Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

മക്കള്‍ മലക്കുകളല്ല

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         മലക്കുകളുടെ ശീലത്തോടെയും സ്വഭാവത്തോടെയും മക്കള്‍ വളരണമെന്ന ചിന്ത പുലര്‍ത്തുന്ന മാതാപിതാക്കള്‍ വലിയ അബദ്ധമാണ് കാണിക്കുന്നത്. തെറ്റ് ചെയ്യാത്ത മലക്കുകളാണ് മക്കള്‍ എന്ന വിചാരത്തോടെയാണ് പല മാതാപിതാക്കളും മക്കളുടെ ശിക്ഷണ ശീലങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മക്കളുടെ വീഴ്ചകളും തെറ്റുകളും മിക്ക മാതാപിതാക്കളെയും അലോസരപ്പെടുത്തും. മാതാപിതാക്കളുടെ ആജ്ഞകള്‍ നിരസിക്കുക, കുട്ടി തന്റെ സഹോദരി സഹോദരന്മാരെ അടിക്കുക, അവരോട് ചീത്ത വാക്കുകള്‍ പറയുക, അവരെ ശകാരിക്കുക തുടങ്ങി ചെറിയ കുഞ്ഞുങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ മാതാപിതാക്കള്‍ക്ക് അവരോട് വെറുപ്പുളവാക്കും.

മുതിര്‍ന്ന കുട്ടികള്‍ പഠനകാര്യങ്ങളില്‍ ഉഴപ്പുക, മടികാണിക്കുക, പഠനസമയത്ത് കളിച്ചു നടക്കുക, നസ്‌കാരത്തില്‍ നിഷ്ഠപുലര്‍ത്താതിരിക്കുക, ചിലപ്പോള്‍ നമസ്‌കരിക്കാതിരിക്കുക, മാതാപിതാക്കളോട് അനുസരണവും വിധേയത്വവും പുലര്‍ത്താതിരിക്കുക തുടങ്ങിയ അനഭിലഷണീയ കാര്യങ്ങള്‍ കാണുമ്പോള്‍ മാതാപിതാക്കളില്‍ വിമ്മിട്ടവും അതൃപ്തിയും ഉണ്ടാവും. കുട്ടികള്‍ കുറെകൂടി വലുതായി അവരില്‍ പെരുമാറ്റ ദൂഷ്യം കാണുമ്പോള്‍ മാതാപിതാക്കള്‍ അങ്ങേയറ്റം അസംതൃപ്തരാവും. അവനോ അവളോ തങ്ങളുടെ കൂട്ടുകാരുമൊത്ത് അഹിതകരമായ ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്നോ, മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ അനാവശ്യമായ എന്തെങ്കിലും കണ്ടെന്നോ കേള്‍ക്കുകയോ കാണുകയോ ചെയ്യാന്‍ ഇടവന്നെന്നിരിക്കട്ടെ, അതോടെ മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധം വഷളാവും; നിലതെറ്റും.

മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മൂലം മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധം അറ്റുപോയ നിരവധി കേസുകള്‍ എനിക്ക് കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. മകള്‍ ഹിജാബ് ധരിച്ചില്ലെന്ന ഒറ്റ കാരണത്താല്‍ അഞ്ചു വര്‍ഷമായി മകളോട് പിണങ്ങിക്കഴിയുന്ന ഒരു പിതാവിനെ എനിക്കറിയാം. പിതാവ് മകളുമായുള്ള ബന്ധത്തിന്റെ കണ്ണിയറുത്തുകളഞ്ഞു. മകന്‍ നമസ്‌കരിക്കുന്നില്ലെന്നും മറ്റു പെണ്‍കുട്ടികളുമായി ചില അവിഹിത ബന്ധങ്ങളുണ്ടെന്നുമുള്ള കാരണത്താല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു പിതാവ് മകനുമായുള്ള ബന്ധം മുറിച്ചു ജീവിക്കുന്നു. നിസ്സാര കാരണത്തെച്ചൊല്ലി മാതാപിതാക്കള്‍ കഴിഞ്ഞ  പത്തുവര്‍ഷമായി മകനോട് മിണ്ടാത്ത ഒരു കേസും എന്റെ അടുത്തെത്തി.

മാതാപിതാക്കള്‍ മക്കളെ ഗുണദോഷിക്കരുതെന്നോ മക്കളുടെ തെറ്റുകള്‍ കാണുമ്പോള്‍ മാതാപിതാക്കള്‍ പുളകം കൊള്ളണമെന്നോ അല്ല ഞാന്‍ പറഞ്ഞുവരുന്നത്. നാം ഭാവനാ ജീവികളാവാതെ യാഥാര്‍ഥ്യബോധത്തോടെ വേണം നമ്മുടെ സമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടത് എന്നാണ് ഞാന്‍ പറയുന്നത്. മക്കള്‍ ഓരോ തെറ്റു ചെയ്യുന്നത് കാണുമ്പോഴും നിയന്ത്രണം നഷ്ടപ്പെട്ട് ദേഷ്യം പിടിക്കുന്നതും കലിതുള്ളുന്നതും നാം ഒരുതരം ഭാവനാ ജീവികളാവുന്നത് മൂലമാണ്. അവരുടെ ചെറിയ വീഴ്ചകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും അവരുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച് പരുക്കനായി പെരുമാറുകയും ചെയ്യുന്നത് നമുക്ക് യാഥാര്‍ഥ്യബോധം ഇല്ലാത്തതിനാലാണ്. തെറ്റ് തിരുത്താന്‍ നാം അവര്‍ക്ക് അവസരം നല്‍കുന്നില്ല. തെറ്റുകള്‍ മറികടക്കേണ്ടതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാന്‍ ഒരവസരം നാം ഉണ്ടാക്കുന്നുമില്ല. മക്കള്‍ തെറ്റ് ചെയ്യാത്ത മലക്കുകളാണെന്ന വിചാരത്തോടെ നാം അവരെ വളര്‍ത്താന്‍ ശ്രമിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചുപോകുന്നത്. നമ്മുടെ മാനുഷികാവസ്ഥയോട് നീതിപുലര്‍ത്തി, മനുഷ്യരാണ് നാമൊക്കെ എന്ന വിചാരത്തോടെ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന് ഒരു രീതിശാസ്ത്രം നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ''എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനില്‍ സത്യം. നിങ്ങള്‍ തെറ്റു ചെയ്യുന്നില്ലെങ്കില്‍, നിങ്ങളെ മാറ്റി, തെറ്റ് ചെയ്തുപോവുകയും ഉടനെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് മാപ്പിരക്കുകയും അല്ലാഹു പൊറുത്തുകൊടുക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അല്ലാഹു കൊണ്ടുവരും.''

രക്ഷിതാക്കളായ നമ്മുടെ സ്വന്തം കാര്യത്തില്‍ നാം നടപ്പാക്കുന്ന രീതി എന്തുകൊണ്ടാണ് മക്കളുടെ കാര്യത്തില്‍ നാം നടപ്പാക്കാത്തത്? എന്താണ് മക്കളെ ആ രൂപത്തില്‍ വളര്‍ത്താത്തത്? തെറ്റ് സംഭവിക്കുന്നതല്ല കുറ്റകരമായിട്ടുള്ളത്. ചെയ്ത തെറ്റില്‍ മാറ്റമില്ലാതെ തുടരുന്നതാണ് കുറ്റകരം. സ്വര്‍ഗത്തിന്റെ താക്കോല്‍ കൈവശമുണ്ടെന്ന് കരുതുന്ന വികാരിയച്ചന്റെ അടുത്ത് ചെന്ന് കുമ്പസാരിക്കുന്നവരല്ല നാം. അല്ലാഹുവുമായുള്ള ബന്ധത്തിലാണ് തെറ്റും വീഴ്ചയും സംഭവിച്ചതെങ്കില്‍ അല്ലാഹുവിനോട് മാപ്പിരന്നും, ജനങ്ങളുമായുള്ള ബന്ധത്തിലാണ് അവ സംഭവിച്ചതെങ്കില്‍ അവരോട് ക്ഷമ ചോദിച്ചും ജീവിക്കാനാണ് മക്കളെ ശീലിപ്പിക്കേണ്ടത്. അല്ലാതെ അവര്‍ തെറ്റ് വന്നുപോകാത്ത മലക്കുകളാണ് എന്ന വിചാരത്തോടെ അവരെ കൈകാര്യം ചെയ്യുകയല്ല. ദുര്‍ബല നിമിഷങ്ങളില്‍ പ്രവാചകന്മാരില്‍ സംഭവിച്ചുപോയ ചില വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് അല്ലാഹു തിരുത്തിയ സന്ദര്‍ഭങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചത് മഹത്തായ ഈ ശിക്ഷണ പാഠം നല്‍കാനാണ്; നമ്മിലും തെറ്റും പിശകും വൈകല്യവും വന്നുപോകും എന്ന് സൂചിപ്പിക്കാനാണ്.

ആദിപിതാവ് ആദമിനെക്കുറിച്ച് ഖുര്‍ആന്‍: 'ആദം തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിച്ചു. അദ്ദേഹം പിഴച്ചുപോയി' എന്ന് ഒരിടത്തും, 'അദ്ദേഹം മറന്നു, അദ്ദേഹത്തില്‍ നാം നിശ്ചയദാര്‍ഢ്യം കണ്ടില്ല' എന്ന് മറ്റൊരിടത്തും പറയുന്നു. പ്രവാചകന്‍ നൂഹിന്റെ വിഷയത്തില്‍ ഖുര്‍ആന്‍: 'അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ! എനിക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ ഞാന്‍ നിന്നോട് വിവരമില്ലാതെ ചോദിച്ചുപോകുന്നതില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു.' ദാവൂദ് നബി(അ)യുടെ കാര്യത്തില്‍: 'ദാവൂദിന് മനസ്സിലായി നാം അദ്ദേഹത്തെ പരീക്ഷിക്കുകയായിരുന്നുവെന്ന്'. സുലൈമാന്‍(അ): 'നാം സുലൈമാനെ പരീക്ഷിച്ചു.' യൂസുഫ്: 'അവള്‍ അദ്ദേഹത്തില്‍ അനുരക്തയായി. തന്റെ രക്ഷിതാവിന്റെ പിന്‍ബലമില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിനും അവളില്‍ മോഹം ജനിച്ചേനെ!' മൂസാ: 'അദ്ദേഹം പറഞ്ഞു: നാഥാ! ഞാന്‍ എന്നോടുതന്നെ അക്രമം കാണിച്ചുപോയി. എനിക്ക് നീ പൊറുത്തുതരേണമേ!' മുഹമ്മദ് നബി(സ)യെക്കുറിച്ച്: 'ഒരു അന്ധന്‍ വന്നപ്പോള്‍ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞു കളഞ്ഞു.' ഹറാമാണെന്നറിഞ്ഞിട്ടും മദ്യപിച്ച് തെറ്റ് ചെയ്തുപോയ സ്വഹാബിമാര്‍ ഉണ്ടായിട്ടുണ്ട്; നുഐമാന്‍ ഇബ്‌നു ഉമറുല്‍ അന്‍സ്വാരിയെ പോലെ. കള്ള് കുടിച്ചതിന് നബി(സ) ശിക്ഷ നല്‍കി. ഖുദാമത്തുബ്‌നു മദ്ഊന്‍(റ) മദ്യപിച്ചതിന് ഉമര്‍(റ) ശിക്ഷ കൊടുത്തിട്ടുണ്ട്. രണ്ട് സ്വഹാബിമാരും ബദ്‌റില്‍ പങ്കെടുത്തവരായിരുന്നു എന്നോര്‍ക്കണം.

തര്‍ബിയത്തിന്റെ ശരിയും കുറ്റമറ്റതുമായ നാല് രീതിശാസ്ത്രങ്ങളാണ് ഖുര്‍ആനിലെ പരാമര്‍ശങ്ങളും സ്വഹാബിമാരുടെ ഉദാഹരണങ്ങളും നമ്മുടെ മുമ്പില്‍ വെക്കുന്നത്.

1. മക്കളെ നേര്‍വഴിയില്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുക. അവര്‍ തെറ്റ് ചെയ്തുപോയെങ്കില്‍ അവ തെറ്റുകളാണെന്ന് നാം അംഗീകരിക്കുക. 2. തെറ്റ് സംഭവിച്ചാല്‍ പശ്ചാത്തപിക്കാനും ജനങ്ങളോട് ക്ഷമ ചോദിക്കാനും അവരെ പഠിപ്പിക്കുക. 3. പരസ്യമായി, ധിക്കാരഭാവത്തോടെ തെറ്റുകള്‍ ചെയ്യരുതെന്ന് മക്കളെ ബോധ്യപ്പെടുത്തുക. 4. തെറ്റുകളെ മറികടക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മാതാപിതാക്കളെയോ, അവരെ ഈ വിഷയത്തില്‍ സഹായിക്കാന്‍ പറ്റുന്ന വിദഗ്ധരെയോ സമീപിക്കാന്‍ മക്കളോട് സ്‌നേഹപൂര്‍വം പറയുക.

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍