ഖുത്വ്ബകളില്‍ ആഗോളീകരണവും കമ്പോളവത്കരണവും മാത്രം മതിയോ?
ഖുത്വ്ബകളില്‍ ആഗോളീകരണവും
കമ്പോളവത്കരണവും മാത്രം മതിയോ?
ഇ.എന്‍ ഇബ്‌റാഹീം മൗലവിയുടെ ലേഖനത്തിന് (ലക്കം:2864) ഒരനുബന്ധം. അനാചാരങ്ങളുടെയും ആഡംബരങ്ങളുടെയും കൂലംകുത്തിയൊഴുക്കാണ് ഇപ്പോള്‍ കാണുന്നത്. പാമര ജനങ്ങളുടെ കൈയില്‍ പണം വന്നുചേര്‍ന്നപ്പോള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ അമ്പരപ്പിക്കുന്നതാണ്. അതിനാല്‍ അല്ലാഹുവിനെ ഭയപ്പെടുന്ന പണ്ഡിതന്മാരും ഇസ്‌ലാമിക പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തിയേ തീരൂ. എന്നാല്‍ പ്ലാനും പദ്ധതിയുമില്ലാത്ത 'വെടിവെപ്പുകള്‍' വിപരീത ഫലമേ ചെയ്യൂ. ബഹുമാന്യരായ കെ.സി അബ്ദുല്ല മൗലവി, കെ. മൊയ്തു മൗലവി, കെ.എന്‍, കെ.പി.കെ, അബ്ദുസ്സലാം മൗലവി തുടങ്ങിയവര്‍ സ്വീകരിച്ച രീതിയിലും ശൈലിയിലും ഉല്‍ബോധനങ്ങള്‍ നടക്കണം. ദിക്‌റ്, ദുആ, വിശുദ്ധ ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ പഠനവും പാരായണവും, തഹജ്ജുദ് നമസ്‌കാരം, സ്വലാത്ത് തുടങ്ങി അല്ലാഹു ഇഷ്ടപ്പെടുന്ന കര്‍മങ്ങളുടെ പ്രാധാന്യം ലളിത ഭാഷയില്‍ മനസ്സില്‍ തട്ടുംവിധം പറഞ്ഞുകൊടുക്കുക. മാല-മൗലൂദ്-നേര്‍ച്ചപ്പാടുകളെ നിഷേധിക്കുകയും പരിഹസിക്കുകയും ബിദ്അത്തുകളെണ്ണിപ്പറഞ്ഞ് സദസ്യരെ ചിരിപ്പിക്കുകയും ചെയ്യുന്ന രീതിയെക്കാള്‍, ഗൗരവപൂര്‍വം ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍ ഗുണകാംക്ഷയോടെ പഠിപ്പിച്ചുകൊടുക്കലാണ് പ്രയോജനപ്രദമാവുക. 'ആഗോളീകരണ'വും 'കമ്പോളവല്‍ക്കരണ'വും മാത്രമായി പ്പോകുന്നുണ്ട് ഇപ്പോള്‍ ഖുത്വുബകളുടെ പോലും വിഷയങ്ങള്‍. അതേസമയം പരേതരായ ബന്ധുക്കള്‍ക്ക് വേണ്ടി നടത്തിയാല്‍ പ്രതിഫലം കിട്ടുന്ന പ്രാര്‍ഥനകളെയും ദാനധര്‍മങ്ങളെയും കുറിച്ച ബോധവല്‍ക്കരണം വേണ്ടത്ര ഉണ്ടാകുന്നില്ല. അതിനാല്‍ മരണവീടുകള്‍ പോലും ആഘോഷ കേന്ദ്രങ്ങളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, മരിച്ചവരുടെ ബന്ധുക്കളെ കണ്ടാല്‍ നടത്തേണ്ട പ്രാര്‍ഥന ഇസ്വ്‌ലാഹീ-ഇസ്‌ലാമിക പ്രവര്‍ത്തകര്‍പോലും മറന്നുപോയ മട്ടാണ്.
കേരളത്തിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ ശാഫിഈ മദ്ഹബുകാരാണ്. നമസ്‌കാരത്തില്‍ ബിസ്മിയും, സുബ്ഹിക്ക് ഖുനൂത്തും, ഇരുപത് റകഅത്ത് തറാവീഹും ശീലമാക്കിയവര്‍. അനാചാരങ്ങളെ എതിര്‍ക്കുന്ന കൂട്ടത്തില്‍ ഒരു മദ്ഹബിന്റെ ശീലങ്ങളെ നിശിതമായി വിമര്‍ശിച്ചാല്‍ സാധാരണക്കാരും പണ്ഡിതന്മാരും ഒരുപോലെ അതവഗണിക്കും. അല്ലാഹുവും നബി(സ)യും നിരോധിച്ച അനാചാരങ്ങളെയും, അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പഴുതുള്ള കര്‍മശാസ്ത്ര വിഷയങ്ങളെയും ഒരുപോലെ എതിര്‍ക്കുന്നത് ഒരു ഗുണവും ചെയ്യില്ല. ഇത്തരം പാളിച്ചകള്‍ പണ്ഡിതന്മാരുടെ വശത്ത്‌നിന്ന് ഉണ്ടായിക്കൂടാത്തതാണ്.
മുഹമ്മദ് പാറക്കടവ്, ദോഹ
നാം ഒറ്റക്കല്ല
ഏകാന്തത ജീവിതത്തിന്റെ ഭാഗമാവാറുണ്ട് പലപ്പോഴും. ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുക എന്നതാണ് വിശ്വാസിയുടെ ധര്‍മം. എന്നാല്‍, പിശാചിന്റെ വിഹാര കേന്ദ്രമായിപ്പോകാറുണ്ട് പലപ്പോഴും നമ്മുടെ ഏകാന്ത വാസങ്ങള്‍.
പിശാചിന്റെ കുതന്ത്രങ്ങളില്‍ അകപ്പെടുന്നതില്‍ നിന്ന് നാം നിതാന്ത ജാഗ്രത പാലിക്കണം എന്നതിന്റെ ഉണര്‍ത്തലായി അമീന്‍ ചൂനൂരിന്റെ കുറിപ്പ് (ലക്കം 2862 ). 'ഏകാന്തതയില്‍ നമ്മോടൊപ്പം നാലു പേര്‍, ചിലപ്പോള്‍ അഞ്ചാമനായി അസ്‌റാഈല്‍ കടന്നുവന്നേക്കാ'മെന്ന ഒരു മുന്നറിയിപ്പുമുണ്ട്.
ഈയിടെ പ്രബോധനത്തില്‍ വരുന്ന കവിതകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് പറയാതെ വയ്യ. ഫൈസല്‍ അബൂബക്കറിന്റെ കവിതയില്‍, ജൂതപ്പട്ടാളത്തിന്റെ നരനായാട്ടിനിടയിലും തന്റെ നിക്കറിന്റെ പോക്കറ്റിലെ അവസാനത്തെ രണ്ടു കല്ലുകളും പട്ടാളത്തിന്റെ നെറ്റിയിലേക്കെറിയാന്‍ മരണത്തിനു സാവകാശം തേടുന്ന ബാലന്റെ ചിത്രം കൗതുകകരമായി.
ഖാസിം പടനിലം
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഐക്യപ്പെട്ടാലും
ഇനിയെന്താണ് (എന്തിനാണ്)?
കമ്യൂണിസ്റ്റ് ഏകീകരണത്തെക്കുറിച്ച് എ.ആര്‍ എഴുതിയ ലേഖനം (ലക്കം 2865) ശ്രദ്ധേയമായി.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വളര്‍ന്നു മുന്നേറാന്‍ കഴിയുമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അന്നു മുതല്‍ ഇന്നുവരെ ശിഥിലീകരണത്തിന്റെയും അധോഗതിയുടെയും പിടിയിലാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിലെ വോട്ടും സീറ്റും കമ്യൂണിസ്റ്റ് വീക്ഷണത്തില്‍ അത്ര വലിയ നേട്ടമായി കണക്കാക്കാനും വയ്യ.
പറയുന്ന കാരണം എന്തുതന്നെയായാലും സി.പി.ഐ, സി.പിഎം പാര്‍ട്ടികളുടെ പുനരേകീകരണത്തിന് സമകാലീന സാഹചര്യത്തില്‍ സാധ്യത തീരെയില്ല. ഇരു കക്ഷികളുടെയും ലയനം എന്ന എം.എ ബേബിയുടെ പ്രസ്താവന തന്നെ പന്ന്യന്‍ രവീന്ദ്രന് ഇഷ്ടമായില്ല. അത് ബൂര്‍ഷ്വാ പാര്‍ട്ടികളുടെ പരിപാടിയാണെന്നായിരുന്നു പ്രതികരണം. പുനരേകീകരണം എന്നാണ് പറയേണ്ടതത്രെ. ഇങ്ങനെ തുടക്കത്തിലേ കല്ലുകടിയാണെങ്കില്‍ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് സാധ്യത മങ്ങിയ മട്ടാണ്. ലേഖനം ചൂണ്ടിക്കാണിച്ചതുപോലെ, വിപ്ലവവീര്യമുള്ള ജനപക്ഷ പ്രസ്ഥാനമെന്ന പ്രതിഛായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇല്ലാതായിരിക്കുന്നു. പലതായി നിന്നാലും ഒരുമിച്ച് നിന്നാലും ഇനി അതിനു കഴിയുമെന്നും കരുതാനാവില്ല.
സലാം എടവനക്കാട് കൊച്ചി
എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളെങ്കില്‍
അവരെയെല്ലാം ഒന്നായി കാണരുതോ?
ഇംഗ്ലണ്ടുകാരെ ഇംഗ്ലീഷുകാരെന്നും ജര്‍മനിക്കാരെ ജര്‍മന്‍സ് എന്നും യു.എസ്.എ നിവാസികളെ അമേരിക്കക്കാരെന്നും വിളിക്കുമ്പോള്‍ എന്തുകൊണ്ട് ഹിന്ദുസ്ഥാനികളെ 'ഹിന്ദുക്കള്‍' എന്ന് വിളിച്ചുകൂടാ എന്നാണ് ആര്‍.എസ്.എസ് മുഖ്യന്‍ മോഹന്‍ ഭഗവത് നമ്മോട് ചോദിക്കുന്നത്.
ഇപ്പറഞ്ഞതിന് കടകവിരുദ്ധമായ നിലപാടാണ് ആര്‍.എസ്.എസ് നേതാവായിരുന്ന ദേവറസ് ബാലാ സാഹെബിന്റേത്. ഇന്ത്യയിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും പാഴ്‌സികളും ജൂതന്മാരുമൊഴിച്ച് മറ്റെല്ലാവരും ഹിന്ദുക്കളാണെന്നാണ് അദ്ദേഹത്തിന്റെ ഖണ്ഡിത മതം (Hindu Sangatham- The Need of the Nation).
എന്നാല്‍, 'ഹിന്ദു' ശബ്ദം പ്രാചീന വേദങ്ങള്‍ തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നും കാണുന്നില്ലെന്ന് 'ഹിന്ദു മത പ്രദീപിക' എന്ന ഗ്രന്ഥത്തില്‍ കെ. സാംബ ശിവ ശാസ്ത്രി പറയുന്നുണ്ട്.
പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ തദ്‌വിഷയകമായി എഴുതുന്നതിങ്ങനെ: ''ഇസ്‌ലാമിന്റെ രംഗപ്രവേശത്തിന് മുമ്പ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രമാണരേഖകളിലൊന്നും ഈ പദപ്രയോഗമില്ല. ഹിന്ദില്‍ (ഇന്ത്യ) താമസിക്കുന്ന ജനങ്ങള്‍ എന്ന അര്‍ഥത്തില്‍ ഇന്ത്യക്കാരെ പരാമര്‍ശിക്കുന്നതിന് വേണ്ടി ആദ്യമായി അറബികളും പിന്നീട് മറ്റുള്ളവരും ആ പദം പ്രയോഗിച്ചുപോന്നു. ഹിന്ദു എന്ന സങ്കല്‍പം അങ്ങനെ നോക്കിയാല്‍ ഹിന്ദുക്കള്‍ എന്ന പേരിലറിയപ്പെടുന്നവര്‍ ആവിഷ്‌കരിച്ചതോ ഉപയോഗിച്ചതോ ആയ ഒന്നല്ല. ഹിന്ദുക്കള്‍ സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്ത ഒരു വൈദേശിക പദമാണത്'' (വര്‍ഗീയതയും പ്രാചീന ഭാരത ചരിത്രരചനയും- പേജ് 11,12).
'മുസ്‌ലിംകളും ക്രിസ്ത്യാനികളും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും' (വിചാരധാര) 'താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരേക്കാള്‍ ഉയര്‍ന്ന തലത്തില്‍ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും കാണുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ പെടാത്തവര്‍ മ്ലേഛന്മാരാണെന്നും ശൂദ്രന്‍മാരേക്കാള്‍ താഴെയാണ് മ്ലേഛന്മാര്‍ക്ക് നല്‍കേണ്ടതായ സ്ഥാനമെന്നും' ഉദ്‌ഘോഷിക്കുന്ന ഗോള്‍വള്‍ക്കറുടെ അനുയായികള്‍ക്ക്, ഇന്ത്യാ മഹാ രാജ്യത്ത് അധിവസിക്കുന്ന സകല മതക്കാരെയും ഒന്നായി കാണാനാവുമോ?
'ഞാന്‍ ചെയ്യുന്നത് കഴിഞ്ഞ കാലത്ത് ഉണ്ടായിട്ടുള്ള സര്‍വ മതങ്ങളെയും അംഗീകരിക്കുകയാണെന്നും അവയില്‍ കൂടെ ഞാന്‍ ഈശ്വരനെ ഭജിക്കുന്നു'വെന്നും (വിവേകാനന്ദ സാഹിത്യ സര്‍വ സ്വം- ഭാഗം 2, പേജ് 448) ഘോഷിച്ച വിവേകാനന്ദ ദര്‍ശനത്തിന് കടകവിരുദ്ധമായി 'വൈദേശിക മതങ്ങള്‍ ഭാരതാംബയുടെ കണ്ണിലെ കരടുകളാണെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളും രാജ്യത്തിന്റെ ശത്രുക്കളാണെ'ന്നും തട്ടിവിടുന്ന ഗോള്‍വള്‍ക്കറിസ്റ്റുകള്‍ക്ക്, വ്യത്യസ്ത മത വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ എല്ലാ 'ഹിന്ദു'ക്കളെയും ഒന്നായി കാണാന്‍ കഴിയുമോ?
റഹ്മാന്‍ മധുരക്കുഴി
കള്ളം കലര്‍ത്തി
സംഘ്പരിവാര്‍ ചരിത്രം തുന്നുന്നു
വിദ്യാഭ്യാസ രംഗത്തും അക്കാദമിക തലത്തിലും കാവിവത്കരണമെന്ന ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നതിനും അതിനൊപ്പിച്ച് രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതുന്നതിനുമുള്ള തയാറെടുപ്പിലാണ് സംഘ്പരിവാര്‍ സംഘടനകളും സമാന മനസ്‌കരും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയും ശിക്ഷാ ബച്ചാവോ ആന്ദോളന്‍, വിദ്യാഭാരതി എന്നീ പരിവാര്‍ സംഘടനകളുടെ നേതാവും 'വിദ്യാഭ്യാസത്തിന്റെ ഭാരതവത്കരണം' തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമായ ദിനാനാഥ് ബത്രയുമാണ് ഗുജറാത്തില്‍ തുടക്കം കുറിച്ച മസ്തിഷ്‌ക പ്രക്ഷാളന പരിപാടി നാടൊട്ടുക്കും നടപ്പാക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യ അഭൂതപൂര്‍വമായ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ പോലും ഒട്ടേറെ വിഡ്ഢിത്തങ്ങളും പഴമ്പുരാണങ്ങളും പഠിക്കേണ്ടിവരുമെന്നതാണ് ബത്ര സിലബസ്സിന്റെ പ്രത്യേകത.
മുസ്‌ലിം പിന്നാക്ക സമുദായങ്ങള്‍ വളരെ ഉത്തരവാദിത്തബോധത്തോടെയും ജാഗ്രതയോടെയും സംഘ്പരിവാറിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യ സമരകാലത്ത് നാടിനെ ഒറ്റുകൊടുത്തവരുടെയും ഇന്നും അതിന്റെ പങ്കുപറ്റി നടക്കുന്നവരുടെയും കാപട്യങ്ങള്‍ തുറന്നു കാണിക്കാനും സ്വാതന്ത്ര്യത്തിന് വേണ്ടി സര്‍വതും ത്യജിച്ച യഥാര്‍ഥ ധീരദേശാഭിമാനികളുടെ ചരിത്രങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനും മദ്‌റസാ സിലബസുകളെയും മറ്റും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
അന്‍വര്‍ വടക്കാങ്ങര
Comments