Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 24

പശ്ചിമ ബംഗാളില്‍നിന്ന് <br>പുതിയ വര്‍ത്തമാനങ്ങളുണ്ട്

മുഹമ്മദ് നൂറുദ്ദീന്‍ ഷാഹ്/സദ്‌റുദ്ദീന്‍ വാഴക്കാട് /അഭിമുഖം

ജമാഅത്തെ ഇസ്‌ലാമി പശ്ചിമ ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് നൂറുദ്ദീന്‍ ഷാഹ് ചരിത്രത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദമുള്ള ഹൈസ്‌കൂള്‍ അധ്യാപകനും എഴുത്തുകാരനുമാണ്. 1968-ല്‍ '24 സൗത്ത് പര്‍ഗാനാസ്' ജില്ലയിലെ മദാര്‍പാടയില്‍ ജനിച്ച അദ്ദേഹം എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ കൂടിയാലോചനാ സമിതി അംഗവും ആയിരുന്നു. മീസാന്‍ വീക്‌ലിയുടെ മുന്‍ എഡിറ്ററായ അദ്ദേഹം 40-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ മുസ്‌ലിം പിന്നാക്കാവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. അതിന്റെ കാരണങ്ങളും കണക്കുകളും ഇനിയും ചര്‍വിതചര്‍വണം ചെയ്യുന്നതില്‍ അര്‍ഥമില്ല. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രായോഗിക വഴികള്‍ എന്തൊക്കെയാണ്?
പശ്ചിമ ബംഗാള്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള അടിസ്ഥാന മാര്‍ഗം, സമുദായം സ്വയം മാറ്റത്തിന് തയാറാവുക എന്നതാണ്. 'സ്വയം മാറാത്ത ഒരു ജനതയെയും അല്ലാഹു പരിവര്‍ത്തിപ്പിക്കുകയില്ല' എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത് സംസ്ഥാനത്തെ മുസ്‌ലിംകളെ സംബന്ധിച്ച് പ്രധാനമാണ്. പിന്നാക്കാവസ്ഥയുടെ ഒന്നാമത്തെ ഉത്തരവാദി മുസ്‌ലിം സമുദായം തന്നെയാണ്. അതുകൊണ്ട് മുന്നേറ്റം സാധ്യമാകാന്‍ മുസ്‌ലിംകള്‍ സ്വയം തീരുമാനമെടുക്കുകയും പരിശ്രമിക്കുകയും വേണം.
വിദ്യാഭ്യാസമാണ് പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള രണ്ടാമത്തെ വഴി. വിദ്യാഭ്യാസത്തിന്റെ ബഹുമുഖ മേഖലകളിലേക്ക് മുസ്‌ലിംകള്‍ കടന്നുവരണം. അതിനവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണം. വിദ്യാഭ്യാസത്തിലൂടെ ഗവണ്‍മെന്റ് ഉദ്യോഗം ലക്ഷ്യം വെക്കുകയും അത് കിട്ടാതാകുമ്പോള്‍ നിരാശരാവുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇത് മാറണം. ഗവണ്‍മെന്റ് ഉദ്യോഗം മാത്രമല്ലല്ലോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ബിസിനസ് രംഗത്ത് വലിയ സാധ്യതകളുണ്ട്. അതിലൂടെ സാമ്പത്തിക വളര്‍ച്ച നേടാനും സാമൂഹികമായി മുന്നേറാനും കഴിയും. ഏതൊരു മേഖലയില്‍ പ്രവര്‍ത്തിക്കാനും അതിന്റേതായ വിദ്യാഭ്യാസം അനിവാര്യമാണ്. കൃഷി, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം ഇവിടത്തെ മുസ്‌ലിംകള്‍ സാധാരണ തൊഴിലാളികള്‍ മാത്രമാണ്. ഈ രംഗങ്ങളിലെല്ലാം ആവശ്യമായ അറിവും ആധുനിക സാങ്കേതിക പരിശീലനവും സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാമ്പത്തിക പിന്തുണയും ലഭിക്കേണ്ടതുണ്ട്. കോടിക്കണക്കിന് രൂപയുടെ വിദേശ വരുമാനം ലഭിക്കുന്ന പശ്ചിമ ബംഗാളിലെ ഫിഷിംഗ് മേഖലയില്‍ മുസ്‌ലിംകള്‍ തൊഴിലാളികള്‍ മാത്രമാണ്. ഈ രംഗത്ത് പരിശീലനവും മറ്റു പിന്തുണയും നല്‍കി അവരെ മികച്ച സംരംഭകരാക്കി മാറ്റാം. വലിയൊരു വിഭാഗം നെല്‍കൃഷിയില്‍ ഏര്‍പെടുന്നുണ്ടെങ്കിലും അവര്‍ക്ക് അരിമില്ലുകള്‍ സ്വന്തമായി ഇല്ല. കടുക് കര്‍ഷകരും അപ്രകാരം തന്നെ, അവര്‍ക്ക് കടുകെണ്ണ ഉണ്ടാക്കുന്ന മില്ലുകള്‍ ഇല്ല. ഇതുകൊണ്ട്, കര്‍ഷകരും തൊഴിലാളികളും സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയില്‍ തുടരാന്‍ ഇടയാകുന്നു. ഈ അവസ്ഥ മാറണമെങ്കില്‍ അരി മില്ലുകള്‍, ഓയില്‍ മില്ലുകള്‍, മീന്‍ കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ തുടങ്ങിയവ ഉണ്ടാകണം. വലിയ വ്യവസായങ്ങള്‍ക്ക് പകരം, ആദ്യ ഘട്ടത്തില്‍ ചെറുകിട പ്രാദേശിക-കുടില്‍ വ്യവസായങ്ങളാണ് തുടങ്ങേണ്ടത്. 'വിഷന്‍ 2016' ഈ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ ഗ്രാമങ്ങളുടെ മുഖഛായ തന്നെ മാറിയേക്കും.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. പള്ളികളേക്കാള്‍ പള്ളിക്കൂടങ്ങളാണ് പശ്ചിമ ബംഗാളില്‍ പണിയേണ്ടത്. ചെറിയ പള്ളികളുണ്ടെങ്കിലും നമസ്‌കാരം നടക്കും. വന്‍ തുക ചെലവഴിച്ച് വലിയ പള്ളികള്‍ പണിയേണ്ടതില്ല. മറിച്ച്, ഈ ജനത പുരോഗതി പ്രാപിക്കണമെങ്കില്‍ മികച്ച വിദ്യാഭ്യാസം നല്‍കണം. അതിന് നല്ല സ്‌കൂളുകള്‍, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍, സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ലൈബ്രറികള്‍ തുടങ്ങിയവ ഉണ്ടാകണം. നല്ല വിദ്യാഭ്യാസം നല്‍കാന്‍ നല്ല അധ്യാപകര്‍ വേണം. നല്ല അധ്യാപകര്‍ക്ക് കാര്യമായ ശമ്പളം നല്‍കണം. ഇതിനെല്ലാം ധാരാളം പണം വേണം. അതുകൊണ്ട് പശ്ചിമ ബംഗാളില്‍ മികച്ച സ്‌കൂളുകള്‍ സ്ഥാപിക്കുക എന്നതാകട്ടെ നമ്മുടെ ലക്ഷ്യം.

ഗവണ്‍മെന്റ് പദ്ധതികള്‍ ഈ മേഖലകളില്‍ പ്രയോജനപ്പെടുത്താമല്ലോ?
നിരവധി ഗവണ്‍മെന്റ് പദ്ധതികള്‍ ഈ രംഗത്തെല്ലാമുണ്ട്. പക്ഷേ, അവ അറിയാനും ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. അവ യഥാസമയം അറിഞ്ഞ് പ്രയോജനപ്പെടുത്തുന്നതില്‍ നാം പുറകിലാണ്. ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനും അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനും ഒരു സ്ഥിരം ടീം ഉണ്ടാകേണ്ടതുണ്ട്.
സ്ഥിര സ്വഭാവത്തില്‍, ആസൂത്രണത്തോടെ ഒരു കാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് മുസ്‌ലിംകളുടെ വലിയൊരു പരിമിതി. ഒരു വിഷയത്തില്‍ നല്ല തീരുമാനങ്ങള്‍ എടുക്കുകയും ആദ്യ ചുവടുവെപ്പ് നടത്തുകയും ചെയ്യും. പിന്നെ അത് വഴിയില്‍ ഉപേക്ഷിക്കും. പശ്ചിമബംഗാളിലും ഇതു തന്നെയാണവസ്ഥ. മമത ബാനര്‍ജി അധികാരത്തില്‍ വന്ന ഉടന്‍, ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഏതാനും മുസ്‌ലിം നേതാക്കളും ബുദ്ധിജീവികളും യോഗം ചേര്‍ന്ന്, ഒരു ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്‌സ് തയാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയുണ്ടായി. മുസ്‌ലിംകളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ പിന്നീട് സമിതിക്ക് കഴിഞ്ഞില്ല. ഇത് ആരുടെ കുറ്റം കൊണ്ടാണ്?
ഒന്നും നമുക്ക് എളുപ്പത്തില്‍ ലഭിക്കുകയില്ല. പരിശ്രമിച്ചും പൊരുതിയും നേടിയെടുക്കണം. ഈ മനസ്സ് മുസ്‌ലിം സമൂഹത്തില്‍ വളരേണ്ടതുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും, 'വിഷന്‍ 2016' നു നേതൃത്വം നല്‍കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റും പ്രധാനമായും ശ്രമിച്ചുകൊണ്ടിരിക്കുന്നത് സമൂഹത്തിന്റെ മാനസികാവസ്ഥ ഗുണകരമായി മാറ്റുന്നതിനു വേണ്ടിയാണ്. സ്‌കോളര്‍ഷിപ്പുകളും മറ്റു സഹായങ്ങളും നല്‍കുന്നതിലുപരിയായി, പുതുതലമുറയില്‍ പൊരുതി നേടാനുള്ള മനസ്സ് സൃഷ്ടിക്കുകയും അത് തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസം പകരുകയുമാണ് ചെയ്യുന്നത്.

മൂന്ന് പതിറ്റാണ്ടോളം നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണല്ലോ മമത ബാനര്‍ജി അധികാരത്തില്‍വന്നത്. മുസ്‌ലിംകളെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം എത്രത്തോളം പ്രതീക്ഷ നല്‍കുന്നുണ്ട്?
മമത ബാനര്‍ജിയുടെ ഭരണം മുസ്‌ലിംകളെ സംബന്ധിച്ച് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.  ഇടതുഭരണവുമായി തുലനം ചെയ്യുമ്പോള്‍, മുസ്‌ലിംകളോട് ക്രിയാത്മക സമീപനമല്ല മമത സ്വീകരിക്കുന്നത്. സി.പി.എം ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിയുമായോ മറ്റു മന്ത്രിമാരുമായോ കൂടിക്കാഴ്ച നടത്താന്‍ പ്രയാസമുണ്ടായിരുന്നില്ല. നമുക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. എനിക്ക് തന്നെ പല തവണ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി കൂടിക്കാഴ്ചക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്നാല്‍, മമത വന്നശേഷം, മുഖ്യമന്ത്രിയെയോ മറ്റു മന്ത്രിമാരെയോ കാണാന്‍ പോലും മുസ്‌ലിം നേതൃത്വത്തിന് അനുവാദം ലഭിക്കുന്നില്ല. മമതയെ സന്ദര്‍ശിക്കാനുള്ള അനുമതിക്കുവേണ്ടി അധികാരമേറ്റതു മുതല്‍ ജമാഅത്ത് നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ സമ്മതിച്ചിട്ടില്ല. തന്റെ റാന്‍മൂളികളെപ്പോലെ നടക്കുന്ന ചില മുസ്‌ലിം നേതാക്കളെ മാത്രമേ മമത പരിഗണിക്കൂ. ആ നേതാക്കള്‍ക്ക് സ്വന്തം നേട്ടങ്ങള്‍ മാത്രമാണ് ലക്ഷ്യം, സമുദായമല്ല. മൈനോറിറ്റി ബുദ്ധിജീവി മഞ്ച്, ആള്‍ ഇന്ത്യാ മുസ്‌ലിം തിങ്ക്ടാങ്ക് തുടങ്ങിയ സംഘടനകള്‍ ഉദാഹരണം. ഗവണ്‍മെന്റ് അനുകൂല മുസ്‌ലിം ദിനപത്രം ഖലം മമത അധികാരത്തില്‍ വന്ന ശേഷം തുടങ്ങിയതാണ്.

മുസ്‌ലിംകള്‍ക്ക് വേണ്ടി പലതും ചെയ്യുന്നുവെന്നാണല്ലോ മമതയുടെ പ്രഖ്യാപനം?
'ചൊടക് ദാരി' എന്നൊരു പ്രയോഗമുണ്ട് ബംഗാളില്‍. പ്രയോജനം ചെയ്യാത്ത പ്രവര്‍ത്തനം എന്ന് പറയാം. ശരീരത്തിന് യാതൊരു ഗുണവും ചെയ്യാത്ത ഭക്ഷണം ഉദാഹരണം. ഇതാണ് മമതയുടെ മുസ്‌ലിം സ്‌നേഹം. ചിലതൊക്കെ ചെയ്യുന്നു എന്ന് പറയുകയല്ലാതെ, പശ്ചിമ ബംഗാള്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യഥാര്‍ഥത്തില്‍ ഒന്നുംതന്നെ തൃണമൂല്‍ ഗവണ്‍മെന്റ് ചെയ്യുന്നില്ല. സംസ്ഥാനത്ത് 10000 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കിയതായി പ്രഖ്യാപനം വന്നു. എന്നാല്‍, ആര്‍ക്ക്, എവിടെ, എത്രവീതം മദ്‌റസ അനുവദിച്ചു എന്ന് ആരും ചോദിച്ചില്ല; ചോദിച്ചാലും മറുപടിയുണ്ടാവുകയുമില്ല. ഒരു മദ്‌റസ പോലും അനുവദിച്ചിട്ടില്ല എന്നതാണ് വസ്തുത.
ഒ.ബി.സി ക്വാട്ടയില്‍ മുസ്‌ലിംകള്‍ക്ക് ജോലി ലഭിക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പോള്‍, അതില്‍ മുസ്‌ലിം ശതമാനം എത്ര എന്ന് ആരും ചോദിച്ചില്ല. നിയമനം പൂര്‍ത്തിയായപ്പോള്‍ മുസ്‌ലിംകള്‍ക്ക് എന്ത് കിട്ടി എന്നും ആരും അന്വേഷിച്ചില്ല. മമത വന്നശേഷം, സ്‌കൂള്‍ സര്‍വീസിലെ മുസ്‌ലിം നിയമനത്തില്‍ ചെറിയ വര്‍ധനവുണ്ടായിട്ടുണ്ട്. വളരെയേറെ ശ്രമിച്ചിട്ടാണ് ഇതു സാധിച്ചത്. എന്നാല്‍, ആരോഗ്യം, പോലീസ് തുടങ്ങിയ മറ്റു സര്‍വീസുകളിലെല്ലാം അവര്‍ അധികാരമേറ്റ ശേഷം മുസ്‌ലിം പ്രാതിനിധ്യം കുറയുകയാണ് ചെയ്തത്.
നിയമന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബ്യൂറോക്രസിയുടെ വിവേചനമാണ് ഗവണ്‍മെന്റ് സര്‍വീസിലെ മുസ്‌ലിം പ്രാതിനിധ്യം കുറയാനുള്ള ഒരു പ്രധാന കാരണം. ഇതെക്കുറിച്ച് ബുദ്ധദേവ് ഭട്ടാചാര്യക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ബ്യൂറോക്രസിയെ നിയന്ത്രിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷേ, വിജയിക്കാനായില്ല. ഇവിടെ, ബ്യൂറോക്രസി ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്.
പള്ളി ഇമാമുമാര്‍ക്ക് നാമമാത്ര ശമ്പളം പ്രഖ്യാപിച്ചതാണ് മമത ചെയ്ത ഒരു കാര്യം. എന്നാല്‍, തുഛമായ ശമ്പളമല്ല, ഇമാമുമാരുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. പെണ്‍കുട്ടികള്‍ക്ക് 1000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് മറ്റൊന്ന്. വര്‍ഷത്തില്‍ 500-1000 രൂപ കിട്ടിയത് കൊണ്ട് എന്താണ് ഗുണം? നല്ല സ്‌കൂള്‍, നല്ല പരിശീലനം, നല്ല ജോലി... ഇതെല്ലാം ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് യത്‌നിക്കേണ്ടത്. നല്ല റോഡുകളുണ്ടാക്കാനും വെളിച്ചമെത്തിക്കാനും പദ്ധതി വേണം. ഇതൊന്നും ഇല്ലാതെ ചെറിയ താല്‍ക്കാലിക സഹായങ്ങള്‍ കൊണ്ടൊന്നും ഒരു ജനതക്ക് പുരോഗതി നേടാന്‍ കഴിയില്ല.
ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ക്ക് മമത നല്‍കുന്ന വന്‍ പ്രചാരണവും പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. ബി.ജെ.പിക്കും മറ്റും വര്‍ഗീയ മുതലെടുപ്പിന് ഇത് അവസരം നല്‍കുന്നു. 'മമത മുസ്‌ലിംകളുടെ കൂടെയാണ്, മുസ്‌ലിംകള്‍ക്ക് എല്ലാം കൊടുക്കുന്നു' എന്നാണ് തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചാരണം. യഥാര്‍ഥത്തില്‍ അടിസ്ഥാന പ്രശ്‌ന പരിഹാരത്തിനുതകുന്ന നല്ല പദ്ധതികളൊന്നും മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നുമില്ല. ചെറിയ ചില 'സഹായ'ങ്ങളുടെ പേരില്‍ പഴി കേള്‍ക്കേണ്ടിയും വരുന്നു. ഇടതുപക്ഷ ഗവണ്‍മെന്റ് ഇത്തരം കാര്യങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കാതെയാണ് ചെയ്തിരുന്നത്. മുസ്‌ലിംകളെ വേര്‍തിരിച്ച് ഈ വിധത്തില്‍ കാര്യങ്ങള്‍ ചെയ്യരുത് എന്ന്  പലതവണ തൃണമൂല്‍ ഗവണ്‍മെന്റിനോട് പത്ര സമ്മേളനത്തില്‍ ഞാന്‍ ആവശ്യപ്പെടുകയുണ്ടായി. പാവപ്പെട്ട പള്ളി ഇമാമുമാര്‍ക്ക് മാത്രമല്ല, അര്‍ഹരായ ക്ഷേത്ര പൂജാരിമാര്‍ക്കും ശമ്പളം നല്‍കണം, മുസ്‌ലിം കുട്ടികള്‍ക്കു മാത്രമല്ല, അര്‍ഹരായ ഹിന്ദു വിദ്യാര്‍ഥികള്‍ക്കും സൈക്കിളും സ്‌കോളര്‍ഷിപ്പും നല്‍കണം. ഗവണ്‍മെന്റ് നടപടികള്‍ സാമുദായിക ധ്രുവീകരണത്തിന് നിമിത്തമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതാണ് ജമാഅത്ത് മുന്നോട്ടുവെച്ച നിര്‍ദേശം.
സി.പി.എമ്മിനെ ജനങ്ങള്‍ക്ക് ഇഷ്ടമില്ലാതായപ്പോഴാണ് അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടത്. മമതയെയും ജനം വെറുത്തു തുടങ്ങിയിരിക്കുന്നു. പ്രതീക്ഷാനിര്‍ഭരമല്ല ഭരണം. നീതി നടപ്പിലാകുന്നില്ല, ജനം വല്ലാതെ ഭയന്നാണ് ജീവിക്കുന്നത്. ഗുണ്ടാരാജ് ആണ് സംസ്ഥാനത്ത് നടക്കുന്നത്. പോലീസിനെ പിന്നിലാക്കി ഗുണ്ടകള്‍ കാര്യങ്ങള്‍ നടത്തുന്നു. അല്ലെങ്കില്‍, ഗുണ്ടകള്‍ പിന്നില്‍നിന്ന് പോലീസിനെ നിയന്ത്രിക്കുന്നു. ജനങ്ങളുടെ മുമ്പില്‍ ഇടതിനും മമതക്കും അപ്പുറം മറ്റൊരു സാധ്യതയില്ല.
ഇടതിനെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും ജനം ഇഷ്ടപ്പെടുന്നില്ല എന്നതാണ് ബി.ജെ.പിക്ക് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ അവസരം നല്‍കിയത്. വോട്ടിംഗ് ശതമാനം നോക്കിയാല്‍ ബി.ജെ.പിക്ക് ആവേശം കൊള്ളാവുന്നതൊന്നും ഈ വിജയത്തില്‍ ഇല്ല. പക്ഷേ, ബി.ജെ.പി സമര്‍ഥമായി, ആസൂത്രിതമായി പ്രവര്‍ത്തിച്ചു. മാധ്യമങ്ങളെയും ബുദ്ധിജീവികളെയും വിലക്കെടുത്തു. അതിനായി വലിയ തോതില്‍ പണമൊഴുക്കി. സി.പി.എം - തൃണമൂല്‍ വിരുദ്ധര്‍ ഒത്തുചേര്‍ന്നു. ബി.ജെ.പി ഇവിടെ അധികാരത്തില്‍ വരികയൊന്നുമില്ല. പക്ഷേ, കുറച്ചുകൂടി സ്വാധീനം, പ്രത്യേകിച്ചും നഗരങ്ങളില്‍ നേടിയെടുക്കാന്‍ സാധ്യതയുണ്ട്. ടൗണ്‍ പ്രദേശങ്ങളില്‍ മാധ്യമ പ്രചാരണങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയും. പക്ഷേ, ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് കാര്യമായൊന്നും നേടാനാകില്ല. കാരണം, അവിടെ മീഡിയയുടെ സ്വാധീനമില്ല. പത്രം വായിച്ചും ടി.വി കണ്ടും പശ്ചിമ ബംഗാള്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ വോട്ടു ചെയ്യില്ല. അവിടത്തെ രാഷ്ട്രീയം മറ്റൊന്നാണ്. ഗ്രാമമുഖ്യന്മാരാണ് അത് നിയന്ത്രിക്കുന്നത്.

മുസ്‌ലിം സംഘടനകളുടെ ഭാഗത്തുനിന്ന് പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എന്തൊക്കെ ശ്രമങ്ങളാണ് നടക്കുന്നത്; അത് എത്രത്തോളം വിജയകരമാണ്?

അഖിലേന്ത്യാ-സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകള്‍ പശ്ചിമ ബംഗാളിലുണ്ട്. അവ കാര്യക്ഷമമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയോ, അതില്‍ വിജയിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇവിടുത്തെ മുസ്‌ലിംകളുടെ അവസ്ഥ ഇതാകുമായിരുന്നില്ലല്ലോ. അഖിലേന്ത്യാ സ്വഭാവമുള്ള ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന് സിദ്ദീഖുല്ലാ ചൗധരിയുടെയും ഹുസാമുദ്ദീന്റെയും നേതൃത്വത്തില്‍ രണ്ടു ഗ്രൂപ്പുകളുണ്ട്. തബ്‌ലീഗ് ജമാഅത്തിനും രണ്ടു ഗ്രൂപ്പുകളുണ്ട്. അഹ്‌ലെ ഹദീസ് മൂന്നോ നാലോ കഷ്ണങ്ങളായി ചിതറിപ്പോയിരിക്കുന്നു. സംസ്ഥാന തലത്തിലുള്ള 'സുന്നത്തുല്‍ ജമാഅത്ത്' ഏതാനും ജില്ലകളില്‍ പരിമിതമാണ്. ത്വാഹാ സിദ്ദീഖിയുടെ 'മുജദ്ദിദിയ ഒനാത്ത് ഫൗണ്ടേഷന്‍,' പീര്‍ ഹസ്‌റത്ത് അബൂബക്കര്‍ സിദ്ദീഖിയുടെ നാമധേയത്തിലുള്ള 'ഫുര്‍ഫുറ ശരീഫ്,' ആള്‍ ബംഗാള്‍ മൈനോറിറ്റി യൂത്ത് ഫെഡറേഷന്‍,  മദ്‌റസ സ്റ്റുഡന്റ്‌സ് യൂനിയന്‍, മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും ഇവിടെയുണ്ട്. ഇവയെല്ലാം, ആത്മീയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്ന കേവല മതസംഘടനകളാണ്. സാമൂഹിക രംഗത്ത് നാമമാത്ര സാന്നിധ്യമായ ഇവര്‍, രാഷ്ട്രീയ രംഗത്ത് ഒന്നുമല്ല. പള്ളികളും മദ്‌റസകളും സ്ഥാപിച്ച് നടത്തുക, വഅ്‌ളും നസ്വീഹത്തും സംഘടിപ്പിക്കുക എന്നതിനപ്പുറം മുസ്‌ലിംകളുടെ സാമൂഹികമോ, സാംസ്‌കാരികമോ, സാമ്പത്തികമോ, രാഷ്ട്രീയമോ ആയ വളര്‍ച്ച ഇവരുടെ വിഷയമേ അല്ല. സമുദായത്തിന്റെ പരിവര്‍ത്തനത്തെ സംബന്ധിച്ച് ഒരു ചിന്തയും പദ്ധതിയും ഇല്ലാത്ത ഇവര്‍, തെരഞ്ഞെടുപ്പ് സന്ദര്‍ഭങ്ങളില്‍ നാടിന്റെ നന്മക്കും സമുദായത്തിന്റെ പുരോഗതിക്കും വേണ്ടി ഏതു പാര്‍ട്ടിയെ പിന്തുണക്കണം എന്ന് ആലോചിക്കാറുമില്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എങ്ങനെയാണ് മുന്നോട്ട് പോകുന്നത്?
കേവല മതസംഘടന എന്ന നിലക്കല്ല, സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമെന്ന രീതിയിലാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നത്. സാമൂഹിക പുരോഗതി മുന്‍നിറുത്തി ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികള്‍ ജമാഅത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. ജമാഅത്തിന് വലിയ വിജയം നേടാനായി എന്ന് അവകാശപ്പെടാന്‍ കഴിയില്ല. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ തലത്തില്‍ പ്രബോധനത്തിനും (ദഅ്‌വത്ത്) ജനസേവനത്തിനുമാണ് പോളിസി- പ്രോഗ്രാമില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കിയത്. എന്നാല്‍, പശ്ചിമബംഗാളില്‍, ദഅ്‌വത്ത്, തര്‍ബിയത്ത്, ജനസേവനം എന്നിങ്ങനെയാണ് ജമാഅത്തിന്റെ ഊന്നല്‍. മുസ്‌ലിം സമൂഹത്തിന്റെ ആഭ്യന്തര സംസ്‌കരണമാണ് തര്‍ബിയ്യത്ത്. ജനസേവനവും തര്‍ബിയ്യത്തും പരസ്പര ബന്ധിതമാണ്. നേരത്തെ സൂചിപ്പിച്ച പോലെ, സമൂഹത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനാണ് ജമാഅത്ത് ഊന്നല്‍ നല്‍കുന്നത്. രണ്ടാമതായി വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ ശ്രദ്ധയൂന്നുകയും സംഘടനകള്‍ക്കും എന്‍.ജി.ഒകള്‍ക്കും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. അല്‍അമീന്‍ മിഷന്‍ ട്രസ്റ്റ്, ജി.ഡി അക്കാദമി തുടങ്ങിയ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചോദനമുണ്ട്. ജമാഅത്ത് തന്നെ സ്ഥാപിച്ചിട്ടുള്ള അല്‍മനാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും 'വിഷന്‍ 2016'-ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എടുത്ത് പറയേണ്ടതാണ്.
പശ്ചിമബംഗാളിലെ മുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉണര്‍വുകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അല്‍അമീന്‍ മിഷന്‍, അല്‍മനാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ജി.ഡി അക്കാദമി തുടങ്ങിയവയുടെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെറുതെങ്കിലും നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തും മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലും മുമ്പത്തെ അപേക്ഷിച്ച് ധാരാളം പേര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ബംഗാളിനെ സംബന്ധിച്ച് ഇത് പ്രതീക്ഷാജനകമാണ്. കാരണം ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്.
ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താപരമായ സ്വാധീനം ചില മേഖലകളില്‍ ഉണ്ടായിട്ടുണ്ട്. ജമാഅത്തിനെയും മൗദൂദി സാഹിബിനെയും എതിര്‍ക്കുന്നവര്‍ പോലും ഇസ്‌ലാമിനെ സംബന്ധിച്ച് പ്രസ്ഥാനം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നു. മൗലാനാ മൗദൂദിയുടെ പുസ്തകം വായിച്ചുപഠിച്ചാണ് പലരും പ്രസംഗിക്കുന്നത്. ജമാഅത്തിലേക്ക് കടന്നുവരാന്‍ മടിക്കുന്ന ആളുകള്‍ പോലും അതിന്റെ ആശയവലയത്തിലാണുള്ളത്. സ്വര്‍ഗ-നരകങ്ങളെക്കുറിച്ച് മാത്രം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന അവസ്ഥ മതമണ്ഡലത്തില്‍ കുറെയൊക്കെ മാറ്റാന്‍ ജമാഅത്തിന് കഴിഞ്ഞിട്ടുണ്ട്. ബംഗ്ലാ ഇസ്‌ലാമിക് പബ്ലിക്കേഷന്‍ ട്രസ്റ്റ് സ്ഥാപിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ, അതിനെ അനുകരിച്ച് പലരും പുസ്തകങ്ങള്‍ ഇറക്കി തുടങ്ങി. ഇത് ആരോഗ്യകരമാണ്.
ഏതു വിഷയത്തിലും ജമാഅത്ത് എന്ത് സമീപനം സ്വീകരിക്കുന്നു എന്ന് സാകൂതം നോക്കിയിരിക്കുന്നവരും, ഒരു പ്രശ്‌നം വരുമ്പോള്‍ ജമാഅത്തിന്റെ നിലപാട് പ്രതീക്ഷിച്ചിരിക്കുന്നവരും ഉണ്ട്. ജമാഅത്ത് ശക്തമായ ഒരു സംഘടനയാണ്, അതിന്റെ ആളുകള്‍ ചിന്തിച്ച് ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നവരാണ് എന്ന ധാരണയാണ് മാധ്യമങ്ങള്‍ക്കും ഗവണ്‍മെന്റിനുമൊക്കെ ഉള്ളത്.

സംസ്ഥാനത്ത് ജമാഅത്ത് നേരിടുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണ്?
ജമാഅത്തിനെ കേവല മതസംഘടനയായാണ് പൊതുവെ ആളുകള്‍ കാണുന്നത് എന്നതാണ് ഒരു പ്രശ്‌നം. ജമാഅത്തിനെ ഒരു സാമൂഹിക പ്രസ്ഥാനമായി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല. രാഷ്ട്രീയ രംഗത്തു മാത്രമല്ല, വിദ്യാഭ്യാസ രംഗത്തെ നമ്മുടെ പ്രവര്‍ത്തനങ്ങളെ പോലും അതിശയത്തോടെയും വിമര്‍ശനത്തോടെയുമാണ് ചിലര്‍ സമീപിക്കുന്നത്. ഇസ്‌ലാം പലര്‍ക്കും കേവല മതമാണ്. 'ജമാഅത്ത്' എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ, പരിമിതാര്‍ഥത്തിലുള്ള, ആത്മീയത മാത്രം പറയുന്ന 'ദീനീ ജമാഅത്ത്' ആണ് ഇതെന്നാണ് ആളുകള്‍ മനസ്സിലാക്കുന്നത്. കാരണം, 'ജമാഅത്ത്' എന്ന പദം പേരില്‍ ഉപയോഗിച്ചിട്ടുള്ള തബ്‌ലീഗ് ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയവക്കൊന്നും ആത്മീയതക്കപ്പുറം ഒരു പ്രവര്‍ത്തന മേഖലയില്ലല്ലോ. അതുകൊണ്ട്, സാമൂഹിക പ്രശ്‌നങ്ങളിലോ രാഷ്ട്രീയത്തിലോ ഇടപെടുമ്പോള്‍, 'നിങ്ങളൊരു ദീനീജമാഅത്തല്ലേ, എന്തിന് ഇത് ചെയ്യണം' എന്നാണവര്‍ ചോദിക്കുന്നത്. ലൗകിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ എന്തിനാണ് 'ജമാഅത്ത്' തുടങ്ങുന്നത്, നിങ്ങള്‍ നടത്തേണ്ടത് ഹിഫ്‌ള് പഠിപ്പിക്കുന്ന മദ്‌റസയല്ലേ എന്നാണ് ചോദ്യം. ശാസ്ത്രവും ഇംഗ്ലീഷുമൊന്നും പഠിപ്പിക്കേണ്ടത് 'ദീനീ ജമാഅത്ത്' അല്ല എന്നതാണ് പലരുടെയും ധാരണ. ജമാഅത്ത് പറയുന്ന ഇസ്‌ലാമിന്റെ സമഗ്രതയും ജീവിത വ്യവസ്ഥയുമൊന്നും ഇമാമുമാര്‍ക്കും, ആലിമുകള്‍ എന്ന് പറയപ്പെടുന്നവര്‍ക്കു പോലും മനസ്സിലാകുന്നില്ല.
സാമൂഹിക വിഷയങ്ങളില്‍ നീതിപൂര്‍വകമായി ഇടപെടാനുള്ള പ്രയാസമാണ് രണ്ടാമത്തേത്. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ നമുക്ക് മൗനമവലംബിക്കേണ്ടി വരുന്നു. ഉദാഹരണമായി ഇമാം-മുഅദ്ദിന്മാര്‍ക്ക് പ്രഖ്യാപിച്ച തുഛമായ ശമ്പളം. ഇതിന്റെ പേരില്‍  ഗവണ്‍മെന്റിനെ വിമര്‍ശിച്ചാല്‍, ആനൂകൂല്യം ലഭിക്കുന്നവര്‍ ദേഷ്യപ്പെടും. പ്രചാരണപരമായ ഇത്തരം ചൊട്ടുവിദ്യകളല്ല, അടിസ്ഥാന പരിഹാരമാണ് വേണ്ടതെന്ന് പറഞ്ഞില്ലെങ്കില്‍ ഗവണ്‍മെന്റ് തെറ്റായ നയം പിന്തുടരും.

ഇതര മതവിഭാഗങ്ങളുമായും സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ നേതാക്കളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ജമാഅത്തിന് ഇവിടെ എത്രത്തോളം സാധിക്കുന്നുണ്ട്?
വിവിധ സാമൂഹിക മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും, ആ രംഗത്തുള്ളവരുമായി അടുത്തിടപഴകാനും ആശയ സംവാദത്തിലേര്‍പ്പെടാനും പശ്ചിമ ബംഗാളില്‍ ജമാഅത്തെ ഇസ്‌ലാമി പരിശ്രമിക്കുന്നുണ്ട്. രാമകൃഷ്ണ മിഷന്‍, ബുദ്ധ-ജൈന മത നേതൃത്വങ്ങള്‍, വിവിധ ഹിന്ദു സംഘടനകള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുകയും അവയുടെ നേതാക്കളെ ജമാഅത്ത് സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിലെ മത-സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പലരും ജമാഅത്തിന്റെ സ്റ്റേജുകളില്‍ വരാറുണ്ട്. എന്നാല്‍ നേരത്തെ സൂചിപ്പിച്ചപോലെ, ഒരു 'മതസംഘടന' എന്നതാണ് അത്തരക്കാരും ജമാഅത്തിന് നല്‍കുന്ന പരിഗണന.

കേരളത്തോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
കേരളത്തിലെ സഹോദരങ്ങള്‍ പശ്ചിമ ബംഗാളിലെ പിന്നാക്ക ജനതക്കു വേണ്ടി പരിശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരില്‍ വലിയൊരു പങ്ക് മലയാളികളാണ്. പ്രഫ. സിദ്ദീഖ് ഹസന്‍ സാഹിബിന് വലിയ സ്വപനങ്ങളുണ്ട്. അത് പൂര്‍ത്തിയാക്കണം. ബംഗാളിനു വേണ്ടി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന മലയാളി സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധയൂന്നി പദ്ധതികള്‍ തയാറാക്കണം എന്നതാണ്. ഉദാഹരണമായി, നിര്‍ധനനായ ഒരു തൊഴിലാളിക്ക് നിങ്ങള്‍ വീടുണ്ടാക്കി കൊടുക്കുന്നു. ആ തൊഴിലാളിക്ക് മക്കളുണ്ട്. അവരും വെറും തൊഴിലാളികളായി വളരും. പിന്നെ അവര്‍ക്കും വീടുണ്ടാക്കി കൊടുക്കേണ്ടിവരും. പകരം ആ രണ്ട് കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയാലോ, നല്ല ജോലി സമ്പാദിച്ച് അവര്‍ സ്വയം വീടുണ്ടാക്കിക്കൊള്ളും. ഇങ്ങനെ നാളേക്ക് വേണ്ടിയുള്ള ആസൂത്രണങ്ങളാണ് ഉണ്ടാകേണ്ടത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 28-30
എ.വൈ.ആര്‍