ഇസ്‌ലാമിക് ബാങ്ക് വഴിയുള്ള ലോണ്‍ തട്ടിപ്പോ?
ഒന്നിലധികം ഇസ്‌ലാമിക ബാങ്കുകളുള്ള ഒരു ഗള്‍ഫ് രാജ്യത്താണ് ഞാന്‍ ജോലി ചെയ്യുന്നത്. ഒരു കാറ് വാങ്ങാനുദ്ദേശിക്കുന്നു. മുഴുവന്‍ സംഖ്യയും ഒന്നിച്ചെടുക്കാന്‍ പ്രയാസമുള്ളതിനാല്‍ ബാങ്കിനെ സമീപിക്കുകയേ എനിക്ക് നിര്‍വാഹമുള്ളൂ. ഇവിടങ്ങളിലെ ഇസ്‌ലാമിക് ബാങ്കുകള്‍ തട്ടിപ്പാണെന്നും അവര്‍ ഇതര ബാങ്കുകളെ അപേക്ഷിച്ച് ഡീലിംഗ് വളരെ മോശമാണെന്നും, വിലയുടെ പേരില്‍ തുക അധികമായി ഈടാക്കി കൊള്ള ലാഭമുണ്ടാക്കുകയാണെന്നും ചില സുഹൃത്തുക്കള്‍ പറയുകയുണ്ടായി. ഇതര ബാങ്കുകള്‍ വഴി ഇടപാട് നടത്തുന്നതാണ് സൗകര്യമെന്നും ആ വഴി സ്വീകരിച്ചാല്‍ വിലയിലും ആദായമുണ്ടാവുമെന്നും അവര്‍ നിര്‍ദേശിക്കുന്നു. സാമ്പത്തിക രംഗം നിഷിദ്ധതയില്‍ നിന്ന് മുക്തമായിരിക്കണമെന്ന് കണിശതയുള്ളതിനാല്‍ ഈ വിഷയകമായി ഒരു വിശദീകരണം തരണമെന്ന് അപേക്ഷിക്കുന്നു. എന്നെപ്പോലെ പുതുതായി ഇവിടെ എത്തിയ ധാരാളം ചെറുപ്പക്കാരുടെ സംശയം കൂടിയാണിത്.
താങ്കളുടെയും സുഹൃത്തുക്കളുടെയും ഇസ്‌ലാമിക ബോധവും, ജീവിതവും സമ്പാദ്യവും വിനിയോഗവുമെല്ലാം ഇസ്‌ലാമികമായ രീതിയില്‍ ആയിരിക്കണമെന്ന ചിന്തയും ശ്രദ്ധയും വളരെ പ്രശംസനീയം തന്നെ; വിശിഷ്യ ഹറാം- ഹലാല്‍ നോട്ടവും പരിഗണനയും തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്. അല്ലാഹു താങ്കളെയും സുഹൃത്തുകളെയും അനുഗ്രഹിക്കട്ടെ.
ചില കാര്യങ്ങള്‍ ആദ്യമേ സൂചിപ്പിക്കട്ടെ. ലാഭത്തിന്റെയും നഷ്ടത്തിന്റെയും തോതനുസരിച്ചല്ല ഇസ്‌ലാമിക ദൃഷ്ട്യാ ഹറാമും ഹലാലും നിശ്ചയിക്കപ്പെടുന്നത്. അതുപോലെ ഇടപാടുകളുടെയും കര്‍മങ്ങളുടെയും പ്രത്യക്ഷ രൂപവും ബാഹ്യസ്വഭാവവും മാത്രം വെച്ചുകൊണ്ടുമല്ല അതിന്റെ വിധി നിശ്ചയിക്കുക. അങ്ങനെയെങ്കില്‍ ഒരാള്‍ തന്റെ ഭാര്യയുമായി ശയ്യ പങ്കിടുന്നതും അന്യ സ്ത്രീകളുമായി ശയ്യ പങ്കിടുന്നതും ഒരുപോലെയാണ് എന്ന് വെക്കേണ്ടിവരും. ഇവിടെ രക്ഷിതാവ് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ പൂര്‍ണ സംതൃപ്തിയോടെ തന്റെ മകളെ ഒരുത്തന് ഔദ്യോഗികമായി വിവാഹം ചെയ്തുകൊടുക്കുക എന്ന ബലിഷ്ഠമായ കരാറാണ് ആ സ്ത്രീയുമായി ശയ്യ പങ്കിടുന്നത് വിഹിതവും, അങ്ങനെയൊരു നടപടിക്രമം പാലിക്കാത്തതുകൊണ്ട് മറ്റു സ്ത്രീയുമായി ശയ്യ പങ്കിടുന്നത് അവിഹിതവുമായിത്തീരുന്നത്.
ഇതുവെച്ച് ചിന്തിച്ചാല്‍, ഒരാള്‍ അപരന് 100 രൂപ കടം കൊടുക്കുന്നത്, തിരിച്ചുതരുമ്പോള്‍ 110 രൂപ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയോടെയാണെങ്കില്‍, അത് കൊടുക്കുന്നവന്റെ ഉപാധിയനുസരിച്ചായാലും വാങ്ങുന്നവന്റെ വാഗ്ദാനമനുസരിച്ചായാലും, അത് പലിശയും തദ്വാരാ നിഷിദ്ധവുമായിത്തീരും. ഇനി 10 രൂപക്ക് പകരം തന്റെ വീട്ടില്‍ വിളയുന്ന ഒരു പഴക്കുലയാണെങ്കിലും വ്യത്യാസമേതുമില്ല. എന്നാല്‍, കടം തന്നവനോടുള്ള സ്‌നേഹാദരവുകളുടെ പേരിലോ സുഹൃദ് ബന്ധത്തിന്റെ പേരിലോ കടം വാങ്ങിയവന്‍ യാതൊരു മുന്‍ധാരണയുമില്ലാതെ, സന്തോഷത്തോടെ വല്ലതും നല്‍കുന്നതോ, അങ്ങനെ വല്ലതും കൊണ്ടുവന്നു തരുമ്പോള്‍ അത് സ്വീകരിക്കുന്നതോ പലിശയാവുകയില്ല. അതുകൊണ്ട് തന്നെ അത് നിഷിദ്ധമാവുകയുമില്ല. എന്നാല്‍, ഇങ്ങനെ ഉപാധിയോ ധാരണയോ ഇല്ലെങ്കിലും നാട്ടില്‍ അത്തരം ഒരു നടപ്പുണ്ടെങ്കില്‍ അതും പാടില്ല എന്നു തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. രണ്ടിനും ചില സംഭവങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇനി ചോദ്യകര്‍ത്താവിന്റെ സംശയത്തിലേക്ക് കടക്കാം. സമാനമായ നിരവധി ചോദ്യങ്ങള്‍ നേരിട്ടും അല്ലാതെയും ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പലര്‍ക്കും ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ സാമാന്യം വിശദമായി വിഷയത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാം.
ആദ്യമായി, ഇസ്‌ലാമിക് ബാങ്കും കൊമേഴ്‌സ്യല്‍ ബാങ്കും എവിടെയാണ് വേര്‍പിരിയുന്നതെന്ന് നോക്കാം. ഒരാള്‍ കാര്‍ വാങ്ങാനുദ്ദേശിക്കുന്നു. കൈയില്‍ കാശില്ല. അല്ലെങ്കില്‍ ഒന്നിച്ച് റൊക്കം വില കൊടുത്തു വാങ്ങാനുള്ള വകയില്ല. അത്തരക്കാരുടെ മുമ്പിലുള്ള ഒരു വഴി ഏതെങ്കിലും ബാങ്കിനെ സമീപിച്ച് ലോണ്‍ ലഭ്യമാക്കി കാര്‍ വാങ്ങുക എന്നതാണ്. ഇങ്ങനെ എടുക്കുന്ന കടം മാസം തോറും നിശ്ചിത തുക തവണകളായി അടച്ചു തീര്‍ക്കുകയാണ് ചെയ്യുക. ഇവിടെ ഉപഭോക്താവും ബാങ്കും തമ്മിലുള്ള ഇടപാട് ഉത്തമര്‍ണനും അധമര്‍ണനും എന്ന അടിസ്ഥാനത്തിലാണ്. ഇവിടെ ബാങ്ക് എന്തെങ്കിലും ചരക്കോ ഉല്‍പന്നമോ വില്‍ക്കുന്നില്ല, ഉപഭോക്താവാകട്ടെ ബാങ്കിനോട് ഏതെങ്കിലും ചരക്കോ ഉല്‍പന്നമോ വാങ്ങുന്നുമില്ല. ഇവിടെ ബാങ്ക് ഉപഭോക്താവിന് തുക നേരിട്ട് കൈമാറുന്നുണ്ടോ, അതല്ല കാര്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയാണോ എന്നത് കേവലം സാങ്കേതികത്വം മാത്രമാണ്. ഇടപാട് രേഖകള്‍ ബാങ്കും ഉപഭോക്താവും തമ്മില്‍ മാത്രമായിരിക്കും.
ഇസ്‌ലാമിക് ബാങ്ക് ഇവിടെ ഇതര ബാങ്കുകളുമായി മൗലികമായി വേര്‍പിരിയുന്നു. ഇസ്‌ലാമിക് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരിടത്തും ഇങ്ങനെ ലോണനുവദിക്കുന്ന സിസ്റ്റമില്ല. അത് പ്രായോഗികവുമല്ല. പിന്നെയെന്താണ് സംഭവിക്കുന്നത്? ഒരാള്‍ക്ക് കാര്‍ വാങ്ങണം. കാശ് ഒന്നിച്ചെടുക്കാന്‍ കഴിയില്ല. അങ്ങനെയയാള്‍ ഇസ്‌ലാമിക് ബാങ്കിനെ സമീപിക്കുന്നു. തനിക്ക് ആവശ്യമുള്ള കാറിന്റെ ഇനവും മോഡലും കമ്പനിയും സ്റ്റൈലും തുടങ്ങി എല്ലാ ഗുണ ഗണങ്ങളും രേഖപ്പെടുത്തി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഇസ്‌ലാമിക് ബാങ്ക് ഏതെങ്കിലും കമ്പനിയില്‍ നിന്ന് പ്രസ്തുത കാര്‍ സ്വന്തം പേരില്‍ വാങ്ങിക്കുകയും ആ കാര്‍ ഉപഭോക്താവിന് തവണ വ്യവസ്ഥയില്‍ അല്‍പം വില കൂട്ടി വില്‍ക്കുകയും ചെയ്യുന്നു. ഇവിടെ കാര്‍ കമ്പനിയും ഉപഭോക്താവും തമ്മില്‍ യാതൊരിടപാടും നടക്കുന്നില്ല. എന്നാല്‍, ഉപഭോക്താവും ഇസ്‌ലാമിക് ബാങ്കും തമ്മില്‍ ക്രേതാവും വിക്രേതാവും എന്ന ബന്ധം നിലവില്‍ വരികയും ചെയ്യുന്നു.
ദുരൂഹത വരാനുള്ള കാരണം:
നാസറും സലീമുമാണ് വാഹനം വാങ്ങിക്കുന്നത് എന്ന് വിചാരിക്കുക. ഒരാള്‍ കൊമേഴ്‌സ്യല്‍ ബാങ്കിന്റെയും മറ്റെയാള്‍ ഇസ്‌ലാമിക് ബാങ്കിന്റെയും സഹായം തേടുന്നു. രണ്ട് പേരും ടൊയോട്ട ഷോറൂമില്‍ പോയിട്ടാണ് തങ്ങള്‍ ഉദ്ദേശിച്ച വാഹനം വാങ്ങുന്നത്. ഇസ്‌ലാമിക് ബാങ്കാകട്ടെ കൊമേഴ്‌സ്യല്‍ ബാങ്കാവട്ടെ, രണ്ടുകൂട്ടരും കാര്‍ കമ്പനിയിലേക്ക് വില ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് പതിവ്. പ്രത്യക്ഷത്തില്‍ രണ്ടും ഒരുപോലെയായിരിക്കില്ല തുക ഈടാക്കുന്നത്. ചിലപ്പോഴെല്ലാം ചോദ്യകര്‍ത്താവ് സൂചിപ്പിച്ചതുപോലെ ഇസ്‌ലാമിക് ബാങ്കുകള്‍ താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നുമുണ്ടാകും. ഇതൊരു ദുരൂഹതയായി നിലനില്‍ക്കുന്നത് രണ്ടിടപാടുകളും രൂപപ്പെട്ട വഴിയും ശൈലിയും ഇടപാടുകളുടെ സ്വഭാവവും തിരിച്ചറിയാത്തതുകൊണ്ടാണ്; യഥാര്‍ഥ വിവാഹവും ഉഭയകക്ഷി സമ്മതത്തോടെ അന്യ സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ച് ജീവിക്കുന്നതും വേര്‍തിരിച്ചറിയാത്തത് പോലെ തന്നെ.
അതിനാല്‍ ഇവിടെ രണ്ട് ഇടപാടുകളും എങ്ങനെയാണ് നടന്നിട്ടുള്ളത് എന്നത് വേര്‍തിരിച്ചു തന്നെ മനസ്സിലാക്കണം. ഇസ്‌ലാമിക് ബാങ്കുകളെ സമീപിക്കുന്ന ഉപഭോക്താക്കള്‍ക്ക് കാര്‍ വില്‍ക്കുകയാണ് ഇസ്‌ലാമിക് ബാങ്ക് ചെയ്യുന്നത്. ഇരുകക്ഷികളും തമ്മിലുള്ള ബന്ധം ക്രേതാവും വിക്രേതാവും എന്നതാണ്. വില സുനിര്‍ണിതമായിരിക്കും എന്നതാണ് രണ്ടാമത്തെ കാര്യം. തവണ വ്യവസ്ഥകളോ അടവ് സമയമോ തെറ്റുകയോ, ഉപഭോക്താവ് വീഴ്ച വരുത്തുകയോ ചെയ്താല്‍ നേരത്തെ നിശ്ചയിക്കപ്പെട്ട വിലയല്ലാതെ ഒരു നയാ പൈസ അധികം വാങ്ങിക്കാന്‍ ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് അധികാരമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. അതുപോലെ ഇസ്‌ലാമിക് ബാങ്ക് വിറ്റ കാര്‍ ഉപഭോക്താവ് കമ്പനി ഷോറൂമില്‍ പോയി എടുക്കുന്നു എന്നതൊഴിച്ചാല്‍ മറ്റു യാതൊരു ബന്ധവും കാര്‍ കമ്പനിയും അദ്ദേഹവുമായിട്ടുണ്ടായിരിക്കുകയില്ല. എല്ലാ ബന്ധങ്ങളും ഇസ്‌ലാമിക് ബാങ്കുമായി മാത്രമായിരിക്കും. മൊത്തവില ഷോപ്പില്‍ നിന്ന് റൊക്കം വില കൊടുത്ത് ഹോള്‍സെയ്ല്‍ നിരക്കില്‍ ഒരു റീട്ടെയില്‍ കച്ചവടക്കാരന്‍ ചരക്കുകള്‍ വാങ്ങിക്കുകയും അത് സാധാരണക്കാര്‍ക്ക് റീട്ടെയില്‍ വിലയ്ക്ക് റൊക്കമായോ അവധിക്കോ തവണകളായോ വില്‍ക്കുകയും ചെയ്യുന്നത് പോലെയാണ് ഈ ഇടപാട് എന്നര്‍ഥം. ഇവിടെ അധികമായി ഈടാക്കുന്ന തുകക്ക് ലാഭം എന്നാണ് നാം പറയുക. അതാകട്ടെ നിഷിദ്ധമാകുന്ന പ്രശ്‌നവുമില്ല.
എന്നാല്‍, മറ്റേ കക്ഷിയുടെ കാര്യം പരിശോധിച്ചാല്‍, ബാങ്കിനെ സമീപിച്ചപ്പോള്‍ ബാങ്ക് അയാള്‍ക്ക് കാര്‍ ലോണ്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. കടം കൊടുക്കുകയാണെന്നര്‍ഥം. ബാങ്കും ഉപഭോക്താവും തമ്മിലുള്ള ബന്ധം ഉത്തമര്‍ണനും അധമര്‍ണനും തമ്മിലുള്ള ബന്ധമാണ്. കാറിന്റെ വില 5 ലക്ഷമാണെങ്കില്‍ അത്രയും തുക ബാങ്ക് ഉപഭോക്താവിന് ലോണായി അനുവദിക്കുകയും, ഏത് ഷോറൂമില്‍ നിന്നാണോ കാര്‍ വാങ്ങിക്കാനുദ്ദേശിക്കുന്നത് അതിന്റെ അക്കൗണ്ടിലേക്ക് സൗകര്യം പരിഗണിച്ച് അത് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്നു.
നേരത്തെ ഇസ്‌ലാമിക് ബാങ്ക് വഴി കാര്‍ വാങ്ങിയ വ്യക്തിയും ഈ കക്ഷിയും ഒരുവേള ഒരേ ഷോറൂമില്‍ എത്തിയേക്കാം. ഒരേ മോഡല്‍ കാര്‍ തന്നെ ഇരുവരും ഒരേ സമയത്ത് തന്നെ എടുക്കുകയും ചെയ്‌തേക്കാം. പക്ഷേ, രണ്ട് ഇടപാടുകളുടെയും അന്തരം അതിന്റെ പിന്നാമ്പുറം അന്വേഷിക്കുന്നവര്‍ക്കേ ബോധ്യപ്പെടൂ.
മറ്റൊന്ന്, ഈ കക്ഷി തന്റെ പേരിലുള്ള ലോണടച്ചു തീര്‍ക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനനുസരിച്ച് അധിക തുക ഈടാക്കാന്‍ ബാങ്കിന് അധികാരവും അവകാശവും ഉണ്ടായിരിക്കും. ഇതിനെത്തന്നെയാണ് ഇസ്‌ലാമിക ദൃഷ്ട്യാ പലിശ എന്ന് പറയുന്നത്. ഇതിന് സമാന സ്വഭാവമുള്ള ഇടപാടുകളാണ് ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ജാഹിലിയ്യാ അറബികള്‍ നടത്തി വന്നിരുന്നതും. അതാണ് ഖുര്‍ആന്‍ ഇടപെട്ട് കര്‍ശനമായി വിലക്കിയത്.
ഇമാമുല്‍മുഫസ്സിരീന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഇമാം ത്വബരി, അല്ലാഹു നിരോധിച്ച പലിശ എന്താണെന്ന് വിശദീകരിക്കുന്നു: ജാഹിലിയ്യാ കാലത്ത് ഒരാള്‍ മറ്റൊരാള്‍ക്ക് കടം കൊടുത്തുവീട്ടാന്‍ ഉണ്ടാവുകയും അങ്ങനെ അദ്ദേഹം കൂടുതലായി എന്തെങ്കിലും തരാമെന്ന് പറഞ്ഞുകൊണ്ട് തനിക്ക് സാവകാശം തരണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ അദ്ദേഹത്തിന് സാവകാശം നല്‍കപ്പെടുകയും ചെയ്തിരുന്നു. ഖതാദയില്‍ നിന്നും നിവേദനം: ജാഹിലിയ്യാ കാലത്തെ രിബ, ഒരാള്‍ മറ്റൊരാള്‍ക്ക് ഒരു നിശ്ചിത അവധിക്ക് വില്‍പന നടത്തുകയും അങ്ങനെ അവധിയെത്തുകയും അടച്ചുവീട്ടാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ അവധി നീട്ടിക്കൊടുക്കുകയും തുക വര്‍ധിപ്പിക്കുകയും ചെയ്യുമായിരുന്നു (തഫ്‌സീര്‍ അത്ത്വബരി).
ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി പറയുന്നു: ''മൂലധനം അതേ നിലയില്‍ അവശേഷിക്കുന്ന വിധം ഓരോ മാസവും നിശ്ചിത തുക നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയോടെ ഒരാള്‍ മറ്റൊരാള്‍ക്ക് ഒരവധി വെച്ച് പണം കടം കൊടുക്കുന്നതായിരുന്നു ജാഹിലീകാലത്തെ പ്രസിദ്ധമായ അവധിപ്പലിശ''(അസ്സവാജിര്‍).
ഇമാം റാസി തന്റെ തഫ്‌സീറില്‍ പലിശയെ വിശദീകരിച്ചതിങ്ങനെ: ''ജാഹിലീകാലത്ത് ഏറെ പ്രശസ്തവും സുപരിചിതവുമായിരുന്നതാണ് 'അവധിപ്പലിശ.' ഓരോ മാസവും ഒരു നിശ്ചിത തുക നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയോടെ അവര്‍ പണം (മൂലധനം) നല്‍കാറുണ്ടായിരുന്നു. മൂലധനം അതേമട്ടില്‍ അവശേഷിക്കുകയും ചെയ്യും. അങ്ങനെ കടത്തിന്റെ അവധിയായാല്‍ മൂലധനം ആവശ്യപ്പെടും. തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവധി നീട്ടിക്കൊടുത്ത് കൂടുതല്‍ സംഖ്യ വസൂലാക്കുകയും ചെയ്യും. ഇതായിരുന്നു ജാഹിലീകാലത്ത് അവര്‍ നടത്തിയിരുന്ന പലിശയിടപാട് (അത്തഫ്‌സീറുല്‍ കബീര്‍).
സല്‍ഫലം പ്രത്യക്ഷമാവുന്നതെപ്പോള്‍?
ഇവിടെ ലോക്കല്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങുമ്പോഴത്തെ റിസ്‌കല്ല, അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വാങ്ങുമ്പോഴുള്ളത്. ഇസ്‌ലാമിക് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ചരക്ക് വില്‍ക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് തന്നെ ചരക്ക് വാങ്ങിയവന് അത് എത്തിക്കുകയും അയാളത് കൈപ്പറ്റുകയും ചെയ്യുവോളമുള്ള എല്ലാ ഉത്തരവാദിത്തവും വില്‍പ്പനക്കാരന്‍ എന്ന നിലക്ക് ഇസ്‌ലാമിക് ബാങ്ക് തന്നെ വഹിക്കുന്നതാണ്. ജപ്പാനില്‍ നിര്‍മിച്ച ഒരു ഉപകരണം ആവശ്യപ്പെട്ട് ഇസ്‌ലാമിക് ബാങ്കിനെ സമീപിച്ച വ്യക്തിക്ക് പ്രസ്തുത ഉപകരണം ഇറക്കുമതി ചെയ്ത് നാട്ടിലെത്തിച്ച് ഉപഭോക്താവിന് കൈമാറുന്നത് വരെ എന്ത് സംഭവിച്ചാലും ഇസ്‌ലാമിക് ബാങ്കാണ് റിസ്‌ക് വഹിക്കുക. അങ്ങനെ വഹിച്ചതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.
എന്നാല്‍, ഇതര ബാങ്കുകളെയാണ് ഇവിടെയൊരാള്‍ സമീപിക്കുന്നതെങ്കില്‍ അയാള്‍ സ്വന്തം നിലക്കാണ് ഇവിടെ റിസ്‌ക് വഹിക്കേണ്ടത്. അതിനയാള്‍ക്ക് ഇതര ഏജന്റുമാരെ സമീപിക്കാമെന്നതും നഷ്ട സാധ്യതയും അപായ സാധ്യതയും മുന്‍കൂട്ടിക്കണ്ട് ഇന്‍ഷുര്‍ ചെയ്യാമെന്നതും ശരിതന്നെ. പക്ഷേ അതും ഇദ്ദേഹം തന്നെ സ്വന്തം നിലക്ക് വഹിക്കേണ്ടുന്ന ചുമതലയാണ്.
എന്നാല്‍, ലോക്കല്‍ മാര്‍ക്കറ്റില്‍ ഇന്ന് ഇപ്രകാരം ചരക്കുകള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വസ്തുത ഇത്രയങ്ങ് ബോധ്യപ്പെട്ടുകൊള്ളണമെന്നില്ല.
ഇന്ന് ലോകത്ത് നിലവിലുള്ള എല്ലാ ഇസ്‌ലാമിക് ബാങ്കുകളും, ഇസ്‌ലാമിക ശരീഅത്തിന് അനുസൃതമായി നടത്തപ്പെടുന്നു എന്ന് അവകാശപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളും സംരംഭങ്ങളും പ്രയോഗ രംഗത്ത് എത്രത്തോളം സത്യസന്ധതയും പ്രതിബദ്ധതയും പുലര്‍ത്തുന്നുണ്ട് എന്നത് ഒരു ചോദ്യം തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പാരമ്പര്യമുള്ള ചില ഇസ്‌ലാമിക് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് അവയുടെ ശരീഅ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചവരില്‍ ഈയുള്ളവന്റെ ഗുരുനാഥന്മാര്‍ കൂടി ഉണ്ടായിരുന്നുവെന്നതിനാല്‍ അക്കാര്യം ആധികാരികമായി തന്നെ അറിയാം. എങ്കിലും ഒരു ബദല്‍ എന്ന നിലക്ക് അത്തരം സംരംഭങ്ങളുടെ പ്രസക്തിയും സാധുതയും അംഗീകരിച്ചേ മതിയാകൂ. ചില ധനകാര്യ സ്ഥാപനങ്ങളിലെ സ്വാര്‍ഥംഭരികളായ അധികാരികള്‍ ചെയ്യുന്ന അബദ്ധങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്നതും നിസ്സങ്കോചം എതിര്‍ക്കുന്നതും ശരിയല്ല. വളരെ സൂക്ഷ്മതയോടെ, ഇടപാടുകള്‍ ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ എന്നുറപ്പ് വരുത്തുന്ന ശരീഅ സെന്‍സര്‍ ബോര്‍ഡുകള്‍ സജീവമായുള്ള സ്ഥാപനങ്ങളും ഉണ്ട് എന്നതും വസ്തുതയാണ്.
സാധാരണക്കാരെ സംബന്ധിച്ചേടത്തോളം കൂട്ടത്തില്‍ താരതമ്യേന ഏറ്റവും ഇസ്‌ലാമികമായതേതാണെന്ന് നോക്കി അതിന് മുന്‍ഗണന നല്‍കുകയാണ് ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുക; വിശിഷ്യ സാമ്പത്തിക രംഗം മുച്ചൂടും അനിസ്‌ലാമിക വ്യവസ്ഥയില്‍ മൂടുറച്ചുപോയ സാഹചര്യത്തില്‍.
ഇത്തരം സാഹചര്യങ്ങളില്‍ നിലവിലുള്ള ഇസ്‌ലാമിക ധനകാര്യസ്ഥാപനങ്ങളുടെ പിടിപ്പുകേടും അപചയവും അബദ്ധങ്ങളും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അത്തരം ഒന്നിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്ന പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയല്ല ഒരു യഥാര്‍ഥ മുസ്‌ലിം ചെയ്യേണ്ടത്. ഉള്ള തിരിയും കെടുത്തി കൂരിരുട്ടില്‍ അകപ്പെടാനല്ല, ഉള്ള തിരി കെടുത്താതെതന്നെ അതിനെ കൂടുതല്‍ പ്രകാശമാനമാക്കാനുള്ള പ്രയത്‌നം തുടരുകയാണ് വേണ്ടത്.
Comments