Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

വിജ്ഞാനത്തിന്റെ കുത്തകവത്കരണം- <br>അധിനിവേശത്തിന്റെ നവരൂപം

അഫ്‌സല്‍ വി.എസ്

         ലോകം ഇന്നൊരു വൈജ്ഞാനിക സമൂഹമായി (Knowledge Society) മാറിയിരിക്കുന്നു. മുന്‍ കാലങ്ങളെക്കാള്‍ അളവിലും വ്യാപ്തിയിലും വര്‍ധമാനമായ തോതിലാണ് വിജ്ഞാന ഉല്‍പാദനവും വിതരണവും നടന്നുവരുന്നത്. ഇതോടൊപ്പം ഇന്റര്‍നെറ്റ്, ടിവി, പത്രമാധ്യമങ്ങള്‍ തുടങ്ങിയ ബഹുജനമാധ്യമങ്ങളിലൂടെ (Mass Media) വിജ്ഞാനത്തിന്റെ വികേന്ദ്രീകരണവും (Decentralisation of Knowledge) കൂടുതല്‍ ശക്തിയാര്‍ജിച്ചു. ലോകത്തെ ഏത് വിജ്ഞാനശാഖയെ കുറിച്ചും അറിവുകള്‍ സുലഭമാണ്. ഈ പ്രവണത ലോകത്ത് അറിവിനെ ജനാധിപത്യവല്‍ക്കരിച്ചു.

എന്നാല്‍, അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തോടൊപ്പം തന്നെ അതിനെ കുത്തകവത്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. കാരണം, അറിവാണ് ആയുധം എന്ന് വന്നപ്പോള്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ മുഖ്യമാര്‍ഗമായി കണ്ടത്, വിജ്ഞാനമേഖലയെ കീഴടക്കുക എന്നതാണ്. ശാസ്ത്ര-സാങ്കേതിക രംഗത്തെ പുത്തന്‍ വിജ്ഞാനങ്ങളെ തങ്ങളുടെ വരുതിയിലാക്കിയാല്‍ ലോകത്തിന്റെ ആധിപത്യം തങ്ങള്‍ക്കാവുമെന്ന് മനസ്സിലാക്കിയ മുതലാളിത്ത ശക്തികള്‍ വിജ്ഞാന നിര്‍മ്മാണ രംഗത്ത് വന്‍തോതിലുള്ള മൂലധന നിക്ഷേപമാരംഭിച്ചു. അങ്ങനെ കുത്തക കോര്‍പ്പറേറ്റ് കമ്പനികള്‍ ജന്മമെടുക്കുകയും അവ ശാസ്ത്ര സാങ്കേതികവിദ്യയുടെ പല മേഖലകളിലും ബൗദ്ധികസ്വത്തവകാശം (Intellectual Property Right-IPR ) സ്വന്തമാക്കുകയും ചെയ്തു. ഇങ്ങനെ സ്വന്തമാക്കിയ വിജ്ഞാനീയങ്ങള്‍ക്ക് വന്‍തുക പ്രതിഫലം ഈടാക്കി സാധാരണക്കാരന്റെ വിജ്ഞാനസമ്പാദനം ചെലവേറിയതാക്കി മാറ്റുന്നു അവര്‍. മുതലാളിത്ത രാഷ്ട്രങ്ങള്‍ വിജ്ഞാനത്തിന്റെ കുത്തകവത്കരണം സ്വന്തം രാജ്യത്ത് നടപ്പാക്കിയ ശേഷം, അതിനെ ആഗോളവത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനായി അവര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധത്തില്‍ ഐ.എം.എഫ്, ലോകബാങ്ക്, ഗാട്ട്, ഡബ്ല്യു.ടി.ഒ, ട്രിപ്‌സ് തുടങ്ങിയ സാമ്പത്തികവേദികളുടെ ഭരണഘടനയില്‍ പേറ്റന്റ് നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നു.

സാങ്കേതിക മേഖലയില്‍ മൈക്രോസോഫ്റ്റ്, വൈജ്ഞാനികരംഗത്ത് ജെ.സ്റ്റോര്‍ എന്ന ഓണ്‍ലൈന്‍ ലൈബ്രറി, കാര്‍ഷിക രംഗത്ത് മൊണ്‍സാന്റോ, ഡ്യൂപോണ്ട്, മഹികോ, ഔഷധ രംഗത്ത് നുവാര്‍ടിസ് പോലുള്ളവ ആഗോള കുത്തകകള്‍ക്ക് ഉദാഹരണമാണ്. കുത്തകവത്കരണത്തിന്റെ അനന്തരഫലമാകട്ടെ വിലക്കയറ്റവും ദാരിദ്ര്യവുമാണ്. ഇന്ത്യ പ്രസ്തുത കുത്തകവത്കരണത്തിന്റെ ഏറ്റവും വലിയ ഇരയാണ്. പതിനഞ്ച് വര്‍ഷം മുമ്പ് വരെ ലോകത്തിലെ കുറഞ്ഞ ചികിത്സാച്ചെലവുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആവിര്‍ഭാവത്തോടെ ഔഷധവിപണിയില്‍ സ്വദേശ-വിദേശ കുത്തകകളുടെ അഴിഞ്ഞാട്ടം ആരംഭിക്കുകയും തുടര്‍ന്ന് പല ജീവന്‍രക്ഷാമരുന്നുകളുടെയും വില ക്രമാതീതമായ തോതില്‍ വര്‍ധിച്ചിരിക്കുകയുമാണ്. ഈ സ്വകാര്യകുത്തകകള്‍ അടഞ്ഞ ഗവേഷണമാണ് (Closed Research) നടത്തുന്നത്. അതായത് തങ്ങളുടെ ഗവേഷണ രഹസ്യങ്ങള്‍ പുറത്ത് വിടാതെ അതിനെ എങ്ങനെ സാമ്പത്തികമായി ചൂഷണം ചെയ്യാമെന്ന് ചിന്തിക്കുന്നു. 'അറിവ് സ്വത്താണ്, അത് കോര്‍പ്പറേഷനുകളുടേതാണ്' എന്ന മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തുന്നത്.

ഇസ്‌ലാമില്‍ വിജ്ഞാനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വിജ്ഞാന സമ്പാദനം, അതിന്റെ വിതരണം എന്നിവയെല്ലാം പ്രതിഫലാര്‍ഹമായ കര്‍മ്മങ്ങളാണ്. ഇസ്‌ലാം ഒരിക്കലും അധിനിവേശത്തെയോ ചൂഷണത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. ചൂഷണാത്മകമായ പേറ്റന്റ് നിയമങ്ങള്‍ അനിസ്‌ലാമികമാണ്. കാരണം പേറ്റന്റ് മുഖേനയുള്ള വിജ്ഞാനത്തിന്റെ കുത്തകവത്കരണം സമൂഹത്തില്‍ നിരവധി തിന്മകളാണ് സൃഷ്ടിക്കുന്നത്. വിജ്ഞാനത്തിന്റെ നിരോധനം, സമ്പത്തിന്റെ കേന്ദ്രീകരണം, സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം വര്‍ധിക്കല്‍, മത്സരാധിഷ്ഠിത വിപണി ഇല്ലാത്തതിനാല്‍ വിലക്കയറ്റം, അവശ്യപൂര്‍ത്തീകരണം സാധിക്കാത്തതിനാല്‍ കുറ്റകൃത്യങ്ങളുടെയും മോഷണങ്ങളുടെയും വര്‍ധനവ്, ഒരൊറ്റ ഉല്‍പാദകനെ ആശ്രയിക്കേണ്ടിവരുമ്പോള്‍ ഉപഭോക്താവ് ചൂഷണം ചെയ്യപ്പെടല്‍ തുടങ്ങി ഒട്ടേറെ തിന്മകള്‍ക്ക് കുത്തകവല്‍ക്കരണം വഴിവെക്കുന്നു.

വിജ്ഞാനത്തിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അവന്‍ കല്‍പിക്കുന്ന പ്രകാരമാണ് അത് വിനിയോഗിക്കേണ്ടത്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഏതൊരറിവും അത് മാനവസമൂഹത്തോടും അത് കണ്ടെത്താനായി ചിന്താശേഷി നല്‍കിയ ദൈവത്തോടും കടപ്പെട്ടിരിക്കുന്നു. 'ഞാന്‍ എല്ലാം എന്റെ അറിവുകൊണ്ട് നേടിയതാണ്' എന്ന ഖാറൂനിന്റെ വാദവുമായിട്ടാണ് വര്‍ത്തമാനകാല ബഹുരാഷ്ട്ര കുത്തകകള്‍ രംഗത്ത് വരുന്നത്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ തുറന്ന  സമ്പദ് വ്യവസ്ഥയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അവിടെ കൂടുതല്‍ ജനങ്ങള്‍ക്ക് ഉല്‍പാദന പ്രക്രിയയിലേര്‍പ്പെടാന്‍ സാധിക്കും. ഇത് സമ്പത്തിന്റെ വികേന്ദ്രീകരണത്തിന് സഹായകമാവുകയും ഒരു ക്ഷേമരാഷ്ട്രസമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും. ആയതിനാല്‍, പ്രസ്തുത ക്ഷേമരാഷ്ട്രത്തിന് ഭീഷണിയുയര്‍ത്തുന്ന അഭിനവ ഖാറൂന്മാര്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരോ വിശാസിയും ബാധ്യസ്ഥനാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍