Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

തൊഴില്‍ മേഖലയിലെ മുസ്‌ലിം സ്ത്രീ സാന്നിധ്യം

ഇബ്‌റാഹീം ശംനാട് /ലേഖനം

         സമകാലീന ലോക സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിമിത്തം സ്ത്രീകള്‍ തൊഴില്‍ വിപണിയിലേക്ക് സ്വമേധയാലോ നിര്‍ബന്ധിതമായോ പ്രവേശിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ്. കുടുംബ നാഥന്‍ മാത്രം അധ്വാനിച്ച് കുടുംബം പരിപാലിക്കുക എന്നത് പലര്‍ക്കും ദുഷ്‌കരമായിരിക്കുന്നു. മുതലാളിത്ത ലോബി ആഗോള സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ പൂര്‍ണ വരുതിയില്‍ കൊണ്ട്‌വരികയും അതിന്റെ ഫലമായി സമ്പത്ത് അവരുടെ കൈകളില്‍ കുന്നുകൂടുകയും ചെയ്തത്, പാവപ്പെട്ടവരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് കുടുംബം പുലര്‍ത്താന്‍ സ്ത്രീകള്‍ പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിലുള്ളവര്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച ചര്‍ച്ച ഏറെ പ്രസക്തമാകുന്നത്.

സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങി കഴിയുന്നതാണ് ഉത്തമമെന്നും അവര്‍ പുറത്തിറങ്ങുന്നത് അഴിഞ്ഞാടലിന് കാരണമാകുമെന്നും അത് ഇസ്‌ലാം കര്‍ശനമായി നിരോധിച്ച കാര്യമാണെന്നും ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോള്‍, മറ്റൊരു വിഭാഗം ഉപാധികളോടെ അതിന് അംഗീകാരം നല്‍കുന്നു. ഇസ്‌ലാമിക വസ്ത്ര ധാരണ രീതി പൂര്‍ണമായും പാലിക്കുക, വിവാഹം നിഷിദ്ധമായ പുരുഷന്മാരുമായി ഇടകലരാതിരിക്കുക, ബന്ധപ്പെട്ടവരില്‍ നിന്നുള്ള അനുവാദം  ഉണ്ടായിരിക്കുക, അന്യപുരുഷനുമായി ഹസ്തദാനം ചെയ്യാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ അതിന്റെ പൂര്‍ണ ചൈതന്യത്തോടെ പാലിക്കണമെന്ന് ഈ വിഭാഗം പണ്ഡിതന്മാര്‍ നിഷ്‌കര്‍ഷിക്കുന്നു.

സ്ത്രീകളുടെ പ്രകൃതിയുമായി യോജിച്ച അധ്യാപനം, ആതുര ശുശ്രൂഷ, കൗണ്‍സിലിംഗ്, രചന, കമ്പ്യൂട്ടര്‍ ജോലികള്‍, തയ്യല്‍ തുടങ്ങിയ ജോലികളില്‍നിന്ന് സ്ത്രീകളെ തടയേണ്ടതില്ലെന്ന് മാത്രമല്ല അതിന് അവരെ പ്രോത്സാഹിപ്പിക്കണമെന്ന് കൂടി അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.  എന്നാല്‍  സ്ത്രീയുമായി ബന്ധപ്പെട്ട കുടുംബം, കുട്ടികള്‍, വീട് തുടങ്ങിയ കാര്യങ്ങള്‍ ഒരു നിലക്കും അവഗണിക്കരുതെന്ന് അവര്‍ ഓര്‍മപ്പെടുത്തുന്നു.  അവളുടെ പരമമായ ഉത്തരവാദിത്തം മാതൃത്വത്തിന്റേത് തന്നെയാണ്്.  ഈ ധര്‍മം നിര്‍വഹിക്കുന്നതിന് ഭംഗം വരാത്ത വിധത്തിലായിരിക്കണം മേല്‍പറഞ്ഞ ജോലികള്‍ അവള്‍ നിര്‍വ്വഹിക്കേണ്ടത്.

ചരിത്രത്തില്‍ 

സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഏറെ പ്രധാന്യം കൊടുത്ത മതമാണ് ഇസ്‌ലാം. കുട്ടികളുടെ ശിക്ഷണവും കുടുംബത്തിന്റെ ഭദ്രതയും അവളുടെ കൈകളില്‍ അര്‍പ്പിതമാണ്. ഒരു കാലത്ത് വളരെ വിരളമായിട്ടായിരുന്നു മുസ്‌ലിം സ്ത്രീകള്‍ തൊഴില്‍ വിപണിയിലേക്ക് പ്രവേശിച്ചിരുന്നത്. പ്രവാചകന്റെ കാലത്തെ തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യത്തെ കുറിച്ച് സാമാന്യ ധാരണയുണ്ടാവുന്നത് ആദര്‍ശബോധമുള്ള ഒരു സമൂഹത്തിന് അത്യന്താപേക്ഷിതമാണ്.

ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ മുസ്‌ലിം സ്ത്രീകള്‍ സാമൂഹികമായി കരുത്താര്‍ജിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. ഇസ്‌ലാമിക അധ്യാപനങ്ങളും നിയമങ്ങളും അവരെ പ്രത്യേകം പരിഗണിച്ചിരുന്നു. ജാഹിലിയ്യാ കാലത്ത് അറേബ്യയില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെയുള്ള അക്കാലത്തെ നാഗരിക കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അനന്തരാവകാശം അവര്‍ക്ക് അന്യമായിരുന്നു. സ്ത്രീകളെ മനുഷ്യരായി പോലും ഗണിച്ചിരുന്നില്ല.  ഉപഭോഗവസ്തു എന്നതിനപ്പുറം അവള്‍ക്ക് ഒരു പദവിയും അടുത്ത കാലം വരേയും ലഭിച്ചിരുന്നില്ല.

ഇസ്‌ലാമിന്റെ ആഗമനത്തോടെ അവസ്ഥകള്‍ മാറി.  സ്ത്രീക്ക് നഷ്ടപ്പെട്ട അവകാശവും അധികാരവും അവള്‍ക്ക് തിരിച്ച് കിട്ടി. മറ്റു മതങ്ങളിലോ വ്യവസ്ഥകളിലോ ഒരിക്കലും സ്വപ്നം കാണാന്‍ പോലും കഴിയാത്തത്രയും വിപുലമായ അധികാരങ്ങളാണ് ഇസ്‌ലാമിലൂടെ അവള്‍ക്ക് ലഭിച്ചത്. ഇസ്‌ലാം അവള്‍ക്ക് അനന്തരാവകാശം അനുവദിച്ചു. സ്വന്തം കാലില്‍ ആര്‍ജവത്തോടെ നില്‍ക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ആദ്യ പ്രഖ്യാപനമായിരുന്നു അത്. കോടതിയില്‍ സാക്ഷിയാവാനും വോട്ട് രേഖപ്പെടുത്താനും രാഷ്ട്രീയത്തിലിടപെടാനും കച്ചവടം ചെയ്യാനും വിദ്യാഭ്യാസം ആര്‍ജിക്കാനുമുള്ള അവകാശം ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കി. അക്കാലത്ത് അതെല്ലാം മറ്റ് മതങ്ങളിലും രാജ്യങ്ങളിലും കേട്ട്‌കേള്‍വി പോലുമില്ലാത്ത കാര്യങ്ങളായിരുന്നു.

ലഭിക്കേണ്ടിയിരുന്ന അവകാശങ്ങള്‍ ലഭിച്ചപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ രാഷ്ട്രീയമുള്‍പ്പടെയുള്ള സകല മേഖലകളിലും വമ്പിച്ച മുന്നേറ്റം നടത്തിയതായി ചരിത്രം പറയുന്നു. ഒരു ഉദാഹരണം പറയാം. ഖലീഫ ഉമറിന്റെ ഭരണകാലത്ത്, സ്ത്രീകള്‍ക്ക് നല്‍കേണ്ട നിര്‍ബന്ധ വിവാഹ മൂല്യത്തിന്റെ (മഹ്ര്‍)പരിധി അനിയന്ത്രിതമായി ഉയര്‍ന്നപ്പോള്‍ അദ്ദേഹം അതിന് പരിധി നിശ്ചയിക്കാന്‍ തീരുമാനിച്ചു; ഒരു സാമൂഹിക വിപത്ത് തടയുക എന്ന ഉദ്ദേശ്യത്തോടെ. അതിനെതിരെ സാധാരണക്കാരിയായ ഒരു സ്ത്രീയുടെ പ്രതികരണം അത്ഭുതാവഹമായിരുന്നു. സ്ത്രീക്ക് നല്‍കിയ മഹ്‌റില്‍ പരിധി നിശ്ചയിക്കാന്‍ ഉമറിന് അധികാരമില്ല; അല്ലാഹു മഹ്‌റിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തത് കൊണ്ടുതന്നെ.  താന്‍ ചെയ്തത് തെറ്റായിരുന്നുവെന്നും ആ സ്ത്രീയുടെ അഭിപ്രായമാണ് ശരിയെന്നും പിന്നീട് ഖലീഫ ഉമറിന് സമ്മതിക്കേണ്ടി വന്നു.  അങ്ങനെ മഹ്ര്‍ നിയന്ത്രണ നിയമ നിര്‍മ്മാണത്തില്‍ നിന്ന് ഖലീഫ ഉമര്‍ പിന്മാറി.

വ്യാപാര രംഗത്ത്

സമൂഹത്തിന്റെ ഏറ്റവും ശക്തമായ സാമ്പത്തിക സ്രോതസ്സാണല്ലോ കച്ചവടവും വ്യാപാരവും. കച്ചവട രംഗത്തെ ആദ്യത്തെ മുസ്‌ലിം സാന്നിധ്യം ഒരു സ്ത്രീയുടേതായിരുന്നു. അക്കാലത്ത് മക്കയിലെ കുലീന കുടുംബത്തിലെ അംഗമായിരുന്ന സ്ത്രീ. പ്രവാചകന്‍ തിരുമേനിയുടെ പ്രിയതമയും  വര്‍ത്തക പ്രമാണിയുമായ ഖദീജ, കച്ചവട സംഘത്തെ ഉഷ്ണ കാലത്ത് സിറിയയിലേക്കും ശൈത്യകാലത്ത് യമനിലേക്കും അയക്കുമായിരുന്നു.

ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശത്തെ അകമഴിഞ്ഞ് സഹായിക്കുന്നതില്‍ പ്രവാചക പത്‌നി ഖദീജ നിര്‍ണായകമായ പങ്കാണ് വഹിച്ചിരുന്നത്.  ഖദീജയെക്കാള്‍ ഉത്തമയായ ഒന്നും എനിക്ക്  ജീവിതത്തില്‍ നല്‍കപ്പെട്ടിട്ടില്ല എന്ന് നബി പറയുവാന്‍ മാത്രം ഉത്തമയായിരുന്നു  അവര്‍. ''ജനങ്ങള്‍ എന്നെ നിരാകരിച്ചപ്പോള്‍ അവര്‍ എന്നെ സ്വീകരിച്ചു. ജനങ്ങള്‍ അവിശ്വസിച്ചപ്പോള്‍ അവര്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചു. സര്‍വ്വോപരി അവരിലൂടെ അല്ലാഹു എനിക്ക് സന്താന സൗഭാഗ്യം നല്‍കി.'' ഖദീജയെ കുറിച്ച പ്രവാചകന്റെ ഹൃദയസ്പൃക്കായ വാക്കുകളാണിത്.

ജീവകാരുണ്യ രംഗത്ത് 

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. അതുള്‍ക്കൊണ്ട് ഇസ്‌ലാമിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ മുസ്‌ലിം സ്ത്രീകള്‍ ജീവകാരുണ്യ രംഗത്തും നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ചിരുന്നു. സൈനബ് ബിന്‍ത് അബീതാലിബ് അക്കാലത്ത് അറിയപ്പെട്ടിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്നു. ഇറാഖിലും ഈജിപ്തിലും അവര്‍ സ്വന്തമായി അനാഥാലയങ്ങള്‍ സ്ഥാപിച്ചു. വിവാഹാനന്തരവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണമെന്ന് വൈവാഹിക കരാറില്‍ നിബന്ധന വെച്ച മഹതിയാണ് സൈനബ്.

അധ്യപന രംഗത്ത്

ആദ്യകാല മുസ്‌ലിം സ്ത്രീകള്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു മേഖലയായിരുന്നു അധ്യാപനം.  വിജ്ഞാനമാര്‍ജിക്കല്‍ എല്ലാ മുസ്‌ലിം സ്ത്രീപുരുഷന്മാരുടേയും ബാധ്യതയാണെന്ന നബിവചനത്താല്‍ പ്രചോദിതരായി നിരവധിപേര്‍ വിജ്ഞാനത്തിന്റെ ഉപാസകരായിത്തീര്‍ന്നു. നബിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ സഹധര്‍മിണിയായിരുന്ന ആഇശ (റ)ക്ക് മുസ്‌ലിം സമൂഹത്തില്‍ വലിയ വൈജ്ഞാനിക സ്വാധീനമാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയം, അധ്യാപനം, നിയമം, യുദ്ധം തുടങ്ങിയ ജീവിതത്തിലെ നിര്‍ണായക മേഖലകളില്‍ ആഇശയുടെ സാന്നിധ്യം എടുത്തുപറയത്തക്കതായിരുന്നു. 2000 ത്തിലധികം പ്രവാചക വചനങ്ങള്‍ ആഇശ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് അക്ഷരാഭ്യാസമുണ്ടായിരുന്ന അപൂര്‍വം സ്ത്രീകളില്‍ ഒരാളായിരുന്നു ശിഫ. ബുദ്ധികൂര്‍മത കൊണ്ടും വിജ്ഞാനം കൊണ്ടും അവര്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

ആതുര ശുശ്രൂഷാ രംഗത്ത് 

വൈദ്യ കുടുംബത്തില്‍ പിറന്ന റുഫൈദക്ക് ഭിഷ്വഗ്വരനായ അവരുടെ പിതാവ് സഅ്ദില്‍ നിന്ന് ശുശ്രൂഷാ രംഗത്ത് മികച്ച പരിശീലനം ലഭിച്ചു. നഴ്‌സിംഗ് ജോലിയില്‍ നല്ല മികവ് തെളിയിച്ചതിനാല്‍ വിദഗ്ധയായ ചികിത്സകയായിത്തീര്‍ന്നു അവര്‍. മദീനയില്‍വെച്ച് ഇസ്‌ലാമിന്റെ ആദ്യകാലത്ത് തന്നെ അവര്‍ ഇസ്‌ലാം സ്വീകരിച്ചു.

യുദ്ധരംഗത്ത് 

ഇസ്‌ലാമിന്റെ ആദ്യകാലത്ത് തന്നെ പ്രശോഭിത മാതൃകകള്‍ സൃഷ്ടിച്ച മറ്റൊരു വനിതാ രത്‌നമായിരുന്നു ഉമ്മു അമ്മാറ. പ്രവാചകന്‍ നയിച്ച ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്തായിരുന്നു അവര്‍ ചരിത്രത്തില്‍ ഇടം നേടിയത്. വാളും പടയങ്കിയും ധരിച്ച് അവര്‍ ശത്രുക്കളോട് പടപൊരുതി. ശത്രുക്കളില്‍ നിന്ന് പ്രവാചകനെ രക്ഷപ്പെടുത്തുവാന്‍ ഒരു കവചമായി അവര്‍ വര്‍ത്തിച്ചു. അതിനാല്‍ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഏല്‍ക്കേണ്ടി വന്നു. എന്നിട്ടും അവരുടെ ആശങ്ക പ്രവാചകന് വല്ലതും സംഭവിച്ചോ എന്നതിലായിരുന്നു.

പ്രവാചകന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സ്ത്രീ രത്‌നങ്ങള്‍ മേല്‍ വിവരിച്ച മേഖലകളിലെല്ലാം സജീവമായി ഇടപെട്ടിരുന്നതായി ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇസ്‌ലാമിന്റെ സംസ്‌കാരവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകളുടെ അന്തസ്സിന് ഹാനി തട്ടാത്ത വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് അവരെ തടയുന്നത് പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുകയാണ് ചെയ്യുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍