Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 24

ആഘോഷങ്ങള്‍ക്ക് മാനവികതയുടെ മണമാകണം

ആചാരി തിരുവത്ര, ചാവക്കാട്

 

ആഘോഷങ്ങള്‍ക്ക് മാനവികതയുടെ മണമാകണം

ക്കം 2870-ല്‍ വന്ന 'സ്‌നേഹം നട്ടുവളര്‍ത്തുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍' എന്ന മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ ലേഖനം യാഥാസ്ഥിതികത്വത്തില്‍ നിന്ന് പുറംതിരിഞ്ഞു നടക്കാന്‍ പലര്‍ക്കും പ്രേരണയായി. ആത്മാര്‍ഥമായ, നിഷ്‌കളങ്കമായ സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതായിരിക്കണം നമ്മുടെ ആഘോഷങ്ങള്‍. കേവലം ഹസ്തദാനത്തിലോ ആശ്ലേഷത്തിലോ ഒതുക്കാവുന്നതല്ല ആഘോഷങ്ങളുടെ നിറവ്.
ജാതി മത വര്‍ഗ ചിന്തകള്‍ക്കതീതമായ സാമൂഹിക നീതി ഉറപ്പുവരുത്തി നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന പവിത്രമായ സ്‌നേഹബന്ധത്തെ ദൃഢതയോടെ ഏറ്റുവാങ്ങാനുള്ള ഇഛാശക്തി നമ്മില്‍ അന്തര്‍ലീനമായിട്ടും അത് പ്രയോജനപ്പെടുത്താന്‍ വിമുഖത കാണിക്കുകയാണ് ഇന്നുള്ളവര്‍.  അണുകുടുംബങ്ങളുടെ ആവിര്‍ഭാവം ജീവിത സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ പലരും യാന്ത്രികമായിത്തന്നെ അതില്‍ ലയിച്ചുചേരുക സ്വാഭാവികം.
ഇതര മതസ്ഥരുടെ ആഘോഷവേളകള്‍ ആര്‍ക്കും അന്യമല്ല. സാഹോദര്യ സ്‌നേഹത്തിന്റെ ഊഷ്മളമായ ബന്ധങ്ങളെ ശക്തിപ്പെടുത്താനേ അത്തരം സന്ദര്‍ഭങ്ങള്‍ സഹായിക്കൂ. ലേഖനത്തില്‍ പറഞ്ഞ പോലെ പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നവര്‍ ആഘോഷങ്ങളെ പാര്‍ശ്വവത്കരിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ഇത്തരം വൈകൃതാവേശങ്ങള്‍ ജീവിതത്തില്‍ ഗുണം ചെയ്യില്ല.
ആഘോഷങ്ങള്‍ക്ക് മാനവികതയുടെ പരിവേഷമുണ്ടാവുകയും മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക ഓരോരുത്തരിലും പ്രകടമാവുകയും ചെയ്താല്‍ ആഘോഷവേളകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രയാസമുണ്ടാവുകയില്ല.
ആചാരി തിരുവത്ര, ചാവക്കാട്

ഹാജറയല്ല

ഹാജര്‍ ആണ് ശരി

'ഹാജറ സമാധാനിച്ചു; ഉപേക്ഷിച്ചവന്റെ ദൈവം തന്നെയല്ലേ ഉപേക്ഷിക്കപ്പെട്ടവളുടെയും' എന്ന തലക്കെട്ടില്‍ വന്ന ജിബ്രാന്റെ ലേഖന(ലക്കം 2869)ത്തിലുള്‍പ്പെടെ പൊതുവെ എഴുത്തിലും പ്രസംഗങ്ങളിലും ഇബ്‌റാഹീ(അ)മിന്റെ പത്‌നി ഹാജറിനെ 'ഹാജറ' എന്ന് ഉപയോഗിച്ചത് ശരിയല്ല. ഹാജര്‍ എന്നാണ് ശരിയായ പ്രയോഗം. ഹദീസിലും ചരിത്ര രേഖകളിലും അങ്ങനെയാണ് ഉപയോഗിച്ചിട്ടുള്ളത്. സാധാരണ അറബി ഭാഷയില്‍ സ്ത്രീകളുടെ പേരുകള്‍ക്ക് കൂടുതലായും അവസാനത്തില്‍ സ്ത്രീ ലിംഗ പദത്തെ സൂചിപ്പിക്കുന്ന(ക) ഉള്ളതിനാലായിരിക്കാം ഹാജറിനെ  അങ്ങനെ തെറ്റായി ഉപയോഗിക്കുന്നത്. എന്നാല്‍ ഹാജര്‍ എന്നത് ഹീബ്രു പദമായാണ് മനസ്സിലാക്കപ്പെടുന്നത്. അല്ലാതെ, ഹിജ്‌റ പോയവള്‍ എന്ന അര്‍ഥത്തിലുമായിരിക്കില്ല ഹാജറ എന്ന പേര് പറഞ്ഞു പോന്നിട്ടുണ്ടാവുക. മക്കയിലേക്കുള്ള യാത്രക്ക് മുമ്പേ അവര്‍ക്ക് ആ പേരുണ്ടല്ലോ. താമരപ്പൂവ് എന്നാണ് അതിനര്‍ഥമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
അഷ്ഫാഖ് കക്കിടിപ്പുറം

നമ്മുടെ കാര്‍ക്കശ്യങ്ങള്‍ കൊണ്ടാണ് ആഘോഷങ്ങള്‍ കരുവാളിക്കുന്നത്

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ എഴുതിയ 'സ്‌നേഹം നട്ടുവളര്‍ത്തുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍' എന്ന ലേഖനത്തില്‍ പ്രസക്തമായ വിഷയമാണ് ഉന്നയിച്ചത്. അദ്ദേഹത്തിനും പ്രബോധനത്തിനും നന്ദി. അക്ഷരങ്ങളില്‍ കടിച്ചുതൂങ്ങി ഇസ്‌ലാമിന്റെ മുഖം കര്‍ക്കശമാക്കുന്നവരും പരസ്പരം വൃഥാ പഴിചാരി ഇസ്‌ലാമിന്റെ സാഹോദര്യം കളഞ്ഞുകുളിക്കുന്നവരുമാണ് നമ്മുടെ മുമ്പില്‍. പെരുന്നാള്‍ സുദിനങ്ങളില്‍ എന്ത് സന്ദേശമാണ് നമുക്ക് മറ്റു മതസ്ഥര്‍ക്ക് നല്‍കാനുള്ളത്? സ്വന്തം ജീവിതം തന്നെയാണ് സന്ദേശം. അതിന് നമ്മള്‍ തയാറാകുന്നില്ല എന്നതാണ് യഥാര്‍ഥ പ്രശ്‌നം.
അബു ഷഹാം മണ്ണാര്‍ക്കാട്

അധികാരത്തില്‍നിന്ന് അകന്ന് നിന്നതിലാണ് ശരികേട്

പ്രബോധനം വാരിക(ലക്കം 2870)യില്‍ ഗാന്ധി മാര്‍ഗത്തിന്റെ ജയ പരാജയങ്ങളെക്കുറിച്ച് വിശകലനം ചെയ്തു കൊണ്ട് കെ.ജെ നസ്‌റുല്‍ ഇസ്‌ലാം എഴുതിയ ലേഖനം വായിച്ചപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി.
മഹാത്മജിയുടെ ഇതിഹാസ തുല്യമായ കര്‍മജീവിതത്തെ അത്യന്തം വിസ്മയാദരങ്ങളോടെ വീക്ഷിക്കുകയും ആധുനിക ഇന്ത്യന്‍ ദേശീയ നേതാക്കളില്‍ ബാപ്പുജിയോളം മഹത്വവും തലയെടുപ്പുമുള്ളവര്‍ വേറെയില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം അദ്ദേഹമൊരു വിമര്‍ശനാതീത അസ്തിത്വമല്ല എന്ന ബോധ്യത്തില്‍ ഊന്നിയാണ് ഏതാനും കാര്യങ്ങള്‍ കുറിക്കുന്നത്.
അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചത് ഗാന്ധിജിയുടെ മഹത്വമായി വിശേഷിപ്പിക്കാറുണ്ട്. ഇതില്‍ ശരികേടുണ്ട്. സ്വാശ്രയത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തെക്കുറിച്ച് ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. എന്നാല്‍ അത് പ്രയോഗതലത്തിലെത്തിക്കാനുള്ള അവസരമണഞ്ഞപ്പോള്‍ തന്ത്രപരമായി പിന്‍വാങ്ങുകയാണ് അദ്ദേഹം  ചെയ്തത്. ഇവിടെ മഹാത്മാ ഗാന്ധിയുടെ മഹത്വത്തിന് തിളക്കമേറ്റുകയല്ല, ഗ്രഹണം ബാധിക്കുകയാണ് ചെയ്തത്.
ദാരിദ്ര്യ നിര്‍മാര്‍ജനം, അയിത്തോഛാടനം, മദ്യനിരോധം, നിരക്ഷരതാ നിര്‍മാര്‍ജനം തുടങ്ങിയ മഹിതാശയങ്ങളുടെ പ്രയോഗവത്കരണത്തിന് കൈയിലണഞ്ഞ ഒന്നാന്തരമവസരമായിരുന്നു, സ്വാതന്ത്ര്യ ലബ്ധി. ഈ അവസരത്തില്‍ പക്ഷേ, തന്നെക്കാള്‍ കഴിവും കാഴ്ചപ്പാടും കുറഞ്ഞവരെ അധികാര സ്ഥാനത്തിരുത്തി പിന്‍വാങ്ങിയത് ഗാന്ധിജിയുടെ ദൗര്‍ബല്യമായിട്ടു വേണം വിലയിരുത്താന്‍.
ബ്രിട്ടന്റെ സര്‍വാധിപത്യത്തില്‍ നിന്ന് നാടിനെ മോചിപ്പിച്ച് തദ്ദേശീയ സായ്പന്മാരുടെ കരങ്ങളിലേക്ക് അധികാരം കൈമാറുന്നതോടെ തീരുന്നതായിരുന്നില്ല ഇന്ത്യയുടെ പ്രശ്‌നങ്ങള്‍. നിരക്ഷരതയും ദാരിദ്ര്യവും ഉച്ചനീചത്വങ്ങളും പകുത്തെടുത്ത ഒരു ജനതയെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ സ്വതന്ത്ര ഭാരത ശില്‍പിയെന്ന നിലയില്‍ മഹാത്മജിയോളം ഉത്തരവാദിത്തം മറ്റൊരു ഇന്ത്യന്‍ നേതാവിനുമില്ലായിരുന്നു. ഭാവനാപൂര്‍ണമായ നടപടികളിലൂടെയും പിഴവടച്ച നിയമനിര്‍മാണത്തിലൂടെയും നടേ പറഞ്ഞ സാമൂഹിക തിന്മകളെ ഇല്ലായ്മ ചെയ്യാന്‍ അധികാര സ്ഥാനത്തിരുന്ന് നേതൃത്വം കൊടുക്കുകയാണ് ഗാന്ധിജി ചെയ്യേണ്ടിയിരുന്നത്. ജനഹിതവും അതുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ റോള്‍ മോഡലായിരുന്നല്ലോ ശ്രീരാമന്‍. അധികാരത്തെ ദുഃശകുനമായി കണ്ട് മാറി നില്‍ക്കുകയല്ല, അധികാരച്ചെങ്കോലേന്തി മാതൃകാ ഭരണാധികാരിയായി കീര്‍ത്തി നേടാനാണ് രാമന്‍ ശ്രമിച്ചത്.
പിന്നെ എന്തുകൊണ്ട് ഗാന്ധിജി അധികാരത്തില്‍ നിന്ന് മാറി നിന്നു? ഗാന്ധിസത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള സന്ദേഹമായിരുന്നോ? ഏതായാലും അധികാരം കൈയില്‍ കിട്ടിയ നേരത്ത് അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തയാറാകാതെ 'പ്രതിപക്ഷ'ത്തിരിക്കാന്‍ തീരുമാനിച്ചത് അബദ്ധമായിരുന്നുവെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല.
ഖാലിദ് മോഴിക്കല്‍, പൂക്കോട്ടൂര്‍

റ്റൊരു ഹിജ്‌റ വര്‍ഷവും കൂടി കടന്നുവരുന്നു. പഴയ കാലങ്ങളില്‍ ഹിജ്‌റ വര്‍ഷം നമുക്കൊരിക്കലും അന്യമായിരുന്നില്ല. ജനന-മരണ- വിവാഹ വ്യവഹാരങ്ങളിലെല്ലാം നാം ഹിജ്‌റ വര്‍ഷവും കൂടി ഉള്‍പ്പെടുത്തിയിരുന്നു. അടുത്ത കാലത്ത് വരെ ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റും തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റും നല്‍കിയിരുന്നത് ഹിജ്‌റ വര്‍ഷ പ്രകാരമായിരുന്നു. ഇന്ന് സുഊദി അറേബ്യയില്‍ പോലും വളരെ കുറച്ച് കമ്പനികള്‍ മാത്രമാണ് ഹിജ്‌റ വര്‍ഷ പ്രകാരം ശമ്പളം നല്‍കിവരുന്നത്. ഇസ്‌ലാമിക നവജാഗരണങ്ങള്‍ പല മേഖലകളിലും ദൃശ്യമാണെങ്കിലും ഹിജ്‌റ വര്‍ഷം പോലുള്ള ചരിത്ര ചിഹ്നങ്ങള്‍ യവനികക്കുള്ളില്‍ മറയുന്നതുപോലെ!
നസീര്‍ പളളിക്കല്‍ രിയാദ്

മുഹമ്മദ് ശമീം എഴുതിയ 'ഹാഗാറിന്റെ വീട്' (ലക്കം 2870) എന്ന ലേഖനം നല്ലൊരു വായനാനുഭവമായിരുന്നു. ലേഖകന്‍ കഅ്ബാ പ്രദക്ഷിണത്തെ, അപ്രദക്ഷിണമാക്കിയതില്‍ അല്‍പം അഭംഗി അനുഭവപ്പെടുന്നു. പ്രദക്ഷിണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ 'പരിക്രമം' ആവാമല്ലോ. ചില തെറ്റായ പദങ്ങള്‍ കാലപ്പഴക്കം കൊണ്ട് നമുക്ക് അംഗീകരിക്കേണ്ടിവരാറുണ്ട്. അദ്ദേഹം തന്നെ എഴുതിയ ഒരു വാചകം - 'സാറയും ഹാഗാറും അബ്രഹാമിന്റെ ഭാര്യമാരാണ്.' ഭാര്യ എന്നാല്‍ ഭരിക്കപ്പെടുന്നവള്‍. ഇസ്‌ലാമിക സങ്കല്‍പം അങ്ങനെയല്ലല്ലോ. ഇണയല്ലേ? ഓരോ പദപ്രയോഗവും അപഗ്രഥിക്കാന്‍ തുനിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാകും. 'വലം' വെക്കുകയല്ലാതെ നമ്മള്‍ 'ഇടം' വെക്കാറില്ലല്ലോ!
ഡോ. എം. ഹനീഫ്, മെഡിക്കല്‍ കോളേജ് കോട്ടയം

ക്കം 2869 പതിവില്‍ കൂടുതല്‍ ഉള്‍ക്കനമുള്ളതായി തോന്നി. ശീഈ-സുന്നി വിയോജിപ്പിന്റെ കാതല്‍ വിശദമാക്കിയ എം.വി മുഹമ്മദ് സലീമിന്റെ 'മറുവായന'യും സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ യാത്രാവിവരണവും വേറിട്ട എഴുത്തുകളായി. 'ഇസ്‌ലാമിക വായന'യുടെ പുറത്തേക്ക് വഴിതുറക്കുന്ന 'റീഡിംഗ് റൂം' വായനയുടെ അനേകം വാതിലുകളാണ് തുറന്നിടുന്നത്.
ബാപ്പു കൂട്ടിലങ്ങാടി

ഭൂമിയിലെ സ്വര്‍ഗീയതകളില്‍ മതിമറന്ന് ജീവിക്കുന്ന നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ പലപ്പോഴും നാം മറന്നുപോകുന്നു. ഇങ്ങനെ മറന്നുപോകുന്ന വലിയ വലിയ അനുഗ്രഹങ്ങളെ നമുക്ക് മുന്നില്‍ കാണിച്ചു തരുകയാണ് സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ 'മരുഭൂമിയുടെ സ്വപ്നങ്ങളിലുമുണ്ട് നിറയെ മരുപ്പച്ചകള്‍' (ലക്കം 2868) എന്ന ലേഖനം.
നിഷാദലി ഇ.സി കടന്നമണ്ണ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 28-30
എ.വൈ.ആര്‍