി.ജെ.പി എം.പി ആദിത്യ നാഥ് പ്രഖ്യാപിക്കുന്നു. പുരാതന ക്ഷേത്രത്തിന്റെ പേര് 'തേജാ മഹാലയ' എന്നാണെന്നത്രെ പാര്‍ട്ടിയുടെ മറ്റൊരു നേതാവായ ലക്ഷ്മികാന്തിന്റെ കണ്ടെത്തല്‍. ക്രിസ്മസ് നാളില്‍ വിദ്യാലയങ്ങളില്‍ ഔദ്യോഗിക പരിപാടി നിര്‍ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ തന്നെ ആ ന്യൂനപക്ഷോത്സവത്തെ അധഃകരിക്കുന്നു. രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍-വ്യക്തി നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍- പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി നിയമമന്ത്രി സദാനന്ദ ഗൗഡ പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരിക്കുന്നു.

ഇതിനെക്കാളൊക്കെ ഭയാനകവും സംഘര്‍ഷാത്മകവുമാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള മതപരിവര്‍ത്തന വാര്‍ത്തകള്‍. കഴിഞ്ഞ ഒക്‌ടോബറില്‍ ഛത്തീസ് ഗഢിലെ ബസ്തറില്‍ 33 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഹിന്ദുക്കളാക്കി മാറ്റപ്പെട്ടു. ആ പരിപാടിയിലെ മുഖ്യാതിഥി ബി.ജെ.പി എം.പി ദിനേശ് കശ്യപ് ആയിരുന്നു. ഈ ഡിസംബറില്‍ ആഗ്രയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വാഗ്ദാനം ചെയ്ത് 350 മുസ്‌ലിംകളെ മതം മാറ്റിയതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുന്നു. ബംഗാളില്‍ നിന്ന് കുടിയേറി ആക്രി പെറുക്കി ഉപജീവനം തേടുന്ന മുസ്‌ലിംകളെ ധര്‍മ ജാഗരണ്‍ സമിതി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് ആ പാവങ്ങള്‍ പോലും അറിയാതെയാണെന്നാണ് പത്ര റിപ്പോര്‍ട്ട്. ഈ ക്രിസ്മസ് നാളില്‍ 4000 ക്രിസ്ത്യാനികളെ അലീഗഢിലും 200 പേരെ റായ്ബറേലിയിലും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുമെന്ന് ധര്‍മജാഗരണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 23-ന് പശ്ചിമ യു.പിയില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളുമായ പതിനായിരം പേരെ ഹിന്ദുക്കളാക്കി മാറ്റാന്‍ പരിപാടിയുള്ളതായും റിപ്പോര്‍ട്ടുണ്ട്. അലീഗഢിലും റായ്ബറേലിയിലും ജില്ലാ അധികാരികള്‍ വിലക്കിയിട്ടുണ്ടെങ്കിലും മതപരിവര്‍ത്തന പരിപാടിയുമായി മുന്നോട്ടുപോകുമെന്ന ധാര്‍ഷ്ട്യത്തിലാണ് യുദ്ധോത്സുക ഹിന്ദുത്വം. ഇതെഴുതുമ്പോള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും സംഭവം ബഹളമുഖരിതമാക്കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാറില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. മതപരിവര്‍ത്തനം സംസ്ഥാന വിഷയമാണെന്നും കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നുമാണ് ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ നിലപാട്. മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മാണം നടത്താമെന്നാണ് മന്ത്രി വെങ്കയ്യ നായിഡു പറയുന്നത്. അതിലപ്പുറം നാട്ടില്‍ നടക്കുന്ന ഫാഷിസ്റ്റ് അതിക്രമങ്ങള്‍ തടയാനോ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാനോ ഒരു നടപടിയുമില്ല. ഇപ്പോള്‍ നടക്കുന്നതിനെല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റെ മൗനാനുവാദവും പ്രോത്സാഹനവുമുണ്ടെന്നാണ് അവരുടെ നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കുക എന്നത് ഹിന്ദുത്വശക്തികള്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ഹിന്ദുമതത്തില്‍ നിന്ന് ഇതര മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിനാണത് വിഘാതമാവുക. ഇതര മതങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനം തുലോം വിരളമാണ്. നിരുപാധികമായ മതപരിവര്‍ത്തന നിരോധം ഫാഷിസ്റ്റുകളെ ആഹ്ലാദിപ്പിക്കുമെങ്കിലും അത് മത സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമായിരിക്കും. സംഘ്പരിവാര്‍ വന്‍തോതില്‍ പണമൊഴുക്കിയാണ് കൂട്ട മതപരിവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അവര്‍ തന്നെ പറയുന്നു. ഒരു മുസ്‌ലിമിനെ മതം മാറ്റാന്‍ അഞ്ചു ലക്ഷവും ക്രിസ്ത്യനിയെ മാറ്റാന്‍ രണ്ട് ലക്ഷവുമാണത്രെ ചെലവ്. തങ്ങള്‍ സംഘടിപ്പിക്കുന്ന മതപരിവര്‍ത്തന മേളകള്‍ മതപരിവര്‍ത്തനമല്ല എന്നാണവരുടെ വാദം. ഘര്‍വാപസി(വീട്ടിലേക്കു മടങ്ങല്‍)യും ശുദ്ധീകരണവുമാണത്. വഴിതെറ്റിപ്പോയി മലിനമായവരെ അവരുടെ പൂര്‍വ മതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ശുദ്ധീകരിച്ചെടുക്കുന്നത് മതം മാറ്റമാകില്ലത്രെ!

സമകാലീന സംഭവഗതികളും ഫാഷിസ്റ്റ് ശക്തികളുടെ വാഗ്‌ധോരണികളും ചേര്‍ത്തുവായിക്കുമ്പോള്‍ നമ്മുടെ മതേതര ജനാധിപത്യ ക്രമം ഭീഷണമായ ഒരവസ്ഥാവിശേഷത്തിലേക്കാണ് നീങ്ങുന്നതെന്ന് ന്യായമായും ഭയപ്പെടേണ്ടിയിരിക്കുന്നു.എന്നാല്‍, ദേശീയ ജനതയില്‍ 31 ശതമാനത്തിന്റെ മാത്രം പിന്തുണയേ ബി.ജെ.പിക്കുള്ളൂ. ബാക്കി 69 ശതമാനം ഒത്തൊരുമിച്ച് നിന്നാല്‍ ഈ വിപത്ത് തടയാന്‍ കഴിയും. ന്യൂനപക്ഷ സമുദായങ്ങള്‍ വികാരവിക്ഷുബ്ധരാകാതെ തികഞ്ഞ ജാഗ്രതയോടെയും സംയമനത്തോടെയും വേണം പ്രശ്‌നത്തെ സമീപിക്കാന്‍. റേഷന്‍ കാര്‍ഡ് കാണിച്ച് മതം മാറ്റാവുന്ന ഒരുവിഭാഗം തങ്ങളുടെ കൂട്ടത്തിലുണ്ട് എന്ന യാഥാര്‍ഥ്യത്തെയാണ് അവര്‍ ആദ്യം അഭിസംബോധന ചെയ്യേണ്ടത്. ദാരിദ്ര്യം മതനിഷേധത്തോട് ഏറെ അടുത്തിരിക്കുന്നു എന്ന് അന്ത്യപ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. പുതിയ വെല്ലുവിളി നേരിടാനുള്ള ഏറ്റം ശക്തമായ ആയുധം അന്നവും അക്ഷരവുമാകുന്നു. പട്ടിണിയില്ലെങ്കില്‍ ഭീഷണി കൊണ്ടും പ്രലോഭനം കൊണ്ടും ആര്‍ക്കും ആരെയും മതം മാറ്റാനാവില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍