അറുപതിന്റെ നിറവില്‍ <br> കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്
1954-ല്‍ ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ വാര്‍ഷിക യോഗത്തില്‍ കുറ്റിയാടിയില്‍നിന്ന് ഒരു സംഘം പങ്കെടുക്കുകയുണ്ടായി. പരിപാടിയുടെ വൈജ്ഞാനിക നിലവാരവും കലാഭംഗിയും അവരില്‍ വലിയ താല്‍പര്യം ജനിപ്പിച്ചു. ''ഇത്രയും നിലവാരമുള്ള സ്ഥാപനം കുറ്റിയാടിയിലും വേണം.'' അന്നു തന്നെ അവരാ ആശയം മനസ്സില്‍ കുറിച്ചിട്ടു.
പുതുക്കുടി എം. ബാവാച്ചി ഹാജിയായിരുന്നു സംഘത്തലവന്‍. ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആദ്യകാല രക്ഷിതാക്കളില്‍ പ്രധാനിയാണദ്ദേഹം. നാട്ടിലെത്തിയ സംഘം ഈ ആശയം വ്യാപകമായ ചര്‍ച്ചക്കിട്ടു. അന്ന് കുറ്റിയാടിയിലെ നിരന്തര സന്ദര്‍ശകനായിരുന്ന ഹാജി വി.പി മുഹമ്മദലി സാഹിബിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നു. 'വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ താങ്കള്‍ ശ്രദ്ധിച്ചാല്‍ മതി, സാമ്പത്തികം ഞങ്ങള്‍ ഏറ്റു' എന്നതായിരുന്നു ഹാജി സാഹിബിന്റെ മുമ്പില്‍ അവര്‍ അവതരിപ്പിച്ച ഫോര്‍മുല.
തുടര്‍ന്ന് കുറ്റിയാടി പ്രാദേശിക ഹല്‍ഖാ യോഗത്തില്‍ വിഷയം അവതരിപ്പിക്കുകയും പ്രസ്തുത യോഗത്തില്‍ നിന്ന് തന്നെ ആയിരം രൂപ പിരിച്ചെടുക്കുകയും അത് അടിസ്ഥാന മൂലധനമായി ഇസ്‌ലാമിയാ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
1375 ശവ്വാല്‍ 20(1956 ജൂണ്‍ 1)ന് ആണ് കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് ഔപചാരികമായി തുടങ്ങിയത്. കേരള ജമാഅത്തെ ഇസ്‌ലാമി സ്ഥാപക അമീര്‍ ഹാജി വി.പി മുഹമ്മദലി, കുറ്റിയാടിയുടെ നവോത്ഥാന സാരഥി ഹാജി എം. അബ്ദുല്ല കുട്ടി മൗലവി, കുറ്റിയാടി ഊരത്ത് പുതുക്കുടി എം ബാവാച്ചി ഹാജി, ഇരിക്കൂര്‍ പി.സി മുഹമ്മദ് (മാമു) ഹാജി എന്നിവരാണ് കോളേജിന്റെ സ്ഥാപക സാരഥികള്‍. പി.സി മാമുഹാജിയും പുതുക്കുടി എം. ബാവാച്ചി ഹാജിയും കോളേജ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവികളിലിരിക്കെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
കോളേജിന്റെ ഭരണഘടനയില്‍ സ്ഥാപനത്തിന്റെ ലക്ഷ്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
1. വിദ്യാഭ്യാസത്തില്‍ ലൗകികം, മതപരം എന്നിങ്ങനെയുള്ള വിവേചനം കൂടാതെ ഒരു യഥാര്‍ഥ ദൈവഭക്തന് ആവശ്യമായ എല്ലാതരം വിദ്യാഭ്യാസവും നല്‍കുകയും സാര്‍വത്രികവും സാര്‍വജനീനവും ഒരു സമ്പൂര്‍ണ ജീവിതപദ്ധതിയുമായ ഇസ്‌ലാമിനെ ആ നിലക്ക് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക.
2. ഇസ്‌ലാമിക ദര്‍ശനങ്ങളോട് തികച്ചും ഇണങ്ങുന്ന പൊതു വിദ്യാഭ്യാസ സമ്പ്രദായം നടപ്പില്‍ വരുത്തി ഇന്നത്തെ പൊതുവിദ്യാഭ്യാസത്തിന്റെ കെടുതികളില്‍ നിന്ന് ഭാവി മുസ്‌ലിം തലമുറകളെ വീണ്ടെടുക്കാന്‍ കേരള മുസ്‌ലിംകള്‍ക്ക് പ്രചോദനം നല്‍കുക.
കര്‍മനയത്തെ സംബന്ധിച്ച് ഭരണഘടന പറയുന്നതിങ്ങനെ:
1. ഈ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നത് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
2. വല്ല അനിസ്‌ലാമിക സ്ഥാപനത്തിന്റെയോ സംഘടനയുടെയോ സ്വാധീനം ചെലുത്തുന്നതിന് കാരണമായിത്തീരുന്ന, പുറമെ നിന്നുള്ള യാതൊരു സഹായവും ഈ സ്ഥാപനത്തിന് വേണ്ടി മനഃപൂര്‍വം സ്വീകരിക്കാന്‍ പാടുള്ളതല്ല.
ധിഷണാശാലികളായ പൂര്‍വസൂരികള്‍ രേഖപ്പെടുത്തിവെച്ച ആദര്‍ശ-കര്‍മനയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആറു പതിറ്റാണ്ടിന്റെ പ്രയാണ സാഫല്യത്തിലാണിപ്പോള്‍ ഇസ്‌ലാമിയാ കോളേജ് കുറ്റിയാടി.
പ്രൈമറി മദ്‌റസയും സപ്തവത്സര മുഴുസമയ ദീനീ കോഴ്‌സുമായാണ് സ്ഥാപനത്തിന്റെ തുടക്കം. ദീനീവിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള അറിവ് സ്വായത്തമാക്കുന്നതിന് ആദ്യകാല കരിക്കുലം പ്രയോജനപ്രദമായിരുന്നു.
പിന്നീട് സന്ദര്‍ഭത്തിന്റെ താല്‍പര്യം ഉള്‍ക്കൊണ്ട് ചില മാറ്റങ്ങള്‍ക്ക് സ്ഥാപനം നിര്‍ബന്ധിതമായി. അങ്ങനെയാണ് അഫ്ദലുല്‍ ഉലമാ കോഴ്‌സും ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സും സ്ഥാപനം നടപ്പാക്കിയത്. ആരംഭകാലത്ത് ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് ഏറെ ആകര്‍ഷകവും ജനപ്രിയവും ഇസ്‌ലാമിക പ്രസ്ഥാനത്തിന് വന്‍ പ്രതീക്ഷകള്‍ നല്‍കുന്നതുമായിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ അതിന്റെ മികവിന് മങ്ങലേറ്റു.
പ്രസ്തുത ചരിത്രഘട്ടത്തിലാണ് ദീനീഉലൂമുകള്‍ക്ക് മുന്തിയ പരിഗണന ലഭിക്കുമാറ്, ഖുര്‍ആനും അറബിഭാഷയും കോഴ്‌സിന്റെ മുഖ്യ ഉള്ളടക്കമായി സ്വീകരിച്ചുകൊണ്ട് 'കുല്ലിയത്തുല്‍ ഖുര്‍ആന്‍' എന്ന ശാഖക്ക് കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് ജന്മം നല്‍കിയത്. ഇന്നിപ്പോള്‍ 60-ാം വാര്‍ഷികവേളയില്‍ ഖുര്‍ആനികമായ ഒരു പഠന-ഗവേഷണ ശാഖ കോളേജ് കാമ്പസില്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ്.
ദീനീവൈജ്ഞാനിക മേഖലയിലെ ചില പുതിയ സംരംഭങ്ങള്‍ക്ക് വേദിയായിക്കൊണ്ടിരിക്കുകയാണ് ഈ 60-ാം വര്‍ഷത്തില്‍ കോളേജ് കാമ്പസ്. അതില്‍ മുഖ്യം 'ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്' ആണ്. സാമൂഹിക ശാസ്ത്രമേഖല ഇസ്‌ലാമിന്റെ ജീവവായുവാണ്. നിരവധി സാമൂഹിക ഇടപെടലുകളാല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ജനസഞ്ചയത്തിന്റെ മുന്നില്‍ ഇടം പിടിച്ച കാലമാണിത്. ഇവിടെ ഇസ്‌ലാമിന്റെ സാമൂഹികദര്‍ശനം ഗവേഷണ സ്വഭാവത്തില്‍ പഠിപ്പിക്കേണ്ടത് വിമോചന ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമാണ്. ആ ചരിത്രപരമായ ദൗത്യനിര്‍വഹണമാണ് ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പ്രസക്തി. ഇപ്പോള്‍ ബിരുദപഠനമാണ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്നത്. ഗവേഷകര്‍ക്ക് ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ വ്യവസ്ഥാപിതമായി പി.ജി-റിസര്‍ച്ച് തലത്തിലേക്ക് വികസിപ്പിക്കാനാണ് ആഗ്രഹം.
മതബോധന മേഖലയിലെ നവീനധാരയായ “അല്‍ 'ഫിത്‌റ പ്രീ-സ്‌കൂള്‍' ഈജിപ്തില്‍ പിറന്നുവീണതാണ്. ഏറെ പ്രതീക്ഷകള്‍ക്ക് വകയുള്ള പ്രസ്തുക ശാഖക്കും 60-ാം വാര്‍ഷിക വേളയില്‍ കോളേജ് മാനേജ്‌മെന്റ് സ്വാഗതമരുളിയിരിക്കുകയാണ്. “'അല്‍ ഫിത്‌റ' പ്രഥമ ബാച്ചിന് ഈ വര്‍ഷം ആരംഭം കുറിച്ചിട്ടുണ്ട്.
പുതിയ കാലത്തിന്റെ ആവശ്യങ്ങളോട് ചടുലമായി പ്രതികരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐഡിയല്‍ പബ്ലിക് സ്‌കൂളും (സി.ബി.എസ്.ഇ), ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സും കോളേജ് മാനേജ്‌മെന്റിന് കീഴില്‍ തുടക്കം കുറിച്ചത്. ഇസ്‌ലാമിന്റെ മൂല്യപരിസരത്ത് മികച്ച പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തലാണ് ഇരു സ്ഥാപനങ്ങളുടെയും മുഖ്യലക്ഷ്യം. പ്രസ്തുത ലക്ഷ്യസാക്ഷാത്കാരത്തിന് ഒരു സ്വതന്ത്ര കാമ്പസ് ആഘോഷ പരിപാടികളില്‍ പ്രധാനമാണ്. 11 ഏക്കര്‍ ഭൂമിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു കാമ്പസ് കെട്ടിപ്പടുക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. 'ഐഡിയല്‍ എജുക്കേഷന്‍ വില്ലേജ്' എന്ന് നാമകരണം ചെയ്യപ്പെട്ട പ്രസ്തുത സംരംഭത്തിന്റെ പ്രഖ്യാപനം സമ്മേളനത്തില്‍ നിര്‍വഹിക്കപ്പെടും.
മദ്‌റസാ പ്രസ്ഥാനം ദുര്‍ബലപ്പെട്ടു വന്ന സമയത്താണ് കോളേജ് കാമ്പസില്‍ “മദ്‌റസത്തുല്‍ ഖുര്‍ആന്‍” തുടങ്ങിയത്. ഇന്ന് കേരളത്തിലെ തന്നെ മികച്ച മദ്‌റസയായി മാറിക്കഴിഞ്ഞിരിക്കുന്നു, 10-ാം ക്ലാസ് വരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനം. രാവിലെ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസയില്‍ വരാന്‍ വാഹന സൗകര്യവും, പ്രഭാത ഭക്ഷണം മദ്‌റസയില്‍ നിന്ന് തന്നെ കഴിച്ച് സ്‌കൂളില്‍ പോകാനുള്ള സംവിധാനവുമുണ്ട്. ദീനീ വിദ്യാഭ്യാസത്തിന് മികച്ച ഭൗതിക സാഹചര്യം നല്‍കുകവഴി മദ്‌റസാ രംഗത്ത് പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ സാധിച്ചു.
നവോന്മേഷവും ആത്മനിര്‍വൃതിയും ഉത്സാഹവും പ്രദാനം ചെയ്യുന്ന സന്ദര്‍ഭമാണ് ഈ 60-ാം വാര്‍ഷികവേള. കരുത്തരായ മുന്‍ഗാമികളാണ് ഇത്രയും വലിയ നേട്ടത്തിലേക്ക് ഈ സ്ഥാപനത്തെ നയിച്ചത്. നേരത്തെ സൂചിപ്പിച്ചവര്‍ക്കു പുറമെ ടി. ഇസ്ഹാഖലി മൗലവി, പി.വി കുഞ്ഞിമൊയ്തീന്‍ മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, യു.കെ ഇബ്‌റാഹിം മൗലവി (അബൂസഹ്‌ല), വി. മൊയ്തു മൗലവി, കെ.പി.കെ അഹ്മദ് മൗലവി, വി. അബ്ദുല്ല ഉമരി, ഇ.വി അബ്ദു, കെ. മൊയ്തു മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി എന്നീ മഹാരഥന്മാരെ പ്രാര്‍ഥനാപൂര്‍വം ഇവിടെ സ്മരിക്കുന്നു. തുടക്കം മുതല്‍ ഇന്ന് വരെ സ്ഥാപന നടത്തിപ്പിന്റെ മുന്‍നിരയില്‍ സജീവ സാന്നിധ്യമായ ടി.കെ അബ്ദുല്ല സാഹിബ് വന്‍ പ്രചോദനമായി നമ്മോടൊപ്പമുണ്ട്. പ്രാര്‍ഥനാപൂര്‍വം ഭാവിയിലേക്ക് ചുവടുവെക്കുകയാണ് ഈ മഹദ് സ്ഥാപനം. നാഥന്‍ തുണക്കട്ടെ ! ആമീന്‍.
(ആര്‍.ഇ.ടിയുടെ ചെയര്‍മാനാണ് ലേഖകന്‍)
Comments