ചരിത്രത്തിന്റെ എതിര്‍ദിശയില്‍ നീങ്ങുന്ന അറബ് ലോകം
നിലവിലുള്ള അറബ് ലോകത്തെ പല കോണുകളിലൂടെ കണ്ട് നോക്കൂ. ചരിത്രത്തിന്റെ എതിര്‍ ദിശയിലേക്കാണ് അതിന്റെ സഞ്ചാരം എന്ന് കണ്ടെത്താം. ഇപ്പോഴുമത് കഴിഞ്ഞ നൂറ്റാണ്ടിലെ പലതരം സംഘട്ടനങ്ങളുടെ തടവുകാരനുമാണ്. യമനില്‍ നിന്ന് ലിബിയ കടന്ന് ഇറാഖിലും സിറിയയിലുമെത്തിയാല്‍ അറബ് ലോകം എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം നിങ്ങള്‍ക്ക് മനസ്സിലാകും. കൂടുതല്‍ സാക്ഷ്യങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അവ ഈജിപ്ത്, അള്‍ജീരിയ, സുഡാന്‍, ലബ്‌നാന്‍ എന്നിവിടങ്ങളില്‍നിന്ന് യഥേഷ്ടം കണ്ടെടുക്കാവുന്നതേയുള്ളൂ. രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും അറബ് ലോകം പുതിയൊരു ഭൂപട നിര്‍മിതിക്ക് മുമ്പിലാണെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ശീതയുദ്ധം അറബ് മണ്ണില്‍ പുനര്‍ജനിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. വിശദീകരിക്കാം.
ഒന്നാം ലോകയുദ്ധത്തിനു ശേഷം ബ്രിട്ടനും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ രഹസ്യധാരണ (സൈക്‌സ്-പീകോ ധാരണ)യുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ മധ്യപൗരസ്ത്യ ദേശ രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ വരച്ചിരിക്കുന്നത്. അത് എക്കാലത്തും നിലനില്‍ക്കുന്ന ഒന്നാണെന്ന് നമുക്കാര്‍ക്കും വിശ്വാസമില്ല. ഇപ്പോള്‍ തന്നെ ഇറാഖിലും സിറിയയിലും 'ഇസ്‌ലാമിക് സ്റ്റേറ്റ്' (ദാഇശ്) അത് മാറ്റിവരക്കാന്‍ തുടങ്ങിയിരിക്കുന്നു. ലിബിയയും യമനും ശിഥിലീകരിക്കപ്പെട്ട് പുതിയ അതിര്‍ത്തികള്‍ രൂപപ്പെടുന്നതും നാം കാണുന്നു. കുര്‍ദിസ്താന്‍ രാഷ്ട്രത്തിന് വേണ്ടിയുള്ള മുറവിളി വേറൊരു അപായ സൂചനയായി എടുക്കാം. തുര്‍ക്കി, ഇറാഖ്, സിറിയ, ഇറാന്‍ എന്നീ നാല് രാഷ്ട്രങ്ങളില്‍ ചിതറിക്കിടക്കുകയാണല്ലോ കുര്‍ദുകള്‍. സുഡാനില്‍ നിന്ന് തെക്കന്‍ സുഡാന്‍ നേരത്തെ വേര്‍പെട്ടുകഴിഞ്ഞു. വടക്കന്‍ സുഡാന്‍ ഇനിയും ശിഥിലമാക്കപ്പെടുകയില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. നിലവിലെ ഭൂപടത്തില്‍ നിന്ന് ഫലസ്ത്വീന്‍ അല്‍പാല്‍പമായി മായ്ക്കപ്പെടുന്നതും നാം കാണുന്നു; അറബ് ഓര്‍മകളില്‍ നിന്ന് ഫലസ്ത്വീന്‍ പ്രശ്‌നം കൊഴിഞ്ഞു വീഴുന്നതും.
ഇനി എങ്ങനെയൊക്കെയാവും അറബ് ഭൂപടം മാറ്റിവരക്കപ്പെടുക എന്നത് ഇപ്പോഴും അദൃശ്യജ്ഞാനത്തില്‍ പെട്ടത് തന്നെയാണ്. പക്ഷേ, നമുക്ക് ഏറക്കുറെ ഉറപ്പിച്ച് പറയാന്‍ കഴിയുന്ന വസ്തുത, ആ മാറ്റം ജനാധിപത്യ രീതിയിലായിരിക്കില്ല സംജാതമാവുക എന്നതാണ്. തുനീഷ്യയിലെ ജനാധിപത്യപരമായ മാറ്റങ്ങളെ അപവാദമായി മാത്രമേ കാണേണ്ടതുള്ളൂ. അത് വെച്ച് മറ്റു രാഷ്ട്രങ്ങളെ താരതമ്യം ചെയ്യാനാവില്ല. ചരിത്രം അവസാനിച്ചുവെന്നും ലിബറല്‍ ഡമോക്രസി ജയിച്ചുവെന്നും ഫ്രാന്‍സിസ് ഫുക്കുയാമയും സാമുവല്‍ ഹണ്ടിംഗ്ടണും വാദിക്കുന്നുണ്ടല്ലോ. ആ വാദങ്ങളുടെ പൂര്‍ണ പരാജയം കാണണമെങ്കില്‍ അറബ് ലോകത്തേക്ക് നോക്കിയാല്‍ മതി. അറബ് ലോകത്ത് ജനാധിപത്യം വിജയിക്കുന്നില്ല, നാഗരികതകള്‍ തമ്മിലുള്ള സംഘട്ടനം നടക്കുന്നുമില്ല. ഒരേ നാഗരികതയുടെ സന്താനങ്ങള്‍ തമ്മിലാണ് ഇവിടെ സംഘട്ടനം. ജനാധിപത്യ സാക്ഷ്യങ്ങളത്രയും ദിനംപ്രതി പിറകോട്ട് പിറകോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്നു. ജനാധിപത്യ വിരുദ്ധ ശക്തികളാണ് സര്‍വത്ര മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലാണ് ലക്ഷങ്ങളെ കൊന്നൊടുക്കിയ രണ്ട് ലോകയുദ്ധങ്ങള്‍ ഉണ്ടായത്. ഇറ്റലിയിലെ ഫാഷിസത്തിനും ജര്‍മനിയിലെ നാസിസത്തിനും സോവിയറ്റ് യൂനിയനിലെ കമ്യൂണിസത്തിനുമെതിരെ പടനയിച്ച് ലിബറല്‍ മുതലാളിത്തം ഒടുവില്‍ വിജയക്കൊടി നാട്ടി. അതോടെ ശീതയുദ്ധത്തിന് വിരാമമായി. ഭിന്നതകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഐക്യരാഷ്ട്രസഭ പോലുള്ള പൊതുവേദികള്‍ രൂപവത്കരിക്കപ്പെട്ടു. നേര്‍ക്കു നേരെയുള്ള കൊളോണിയലിസത്തിന് അന്ത്യമായി. പിന്നെ വിവര വിപ്ലവങ്ങളുടെ കാലം വരവായി. സംഘട്ടനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നു. സമാധാന കാലത്തും യുദ്ധം ചെയ്യാന്‍ പറ്റുന്ന 'സൈബര്‍ ആയുധങ്ങള്‍' രംഗപ്രവേശം ചെയ്തു. സോവിയറ്റ് യൂനിയന് പകരം ചൈനയെ മുഖ്യശത്രുവാക്കി പ്രതിഷ്ഠിച്ചാണ് അമേരിക്ക സൈബര്‍ യുദ്ധം തുടങ്ങിയിരിക്കുന്നത്. വേണ്ടിവന്നാല്‍ പൈലറ്റില്ലാത്ത 'ഡ്രോണ്‍' വിമാനങ്ങളെയും അയക്കും. വൈറസുകള്‍ കയറ്റിവിട്ട് അമേരിക്ക ഇറാന്റെ ആണവ പരിപാടികള്‍ താറുമാറാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അറബ് ലോകത്തെ കമ്പ്യൂട്ടര്‍ ശൃംഖലകളെ നിശ്ചലമാക്കാനും ഈ വൈറസുകള്‍ മതിയാകും. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ വൈറസുകളെ കയറ്റിവിട്ട് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിന് റോബോട്ടുകളെ അയക്കാമോ എന്ന പരീക്ഷണം മറ്റൊരു ഭാഗത്ത് നടക്കുന്നു.
ഇങ്ങനെ ഒരൊറ്റ വെടി പൊട്ടിക്കാതെയും ഒരിറ്റ് രക്തം ചിന്താതെയുമാണ് പുതിയ യുദ്ധമുറകള്‍. ഈ യുദ്ധത്തില്‍ പാശ്ചാത്യ ശക്തികള്‍ അറബ് ലോകത്തെ പറ്റെ അവഗണിച്ചിരിക്കുകയാണ്. സോവിയറ്റ് യൂനിയനെപ്പോലുള്ള ഒരു പ്രതിയോഗി അറബ് ലോകത്ത് നിന്നുണ്ടാവുമെന്ന് അവര്‍ കരുതുന്നില്ല. നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമാണ് അവര്‍ അറബ് ലോകത്തേക്ക് തിരിഞ്ഞുനോക്കുന്നത്; ഇറാഖില്‍ 'ഇസ്‌ലാമിക് സ്റ്റേറ്റി'ന് എതിരെ നടക്കുന്ന പടയൊരുക്കം പോലെ. പറഞ്ഞുവരുന്നത്, കഴിഞ്ഞ നൂറ്റാണ്ടിലെ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് പാശ്ചാത്യലോകം പുതിയ രീതികള്‍ ആവിഷ്‌കരിച്ചു എന്നാണ്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ വേദികളുണ്ടാക്കി. യുദ്ധങ്ങള്‍ ഒരിക്കലും യൂറോപ്യന്‍ -അമേരിക്കന്‍ മണ്ണില്‍ വെച്ച് ആവാതിരിക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തി.
എന്നാല്‍, അറബ് ലോകമോ? കഴിഞ്ഞ നൂറ്റാണ്ടിന്റെ എല്ലാ ബാലാരിഷ്ടതകളും പേറിയാണ് അത് പുതിയ നൂറ്റാണ്ടിലും പ്രയാണം തുടരുന്നത്. ഇരു ലോകങ്ങളും തമ്മിലുള്ള താരതമ്യം നമ്മെ എത്തിക്കുന്നത് ഈ നിഗമനങ്ങളിലേക്കാണ്.
കൊളോണിയലിസത്തിന്റെ നുകത്തില്‍ നിന്ന് അറബ് ലോകം സ്വതന്ത്രമായപ്പോഴേക്കും അതിലെ രാഷ്ട്രങ്ങളത്രയും അതീവ ദുര്‍ബലമായിക്കഴിഞ്ഞിരുന്നു. അധികാരത്തില്‍ വന്നതാകട്ടെ ഏകാധിപതികളും. സ്വാഭാവികമായും ജനാധിപത്യ പ്രക്രിയ അവിടെ വിജയം കണ്ടില്ല. നേരെ മറിച്ചായിരുന്നു പാശ്ചാത്യ നാടുകളുടെ അനുഭവം.
അറബ് നാടുകളിലെ കൊളോണിയലിസം പൊതു ശത്രുവിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ചു എന്നത് ശരിയാണ്. ആദര്‍ശങ്ങള്‍ക്ക് വളരാന്‍ ഇത് അനുയോജ്യമായ മണ്ണൊരുക്കുകയും ചെയ്തു. അറബ് ദേശീയതയാണ് ഒരു ഘട്ടത്തില്‍ പൊതു ശത്രുവിനെതിരെ പൊരുതാനുള്ള ഐഡിയോളജിയായി രൂപപ്പെട്ടത്; നാസറിസം പോലെ. എന്നാല്‍, അറബ് ദേശീയത ദേശീയ സ്വാതന്ത്ര്യത്തിലേക്ക് വഴി കാണിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയമാണ് ഇന്ന് വംശീയ യുദ്ധങ്ങളായി അറബ് ലോകത്ത് തിമര്‍ത്താടുന്നത്. പോരാട്ടം ദേശശത്രുവിനെതിരിലല്ല, ദേശീയ പങ്കാളികള്‍ തമ്മിലാണ്.
യുദ്ധ രീതികളില്‍ വന്ന കാതലായ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. സ്വാഭാവികമായും ദേശീയ സൈന്യത്തിന്റെ റോളിലും മാറ്റം വന്നിരിക്കുന്നു. അഫ്ഗാനിസ്താനിലും ഇറാഖിലും ചില ആഫ്രിക്കന്‍ നാടുകളിലും യുദ്ധം ചെയ്യാന്‍ സ്വകാര്യ കമ്പനികളെയും സംഘടനകളെയും ഏല്‍പിക്കുകയാണ് അമേരിക്ക ചെയ്തത്. അറബ് ലോകത്താകട്ടെ ദേശീയ സൈന്യത്തിന്റെ തിരോധാനം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇറാഖിലും യമനിലും ലിബിയയിലും ലബനാനിലും ദേശീയ സൈന്യങ്ങള്‍ക്ക് അവയുടെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള കെല്‍പ്പ് നഷ്ടപ്പെട്ടിരിക്കുന്നു. കേവലം അലങ്കാരം മാത്രമായി അവ ചുരുങ്ങിയിരിക്കുന്നു. ദേശീയ സൈന്യങ്ങള്‍ക്ക് പകരം ഇന്ന് അറബ് ലോകത്ത് പോരാടാന്‍ ശേഷിയുള്ളത് ജയ്ശുല്‍ മഹ്ദി, അസ്വാഇബുല്‍ ഹഖ്, അന്‍സ്വാറുല്ല, ദാഇശ്, ജബ്ഹുതുന്നുസ്വ്‌റ, ഹിസ്ബുല്ല, അന്‍സ്വാറുശ്ശരീഅ, ഹമാസ്, അല്‍ ജിഹാദ് പോലുള്ള ഗ്രൂപ്പുകള്‍ക്കാണ്. അറബ് ലോകത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഇസ്രയേലിനെതിരെ ഇന്ന് പൊരുതി നില്‍ക്കുന്നത് ഹമാസും അല്‍ ജിഹാദും മാത്രമാണല്ലോ.
ഈ വിഷയം എഴുതണമെന്ന് തോന്നിയത്, അറബ് ലോകത്തെക്കുറിച്ച് പാശ്ചാത്യ ബുദ്ധികേന്ദ്രങ്ങള്‍ തയാറാക്കിയ നിരവധി റിപ്പോര്‍ട്ടുകളിലൂടെ കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ കടന്നുപോയപ്പോഴാണ്. ജനാധിപത്യ പ്രക്രിയയുടെ പരാജയം, ഹിംസയും ഭീകരതയും -ഈ രണ്ട് വിഷയങ്ങളിലാണ് മുഖ്യ ഊന്നല്‍. ഇവ രണ്ടും തമ്മിലുള്ള ബന്ധമെന്താണെന്ന് ഒരിടത്തും പറയുന്നുമില്ല.
Comments