Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 24

'വൃക്ഷനിയമ'ത്തിലെ ശിക്ഷണ പാഠങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         ആദിപിതാവ് ആദവും ഹവ്വായും 'വിലക്കപ്പെട്ട കനി' തിന്ന കഥ ഖുര്‍ആന്‍ വിശദമായി പ്രതിപാദിച്ചത് കാണാം. വിശുദ്ധ ഗ്രന്ഥം പറഞ്ഞ ആദ്യ കഥയാണത്. മഹത്തായ ശിക്ഷണ പാഠങ്ങള്‍ നല്‍കുന്ന ആ കഥക്ക് വിശാലമായ അര്‍ഥതലങ്ങളുണ്ട്. മനുഷ്യ ചരിത്രത്തില്‍ ആദ്യമെന്ന് പറയാവുന്ന 'വിലക്കപ്പെട്ട വൃക്ഷ'ത്തിന്റെ കഥ ഖുര്‍ആനിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സൂറത്തുല്‍ ബഖറയുടെ ആദ്യത്തിലാണ്. ലോകത്തെ ഒന്നാമത്തെ ദമ്പതികളും കുടുംബവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കഥയുടെ ഉള്ളടക്കം. ചരിത്രത്തില്‍ ആദ്യമുണ്ടായ തെറ്റിന്റെയും കുറ്റത്തിന്റെയും നിര്‍വഹണത്തില്‍ ദമ്പതികള്‍ ഇരുവരും ഒരുപോലെ പങ്കാളികളായി. ഭൂമിയിലെ ദൗത്യം ഏറ്റെടുക്കാന്‍ നിയുക്തനായ മനുഷ്യന് നല്‍കുന്ന ശിക്ഷണ പാഠങ്ങളും നിര്‍ദേശങ്ങളും നിയമങ്ങളുമാണ് വൃക്ഷത്തിന്റെ കഥ പറയുമ്പോള്‍ ചുരുള്‍ നിവരുന്നത്. എന്തൊക്കെയാണ് 'വൃക്ഷ'ത്തിന്റെ നിയമങ്ങളും ചട്ടങ്ങളും? നമ്മുടെ സംസ്‌കാരത്തിനും മക്കളുടെ സ്വഭാവ ശീലങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും അത് എങ്ങനെ പ്രയോജനപ്പെടുത്താം? വൃക്ഷനിയമങ്ങളിലെ പത്ത് ശിക്ഷണ പാഠങ്ങള്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.
ഒന്ന്, ആജ്ഞകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വ്യക്തത വേണം. അല്ലാഹു ആദമിന് നല്‍കിയ നിര്‍ദേശം വ്യക്തമായും വിശദമായും ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ''നാം പറഞ്ഞു: ആദം! നീയും നിന്റെ പത്‌നിയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. നിങ്ങള്‍ രണ്ടുപേരും ആഗ്രഹിക്കുന്നത് സുഭിക്ഷമായി ആഹരിക്കുകയും ചെയ്തുകൊള്ളുക. (ഒന്നു മാത്രം) ഈ വൃക്ഷത്തോട് നിങ്ങള്‍ രണ്ടു പേരും അടുത്തു പോകരുത്.'' തിന്നാന്‍ പാടില്ലാത്ത കനിയുടെ വൃക്ഷമേതെന്ന് വ്യക്തമായി ചൂണ്ടിക്കാണിച്ചുകൊടുത്തു. 'ഈ വൃക്ഷം' എന്ന് പ്രത്യേകം നിര്‍ണയിച്ചുകൊടുത്തപ്പോള്‍ മറ്റെല്ലാ വൃക്ഷങ്ങളുടെയും കനികള്‍ ആഹരിക്കാന്‍ അനുവാദമുണ്ടെന്ന് സൂചിപ്പിക്കുകയായിരുന്നു.
രണ്ട്, ഒന്ന് നാം വിലക്കുകയോ നിരോധിക്കുകയോ ചെയ്യുമ്പോള്‍ പകരം മറ്റൊന്ന് മുന്നോട്ടുവെക്കേണ്ടതുണ്ട്. ആദമിനും പത്‌നിക്കും, പകരം തിന്നാവുന്നത് അല്ലാഹു പറഞ്ഞുകൊടുത്തുവല്ലോ: ''നിങ്ങള്‍ രണ്ടു പേരും ആഗ്രഹിക്കുന്നതെല്ലാം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക''. ഒരു മരമൊഴികെ സ്വര്‍ഗത്തിലുള്ള എല്ലാ മരങ്ങളും അനുവദനീയമാണ്. ഒരു വിലക്കിനും നിരോധത്തിനും പകരമായി നിരവധി പകരങ്ങളുടെ സാധ്യതകള്‍ കാണിച്ചുകൊടുത്തു.
മൂന്ന്, തെറ്റ് ചെയ്തവനോട് ശാന്തമായി സംസാരിച്ച് അയാള്‍ ചെയ്ത തെറ്റ് ബോധ്യപ്പെടുത്തി കൊടുക്കുക: ''അവര്‍ രണ്ടുപേരുടെയും നാഥന്‍ അവര്‍ രണ്ടുപേരെയും വിളിച്ചു (ചോദിച്ചു): നിങ്ങള്‍ രണ്ടു പേര്‍ക്കും 'ആ മരം' ഞാന്‍ വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങള്‍ രണ്ടു പേര്‍ക്കും തെളിഞ്ഞ ശത്രുവാണെന്ന് നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ ഉണര്‍ത്തിയിരുന്നില്ലേ''. ദേഷ്യമോ കാര്‍ക്കശ്യമോ കലരാത്ത ശാന്തമായ വര്‍ത്തമാനം.
നാല്, തെറ്റ് ചെയ്തവന് കുറ്റം ഏറ്റുപറയാനും ക്ഷമാപണം നടത്താനുമുള്ള സന്ദര്‍ഭം നല്‍കുക: ''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചുപോയി. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ നഷ്ടം പിണഞ്ഞവരില്‍ അകപ്പെട്ടുപോകും ഞങ്ങള്‍''.
അഞ്ച്, ക്ഷമാപണം നടത്തുന്നവനെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ക്ഷമാപണം അംഗീകരിക്കുകയും ചെയ്യുക. ''ആദമിന് തന്റെ രക്ഷിതാവില്‍നിന്ന് ചില വചനങ്ങള്‍ ലഭിച്ചു. പശ്ചാത്താപം സ്വീകരിച്ചു. തീര്‍ച്ചയായും അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു''. ആദം തന്റെ തെറ്റില്‍ ഉറച്ചുനിന്നില്ല. ദുര്‍ബോധനം നല്‍കിയ പിശാചില്‍ കുറ്റം ആരോപിച്ചതുമില്ല. കുറ്റത്തിന്റെ ഉത്തരവാദിത്വം ആദം സ്വയം ഏറ്റെടുത്തു. അപ്പോള്‍ അല്ലാഹു ആദമിന്റെ ക്ഷമാപണം സ്വീകരിക്കുകയും ആദമിനെ തന്റെ തിരുനോട്ടത്താല്‍ കടാക്ഷിക്കുകയും ചെയ്തു. ''പിന്നെ അദ്ദേഹത്തെ തന്റെ നാഥന്‍ തെരഞ്ഞെടുക്കുകയും പശ്ചാത്താപം സ്വീകരിക്കുകയും നേര്‍വഴി കാണിച്ചുകൊടുക്കുകയും ചെയ്തു.''
ആറ്, തെറ്റ് ചെയ്യാനുള്ള ഹേതുക്കളും കാരണങ്ങളും മനസ്സിലാക്കി കൊടുക്കുക. പിശാചാണ് തെറ്റിന്റെ മുഖ്യ കാരണം. നിത്യവാസത്തിനും ആധിപത്യത്തിനുമുള്ള മനുഷ്യന്റെ മോഹമാണ് പിശാച് ചൂഷണം ചെയ്തത്. ''പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി പറഞ്ഞു: ആദമേ, ശാശ്വതമായ വാസത്തിനും നശിച്ചു തീരാത്ത ആധിപത്യത്തിനും ഉതകുന്ന ഒരു വൃക്ഷത്തെക്കുറിച്ച് ഞാന്‍ നിന്നെ അറിയിക്കട്ടെയോ?'' പിശാച് തന്റെ ശത്രുവാണ് എന്നറിഞ്ഞ് തന്നെ അവന്റെ ദുര്‍ബോധനത്തിനും ചീത്ത ചിന്തകള്‍ക്കും ആദം വഴിപ്പെട്ടു. 'മരത്തോട് അടുക്കരുത്' എന്ന അല്ലാഹുവിന്റെ ആജ്ഞയും നിര്‍ദേശവുമെല്ലാം ആദം അന്നേരം മറന്നുപോയി. മനുഷ്യന്‍ തെറ്റില്‍ അകപ്പെടുന്നത് അധികവും അജ്ഞതകൊണ്ടോ കാമനകള്‍ക്ക് അടിപ്പെട്ടോ ആണ്.
ഏഴ്, ശിക്ഷാ നടപടി. തെറ്റ് ചെയ്തവന്‍ അതേറ്റ് പറഞ്ഞു സമ്മതിക്കുകയും ക്ഷമാപണം സ്വീകരിക്കുകയും ചെയ്താല്‍ പിന്നെ വേണ്ടത് അച്ചടക്ക നടപടിയാണ്. ''നിങ്ങളിരുവരും അവിടെ (സ്വര്‍ഗത്തില്‍)നിന്ന് ഇറങ്ങി പോവുക.''
എട്ട്, സംഭവിച്ചുപോയ തെറ്റ് ചൂണ്ടിക്കാണിച്ച ശേഷം ഭാവി ജീവിതം ക്രമപ്പെടുത്താനുള്ള നിര്‍ദേശം. ആദമും ഹവ്വയും ചെയ്ത തെറ്റ് ഇരുവരെയും ബോധ്യപ്പെടുത്തിയ ശേഷം അല്ലാഹുവിനെ അനുസരിക്കുകയും പിശാചിനെ ശത്രുവായി ഗണിച്ച് ജാഗ്രതയോടെ കരുതിയിരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വിവരിച്ചുകൊടുത്തു. ''നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാണ്. എന്നില്‍ നിന്ന് നിങ്ങള്‍ക്ക് സന്മാര്‍ഗദര്‍ശനം ലഭിച്ചുവെന്നിരിക്കട്ടെ, ആ സന്മാര്‍ഗം പിന്തുടരുന്നവര്‍ വഴിപിഴക്കില്ല. നിര്‍ഭാഗ്യവാന്മാര്‍ ആവേണ്ടിയും വരില്ല.'' വസിക്കാന്‍ പോകുന്ന ഭൂമിയെ സംബന്ധിച്ച് വ്യക്തത വരുത്തി. ''നാം പറഞ്ഞു: എല്ലാവരും പുറത്തുപോകുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. ഭൂമിയിലാണ് നിങ്ങള്‍ക്ക് സ്ഥിരവാസം. നിര്‍ണിത അവധിവരെ ജീവിത സൗകര്യങ്ങളും അവിടെയുണ്ടാവും.''
ഒമ്പത്, കള്ളപ്രചാരണങ്ങളെ അതിജീവിക്കാനുള്ള വൈദഗ്ധ്യം. ശാശ്വതവാസത്തിന്റെയും ഒടുങ്ങാത്ത ആധിപത്യത്തിന്റെയും സുന്ദര സ്വപ്നങ്ങളും കാമനകളും സൃഷ്ടിച്ച് ആദമിന്റെയും ഹവ്വയുടെയും ബുദ്ധിയിലും വിവേകത്തിലും കയറികളിക്കുകയായിരുന്നു പിശാച്. അല്ലാഹുവിനെ ധിക്കരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടപ്പോള്‍ അവര്‍ക്ക് വസ്തുതകള്‍ ബോധ്യമായി. ''അവര്‍ രണ്ടുപേരും ആ കനി ഭക്ഷിച്ചു. അപ്പോള്‍ അവര്‍ക്ക് അവരുടെ നാണം വെളിപ്പെട്ടു. സ്വര്‍ഗത്തിലെ ഇലകളൊട്ടിച്ച് അവര്‍ ഇരുവരും തങ്ങളുടെ നാണം മറച്ചു. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ വഴിപിഴച്ചു.'' ദുര്‍ബോധനം നടത്തി ഒരു മലക്കായിരുന്നു താനെന്ന് ആദമിനെ ബോധ്യപ്പെടുത്താനാണ് വ്യാജ ജല്‍പനങ്ങളിലൂടെ പിശാച് ശ്രമിച്ചത്. മലക്കുകള്‍ തനിക്ക് സാഷ്ടാംഗം ചെയ്തിരിക്കെ താന്‍ മലക്കല്ല, മനുഷ്യനാണ് എന്ന് ആദമിന് നന്നായി അറിയാമായിരുന്നിട്ടും പിശാച് വിരിച്ച വലയില്‍ ആദം വീണുപോയി.
പത്ത്, സ്വന്തത്തെ തിരിച്ചറിയുകയും അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ചെയ്യുക. ആദം ഈ അനുഭവത്തില്‍ നിന്ന് നിരവധി പാഠങ്ങള്‍ പഠിച്ചു. മനുഷ്യ മനസ്സ് വികാരങ്ങള്‍ക്ക് പിറകെ പോകുമെന്നും എല്ലാവരും സത്യസന്ധരോ സദ്‌വൃത്തരോ നല്ലവരോ അല്ലെന്നുമുള്ള പാഠം. ''പിശാച്, അവന്‍ അവര്‍ രണ്ടു പേരോടും സത്യം ചെയ്തു പറഞ്ഞു: ഞാന്‍ നിങ്ങള്‍ രണ്ടു പേരോടും ഗുണകാംക്ഷയുള്ളവരുടെ കൂട്ടത്തിലാണ്.'' മനുഷ്യന്‍ തന്നോട് തന്നെ അതിക്രം ചെയ്ത്‌പോകും (അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു). മനുഷ്യന് മറവി സംഭവിക്കാം (നാം ആദമിനോട് നേരത്തെ കരാര്‍ വാങ്ങിയിട്ടുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അത് മറന്നു. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല). സ്വര്‍ഗപ്രവേശത്തിന് മുമ്പ് തന്നെ അല്ലാഹു ആദമിനെ ഉണര്‍ത്തിയിട്ടുണ്ടായിരുന്നു (നാം പറഞ്ഞു: ആദമേ, ഇവന്‍ നിനക്കും നിന്റെ പത്‌നിക്കും ശത്രുവാണ്. നിങ്ങള്‍ രണ്ടുപേരെയും സ്വര്‍ഗത്തില്‍ നിന്ന് പുറംതള്ളാന്‍ അവന്‍ ഹേതുവായിക്കൂടാ. അങ്ങനെ സംഭവിച്ചാല്‍ നീ ഹതഭാഗ്യനാവും). അല്ലാഹു പൊറുക്കും, കരുണ കാണിക്കും (പിന്നെ അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും പശ്ചാത്താപം സ്വീകരിക്കുകയും സന്മാര്‍ഗം കാണിച്ചു കൊടുക്കുകയും ചെയ്തു).
ഇവയാണ് 'വൃക്ഷനിയമ'ത്തിലെ ശിക്ഷണ പാഠങ്ങള്‍. നമ്മുടെ സംസ്‌കാരത്തിനും മക്കളുടെ ശിക്ഷണത്തിനും ആധാരമാക്കേണ്ട അടിസ്ഥാന നിയമങ്ങള്‍. കാര്യങ്ങള്‍ വ്യക്തമായും വിശദമായും ബോധ്യപ്പെടുത്തിക്കൊടുക്കാതെ മക്കളെ ശിക്ഷിക്കാന്‍ ഒരുങ്ങരുത്. അവരുടെ അഭിപ്രായം തുറന്നു പറയാന്‍ അവസരം നല്‍കണം. അവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കണം. ശകാരത്തിന്റെയോ അടിയുടെയോ അകമ്പടിയില്ലാതെ അവരുടെ ക്ഷമാപണം തുറന്ന മനസ്സോടെ സ്വീകരിക്കണം. ശിക്ഷാ നടപടിയുടെ ഉദ്ദേശ്യം വ്യക്തമാക്കിയും തെറ്റില്‍ തന്നെ തുടര്‍ന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാണിച്ചും വേണം അത്തരം നീക്കങ്ങള്‍. ബന്ധങ്ങളുടെ കണ്ണിയറ്റ് പോകാതെയും അവരുടെ ക്ഷമാപണം സ്വീകരിച്ചുമായിരിക്കണം എല്ലാ ശിക്ഷാ നടപടികളുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഇപ്പോള്‍ പ്രസക്തമായ ഒരു ചോദ്യം: ''എന്തുകൊണ്ട് ആദമിന്റെയും പത്‌നിയുടെയും ക്ഷമാപണം സ്വീകരിച്ച് അവരെ സ്വര്‍ഗത്തില്‍ തന്നെ തുടര്‍ന്ന് ജീവിക്കാന്‍ അല്ലാഹു അനുവദിച്ചില്ല?'' ഉത്തരം: കാരണം അവര്‍ രണ്ടുപേരെയും ഭൂമിയില്‍ ഖിലാഫത്തിന്റെ ദൗത്യവുമായാണ് അല്ലാഹു നിയോഗിച്ചതും അതിനു വേണ്ടിയാണ് സൃഷ്ടിച്ചതും. വിലക്കപ്പെട്ട വൃക്ഷം ചൂണ്ടിക്കാട്ടി അവരുടെ ഭാവി ജീവിതത്തിനുതകുന്ന ശിക്ഷണ പാഠങ്ങള്‍ പ്രയോഗതലത്തില്‍ നല്‍കുകയായിരുന്നു അല്ലാഹു. സ്വന്തത്തോടും അല്ലാഹുവിനോടും പിശാചിനോടും എങ്ങനെ വര്‍ത്തിക്കണം എന്ന മഹത്തായ പാഠം. ആദമിന്റെ സന്തതി പരമ്പരകള്‍ ലോകാന്ത്യം വരെ ഓര്‍മയില്‍ വെക്കേണ്ട ശിക്ഷണ പാഠം.
വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 28-30
എ.വൈ.ആര്‍