Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

മുമ്പേ പറന്ന വിമാനം

ടി.കെ അബ്ദുല്ല /നടന്നുതീരാത്ത വഴികളില്‍-47

         'ദില്ലീ അഭീ ദൂര്‍ ഹെ' എന്നൊരു ചൊല്ലുണ്ട്. ദല്‍ഹി ഇപ്പോഴും ദൂരെയാണ്. ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹി ഉത്തരേന്ത്യയുടെ ഒരു അറ്റത്ത് 2500 ല്‍പരം കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്നു. ദില്ലിയിലേക്കുള്ള ദൂരം രാഷ്ട്രീയാധികാരത്തെ സൂചിപ്പിച്ചും പറഞ്ഞുവരാറുണ്ട്. വിമാന യാത്രാ സൗകര്യമുള്ള ഇക്കാലത്ത് ഭൂമിശാസ്ത്രപരമായി ദൂരം അത്ര വലിയ പ്രശ്‌നമല്ല. മൂന്നര മണിക്കൂറില്‍ ദല്‍ഹി-കേരള യാത്ര നടത്താം. കോഴിക്കോട്-ബോംബെ-ദല്‍ഹി റൂട്ട് ഇപ്പോഴും ആറര മണിക്കൂര്‍ സമയമെടുക്കുന്നുവെന്നത് വേറെ കാര്യം. എന്നാല്‍ എന്റെ ഒരു ദല്‍ഹി-ബോംബെ-കോഴിക്കോട് യാത്ര പ്രശ്‌നകുരുക്കില്‍ പെട്ടതിനുത്തരവാദി ഞാന്‍ തന്നെയാണ്.

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി മജ്‌ലിസ് നുമാഇന്തഗാന്‍ (പ്രതിനിധിസഭ) യോഗം ദല്‍ഹിയില്‍ നടക്കുന്നു; കേരളത്തില്‍നിന്ന് ഞാനുള്‍പ്പെടെ പതിനഞ്ചോളം പ്രതിനിധികള്‍ ഉണ്ട്. നാലു ദിവസത്തെ യോഗം കഴിഞ്ഞ് ക്ഷീണിച്ച് കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കമാണ്. ഒറ്റക്കാണ് യാത്ര; മറ്റുള്ളവരെല്ലാം പലവഴി പലേടത്തേക്കാണ് മടക്കം. എനിക്ക് സഹയാത്രികനായി ആരുമില്ല. എന്നാല്‍, ദല്‍ഹി-ബോംബെ-കരിപ്പൂര്‍ എയര്‍ ഇന്ത്യാ ടിക്കറ്റ് കൈയിലുള്ളതുകൊണ്ട് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. ബോംബെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലിറങ്ങി ടാക്‌സി വഴി ഇന്റര്‍നാഷ്ണലില്‍ എത്തണമെന്നു മാത്രം. അവിടെനിന്ന് ഗള്‍ഫ്-കരിപ്പൂര്‍ ഇന്റര്‍നാഷ്ണല്‍ ഫ്‌ളൈറ്റില്‍ മാറി കയറി വേണം യാത്ര തുടരാന്‍ എന്നൊരു പ്രയാസമേ ഉള്ളൂ. ഡൊമസ്റ്റിക്കില്‍ വിമാനം ലാന്റ് ചെയ്യുമ്പോള്‍ സമയം അല്‍പ്പം വൈകിയിട്ടുണ്ട്. എങ്കിലും എയറിന്ത്യ വക ഉടനുടന്‍ ടാക്‌സി സര്‍വീസ് ഉള്ളതുകൊണ്ട് പ്രശ്‌നമില്ല. ഇരുപത് രൂപയേ ചാര്‍ജ് ഉള്ളൂ. പുറത്ത് ടാക്‌സി ചാര്‍ജ് ഇരുന്നൂറ് രൂപ കൊടുക്കണം. അതു വേണ്ടെന്ന് കരുതി. പ്രതീക്ഷക്ക് വിപരീതമായി സര്‍വീസ് ടാക്‌സി അല്‍പ്പം വൈകുകയും ചെയ്തു. ഇന്റര്‍നാഷ്ണലില്‍ എത്തുമ്പോഴേക്ക് എയര്‍ഇന്ത്യാ ഫ്‌ളൈറ്റ് ടെയ്ക് ഓഫ് ചെയ്തു കഴിഞ്ഞിരുന്നു. പരാതി അറിയിക്കാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ തെറ്റ് എന്റേതാണെന്ന് ബോധ്യമായി. കമ്പ്യൂട്ടര്‍ പരിശോധനയില്‍ ദല്‍ഹി-ബോംബെ ഫ്‌ളൈറ്റ് അരമണിക്കൂര്‍ മുമ്പ് ലാന്റ് ചെയ്തിരുന്നു. സ്‌പെഷ്യല്‍ ടാക്‌സി പിടിച്ച് പോകാത്തതുകൊണ്ടാണ് ഫ്‌ളൈറ്റ് മിസായത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ 'സൂക്ഷ്മത'യെക്കാള്‍ പ്രായോഗികമായി നല്ലത് കെ.സി അബ്ദുല്ല മൗലവിയെപ്പോലുള്ളവരുടെ 'വേഗത'യാണ് എന്നും ബോധ്യമായി. യാത്രയിലും മറ്റും അല്‍പ്പം ചെലവ് കൂടുന്നതിനെക്കാള്‍, വേഗത്തിലും സൗകര്യത്തിലും എത്തുന്നതിനാണ് കെ.സി മുന്‍ഗണന നല്‍കിയിരുന്നത്. കാശ് പ്രസ്ഥാനത്തിന്റേതാണെങ്കില്‍ പോലും അതാണ് പ്രായോഗികം എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമൊന്നും ഇല്ല. എന്റെ പ്രകൃതം മറിച്ചാണെന്ന് മാത്രം. യാത്രയില്‍ ആവശ്യമായതിലും കൂടുതല്‍ കാശ് കൈയില്‍ കരുതണമെന്ന എ.കെ അബ്ദുല്‍ ഖാദിര്‍ മാലവിയുടെ അഭിപ്രായവും ഇവിടെ ഓര്‍ക്കാവുന്നതാണ്.

അന്നോ, പിറ്റന്നാളോ ബോംബെ-കരിപ്പൂര്‍ ഫ്‌ളൈറ്റ് ഇല്ല. രണ്ട് നാള്‍ കാത്ത് മാത്രമേ എന്റെ കയ്യിലുള്ള എയര്‍ ഇന്ത്യാ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ നിവൃത്തിയുള്ളൂ. മറ്റേതെങ്കിലും പ്രൈവറ്റ് ഫ്‌ളൈറ്റില്‍ പോരാമെന്ന് വെച്ചാല്‍, 400 രൂപ മാത്രമേ കൈയിലുള്ളൂ. ടിക്കറ്റ് ചാര്‍ജ് അത് മതിയാവുകയില്ല. പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താതെ എയര്‍പോര്‍ട്ടിന്റെ വരാന്തയില്‍ ബാഗും കൈയിലേന്തി ഞാന്‍ അലക്ഷ്യമായി നടക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത എനിക്ക് മുംബൈയില്‍ പരിചയമുള്ള ആരുമായും ബന്ധപ്പെടാനും നിവൃത്തിയില്ല. ആരുടെയും നമ്പറും അറിയില്ല. വരാന്തയിലൂടെയുള്ള എന്റെ നടത്തം കണ്ട് എന്തോ യാത്രാപ്രശ്‌നമുണ്ടെന്ന് ഹോട്ടല്‍ ഏജന്റുമാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും മണത്തറിയാന്‍ പ്രയാസമുണ്ടായില്ല. അവര്‍ ഒറ്റക്കും സംഘമായും എന്നെ സമീപിച്ചുകൊണ്ടിരുന്നു. ഞാനാകട്ടെ ഒരു പ്രശ്‌നവുമില്ലാത്ത ഭാവത്തില്‍ അവരുമായി തമാശ പറഞ്ഞും തര്‍ക്കിച്ചുമിരുന്നു. ആയിടെ ദല്‍ഹിയിലും മറ്റും വിമാന യാത്രക്കാര്‍ ടാക്‌സിയില്‍ കാണാതായ സംഭവങ്ങള്‍ ഞാന്‍ അവരെ ഓര്‍മിപ്പിച്ചു. ഇതില്‍ നിരാശരും പ്രകോപിതരുമായ അവര്‍, 'ഇങ്ങോര്‍ക്ക് ഏതെങ്കിലും കേരള ഹോട്ടല്‍ തന്നെ വേണ്ടിവരും' എന്ന രീതിയില്‍ പ്രതികരിച്ചു. കൂട്ടത്തിലൊരാള്‍ 'വല്ല കംഫര്‍ട്ടിലോ മറ്റോ പോകട്ടെ' എന്ന് ശപിച്ചപ്പോഴാണ് പെട്ടെന്ന് 'കംഫര്‍ട്ട് ഹോട്ടല്‍' എന്റെ ഓര്‍മയില്‍ വരുന്നത്. കുറ്റിയാടിക്കടുത്ത് തളീക്കരയിലെ കെ.വി കുഞ്ഞഹമ്മദാണ് ബോംബെയിലെ കംഫര്‍ട്ട് ഹോട്ടല്‍ ഉടമ. അദ്ദേഹത്തെ എനിക്ക് നല്ല പരിചയമുണ്ട്. ടാക്‌സി പിടിച്ച് ഞാന്‍ നേരെ 'കംഫര്‍ട്ടി'ലേക്ക് വിട്ടു. ഉച്ചക്ക് 12 മണിയോടടുത്ത് 'കംഫര്‍ട്ടി'ല്‍ എത്തിയപ്പോഴാണ് ഹോട്ടല്‍ ഉടമ മാറിയതായി അറിയുന്നത്. എങ്കിലും നാദാപുരത്തുകാരായ അവര്‍ നന്നായി പെരുമാറി. പുതിയ ഹോട്ടല്‍ ഉടമ ജുമുഅക്ക് പുറപ്പെട്ട് കഴിഞ്ഞിരുന്നു. ജോലിക്കാര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. തിരിച്ചുവന്ന അദ്ദേഹം എനിക്ക് എല്ലാ സൗകര്യവും ചെയ്തു തന്നു. ടാക്‌സി പോകാത്ത വഴിയായതുകൊണ്ട് നടക്കാന്‍ വയ്യാത്ത എന്നോട് പള്ളിയിലേക്ക് വരണ്ട എന്ന് ഉപദേശിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം ഹോട്ടല്‍ ഉടമ എന്നെ വന്നുകണ്ട് പിറ്റേന്ന് കാലത്ത് പത്തുമണിക്കുള്ള പ്രൈവറ്റ് ഫ്‌ളൈറ്റില്‍ ടിക്കറ്റ് ബുക് ചെയ്തിട്ടുണ്ടെന്നും സ്വന്തം കാറില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചുകൊള്ളാമെന്നും സമാധാനിപ്പിച്ചു. അപ്പോഴും ടിക്കറ്റിന് കാശ് തികയാത്ത പ്രശ്‌നം ഉള്ളാലെ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. രാത്രി ഉറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് മറ്റൊരു അനുഭവം ഉണ്ടാകുന്നത്. ഹോട്ടലിനു മുകളിലെ ഒരു ഹാളിലാണ് ഉറങ്ങാനുള്ള കട്ടില്‍. നാദാപുരത്തുകാരനായ ഒരു സഹയാത്രികനും ഉണ്ട്. ഞങ്ങള്‍ തമ്മില്‍ പരിചയമില്ല. സംസാരിച്ചു വന്നപ്പോള്‍ അദ്ദേഹം പഴയ സുന്നി സമ്പ്രദായത്തിലുള്ള ഒരു സാധാരണക്കാരനാണെന്നും ഏതെല്ലാമോ ജീവിത പ്രശ്‌നങ്ങളുടെ നടുക്കയത്തില്‍ പ്രയാസപ്പെടുന്ന ആളാണെന്നും മനസ്സിലായി. അദ്ദേഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകരുന്ന തരത്തില്‍, ആ നിസ്സഹായനായ യുവാവുമായി ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. കുറേ കഴിഞ്ഞ് നമസ്‌കാരത്തിനൊരുങ്ങിയപ്പോള്‍ സഹയാത്രികനും വുദു ചെയ്ത് എന്നെ തുടര്‍ന്നു നമസ്‌കരിച്ചു. നമസ്‌കാരാനന്തരം ഞാന്‍ പ്രാര്‍ഥിച്ചപ്പോള്‍ അദ്ദേഹം കൈയുയര്‍ത്തി വികാരാധീനനായി ആമീന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നോട് മനസു തുറന്ന സുഹൃത്ത് നീണ്ട മാസങ്ങള്‍ക്കുശേഷം, ഇന്ന് ആദ്യമായാണ് താന്‍ നമസ്‌കരിക്കുന്നതെന്ന് കുറ്റബോധത്തോടെ പറഞ്ഞു.

മൂട്ട ഉണ്ടാകും കട്ടിലില്‍, വെയ്സ്റ്റ് കടലാസ് വിരിക്കാം എന്ന് ഹോട്ടല്‍ ബോയ് പറഞ്ഞതിന്റെ അര്‍ഥം ഉറങ്ങാന്‍ ഒരുങ്ങിയപ്പോഴാണ് മനസ്സിലാകുന്നത്. കട്ടില്‍ നിറയെ മൂട്ടയായിരുന്നു. കടലാസെല്ലാം വിരിച്ച് കിടന്നെങ്കിലും അതൊന്നും മൂട്ടകള്‍ക്ക് പ്രശ്‌നമായില്ല. മുകളില്‍ ഹുക്കില്‍ തൂങ്ങിക്കിടന്ന കയര്‍ നിറയെ 'മൂട്ടകൂട്ട'മായിരുന്നു. ലൈറ്റ് അണച്ചതും അവറ്റകള്‍ മനുഷ്യന്റെ മണം പിടിച്ച് കട്ടിലിലേക്ക് എടുത്തുചാടിക്കൊണ്ടിരുന്നു. ഒരു രക്ഷയുമില്ലെന്ന് കണ്ട് എഴുന്നേറ്റ് പ്ലാസ്റ്റിക് കസേരയില്‍ മാറിയിരിക്കേണ്ടിവന്നു. സ്വുബ്ഹ് ബാങ്ക് വരെ അങ്ങനെ ഉറങ്ങിയും ഉണര്‍ന്നും സമയം കൊല്ലുന്നതിനിടെയാണ് മറ്റൊരു മൂട്ട കഥ ഓര്‍മയില്‍ വരുന്നത്.

ഹോട്ടലില്‍ റൂമെടുത്ത ഒരു യാത്രികന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഹെലികോപ്റ്റര്‍ പോലുള്ള ഉഗ്രന്‍ കൊതുകുകള്‍ ചിന്നം വിളിയുമായി കടന്നാക്രമണം തുടങ്ങി. പ്രകോപിതനായ യാത്രക്കാരന്‍ ഹോട്ടല്‍ മാനേജരുമായി വഴക്കടിച്ചു. ഇങ്ങനെയാണെങ്കില്‍ നിങ്ങളുടെ 'ഹെലികോപ്ടര്‍' കൊതുകുകള്‍ എന്നെ റാഞ്ചികൊണ്ടു പോകുമല്ലോ എന്ന് യാത്രികന്‍ കയര്‍ത്തതിന് ഹോട്ടല്‍ ഉടമ ശാന്തനായി മറുപടി പറഞ്ഞുവത്രെ; 'അത് സാര്‍ ഭയപ്പെടേണ്ടതില്ല. കൊതുകുകള്‍ താങ്കളെ മേലോട്ട് ഉയര്‍ത്തുമ്പോള്‍ അതിലും ശക്തരായ തടിച്ച മൂട്ടകള്‍ താങ്കളെ താഴേക്ക് വലിക്കുന്നുണ്ടാകും. അതിനിടയില്‍ ഒരുവിധം ഉറക്കം പിടിക്കുന്നതാണ് ഇവിടെ പതിവ്'! എന്റെയും നാദാപുരത്തുകാരന്‍ സുഹൃത്തിന്റെയും കാര്യത്തില്‍ ആക്രമണം ഏകപക്ഷീയമായിരുന്നു എന്ന സമാധാനമുണ്ട്. കൊതുകുകളല്ല, മൂട്ടകളായിരുന്നു പ്രശ്‌നം എന്ന് ചുരുക്കം. പിറ്റേന്ന് കാലത്ത് നാസ്തയും കഴിഞ്ഞ് ടാക്‌സിയില്‍ എയര്‍പോര്‍ട്ടിലേക്ക് എന്നെ യാത്രയാക്കുമ്പോള്‍ അന്തസ് വിടാതെ ഹോട്ടല്‍ മാനേജരോട് ഞാന്‍ ചോദിച്ചു: 'വിമാന ടിക്കറ്റിന്റെ കാശ് നാട്ടില്‍ എവിടെയാണ് കൊടുക്കേണ്ടത്?' 'അത് പ്രശ്‌നമല്ല, കുറ്റിയാടിയില്‍ ഞങ്ങളുടെ ട്രാവല്‍ ഓഫീസില്‍ കൊടുത്താല്‍ മതി' എന്ന് അദ്ദേഹം പറഞ്ഞതോടുകൂടി എനിക്ക് ആശ്വാസമായി.

വേണ്ടത്ര കാശ് കരുതാതെ യാത്ര ചെയ്തതിന്റെ മറ്റൊരു അനുഭവവും ബോംബെയില്‍ തന്നെ എനിക്കുണ്ടായത് ഇവിടെ ഓര്‍ക്കുന്നു. ഉദ്ദേശിച്ച ഫ്‌ളൈറ്റ് കിട്ടാതിരുന്നപ്പോള്‍  മറ്റൊരു സ്വകാര്യ കമ്പനിയുടെ 'ടിക്കറ്റ് ക്യൂ'വില്‍ നിന്നു. കൗണ്ടറില്‍ എത്തിയപ്പോഴാണ് മനസ്സിലായത്, എന്റെ കൈയിലുള്ള കാശ് ടിക്കറ്റിന് തികയില്ലെന്ന്. ഞാന്‍ ടിക്കറ്റില്ലാതെ തിരിച്ചുവരുന്നത് കണ്ട് അപരിചതനായ ഒരു സുഹൃത്ത് മുമ്പോട്ടുവന്ന് സംഗതി അന്വേഷിച്ചു. 'ടി.കെ' എന്നു വിളിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. അപ്പോള്‍ എനിക്ക് ആളെ പരിചയമുണ്ടായിരുന്നില്ല. സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് മനസ്സിലായത്, മലബാറിലെ പ്രശസ്ത മാര്‍ബിള്‍ വ്യാപാരി സി.പി മുഹമ്മദ് സാഹിബ് ആയിരുന്നു അത്. അദ്ദേഹം ടിക്കറ്റ് എടുത്ത്  അതേ ഫ്‌ളൈറ്റില്‍ എന്നെ യാത്രയയക്കുകയും ചെയ്തു. ഇത്തരം അനുഭവങ്ങളാണ് കെ.സിയുടെയും എ.കെയുടെയും ഓര്‍മ പുതുക്കാന്‍ കാരണമായത്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍