Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

ചോദ്യോത്തരം

മുജീബ്

ഹമാസ് 
ഫലസ്ത്വീനിന് ശാപമോ?


''ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ ഫലസ്തീന്‍ ഘടകമാണ് ഹമാസ്. ഹമാസിന്റെ ഐഡിയോളജി ഇഖ്‌വാനിസമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇഖ്‌വാന്‍ ഫണ്ടുകള്‍ കാര്യമായി ലഭിച്ചിരുന്നു. കുറച്ചുകാലം ഈജിപ്തില്‍ മുര്‍സി അധികാരത്തിലിരുന്നപ്പോള്‍ ഹമാസിന് സുവര്‍ണകാലമായിരുന്നു. ഹമാസിനോട് അലിവ് കാട്ടുന്ന അറബ് രാജ്യങ്ങളില്‍ മുമ്പില്‍ ഖത്തര്‍ തന്നെയാണ്. ഹമാസിന്റെ പല നേതാക്കളും ഒളിജീവിതം നയിക്കുന്നത് ഖത്തറിലും ഈജിപ്തിലുമൊക്കെയാണ്. ഗസ്സയില്‍ പിഞ്ചുപൈതങ്ങളും ഹമാസിന്റെ പ്രാദേശിക നേതാക്കളും മരിച്ചുവീഴുമ്പോള്‍ വലിയ വര്‍ത്തമാനം പറഞ്ഞ് അറബ് രാജ്യങ്ങളില്‍ സുഖജീവിതം നയിക്കുന്നതിന് അവരുടെ പക്ഷത്ത് ന്യായങ്ങള്‍ കാണും.

ഹമാസിന് പിടിച്ചുനില്‍ക്കാന്‍ പണം ആവശ്യമാണ്. തുരങ്ക നിര്‍മാണത്തിനും ആയുധ കടത്തിനുമെല്ലാം വന്‍ തുക ആവശ്യമാണ്. അറബ് രാജ്യങ്ങളില്‍ നിന്ന് ഒഴുകിയിരുന്ന സഹായം നേരിട്ട് ഹമാസിന് കിട്ടാത്ത അവസ്ഥയാണ്. ഖത്തറിന്റെയും തുര്‍ക്കിയുടെയും സഹായത്താലാണ് പിടിച്ചുനില്‍ക്കുന്നത്... ഹമാസിനെ ഒഴിവാക്കി ഒരു ഫലസ്തീന്‍ ഐക്യദാര്‍ഢ്യം സാധ്യമല്ലെന്ന രൂപത്തിലുള്ള പ്രചാരണത്തില്‍ കഴമ്പില്ല. ഫലസ്തീനികളെയും ഹമാസിനെയും വേര്‍തിരിച്ച് കാണേണ്ട അവസ്ഥയാണ് ഹമാസ് സ്വയം ഉണ്ടാക്കിവെച്ചിട്ടുള്ളത്. ഹമാസിനെ തീവ്രവാദവുമായി ചേര്‍ത്തി പറയുന്നതിന്റെ പിന്നില്‍ ഇസ്‌ലാമിസ്റ്റ് ഫോബിയ മാത്രമാണെന്ന നിരീക്ഷണവും നിഷ്പക്ഷമാവില്ല. ഇസ്‌ലാമോഫോബിയയും ഒരു യാഥാര്‍ഥ്യമാണെങ്കിലും ഇസ്‌ലാമിസ്റ്റ് ഫോബിയാ പ്രചാരത്തിന് ഇഖ്‌വാനുല്‍ മുസ്‌ലിമൂനിനെ പോലുള്ള സംഘടനകള്‍ വേണ്ടതിലധികം സാഹചര്യമൊരുക്കിക്കൊടുക്കുന്നു. ഈജിപ്തില്‍ അല്‍പകാലം ഭരണം കിട്ടിയപ്പോഴും അത് നഷ്ടപ്പെട്ടപ്പോഴുമുള്ള ഇഖ്‌വാന്റെ സമനില തെറ്റല്‍ ശത്രുക്കള്‍ക്ക് നല്‍കിയ വടിയായിരുന്നു.

ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഹമാസിന്റെ സൈനിക വിഭാഗത്തോടും അവരുടെ കൊടിയോടും ഗറില്ലാ യുദ്ധങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വികാരജീവികളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം'' (ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, വിചിന്തനം വാരിക 2014 ആഗസ്റ്റ് 8). പ്രതികരണം?

പി.ടി അബ്ദുര്‍റഹീം പരപ്പനങ്ങാടി

ആധുനിക യുഗത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള അന്ധമായ വിരോധം പച്ചയായ വസ്തുതകളെപ്പോലും നിഷേധിക്കാന്‍ ചില സലഫി ഗ്രൂപ്പുകളെയും പണ്ഡിതന്മാരെയും പ്രേരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയും ഭരണക്രമവും യാഥാര്‍ഥ്യമായി അംഗീകരിച്ചതുകൊണ്ടാണ് ഈജിപ്തിലെ സലഫികള്‍ അന്നൂര്‍ പാര്‍ട്ടിക്ക് രൂപം നല്‍കിയതും അറബ് വസന്തത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും കുറെയേറെ സീറ്റുകള്‍ പാര്‍ലമെന്റില്‍ നേടിയെടുത്തതും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്രീഡം ആന്റ്  ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സിയെ അവരിലൊരു ഭാഗം പിന്തുണക്കുകയും ചെയ്തു. 52 ശതമാനം വോട്ടുകള്‍ വാങ്ങി വിജയിച്ച മുര്‍സി ഭരണസാരഥ്യമേറ്റെടുത്തപ്പോള്‍ ഉടനടി ശരീഅത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ടത് സലഫികളാണ്. അവരുടെ സമ്മര്‍ദത്തിന് വഴങ്ങി സമയമാവാതെത്തന്നെ ചില നടപടികള്‍ക്ക് മുര്‍സി നിര്‍ബന്ധിതനായതാണ് ഇപ്പോള്‍ പ്രതിപക്ഷവും മതേതരവാദികളും മുര്‍സിക്കെതിരെ ചുമത്തുന്ന ഏറ്റവും വലിയ കുറ്റമെന്നോര്‍ക്കണം! ഒടുവില്‍ ഇതിന്റെ മറപിടിച്ച് മുര്‍സിയുടെ തന്നെ പ്രതിരോധമന്ത്രിയായിരുന്ന ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി ഭരണം അട്ടിമറിച്ചു മുര്‍സിയെ തടവറയിലിട്ട് തേര്‍വാഴ്ച തുടങ്ങിയപ്പോള്‍ അതിനും ലഭിച്ചു സലഫി പിന്തുണ!

ഹമാസ് ഇഖ്‌വാന്റെ ഭാഗമോ ഘടകമോ അല്ല. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പൊതുവായ ദര്‍ശനവും കാഴ്ചപ്പാടും പങ്കിടുന്ന, എന്നാല്‍ ഫലസ്ത്വീന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണത്.യാസിര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ പി.എല്‍.ഒ ഒടുവില്‍ ഇസ്രയേലുമായി അടിയറവ് കരാറില്‍ ഒപ്പുവെക്കുകയും ചെറുത്തുനില്‍പ് പ്രസ്ഥാനം തളരുകയും ചെയ്തപ്പോഴാണ് ഇന്‍തിഫാദയിലൂടെ ഹമാസ് രംഗത്ത് വന്നത്. തുടര്‍ന്ന് ഫലസ്ത്വീന്‍ പ്രശ്‌നം വീണ്ടും സജീവമാവുകയും ഇസ്രയേല്‍ വിയര്‍ക്കുകയും അമേരിക്കയുടെ കുതന്ത്രങ്ങള്‍ വിഫലമാവുകയും ചെയ്തുവെങ്കില്‍ അതിനുള്ള ഒരേയൊരു കാരണം പ്രാണന്‍ തൃണവത്ഗണിച്ചുകൊണ്ടുള്ള ഹമാസിന്റെ ധീരോദാത്തമായ ചെറുത്തു നില്‍പാണ്. അതുകൊണ്ടുതന്നെയാണ് പരിമിതാധികാര ഫലസ്ത്വീന്‍ പ്രദേശത്ത് ഇദംപ്രഥമമായി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സാമ്രാജ്യത്വ-സയണിസ്റ്റ് പാവയായ മഹ്മൂദ് അബ്ബാസിന്റെ പക്ഷത്തെ തോല്‍പിച്ചുകൊണ്ട് ഹമാസ് പ്രതിനിധി ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായി വിജയവെന്നിക്കൊടി പറപ്പിച്ചതും. പക്ഷേ, ഹനിയ്യയെ അംഗീകരിക്കാന്‍ മഹ്മൂദ് അബ്ബാസോ ഇസ്രയേലോ കൂട്ടാളികളോ തയാറായില്ല. ഗസ്സയുടെ മാത്രം പ്രധാനമന്ത്രിയായി ഹനിയ്യ നയിച്ച ചെറുത്തുനില്‍പ് സമരം സയണിസ്റ്റ് രാഷ്ട്രത്തിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ലോകത്തെ ഞെട്ടിക്കുന്നതാണ് പിന്നീട് കണ്ടത്. ആധുനിക യുദ്ധ സജ്ജീകരണങ്ങളൊന്നും പേരിനു പോലും ഇല്ലാതെ, സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റുകള്‍ തൊടുത്ത് വിട്ടും സര്‍വവിധ ഉപരോധങ്ങളും നിഷ്ഫലമാക്കുന്ന തുരങ്കങ്ങള്‍ നിര്‍മിച്ചും ഹമാസ് സൃഷ്ടിക്കുന്ന പ്രതിരോധം അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ആയിരക്കണക്കിന് നിരപരാധികളെ ഇസ്രയേല്‍ തീമഴ വര്‍ഷിച്ച് കൂട്ടക്കൊല ചെയ്തിട്ടും ഒടുവിലത്തെ 'ഓപറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്' ദയനീയമായി പരാജയപ്പെട്ടതാണ് ഒടുവിലത്തെ സംഭവവികാസം. 65 സൈനികരെ ബലി നല്‍കേണ്ടിവന്ന ഈ ഓപ്പറേഷന്റെ പേരില്‍ പ്രധാനമന്ത്രി നെതന്യാഹു ഇസ്രയേലില്‍ തന്നെ രൂക്ഷമായ എതിര്‍പ്പിന് ശരവ്യനാവുന്നു. ഹമാസിന്റെ ഉന്മൂലനം എന്ന ലക്ഷ്യം നേടാനാവാതെ അവരുമായി സമാധാനക്കരാറിന് വഴങ്ങേണ്ടിവന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോക വ്യാപകമായി പ്രതിഷേധത്തിന് ശരവ്യമായത് മിച്ചം. ഇതിനൊക്കെയും കാരണക്കാരായ ഹമാസിനെ അവമതിക്കാനും പ്രതിക്കൂട്ടില്‍ കയറ്റാനുമുള്ള വിചിന്തനം ലേഖകന്റെ മനസ്സിലിരിപ്പ് ദുരൂഹമാണ്. സയണിസ്റ്റ് രാജ്യം പറയുന്നതെന്തും അനുസരിച്ച് അടിമകളെപ്പോലെ അവര്‍ വരച്ചേടത്ത് ഒതുങ്ങിക്കഴിയുന്നതാണോ സലഫി ഇസ്‌ലാം? ഗസ്സയിലെ കൊടും പട്ടിണിക്കാര്‍ക്ക് മാനുഷിക സഹായമെത്തിക്കുന്ന തുര്‍ക്കിയുടെയും ഖത്തറിന്റെയും നിലപാട് പോലും തള്ളിപ്പറയണമെന്നാണെങ്കില്‍ കേരളത്തിലെ സലഫികള്‍ അടിയന്തരമായി പുനര്‍വിചിന്തനം നടത്തേണ്ടതാണ് മനുഷ്യത്വരഹിതമായ ഈ സമീപനം. 

ആരാണ് ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നത്?


''ഇറാഖിലെ തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസിനെ വിമര്‍ശിക്കവെ, തീവ്രവാദ സ്വഭാവം പുലര്‍ത്തുന്ന സംഘടനകളെ പിന്തുണക്കുന്നത് ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന് പറഞ്ഞ ശേഷം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഇങ്ങനെ പറയുന്നു: ''കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ രൂപം കൊണ്ട ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് ഇത്തരം പല സംഘടനകളുടെയും പിറവിക്ക് പിന്നിലെ ചാലകശക്തി. രാഷ്ട്രീയ ഇസ്‌ലാം മുസ്‌ലിംകള്‍ക്ക് എന്താണ് നല്‍കിയത് എന്നതിനെക്കുറിച്ച് പുനരാലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ പ്രശ്‌നകലുഷിതമാക്കാനും ഇസ്‌ലാമിനെ പൊതുമധ്യത്തില്‍ അപമാനിക്കാനും മാത്രമേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ'' (സിറാജ് 28-8-2014). ഈ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു?

ഉമ്മര്‍കോയ പി.വി പന്നിയങ്കര

ഇറാഖിലെ സുന്നി വിമത സേനയായ ഐ.എസ്.ഐ.എസിന്റെ രംഗപ്രവേശവും മുന്നേറ്റവും ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. അതിന് നേതൃത്വം നല്‍കുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി എന്ന പേരില്‍ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത 'ഖലീഫ'യുടെ പിന്നില്‍ അമേരിക്കയാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. എന്തായാലും സലഫി തീവ്രവാദിയായ ഇയാള്‍ക്ക് ഇരുപതാം നൂറ്റാണ്ടില്‍ ജന്മമെടുത്ത ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ല. അത്തരമൊരു പശ്ചാത്തലവും അയാള്‍ക്കില്ല. ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ടുവെച്ച ഇസ്‌ലാമിക രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ദര്‍ശനം യഥാവിധി ഉള്‍ക്കൊണ്ടവരാരും വ്യക്തികേന്ദ്രീകൃത അധികാര രാഷ്ട്രീയത്തിന്റെ വക്താക്കളോ പ്രയോക്താക്കളോ ആയിരുന്നിട്ടില്ല. ഹസനുല്‍ ബന്നായും സയ്യിദ് മൗദൂദിയും ഒരുതരത്തിലുമുള്ള പദവികള്‍ അവകാശപ്പെട്ടവരോ അതിനു വേണ്ടി പണിയെടുത്തവരോ ആയിരുന്നില്ല താനും. മാത്രമല്ല, സൂഫികളും ഔലിയാക്കളും ഖുത്വ്ബുകളുമായി ചമഞ്ഞവരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്നതില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. മറിച്ച് മുഴു കിറുക്കന്മാരെയും അരക്കിറുക്കന്മാരെയും വരെ സിദ്ധന്മാരും ഔലിയാക്കളുമായവരോധിച്ചും കേശവും പാത്രവും പ്രദര്‍ശിപ്പിച്ചും ഇസ്‌ലാമിനെ അവമതിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പൊരുതിയതാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മാതൃക. ഇസ്‌ലാമിന്റെ ഇതഃപര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ ദിവ്യത്വമോ സിദ്ധിയോ ആത്മീയ ഗുരുത്വമോ അവകാശപ്പെട്ട് രംഗത്ത് വന്ന വ്യക്തികളും അവരുടെ പേരില്‍ നിലനിന്നതോ നിലനില്‍ക്കുന്നതോ ആയ ഗ്രൂപ്പുകളും സൃഷ്ടിച്ചതിനേക്കാള്‍ ശൈഥില്യവും അവമതിയും മറ്റാരും ഉണ്ടാക്കിയിട്ടില്ലെന്ന് കാണാം. സബഇകള്‍, സൈദികള്‍, മുഅ്തസിലികള്‍, ഖറാമിത്വകള്‍, നുസൈ്വരികള്‍, ദറൂസികള്‍, ഇസ്മാഈലികള്‍, ബോഹ്‌റകള്‍, യസീദികള്‍, ഖാദിയാനികള്‍, കാക്കത്തൊള്ളായിരം ത്വരീഖത്തുകള്‍ എന്നിവയുടെയെല്ലാം ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഇവയെല്ലാം തള്ളിപ്പറഞ്ഞവരാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെങ്കില്‍ അങ്ങനെ അവകാശപ്പെടാന്‍ ശൈഖുനാ കാന്തപുരം ഉസ്താദിനും അദ്ദേഹത്തിന്റെ മുരീദുകള്‍ക്കുമാവുമോ?

പള്ളികളിലൂടെ 
ശബ്ദമലിനീകരണം


ഒരു കിലോമീറ്ററിനുള്ളില്‍ അഞ്ച് ജുമഅത്ത് പള്ളികള്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ടൗണിലെ താമസക്കാരനാണ് ഞാന്‍. ഈ അഞ്ച് പള്ളികളില്‍ നിന്നുമായി അഞ്ച് നേരങ്ങളില്‍ ഒരേ സമയത്തുണ്ടാവുന്ന ബാങ്കുവിളി ഉണ്ടാക്കുന്ന ശബ്ദമലിനീകരണത്തിലുപരി, ഇസ്‌ലാമിന്റെ അന്ധമായ ആചാരാനുഷ്ഠാനമായി ഇതര മതസ്ഥര്‍ ഇതിനെ വിലയിരുത്തിയാല്‍ കുറ്റം പറയാനാവുമോ? വ്യത്യസ്ത മതവിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശത്ത് സന്ധ്യാ നേരത്ത് മൈക്കിലൂടെ അംഗീകൃത ഡെസിബലിലും കൂടിയ ശബ്ദത്തോടെ പ്രാര്‍ഥനകളും മറ്റും കേള്‍പ്പിക്കുന്നത് ശരിയാണോ? പ്രാര്‍ഥന ഉച്ചഭാഷണിയിലൂടെ വേണമെന്ന് അലംഘനീയ നിയമങ്ങളുണ്ടോ?

എം.എ റഊഫ് പെരുമ്പടപ്പ്, കോടത്തൂര്‍

നിങ്ങള്‍ ലളിതമാക്കുക, പ്രയാസപ്പെടുത്തരുത്; ശബ്ദം താഴ്ത്തുക ഉച്ചത്തിലാക്കരുത്. 'ലബ്ബൈക്കല്ലാഹുമ്മ..' എന്ന ഹജ്ജ് വേളയിലെ കീര്‍ത്തനം പോലും പതുക്കെ മതി, പടച്ചവന്‍ ബധിരനല്ല എന്നിത്യാദി അധ്യാപനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും സുലഭമായിരിക്കെ ശബ്ദം കൊണ്ടുള്ള പീഡനം ഭക്തിയുടെയും പ്രാര്‍ഥനയുടെയും പേരിലായാല്‍ പോലും കുറ്റകരമാണെന്ന് വ്യക്തമാണ്. പ്രാര്‍ഥന അല്ലാഹുവിനോടാണ്, മനുഷ്യരോടല്ല. പള്ളികളില്‍ നിന്നുള്ള അഞ്ചുനേരത്തെ ബാങ്കുവിളി വിശ്വാസികള്‍ക്കുള്ള പൊതു ആഹ്വാനവും ഓര്‍മപ്പെടുത്തലുമായതുകൊണ്ട് അത് മാത്രമാണ് ഇതിന്നപവാദം. അതിലും ഉച്ചഭാഷിണി പിന്നെ കടന്നുവന്നതാണ്. ഒരു പള്ളിയില്‍ നിന്നുള്ള ബാങ്കുവിളി കേള്‍ക്കുന്ന പരിധിയില്‍ വിവിധ സംഘടനകളുടെ വക പള്ളികളില്‍ നിന്നൊക്കെ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പരിപാടി എങ്ങനെയും അവസാനിപ്പിച്ചേ തീരൂ. സംഘടനകളും മഹല്ലുകളുമാണത് തീരുമാനിക്കേണ്ടത്. അവരതിന് തയാറില്ലെങ്കില്‍ സര്‍ക്കാറോ കോടതിയോ ഇടപെട്ട് പരിഹാരമുണ്ടാക്കേണ്ടിവരും. ഇത് മതകാര്യങ്ങളിലെ ഇടപെടല്ല, പൊതുജനാരോഗ്യത്തിന്റെ പ്രശ്‌നമാണ്. ബാങ്ക് വിളി മതാവകാശമാണ്, ഉച്ചഭാഷിണി പ്രയോഗം മതശാസനയല്ല. പള്ളിക്കുള്ളിലും വളപ്പിലും ഒതുങ്ങണ്ട പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ലോകത്തെ അറിയിക്കേണ്ട കാര്യമില്ല. ഒരു വിഭാഗം ഭക്തിയുടെ പേരില്‍ ഈ രംഗത്ത് പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി നീങ്ങുമ്പോള്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമുദായത്തിന് കഴിയണം. ഇല്ലെങ്കില്‍ വോട്ട് ബാങ്ക് താല്‍പര്യങ്ങള്‍ അവഗണിച്ച് സര്‍ക്കാറുകള്‍ യുക്തമായ നടപടികള്‍ സ്വീകരിച്ചേ തീരൂ. ഒരിക്കല്‍ തടയുമ്പോള്‍ പൊട്ടലും ചീറ്റലുമുണ്ടായെന്നു വരാം. പിന്നീടതൊക്കെ കെട്ടടങ്ങിക്കൊള്ളും. 

ലൗ ജിഹാദ്

ഹിന്ദു സമൂഹത്തിലെ യുവതികള്‍ ലൗജിഹാദിന്റെ പിടിയില്‍ പെട്ട് വഞ്ചിതരായപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചത് വെള്ളാപ്പള്ളിയായിരുന്നു (ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി). 2014 ആഗസ്റ്റ് 11ന് എസ്.എന്‍.ഡി.പി ചേര്‍ത്തല യൂനിയന്‍ വനിതാ സംഘം താലൂക്ക് സംഗമത്തില്‍ പ്രസംഗിച്ചത്). എന്താണ് ലൗജിഹാദ്?

എ.കെ അബൂബക്കര്‍ പട്ടാമ്പി

മുസ്‌ലിം പുരുഷന്‍ ഹിന്ദു-ക്രിസ്ത്യന്‍ സ്ത്രീകളെ പ്രേമബന്ധത്തിലൂടെ വിവാഹം കഴിക്കുന്നതിന് കേരളത്തിലെ ചില കുബുദ്ധികളിട്ട പേരാണ് 'ലൗ ജിഹാദ്'. വ്യാപകമായ മതപരിവര്‍ത്തനത്തിന് ഈ രീതി സംഘടിതമായി തീവ്രവാദി സംഘടനകള്‍ ഉപയോഗിക്കുന്നുവെന്ന പ്രചാരണമായിരുന്നു പ്രോപഗണ്ടയുടെ മര്‍മം. പരാതി കേരള ഹൈക്കോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസ് കെ.ടി ശങ്കരന്റെ ബെഞ്ച് ആ സംജ്ഞ അംഗീകരിച്ചുകൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടതോടെ മീഡിയ അതേറ്റെടുത്തു. പിന്നെ വിവാദങ്ങള്‍ കൊഴുത്തു. പോലീസ് അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തില്‍ ലൗ ജിഹാദ് എന്ന സംഗതിയേ ഇല്ലെന്ന് കണ്ടെത്തി, കോടതിക്ക് റിപ്പോര്‍ട്ട് ചെയ്തു. തൃപ്തിപ്പെടാതെ കോടതി വീണ്ടും അന്വേഷണത്തിനുത്തരവായി. പുനരന്വേഷണത്തിലും ലൗ ജിഹാദ് ശൂന്യതയില്‍ തന്നെ നിലകൊണ്ടു. അതോടെ വിവാദം കെട്ടടങ്ങി. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും അടിസ്ഥാനരഹിതമാണ് ലൗ ജിഹാദ് പ്രോപഗണ്ട എന്നാണ് തെളിഞ്ഞത്.

പുതുതായി വര്‍ഗീയ ധ്രുവീകരണത്തിലൂടെ യു.പിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പി അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആ സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. അല്ലെങ്കിലും പട്ടിക ജാതികളേക്കാള്‍ പിന്നിലെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയ യു.പിയിലെ മുസ്‌ലിംകള്‍ക്ക് അവരേക്കാള്‍ ഉയര്‍ന്നവരും സമ്പന്നരുമായ ഹിന്ദു സമുദായങ്ങളിലെ യുവതികളെ പ്രലോഭിപ്പിച്ച് വിവാഹം ചെയ്യാന്‍ കഴിയുമെന്നാരെങ്കിലും വിശ്വസിക്കുമോ? ഏത് പച്ചക്കള്ളവും ആസൂത്രിത പ്രോപഗണ്ടയിലൂടെ വിശ്വാസ്യമാക്കിത്തീര്‍ക്കുക എന്ന ഫാഷിസ്റ്റ് കുതന്ത്രമാണിവിടെ പയറ്റുന്നത്. ധാരാളം മുസ്‌ലിം യുവതികളെ ഹിന്ദു യുവാക്കള്‍ പ്രേമബന്ധങ്ങളിലൂടെ സ്വന്തമാക്കുന്നുവെന്നുള്ളത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. അതിനെന്താണ് പേര്? ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി വിവാഹിതനായ ധര്‍മേന്ദ്രയെ വിവാഹം കഴിക്കാന്‍ രണ്ടു പേരും ഇസ്‌ലാമിലേക്ക് മതം മാറിയതായി രേഖയുണ്ടാക്കി മുസ്‌ലിം പുരോഹിതന്റെ കാര്‍മികത്വത്തില്‍ നികാഹ് നാമയില്‍ ഒപ്പുവെച്ചത് പരമസത്യം. ഈ 'ലൗജിഹാദി'നെക്കുറിച്ച് കാവിപ്പടക്ക് എന്ത് പറയാനുണ്ട്? 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍