Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 24

വിവാഹധൂര്‍ത്തിനെതിരെ മുസ്‌ലിംസംഘടനാ <br>കൂട്ടായ്മയുടെ പതിനഞ്ച് നിര്‍ദേശങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് /ലേഖനം

         കേരളത്തിലെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ അഞ്ചു വീതം നേതാക്കള്‍ കോഴിക്കോട് ഒരുമിച്ച് ചേര്‍ന്ന്, വിവാഹാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ധൂര്‍ത്തിനും ആര്‍ഭാടത്തിനും അത്യാചാരങ്ങള്‍ക്കും മറ്റു അനാശാസ്യ പ്രവണതകള്‍ക്കുമെതിരെ കൂട്ടായ ശ്രമങ്ങള്‍ നടത്താന്‍ തീരുമാനമെടുക്കുകയുണ്ടായി. മുസ്‌ലിം ലീഗ്, ഇ.കെ-എ.പി സുന്നി വിഭാഗങ്ങള്‍, രണ്ടു വിഭാഗം മുജാഹിദുകള്‍, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എം.എസ്.എസ്, തബ്‌ലീഗ് ജമാഅത്ത് എന്നീ സംഘടനകളുടെ പ്രമുഖ നേതാക്കള്‍ ഈ കൂട്ടായ്മയില്‍ പങ്കാളികളായി.
ഇസ്‌ലാമികവിരുദ്ധവും സമുദായത്തിന് അപമാനകരവുമായ നിരവധി അത്യാചാരങ്ങള്‍ വിവാഹാഘോഷങ്ങളില്‍ വന്നുചേര്‍ന്നിട്ടുണ്ടെന്നും അനിവാര്യമായും അവക്ക് അറുതിവരുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാ നേതാക്കള്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. സമുദായത്തിലെ എല്ലാ അംഗങ്ങളുടെയും ശ്രദ്ധയില്‍ പെടുത്തേണ്ട പൊതു നിര്‍ദേശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കരട് രേഖക്ക് രൂപം നല്‍കുകയും ചെയ്തു. അതിന് അന്തിമ രൂപം നല്‍കാന്‍ മുസ്‌ലിം സംഘടനകളുടെ ഏകോപനസമിതിയെ ചുമതലപ്പെടുത്തി. അതനുസരിച്ച് ഒക്‌ടോബര്‍ ഒന്നിന് ബന്ധപ്പെട്ടവര്‍ ഒരുമിച്ചുകൂടി പതിനഞ്ച് നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കി. അവ ആവശ്യമായ വിശദീകരണങ്ങളോടെ മഹല്ലുകള്‍ വഴി ജനങ്ങളിലെത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതില്‍ ഒന്നാമത്തേത് പൊതു നിര്‍ദേശമാണ്. 'ദീനിന്റെ പാതി'യെന്നും മൂന്നില്‍ രണ്ടെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട പാവനമായ പുണ്യകര്‍മമാണ് വിവാഹം. അതും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങളും മര്യാദകളും മൂല്യങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം നടത്തപ്പെടുന്നത്.
ഇസ്‌ലാം ധൂര്‍ത്തിനെയും ദുര്‍വ്യയത്തെയും ആര്‍ഭാടത്തെയും ആഡംബരത്തെയും അതിശക്തമായി എതിര്‍ക്കുന്നു. അല്ലാഹുവിന്റെ അനുസരണയുള്ള അടിമകള്‍ മധ്യമ മാര്‍ഗം സ്വീകരിക്കുന്നവരാണെന്ന് ഖുര്‍ആന്‍ ഊന്നിപ്പറയുന്നു (25:67). ധൂര്‍ത്തടിക്കുന്നവര്‍ പിശാചുക്കളുടെ സഹോദരന്മാരാണെന്നും അത് തറപ്പിച്ചു പറയുന്നു (17:27). എന്നാലിന്ന് പല വിവാഹങ്ങളും ലക്ഷങ്ങളും കോടികളും ധൂര്‍ത്തടിച്ച് പാഴാക്കുന്നവയാണ്. ഈ അവസ്ഥയെയാണ് രണ്ടാമത്തെ നിര്‍ദേശം അഭിമുഖീകരിക്കുന്നത്. ''ഇസ്‌ലാമിന്റെ മൗലിക പ്രകൃതമായ ലാളിത്യവും മാന്യതയും പരിരക്ഷിക്കപ്പെട്ടുകൊണ്ടായിരിക്കണം വിവാഹവും വിവാഹാഘോഷങ്ങളും.''
പൊങ്ങച്ചത്തിന്റെ നേരിയ അംശം പോലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതിനാലാണ് നടത്തം പോലും മാന്യവും വിനയാന്വിതവും പൊങ്ങച്ചത്തിന്റെ അംശലേശമില്ലാത്തതുമാകണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചത് (25:63,17:37, 31:18-19). പക്ഷേ പലരുമിന്ന് വിവാഹാഘോഷം പൊങ്ങച്ച പ്രകടനത്തിനുള്ള അവസരമാക്കുകയാണ്. പങ്കെടുക്കുന്നവരുടെ എണ്ണവും പദവിയും വിഭവങ്ങളുടെ വൈവിധ്യവും ആഘോഷങ്ങളുടെ കൊഴുപ്പും പറഞ്ഞ് മേനിനടിക്കുന്നവര്‍ പോലുമുണ്ട്. അതിനാല്‍ മൂന്നാമത്തെ നിര്‍ദേശം ഈ പ്രവണതക്ക് പൂര്‍ണമായും വിരാമമിടാനുദ്ദേശിച്ചുള്ളതാണ്. ''വിവാഹാഘോഷം പണവും പദവിയും പ്രൗഢിയും പ്രകടിപ്പിക്കാനുള്ള പൊങ്ങച്ച വേദികളാകാതിരിക്കാന്‍ കണിശത പുലര്‍ത്തണം.''
അതിഥികളെ ആദരിക്കണമെന്ന് പ്രവാചകന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസവുമായാണ് അതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആയിരങ്ങളെ ക്ഷണിച്ചുവരുത്തുന്നവര്‍ക്ക് അവരെ ആദരിക്കാനെന്നല്ല, മാന്യമായി സ്വീകരിക്കാന്‍ പോലും സാധിക്കുകയില്ല. ഈ സാഹചര്യമൊഴിവാക്കണമെന്ന് നാലാമത്തെ നിര്‍ദേശം നിഷ്‌കര്‍ഷിക്കുന്നു. ''ക്ഷണിക്കപ്പെടുന്നവരുടെ എണ്ണം കുടുംബനാഥന് മാന്യമായി സ്വീകരിക്കാനും സല്‍ക്കരിക്കാനും സാധിക്കുന്നതില്‍ പരിമിതപ്പെടുത്തുക.''
ഖുര്‍ആന്‍ ആഹാരത്തെക്കുറിച്ച് പറയവെ തിന്നുന്നതിലും കുടിക്കുന്നതിലും അതിരുകവിയരുതെന്ന് കര്‍ശനമായി ആവശ്യപ്പെടുന്നു (7:31). എന്നാലിന്ന് വിവാഹം കേമമാകുന്നത് വിഭവവൈവിധ്യങ്ങളുടെ ആധിക്യത്താലാണെന്ന ധാരണ പരന്നിരിക്കുന്നു. അതും പൊങ്ങച്ചത്തിനു വേണ്ടിയുള്ളതായിത്തീര്‍ന്നിരിക്കുന്നു. അഞ്ചാമത്തെ നിര്‍ദേശം ഇതു സംബന്ധമായാണ്. ''വിവാഹാഘോഷങ്ങളിലെ വിഭവം അത്യാവശ്യത്തിലൊതുക്കുക. ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കുമ്പോള്‍ ധൂര്‍ത്ത് സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.''
പല പ്രദേശങ്ങളിലും വിവാഹത്തിന്റെ തലേ രാത്രി ഒട്ടേറെ അനിസ്‌ലാമിക കൃത്യങ്ങള്‍ നടന്നുവരുന്നു. മൈലാഞ്ചിക്കല്യാണത്തിന്റെയും മറ്റും പേരിലാണിത് സംഭവിക്കാറുള്ളത്. ഗൃഹനാഥന്മാര്‍ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അറുവഷളത്തരങ്ങളും അരാജകത്വ വൃത്തികളും കണ്ടുവരുന്നു. ഇതിനെതിരെയാണ് ആറാമത്തെ നിര്‍ദേശം. ''വിവാഹത്തിന്റെ തലേ രാത്രി അനിസ്‌ലാമികവും അധാര്‍മികവുമായ ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.''
ആഭരണം സ്ത്രീക്ക് അലങ്കാരമാണ്. സൗന്ദര്യ വര്‍ധനവിനുള്ളതാണ്. അതാസ്വദിക്കാന്‍ അനുവാദമുള്ളത് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമാണ്. അതിനാല്‍ വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ആഭരണങ്ങളേ ആവശ്യമുള്ളൂ. എന്നാലിന്ന് ആഭരണവും പൊങ്ങച്ച പ്രകടനത്തിനായി തീര്‍ന്നിരിക്കുന്നു. സ്ത്രീയെ ആഭാസകരമാംവിധം ആഭരണത്തില്‍ കുളിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. അതിനാലാണ് മുസ്‌ലിംകള്‍ ധാരാളമുള്ളിടങ്ങളില്‍ ആഹാരക്കടകളെക്കാള്‍ ആഭരണക്കടകള്‍ കൂടുതലുണ്ടാവുന്നത്. ആഭരണഭ്രമത്തിനെതിരെയുള്ള ബോധവത്കരണമാണ് ഏഴാമത്തെ നിര്‍ദേശം. ''ആഭരണം അത്യാവശ്യമായവയില്‍ പരിമിതപ്പെടുത്തുക.''
വധൂവരന്മാര്‍ വിവാഹവേളയില്‍ മാത്രം ധരിക്കുന്ന വസ്ത്രങ്ങള്‍ ലക്ഷങ്ങള്‍ നല്‍കിയാണ് പലപ്പോഴും വാങ്ങിയിട്ടുണ്ടാവുക. ഇത് ധൂര്‍ത്തും ദുര്‍വ്യയവുമാണ്. ഏറെ നിഷിദ്ധമായ പൊങ്ങച്ച പ്രകടനവും. ഇതിനെ എട്ടാമത്തെ നിര്‍ദേശം അഭിസംബോധന ചെയ്യുന്നു. ''വധൂവരന്മാര്‍ക്കുള്ള വസ്ത്രം പിന്നീട് ഉപയോഗിക്കാന്‍ സാധിക്കുന്നവയായിരിക്കുക. പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ളതല്ല വസ്ത്രം എന്ന ബോധം ഉള്‍ക്കൊള്ളുക.''
'അല്‍പന് അര്‍ഥം ലഭിച്ചാല്‍ അര്‍ധരാത്രിയും കുടപിടിക്കു'മെന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുന്ന നാണം കെട്ട നടപടിക്കെതിരെയാണ് ഒമ്പതാമത്തെ നിര്‍ദേശം. ''ജെ.സി.ബി, കുതിര, കാളവണ്ടി തുടങ്ങിയവയിലൊക്കെ വരനെ എഴുന്നള്ളിക്കുന്ന ആഭാസത്തരം അവസാനിപ്പിക്കുക. വരനെ ആഭാസകരമായ വസ്ത്രം ധരിപ്പിക്കാതെ മാന്യമായ വസ്ത്രം മാത്രം ധരിപ്പിക്കുക.''
വ്യക്തമായ നിഷിദ്ധ കൃത്യങ്ങള്‍ക്കെതിരെയുള്ള ആഹ്വാനമാണ് പത്താമത്തെ നിര്‍ദേശം. ''കരിമരുന്ന് പ്രയോഗം, അശ്ലീല ഗാനങ്ങള്‍, തെറിപ്പാട്ടുകള്‍ തുടങ്ങിയവ വിവാഹാഘോഷവേളകളിലും വരന്റെ വരവിനോടനുബന്ധിച്ചും മറ്റു സന്ദര്‍ഭങ്ങളിലും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.''
വരന്റെ കൂടെ വരുന്നവരും കൂട്ടുകാരും കാട്ടിക്കൂട്ടുന്ന ക്രൂരതകളും ഹീനവൃത്തികളും ഇത്തിരിയെങ്കിലും മാന്യതയുള്ളവര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. വരനെ അപമാനിക്കാനും വധുവീട്ടുകാരില്‍ നിന്ന് പണം പിടുങ്ങാനുമായി പല തോന്നിയവാസങ്ങളും ചെയ്തുകൂട്ടുന്നു. ഈ വഷളത്തത്തിന് അറുതിവരുത്താനുള്ളതാണ് പതിനൊന്നാമത്തെ നിര്‍ദേശം. ''വരനെയും വധൂവീട്ടുകാരെയും ബന്ദികളാക്കി പണം പറ്റുകയും ബന്ധുക്കളെ അപമാനിക്കുകയും ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുക.''
വിവാഹനിശ്ചയം നടന്നാലും നികാഹ് നടക്കുന്നതുവരെ പ്രതിശ്രുത വധൂവരന്മാര്‍ തീര്‍ത്തും അന്യരാണ്. അവര്‍ക്കിടയിലുള്ള ഏതൊരു ബന്ധവും സ്ത്രീ-പുരുഷ ഇടപഴകലിന് ഇസ്‌ലാം നിശ്ചയിച്ച നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം. എന്നാലിന്ന് മൊബൈല്‍ കൈമാറലില്‍ നിന്നാരംഭിച്ച് ഒരുമിച്ചുള്ള യാത്രയും മറ്റുമൊക്കെ നടത്തുക പതിവാണ്. ഈ നിഷിദ്ധ കൃത്യത്തിനെതിരെയാണ് പന്ത്രണ്ടാമത്തെ നിര്‍ദേശം. ''വിവാഹ നിശ്ചയമോ തീരുമാനമോ നടന്നാലും നിക്കാഹിനു മുമ്പ്  പ്രതിശ്രുത വധൂവരന്മാര്‍ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കുക.''
അനുയായികള്‍ നേതാക്കളെയാണ് അനുകരിക്കുക. സാധാരണക്കാര്‍ മതപണ്ഡിതന്മാരെയും പാവങ്ങള്‍ പണക്കാരെയും പിന്തുടരുന്നു. അതിനാല്‍ സമൂഹത്തില്‍ മാറ്റമുണ്ടാകണമെങ്കില്‍ നേതാക്കളും പണ്ഡിതന്മാരും പണക്കാരും മാതൃക കാണിക്കണം. ഇന്ന് ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ചവും അത്യാചാരങ്ങളും കൂടുതലായും ഉണ്ടാകുന്നത് അത്തരക്കാരില്‍ നിന്നാണ്. അതുകൊണ്ടുതന്നെ പതിമൂന്നാമത്തെ നിര്‍ദേശം ഈ തിന്മക്ക് അറുതിവരുത്തി അവര്‍ ജനത്തിന് മാതൃകയാകണമെന്ന് അനുശാസിക്കുന്നു. ''സമുദായ നേതാക്കളും മതപണ്ഡിതന്മാരും ലളിത വിവാഹത്തിന് മാതൃക കാണിക്കുകയും സമ്പന്നരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക. ഇവര്‍ പങ്കെടുക്കുന്ന വിവാഹം ലളിതമാണെന്ന് ഉറപ്പ് വരുത്തുക. ക്ഷണിക്കാന്‍ വരുന്ന വേളയില്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുക.''
പതിനാലാമത്തെ നിര്‍ദേശം വിവാഹാഘോഷങ്ങള്‍ ലളിതവും മാതൃകാപരവുമാക്കാന്‍ ജുമുഅ ഖുത്വ്ബകളും മറ്റു ഉല്‍ബോധനങ്ങളും ഉപയോഗപ്പെടുത്തണമെന്നതാണ്. മഹല്ലുകള്‍ തങ്ങളുടെ പ്രവര്‍ത്തന വൃത്തത്തിലുള്ള വിവാഹാഘോഷങ്ങളില്‍ ധൂര്‍ത്തും അനിസ്‌ലാമികതയും അത്യാചാരങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉണര്‍ത്തുന്നു.
പതിനഞ്ചാമത്തെ നിര്‍ദേശം മഹല്ല് കമ്മിറ്റികള്‍ക്കും ഖാദി-ഖത്വീബുമാര്‍ക്കുമുള്ളതാണ്. ''മഹല്ലുകളില്‍ യുവതി-യുവാക്കള്‍ക്ക് പ്രീ മാരിറ്റല്‍-പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ് സംഘടിപ്പിക്കുക. മതപരമായ ബോധവത്കരണത്തിന് സംവിധാനമേര്‍പ്പെടുത്തുക. വിവാഹമോചനം, ദമ്പതികള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് രമ്യത ഉണ്ടാക്കാനും മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 28-30
എ.വൈ.ആര്‍