Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 24

ഇസ്‌ലാമില്‍ കൊതിതീരാതെ...

ഇ.സി സൈമണ്‍ മാസ്റ്റര്‍ /അനുഭവം

         കാലത്തിന്റെ കടന്നുപോക്കില്‍, വൈകി ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരാളെന്ന നിലയില്‍ ന്യായമായും നടത്തേണ്ട ഒരു തിരിഞ്ഞുനോട്ടം എന്തെല്ലാം വികാരങ്ങളാണ് എന്നില്‍ ഉണ്ടാക്കുന്നതെന്ന് പറഞ്ഞറിയിക്കുക പ്രയാസം. സന്തോഷം, സംതൃപ്തി, സമാധാനം, ദുഃഖം, വേദന തുടങ്ങി എല്ലാതരം ജീവിതാനുഭവങ്ങളും ഈകാലയളവില്‍ എനിക്കുണ്ടായി. മാനസിക പിരിമുറുക്കം അസഹ്യമായ അവസരങ്ങളില്‍ പിടിച്ചുനില്‍ക്കുക അതീവ ദുഷ്‌കരവും ദുസ്സഹവുമായിരുന്നു.
എങ്കിലും അപ്പോഴെല്ലാം മനസ്സാന്നിധ്യത്തോടു കൂടി മുന്നോട്ടുനീങ്ങുന്നതിനുള്ള ഒരു കഴിവ് എങ്ങനെയോ എനിക്ക് കിട്ടി. അതാവട്ടെ ദൃഢവും ബലിഷ്ഠവും ആയിരുന്നു.
ഇസ്‌ലാമില്‍ കൂടി ദൈവത്തില്‍ നിന്ന് ലഭിച്ച ആ മഹാശക്തിയുടെ സ്വാധീനം എല്ലാ രംഗത്തും എപ്പോഴും കണ്ടു, സമൃദ്ധമായി. സമാധാനമായിരുന്നു ഇസ്‌ലാമില്‍ നിന്ന് കിട്ടിയ വലിയ  നേട്ടം. അല്ലാഹു പറയുന്നുണ്ടല്ലോ: ഇസ്‌ലാമിന് ചെയ്തുകൊടുത്ത ഒരു വലിയ സഹായമോ ഔദാര്യമോ അല്ല നിന്റെ ഇസ്‌ലാം സ്വീകരണം, ഇസ്‌ലാമിനോ ദൈവത്തിനോ അല്ല മറിച്ച് നിനക്കുതന്നെയാണ് അതിന്റെ പ്രയോജനം. നീ ഇസ്‌ലാം സ്വീകരിച്ചതുകൊണ്ട് നിനക്കല്ലാതെ അല്ലാഹുവിന് എന്തുണ്ട് അതില്‍ നിന്ന് നേടാന്‍?
ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നതിനുണ്ടായ കാലതാമസത്തില്‍ സംഭവിച്ച നഷ്ടത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ അതൊരു ഭീമമായ നഷ്ടം എന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. എങ്കിലും അല്ലാഹുവിന്റെ മഹാ കാരുണ്യത്താല്‍ പിന്നീടായാലും അവയെല്ലാം പരിഹരിക്കപ്പെട്ടു എന്നതില്‍ ആശ്വാസവും സംതൃപ്തിയുമുണ്ട്.
പശ്ചാത്തപിച്ച് ഇസ്‌ലാം സ്വീകരിക്കുന്ന ഒരാള്‍ക്ക് അതുവരെ ചെയ്തുപോയ അയാളുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കുമെന്ന് ഖുര്‍ആന്‍ ഉറപ്പു പറയുന്നു. പഴയ പാപങ്ങളെല്ലാം പരിഹരിക്കപ്പെട്ട് ഒരു പുതിയ മനുഷ്യനായി മാറിയ അയാള്‍ക്ക്, കഴിഞ്ഞ സംഭവങ്ങളെപ്പറ്റി ഓര്‍ത്ത് മേലില്‍ ദുഃഖിക്കുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. ഭാവിയില്‍ വീണ്ടും അത്തരം അപകടങ്ങളില്‍ ചെന്നുചാടാതെ സൂക്ഷിക്കുക മാത്രമേ വേണ്ടൂ.
എത്ര വലിയ ഔദാര്യവും കാരുണ്യവുമാണ് ആ വാഗ്ദാനത്തില്‍ കൂടി അല്ലാഹു നിസ്സാരനായ ഒരു ദാസന് വെച്ചു നീട്ടുന്നത്. ജീവിതകാലം മുഴുവന്‍ ചെയ്തുപോയ പാപങ്ങളും കുറ്റങ്ങളും പൊറുക്കപ്പെടുമെന്നും അല്ലാഹുവിന്റെ അതിവിശിഷ്ടമായ സ്വര്‍ഗം  ലഭിക്കുമെന്നും ഉറപ്പ് ലഭിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ ഒരു സമ്മാനവും ഒരിക്കലും പ്രതീക്ഷിക്കാനില്ലെന്ന് അയാള്‍ തിരിച്ചറിയുന്നു.
പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ''ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാളന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (89: 27-30).
ഖുര്‍ആന്‍ വീണ്ടും പറയുന്നു: ''ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം. ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്റെയും ആധിപത്യം അല്ലാഹുവിനത്രെ. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു'' (5:119,120).
അല്ലാഹുവിന്റെ സര്‍വാധിപത്യത്തെപ്പറ്റി ഖുര്‍ആനല്ലാതെ മറ്റൊരു ഗ്രന്ഥവും ഇത്ര സ്പഷ്ടമായി എടുത്തുപറയുന്നില്ല. മരിച്ച ഭൂമിയില്‍ മഴ വര്‍ഷിച്ച് ജീവജാലങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതുപോലെ മരിച്ച് മണ്ണടിഞ്ഞവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കുന്ന ഉദാഹരണം ഖുര്‍ആന്‍ എടുത്തുകാണിക്കുന്നു.ജീവന്‍ കൊടുക്കുന്നതും എടുക്കുന്നതും മാത്രം നോക്കിയാല്‍ മതി അല്ലാഹുവിന്റെ അസാമാന്യമായ കഴിവ് ബോധ്യപ്പെടാന്‍. മരിച്ചതിനു ശേഷവും ഒരാളെ രക്ഷിക്കുന്നതിനോ ശിക്ഷിക്കുന്നതിനോ ഉള്ള കഴിവും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ലല്ലോ.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെപ്പറ്റി പറയുമ്പോള്‍ ക്രൈസ്തവ-മുസ്‌ലിം വിശ്വാസങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ട്. ക്രൈസ്തവര്‍ ഭൗതികകാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും ആഗ്രഹിക്കുന്നതും. മുസ്‌ലിംകളാവട്ടെ ആത്മീയമായി കൂടുതല്‍ ചിന്തിക്കുന്നു. സ്വര്‍ഗമാണ് പ്രധാനമായും അവരുടെ ലക്ഷ്യം. ചില പ്രധാന വിഷയങ്ങളില്‍ കാണുന്ന ക്രൈസ്തവ-മുസ്‌ലിം അന്തരം അവഗണിക്കാനാവാത്ത വിധം വലുതാണ്.
ഭൂമിയില്‍ ഉള്ളതുപോലെ പരലോകത്തും വിവാഹജീവിതം ശാരീരികമായ യാഥാര്‍ഥ്യമാണെന്ന് സങ്കല്‍പിക്കുക ക്രൈസ്തവര്‍ക്ക് എളുപ്പമല്ല. മരണാനന്തരം പരേതരായ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു വേണ്ടി പരസ്പരം പ്രാര്‍ഥിക്കുമെങ്കിലും ഭാവിയില്‍ പരലോകത്ത് ഒന്നിച്ചുള്ള ഒരു ദാമ്പത്യം ജീവിതകാലത്ത് പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല.
ലഭ്യമായ എല്ലാ നല്ല വസ്തുക്കളും ഭൂമിയില്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് സ്വര്‍ഗത്തിലും അവ സുലഭമായിരിക്കും. ചില ക്രൈസ്തവ സമൂഹങ്ങളിലെ പുരോഹിതന്മാര്‍ക്കെന്ന പോലെ, വിലക്കപ്പെട്ട കനിയല്ല സ്ത്രീ. മനുഷ്യന്‍ ഏറ്റവും ആഗ്രഹിക്കുന്നതും സാമീപ്യം ആരും ഇഷ്ടപ്പെടുന്നതുമാണ് സ്ത്രീ സൗന്ദര്യം. ഏറ്റവും നല്ല ഭക്ഷ്യവസ്തുക്കളും പരലോകത്ത് ലഭ്യമാണ്. പാര്‍ശ്വഫലങ്ങളോ ലഹരിയോ ഇല്ലാത്ത പരിശുദ്ധ മദ്യം പോലും സ്വര്‍ഗത്തില്‍ നിഷിദ്ധമല്ലെന്ന് ഖുര്‍ആന്‍ പറയുന്നു. എല്ലാതരം ആഹാര പദാര്‍ഥങ്ങളും മാംസവും അവിടെ സമൃദ്ധമായിരിക്കും.
ബൈബിള്‍ പഠിപ്പിക്കുന്ന സ്വര്‍ഗവും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സ്വര്‍ഗവും തമ്മില്‍ പല കാര്യങ്ങളിലുമുണ്ട് വലുതായ അന്തരം. വ്യക്തമായ ഒരു പരലോക ജീവിതത്തെപ്പറ്റി യാതൊരു സംശയത്തിനുമിടയില്ലാത്തവിധം സ്പഷ്ടമായും ആവര്‍ത്തിച്ചും ഖുര്‍ആന്‍ വിശദീകരിക്കുമ്പോള്‍ ബൈബിളിലാവട്ടെ തീരെ അയഥാര്‍ഥവും ഭൗതികമായോ ശാരീരികമായോ അല്ലാത്ത ഒന്നിനെപ്പറ്റിയുള്ളതുമായ സാങ്കല്‍പിക വിവരണങ്ങള്‍ എന്ന നിലയില്‍ മാത്രമുള്ള പരമാര്‍ശങ്ങളേ ഉള്ളൂ. പരലോക ജീവിതത്തില്‍ ആരും ആരുടെയും ഭാര്യയോ ഭര്‍ത്താവോ അല്ലെന്നും അവിടെ അതിന്റെയൊന്നും ആവശ്യമോ പ്രസക്തിയോ ഇല്ലെന്നുമാണ് ബൈബിള്‍ വീക്ഷണം. എങ്ങനെ സംഭവിച്ചു ഇങ്ങനെ ഒരു വൈരുധ്യം എന്ന് ആലോചിച്ചാല്‍ ബൈബിളില്‍ പല സ്ഥലങ്ങളിലും കാണുന്ന നിരവധി വൈരുധ്യങ്ങളില്‍ ഒന്നു മാത്രമാണ് ഇതും എന്നേ ഉത്തരമുള്ളൂ.
ലോകത്തിന്റെ ഏതോ ഒരു കോണില്‍ കിടന്നിരുന്ന നിസ്സാരനായ ഈ അടിമ പരമകാരുണികനും പരമോന്നതനുമായ അല്ലാഹുവിന്റെ അതിവിശിഷ്ട വാസസ്ഥലത്ത് എത്തിപ്പെട്ടിരിക്കുന്നു എന്ന വാസ്തവം കുറച്ചൊന്നുമല്ല ഈയുള്ളവനെ സന്തോഷിപ്പിക്കുന്നത്. ആ സന്തോഷവും സംതൃപ്തിയുമാണ് ഈ കുറിപ്പിന് ആധാരം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 28-30
എ.വൈ.ആര്‍