മഹല്ലുകള്‍ എന്നോ തുറന്നുവെക്കേണ്ടിയിരുന്ന വാതില്‍
നാട്ടിലെ മുസ്‌ലിംകള്‍ക്കിടയില്‍ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും അനുസരിക്കുന്ന സംവിധാനമാണ് മഹല്ല്. മഹല്ലിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും സാധാരണഗതിയില്‍ ധൈര്യമുണ്ടാകാറില്ല. ഒറ്റപ്പെട്ടു പോകും എന്ന ഭയം തന്നെയാകണം കാരണം. സാമൂഹികജീവിയായ മനുഷ്യന് ഒറ്റപ്പെട്ടുള്ള ജീവിതം സാധ്യമല്ല. അങ്ങനെ ജീവിക്കുന്നവര്‍ പൊതുവെ മാനസികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളവരായിരിക്കും. ഒരു പ്രദേശത്തെ സാമൂഹികമായും സാംസ്‌കാരികമായും ഉന്നതിയിലെത്തിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ മനസ്സുവെച്ചാല്‍ സാധിക്കും. അത്യന്തം വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹിക ചുറ്റുപാടിനെ നന്നാക്കിയെടുക്കാന്‍ മഹല്ലുകള്‍ക്കേ കഴിയൂ. മഹല്ലുകളുടെ ഇടപെടലുകള്‍ മൂലം ഉന്നത സാമൂഹിക ചുറ്റുപാടില്‍ നിലനില്‍ക്കുന്ന ചില പ്രദേശങ്ങളുണ്ട്. കൊടുങ്ങല്ലൂര്‍ മഹല്ല് കമ്മിറ്റിയെ ഉദാഹരണമായി എടുക്കാം.
മഹല്ല് കമ്മിറ്റികളുടെ പുതുപ്രവര്‍ത്തന മേഖലകളെ പറ്റി പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍ അതെല്ലാം ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താറുണ്ടോ എന്ന കാര്യം സംശയമാണ്. മഹല്ലുകളുടെ പുതിയ മേഖലകള്‍ സംബന്ധിച്ച ചില ആലോചനകള്‍ പങ്കുവെക്കുന്നു.
മഹല്ല് കമ്മിറ്റികളില്‍ സ്ത്രീകളോ
കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് നെറ്റിചുളിയും. സ്ത്രീകളെ ഇനി മഹല്ല് കമ്മിറ്റികളില്‍ കൂടി കുത്തിത്തിരുകേണ്ട കാര്യമേയുള്ളൂ എന്ന് നീരസം പ്രകടിപ്പിക്കുന്നവരുണ്ടാകാം. പള്ളിക്കുള്ളില്‍, മഹല്ല് യോഗങ്ങളില്‍ അവരും കൂടി കേറി വരണം എന്നല്ല ഉദ്ദേശിക്കുന്നത്. സമൂഹത്തിന്റെ പാതിയെന്ന് അവകാശപ്പെടുന്ന സ്ത്രീകള്‍ക്ക് ചില പരിഗണനകള്‍ നല്‍കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. സ്വന്തം മക്കള്‍ പഠിക്കുന്ന വിഷയം ഏതാണെന്ന് പോലും അറിയാത്ത, ഒരു ബസിന്റെ ബോര്‍ഡ് പോലും വായിക്കാന്‍ അറിയാത്ത, വിശുദ്ധ ഖുര്‍ആന്‍ പോലും പാരായണം ചെയ്യാന്‍ അറിയാത്ത ഒരുപാട് വീട്ടമ്മമാര്‍ കമല സുരയ്യയുടെ 'കോലാട്' കണക്കേ ജീവിതം ജീവിച്ചുതീര്‍ത്ത് കടന്നുപോകുന്നു. പകലന്തിയോളം പണി, സമയത്തിന് നിസ്‌കരിക്കാന്‍ പോലുമാകാതെ മക്കളെയും ഭര്‍ത്താവിനെയും ഊട്ടിയുടുപ്പിക്കുന്നു. ഒരു പെണ്ണിന്റെ ബാധ്യതയില്‍ ഇക്കാര്യവും നിര്‍ബന്ധമായിട്ടുണ്ടാകും. എന്നും ഒരു വീട്ടുവേലക്കാരിയായി ജീവിച്ചുപോയാല്‍ മതിയോ പെണ്ണിന്? അതിനുമപ്പുറത്ത് കുറെ ബാധ്യതകളില്ലേ? അവരെ ആ ബാധ്യതകളില്‍നിന്ന് മുക്തരാക്കി വെറും അടുക്കളപ്പണിക്കാരിയുടെ റോളിലേക്ക് ചുരുക്കുന്നത് ആരാണ്?
അടിക്കടി പ്രസംഗങ്ങളും മറ്റും നടത്തി അന്തരീക്ഷ മലിനീകരണം നടത്തുന്നു എന്നതൊഴിച്ചാല്‍ തങ്ങള്‍ക്ക് വേറെ ബാധ്യതകള്‍ ഒന്നും തന്നെയില്ലെന്ന ഭാവത്തിലാണ് ചില പണ്ഡിതന്മാരും സംഘടനകളും. നിസ്‌കരിക്കാന്‍ അറിയാത്ത, ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയാത്ത സ്ത്രീകള്‍, ഇവര്‍ മരണപ്പെട്ടു പോയാല്‍ എല്ലാ അറിവും ഉണ്ടെന്നു നടിച്ചു ജീവിച്ച നമ്മുടെ സമൂഹം അല്ലാഹുവിന്റെയടുക്കല്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരില്ലേ?
മഹല്ല് കമ്മിറ്റികളില്‍ സ്ത്രീകള്‍ക്ക് കൂടി ഇടം നല്‍കിയാല്‍ അത് ഏറെ ഗുണകരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്ത്രീകള്‍ക്കാവശ്യമുള്ള നിരവധി പദ്ധതികള്‍ മഹല്ല് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇത് സഹായിക്കും.
രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്ന ആളുകള്‍ തന്നെയാവും മിക്ക സ്ഥലങ്ങളിലും മഹല്ലു കമ്മിറ്റികളുടെയും മേധാവികള്‍. പള്ളിയുമായി ബന്ധപ്പെട്ട മേഖലയാണെന്ന് കരുതി രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി മത പണ്ഡിതന്മാരെ മാത്രം മഹല്ല് ഭാരവാഹികള്‍ ആക്കുന്ന പതിവില്ല. വാര്‍ഡ് തലം മുതല്‍ പാര്‍ലമെന്റ് വരെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വീട്ടമ്മമാരെ സ്ഥാനാര്‍ഥിയാക്കാന്‍ മത്സരിക്കുന്ന ആളുകള്‍ക്ക് എന്തുകൊണ്ട് മഹല്ല് കമ്മിറ്റികളിലും സ്ത്രീകള്‍ക്ക് പരിഗണന കൊടുത്തുകൂടാ? രാഷ്ട്രീയ കാര്യങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും പാലിക്കാന്‍ കഴിയുന്നതിലേറെ ധാര്‍മിക മര്യാദ മഹല്ല് കമ്മിറ്റികള്‍ക്കുള്ളില്‍ പാലിക്കാനാകും.
മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ നോക്കാന്‍ ഉമര്‍(റ) നിശ്ചയിച്ച ശിഫ എന്ന മഹിളയെയും സ്വഹാബത്തിന്റെ കര്‍മശാസ്ത്ര സംശയങ്ങള്‍ വരെ നിവര്‍ത്തിച്ചു കൊടുത്ത ആഇശ ബീവിയെയും ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിനിര്‍ത്തിയാല്‍ പോരാ. അവരെപ്പോലുള്ള സ്ത്രീകള്‍ തന്നെയാണ് നമുക്കിടയിലും ഉള്ളത് എന്ന തിരിച്ചറിവ് വേണം.
വീടുകളുടെ കൂട്ടായ്മ
മഹല്ലുകളിലെ 25 വീടുകളെങ്കിലും ഉള്‍പ്പെടുത്തി ഓരോ ഗ്രൂപ്പ് ഉണ്ടാക്കുക. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറും വേണം. എഴുതാനും വായിക്കാനുമറിയാത്ത, ഖുര്‍ആന്‍ പാരായണമറിയാത്ത സ്ത്രീകളെ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഖുര്‍ആന്‍ ഓതാന്‍ അറിയില്ലെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയാല്‍ മോശമാണെന്ന് വിചാരിച്ച് ആര്‍ക്കും മാറിനില്‍ക്കാനാകാത്ത വിധമായിരിക്കണം ബോധവത്കരണം നടത്തേണ്ടത്. ഇവര്‍ക്ക് മദ്‌റസകളിലോ മറ്റോ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പരിശീലനത്തിന് സംവിധാനം ഏര്‍പ്പെടുത്തുക. അധ്യാപികയെ നിശ്ചയിക്കുകയാണ് നല്ലത്. മാലയും മൗലൂദും അറബി മലയാളത്തില്‍ ചൊല്ലാന്‍ അറിയാം. പക്ഷേ, പലര്‍ക്കും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കൂടാ എന്നത് ഒരു വസ്തുതയാണ്. ഇത്തരം ക്ലാസ്സുകളിലൂടെ മയ്യിത്ത് സംസ്‌കരണവും മയ്യിത്ത് നമസ്‌കാരവും സ്ത്രീകളെ പഠിപ്പിക്കേണ്ടതുണ്ട്. മയ്യിത്ത് കുളിപ്പിക്കാനറിയാവുന്ന സ്ത്രീകള്‍ തുലോം പരിമിതമാണ്.
മയ്യിത്ത് നമസ്‌കാരത്തിന്റെ കാര്യത്തിലും ചില മഹല്ലുകളില്‍ സ്ത്രീകള്‍ പിന്നിലാണ്. ഹദീസുകളിലൊക്കെ വ്യക്തമായ തെളിവുകളുണ്ടായിട്ടും (ആഇശ ബീവി (റ) അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)നു വേണ്ടി മയ്യിത്ത് നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കിയ സംഭവം ഉദാഹരണം) പല സ്ത്രീകളും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നില്ല. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല സല്‍കര്‍മങ്ങളില്‍ ഒന്നാണ് മയ്യിത്ത് നമസ്‌കാരം. ഭാര്യയുടെ പ്രാര്‍ഥന തനിക്ക് വേണ്ടി ലഭിക്കാന്‍ കൊതിക്കാത്ത ഏതെങ്കിലും ഭര്‍ത്താവുണ്ടാകുമോ? ഒരുമ്മയുടെ പ്രാര്‍ഥനയേക്കാള്‍ വലിയ എന്തു ഭാഗ്യമാണ് മക്കള്‍ക്ക് ലഭിക്കാനുള്ളത്? എന്നാല്‍, അന്ത്യകര്‍മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മയ്യിത്ത് നമസ്‌കാരം പോലും പല സ്ത്രീകളും നിര്‍വഹിക്കുന്നില്ല. സമയമാവുമ്പോള്‍ മയ്യിത്ത് പള്ളിയിലേക്ക് എടുത്തുകൊണ്ടുപോകുകയാണ് പതിവ്. മയ്യിത്ത് നമസ്‌കാരം എല്ലാവരെയും പഠിപ്പിക്കാനും എല്ലാവരും മയ്യിത്ത് നമസ്‌കരിക്കാനും മഹല്ലിലെ പണ്ഡിതന്മാര്‍ ഇത്തരം ക്ലാസ്സുകളിലൂടെ ഉദ്‌ബോധിപ്പിക്കേണ്ടതാണ്.
പണ വിനിയോഗം
പ്രവാസികളാണ് മഹല്ലുകളില്‍ വലിയൊരു വിഭാഗം. വീട് ഭാര്യ ഒറ്റക്ക് ഭരിക്കേണ്ട അവസ്ഥ. മാസം തോറും പണമയച്ചു കൊടുക്കുക എന്നതൊഴിച്ചാല്‍ ഭര്‍ത്താവിന് വേറെ ഒന്നും ചെയ്യാനാകുന്നില്ല. പണം ചെലവഴിക്കുന്നിടത്ത് ഭാര്യ ഒന്ന് മനസ്സ് വെച്ചാല്‍ ഭര്‍ത്താവിന്റെ ഭാരം അല്‍പം ലഘൂകരിക്കാന്‍ കഴിയും. നിമിഷം തോറും വന്നുവീഴുന്ന പരസ്യങ്ങള്‍ ഓരോ സ്ത്രീയെയും ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമാക്കുകയാണ്. അടുക്കള കൊട്ടാരമാക്കാന്‍ വേണ്ടി കടക്കാരാകുന്ന അവസ്ഥ! പരസ്യ മാര്‍ക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്നത് വീട്ടമ്മമാരെയാണ് എന്നത് പകല്‍ പോലെ സത്യമാണ്. ഇതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള ശക്തമായ ബോധവത്കരണവും ചെറിയ സമ്പാദ്യ പദ്ധതികളുടെ ആവിഷ്‌കാരവുമാണ് മഹല്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. അനാവശ്യ ചെലവുകളും ധൂര്‍ത്തുകളും ഒഴിവാക്കുന്നതിന് ബോധവത്കരണം അനിവാര്യമാണ്. കുടുംബശ്രീ പോലുള്ള അയല്‍കൂട്ട പദ്ധതികള്‍ വന്‍ വിജയമായി മുന്നോട്ടു പോവാനുള്ള കാരണം ഇത്തരം സമ്പാദ്യ ശീലം ആഗ്രഹിക്കുന്ന വീട്ടമ്മമാരുടെ സാന്നിധ്യമാണ്. ഈ ഗ്രൂപ്പുകള്‍ വഴി വീട്ടമ്മമാര്‍ക്കിടയില്‍ അയല്‍കൂട്ടങ്ങള്‍ സ്വന്തം നിലക്ക് വിശ്വസ്ഥതകളായ സ്ത്രീകളെ ഭാരവാഹികളാക്കി തുടങ്ങാന്‍ മഹല്ലുകള്‍ മനസ്സ് വെച്ചാല്‍ സാധിക്കും. ഉള്ള പൈസയൊക്കെ ചിട്ടികളും ഇന്‍ഷൂറന്‍സുകളുമൊക്കെയായി ഹറാമായ മാര്‍ഗത്തില്‍ നിക്ഷേപിക്കുന്നവര്‍ ധാരാളമുണ്ട്. നിസ്സാര ആവശ്യങ്ങള്‍ക്ക് പോലും സ്വര്‍ണവും മറ്റും പണയപ്പെടുത്തി പലിശ തിന്നാന്‍ ഇടവരുത്തുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അയല്‍കൂട്ടങ്ങള്‍ വഴി വായ്പകള്‍ കൊടുത്ത് അവരെ സഹായിക്കാനും ഇത് നല്ല മാര്‍ഗമാണ്. അതുവഴി ചെറിയ ചെറിയ ബിസിനസുകള്‍ സ്വന്തമായി തുടങ്ങാന്‍ വീട്ടമ്മമാരെ സഹായിക്കാം. ഇത്തരം അയല്‍കൂട്ടങ്ങള്‍ വഴി ഇടഞ്ഞുനില്‍ക്കുന്ന അയല്‍പക്ക ബന്ധങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കൂടി കഴിയും. പരസ്പര സേവനത്തിന്റെയും സഹായത്തിന്റെയും മനസ്സ് രൂപപ്പെടുത്താനും ഇത് സഹായകമാണ്.
അടുക്കളത്തോട്ടം
വീട്ടുമുറ്റത്ത് അടുക്കളത്തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ മഹല്ല് വഴിയും ഇത്തരം ഗ്രൂപ്പുകള്‍ വഴിയും വീട്ടമ്മമാരെ പ്രേരിപ്പിക്കണം. ഏറ്റവും നല്ല തോട്ടത്തിന് സമ്മാനങ്ങളും മറ്റും നല്‍കി ഇതിനെ കൂടുതല്‍ സജീവമാക്കാന്‍ കഴിയണം. അല്ലെങ്കില്‍ ഓരോ ഗ്രൂപ്പും വെവ്വേറെ കൃഷികള്‍ നടത്തി ഏറ്റവും നല്ല ഗ്രൂപ്പിനെ തെരഞ്ഞെടുക്കാം.
വീട്ടു ജോലിയും പിന്നെ സീരിയലുകളും മാത്രമായി കഴിയുന്ന സ്ത്രീകളുടെ മനസ്സും ചിന്തയും പ്രകാശപൂരിതമാക്കാന്‍ മഹല്ലുകള്‍ക്ക് കഴിയും.
ഓരോരുത്തരും നന്നാകേണ്ടത് സ്വന്തം വീട്ടില്‍ വെച്ചു തന്നെയാണ്. മുസ്‌ലിം സാമൂഹിക ക്രമത്തില്‍ മഹല്ലും വീടായി പരിഗണിക്കാം. ആ മഹല്ലുകളില്‍നിന്ന് തന്നെയാകണം മാറ്റം തുടങ്ങേണ്ടത്. ഓരോ മഹല്ലും മാറിക്കഴിഞ്ഞാല്‍ നാട് ഏറെ മാറും. അത് സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും അതിലേറെ നന്മയുടെയും മാറ്റമായിരിക്കും. ആ നന്മയുടെ കൈത്തിരി തെളിക്കാനാണ് കാലം ആവശ്യപ്പെടുന്നത്. അതില്‍നിന്ന് മാറി നില്‍ക്കുന്നവരെ കാലം കുറ്റക്കാരെന്ന് വിളിക്കുക തന്നെ ചെയ്യും.
Comments