Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

ഈ വിജയദിനത്തില്‍ ഞങ്ങള്‍ <br>പെരുന്നാള്‍ ആഘോഷിക്കുന്നു

ഇസ്മാഈല്‍ ഹനിയ്യ /പ്രഭാഷണം

ഇസ്രയേല്‍-ഫലസ്ത്വീന്‍ വെടിനിര്‍ത്തലിന് ശേഷം വിജയാഹ്ലാദ കടനം നടത്തിയ ഗസ്സക്കാരെ അഭിസംബോധന ചെയ്ത് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ആഗസ്റ്റ് 27-ന് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

         മാം അലി (റ) പറഞ്ഞു: ''എന്നോട് എതിരിടാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ ഞാന്‍ അവരെ പരാജയപ്പെടുത്തിയല്ലാതെ വിട്ടിട്ടില്ല.'' എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''എതിരാളി ഇഹലോക പ്രേമിയാണ്. ഇഹലോകപ്രേമി എന്നും പരാജിതനാണ്.''

അല്ലാഹുവിന് സര്‍വസ്തുതിയും. പോരാട്ടവീഥിയിലെ കരുത്ത് പൂര്‍ണമാകുന്നത് അവന്റെ കനിവ് കൊണ്ടാണ്. വിജയങ്ങള്‍ കരസ്ഥമാക്കാന്‍ അനുഗ്രഹിക്കുന്നത് അവനാണ്. നമ്മുടെ പാദങ്ങള്‍ക്ക് ദാര്‍ഢ്യത്തിന്റെ കരുത്തേകിയ, നമുക്ക് കരളുറപ്പ് നല്‍കിയ, നമ്മുടെ ജനതക്ക് ശാന്തത കനിഞ്ഞരുളിയ അല്ലാഹുവിന് തന്നെയാണ് സര്‍വസ്തുതികളും. നമ്മുടെ കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, മുതിര്‍ന്നവര്‍, ഇളയവര്‍ എല്ലാവരും പോരാളികളാണ്. 51 ദിവസം നീണ്ട 'ചവച്ചരക്കപ്പെട്ട വൈക്കോല്‍' യുദ്ധസന്ദര്‍ഭങ്ങളില്‍ ഉയര്‍ത്തെഴുന്നേല്‍പിന്റെയും ഖസ്സാം പോരാളികളുടെയും സന്ദേശങ്ങളെ അത്യുന്നതങ്ങളിലെത്തിച്ച അല്ലാഹുവിന് സര്‍വസ്തുതിയും. ഹൈഫ അക്രമിച്ച് തുടക്കം കുറിച്ച യുദ്ധം ൈഹഫയുടെ തിരിച്ചടി കൊണ്ട് തന്നെ അവസാനിച്ചിരിക്കുന്നു. ലോകത്തിന്റെ സര്‍വ ദിക്കുകളിലുമുള്ള ഫലസ്ത്വീന്‍ മക്കളേ... ആണത്തവും മുന്നേറ്റവും സ്‌ഥൈര്യവും മുറുകെ പിടിക്കുക.  നിങ്ങളുടെ ഫലസ്ത്വീന്‍ മക്കളോടൊപ്പം ധീരതയുടെ പര്യായങ്ങളാവുക. 

നമ്മുടെ ജനത ധീരതയുടെ വീരഗാഥകള്‍ രചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈദുല്‍ ഫിത്വ്ര്‍ ആഗതമാവുന്നത്. നമ്മുടെ ഈദുല്‍ ഫിത്വ്ര്‍ പോരാട്ടത്തിന്റെയും സഹനത്തിന്റെയും നടുമുറ്റങ്ങളിലായിരുന്നു. നമ്മള്‍ ഈദുല്‍ ഫിത്വ്ര്‍ ആശംസകള്‍ കൈമാറിയില്ല. പക്ഷേ, ഇന്ന് ഇതാ നമ്മള്‍, ഗസ്സയുടെ മക്കള്‍ വിജയത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ്. എല്ലാ വര്‍ഷവും ഗസ്സ  പുരോഗതിയിലാണ്. എല്ലാ വര്‍ഷവും ഗസ്സ വിജയവഴിയിലാണ്. എല്ലാ വര്‍ഷവും ഗസ്സ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ്. എല്ലാ വര്‍ഷവും ഗസ്സ ഉറച്ച പ്രതിരോധത്തിലാണ്. എല്ലാ വര്‍ഷവും ഗസ്സ ഖുദ്‌സിലേക്കും അഖ്‌സയിലേക്കുമുള്ള പാതകള്‍ വെട്ടിത്തെളിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഗസ്സ അഭയാര്‍ഥികളും വീടുകളില്‍ നിന്ന് ആട്ടിയകറ്റപ്പെട്ടവരുമായ  ജനങ്ങള്‍ക്കുവേണ്ടി അവരുടെ ഭൂമിയിലേക്കും വീടുകളിലേക്കുമുള്ള വഴികള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. ഗസ്സാ സമൂഹമേ, നിങ്ങള്‍ക്ക് അഭിനന്ദങ്ങള്‍. നിങ്ങള്‍ ചരിത്രത്തിന്റെ വീരേതിഹാസങ്ങള്‍ രചിച്ചുകൊണ്ടിരിക്കുകയാണ്. ഗസ്സാ സമൂഹമേ, നിങ്ങള്‍ക്ക് അഭിനന്ദങ്ങള്‍. നിങ്ങള്‍ പുതുചരിതം കുറിക്കുകയാണ്. നിങ്ങള്‍ വിജയികളുടെ ശ്രേഷ്ഠ പദവികളിലേക്ക് മുന്നേറുന്നു. നിങ്ങള്‍ പവിത്രമായ ഖുബ്ബത്തുസ്സഖ്‌റായിലേക്ക് കാലടികള്‍ വെക്കുന്നു. 

പോരാട്ടവീഥിയിലെ സഹോദങ്ങളേ... ഈ പവിത്ര ഭൂമിയില്‍ രക്തമൊഴുക്കിയ പുണ്യവാന്മാരായ രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍. അവരായിരുന്നു ഈ വിജയത്തിന്റെ ഇന്ധനം. ഈ യുദ്ധത്തിലുടനീളം ജീവന്‍ വെടിഞ്ഞ നമ്മുടെ മക്കള്‍ക്ക് അഭിവാദ്യങ്ങള്‍. എല്ലാ പോരാട്ട ഭൂമികളെയും വിജയങ്ങളെയും പ്രതീകങ്ങളാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു. ശഹീദ് അഹ്മദ് ജഅ്ബരി അബാബീല്‍ പക്ഷികളുടെ കല്‍ച്ചീളുകളുടെ പ്രതീകമാണ്. റാഇദുല്‍ അത്താറിനെയും മുഹമ്മദ് അബൂ ശമ്മാലയെയും അബൂ ഉസാമയെയും പോലെയുള്ള മഹാരഥന്മാരായ ശഹീദുകളെ, നമ്മുടെ നേതാക്കളെ  ഈ യുദ്ധത്തിന്റെ പ്രതീകങ്ങളാക്കാന്‍ അല്ലാഹു തീരുമാനിച്ചിരിക്കുന്നു. 

നമ്മുടെ രക്തസാക്ഷികള്‍ നമ്മുടെ സ്ത്രീകളെയും പുരുഷന്മാരെയും സംരക്ഷിക്കുകയായിരുന്നു. വീടകങ്ങളില്‍ കൊല ചെയ്യപ്പെട്ടവരും ഭൂഗര്‍ഭ അറകളില്‍ പോരാടിയവര്‍ക്ക് സമാനരാണ്. ഇവരെല്ലാവരും നമ്മുടെ പ്രതീകങ്ങളാണ്. നമ്മുടെ വിജയത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങള്‍. നമ്മുടെ ജനതയുടെ ശ്രേഷ്ഠതയുടെ പ്രതീകങ്ങള്‍. പുണ്യവാന്മാരായ രക്തസാക്ഷികള്‍ക്ക് വീണ്ടും അഭിവാദ്യങ്ങള്‍. ചെറുത്തുനില്‍പിന്റെ യുദ്ധമുഖത്ത് ഉറച്ചുനിന്ന പോരാളികള്‍ക്കും പ്രാണരക്ഷാര്‍ഥം അഭയാര്‍ഥി ക്യാമ്പുകളില്‍ അണഞ്ഞവര്‍ക്കും പരിക്കേറ്റ ലക്ഷങ്ങള്‍ക്കും ഹൃദയംതൊട്ട അഭിവാദ്യങ്ങള്‍. എല്ലാ ഫലസ്ത്വീന്‍ ചെറുത്തുനില്‍പ് സംഘത്തിന്റെയും തലപ്പത്ത് ഇസ്സുദ്ദീന്‍ ഖസ്സാമിന്റെ പോരാളികള്‍ തന്നെയാണ്. 

51 ദിവസം നീണ്ട പോരാട്ടത്തിനു ശേഷം ഈ വിജയം സമ്മാനിച്ചത് അല്ലാഹുവാണ്. ശക്തനായ ശത്രുവിനെ ഇവ്വിധം പരാജയപ്പെടുത്തിയത് ചരിത്രത്തില്‍ അധികമില്ല. ലോകത്തെ അത്ഭുതപ്പെടുത്തിയ ഉജ്ജ്വലമായ ധീര ചെറുത്തുനില്‍പിന് സാക്ഷ്യം വഹിച്ച പോരാട്ടം. ഒരു സമൂഹം അതിന്റെ അചഞ്ചലത കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ പോരാട്ടം. ചെറുത്തുനില്‍പിന്റെയും ഉയര്‍ത്തെഴുന്നേല്‍പിന്റെയും തുല്യതയില്ലാത്ത പോരാട്ട വിജയത്തിന് സാക്ഷ്യം വഹിച്ച സന്ദര്‍ഭം. കേവല വാക്കുകളില്‍ വിവരിക്കാന്‍ സാധ്യമല്ലാത്ത വിജയമാണിത്. കേവലം പ്രസംഗങ്ങളില്‍ അത് പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. എഴുത്തുകള്‍ക്ക് ആ വിജയത്തിന്റെ നാലയലത്ത് എത്താന്‍ കഴിയില്ല. ഈ വിജയം സ്ഥലകാല അതിരുകള്‍ക്കപ്പുറമുള്ള അല്ലാഹുവിന്റെ കരുത്തുറ്റ അനുഗ്രഹമാണ്. എന്നിരുന്നാലും ഈ വിജയത്തിന് നിദാനമായ  ചില പ്രത്യക്ഷ കാരണങ്ങള്‍ സൂചിപ്പിക്കട്ടെ. 

ഒന്നാമതായി, ഫലസ്ത്വീന്‍ ചെറുത്തുനില്‍പ് വളര്‍ച്ചയുടെ ഗ്രാഫ് തന്നെയാണ് കാണിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഉണ്ടായ ചെറുത്തുനില്‍പിന്റെ കുതിപ്പ് ഏവര്‍ക്കും അറിയാം. ചെറുത്തുനില്‍പിന്റെ എല്ലാ മേഖലകളിലുമുള്ള വളര്‍ച്ചയാണ് ഈ പോരാട്ടത്തില്‍ കണ്ടത്. കടലിലും കരയിലും വായുവിലൂം നമ്മുടെ വളര്‍ച്ച ലോകം നോക്കി നിന്നു. ഇത് ഗസ്സയുടെ പോരാട്ടത്തില്‍ മാത്രം പരിമിതമല്ല. മറിച്ച് അഖ്‌സയുടെയും ഫലസ്ത്വീന്റെയും സമഗ്ര സ്വാതന്ത്ര്യത്തിന്റെ പോരാട്ടങ്ങളിലേക്ക് നീങ്ങും. ഈ വളര്‍ച്ച, ചെറുത്തുനില്‍പ് തന്ത്രങ്ങളുടെയും അതിന്റെ നിര്‍വഹണത്തിന്റെയും  പാതയില്‍ അമൂല്യവും തിളങ്ങുന്നതുമാണ്. പ്രതിരോധമല്ല, പ്രത്യാക്രമണം തന്നെയാണ് നമ്മുടെ തന്ത്രം.

രണ്ടാമതായി, കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ഗസ്സ ഉപരോധത്തിലും ബന്ധനത്തിലുമായിരുന്നു. മൂന്ന് യുദ്ധങ്ങളുടെ ദുരിതങ്ങള്‍ ഗസ്സ അനുഭവിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി ഗസ്സ ഉയര്‍ത്തെഴുന്നേല്‍പിന്റെ കേന്ദ്രബിന്ദുവാണ്. ചെറുത്തുനില്‍പിന്റെയും  പ്രതിരോധത്തിന്റെയും ഉജ്ജ്വലമായ കാഴ്ചകള്‍ക്കാണ് ലോകം സാക്ഷിയായത്. ഗസ്സ ഖസ്സാം ബ്രിഗേഡിന്റെ മാത്രം കേന്ദ്രമായിരുന്നില്ല. മറിച്ച്, മുഴുജനതയുടെയും പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്നു. അബ്ദുല്‍ ഖാദില്‍ ഹുസൈനിയെയും നിദാല്‍ അല്‍ അമൂദിയെയും പോലെയുള്ള നമ്മുടെ എല്ലാ പോരാളികളും രണാങ്കണത്തില്‍ വിജയത്തിന്റെ സൈനികരായി വിന്യസിക്കപ്പെട്ടു. ചെറുത്തുനില്‍പിന് ശക്തി സംഭരിക്കുന്നതിന് ഭരണം നമുക്ക് തടസ്സമായില്ല. ചെറുത്തുനില്‍പിന്റെ നിര്‍ണായക വേളകളില്‍ അതിസമര്‍ഥരായ റോക്കറ്റ് വിക്ഷേപകരെ നമുക്ക് വളര്‍ത്താനായി. അതിനാല്‍, ഗസ്സക്കാര്‍ വീണ്ടും വീണ്ടും അഭിമാനിക്കുക. കാരണം, ഈ കടുത്ത പോരാട്ടത്തില്‍ അത്യാധുനിക യുദ്ധ സാമഗ്രികളും മിസൈലുകളുമടക്കം വികസിപ്പിച്ചെടുക്കാന്‍ ഗസ്സക്ക് സാധ്യമായിരിക്കുന്നു. 

മൂന്നാമതായി, ഫലസ്ത്വീന്‍ പോരാളികളുടെ അചഞ്ചലത ഈ വിജയത്തിന് കാരണമാണ്. കരയിലൂടെയും കടലിലൂടെയും വായുവിലൂടെയും നിര്‍ദാക്ഷിണ്യം ആക്രമിക്കപ്പെട്ടിട്ടും എങ്ങനെ ഈ സമൂഹം ഉറച്ചുനിന്നുവെന്നത് ലോകത്തിന് അത്ഭുതമാണ്. എന്നാല്‍, ഗസ്സ അല്ലാഹുവിനോടുള്ള കരാറില്‍ ചെറുത്തുനില്‍പിന്റെ മാര്‍ഗത്തില്‍ അടിയുറച്ചു നിന്നു. അതിനാല്‍, കേള്‍ക്കുക... ഗസ്സയിലെ ഈ ദശലക്ഷം ജനങ്ങള്‍ ഇതിഹാസമാണ്. അതിനാല്‍, ഈ ഉജ്ജ്വല വിജയം അല്ലാഹു കഴിഞ്ഞാല്‍ ധീരതയുടെയും കരളുറപ്പിന്റെയും കാരണമായി സംജാതമായതാണ്. ഓരോരോ വീടും ബോംബ് വീണ്  തകരുമ്പോഴും ഈ ചെറുത്തുനില്‍പിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു. ഗസ്സയുടെ യൗവ്വനം അചഞ്ചലമായി ഉറച്ചുനിന്നു. ഈ വിജയം മുഴുഫലസ്ത്വീന്‍ ജനതയുടെയും നേതൃത്വത്തിന്റെയും പോരാട്ടവിജയമാണ്. നെതന്യാഹു അടക്കമുള്ള മുഴുവന്‍ ശത്രുപക്ഷത്തോടും പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ആകാശത്ത് നിന്ന് ബോംബ് വര്‍ഷിച്ച് ഓടിയൊളിക്കുകയാണ്. ഞങ്ങളുടെ യുവാക്കള്‍ തെരുവിലിറങ്ങി പോരാടുന്നവരാണ്. നിങ്ങള്‍ ഞങ്ങളുടെ യുവാക്കളുടെ മുന്നില്‍ അങ്ങേയറ്റം ഭീരുക്കളാണ്.   മേഖലയിലെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും നിങ്ങള്‍ക്ക് മേല്‍ക്കൈയുണ്ടെങ്കിലും ഞങ്ങളുടെ യുവാക്കളുടെ മുന്നില്‍ നിങ്ങള്‍ ഭീരുക്കളാണ്. ഈ സന്ദര്‍ഭത്തില്‍ ഫലസ്ത്വീനിലെയും അറബ് ലോകത്തെയും മാധ്യമങ്ങള്‍ക്ക്, വിശേഷിച്ച് അല്‍ ജസീറക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.

ഗസ്സയും ഹൈഫയും മനാഫിയും അതിനുമപ്പുറം യൂറോപ്പിലെയും അമേരിക്കയിലെയും ലോകത്തിലെതന്നെ വിവിധ ഭാഗങ്ങളും വിജയത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ്. ഫലസ്ത്വീന്‍ പെണ്‍കുട്ടികളുടെ വിജയാലാപനം ലോകത്തെ സന്തോഷിപ്പിക്കുന്നു. ആ ആലാപനങ്ങള്‍ ശാരീരിക പരിക്കുകള്‍ക്ക് സാന്ത്വനമാവുന്നു.

ആയിരക്കണക്കിന് ഫലസ്ത്വീനികളുടെ രക്തസാക്ഷിത്വത്തിനും പതിനായിരക്കണക്കിന് കെട്ടിടങ്ങളുടെ തകര്‍ച്ചക്കും കാരണമായ 51 ദിവസത്തെ യുദ്ധത്തിന് ശേഷവും ഈ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സയണിസ്റ്റ്ശത്രുക്കള്‍ അത്ഭുതസ്തബ്ധരാണ്. അതിനാല്‍ ഗസ്സ അതിന്റെ വിശുദ്ധമായ പാരമ്പര്യം നെഞ്ചേറ്റി സന്തോഷിക്കുന്നു. നൃത്തം ചെയ്യുന്നു. പെരുന്നാളുകളുടെ തക്ബീര്‍ ധ്വനികള്‍ മുഴക്കുന്നു. പ്രിയപ്പെട്ടവരേ, ഈ നിശ്ചയദാര്‍ഢ്യത്തിന് സ്വര്‍ഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ല. ഈ നിശ്ചയദാര്‍ഢ്യത്തിന് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊരു ഫലവുമില്ല. ഈ നിശ്ചയദാര്‍ഢ്യത്തിന് അല്ലാഹുവിന്റെ അനുമതി പ്രകാരം മസ്ജിദുല്‍ അഖ്‌സയിലെ നമസ്‌കാരമല്ലാതെ വേറെ പ്രതിഫലമില്ല. ലോകത്തുള്ള ഒരാളില്‍ നിന്നും ഈ ചെറുത്തുനില്‍പിനുള്ള പ്രതിഫലം ലഭിക്കുക  അസാധ്യമാണ്. 

ശ്രതുക്കള്‍ നമ്മുടെ വീടുകള്‍ ആക്രമിച്ച് തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ചില ആളുകള്‍ പറഞ്ഞു: അവര്‍ വീടുകള്‍ തകര്‍ക്കുകയാണ്. അവര്‍ ഇസ്മാഈല്‍ ഹനിയ്യയുടെ വീടും തകര്‍ത്തിരിക്കുന്നു. ഞാന്‍ എന്നോടും എന്റെ സഹോദരങ്ങളോടും പറഞ്ഞു: അല്ലാഹുവാണ സത്യം, എന്റെ തകര്‍ക്കപ്പെട്ട വീട് ഗസ്സയിലെ ആയിരക്കണക്കിന് പിഞ്ചുമക്കള്‍ ചിന്തിയ രക്തത്തിന്റെ ഒരു തുള്ളിക്ക് പോലും തുല്യമാകുന്നില്ല. 

നാലാമതായി, ഈ പോരാട്ടം ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുന്നു. അറബ് ഇസ്‌ലാമിക ലോകത്തെ തലമുറകള്‍ക്ക് ആവേശകരമായ ദിശാബോധം പ്രദാനം ചെയ്തിരിക്കുന്നു. അതെ സഹോദരന്മാരേ, അതൊരു യാഥാര്‍ഥ്യമാണ്. വിജയത്തിലേക്കും ഖുദ്‌സിലേക്കും നമ്മള്‍ മുന്നേറുക തന്നെ ചെയ്യും. 

തയാറാക്കിയത്:
എം.ഐ അനസ് മന്‍സൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍