ഹയ്യ് ബ്‌നു യഖ്ദാന്‍
കര്‍ത്താവിന്റെ ഗുണവിശേഷങ്ങള്‍
അനന്തരം സകല ജാതികളിലുംപെട്ട ജീവജാലങ്ങളെക്കുറിച്ച് അവന്‍ പര്യാലോചിച്ചു: ഓരോന്നിന്റെയും സൃഷ്ടിശരീരഘടനയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്? ആ സവിശേഷതകളെ പ്രയോജനപ്പെടുത്താന്‍ അവ പഠിപ്പിക്കപ്പെട്ടത് എങ്ങനെയാണ്? സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനമില്ലാതെ തങ്ങളുടെ അവയവങ്ങളെക്കൊണ്ട് ഉദ്ദേശിക്കപ്പെട്ട ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവക്ക് സാധിക്കുമായിരുന്നില്ല. എന്നല്ല അവ ഭാരമായിത്തീരുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ആ പരമാധികാരിയായ സ്രഷ്ടാവിന്റെ അനുഗ്രഹവും ഔദാര്യവുമാണെന്ന് അവന്‍ മനസ്സിലാക്കി. പിന്നെ തിളക്കവും ഭംഗിയും ശോഭയും ശക്തിയും ശ്രേഷ്ഠതയുമുള്ള എന്തിനെ കണ്ടാലും അവന്‍ അതിനെക്കുറിച്ച് ചിന്തിക്കും. അങ്ങനെ അതെല്ലാം ആ സ്രഷ്ടാവിന്റെ അനുഗ്രഹവും ഔദാര്യവുമാണെന്ന് മനസ്സിലാക്കി അവന്‍. ഈ ജീവജാലങ്ങളെക്കാളെല്ലാം മഹത്വമിയന്നവനും പരിപൂര്‍ണനും സുന്ദരനും പ്രശോഭിതനും സുകൃതവാനും ശാശ്വതനുമാണ് താന്‍. തനിക്കും അവക്കുമിടയില്‍ താരതമ്യമില്ലെന്നും അവന്ന് ബോധ്യപ്പെട്ടു. പൂര്‍ണതയുടെ ഗുണവിശേഷങ്ങളെ ഓരോന്നായി അവന്‍ പരിശോധിച്ചുനോക്കി. അവയൊക്കെയും സ്രഷ്ടാവിന്റെ ഗുണങ്ങളാണ്. അവനില്‍നിന്നാണ് അവ ഉദ്ഭൂതമായത്. മറ്റുള്ളവക്ക് എന്തെല്ലാം ഗുണങ്ങളുണ്ടോ അവയുടെയെല്ലാം യഥാര്‍ഥ അവകാശി അവനാകുന്നു.
അനന്തരം ന്യൂനതയുടെ ഗുണവിശേഷങ്ങളെ പരിശോധിച്ചപ്പോള്‍ സ്രഷ്ടാവ് അവയില്‍ നിന്നെല്ലാം പൂര്‍ണമുക്തനാണെന്നും കാണാന്‍ കഴിഞ്ഞു. അത് സ്വാഭാവികം മാത്രം. എന്തെന്നാല്‍ ന്യൂനത എന്നത് ഇല്ലായ്മയാണ്; അല്ലെങ്കില്‍ ഇല്ലായ്മയുമായി ബന്ധപ്പെട്ടതാണ്. ഉണ്ടായിരിക്കല്‍ അനിവാര്യമായ ഒരസ്തിത്വവുമായി ഇല്ലായ്മ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുക? അവനാകട്ടെ, ഉള്ളതിനെയെല്ലാം ഉണ്ടാക്കിയവനാണ്; അവനല്ലാതെ വേറെ ഉണ്മയില്ല. അവനാണ് ഉണ്മ; അവനാണ് പൂര്‍ണത. തികവും സൗന്ദര്യവും ശക്തിയും ജ്ഞാനവും അവന് മാത്രം. അവന്‍ അവനാണ്. ''അവന്റെ മുഖമൊഴികെ മറ്റെല്ലാം നശ്വരമത്രെ'' (അല്‍ഖസ്വസ് 88).
ഇത്രയും അറിവുകള്‍ ആര്‍ജിച്ചപ്പോഴേക്കും അവന്‍ ജനിച്ചിട്ട് അഞ്ച് സപ്താബ്ദങ്ങള്‍ പിന്നിട്ടുകഴിഞ്ഞിരുന്നു. അഥവാ അവന്റെ പ്രായം മുപ്പത്തഞ്ചിലെത്തിയിരുന്നു. അവന്റെ ചിന്തകളില്‍ സ്രഷ്ടാവ് നിറഞ്ഞുനിന്നു. സ്രഷ്ടാവിനെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയും അവനുണ്ടായിരുന്നില്ല. വസ്തുക്കളെക്കുറിച്ചുള്ള വിചിന്തനങ്ങളും അന്വേഷണങ്ങളും അവനില്‍ മടുപ്പുളവാക്കി. ഏതൊരു വസ്തുവിനെ കണ്ടാലും അതിലെ സൃഷ്ടിവൈഭവം മാത്രമേ അവന്റെ ശ്രദ്ധയെ പിടിച്ചുപറ്റുകയുള്ളൂ. സൃഷ്ടികളെ ഉപേക്ഷിച്ച് സ്രഷ്ടാവിലേക്ക് അവന്റെ ചിന്തയെ അതു കൊണ്ടുപോവുകയും ചെയ്യും. അതോടെ സ്രഷ്ടാവിനോടുള്ള അഭിനിവേശം ശക്തിപ്പെട്ടു. ഇന്ദ്രിയഗോചരമായ ഭൗതിക ലോകത്ത് നിന്ന് ഹൃദയം പിന്‍വലിയുകയും ബുദ്ധിക്കു മാത്രം പ്രാപ്യമായ ഉപരിലോകത്തോട് അത് കെട്ടിപ്പിണയുകയും ചെയ്തു.
സ്രഷ്ടാവിനെ എങ്ങനെ കണ്ടെത്തും
അസ്തിത്വം തീര്‍ച്ചപ്പെട്ടവനും സകല വസ്തുക്കളുടെയും അസ്തിത്വത്തിന് കാരണക്കാരനും എന്നാല്‍ സ്വന്തം അസ്തിത്വത്തിന് കാരണമില്ലാത്തവനുമായ ആ അത്യുന്നത അസ്തിത്വത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍, ആ അറിവ് അവന് ലഭിച്ചത് ഏത് മാര്‍ഗത്തിലൂടെയാണെന്നും ഏതു ശക്തികൊണ്ടാണ് അവനെ താന്‍ കണ്ടെത്തിയതെന്നും മനസ്സിലാക്കാന്‍ അവന്‍ ആഗ്രഹിച്ചു. അങ്ങനെ ശ്രവണം, ദര്‍ശനം, ഘ്രാണം, രുചി, സ്പര്‍ശനം എന്നീ പഞ്ചേന്ദ്രിയങ്ങളെ പരിശോധിച്ചു. പക്ഷേ, ജഡപദാര്‍ഥങ്ങളെയും ജഡപദാര്‍ഥങ്ങളില്‍ സ്ഥിതി ചെയ്യുന്നവയെയും മാത്രമേ അവക്ക് ഗ്രഹിക്കാനാവുകയുള്ളൂ എന്നു കണ്ടു. അതായത് ശ്രവണേന്ദ്രിയം ശ്രാവ്യവസ്തുക്കളെ മാത്രമേ അറിയുകയുള്ളൂ. പദാര്‍ഥങ്ങള്‍ പരസ്പരം കൂട്ടിമുട്ടുമ്പോള്‍ വായുവില്‍ ഉണ്ടാവുന്ന തരംഗങ്ങളില്‍നിന്നാണ് അവ സംജാതമാകുന്നത്. അപ്രകാരം ദര്‍ശനേന്ദ്രിയങ്ങള്‍ നിറങ്ങളെയും ഘ്രാണേന്ദ്രിയം ഗന്ധത്തെയും രസനേന്ദ്രിയം രുചികളെയും സ്പര്‍ശനേന്ദ്രിയം കടുപ്പം, മാര്‍ദവം, മിനുസം, പരുപ്പം തുടങ്ങിയവയെയും മാത്രമാണ് അറിയുന്നത്. അതുപോലെ ഭാവനാ ശക്തിക്ക് നീളം, വീതി, വണ്ണം എന്നീ ത്രിമാനങ്ങളുള്ള വസ്തുക്കളെ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. പ്രസ്തുത ഇന്ദ്രിയങ്ങളൊക്കെയും പദാര്‍ഥങ്ങളുടെ ഗുണവിശേഷങ്ങളത്രെ. അവയെ ഒഴിച്ച് മറ്റൊന്നിനെയും അറിയുവാന്‍ ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് ശേഷിയില്ല. കാരണം പദാര്‍ഥത്തില്‍ വ്യാപരിച്ചിരിക്കുന്നതും അതിന്റെ വിഭജനത്തിനൊത്ത് വിഭജിക്കപ്പെടുന്നതുമാണ് അവ. വിഭജനക്ഷമമായ വസ്തുവില്‍ സ്ഥിതി ചെയ്യുന്ന ഈ ശക്തി ഒരു വസ്തുവിനെ അറിഞ്ഞാല്‍, ആ വസ്തുവിന്റെ വിഭജനത്തിനൊത്ത് പ്രസ്തുത അറിവും വിഭജിക്കപ്പെടുന്നതാണ്. അതിനാല്‍, പദാര്‍ഥത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ശക്തിക്ക് ജഡപദാര്‍ഥത്തെയോ ജഡപദാര്‍ഥത്തില്‍ സ്ഥിതി ചെയ്യുന്നതിനെയോ മാത്രമേ അറിയാനാവുകയുള്ളൂ. അനിവാര്യാസ്തിത്വമായ സ്രഷ്ടാവ് പദാര്‍ഥത്തിന്റെ ഗുണവിശേഷങ്ങളില്‍നിന്ന് പൂര്‍ണ മുക്തനാണെന്നത് കൊണ്ട് പദാര്‍ഥമല്ലാത്തതും, പദാര്‍ഥത്തിന്റെ അകത്തോ പുറത്തോ അല്ലാത്തതും പദാര്‍ഥങ്ങളുമായി ഒരു നിലക്കും ബന്ധമില്ലാത്തതും, അവയോട് ചേര്‍ന്നിരിക്കുന്നതോ പിരിഞ്ഞിരിക്കുന്നതോ അല്ലാത്തതുമായ ഒന്നു കൊണ്ട് മാത്രമേ അവനെ അറിയാനാവുകയുള്ളൂ എന്നത് വ്യക്തമായിരുന്നു. എന്നാല്‍, താന്‍ അവനെ അറിഞ്ഞിരിക്കുന്നുവെന്നും അവനെക്കുറിച്ച ജ്ഞാനം തന്നില്‍ വേരുറച്ചിരിക്കുന്നുവെന്നും അവന് സ്പഷ്ടമായിരുന്നു. അതിനാല്‍, അവനെ അറിഞ്ഞു തന്റെ സത്ത പദാര്‍ഥത്തിന്റെ ഒരു ഗുണവിശേഷവും ഇല്ലാത്ത തന്റെ ഒരു പദാര്‍ഥേതര സംഗതിയാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. തന്റെ സത്തക്ക് പുറത്ത് താന്‍ അറിഞ്ഞ പദാര്‍ഥങ്ങളില്‍പെട്ട ഒന്നും തന്നെ തന്റെ യഥാര്‍ഥ സത്തയല്ലെന്നും, അനിവാര്യമായ ആ കേവലാസ്തിത്വത്തെ താന്‍ അറിഞ്ഞത് ഏതുകൊണ്ടാണോ അതാണ് തന്റെ യഥാര്‍ഥ സത്തയെന്നും അവന്‍ മനസ്സിലാക്കി.
സ്രഷ്ടാവിനെ അറിഞ്ഞ സത്തയെക്കുറിച്ചുള്ള അന്വേഷണം
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയുന്നതും ചര്‍മം കൊണ്ട് ചുറ്റപ്പെട്ടതുമായ ഈ ശരീര പിണ്ഡമല്ല തന്റെ യഥാര്‍ഥ സത്തയെന്ന് മനസ്സിലായപ്പോള്‍ തന്റെ ശരീരത്തോട് അവന് ഒരുതരം അവജ്ഞ തോന്നുകയും ആ അനിവാര്യാസ്തിത്വത്തെ അറിഞ്ഞ സത്തയെക്കുറിച്ച് വിചിന്തനം നടത്തുകയും ചെയ്തു. ആ കുലീന സത്ത ജീര്‍ണിക്കുകയും വിഘടിക്കുകയും നശിക്കുകയും ചെയ്യുമോ, അതല്ല എക്കാലത്തും അതേപടി അവശേഷിക്കുമോ എന്ന് അവന്‍ ആലോചിച്ചു.
അപ്പോള്‍ ജീര്‍ണിക്കുക, വിഘടിക്കുക, നശിക്കുക എന്നതെല്ലാം പദാര്‍ഥങ്ങളുടെ ഗുണമാണെന്ന് കണ്ടു. ഒരു രൂപം ഉപേക്ഷിച്ച് മറ്റൊരു രൂപം കൈക്കൊള്ളുക എന്നാണ് അതിന്റെ അര്‍ഥം. വെള്ളം വായു ആകുന്നതും വായു വെള്ളം ആകുന്നതും സസ്യങ്ങള്‍ മണ്ണും ചാരവുമാകുന്നതും മണ്ണ് സസ്യമാകുന്നതുമെല്ലാം ഇതിനുദാഹരണമാണ്. ഇതിനാണ് നശിക്കുക എന്നു പറയാറുള്ളത്. എന്നാല്‍, പദാര്‍ഥമല്ലാത്തതും, നിലനില്‍ക്കാന്‍ പദാര്‍ഥത്തെ ആശ്രയിക്കേണ്ടതില്ലാത്തതുമായ വസ്തുക്കള്‍ പദാര്‍ഥ ഗുണങ്ങളില്‍ നിന്ന് മുക്തമാണ്. അവ നശിക്കുമെന്ന് സങ്കല്‍പിക്കാനേ പറ്റുകയുമില്ല.
തന്റെ സത്ത നശിക്കുകയില്ലെന്ന് മനസ്സിലായപ്പോള്‍, ശരീരത്തെ വേര്‍പിരിഞ്ഞ ശേഷം അതിന്റെ അവസ്ഥ എന്തായിരിക്കും എന്ന് അവന്‍ അറിയാനാഗ്രഹിച്ചു. സത്തയുടെ ഒരു ഉപകരണമായി നില്‍ക്കാന്‍ ശരീരത്തിനു കഴിയാതെ വരുമ്പോള്‍ മാത്രമേ അത് ശരീരത്തെ ഉപേക്ഷിക്കുകയുള്ളൂ എന്ന് നേരത്തെ അവന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്റെ എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും അവന്‍ നിരീക്ഷിച്ചു. അപ്പോള്‍ അവയെല്ലാം തന്നെ ചിലപ്പോള്‍ യഥാര്‍ഥത്തിലും മറ്റു ചിലപ്പോള്‍ സാധ്യത കൊണ്ടുമാണ് അറിയുന്നതെന്ന് വ്യക്തമായി. ഉദാഹരണത്തിന്, കണ്ണ് അടച്ചു പിടിക്കുകയോ ദൃശ്യവസ്തുവില്‍ നിന്ന് തെറ്റിക്കുകയോ ചെയ്താല്‍ അത് സാധ്യത കൊണ്ടാണ് അറിയുന്നത്. അത് ഇപ്പോള്‍ അറിയുന്നില്ലെന്നും ഭാവിയില്‍ അറിയാനിടയുണ്ടെന്നുമാണ് സാധ്യത കൊണ്ട് അറിയുക എന്നതിന്റെ അര്‍ഥം. കണ്ണ് തുറക്കുകയോ വസ്തുവിന്റെ നേര്‍ക്ക് തിരിയുകയോ ചെയ്യുമ്പോള്‍ യഥാര്‍ഥ കാഴ്ച സംഭവിക്കുന്നു. യഥാര്‍ഥത്തില്‍ കാണുന്നു എന്നു പറയുമ്പോള്‍ ഇപ്പോള്‍ കാണുന്നു എന്നാണ് അര്‍ഥം. ഇപ്രകാരം മറ്റു ജ്ഞാനേന്ദ്രിയങ്ങളും ചിലപ്പോള്‍ യഥാര്‍ഥത്തിലും ചിലപ്പോള്‍ സാധ്യതയിലുമാണ് സംവേദനം നടത്തുന്നത്.
ഈ ജ്ഞാനേന്ദ്രിയങ്ങള്‍ വസ്തുവിനെ യഥാര്‍ഥത്തില്‍ അറിഞ്ഞിട്ടില്ലെങ്കില്‍, അവ സാധ്യതയായിരിക്കുന്ന കാലത്തോളം അതിനെ അറിയാന്‍ ആഗ്രഹിക്കുകയില്ല. അവ നേരത്തെ ആ വസ്തുവിനെ പരിചയപ്പെട്ടിട്ടില്ല എന്നതാണ് കാരണം; ജന്മനാ അന്ധനായ ഒരാളെപ്പോലെ.
അതിനെ യഥാര്‍ഥത്തില്‍ അറിയുകയും പിന്നീട് സാധ്യതയായി മാറുകയും ചെയ്തതാണെങ്കില്‍, ആ അവസ്ഥയിലായിരിക്കുന്ന കാലമത്രയും യഥാര്‍ഥത്തില്‍ അറിയാന്‍ അവ ആഗ്രഹിച്ചുകൊണ്ടിരിക്കും. കാരണം, ആ വസ്തുവിനെ അവ പരിചയപ്പെടുകയും അതിനെ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് തന്നെ. മുമ്പ് കാഴ്ചശക്തി ഉണ്ടായിരിക്കുകയും പിന്നീടത് നഷ്ടപ്പെട്ടുപോവുകയും ചെയ്ത ഒരാള്‍ മുമ്പ് കണ്ടതിനെയെല്ലാം കാണാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത് പോലെ.
അറിയപ്പെട്ട വസ്തു എത്രകണ്ട് സുന്ദരവും തിളക്കമുറ്റതുമാണോ അത്രകണ്ട് അതിനോടുള്ള ആഗ്രഹം ശക്തമാവുകയും അതിനെ കാണാതിരിക്കുമ്പോഴുള്ള വേദന കൂടുകയും ചെയ്യും. കാഴ്ച ശക്തി നഷ്ടപ്പെട്ടവന്റെ വേദന ശ്രവണശക്തി നഷ്ടപ്പെട്ടവന്റെ വേദനയേക്കാള്‍ കഠിനമാകുന്നത് അതുകൊണ്ടാണ്. കണ്ണുകൊണ്ട് അറിയുന്ന വസ്തുക്കള്‍ വാസന കൊണ്ട് അറിയുന്ന വസ്തുക്കളേക്കാള്‍ സുന്ദരവും വശ്യവുമാണ് എന്നതാണതിന് കാരണം. അപ്പോള്‍ അങ്ങേയറ്റം സുന്ദരവും സമ്പൂര്‍ണവും സമുജ്ജ്വലവുമായ ഒരു വസ്തു ഉണ്ടെന്നു വെക്കുക. അതിന്റെ സൗന്ദര്യവും പൂര്‍ണതയും തിളക്കവും അനന്തമാണ്. എന്നല്ല, സകല സൗന്ദര്യങ്ങളും പൂര്‍ണതകളും അതില്‍നിന്ന് വരുന്നതുമാണ്. അങ്ങനെയുള്ള ഒരു വസ്തുവിനെ പരിചയപ്പെടുകയും പിന്നീട് അതിനെ അറിയാനുള്ള ശക്തി നഷ്ടപ്പെട്ടുപോവുകയും ചെയ്താലുള്ള വേദന അനന്തവും അപാരവുമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. അപ്രകാരം, അതിനെ അറിഞ്ഞുകൊണ്ടിരിക്കുന്ന സമയത്തുണ്ടാകുന്ന സുഖവും സന്തോഷവും ആനന്ദവും അനുഭൂതിയും അറ്റമില്ലാത്തതായിരിക്കുമെന്ന കാര്യവും തീര്‍ച്ചയാണ്.
അനിവാര്യ അസ്തിത്വമായ സ്രഷ്ടാവ് പൂര്‍ണതയുടെ സമസ്ത ഗുണങ്ങളും തികഞ്ഞവനും അപൂര്‍ണതയുടെ സമസ്ത ഗുണങ്ങളില്‍ നിന്നും പരിശുദ്ധനും ആണെന്ന് നേരത്തെ അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ ആ അസ്തിത്വത്തെ അറിഞ്ഞ സത്ത പദാര്‍ഥത്തോട് ഏതെങ്കിലും വിധത്തില്‍ സാദൃശ്യം പുലര്‍ത്തുന്നതോ, പദാര്‍ഥം നശിക്കുമ്പോള്‍ നശിച്ചുപോകുന്നതോ ആയിരിക്കുകയില്ലെന്ന് അവന്‍ ഊഹിച്ചു.
അതില്‍നിന്ന് അവനൊരു കാര്യം ഗ്രഹിച്ചു. ഇവ്വിധം അനിവാര്യാസ്തിത്വമായ സ്രഷ്ടാവിനെ അറിയാന്‍ ശേഷിയുള്ള ഒരാള്‍ മരണപ്പെട്ടുവെന്നിരിക്കട്ടെ. അയാള്‍ ഒന്നുകില്‍, മരണത്തിന് മുമ്പ് സ്രഷ്ടാവിനെ അറിയുകയോ ബന്ധപ്പെടുകയോ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവില്ല. അതിനാല്‍, ശരീരം വേര്‍പെട്ട ശേഷം അയാള്‍ സ്രഷ്ടാവിനെ കാണുകയോ കാണാന്‍ ആഗ്രഹിക്കുകയോ കാണാന്‍ പറ്റാത്തതില്‍ ദുഃഖിക്കുകയോ ഇല്ല. കാരണം ശരീരം നിശ്ചലമായതോടെ അതിന്റെ എല്ലാ ശാരീരിക ശക്തികളും നഷ്ടപ്പെട്ടതായിരിക്കുകയാണ്. അതിനാല്‍ ആ ശക്തികള്‍ എന്തിനെയാണോ തേടുന്നത് അവയെ ആഗ്രഹിക്കുകയോ അവയെ നഷ്ടപ്പെട്ടതില്‍ ദുഃഖിക്കുകയോ ഇല്ല. വിശേഷ ബുദ്ധിയില്ലാത്ത എല്ലാ ജീവികളുടെയും അവസ്ഥ ഇതത്രെ -അവ മനുഷ്യരൂപത്തിലുള്ളതാവട്ടെ, അല്ലാതിരിക്കട്ടെ.
അല്ലെങ്കില്‍ ആ സത്ത ശരീരത്തില്‍ വര്‍ത്തിച്ചിരുന്ന സമയത്ത് അത് സ്രഷ്ടാവിനെ അറിയുകയും പരിചയപ്പെടുകയും അതിന്റെ പൂര്‍ണതയും മഹത്വവും അധികാരവും ശക്തിയും സൗന്ദര്യവും അറിയുകയും ചെയ്തിരിക്കും. പക്ഷേ, അവനില്‍ നിന്ന് മുഖം തിരിക്കുകയും സ്വന്തം ശരീരത്തിന്റെ ഇഛകള്‍ക്കൊത്ത് നടക്കുകയും ചെയ്തിരിക്കണം. അങ്ങനെ ആ അവസ്ഥയില്‍ അവനെ മരണം പിടികൂടി. അതിനാല്‍ സ്രഷ്ടാവിനെ കാണുന്നത് അവന് വിലക്കപ്പെടുന്നു. എങ്കിലും അതിനുള്ള ആഗ്രഹം അവനിലുണ്ടാവും. ആ വേദനയിലും ശിക്ഷയിലും നീണ്ട കാലം കഴിച്ചുകൂട്ടിയ ശേഷം ഒന്നുകില്‍ അവന്‍ വേദനകളില്‍ നിന്നെല്ലാം മോചിതനാവുകയും ആഗ്രഹിച്ചത് കാണുകയും ചെയ്യുന്നു. അല്ലെങ്കില്‍ വേദനകളുമായി കാലാകാലം കഴിഞ്ഞുകൂടേണ്ടിവരുന്നു.
ഇനി ശരീരത്തോട് വിടപറയും മുമ്പേ ആ സത്ത അനിവാര്യ അസ്തിത്വമായ സ്രഷ്ടാവിനെ അറിയുകയും അവനിലേക്ക് മുഖം തിരിക്കുകയും അവന്റെ മഹത്വത്തെയും സൗന്ദര്യത്തെയും കുറിച്ച ചിന്തയില്‍ മുഴുകുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. ആ അവസ്ഥയില്‍ അയാള്‍ മരണപ്പെട്ടാല്‍ അറ്റമില്ലാത്ത ആനന്ദത്തിലും ആഹ്ലാദത്തിലും അയാള്‍ നിലകൊള്ളുന്നതാണ്. സ്രഷ്ടാവിനെ കാണാന്‍ സാധിച്ചതിലും, അത് യാതൊരു കലക്കവും അവ്യക്തതയും ഇല്ലാത്ത തെളിഞ്ഞ കാഴ്ചയായതിലും അവന്‍ സന്തുഷ്ടനായിരിക്കും. അവന്റെ ശരീരത്തിന്റെ സവിശേഷതകള്‍ താല്‍പര്യപ്പെടുന്ന എല്ലാ വിധ വികാരങ്ങളും അഥവാ, മുകളില്‍ പറഞ്ഞ എല്ലാവിധ വേദനകളും പ്രയാസങ്ങളും കഷ്ടപ്പാടുകളും അയാളില്‍ നിന്ന് അകന്നുപോകുന്നതുമാണ്.
ഇതില്‍ നിന്ന് ഒരു കാര്യം അവന്‍ മനസ്സിലാക്കി. തന്റെ സത്തയും അതിന്റെ ആനന്ദവും പരിപൂര്‍ണമാകുന്നത് സ്രഷ്ടാവിനെ അനുസ്യൂതമായും ഇടമുറിയാതെയും കണ്ടുകൊണ്ടിരിക്കുമ്പോള്‍ മാത്രമാണ്. ഇമവെട്ടുന്ന നേരത്തേക്ക് പോലും അവനില്‍ നിന്ന് ശ്രദ്ധ തിരിക്കരുത്. അങ്ങനെയുള്ള ആ അവസ്ഥയില്‍ തന്നെ മരണം പ്രാപിക്കണം. അപ്പോഴാണ് വേദനകള്‍ കൊണ്ട് ഇടമുറിയാത്തവിധം ആനന്ദത്തിന് അനുസ്യൂതി ലഭിക്കുന്നത്.
പിന്നെയവന്‍ ആ കാഴ്ചയെ എങ്ങനെ അനുസ്യൂതവും ഏകാഗ്രവുമാക്കാമെന്ന് ആലോചിച്ചു. അതിനായി സദാ നേരവും സ്രഷ്ടാവിനെത്തന്നെ ധ്യാനിച്ചുകൊണ്ടിരുന്നു. പക്ഷേ ചില ദൃശ്യങ്ങള്‍ അവന്റെ കാഴ്ചയില്‍ പതിഞ്ഞു. ചില ശബ്ദങ്ങള്‍ അവന്റെ കാതുകളില്‍ മുഴങ്ങി. പല ചിന്തയും അവന്റെ മനസ്സിലേക്ക് കയറിവന്നു. അവന്റെ അവയവങ്ങളില്‍ വേദന ഉണ്ടായി. വിശപ്പോ ദാഹമോ ചൂടോ തണുപ്പോ ഒക്കെ അവനെ ബാധിച്ചു. അവന്റെ ചിന്തയെ അവ തെറ്റിച്ചു. വീണ്ടും ചിന്തയിലേക്ക് മടങ്ങിവരാന്‍ പ്രയാസപ്പെടേണ്ടിവന്നു. ചിന്തയുടെ ഏകാഗ്രത നഷ്ടപ്പെട്ടുപോകുന്ന ഒരു നിമിഷത്തില്‍ മരണം സംഭവിക്കുന്നതിനെ അവന്‍ ഭയപ്പെട്ടു. അത് തനിക്ക് നിത്യ ദുരിതവും നിത്യ ദുഃഖവും ഉളവാക്കുമെന്നും ചികിത്സ ആവശ്യമാകുമെന്നും അവന്‍ ആശങ്കപ്പെട്ടു.
പല ഇനങ്ങളില്‍ പെട്ട ജീവികളെയും അവയുടെ പ്രവൃത്തികളെയും അവന്‍ പരിശോധിച്ചുനോക്കി. അവയില്‍ ചിലത് ആ അസ്തിത്വത്തെ മനസ്സിലാക്കി അതിന്റെ നേര്‍ക്ക് കുതിക്കുന്നതായി കണ്ടാല്‍ അവയുടെ വിജയ കാരണം മനസ്സിലാക്കാമല്ലോ എന്ന് അവന്‍ ആഗ്രഹിച്ചു. പക്ഷേ ആഹാര സമ്പാദനം, ലൈംഗിക തൃഷ്ണയുടെ ശമനം, ചൂടില്‍ നിന്നും തണുപ്പില്‍ നിന്നുമുള്ള മോചനം ഇത്യാദി കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അവ പരിശ്രമിക്കുന്നത്. രാവും പകലും മരണാസന്ന വേളയില്‍ പോലും മറ്റൊരു പ്രവൃത്തി അവക്കില്ല. അവയില്‍ നിന്ന് ശ്രദ്ധ തിരിച്ച് വേറൊരു ജോലിയില്‍ ഒരു നിമിഷം പോലും അവ ഏര്‍പ്പെടുന്നില്ല. അതില്‍നിന്ന്, അവയൊന്നും അവയുടെ സ്രഷ്ടാവിനെ അറിഞ്ഞിട്ടില്ലെന്നും അറിയാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അവന്‍ മനസ്സിലാക്കി. അതിനാല്‍, മരണശേഷം ശൂന്യതയിലേക്കോ സമാനമായ മറ്റേതെങ്കിലും അവസ്ഥയിലേക്കോ ആയിരിക്കും അവ പോകുന്നത്.
ജീവജാലങ്ങളെപ്പറ്റി ഇങ്ങനെയൊരു വിധിതീര്‍പ്പില്‍ എത്തിയപ്പോള്‍ സസ്യജാലങ്ങളുടെ അവസ്ഥ ഒട്ടും മെച്ചപ്പെട്ടതായിരിക്കില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു. കാരണം, ജീവജാലങ്ങള്‍ക്കുള്ള അറിവുകളില്‍ അല്‍പം ചിലത് മാത്രമേ സസ്യങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ. അതേസമയം, സസ്യങ്ങളുടെ ജോലിയാവട്ടെ ഭക്ഷണവും പ്രത്യുല്‍പാദനവും മാത്രമാണ്.
അനന്തരം നക്ഷത്രങ്ങളെയും ഗോളങ്ങളെയും അവന്‍ നിരീക്ഷിച്ചു. അവയുടെ ചലനങ്ങള്‍ വ്യവസ്ഥാപിതമാണ്. അവയുടെ സഞ്ചാരത്തിന് ചിട്ടയും ക്രമവുമുണ്ട്. അവ വെട്ടിത്തിളങ്ങുകയും പ്രകാശിക്കുകയും ചെയ്യുന്നു. അവയെ മാറ്റമോ നാശമോ ബാധിക്കുന്നില്ല. ശരീരമല്ലാത്ത മറ്റു ചില സത്തകള്‍ അവക്കുണ്ടെന്നും ആ സത്തകളിലൂടെയാണ് അവ ദൈവത്തെ അറിയുന്നതെന്നുമുള്ള ശക്തമായൊരു ഉള്‍വിളി അപ്പോള്‍ അവനുണ്ടായി. ആ സത്ത പദാര്‍ഥമായിരിക്കുകയില്ല; ഏതെങ്കിലും പദാര്‍ഥത്തില്‍ കുടികൊള്ളുന്നതുമായിരിക്കില്ല. പദാര്‍ഥങ്ങളുമായി അതിന് യാതൊരു ബന്ധവുമുണ്ടായിരിക്കുകയില്ല. അത് പദാര്‍ഥത്തിന്റെ അകത്തോ പുറത്തോ അതിനോട് ചേര്‍ന്നുനില്‍ക്കുന്നതോ വേര്‍പ്പെട്ടു നില്‍ക്കുന്നതോ ആയിരിക്കുകയുമില്ല.
ആ സ്രഷ്ടാവിനെ താന്‍ അറിഞ്ഞത് തന്റെ സത്ത കൊണ്ടാണെന്നും അങ്ങനെയാണ് പ്രസ്തുത അറിവ് തന്നില്‍ വേരുറച്ചതെന്നും അവന്‍ മനസ്സിലാക്കിയിരുന്നു. അതില്‍ നിന്ന്, തന്റെ സത്ത പദാര്‍ഥമല്ലെന്നും പദാര്‍ഥത്തിന്റെ ഗുണങ്ങളൊന്നും അതിനോട് ചേരുകയില്ലെന്നും അവന്‍ മനസ്സിലാക്കി. പുറത്ത് തനിക്ക് സുപരിചിതമായ എന്തെല്ലാം പദാര്‍ഥങ്ങളുണ്ടോ അവയൊന്നും തന്നെ തന്റെ യഥാര്‍ഥ സത്തയല്ല. അനിവാര്യവും സര്‍വനിരപേക്ഷവുമായ ആ അസ്തിത്വത്തെ, സ്രഷ്ടാവിനെ കുറിച്ച് തനിക്ക് അറിവ് തന്ന ആ സത്ത മാത്രമാണ് തന്റെ യഥാര്‍ഥ സത്ത.
(തുടരും)
വിവ: റഹ്മാന്‍ മുന്നൂര്
Comments