കേരളം കണ്ണിലെണ്ണയൊഴിച്ച് <br>കാവലിരിക്കേണ്ട മദ്യനയം
2014 ആഗസ്റ്റ് 21-ന് കേരളം സുപ്രധാനമായ ഒരു പ്രഖ്യാപനത്തിന് അപ്രതീക്ഷിതമായി സാക്ഷ്യം വഹിക്കേണ്ടിവന്നു. അതിന് തൊട്ടു മുമ്പ് വരെ ഭരണക്കാരെ സംബന്ധിച്ചേടത്തോളം നടപ്പാക്കാനാവാത്തത് എന്ന് എഴുതിത്തള്ളിയിരുന്ന മദ്യനിരോധനം 10 വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് യോഗത്തില്‍ പ്രഖ്യാപിക്കുന്നു. വിവാദത്തില്‍ അടഞ്ഞു കിടക്കുന്ന 418 ബാറുകള്‍ ഇനി തുറക്കില്ലെന്നും ബാക്കിയുള്ള 312 ബാറുകളും പൂട്ടുമെന്നും ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കം എല്ലാ മദ്യശാലകളും പ്രതിവര്‍ഷം 10 ശതമാനം കുറച്ച്‌കൊണ്ടുവന്ന് 10 വര്‍ഷം കൊണ്ട് കേരളത്തിലെ 5 സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെ മദ്യനിരോധനം നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതിന് തലേദിവസവും കോണ്‍ഗ്രസ്സിന്റെ വക്താവ് എം.എം ഹസ്സനടക്കമുള്ളവര്‍ മദ്യനിരോധനത്തിന്റെ അപ്രായോഗികതയെപ്പറ്റി വാചാലരാവുകയായിരുന്നു. ഒറ്റ രാത്രികൊണ്ട് ഒരു പുതിയ മദ്യ നയം - അതും വിപ്ലവാത്മകമായ നയം - പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും കേരള സര്‍ക്കാരിനും കഴിഞ്ഞത് എങ്ങനെയെന്ന് അത്ഭുതം കൂറുകയാണ് കേരളം.
ഐക്യ കേരളത്തിലുണ്ടായിരുന്ന സമ്പൂര്‍ണ മദ്യ നിരോധനം 1964-ലെ ഇ.എം.എസ് സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന് ശേഷം മദ്യം കേരളത്തിലെ ഏത് കോണിലും സുലഭമായിത്തീര്‍ന്നു. ആദ്യ കാലങ്ങളില്‍ കള്ളും ചാരായവുമാണ് സര്‍വ സാധാരണയായി വിതരണം ചെയ്യപ്പെട്ടിരുന്നത്. ആ കാലയളവില്‍ തന്നെ കേരളത്തില്‍ മദ്യനിരോധന പ്രസ്ഥാനങ്ങള്‍ ദുര്‍ബലമായെങ്കിലും ആരംഭിച്ചിരുന്നു. 1996-ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എ.കെ. ആന്റണി ചാരായം നിരോധിച്ചതോടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് പ്രിയമേറി. അതുവരെ സമ്പന്നരായ ആളുകള്‍ ബാറുകളില്‍ പോയി മദ്യപിച്ചിരുന്നിടത്തേക്ക് സാധാരണക്കാരും കൂലിത്തൊഴിലാളികളും ഒഴുകി. ചാരായം നിരോധിച്ചെങ്കിലും, 1996ലെ പൊതു തെരഞ്ഞെടുപ്പില്‍ മറ്റ് നിരവധി പ്രതികൂല ഘടകങ്ങളെ തരണം ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ എ.കെ ആന്റണി നേതൃത്വം നല്‍കിയ യു.ഡി.എഫ് പരാജയപ്പെടുകയും ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരമേല്‍ക്കുകയും ചെയ്തു. ആ സര്‍ക്കാരിന്റെ കാലത്ത് നടന്ന കുപ്രസിദ്ധമായ കല്ലുവാതുക്കല്‍ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വീണ്ടും മദ്യനിരോധനമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നു. അതോടൊപ്പം ഭരണരംഗത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കളുടെ മദ്യമാഫിയയുമായുള്ള ബന്ധവും മറനീക്കി പുറത്തുവന്നു. മണിച്ചന്റെ ഡയറിയിലെ പേരുകള്‍ കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച കോലാഹലം ചെറുതൊന്നുമായിരുന്നില്ല.
മദ്യനിരോധനമെന്ന കേരള ജനതയുടെ അന്നത്തെ പൊതുവികാരത്തെ ദുര്‍ബലപ്പെടുത്താനാണ് മദ്യത്തിന്റെ ചില്ലറ വ്യാപാരമേഖലയിലേക്ക് സര്‍ക്കാര്‍ പ്രവേശിച്ചത്. 2001- 2002 സാമ്പത്തിക വര്‍ഷത്തില്‍ ബിവറേജസ് കോര്‍പ്പറേഷനും സഹകരണമേഖലയിലെ കണ്‍സ്യൂമര്‍ ഫെഡും ഇന്ത്യന്‍നിര്‍മിത വിദേശ മദ്യങ്ങളുടെ ചില്ലറ വ്യാപാര മേഖല തുറന്നു. 338 ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിന് 46 ഔട്ട്‌ലെറ്റുകളുമുണ്ട്. ഇതിലൂടെ നിത്യവും കോടികളുടെ കച്ചവടമാണ് നടക്കുന്നത്. കേരളത്തിലെ വലിയ മദ്യമുതലാളി കേരള സര്‍ക്കാര്‍ തന്നെയെന്നതില്‍ തെല്ലും സംശയം വേണ്ട.
അതുവരെ മദ്യഷാപ്പുകളിലോ ബാറുകളിലോ പോയി കുടിച്ചിരുന്ന മലയാളിയുടെ മദ്യപാന ശീലത്തില്‍ വന്ന ഭീകരമായ മാറ്റമായിരുന്നു ഈ ഔട്ട്‌ലെറ്റുകളിലേക്കുള്ള തള്ളിക്കയറ്റം. സുലഭമായി ആര്‍ക്കും എപ്പോഴും എവിടെയും മദ്യം ലഭിക്കുമെന്ന അവസ്ഥ അതോടെ സംജാതമായി. പുതിയൊരു മദ്യപാന സംസ്‌കാരത്തിന് തുടക്കം കുറിക്കപ്പെട്ടു. പ്രൈമറി വിദ്യാലയങ്ങളിലടക്കമുള്ള വിദ്യാര്‍ഥികളില്‍ മദ്യപാന ശീലം വ്യാപകമായി. മദ്യ ഉപഭോഗം വര്‍ധിക്കുമ്പോഴുണ്ടാകുന്ന എല്ലാ സാമൂഹിക പ്രത്യാഘാതങ്ങളുടെയും ഉച്ചകോടിയിലേക്ക് കേരളം മാറിയത് പത്തു വര്‍ഷം കൊണ്ടാണ്. റോഡപകടങ്ങള്‍, സ്ത്രീപീഡനങ്ങള്‍, കുടുംബഛിദ്രത, കൊലപാതകങ്ങള്‍, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ആത്മഹത്യകള്‍ ഇവയൊക്കെ ക്രമാതീതമായി പെരുകി. സ്ത്രീകളുടെ കണ്ണുനീര്‍ കേരളത്തെ പ്രളയമാക്കുമെന്ന നിലയിലേക്കെത്തി കാര്യങ്ങള്‍. നില ഇങ്ങനെ ഭയാനകമായി തുടരുമ്പോഴും സര്‍ക്കാര്‍ മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ പേരു പറഞ്ഞ് മദ്യനിരോധനത്തിന്റെ എല്ലാ സാധ്യതകളും തള്ളിക്കൊണ്ടിരിക്കുകയായിരുന്നു. മദ്യനിരോധന പ്രക്ഷോഭങ്ങള്‍ ദീന രോദനങ്ങള്‍ മാത്രമായി.
എങ്കിലും കേരളത്തിലെ നല്ലൊരു ഭാഗം ജനങ്ങളുടെ മനസ്സില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ മനസ്സില്‍ മദ്യനിരോധനമെന്ന പൊതു വികാരം ശക്തമായിരുന്നു. ഇതിനിടയിലാണ് 2012-ല്‍ കേരളത്തിലെ 418 ബാറുകളുടെ പേരു പരാമര്‍ശിച്ച് ഇവയുടെ മാനദണ്ഡലംഘനങ്ങളെപ്പറ്റിയുള്ള സി.എ.ജി റിപ്പോര്‍ട്ട് വന്നത്. യഥാര്‍ഥത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ ഈ പ്രശ്‌നങ്ങളെല്ലാവര്‍ക്കും അറിയാമായിരുന്നു. ഓരോ വര്‍ഷവും ഏപ്രില്‍ 1-ന് ലൈസന്‍സ് പുതുക്കേണ്ട സമയത്ത് ഒരു വര്‍ഷം മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി വാങ്ങുന്ന പ്രക്രിയ 10 വര്‍ഷമായി ഈ ബാറുകള്‍ തുടരുകയായിരുന്നു. ഇതിനിടെ ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പന കേന്ദ്രങ്ങള്‍ നിര്‍ത്തണമെന്ന സുപ്രീം കോടതി പരാമര്‍ശവും, മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാറുകള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെയുള്ള സുപ്രീം കോടതി പരാമര്‍ശവും ആരും മുഖവിലക്കെടുത്തില്ല. എന്നാല്‍ 2014 മാര്‍ച്ച് മാസമായപ്പോഴേക്കും കാര്യങ്ങള്‍ ആകെ തകിടം മറിയുന്നതാണ് കാണാന്‍ കഴിഞ്ഞത്.
2013 ഏപ്രില്‍ ഒന്നിന് ലൈസന്‍സ് പുതുക്കേണ്ട ബാറുകളില്‍ ത്രീസ്റ്റാര്‍ പദവിയില്ലാത്ത 418 എണ്ണത്തിനും പതിവുപോലെ അപേക്ഷയിന്‍മേല്‍ ഒരു വര്‍ഷത്തിനകം മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന വ്യവസ്ഥയില്‍ ലൈസന്‍സ് പുതുക്കി നല്‍കുമെന്ന ബാര്‍ മുതലാളിമാരുടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റത് സര്‍ക്കാരിന് കിട്ടിയ നിയമോപദേശത്തില്‍ നിന്നാണ്. പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലൈസന്‍സ് അപ്പോള്‍ പുതുക്കിനല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാരെത്തി. തെരെഞ്ഞെടുപ്പു കഴിഞ്ഞ് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളെയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ശക്തമായ എതിര്‍പ്പ് തകിടം മറിച്ചു കളഞ്ഞു.
കേരളത്തില്‍ കാലങ്ങളായി ഉയരുന്ന മുദ്രാവാക്യമാണ് മദ്യ നിരോധമെങ്കിലും ആദ്യമായി മുഖ്യധാരയിലെ ഒരു നേതാവ് അതിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ സാധാരണ ജനങ്ങള്‍ ഒറ്റക്കെട്ടായി ബാറുകള്‍ തുറക്കുന്നതിനെതിരെ രംഗത്തു വരികയായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ പ്രബലര്‍ പരസ്യമായി ബാര്‍മുതലാളിമാര്‍ക്കൊപ്പം നിലയുറപ്പിച്ചു. എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും പലതവണ പരസ്യമായി ബാര്‍ തുറക്കുന്നതിന് അനുകൂലമായി ഒളിഞ്ഞും തെളിഞ്ഞും നിലകൊണ്ടു.
ഇതിനിടെ ബാര്‍ മുതലാളിമാര്‍ തൊഴില്‍ പ്രശ്‌നമുയര്‍ത്തി പ്രത്യക്ഷ സമരവും ബാറുകളില്‍ നിലവാരമുയര്‍ത്താനുള്ള അതിശീഘ്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കോടതി വഴിയുള്ള നിയമ പോരാട്ടങ്ങളും തുടങ്ങി. വി.ഡി സതീശനടക്കമുള്ളവര്‍ നിലവാരമുള്ള ബാറുകള്‍ തുറക്കുന്നതിനെക്കുറിച്ചും ആദര്‍ശ രാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്ന ലജ്ജാകരമായ കാഴ്ചയും കേരളം കണ്ടു.
എന്നാല്‍ കേരളത്തിന്റെ പൊതുമനസ്സിനൊപ്പം നിലകൊണ്ട കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടുകളെ മറികടക്കാനുള്ള ധൈര്യം പലതുകൊണ്ടും ദുര്‍ബലമായ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനില്ലായിരുന്നു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ സുധീരന് തന്ത്രപൂര്‍വം സര്‍ക്കാരിന്റെ വാദത്തെ മറികടക്കാനും കഴിഞ്ഞു. മുസ്‌ലിം ലീഗടക്കമുള്ള യു.ഡി.എഫിലെ ഘടകകക്ഷികള്‍ മദ്യനിരോധനത്തിനായി പരസ്യമായി രംഗത്തു വന്നു. 1964-ലെ സര്‍ക്കാരില്‍ പങ്കാളിയായി മദ്യനിരോധനത്തെ അട്ടിമറിച്ചതിന് പ്രായശ്ചിത്തം കൂടിയായി ലീഗിന് ഈ നിലപാട്.
യു.ഡി.എഫിന്റെ പലതവണയായുള്ള വാഗ്ദാനമായിരുന്നു ഘട്ടം ഘട്ട മദ്യ നിരോധനമെന്നത്. അടഞ്ഞ ബാറുകള്‍ തുറക്കാതിരിക്കുന്നത് അതിലേക്കുള്ള ചവിട്ടു പടിയായി മനസ്സിലാക്കപ്പെട്ടിരുന്നു. എന്നാല്‍, അക്കാര്യത്തില്‍ പല തവണ മന്ത്രിസഭ- കെ.പി.സി.സി ഉപസമിതി ചേര്‍ന്നിട്ടും തീരുമാനാകാതെ പിരിയുകയായിരുന്നു. സുധീരനാകട്ടെ കേരളത്തില്‍ ചില ബാറുകള്‍ പൂട്ടിക്കിടക്കുന്നതിനാലുണ്ടായ ക്രമസമാധാന പുരോഗതിയടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കി. ഇതിനിടെയായിരുന്നു ആഗസ്റ്റ് 21-ലെ യു.ഡി.എഫ് യോഗം. അതുവരെ പ്രതിഛായ ഉയര്‍ന്നു നില്‍ക്കുന്ന സുധീരനും കരിനിഴല്‍ വീണ പ്രതിഛായയുമായി സര്‍ക്കാരും നില്‍ക്കുമ്പോള്‍ എന്നും രാഷ്ട്രീയ കൗശലത്തില്‍ അഗ്രഗണ്യനായ മുഖ്യമന്ത്രി ഏവരേയും അമ്പരപ്പിച്ചുകൊണ്ട് മദ്യനയം പ്രഖ്യാപിക്കുകയായിരുന്നു. വിവിധ ക്രൈസ്തവ സഭകളുടെ ശക്തമായ സമ്മര്‍ദം, മദ്യ നിരോധന പ്രവര്‍ത്തകരുടെ നിലപാട്, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള രാഷ്ട്രീയ കക്ഷികളുടെ ഇടപെടലുകള്‍ എന്നിവയും കേരളത്തിലെ സ്ത്രീ വോട്ടര്‍മാരുടെ ഇടയിലുള്ള, മദ്യത്തിനെതിരെയുള്ള അതി ശക്തമായ വികാരവും സുധീരനെന്ന രാഷ്ട്രീയ നേതാവിന് ലഭിച്ച ജനപിന്തുണയും മുഖ്യമന്ത്രിയുടെ ജനപ്രീതിക്കുണ്ടായ ഇടിച്ചിലും മറികടക്കാന്‍ ഇത്തരമൊരു പ്രഖ്യാപനത്തിന് മുഖ്യമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു.
പ്രതിപക്ഷത്തുള്ള എല്‍.ഡി.എഫ് ആകട്ടെ വ്യക്തമായ നിലപാടെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം പ്രതിപക്ഷത്തിന് ഒരു വിഷയത്തിലും ക്രിയാത്മകമായ നിലപാടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതു വേറെ കാര്യം. എങ്ങും തൊടാതെ മദ്യശാലയിലെ തൊഴിലാളികളുടെ പ്രശ്‌നത്തെപ്പറ്റി ചില പ്രതികരണങ്ങള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് നടത്തിയത്. എന്നാല്‍ മദ്യനയം മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ എല്ലാ കാര്യങ്ങളിലുമെന്നപോലെ പ്രതിപക്ഷം ഇവിടെയും വെട്ടിലായി. ഏതായാലും മദ്യനയത്തെ എതിര്‍ക്കാനുള്ള അതി സാഹസമൊന്നും സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണി കാട്ടിയില്ല. മദ്യനയത്തെ സ്വാഗതം ചെയ്യുകയാണ് അവരും ചെയ്തത്.
പ്രതിവര്‍ഷം 7000 കോടി രൂപയാണ് മദ്യത്തിന്റെ വരുമാനമായി കേരള ഖജനാവിലേക്കെത്തുന്നത്. ഇതായിരുന്നു മദ്യനിരോധന പ്രവര്‍ത്തനങ്ങളെ അടിച്ചിരുത്താനുള്ള തുറുപ്പു ചീട്ടായി എക്കാലവും മുന്നണികള്‍ ഉപയോഗിച്ചിരുന്നത്. പിന്നെ എങ്ങനെ ഒറ്റ ദിവസം കൊണ്ട്, ഇതില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയിലേക്കു കേരള സര്‍ക്കാരെത്തി? പ്രതിപക്ഷവും ഇപ്പോള്‍ അക്കാര്യം മിണ്ടുന്നില്ല. കാലങ്ങളായി പ്രചരിപ്പിച്ച നുണയാണ് ഇവിടെ പൊളിഞ്ഞത്. മദ്യം ഉണ്ടാക്കുന്ന സാമൂഹിക ദൂഷ്യങ്ങള്‍ വരുമാനത്തേക്കാള്‍ എത്രയോ കൂടുതലാണ്. എന്നു മാത്രമല്ല മദ്യത്തിനായി ചെലവഴിക്കുന്ന ജനങ്ങളുടെ സമ്പത്ത് ക്രിയാത്മകമായി ഉപയോഗിക്കുന്നതിലൂടെ പലതരത്തില്‍ പ്രത്യക്ഷ-പരോക്ഷ നികുതികളായി സര്‍ക്കാരിലേക്കെത്തുകയും ചെയ്യും. കുടുംബഛിദ്രത, സ്ത്രീപീഡനങ്ങള്‍, അക്രമങ്ങള്‍, അപകടങ്ങള്‍ എന്നിവ വന്‍തോതില്‍ കുറയുകയും അതുവഴിയുള്ള സാമ്പത്തിക -സാമൂഹിക നഷ്ടങ്ങള്‍ കുറയുകയും ചെയ്യും. മദ്യം നിരോധിച്ചാല്‍ ആകെയുണ്ടാകുന്ന പ്രശ്‌നം ആ മേഖലയില്‍ തൊഴിലെടുക്കുന്ന ചിലരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുയരുന്നതാണ്. ആസൂത്രിതമായ പുനരധിവാസ പാക്കേജിലൂടെ മറികടക്കാവുന്ന നിസ്സാര പ്രശ്‌നം മാത്രമാണിത്.
എന്നാല്‍ കാലങ്ങളായി മദ്യമാഫിയയുടെ തണല്‍ പറ്റിക്കഴിയുന്ന രാഷ്ട്രീയക്കാരുടെയും ഗുണ്ടാ സംഘങ്ങളുടെയും സ്ഥിതി ഇതല്ല. കേരളത്തില്‍ ആഴത്തില്‍ വേരോടിയ ക്രിമിനല്‍ സംഘങ്ങള്‍ക്കു പിറകില്‍ സ്പിരിറ്റ് മാഫിയയുടെ സ്വാധീനം വളരെ ശക്തമാണ്. അവര്‍ അടങ്ങിയിരിക്കുമെന്നു കരുതുന്നത് മൗഢ്യമാണ്. ആഗസ്റ്റ് 21-ലെ പ്രഖ്യാപനത്തിന് ശേഷം 312 ബാറുകള്‍ പൂട്ടിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മദ്യനയം അട്ടിമറിക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായി ബോധ്യപ്പെടും. നോട്ടീസ് നല്‍കാതെ പൂട്ടിക്കുകയും കോടതി വഴി നിഷ്പ്രയാസം അതിനെ ബാറുടമകള്‍ക്കു മറികടക്കാവുന്നതുമായ നിലപാടാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍ ഇത് മണത്തറിഞ്ഞ വി.എം സുധീരനടക്കമുള്ളവരുടെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ നോട്ടീസ് നല്‍കാന്‍ നിര്‍ബന്ധിതമായി. ഇതിനിടെയാണ് പൂട്ടുന്ന ബാറുകള്‍ക്കു പുതുതായി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കു വേണ്ട ലൈസന്‍സിനപേക്ഷിക്കാമെന്ന മന്ത്രി ബാബുവിന്റെ നിലപാട്. മദ്യപാന ശീലത്തിലേക്കുള്ള നഴ്‌സറിയാണ് ബിയര്‍. 15 ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റുള്ള വീഞ്ഞും മദ്യാസക്തി വര്‍ധിപ്പിക്കുന്നതാണ്. എന്നുമാത്രമല്ല കേരളത്തില്‍ കള്ളുഷാപ്പുകളില്‍ ചെത്തുന്ന കള്ളിന്റെ അമ്പതിരട്ടിയിലധികം കള്ളുവില്‍ക്കുന്നതുപോലെ ബിയര്‍-വൈന്‍ പാര്‍ലറുകളുടെ മറവില്‍ ഏതിനം വ്യാജ മദ്യവും അനായാസം വില്‍ക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല
ഇതിനിടെ ക്രിസ്തീയ മതചടങ്ങുകളിലുപയോഗിക്കുന്ന വീഞ്ഞിനെ ചൊല്ലി പ്രകോപനം സൃഷ്ടിക്കാനും മദ്യലോബി ശ്രമിക്കുന്നുണ്ട്. ചില സാമുദായിക സംഘടനകള്‍ മദ്യനിരോധത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഭരണ-പ്രതിപക്ഷ കക്ഷികളിലെ പ്രമുഖര്‍ ഇവരുടെ പിന്നിലുണ്ട്. കേരളമാകെ വ്യാജ മദ്യശാലകള്‍ പെരുകുമെന്നാണ് മറ്റൊരു വാദം. മദ്യദുരന്ത ഭീഷണികളുമുയര്‍ത്തുന്നു ചിലര്‍. ഇതൊന്നും തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെ സര്‍ക്കാരും പോലിസും എക്‌സൈസും എന്ന മറുചോദ്യമുയര്‍ത്തി ജനങ്ങള്‍ ജാഗ്രതയോടെ നിലകൊണ്ടില്ലെങ്കില്‍ ആഗസ്റ്റ് 21-ലെ പ്രഖ്യാപനം വെള്ളത്തിലാകാന്‍ അധിക സമയമൊന്നും വേണ്ടിവരില്ല.
വി.എം സുധീരനെന്ന രാഷ്ട്രീയ നേതാവിനെ കോണ്‍ഗ്രസ്സിനകത്തും പുറത്തും ഒറ്റപ്പെടുത്തി മദ്യനിരോധന നീക്കത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതികള്‍ ഇപ്പോള്‍ തന്നെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകണം. അതിന്റെ അനുരണനങ്ങള്‍ കണ്ടുതുടങ്ങി. ഈ നീക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്തില്ലെങ്കില്‍ ഭയാനകമായ ഭാവിയിലേക്കാണ് നാം ചെന്നെത്തുക. മദ്യനിരോധന നീക്കം ഒരു കാരണവശാലും അട്ടിമറിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യമുള്ള മനസ്സും ശരീരവും സമാധാനപൂര്‍ണമായ സാമൂഹികാന്തരീക്ഷവും ക്രിയാത്മകമായ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന തലമുറയുമാണ് കേരളത്തിന് വേണ്ടത്. മദ്യദുരന്തത്തിന്റെ ഇരകളാകുന്ന സഹോദരിമാരുടെ കണ്ണുനീര്‍ കേരളത്തെ ചുട്ടു ചാമ്പലാക്കാന്‍ മാത്രം ഉഗ്ര ശാപം പേറുന്നുണ്ട്. ക്രിമിനലുകള്‍ ഇല്ലാത്ത സമൂഹമിവിടെ സൃഷ്ടിക്കപ്പെടണം. ആയതിന് മദ്യനിരോധനം കൂടിയേ തീരൂ. ഇത്തരുണത്തില്‍ നിസ്സംഗരാകാതെ ജനങ്ങളുണര്‍ന്നാല്‍ ഈ വിപത്തിനെ എന്നന്നേക്കുമായി പടികടത്താനാവും. കേരളം കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കേണ്ട സമയമാണിത്.
Comments