Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

നാഗരികതകള്‍ ഏറ്റുമുട്ടുകയല്ല, <br>ബദല്‍ മാതൃകകള്‍ സൃഷ്ടിക്കുകയാണ്

ദാവൂദ് ഒഗ്‌ലു /അഭിമുഖം

പുതിയ തുര്‍ക്കി പ്രധാനമന്ത്രിയായി നിയോഗിതനായ ദാവൂദ് ഒഗ്‌ലു അറിയപ്പെടുന്ന അക്കാദമിഷ്യനും ദാര്‍ശനികനുമാണ്. ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ അദ്ദേഹത്തിന്റെ പുസ്തകമാണ് 'അടവുപരമായ ആഴം: തുര്‍ക്കിയുടെ അന്തര്‍ദേശീയ സ്ഥാനം' (Strategic Depth: Turkey's International Position). ഈ ശ്രേണിയില്‍ 'ഫിലസോഫിക്കല്‍ ഡെപ്ത്', 'ഹിസ്റ്റോറിക്കല്‍ ഡെപ്ത്', 'കള്‍ച്ചറല്‍ ഡെപ്ത്' എന്നിങ്ങനെ മൂന്ന് കൃതികള്‍ കൂടി രചിക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ട്. ബദല്‍ മാതൃകകള്‍ (Alternative Paradigms), നാഗരിക യുഗപ്പകര്‍ച്ച (Civilizational Transformation) എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന പുതിയ ആശയങ്ങള്‍. ഇത് വേണ്ടത്ര ചര്‍ച്ചയായില്ലെന്നും അദ്ദേഹത്തിന് പരിഭവമുണ്ട്. പുതിയ നാഗരിക അധീശത്വത്തെക്കുറിച്ചും കീഴ്‌മേല്‍ മറിച്ചിലുകളെക്കുറിച്ചും തന്റെ സവിശേഷമായ ദര്‍ശനം മുന്നോട്ടുവെക്കുകയാണ് 'ടര്‍ക്കിഷ് റവ്യൂ' നടത്തിയ ഈ അഭിമുഖത്തില്‍.

'നാഗരികമായ സ്വയം കണ്ടെത്തല്‍' (Civilizational Self-Perception) എന്നൊരു ആശയം താങ്കള്‍ അവതരിപ്പിക്കുന്നുണ്ട്. നാഗരികതകളുടെ ഉത്ഥാനപതനങ്ങള്‍ക്ക് വ്യക്തി/സമൂഹത്തിന്റെ ബോധതല(സ്വയം കാണല്‍)വുമായാണ് ബന്ധം എന്ന് സ്ഥാപിക്കുകയാണ് താങ്കള്‍; നാഗരികതയുടെ വീഴ്ചക്കും ഉയര്‍ച്ചക്കും ഭൗതികമായ കാരണങ്ങളല്ല ഉള്ളതെന്നും. ഇത് ഇബ്‌നുല്‍ ഖല്‍ദൂന്റെ ദര്‍ശനത്തെ ഓര്‍മിപ്പിക്കുന്നു. രാഷ്ട്രങ്ങളുടെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് 'ഗോത്ര ഐക്യ'(അസ്വബിയ്യ)വുമായാണ് ബന്ധം എന്നാണല്ലോ അദ്ദേഹം വിലയിരുത്തിയത്. 'സ്വയം കാണലും' 'ഗോത്ര ഐക്യ'വും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇബ്‌നു ഖല്‍ദൂനിയന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ എന്ന് താങ്കളെ വിശേഷിപ്പിക്കാമോ?

ഞാന്‍ വിശദീകരിക്കാന്‍ പോകുന്ന 'ബദല്‍ മാതൃകകളെ'ക്കുറിച്ച് വളരെയേറെ ഉപന്യസിച്ചിട്ടുണ്ട് ഇബ്‌നുല്‍ ഖല്‍ദൂന്‍. ഒരു സംഭവം ഞാനോര്‍ക്കുന്നു. ഇബ്‌നുല്‍ ഖല്‍ദൂന്റെ മുഖദ്ദിമയില്‍ നിന്നുള്ള ചില ഉദ്ധരണികള്‍ എനിക്ക് എടുത്ത് ചേര്‍ക്കേണ്ടതുണ്ടായിരുന്നു. ആ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ അവലംബിച്ചിരുന്നത്. പരിഭാഷയില്‍ ചില മാറ്റങ്ങള്‍ വരുത്താതെ തരമില്ല എന്നെനിക്ക് തോന്നി. അക്കാര്യം പ്രസാധകനെ അറിയിച്ചപ്പോള്‍, കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് അത് സാധ്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഞാന്‍ ഇബ്‌നുല്‍ ഖല്‍ദൂന്റെ അറബിയിലുള്ള ഒറിജിനല്‍ ടെക്സ്റ്റിനെ തന്നെ അവലംബിക്കുകയും അതില്‍ നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇബ്‌നുല്‍ ഖല്‍ദൂന്റെ പല അറബി പ്രയോഗങ്ങളുടെയും പരിഭാഷകള്‍ക്ക് ബദല്‍ പ്രയോഗങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവിലേക്ക് ഞാനെത്തുന്നത് അങ്ങനെയാണ്. ഉദാഹരണത്തിന്, ഇബ്‌നുല്‍ ഖല്‍ദൂന്‍ 'മുല്‍ക്ക്' എന്ന് പ്രയോഗിക്കുമ്പോള്‍ ഇംഗ്ലീഷിലത് dynasty (രാജവാഴ്ച) എന്നാണ് പരിഭാഷപ്പെടുത്തുന്നത്. 'രാഷ്ട്രീയ അധികാരം' എന്ന് 'മുല്‍ക്കി'ന് പരിഭാഷ നല്‍കിയാല്‍ പുതിയ കാല സാഹചര്യങ്ങളില്‍ ഇബ്‌നുല്‍ ഖല്‍ദൂന്‍ ദര്‍ശനം കൂടുതല്‍ പ്രയോഗക്ഷമമാവുമെന്ന് വ്യക്തമാണല്ലോ.

ഇബ്‌നുല്‍ ഖല്‍ദൂനെ സംബന്ധിച്ചേടത്തോളം, അന്നത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഒരു തിയറി വികസിപ്പിച്ചെടുക്കാനാണ് അസ്വബിയ്യയിലൂടെ അദ്ദേഹം ശ്രമിച്ചത്. ഗോത്രങ്ങള്‍ എങ്ങനെ സ്റ്റേറ്റുകളായി പരിവര്‍ത്തിക്കപ്പെടുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ ദര്‍ശനം വളരെ അര്‍ഥവത്തും ശരിയുമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ എന്നെ സംബന്ധിച്ചേടത്തോളം, സാമൂഹിക ശാസ്ത്രസംബന്ധിയായ അസ്വബിയ്യക്കല്ല, മനശ്ശാസ്ത്രപരമായ അവബോധത്തിനും പരിപ്രേക്ഷ്യത്തിനുമാണ് പ്രസക്തി. അസ്വബിയ്യക്ക് പിന്നിലുള്ള മനശ്ശാസ്ത്ര ഘടകത്തെ കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനാല്‍ സാമൂഹിക ബന്ധങ്ങളിലോ കെട്ടുപാടുകളിലോ അല്ല ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; മറിച്ച്, മനുഷ്യനെക്കുറിച്ച സത്താവിജ്ഞാനീയം (ontology) ആധാരമാക്കിയുള്ള 'സ്വയം കാഴ്ച'യില്‍ ആണ്.

സ്വയം കാഴ്ച (Self Perception) എന്നു പറയുമ്പോള്‍ അത് അവനവനെക്കുറിച്ച കാഴ്ച മാത്രമാണ് എന്ന് വിചാരിക്കരുത്. ഒരാള്‍ സ്വന്തത്തെ മനസ്സിലാക്കുകയും നിര്‍വചിക്കുകയും ചെയ്യുമ്പോള്‍ അതൊടുവില്‍ ഒരു ലോക വീക്ഷണത്തിലാണ് എത്തിച്ചേരുക. ഒരാള്‍ക്ക് മറ്റൊരാളുമായുള്ള ബന്ധത്തെ നമുക്ക് അസ്വബിയ്യയിലൂടെ പഠനവിധേയമാക്കാന്‍ കഴിയും. ആദ്യം സ്വന്തത്തെക്കുറിച്ച് ഒരു പരിപ്രേക്ഷ്യം ഉണ്ടാക്കുകയും വ്യക്തിപരമായ ആ കാഴ്ചക്ക് പ്രചാരവും വ്യാപകത്വവും നല്‍കി അതിനെ പൊതുവായ ഒരു സ്വയം കാഴ്ചയായി മാറ്റുകയുമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ എന്റെ ആശയം ഇബ്‌നുല്‍ ഖല്‍ദൂനിന്റേതിന് ബദലാണെന്ന് പറയാന്‍ കഴിയില്ല. അതിന് അനുപൂരകമായ ഒന്നാണത്. എന്റെ ഒരു പി.എച്ച്.ഡി വിദ്യാര്‍ഥി ഇബ്‌നുല്‍ ഖല്‍ദൂന്റെ അസ്വബിയ്യ എന്ന ആശയത്തെ സത്താവിജ്ഞാനീയ -മനശ്ശാസ്ത്ര തലത്തില്‍ നിന്നുകൊണ്ട് പുനര്‍വ്യാഖ്യാനിച്ച് പ്രബന്ധമെഴുതിയിട്ടുണ്ട്.

അപ്പോള്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ എന്നതിനേക്കാളുപരി താങ്കളൊരു മനശ്ശാസ്ത്രജ്ഞനാണ്?

പുരാതനകാലം മുതലേ മനുഷ്യന്‍ യത്‌നിച്ചിട്ടുള്ളത് രണ്ട് ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ്. സുരക്ഷയും സ്വാതന്ത്ര്യവുമാണവ. സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യകുലത്തിന് നിലനിന്നുപോകാന്‍ പറ്റുന്ന ഒരു ചുറ്റുപാട് ഉണ്ടാക്കുക എന്നതാണ്. ഭൗതിക ചുറ്റുപാട് മാത്രമല്ല, രാഷ്ട്രീയ ചുറ്റുപാടും അതില്‍ പെടും. ഈ ബിന്ദുവില്‍ നിന്നാണ് സാമൂഹിക ശാസ്ത്രത്തിന്റെ ഉത്ഭവം. അതേസമയം മനുഷ്യന് സ്വാതന്ത്ര്യവും ആവശ്യമുണ്ട്. മനുഷ്യസമൂഹത്തെ ഇതര ജീവജാലങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന സ്വഭാവ വിശേഷമാണിത്. മൃഗങ്ങളും മറ്റും എന്തെങ്കിലും തരത്തിലുള്ള സുരക്ഷ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നുണ്ടല്ലോ. മനുഷ്യന്‍ അവന്റെ സ്വയം കാഴ്ച വികസിപ്പിക്കേണ്ടത് സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയാണ് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. സ്വാഭാവികമായും മനുഷ്യന്‍ തന്റെ വ്യക്തിപരമായ സ്വയം കാഴ്ചക്കും നാഗരികതകളുടെ പൊതുവായ സ്വയം കാഴ്ചകള്‍ക്കുമിടയില്‍ ഒരു ബന്ധം ഉണ്ടാക്കിയെടുക്കേണ്ടതായി വരും. ഇതില്‍ അവന്‍ വിജയിക്കുന്നതിന്റെ തോതനുസരിച്ച്, വ്യക്തിയും അവന്‍ ചേര്‍ന്നുനില്‍ക്കുന്ന നാഗരികതയും തമ്മിലുള്ള ബന്ധം കൂടുതല്‍ അര്‍ഥവത്തായിത്തീരും. ഈ അര്‍ഥവത്തായ ബന്ധം എവിടെ ആരംഭിക്കുന്നു, അത് എങ്ങനെ നാഗരികതയെ മാറ്റിപ്പണിയുന്നു, വ്യക്തിയുടെ സ്വയം നിര്‍വചിക്കലുകള്‍ ഏതളവില്‍ സാമൂഹിക മണ്ഡലത്തില്‍ പ്രതിധ്വനിക്കുന്നു-ഇതൊക്കെയാണ് എന്റെ അന്വേഷണ വിഷയങ്ങള്‍.

സാമൂഹിക വിജ്ഞാനീയമല്ല, സത്താവിജ്ഞാനീയമാണ് താങ്കളുടെ മുഖ്യ പരിഗണന എന്നര്‍ഥം?

അതെ. അതിന് കാരണമുണ്ട്. ഒരാള്‍ മറ്റൊരാളെ എങ്ങനെ നോക്കുന്നു എന്നതാണല്ലോ സാമൂഹിക ശാസ്ത്രത്തില്‍ പ്രധാനം. ഇതൊരിക്കലും ഏത് സാമൂഹിക പ്രക്രിയയിലും അടിസ്ഥാനപരമായ സംഗതിയല്ല. ഒരാള്‍ അയാളെ സ്വയം എങ്ങനെ കാണുന്നു എന്നതാണ് ഏറ്റവും മൗലികമായ വിഷയം. സ്വയം കാഴ്ചയില്‍ നിന്ന് വരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ, ഇതരന്റെ കാഴ്ചയില്‍ നിന്നുണ്ടായിത്തീരുന്ന പ്രശ്‌നങ്ങളെ മനുഷ്യസമൂഹത്തിന് അഭിമുഖീകരിക്കാനാവില്ല. ഇങ്ങനെയൊരു കാഴ്ചപ്പാട് ഉരുത്തിരിച്ചെടുക്കുന്ന പക്ഷം ഇസ്‌ലാമിക നാഗരികതയെക്കുറിച്ച നമ്മുടെ ഗ്രാഹ്യങ്ങളെല്ലാം മാറ്റേണ്ടിവരും. പലരും വിശ്വസിക്കുന്നത് ഇസ്‌ലാമിക നാഗരികത സാമൂഹികതയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണെന്നും, അതിനാല്‍ സാമൂഹിക ശാസ്ത്രമാണ് അതിനെ വിശകലനം ചെയ്യാന്‍ ഏറ്റവും ഉപയുക്തമായ പഠനശാഖ എന്നുമാണ്. ഞാന്‍ വാദിക്കുന്നത് സാമൂഹിക ശാസ്ത്രമല്ല, മനശ്ശാസ്ത്രമാണ് മനുഷ്യ നാഗരികതയുടെ നിര്‍മാണത്തിന് പിന്നില്‍ അടിസ്ഥാന ചോദനയായി വര്‍ത്തിക്കുന്നത് എന്നാണ്. മുസ്‌ലിം നാഗരികതയെ പഠിച്ചു നോക്കുക. അവിടെ സത്താപരമായ അടുപ്പമോ (ontological proximity) കൂടിക്കുഴച്ചിലോ സംഭവിക്കുന്നില്ല; മനുഷ്യ ദൈവങ്ങളോ അര്‍ധീശ്വരന്മാരോ സൃഷ്ടിക്കപ്പെടുന്നില്ല.

ബദല്‍ മാതൃകകളി(Alternative Paradigms)ലേക്ക് കടക്കാം. അതിന് മുമ്പ് 'സത്താപരമായ അടുപ്പം' എന്താണെന്ന് വിശദീകരിക്കാമോ?

ഇസ്‌ലാമിന് മുമ്പുള്ള എല്ലാ മതങ്ങളും നാഗരികതകളും ദൈവവും മനുഷ്യനും കൂടിക്കലര്‍ന്ന നരദേവന്മാര്‍ (demigods) എന്ന ഒരു പ്രത്യേക വര്‍ഗത്തെ സൃഷ്ടിച്ചെടുത്തതായി കാണാം. ഇസ്‌ലാമല്ലാത്ത നാഗരികതകള്‍ മനുഷ്യന്‍, ദൈവം, പ്രകൃതി എന്നിവയെ സത്താപരമായി ഒരേ തലത്തിലാണ് നോക്കിക്കാണുന്നത്. ഇതിനെയാണ് ഞാന്‍ 'സത്താപരമായ അടുപ്പം' എന്ന് പേരിട്ടിരിക്കുന്നത്. ഗ്രീക്ക് പുരാണത്തില്‍ അവര്‍ മനുഷ്യ ദേവതകളാ(demiurge)യാണ് പ്രത്യക്ഷപ്പെടുന്നത്; ഇന്ത്യന്‍ നാഗരികതയില്‍ അവതാരങ്ങളായും. മനുഷ്യനെയും ദൈവത്തെയും സത്താപരമായി അടുപ്പിക്കുന്ന ഇത്തരം സങ്കല്‍പങ്ങള്‍ സാമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നാണ് ഞാന്‍ വാദിക്കുന്നത്. ഇന്ത്യന്‍ നാഗരികതയില്‍ ദൈവം അവതാരരൂപത്തില്‍ ലോകത്തേക്ക് ഇറങ്ങിവരികയാണ്. പക്ഷേ, ഈ അവതാരവുമായി എല്ലാവര്‍ക്കും സംവദിക്കുക സാധ്യമല്ല. അതിന് സാധ്യമാവുക പുരോഹിതന്മാര്‍ക്കാണ്. അവര്‍ക്ക് താഴെയാണ് പിന്നെയുള്ള സാമൂഹിക ശ്രേണികള്‍. ജാതിസമ്പ്രദായം രൂപപ്പെടുന്നത് ഇങ്ങനെയാണ്.

ക്രൈസ്തവ മതത്തില്‍ യേശുവിന് നല്‍കപ്പെടുന്ന ഭാഗികമായ ദിവ്യത്വം യേശുവിന്റെ പ്രകൃതത്തെ പ്രതിനിധീകരിക്കുന്ന ഒരു സ്ഥാപനത്തിനും ജന്മം നല്‍കി. അതാണ് ചര്‍ച്ചും പുരോഹിത ഘടനയും. മനുഷ്യനും പ്രകൃതിയും ദൈവവും തമ്മിലുള്ള ഈ സത്താപരമായ കൂടിക്കലരലിനെയും അടുപ്പത്തെയും നിരാകരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അല്ലാഹു, പ്രകൃതി, മനുഷ്യന്‍ ഇവ മൂന്നും അവയുടേതായ സത്താപരമായ ശ്രേണിയില്‍ വേറിട്ട് നിലകൊള്ളുന്നു. അതിനാല്‍ ഇസ്‌ലാമിക നാഗരികതയില്‍ മറ്റു നാഗരികതകളില്‍ കാണുന്ന പോലുള്ള സാമൂഹിക ശ്രേണികള്‍ രൂപപ്പെടുകയില്ല. സത്താപരമായ ഈ സവിശേഷ മാതൃകയില്‍ അധിഷ്ഠിതമായ മനശ്ശാസ്ത്രമാണ് ഇവിടെ സാമൂഹിക സംവിധാനത്തെ നിര്‍വചിക്കുന്നത് എന്നാണെന്റെ വാദം.

ഓരോരുത്തരും സ്വയം എങ്ങനെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് നാഗരികതയുടെ പൊതുവായ സ്വയം ദര്‍ശനം രൂപപ്പെടുന്നതെന്ന് പറഞ്ഞു. ഒരു നാഗരികതയെ തന്നെ ചലിപ്പിക്കുന്ന ശക്തിയായി ഈ സ്വയം കാഴ്ച രൂപപ്പെടുന്നത് എപ്പോഴാണ്?

മനുഷ്യര്‍ പുതിയൊരു പരിപ്രേക്ഷ്യം, പുതിയൊരു ലോക വീക്ഷണം രൂപപ്പെടുത്തുമ്പോള്‍ നവീനമായ ഒരു സ്വയം കാഴ്ചക്ക് തുടക്കമിടുക കൂടിയാണ്. ഈ മനശ്ശാസ്ത്രപരമായ ഉല്‍പന്നം കാലക്രമത്തില്‍ വേണ്ടത്ര അധികാരം സ്വരൂപിക്കുകയും അങ്ങനെ സമൂഹത്തെ സ്വാധീനിക്കുമാറ് വ്യാപിക്കുകയുമാണ് ചെയ്യുക. ഇത് നാഗരികതയുടെ ആരോഹണത്തിന്റെ തുടക്കമാണ്. ഇബ്‌നുല്‍ ഖല്‍ദൂനെ സംബന്ധിച്ചേടത്തോളം ഈ ശക്തിയാണ് അസ്വബിയ്യ. അതിലടങ്ങിയ പരിപ്രേക്ഷ്യം/കാഴ്ച എന്ന ഘടകമാണ് ഞാന്‍ പഠനവിധേയമാക്കുന്നത് എന്നു മാത്രം.

ഈ ആശയം ഒന്നുകൂടി വ്യക്തമാക്കാന്‍ ആദ്യകാല ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന് ഒരു സംഭവം ഉദ്ധരിക്കാം. പ്രവാചകന്റെ ജീവിതകാലത്ത് മക്കയിലും മദീനയിലും ശക്തമായ ഒരു സ്വയം കാഴ്ച രൂപപ്പെട്ടിരുന്നു. 'ഏകദൈവത്വപരമായ സ്വയം കാഴ്ച' എന്നാണ് ഞാനതിനെ വിളിക്കുന്നത്. രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് ഈജിപ്ത്, ഫലസ്ത്വീന്‍, മെസപൊട്ടോമിയ തുടങ്ങിയ ഭൂഭാഗങ്ങള്‍ മുസ്‌ലിംകള്‍ കീഴടക്കിയപ്പോള്‍ ഇവിടെയുള്ള നാഗരികതകളുമായി മേല്‍പ്പറഞ്ഞ ഏകദൈവത്വപരിപ്രേക്ഷ്യം എതിരിടുകയുണ്ടായി. പ്രാചീന നാഗരികതകളുമായുള്ള ഈ അഭിമുഖീകരണം വളരെ പ്രധാനമാണ്. ഇസ്‌ലാമിക സ്വയം കാഴ്ചയുടെ പ്രഭവ കേന്ദ്രം മക്കയും മദീനയുമാണെന്ന് ഞാന്‍ കരുതുന്നു. ആ പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര കിടപ്പും വളരെ ശ്രദ്ധേയമാണ്. ഈ തൗഹീദീ സ്വയം കാഴ്ച മക്കയുടെയും മദീനയുടെയും ചുറ്റുമുള്ള ഈജിപ്ഷ്യന്‍, ഫലസ്ത്വീനിയന്‍, മെഡിറ്ററേനിയന്‍, മെസപൊട്ടോമിയന്‍, ഇന്ത്യന്‍, ഗ്രീക്ക് തുടങ്ങി സകല പ്രാചീന നാഗരികതകളെയും അഭിമുഖീകരിക്കുകയും എതിരിടുകയും ചെയ്തപ്പോഴാണ് മികവുറ്റ ഇസ്‌ലാമിക നാഗരികത രൂപം കൊണ്ടത്. ഈ സ്വയം കാഴ്ചയുടെ പ്രഭവ കേന്ദ്രം മധ്യാഫ്രിക്കയായിരുന്നെങ്കില്‍ ഇസ്‌ലാമിക നാഗരികത ഇത്രത്തോളം പ്രശോഭിതമാകുമായിരുന്നില്ല.

ഈ ഇസ്‌ലാമിക സ്വയം കാഴ്ച ലോകത്തെ പരമ്പരാഗതമായ സകല അധികാര ശ്രേണികളെയും പിടിച്ചുകുലുക്കുകയുണ്ടായി. പൗരാണിക നാഗരികതകളുടെ കേന്ദ്രങ്ങള്‍ മുസ്‌ലിം നാഗരികതക്ക് കീഴ്‌പ്പെടുകയുമുണ്ടായി. അതേസമയം ഈ നാഗരികതകള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ ഇസ്‌ലാമിക നാഗരികതക്ക് അഭിമുഖീകരിക്കേണ്ടതുമുണ്ടായിരുന്നു. അതിനുള്ള യത്‌നത്തിലാണ് മുസ്‌ലിം ലോകത്ത് പുതിയ ശാസ്ത്രശാഖകളും യൂനിവേഴ്‌സിറ്റികളും ഉദയം ചെയ്തത്. ചുരുങ്ങിയ കാലത്തിനകം ഇസ്‌ലാമിക നാഗരികതക്കകത്ത് തന്നെ ക്രിസ്ത്യന്‍, ഗ്രീക്ക്, നിയോ പ്ലാറ്റോണിക് മുതലായ ചിന്താധാരകള്‍ പുനര്‍ജനിക്കുന്നതും നാം കണ്ടു.

നിലവിലുള്ള നാഗരികതകള്‍ക്ക് മേലുള്ള കൈയേറ്റമായി ഇതിനെ കണ്ടുകൂടേ?

നാഗരികതകളുടെ സംഘട്ടനത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. വ്യത്യസ്ത ബദല്‍ മാതൃകകളുടെ സംഭാവനകളെക്കുറിച്ചാണ്. ഇസ്‌ലാമിക നാഗരികതയും പാശ്ചാത്യ നാഗരികതയും രണ്ടും മനുഷ്യരാശിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇസ്‌ലാമിക -പാശ്ചാത്യ നാഗരികതകള്‍ വീണ്ടും ഒരഭിമുഖീകരണം നടത്തുകയാണ്. നേരത്തെ ഉണ്ടായ അഭിമുഖീകരണം പോലെ ഇതും വളരെ അര്‍ഥവത്തായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒരു സംഘട്ടനമോ വിഛേദമോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. നാഗരികതകള്‍ തമ്മിലുള്ള ഇടപഴകലും ആദാനപ്രദാനവുമാണ് മുഖ്യം. ഇതില്‍ ഏതെങ്കിലും ഒരു നാഗരിക മാതൃക ശരി എന്ന് ഞാന്‍ പറയുകയില്ല. ഇവയിലൊന്നിന്റെ വ്യതിരിക്തത കാണാതെ പോകുന്നത് അപകടകരമായിരിക്കുമെന്നും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമുവല്‍ ഹണ്ടിംഗ്ടണ്‍ പറയുന്നത്, ഈ രണ്ട് നാഗരികതകളും സംഘട്ടനത്തിലാണെന്നാണ്. ഞാന്‍ പറയുന്നത്, അവ പരസ്പരം പ്രതിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. ആ ഇടപഴകല്‍ ഫലവത്താവണമെങ്കില്‍ ഓരോന്നിന്റെയും പ്രത്യേകത അറിഞ്ഞിരിക്കണം. ഇതൊക്കെയും ബദല്‍ മാതൃകകളാണ്; പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുന്ന വിരുദ്ധ ശക്തികളല്ല.

ആഗോളീകരണത്തിന്റെ കാലമായതുകൊണ്ട് മുന്‍ നൂറ്റാണ്ടുകളിലേക്കാള്‍ ഈ അഭിമുഖീകരണം ഫലവത്തായിത്തീരും എന്നു തോന്നുന്നുണ്ടോ?

ആഗോളീകരണം ചരിത്രത്തില്‍ ആദ്യമായൊന്നുമല്ല സംഭവിക്കുന്നത്. ഒട്ടേറെ മുന്‍ മാതൃകകള്‍ ഇതിനുണ്ട്. അവയോരോന്നും അവയുടെ ദാര്‍ശനിക ദൗത്യം നിര്‍വഹിച്ചിട്ടുമുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലം ഒരുതരം ആഗോളീകരണത്തിന്റേതായിരുന്നു. ഒരു ഭാഗത്ത് സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവരുടെയും, മറുഭാഗത്ത് ബുദ്ധ, കണ്‍ഫ്യൂഷ്യസ് തുടങ്ങിയവരുടെയും തത്ത്വചിന്താ പാരമ്പര്യങ്ങളുടെ സങ്കലനം നാമിവിടെ കാണുന്നു. ക്രിസ്തുമതം പ്രചരിച്ച കാലത്തും വിവിധ ചിന്താ പാരമ്പര്യങ്ങളുടെ ഒത്തുകൂടല്‍ നാം കാണുന്നുണ്ട്. മുസ്‌ലിം നാഗരികതയുടെ കാലത്താണ് ചിന്താധാരകളുടെ മറ്റൊരു സങ്കലനമുണ്ടാവുന്നത്. കുറച്ച് കാലമെങ്കിലും എല്ലാ നാഗരിക കേന്ദ്രങ്ങളെയും മുസ്‌ലിം ലോകം ഭരിക്കുകയുണ്ടായി. ദല്‍ഹി, ഗ്രാനഡ, ബഗ്ദാദ്, ഇസ്തംബൂള്‍, ബുഖാറ, കൊര്‍ദോവ ഇവിടെയെല്ലാം ഉണ്ടായിരുന്ന സ്വയം കാഴ്ചക്ക് വ്യത്യാസമുണ്ടായിരുന്നെങ്കിലും അവ ഒരേ സ്വഭാവത്തില്‍ ഉള്ളതായിരുന്നു. ഇതിനെ മറ്റൊരു സ്വയം കാഴ്ച കൊണ്ട് മാറ്റിമറിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയലിസമാണ്. ഇവിടം മുതലാണ് ഇരു നാഗരികതകളും സംഘട്ടനത്തിലേക്ക് തിരിയുന്നത്.

പത്തൊമ്പാതാം നൂറ്റാണ്ടിലെ അഭിമുഖീകരണം ഇസ്‌ലാമിക നാഗരികതയെ അപകടപ്പെടുത്തുന്നതായിരുന്നു എന്നു പറഞ്ഞു. പാശ്ചാത്യര്‍ അവരുടേതായ സ്വയം കാഴ്ച കൊണ്ട് മുസ്‌ലിം ലോകത്തെ പ്രതിസന്ധിയിലാക്കി. എങ്കില്‍ ഇപ്പോഴുള്ള അഭിമുഖീകരണത്തെക്കുറിച്ച് താങ്കള്‍ ശുഭാപ്തി വിശ്വാസിയാവുന്നത് എന്തുകൊണ്ട്?

ആദ്യമായി നാം മനസ്സിലാക്കേണ്ടത്, പാശ്ചാത്യ മാതൃക അതിന്റെ വളര്‍ച്ചയുടെ അവസാനത്തിലെത്തിയിരിക്കുന്നു എന്നതാണ്. ഈ ചാക്രിക ക്രമം എല്ലാ നാഗരികതകളിലും നാം കാണുന്നുണ്ട്. മുസ്‌ലിം നാഗരികതയെ സംബന്ധിച്ചും ഇപ്പറഞ്ഞത് ശരിയാണ്. മക്കയിലും മദീനയിലും ജന്മമെടുത്ത ഈ നാഗരികതാ പരിപ്രേക്ഷ്യം വികസിക്കുകയും മറ്റു നാഗരികതകളെ അഭിമുഖീകരിക്കുകയും ചെയ്തു. അങ്ങനെ പുതിയ ചിന്താ പ്രസ്ഥാനങ്ങളുണ്ടായി. അബൂഹനീഫയെപോലുള്ളവര്‍ അല്‍ഫിഖ്ഹുല്‍ അക്ബര്‍ പോലുള്ള ക്ലാസിക്കുകള്‍ക്ക് ജന്മം നല്‍കി. ഈ ചിന്താപ്രസ്ഥാനങ്ങളെ പിന്നീട് വന്നവര്‍ വികസിപ്പിച്ചു. അങ്ങനെ പുതിയ മാതൃക സൃഷ്ടിക്കപ്പെടുകയും അതിന്റെ അടിത്തറയില്‍ യൂനിവേഴ്‌സിറ്റികള്‍ സ്ഥാപിതമാവുകയും ചെയ്തു. ഇതാണ് രാഷ്ട്രീയ ആധിപത്യമായും രൂപപ്പെടുന്നത്. ഒരു പ്രത്യേക ബിന്ദുവില്‍ ധൈഷണിക മാതൃക രാഷ്ട്രീയ മാതൃകയായി വിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ഇതോടൊപ്പം മറ്റൊന്നു കൂടി സംഭവിക്കുന്നുണ്ട്. അതായത്, ധൈഷണികമായ ഒറിജിനാലിറ്റി നഷ്ടപ്പെടാന്‍ തുടങ്ങുന്നു.  അങ്ങനെ പണ്ഡിതന്മാര്‍, നേരത്തെ പലരും പറഞ്ഞതുതന്നെ വീണ്ടും പറയാന്‍ തുടങ്ങുന്നു. ഏതൊരു നാഗരികതക്കും ഇത് സംഭവിക്കും. രാഷ്ട്രീയ മാതൃക അരക്കിട്ടുറപ്പിക്കപ്പെട്ടപ്പോള്‍ ഉസ്മാനികള്‍ക്കും ഇത് സംഭവിച്ചതാണ്. അവരുടെ മൗലിക ചിന്തകള്‍ ക്ഷയിക്കാന്‍ തുടങ്ങി. കൃതികള്‍ക്ക് വ്യാഖ്യാനമെഴുതുക, ആ വ്യാഖ്യാനങ്ങള്‍ക്ക് അടിക്കുറിപ്പുകളെഴുതുക തുടങ്ങിയവ ഇതിന്റെ ലക്ഷണമായി കരുതാം. ധൈഷണിക പ്രതിസന്ധി അവസാനിച്ചുവെന്നും ഇനിയൊന്നും എഴുതപ്പെടേണ്ടതായോ പറയപ്പെടേണ്ടതായോ ഇല്ലെന്നും ജനം വിചാരിക്കാന്‍ തുടങ്ങി.

ഇനി പാശ്ചാത്യ നാഗരികതയെ നോക്കുക. അവരുടെ പുതിയ സ്വയം കാഴ്ച രൂപപ്പെടുന്നത് 12-15 നൂറ്റാണ്ടുകളിലെ കടുത്ത ധൈഷണിക പ്രതിസന്ധികളുടെ കാലത്താണ്. ഇക്കാലത്തെ അടിസ്ഥാന ക്ലാസിക്കുകളാണ് സ്പിനോസ, ഹോബ്‌സ് പോലുള്ള ചിന്തകര്‍ക്ക് വഴിയൊരുക്കിയത്. ഹെഗലിന്റെ കാലമാവുമ്പോഴേക്കും ഈ മാതൃകക്ക് സ്ഥിരത കൈവന്നു. ഈയര്‍ഥത്തില്‍ ഞാന്‍ ഹെഗലിനെ ഇമാം ഗസാലിയുമായി താരതമ്യം ചെയ്യാറുണ്ട്. അങ്ങനെ 19-ാം നൂറ്റാണ്ടാവുമ്പോഴേക്ക് പാശ്ചാത്യ സ്വയം കാഴ്ച ഒരു നാഗരിക മാതൃകയെന്ന നിലക്ക് സ്ഥിരതയാര്‍ജിക്കുകയും അതൊരു രാഷ്ട്രീയ മാതൃകയായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തു.

ഇപ്പോള്‍ ഈ പാശ്ചാത്യ മാതൃകയും അതിന്റെ അടിയാധാരമായി വര്‍ത്തിക്കുന്ന ജ്ഞാനോദയ തത്ത്വശാസ്ത്ര(Enlightenment Philosophy)വും പറയേണ്ടതൊക്കെ പറഞ്ഞ് കഴിഞ്ഞ നിലയിലാണ്. ഇതുകൊണ്ടാണ് ഫ്രാന്‍സിസ് ഫുകുയാമയെപ്പോലുള്ളവര്‍, ചരിത്രം അവസാനിച്ചു എന്നു പറയുന്നത്. ഇത് വെറും വ്യാമോഹം മാത്രമാണെന്ന് സമര്‍ഥിച്ച് ഞാന്‍ ലേഖനമെഴുതിയിരുന്നു. ഉസ്മാനികള്‍ തങ്ങളുടെ ഭരണക്രമത്തെ 'ശാശ്വത ഭരണകൂടം' (ദൗലത്തെ അബദ് മുദ്ദത്ത്) എന്ന് വിളിച്ചപ്പോള്‍ അവരും ഇത്തരമൊരു വ്യാമോഹത്തിന്റെ പിടിയിലായിരുന്നു. ഭരണക്രമത്തിന്റെ സമ്പൂര്‍ണതയില്‍ തങ്ങള്‍ എത്തിക്കഴിഞ്ഞെന്നും ഇനിയങ്ങോട്ട് എല്ലാം നിശ്ചലമായിരിക്കുമെന്നുമാണ് ഉസ്മാനികള്‍ കരുതിയത്. ചലനാത്മകതയുടെ അവസാനമാണിത്. ഇതുതന്നെയാണ് ഫുക്കുയാമയും അവകാശപ്പെട്ടത്: 'പ്രത്യയശാസ്ത്രങ്ങളുടെ വെല്ലുവിളി അവസാനിച്ചിരിക്കുന്നു. മനുഷ്യകുലം ഒരു സമ്പൂര്‍ണ(ലിബറല്‍) ക്രമത്തില്‍ എത്തിയിരിക്കുന്നു.' അബദ്ധമാണ് ഈ വാദം. യഥാര്‍ഥത്തില്‍, ജ്ഞാനോദയ തത്ത്വശാസ്ത്രം അതിഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ചെയ്യുന്നത്. ധൈഷണിക പ്രതിസന്ധി ഉള്ളേടത്ത് രാഷ്ട്രീയ ക്രമത്തിന് സ്ഥിരതയുണ്ടാവില്ല. ചരിത്രം അവസാനിക്കുകയല്ല ചെയ്തത്. മറിച്ച്, ഇനി മുതല്‍ അത് മുമ്പത്തേക്കാള്‍ വേഗതയില്‍ ഒഴുകുകയാണ് ചെയ്യുക. ഒരു കാര്യം ശരിയാണ്. ഇനി മേല്‍ പാശ്ചാത്യ ലോകത്ത് കാന്റുമാരോ ഹെഗലുമാരോ ഉണ്ടാവുകയില്ല. നിയോ കാന്റിയന്മാരും നിയോ ഹെഗലിയന്മാരുമാണ് ഉണ്ടാവുക. അതായത് പാശ്ചാത്യര്‍ അവരുടെ ധൈഷണിക ചരിത്രത്തില്‍ വ്യാഖ്യാനക്കുറിപ്പുകളും ടിപ്പണികളും ചമയ്ക്കുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. 16-ാം നൂറ്റാണ്ടിലെ ഉസ്മാനികളുടെ അതേ 'ദൗലത്തെ അബദ് മുദ്ദത്ത്' ഘട്ടത്തില്‍. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍