എങ്ങുമെത്താത്ത ഭീകരവിരുദ്ധ യുദ്ധം
യു.എന്‍ ജനറല്‍ അസംബ്ലിയുടെ 69-ാം സമ്മേളനമാണ് കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്നത്. സെപ്റ്റംബര്‍ 30-നായിരുന്നു പൊതു ചര്‍ച്ചയുടെ സമാപനം. പതിവുപോലെ പ്രമുഖ ലോക രാഷ്ട്രങ്ങളുടെ സാരഥികളെല്ലാം ഇക്കുറിയും ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ മുഖ്യമെന്ന് കരുതുന്ന വിഷയങ്ങള്‍ ഓരോരുത്തരും സഭയിലുന്നയിച്ചു.കാഴ്ചപ്പാടുകളവതരിപ്പിച്ചു. നിലപാടുകള്‍ വ്യക്തമാക്കി. അജണ്ടകള്‍ മുന്നോട്ടുവെച്ചു. മൊത്തത്തില്‍ നോക്കുമ്പോള്‍ കുറെ വര്‍ഷങ്ങളായി ലോക ശ്രദ്ധയുടെ കേന്ദ്ര ബിന്ദുവായി വര്‍ത്തിക്കുന്നത് ഒരേ വിഷയം തന്നെയാണ്; ഭീകരത. യു.എന്‍ ജനറല്‍ അസംബ്ലിയുടെയും ശ്രദ്ധാ കേന്ദ്രം അതുതന്നെ. ഭീകരത ഇപ്പോള്‍ പ്രാദേശിക തലങ്ങളില്‍ നിന്ന് ആഗോളതലത്തിലേക്ക് വ്യാപിച്ചതില്‍ ഉത്കണ്ഠാകുലരാണ് പലരും.
ലോകത്ത് ഒരു രാജ്യവും ഭീകരതാ പ്രവണതയില്‍ നിന്ന് മുക്തമല്ല. പൗരസ്ത്യ ലോകത്തും പാശ്ചാത്യ ലോകത്തും അത് ഇടം കണ്ടെത്തിയിരിക്കുന്നു. ഭീകരരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യത്തില്‍ എല്ലാ സമൂഹങ്ങളും അസ്വസ്ഥരും ഭീതരുമാണ്. എല്ലാ സമൂഹങ്ങളിലും തീവ്രവാദികള്‍ ചുവടുറപ്പിക്കുന്നുവെന്നതും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലായിടത്തും അത് സക്രയമാകുന്നു എന്നതും മാത്രമല്ല ഭയാശങ്കകള്‍ക്കാധാരം. എല്ലാ പ്രതിരോധങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് നാള്‍ക്കുനാള്‍ അത് വികസിക്കുന്നുവെന്നതാണ് കൂടുതല്‍ ഭയാനകം. കഴിഞ്ഞ കാലങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ഒറ്റപ്പെട്ടതും യാദൃഛികവുമായിരുന്നു. ഇന്നാവട്ടെ, ദിനേന വിവിധ രാജ്യങ്ങളില്‍ നിന്നായി അനേകം ഭീകരാക്രമണ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാലം ചെല്ലുംതോറും ഭീകര പ്രവര്‍ത്തനം സംഘടിതവും വ്യവസ്ഥാപിതവും ആസൂത്രിതവുമായി വരുന്നു എന്നതും ലോകത്തിന്റെ ഉത്കണ്ഠക്ക് ആക്കം കൂട്ടുന്നു. മിക്ക ഭീകര സംഘങ്ങളുടെയും കൈവശം അത്യാധുനിക ആയുധങ്ങളും അതുപയോഗിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവുമുണ്ട്. എല്ലാ സര്‍ക്കാറുകള്‍ക്കും, നിയമവിധേയമായ സ്ഥാപനങ്ങള്‍ക്കും അസ്പൃശ്യരായ ഭീകര പ്രവര്‍ത്തകര്‍ ഇതൊക്കെ എങ്ങനെ സംഘടിപ്പിക്കുന്നു?
യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ ഈ പ്രശ്‌നം ഉയര്‍ന്നുവരികയുണ്ടായെങ്കിലും വിശദമായ ചര്‍ച്ച നടക്കുകയോ വ്യക്തമായ കണ്ടെത്തലുകളിലെത്തുകയോ ഉണ്ടായില്ല.വിഷയം ഗൗരവമേറിയതായിട്ടും ചര്‍ച്ച നയിക്കുന്ന ശക്തികള്‍ അതില്‍ കാര്യമായ താല്‍പര്യം കാണിച്ചില്ല. ഭീകരതക്ക് കൃത്യമായ നിര്‍വചനം നല്‍കുന്ന കാര്യം ആരും ഉന്നയിച്ചതേയില്ല. ഉത്തരവാദപ്പെട്ടവര്‍ മൗനത്തിലൊളിപ്പിച്ച മറ്റൊരു വിഷയം ചിലയാളുകള്‍ തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും എടുത്തു ചാടുന്നതിനു പിന്നിലുള്ള യഥാര്‍ഥ കാരണമെന്ത്, അതിനു പ്രേരകമാകുന്ന സാഹചര്യമെന്ത് എന്നതാണ്. മൗനത്തിന്റെ ഇത്തരം ഗുഹകള്‍ക്കുള്ളില്‍ വിഷസര്‍പ്പങ്ങള്‍ ഒളിച്ചിരിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭീകര പ്രസ്ഥാനങ്ങള്‍ കണിശമായി തിരിച്ചറിയപ്പെടുകയോ അവയുടെ ഉത്ഭവ കാരണങ്ങളും പ്രചോദന കേന്ദ്രങ്ങളും വിഭവ സ്രോതസ്സുകളും മനസ്സിലാക്കപ്പെടുകയോ ചെയ്യാതെയാണ് ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഭീകരവിരുദ്ധ യുദ്ധം പൊടിപാറുന്നത്. അമേരിക്കയും ബ്രിട്ടനും ഇതര സര്‍ക്കാറുകളും ഭീകരതാ നിര്‍മാര്‍ജനാര്‍ഥം നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. കുറച്ചു ഭീകര പ്രവര്‍ത്തകരെയും അവരെക്കാള്‍ എത്രയോ ഇരട്ടി നിരപരാധികളെയും കൊന്നൊടുക്കാന്‍ മാത്രമാണവര്‍ക്ക് സാധിച്ചിട്ടുള്ളത്. ഓരോ ദിവസവും പുതിയ പുതിയ ഭീകര ഗ്രൂപ്പുകള്‍ രംഗപ്രവേശം ചെയ്യുന്നതാണ് നാം കാണുന്നത്. അവര്‍ക്കാവശ്യമുള്ള ആയുധങ്ങളും സൈനിക പരിശീലനവും അനായാസം ലഭിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ശക്തിയും സ്വാധീനവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. സര്‍ക്കാറുകള്‍ക്കും വലിയ വലിയ രാജ്യങ്ങള്‍ക്കും വരെ വമ്പിച്ച ഭീഷണിയുയര്‍ത്തുന്നു. മാരകമായ ഈ പ്രതിഭാസം നിര്‍മാര്‍ജനം ചെയ്യപ്പെട്ടേ തീരൂ എന്ന കാര്യത്തില്‍ ലോകം ഒറ്റക്കെട്ടാണ്. അമേരിക്കയും ബ്രിട്ടനും ഇതിനകം ഭീകരരുടെ പട്ടികയില്‍ ചേര്‍ത്ത് നിയമവിരുദ്ധമാക്കിയ സംഘടനകള്‍ക്ക് കണക്കില്ല. ദിനേന ആ പട്ടികയില്‍ പുതിയ പുതിയ പേരുകള്‍ സ്ഥാനം പിടിക്കുന്നു. എല്ലാവരും അവരെ അസ്പൃശ്യരായി അകറ്റി ഒറ്റപ്പെടുത്തണം. അങ്ങനെ ചെയ്യാത്തവര്‍ ലോകത്തിന്റെ അഥവാ അമേരിക്കയുടെ ശത്രുക്കളാകുന്നു. ഇതൊക്കെയായിട്ടും തീവ്രവാദത്തിനും ഭീകര പ്രവര്‍ത്തനത്തിനും ശമനമില്ല. എന്താണ് കാരണം?
വന്‍ ശക്തികള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി സൃഷ്ടിക്കുകയും പോറ്റിവളര്‍ത്തുകയും ചെയ്ത സേവകരാണ് ഭീകര സംഘങ്ങള്‍ എന്ന് ഒരു വാദമുണ്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ ഈ സേവകര്‍ യജമാനന്മാര്‍ക്കെതിരെ തന്നെ തിരിയുകയാണ്. ഈ വാദത്തിന്റെ സത്യാവസ്ഥ നമുക്കറിഞ്ഞു കൂടാ. എന്നാല്‍ നിഷേധിക്കാനാവാത്ത ഒരു വസ്തുതയുണ്ട്. തീവ്രവാദവും ഭീകരതയും ജന്മമെടുത്ത നാടുകളില്‍ അതിനനുകൂലമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചതില്‍ മുഖ്യ പങ്കുള്ളത് ഇന്നത്തെ 'ഭീകരവിരുദ്ധ' യുദ്ധക്കാര്‍ക്കാണ്. ഈ ശക്തികളില്‍ നിന്നുതന്നെയാണവര്‍ മികച്ച ആയുധങ്ങളും അതുപയോഗിക്കാനുള്ള വൈദഗ്ധ്യവും നേടുന്നത്. ഈ പരിതസ്ഥിതിയില്‍ ലോകത്തു നിന്ന് തീവ്രവാദവും ഭീകര പ്രവര്‍ത്തനവും നിര്‍മാര്‍ജനം ചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാമോ? ഇപ്പോഴത്തെ ഭീകരതാ വിരുദ്ധ യുദ്ധത്തിനു പിറകില്‍ കൂടുതല്‍ ഭീകരമായ ചില ലക്ഷ്യങ്ങളാണ് വന്‍ ശക്തികള്‍ക്കുള്ളതെന്ന നിരീക്ഷണവും പ്രസക്തമാകുന്നു.
Comments